Screenshot 20231204 220238 X

നോർത്ത് ഈസ്റ്റിനെ ഗോളിൽ മുക്കി തകർപ്പൻ ജയവുമായി ഈസ്റ്റ് ബംഗാൾ

ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജയങ്ങളിൽ ഒന്ന് കുറിച്ച് ഈസ്റ്റ് ബംഗാൾ. നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അവർ തകർത്ത് വിട്ടത്. ക്ലൈറ്റൻ സിൽവ, നിഷു കുമാർ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ബോർഹ ഹെരേര നേടി. ഇതോടെ നോർത്ത് ഈസ്റ്റ് ആറാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഏഴാം സ്ഥാനത്തും തുടരുകയാണ്.

14ആം മിനിറ്റിൽ ബോർഹയിലൂടെയാണ് ഈസ്റ്റ് ബംഗാൾ അക്കൗണ്ട് തുറക്കുന്നത്. എതിർ താരത്തെ വെട്ടിയൊഴിഞ്ഞു ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് മിസൈലെന്നവണ്ണം വലയിലേക്ക് പതിച്ചപ്പോൾ കീപ്പറുടെ ശ്രമവും വിഫലമായി. 24ആം മിനിറ്റിൽ മാന്റയുടെ ക്രോസ് ഹെഡറിലൂടെ വലയിൽ എത്തിച്ച് ക്ലൈറ്റൻ സിൽവ ലീഡ് ഇരട്ടിയാക്കി. 35ആം മിനിറ്റിൽ ഒറ്റക്ക് മുന്നേറി ഇപ്സൻ മെലോ നൽകിയ പാസ് വലയിൽ എതിക്കാൻ നെസ്റ്ററിന് കഴിയാതെ പോയത് നോർത്ത് ഈസ്റ്റിന് തിരിച്ചടി ആയി. ഇഞ്ചുറി ടൈമിന് തൊട്ടു മുൻപ് ഈസ്റ്റ് ബംഗാൾ ശ്രമം തടഞ്ഞു കൊണ്ട് മിർഷാദ് ടീമിനെ കാത്തു. പിറകെ നെസ്റ്ററിന്റെ ഷോട്ട് പ്രഭ്സുഖൻ ഗിലും രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ നന്ത കുമാറിന്റെ തകർപ്പൻ പ്രകടനം ഈസ്റ്റ് ബംഗാളിന്റെ വിജയത്തിൽ നിർണായകമായി.62ആം മിനിറ്റിൽ മഹേഷ് നൽകിയ ക്രോസ് ബോക്സിനുള്ളിൽ നിയന്ത്രിച്ച് നന്തകുമാർ അനായാസം വല കുലുക്കി. നാലു മിനിറ്റിനു ശേഷം നന്തകുമാർ തന്നെ പോസ്റ്റിന് മുന്നിലേക്ക് നൽകിയ ക്രോസ് വലയിൽ എത്തിച്ച് ക്ലൈറ്റൻ സിൽവ തന്റെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. ഒടുവിൽ 81ആം മിനിറ്റിൽ തകർപ്പൻ ഒരു ഫിനിഷിങിലൂടെ നന്തകുമാർ തന്നെ പട്ടിക പൂർത്തിയാക്കി വമ്പൻ ജയത്തിന് നാന്ദി കുറിച്ചു.

Exit mobile version