ലൂട്ടൺ ടൗൺ ഹെഡ് കോച്ചായി മുൻ ആഴ്സണൽ താരം ജാക്ക് വിൽഷെയർ


മുൻ ആഴ്സണൽ, ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജാക്ക് വിൽഷെയർ ലൂട്ടൺ ടൗണിന്റെ പുതിയ ഹെഡ് കോച്ചായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ മുഴുസമയ സീനിയർ മാനേജ്‌മെന്റ് റോളാണ്. വാരാന്ത്യത്തിൽ ക്ലബ്ബുമായി വിജയകരമായ ചർച്ചകൾക്ക് ശേഷം 33-കാരനായ വിൽഷെയർ കരാറിൽ ഒപ്പുവച്ചു, തിങ്കളാഴ്ച നടക്കുന്ന പത്രസമ്മേളനത്തിൽ അദ്ദേഹത്തെ അവതരിപ്പിക്കും.


ഈ മാസം ആദ്യം സ്റ്റീവനേജിനോട് 3-1 ന് തോറ്റതിനെത്തുടർന്ന് ഒമ്പത് മാസത്തെ സേവനം അവസാനിപ്പിച്ച മാറ്റ് ബ്ലൂംഫീൽഡിന് പകരക്കാരനായാണ് വിൽഷെയർ എത്തുന്നത്. നിലവിൽ ലീഗ് വണ്ണിൽ 11-ാം സ്ഥാനത്താണ് ലൂട്ടൺ ടൗൺ.
കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം വിൽഷെയറുടെ പരിശീലന ജീവിതം സ്ഥിരമായ വളർച്ചയിലാണ്. ആഴ്സണലിന്റെ അണ്ടർ 18 ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം 2024 ഒക്ടോബറിൽ നോർവിച്ച് സിറ്റിയിൽ ഫസ്റ്റ്-ടീം കോച്ചായി ചേർന്നു. നോർവിച്ചിൽ കഴിഞ്ഞ സീസണിലെ അവസാന രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഇടക്കാല ചുമതല വഹിക്കുകയും മിഡിൽസ്ബ്രോക്കെതിരെ സമനില നേടുകയും കാർഡിഫ് സിറ്റിക്കെതിരെ വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു.


ആദ്യ പകുതിയിൽ പിറകിൽ, രണ്ടാം പകുതിയിൽ താണ്ഡവം, ലിവർപൂൾ ഒന്നാമത് തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ ഇന്ന് ലൂടൺ ടൗണിനെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ലിവർപൂളിന്റെ വിജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യ പാകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ ലിവർപൂൾ രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനത്തിലൂടെ ആണ് വിജയം ഉറപ്പിച്ചത്.

ഇന്ന് ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ ഒഗ്ബെനെയിലൂടെ ആണ് ലൂടൺ ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ ലിവർപൂളിന് നിരവധി അവസരം ലഭിച്ചു എങ്കിലും ഒന്നും ഗോളായി മാറിയില്ല. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ വാൻ ഡൈകിന്റെ ഹെഡർ ലിവർപൂളിന് സമനില നൽകി.

നിമിഷങ്ങൾക്ക് അകം ഗാക്പോയുടെ ഫിനിഷ് ലിവർപൂളിന് ലീഡും നൽകി. ഈ രണ്ട് ഗോളും ഒരുക്കിയത് മകാലിസ്റ്റർ ആയിരുന്നു. 71ആം മിനുട്ടിൽ ലൂയിസ് ഡയസിലൂടെ ലിവർപൂൾ ലീഡ് ഉയർത്തി. അവസാനം ഹാർവി എലിയറ്റ് കൂടെ ഗോൾ നേടിയതോടെ ലിവർപൂളിന്റെ വിജയം പൂർത്തിയായി.

26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ലിവർപൂൾ ഒന്നാമത് നിൽക്കുന്നു. ലൂടൺ 21 പോയിന്റുമായി 17ആം സ്ഥാനത്താണ്‌

ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളുകൾ, വിജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലൂടണെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു യുണൈറ്റഡിന്റെ വിജയം. ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളുകൾ ആണ് യുണൈറ്റഡിന് വിജയം നൽകിയത്.

ഇന്ന് ലൂടന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വപന തുല്യമായ തുടക്കമാണ് ലഭിച്ചത്. ആദ്യ 6 മിനുട്ടുകൾക്ക് അകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ച് 37ആം സെക്കൻഡിൽ തന്നെ റാസ്മസ് ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. തുടർച്ചയായി ആറാം പ്രീമിയർ ലീഗ് മത്സരത്തിലാണ് ഹൊയ്ലുണ്ട് ഗോൾ നേടുന്നത്.

ഇത് കഴിഞ്ഞ് ആറാം മിനുട്ടിൽ ഹൊയ്ലുണ്ട് യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. ഗർനാചോയുടെ ഗോൾ ശ്രമം തന്റെ ചെസ്റ്റ് കൊണ്ട് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. സ്കോർ 2-0. ഇതിനു ശേഷം ആണ് ലൂടൺ ഉണർന്നത്. അവർ 14ആം മിനുട്ടിൽ കാൾട്ടൺ മോറിസിലൂടെ ഒരു ഗോൾ മടക്കി. സ്കോർ 1-2.

പിന്നീട് ലൂടന്റെ ഒന്നിനു പിറകെ ഒന്നായുള്ള ആക്രമണങ്ങൾ ആണ് കാണാൻ ആയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും പ്രതിരോധത്തിൽ ആയി. രണ്ടാം പകുതി തുടങ്ങും മുമ്പ് പരിക്ക് കാരണം ലൂക് ഷോയെയും മഗ്വയറിനെയും യുണൈറ്റഡിന് നഷ്ടമാവുകയും ചെയ്തു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും അറ്റാക്ക് ചെയ്തു തന്നെ കളിച്ചു. യുണൈറ്റഡ് റാഷ്ഫോർഡിലൂടെയും ബ്രൂണോയിലൂടെയും മൂന്നാം ഗോളിന് അടുത്ത് എത്തി എങ്കിലും സ്കോർ 1-2 എന്ന് തുടർന്നു. ഗർനാചോയും ബ്രൂണോയും വൺ ഓൺ വൺ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ലൂടണെ കളിയിൽ നിർത്തി.

77ആം മിനുട്ടിൽ ഹൊയ്ലുണ്ടിന്റെ ഗോളെന്ന് ഉറച്ച ഷോട്ട് ലൂടൻ കീപ്പർ കമിൻസ്കി തടഞ്ഞു. മറുവശത്ത് ലൂടണും തുടരെ ആക്രമണങ്ങൾ നടത്തി. 94ആം മിനുറ്റിൽ ബാർക്ലിയുടെ ഹെഡർ ഗോൾ പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. ലൂടന്റെ സമ്മർദ്ദങ്ങൾ മറികടന്ന് അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് 25 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ലൂടൺ 25 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി 17ആം സ്ഥാനത്താണ്.

8 ഗോൾ ത്രില്ലർ, ന്യൂകാസിൽ ലൂടൺ ക്ലാസിക് പോര്

പ്രീമിയർ ലീഗിൽ ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസിൽ യുണൈറ്റഡും ലൂടൺ ടൗണും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ഒരു ക്ലാസിക് മത്സരമായിരുന്നു. എട്ടു ഗോളുകൾ പിറന്ന മത്സരം 4-4 എന്ന രീതിയിൽ അവസാനിച്ചു. ഇന്ന് തുടക്കത്തിൽ ഏഴാം മിനുട്ട് മുതൽ ഗോൾ ഒഴുകാൻ തുടങ്ങി. ലോംഗ്സ്റ്റാഫിലൂടെ ന്യൂകാസിൽ ആണ് ഗോളടി തുടങ്ങിയത്. 21ആം മിനുട്ടിൽ ഓഷോയിലൂടെ ലൂടൺ ഗോൾ മടക്കി സ്കോർ 1-1 എന്നാക്കി.

23ആം മിനുട്ടിൽ വീണ്ടും ലോങ്സ്റ്റാഫിന്റെ ഗോൾ. വീണ്ടും ന്യൂകാസിലിന് ലീഡ്. 2-1. 40ആം മിനുട്ടിൽ റോസ് ബാർക്ലിയിലൂടെ സമനില കണ്ടെത്തി ലൂടൺ ആദ്യ പകുതി 2-2 എന്ന രീതിയിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലൂടന്റെ മൂന്നാം ഗോൾ വന്നു. 2-3. 62ആം മിനുട്ടിൽ അഡെബായോയിലൂടെ ലൂടന്റെ നാലാം ഗോൾ‌. അവർ ഒരു വലിയ വിജയത്തിലേക്ക് എന്ന് സ്വയം വിശ്വസിച്ച സമയം. സ്കോർ 2-4.

ഇവിടെ നിന്ന് ന്യൂകാസിൽ തിരിച്ചടിച്ചു. 67ആം മിനുട്ടിൽ ട്രിപ്പിയയിലൂടെ മൂന്നാം ഗോൾ. സ്കോർ 3-4. പിന്നാലെ 73ആം മിനുട്ടിൽ ഹാർവി ബാർൻസിലൂടെ ന്യൂകാസിലിന്റെ സമനില ഗോളും വന്നു‌. സ്കോർ 4-4. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും അത് മാത്രം വന്നില്ല.

ഈ ഫലത്തോടെ ന്യൂകാസിൽ 33 പോയിന്റുമായി 9ആം സ്ഥാനത്ത് നിൽക്കുകയാണ്‌. ലൂടൺ 21 പോയിന്റുമായി 16ആം സ്ഥാനത്താണ്‌.

ജപ്പാൻ താരം ഡെയ്കി ഹാഷിയോകയെ ലൂടൺ ടൗൺ സ്വന്തമാക്കി

ജപ്പാൻ ഫുൾ ബാക്ക് ഡെയ്കി ഹാഷിയോകയെ ലൂടൺ ടൗൺ സൈൻ ചെയ്തു. ബെൽജിയൻ ക്ലബ് സിൻ്റ്-ട്രൂയിഡനിൽ നിന്നാണ് താരം ലൂട്ടൺ ടൗണിൽ എത്തുന്നത്. ലൂടണായി കളിക്കുന്ന ആദ്യ ജാപ്പനീസ് താരമായി 24-കാരൻ മാറും. ഈ സീസണിൽ ബെൽജിയൻ ക്ലബിനായി 18 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും ഹാഷിയോക്ക നേടിയിട്ടുണ്ട്.

“പ്രീമിയർ ലീഗിൽ കളിക്കുക എന്നത് എൻ്റെ എക്കാലത്തെയും സ്വപ്നമാണ്. ലൂടണിൽ ചേരുന്നതിൽ വളരെ സന്തോഷമുണ്ട്,” താരൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ചാമ്പ്യൻഷിപ്പ് ക്ലബ്ബായ ലീഡ്‌സും ഹാഷിയോക്കയ്ക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു‌. ലൂട്ടണിൽ മെഡിക്കൽ പൂർത്തിയാക്കിയ താരം അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ അരങ്ങേറ്റം നടത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജപ്പാനീസ് ക്ലബ്ബായ ഉറവ റെഡ് ഡയമണ്ട്സിൽ ആണ് ഹാഷിയോക്ക കരിയർ ആരംഭിച്ചത്.

ലൂടൺ ടൗൺ ക്യാപ്റ്റൻ കുഴഞ്ഞു വീണു, മത്സരം ഉപേക്ഷിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിന് ഇടയിൽ ലൂടൺ ടൗൺ ക്യാപ്റ്റൻ ടോം ലോക്കിയർ കുഴഞ്ഞു വീണു. മത്സരം രണ്ടാം പകുതിയുടെ തുടക്കത്തിൽ നിൽക്കെയാണ് ടോം പെട്ടെന്ന് കളത്തിൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ താരങ്ങളും റഫറിയും താരത്തെ ശ്രദ്ധിച്ചത് ഗുണം ചെയ്തു. മെഡിക്കൽ സംഘം പെട്ടെന്ന് തന്നെ എത്തി ചികിത്സ ആരംഭിച്ചു. വൈകാരികമായ രംഗങ്ങൾ ആണ് ഗ്രൗണ്ടിൽ കാണാൻ ആയത്.

ലൂടണിന്റെ പരിശീലകൻ അടക്കം ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ടോം ലോക്കിയർ ചികിത്സയോട് പ്രതികരിക്കുന്നുണ്ട് എന്നും ഇത് നല്ല പ്രതീക്ഷ നൽകുന്നു എന്നും മെഡിക്കൽ ടീം അറിയിച്ചു. മത്സരം ഇന്ന് തൽക്കാലത്തേക്ക് ഉപേക്ഷിക്കാൻ ഇരുടീമുകളും ചർച്ച ചെയ്ത ശേഷം തീരുമാനിച്ചു.

പ്രീമിയർ ലീഗിൽ അവസാനം മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

വിജയമില്ലാത്ത നാലു ലീഗ് മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി ഒരു വിജയം നേടി. ഇന്ന് ലൂടൺ ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്‌. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്‌. 45ആം മിനുട്ടിൽ അഡെബയോയുടെ ഗോളിലൂടെ ആണ് ലൂടൺ ലീഡ് എടുത്തത്. ആദ്യ പകുതി അവർ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 3 മിനുട്ടിനിടയിൽ സിറ്റി നേടിയ രണ്ടു ഗോളുകൾ അവർക്ക് വിജയം നൽകി. 62ആം മിനുട്ടിൽ ബെർണാഡോ സിൽവയും 65ആം മിനുട്ടിൽ ഗ്രീലിഷും സിറ്റിക്ക് ആയി ഗോളുകൾ നേടി. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി സിറ്റി ലീഗിൽ നാലാമത് നിൽക്കുന്നു. ലൂടൺ 9 പോയിന്റുമായി 18ആം സ്ഥാനത്താണ് ഉള്ളത്.

ലൂട്ടണെതിരെ അടിതെറ്റാതെ ആഴ്‌സനൽ; ഇഞ്ചുറി ടൈം ഗോളിൽ ത്രില്ലർ മത്സരം സ്വന്തമാക്കി

പ്രീമിയർ ലീഗിലെ നവാഗതരായ ലൂട്ടണെതിരെ അവസാന നിമിഷം നേടിയ ഗോളിൽ വിജയം കരസ്ഥമാക്കി ആഴ്‌സനൽ. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ഡെക്ലാൻ റൈസ് നേടിയ ഗോളിന്റെ ബലത്തിൽ ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടം സ്വന്തമാക്കിയ ആഴ്‌സനൽ, ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. സ്വന്തം തട്ടകത്തിൽ ഒരു പക്ഷെ സീസണിലെ തന്നെ ഏറ്റവും വിലപ്പെട്ട ഒരു പോയിന്റിന് അരികിലെത്തിയ ലൂട്ടണ് അവസാനം നിരാശപ്പെടേണ്ടി വന്നെങ്കിലും ഈ പോരാട്ട വീര്യത്തിന് എന്നും അഭിമാനിക്കാം. മാർട്ടിനെല്ലി, ജീസസ്, ഹാവർട്സ് എന്നിവർ ഗണ്ണെഴ്സിന്റെ മറ്റു ഗോളുകൾ നേടി. ഓഷോ, അഡബയോ, ബാർക്ലി എന്നിവർ ലൂട്ടണ് വേണ്ടിയും വല കുലുക്കി.

ഇരുപതാം മിനിറ്റിൽ മാർട്ടിനല്ലിയിലൂടെ ആഴ്‌സനൽ ലീഡ് എടുക്കുമ്പോൾ മറ്റൊരു സാധാരണ മത്സരത്തിന്റെ തുടക്കമെന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചത്. ബോക്സിനുള്ളിൽ സാക പോസിറ്റിന് മുന്നിലേക്കായി നൽകിയ പന്ത് താരം വലയിലേക്ക് തിരിച്ചു വിട്ടു. എന്നാൽ 25ആം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ഓഷോ സമനില ഗോൾ നേടിയപ്പോൾ ആഴ്‌സനലിന്റെ ലീഡിന് അധികം ആയുസ് ഉണ്ടായില്ല. പിന്നീട് ആഴ്‌സനലിന്റെ പല നീക്കങ്ങളും ഗോളിൽ കലാശിക്കാതെ മടങ്ങി. 45ആം മിനിറ്റിൽ ബെൻ വൈറ്റിന്റെ ക്രോസിൽ തല വെച്ച് ഗബ്രിയേൽ ജീസസ് വീണ്ടും ആഴ്‌സനലിനെ മുന്നിൽ എത്തിച്ചു.

എന്നാൽ രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് ആവുമ്പോൾ മറ്റൊരു കോർണറിൽ നിന്നും ലൂട്ടൻ ഗോൾ മടക്കി. അഡബയോ ആണ് ഇത്തവണ വല കുലുക്കിയത്. പിന്നീട് 57ആം മിനിറ്റിൽ മത്സരത്തിലെ ഏറ്റവും ആവേശോജ്വലമായ നിമിഷം പിറന്നു. ടൗൻസെന്റിന്റെ പാസ് സ്വീകരിച്ചു ബോക്സിൽ കടന്ന റോസ് ബാർക്ലി തൊടുത്ത ഷോട്ട് വലയിൽ പതിക്കുമ്പോൾ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിനെതിരെ ലൂട്ടൻ ലീഡ് നേടി. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ് നൽകാതെ 60ആം മിനിറ്റിൽ കായ് ഹവർട്സിലൂടെ ആർട്ടെറ്റയും സംഘവും തിരിച്ചടിച്ചു. ഗബ്രിയേൽ ജീസസ് നൽകിയ പാസ് മാർക് ചെയ്യപ്പെടാതെ നിന്ന താരം കീപ്പറേ മറികടന്ന് വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിജയ ഗോളിനായുള്ള ആഴ്‌സനലിന്റെ നീക്കങ്ങൾ പലതും പരാജയപ്പെട്ടു മടങ്ങി. എന്നാൽ സമനില എന്നു തോന്നിച്ച നിമിഷത്തിൽ നിന്നും മറ്റൊരു വൈകി പിറന്ന ഗോളിൽ ആഴ്‌സനൽ മത്സരം സ്വന്തമാക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ മാർട്ടിൻ ഓഡഗാർഡ് ബോക്സിലേക്ക് നൽകിയ ക്രോസിൽ ഹെഡർ ഉതിർത്ത് ഡെക്ലാൻ റൈസ് ലൂട്ടൻ ആരാധകരുടെ ഹൃദയം പിളർത്തിയ ഗോൾ കണ്ടെത്തി. ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റും നേടി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനും അവർക്കായി.

ലൂടൺ ഞെട്ടിച്ചു, ലിവർപൂളിന്റെ രക്ഷകനായി ലൂയിസ് ഡിയസ്

പ്രീമിയർ ലീഗിൽ ലിവർപൂളിനെ ഞെട്ടിച്ച് ലൂടൺ ടൗൺ. പ്രീമിയർ ലീഗിലെ കുഞ്ഞൻ ക്ലബായ ലൂടൺ ലിവർപൂളിനെ ഇന്ന് സമനിലയിൽ പിടിച്ചു. ലൂടന്റെ ഹോം ഗ്രൗണ്ടിൽ 1-1 എന്ന സമനിലയിൽ ആണ് കളി അവസാനിച്ചത്. 95ആം മിനുട്ടിലെ ലൂയിസ് ഡിയസിന്റെ ഫിനിഷ് ആണ് ലിവർപൂളിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.

ഇന്ന് ലിവർപൂളിന്റെ തുടരെ തുടരെയുള്ള ആക്രമണങ്ങൾ മറികടന്ന് ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ലൂടൺ ഇന്ന് ലിവർപൂൾ പ്രതിരോധം മറികടന്ന് ഗോൾ നേടി. ഇന്ന് ആദ്യ പകുതിയിൽ ലിവർപൂളിന് ഗോൾ നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ സലാ ഒരുക്കിയ ഒരു സുവർണ്ണവസരം നൂനിയസ് നഷ്ടപ്പെടുത്തിയത് ആയിരുന്നു ലിവർപൂളിന് ലഭിച്ച ഏറ്റവും മികച്ച അവസരം.

80ആം മിനുട്ടിൽ ലിവർപൂളിന്റെ ഒരു സെറ്റ് പീസിൽ നിന്ന് ആണ് ലൂടന്റെ കൗണ്ടർ അറ്റാക്ക് വന്നത്. ബാർക്ക്ലി നയിച്ച കൗണ്ടർ അറ്റാക്ക് കബോരെയിലേക്ക് എത്തി. കബോരെ നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഫിനിഷിലൂടെ തഹിത് ചോംഗ് വലയിൽ എത്തിച്ചു. സ്കോർ 1-0. ചോങ്ങിന്റെ ലൂടൺ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്‌.

മത്സരത്തിന്റെ 95ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ലൂയിസ് ഡയ്സ് ലിവർപൂളിന് സമനില നൽകി‌. ഈ സമനിലയോടെ ലൂടൺ 6 പോയിന്റുമായി 17ആം സ്ഥാനത്തേക്ക് ഉയർന്നു. ലിവർപൂൾ 24 പോയിന്റുമായി നാലാം സ്ഥാനത്തും നിൽക്കുന്നു.

ഫോം തുടർന്ന് ആസ്റ്റൻ വില്ല; ലൂട്ടണ് തോൽവി തന്നെ

സീസണിൽ മികച്ച ഫോമിലുള്ള ആസ്റ്റൻ വില്ലക്ക് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയം. പ്രിമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലൂട്ടണെയാണ് അവർ കീഴടക്കിയത്. മക്ഗിൻ, ദിയാബി എന്നിവർ ജേതാക്കൾക്കായി ഗോൾ കണ്ടെത്തിയപ്പോൾ മറ്റൊരു ഗോൾ ലോക്യെറിന്റെ പേരിൽ സെൽഫ് ഗോളായി രേഖപ്പെടുത്തി. ലൂട്ടണിന്റെ ഗോളും എമി മാർട്ടിനസിന്റെ പേരിൽ സെൽഫ് ഗോൾ ആയി രേഖപ്പെടുത്തി. ഇതോടെ താൽക്കാലികമെങ്കിലും പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ഉനയ് എമരിയും സംഘവും. ഫെബ്രുവരിക്ക് ശേഷം ആസ്റ്റൻ വില്ല സ്വന്തം തട്ടകത്തിൽ തോൽവി അറിഞ്ഞിട്ടില്ല.

ആദ്യ മിനിറ്റ് മുതൽ ആസ്റ്റൻ വില്ല ഗോളിനായി ഇരമ്പിയാർത്തു. മക്ഗിനിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.ബോക്സിനുള്ളിൽ നിന്നും വാട്കിൻ എംസിന്റെ പാസിൽ സാനിയോളോക്ക് ലഭിച്ച അവസരം പോസിറ്റിന് ഇഞ്ചുകൾ മാത്രം അകന്ന് കടന്ന് പോയി. വാട്കിൻസിന്റെ ഷോട്ട് തടഞ്ഞു കൊണ്ട് കീപ്പർ കമിൻസ്കി ലൂട്ടന്റെ രക്ഷകനായി. 17ആം മിനിറ്റിൽ ആസ്റ്റൻ വില്ല ലീഡ് എടുത്തു. ഇടത് വിങ്ങിൽ നിന്നും എത്തിയ ഫ്രീക്കിക് സ്വീകരിച്ചു ബോക്സിനുള്ളിലേക്ക് കടന്ന് താരം തൊടുത്ത ഷോട്ട് ആൾകൂട്ടത്തിന് ഇടയിലൂടെ വലയിൽ പതിച്ചു. പിന്നീടും മികച്ച അവസരങ്ങൾ തന്നെ ആദ്യ പകുതിയിൽ ആതിഥേയർക്ക് ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ദിയാബി ലീഡ് ഇരട്ടിയാക്കി. ഡിന്യെയുടെ ക്രോസിൽ തലവെക്കാനുള്ള ബെയ്ലിയുടെ ശ്രമം പിഴച്ചപ്പോൾ തക്കം പാർത്തിരുന്ന ദിയാബി ലക്ഷ്യം കാണുകയായിരുന്നു. 49ആം മിനിറ്റിലാണ് ഗോൾ പിറന്നത്. 62ആം മിനിറ്റിൽ വീണ്ടും ദിയാബിയുടെ മികവിൽ ഗോൾ പിറന്നു. പിൻനിരയിൽ നിന്നും ബോക്സിലേക് എത്തിയ പന്ത് കുതിച്ചെത്തി നിയന്ത്രിച്ച താരം ഷോട്ട് ഉതിർത്തപ്പോൾ തടയാൻ എത്തിയ ലോക്യെറുടെ കാലുകളിൽ തട്ടി പന്ത് വലയിലേക്ക് തന്നെ പതിച്ചു. 83ആം മിനിറ്റിൽ ലൂട്ടണ് ആശ്വാസ ഗോൾ നേടാനായി. ബോക്സിലേക് എത്തിയ ക്രോസ് കീപ്പർക്ക് ഹെഡറിലൂടെ കൈമാറാനുള്ള കൊൻസയുടെ ശ്രമം പിഴച്ചപ്പോൾ പോസ്റ്റിലിടിച്ച പന്ത് മാർട്ടിനസിന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചു. പിറകെ മറ്റൊരു ഹെഡർ അവസരത്തിലൂടെ ലൂട്ടണ് മറ്റൊരു ഗോൾ നേടാനുള്ള അവസരം കൈവന്നെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വിറച്ചെങ്കിലും ആസ്റ്റൻ വില്ല കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു.

87 മിനിറ്റിനു ശേഷം മൂന്നു ഗോളുകൾ നേടി ജയം കണ്ടു ആസ്റ്റൺ വില്ല, ജയിച്ചു കയറി ഫുൾഹാമും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് എതിരെ തിരിച്ചു വന്നു ജയിച്ചു ആസ്റ്റൺ വില്ല. വില്ല ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ മൂസ ദിയാബി ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ എഡാർഡ് നേടിയ ഗോളിൽ പാലസ് മത്സരത്തിൽ മുന്നിലെത്തി. പരാജയം മുന്നിൽ കണ്ട വില്ല അവസാന നിമിഷങ്ങളിൽ അവിശ്വസനീയം ആയി ജയിക്കുന്നത് ആണ് കളിയിൽ കണ്ടത്. 87 മത്തെ മിനിറ്റിൽ ലൂകാസ് ഡീനിയുടെ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ പകരക്കാരനായി ഇറങ്ങിയ ഡുറാൻ വില്ലക്ക് സമനില സമ്മാനിച്ചു. ഇഞ്ച്വറി സമയത്ത് 98 മത്തെ മിനിറ്റിൽ വാറ്റ്ക്ൻസിനെ റിച്ചാർഡ്സ് വീഴ്ത്തിയതിന് റഫറി വില്ലക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചു.

വാർ പരിശോധനക്ക് ശേഷവും ഈ പെനാൽട്ടി റഫറി അനുവദിച്ചു. തുടർന്ന് പെനാൽട്ടി എടുത്ത ഡഗ്ലസ് ലൂയിസ് അനായാസം പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ചു. 101 മത്തെ മിനിറ്റിൽ സമനില ഗോളിന് ആയി കയറിയ പാലസിനെ ഞെട്ടിച്ചു കൗണ്ടർ അറ്റാക്കിൽ മൂസ ദിയാബിയുടെ പാസിൽ നിന്നു ഗോൾ നേടിയ ലിയോൺ ബെയ്ലി വില്ല ജയം പൂർത്തിയാക്കുക ആയിരുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ സ്ഥാന കയറ്റം നേടി വന്ന ലൂറ്റൺ ടൗൺ നാലാം മത്സരത്തിലും തോറ്റു. ഫുൾഹാം ആണ് അവരെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നത്. അവസരങ്ങൾ പാഴാക്കിയത് ആണ് ലൂറ്റൺ ടൗണിനു വിനയായത്. മത്സരത്തിൽ 65 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഗോൾ നേടിയ കാർലോസ് വിനീഷ്യസ് ആണ് ഫുൾഹാമിനു ആയി വിജയഗോൾ നേടിയത്.

ഗോൾ വല കാക്കാൻ ടിം ക്രുലിനെ എത്തിക്കാൻ ലൂറ്റൺ ടൗൺ

തങ്ങളുടെ ഗോൾ വല കാക്കാൻ പരിചയസമ്പന്നനായ ഡച്ച് ഗോൾ കീപ്പർ ടിം ക്രുലിനെ ഈ സീസണിൽ പ്രീമിയർ ലീഗിൽ സ്ഥാനക്കയറ്റം നേടി വന്ന ലൂറ്റൺ ടൗൺ. ചാമ്പ്യൻഷിപ്പ് ക്ലബ് നോർവിച്ച് സിറ്റിയിൽ നിന്നാണ് 35 കാരനായ താരത്തെ ലൂറ്റൺ ടീമിൽ എത്തിക്കുക. നിലവിൽ താരവും ആയും നോർവിച്ചും ആയി ലൂറ്റൺ ഏതാണ്ട് ധാരണയിൽ എത്തി. ഉടൻ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

മുമ്പ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്, ബ്രൈറ്റൺ, നോർവിച്ച് സിറ്റി എന്നിവരുടെ വല കാത്ത ക്രുലിനു ഇംഗ്ലീഷ് ഫുട്‌ബോളിൽ വലിയ പരിചയസമ്പത്ത് ഉണ്ട്. 11 സീസണുകളിൽ ന്യൂകാസ്റ്റിലിൽ കളിച്ച ക്രുൽ 2018 മുതൽ നോർവിച്ച് താരമാണ്. 10 സീസണുകളിൽ അധികം പ്രീമിയർ ലീഗ് വല കാത്ത പതിറ്റാണ്ടുകളുടെ ഇംഗ്ലീഷ് ഫുട്‌ബോൾ പരിചയം ഉള്ള താരത്തിന്റെ സാന്നിധ്യം തങ്ങളെ സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് ലൂറ്റൺ. 15 തവണ ഹോളണ്ട് ദേശീയ ടീമിന് ആയും ക്രുൽ കളിച്ചിട്ടുണ്ട്.

Exit mobile version