വെസ്റ്റ് ഹാമിൽ സൗചക് കരാർ പുതുക്കി

വെസ്റ്റ് ഹാം യുണൈറ്റഡ് അവരുടെ മധ്യനിര താരം തോമസ് സൗചെകിന്റെ കരാർ പുതുക്കി. ചെക്ക് റിപ്പബ്ലിക് ഇന്റർനാഷണൽ മിഡ്ഫീൽഡർ 2027 ജൂൺ വരെ നീളുന്ന ഒരു പുതിയ കരാറിൽ ഒപ്പുവെച്ചു. 2020 ജനുവരിയിൽ എസ്‌കെ സ്ലാവിയ പ്രാഗിൽ നിന്ന് ലോണിൽ ചേർന്നതിന് ശേഷം വെസ്റ്റ് ഹാമിന് വേണ്ടിയ ആക്ർ 182 മത്സരങ്ങളിൽ 28-കാരൻ.

ക്ലബ്ബിൽ ചേർന്നതിനുശേഷം വെസ്റ്റ് ഹാമിനായി സൗചെക്ക് 30 ഗോളുകൾ നേടിയിട്ടുണ്ട്. അതിൽ എട്ട് ഈ സീസണിൽ ഇതുവരെ വന്നതാണ്‌. വ്യാഴാഴ്ച ആഴ്സണലിൽ നടന്ന 2-0 വിജയത്തിലെ ഓപ്പണിംഗ് ഗോളും ഇതിൽ ഉൾപ്പെടുന്നു.

ഈ പുതിയ കരാറിൽ ഒപ്പുവെച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും എന്റെ കരിയർ ഇവിടെ തുടരാനാകുമെന്നതിൽ അഭിമാനിക്കുന്നുവെന്നും സൗചെക് പറഞ്ഞു.

“ഞാൻ വെസ്റ്റ് ഹാം യുണൈറ്റഡിൽ ചേർന്നിട്ട് നാല് വർഷമായി, ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഇംഗ്ലണ്ടിലേക്കുള്ള വരവ് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു” അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയില്ല!! വെസ്റ്റ് ഹാമിനോടും തോറ്റു, ഗോളടിക്കാൻ ആകാത്ത തുടർച്ചയായ നാലാം മത്സരം

മാഞ്ചസ്റ്റർ യുണൈറ്റഡിന് ക്രിസ്തുമസിനും സന്തോഷിക്കാൻ ഒന്നുമില്ല. ഇന്ന് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ലണ്ടണിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം നേരിട്ടു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ 8ആം പരാജയമാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും ഗോൾ കണ്ടെത്തിയില്ല. അവസാന നാലു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ പോലും സ്കോർ ചെയ്തിട്ടില്ല‌.

ഇന്ന് വിരസമായ ആദ്യ പകുതി ആണ് വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ കാണാൻ ആയത്. ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ ഹൊയ്ലുണ്ടിനെ മാറ്റി റാഷ്ഫോർഡിനെ യുണൈറ്റഡ് സബ്ബായി കളത്തിൽ എത്തിച്ചു എങ്കിലും യുണൈറ്റഡ് അറ്റാക്കിൽ കാര്യമായ പുരോഗമനം ഉണ്ടായില്ല.

മത്സരത്തിന്റെ 72ആം മിനുട്ടിൽ പക്വേറ്റയുടെ ഒരു മനോഹരമായ പാസിൽ നിന്ന് ജെറദ് ബോവനാണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്. അതു കഴിഞ്ഞ് അധികം വൈകാതെ മുഹമ്മദ് കുദുസിലൂടെ വെസ്റ്റ് ഹാം തങ്ങളുടെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു പ്രത്യാക്രമണമോ സമ്മർദ്ദമോ ഒന്നും വെസ്റ്റ് ഹാം നേരിടേണ്ടി വന്നില്ല.

ഈ വിജയത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ ആറാം സ്ഥാനത്തേക്ക് എത്തി. 28 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

ഡബിളുമായി ഇസാക്ക്, സൂപ്പർ സബ്ബ് ആയി കുദുസ്; പോയിന്റ് പങ്കുവെച്ച് വെസ്റ്റ്ഹാമും ന്യൂകാസിലും

മാറിമാറിഞ്ഞ ലീഡിനോടുവിൽ പകരക്കാരനായി എത്തിയ കുദുസ് 89ആം മിനിറ്റിൽ കുറിച്ച ഗോൾ മത്സരവിധി നിശ്ചയിച്ചപ്പോൾ പോയിന്റ് പങ്കു വെച്ച് വെസ്റ്റ്ഹാമും ന്യൂകാസിലും. ഇന്ന് വെസ്റ്റ്ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. ന്യൂകാസിലിന് വേണ്ടി ഇസാക്ക് ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ വെസ്റ്റ്ഹാമിനായി സൗഷെക്കാണ് മറ്റൊരു ഗോൾ കണ്ടെത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ വെസ്റ്റ്ഹാം ഏഴാമതും ന്യൂകാസിൽ എട്ടാമതുമാണ്.

പന്തിന്മേൽ കൃത്യമായ ആധിപത്യം ഉണ്ടായിട്ടും മുന്നേറ്റങ്ങൾ ഒരുക്കിയെടുക്കാൻ ന്യൂകാസിൽ ആദ്യ പകുതിയിൽ നന്നേ വിഷമിച്ചു. എന്നാൽ ഇടക്കിടെയുള്ള വെസ്റ്റ് ഹാം കൗണ്ടറുകൾ ഗോൾ ഭീഷണി ഉയർത്തി കൊണ്ട് കടന്ന് പോയി. എട്ടാം മിനിറ്റിൽ തന്നെ തകർപ്പൻ ഒരു നീക്കത്തിൽ വെസ്റ്റ്ഹാം ലീഡ് എടുത്തു. പിച്ചിന്റെ മധ്യത്തിൽ ഇടത് ഭാഗത്ത് നിന്നായി പക്വെറ്റ ഉയർത്തി നൽകിയ ബോൾ അതിമനോഹരമായി നിയന്ത്രിച്ച് എമേഴ്സൻ ബോക്സിലേക്ക് കയറി. തടയാൻ കീപ്പർ നിക് പോപ്പ് സ്ഥാനം വിട്ടു കയറുക കൂടി ചെയ്തതോടെ പോസിറ്റിന് മുന്നിലേക്കായി നൽകിയ പാസ് വലയിലേക്ക് തിരിച്ചു വിടേണ്ട ഉത്തരവാദിത്വമേ സൗഷെക്കിന് ഉണ്ടായിരുന്നുള്ളൂ. ആൽമിറോണിന്റെ ഷോട്ട് അരെയോള കൈക്കലാക്കി. ട്രിപ്പിയറിന്റെ ക്രോസിൽ ബേണിന്റെ ഹേഡർ പോസ്റ്റിന് തൊട്ടിരുമി കടന്ന് പോയി. ഇടവേളക്ക് പിരിയുമ്പോൾ എഴുപത് ശതമാനത്തോളം ആയിരുന്നു ന്യൂകാസിലിന്റെ പോസഷൻ.

ആദ്യ പകുതിയിലെ പിഴവുകൾ ന്യൂകാസിൽ രണ്ടാം പകുതിയിൽ പരിഹരിച്ചു. 57ആം മിനിറ്റിൽ ഇസാക്ക് സമനില ഗോൾ നേടി. ട്രിപ്പിയറുടെ ഫ്രീകിക്ക് ക്ലിയർ ചെയ്യാനുള്ള വെസ്റ്റ്ഹാം ഡിഫെൻസിന്റെ ശ്രമം ഇസാക്കിന്റെ കാലുകളിൽ പതിച്ചപ്പോൾ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചും താരം വല കുലുക്കി. വെറും അഞ്ചു മിനിറ്റിനു ശേഷം ഇസാക്ക് തന്നെ ന്യൂകാസിലിന് ലീഡും സമ്മാനിച്ചു. ട്രിപ്പിയർ ബോക്സിനുള്ളിൽ നിന്നും ഉയർത്തി നൽകിയ ക്രോസ് ഇസാക്ക് വലയിലേക്ക് തട്ടിയിട്ടപ്പോൾ വെസ്റ്റ്ഹാം പ്രതിരോധം നോക്കി നിൽക്കുകയായിരുന്നു. ഇതോടെ ന്യൂകാസിൽ മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തി. ഇസാക്കിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. വാർഡ് പ്രോസിന്റെ ഫ്രീകിക്ക് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അവസാന നിമിഷങ്ങളിൽ തോൽവി ഒഴിവാക്കാൻ വെസ്റ്റ്ഹാം സമ്മർദ്ദം ശക്തമാക്കി. ഒടുവിൽ പകരക്കാരനായി എത്തിയ കുദുസ് തകർപ്പൻ ഒരു ഗോളിലൂടെ സ്‌കോർ തുല്യനിലയിൽ ആക്കി. വലത് വിങ്ങിൽ കൗഫൽ നൽകിയ പാസ് സ്വീകരിച്ചു ബോക്സിന് തൊട്ടു പുറത്തു നിന്നും താരം തൊടുത്ത തകർപ്പൻ ഒരു ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ പതിച്ചു. കുദുസിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്. പിറകെ വെസ്റ്റ്ഹാം ലീഡിന് തൊട്ടടുത്ത് എത്തിയെങ്കിലും ബൗവന്റെ ശ്രമം പോപ്പ് തട്ടിയകറ്റി. ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.

ജയം തുടർന്ന് ലിവർപൂൾ, വെസ്റ്റ് ഹാമിനെയും മറികടന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ലിവർപൂൾ. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ലിവർപൂൾ തോൽപ്പിച്ചത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 2 പോയിന്റുകൾ പിന്നിൽ രണ്ടാം സ്ഥാനത്ത് ആണ് അവർ. മത്സരത്തിൽ ലിവർപൂൾ ആധിപത്യം ആണ് കാണാൻ ആയത്. ആദ്യ നിമിഷങ്ങളിൽ ലഭിച്ച 2 അവസരങ്ങൾ വെസ്റ്റ് ഹാം പാഴാക്കിയപ്പോൾ 16 മത്തെ മിനിറ്റിൽ ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട മൊ സലാഹ് ലിവർപൂളിനു ആദ്യ ഗോൾ സമ്മാനിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് പക്ഷെ വെസ്റ്റ് ഹാം മത്സരത്തിൽ ഒപ്പമെത്തി. കൗഫലിന്റെ ക്രോസിൽ നിന്നു ഡൈവിങ് ഹെഡറിലൂടെ 42 മത്തെ മിനിറ്റിൽ ജെറോഡ് ബോവൻ ആണ് അവരുടെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആൻഫീൽഡിൽ കളി ജയിക്കുന്ന ലിവർപൂളിനെ ആണ് കാണാൻ ആയത്. വെസ്റ്റ് ഹാമിൽ നിന്നു പന്ത് പിടിച്ചെടുത്ത മക് അലിസ്റ്റർ നൽകിയ പാസിൽ നിന്നു വോളിയിലൂടെ ഗോൾ നേടിയ ഡാർവിൻ നുനസ് അവർക്ക് മുൻതൂക്കം സമ്മാനിച്ചു. 85 മത്തെ മിനിറ്റിൽ വാൻ ഡെയ്ക് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ ഡീഗോ ജോട ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു.

അഞ്ചിൽ അഞ്ച്!! മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെയും തോൽപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അവരുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് എവേ മത്സരത്തിൽ അവർ വെസ്റ്റ് ഹാം യുണൈറ്റഡിനെയും തോൽപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2
3-1ന്റെ വിജയമാണ് പെപ് ഗ്വാർഡിയോളയുടെ ടീം നേടിയത്. സിറ്റിയുടെ അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം വിജയമാണിത്.

ഇന്ന് ആദ്യ പകുതിയിൽ തന്നെ മികച്ച അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. വെസ്റ്റ് ഹാം ആകട്ടെ അവർക്ക് കിട്ടിയ അവസരം മുതലെടുത്ത് 36ആം മിനുട്ടിൽ വാർഡ് പ്രോസിലൂടെ ലീഡ് എടുത്തു. ആദ്യ പകുതി 1-0ന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റിയുടെ പുതിയ യുവ സൈനിംഗ് ഡാകുവിലൂടെ അവർ സമനില കണ്ടെത്തി. ഹൂലിയൻ ആൽവാരസിന്റെ അസിസ്റ്റിൽ ആയിരുന്നു ആ ഗോൾ. മത്സരത്തിൽ 76ആം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെ സിറ്റി ലീഡ് എടുത്തു. ഈ ഗോളും ഒരുക്കിയത് ആല്വാരസ് ആയിരുന്നു.

അവസാനം 87ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ അസിസ്റ്റിൽ നിന്ന് ഹാളണ്ട് കൂടെ ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയായി. ഈ ജയത്തോടെ 15 പോയിന്റുമായി സിറ്റി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. വെസ്റ്റ് ഹാം 10 പോയിന്റുമായി ആറാമതും നിൽക്കുന്നു.

പന്ത് നിങ്ങൾ എടുത്തോ, ഗോൾ ഞങ്ങൾ അടിക്കാം!! മോയ്സിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ബ്രൈറ്റൺ തകർന്നു

ഇന്ന് പ്രീമിയർ ലീഗിൽ ഡേവിഡ് മോയ്സിന്റെ ബ്രില്യൻസ് ആണ് കാണാൻ ആയത്. പന്ത് കൈവശം വെക്കാൻ ബ്രൈറ്റണെ അനുവദിച്ചു കൊണ്ട് ഡി സെർബിയുടെ പൊസഷൻ ബേസ് ചെയ്തുള്ള ടാക്ടിസിനെ വെസ്റ്റ് ഹാമും മോയ്സും പൂട്ടി. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടായ അമെക്സ് സ്റ്റേഡിയത്തിൽ ചെന്ന് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം അവർ നേടി. ബ്രൈറ്റൺ 85%ൽ അധികം പന്ത് കൈവശം വെച്ച മത്സരത്തിലാണ് വെസ്റ്റ് ഹാമിന്റെ ഈ വലിയ വിജയം.

ആദ്യ പകുതിയിൽ ഡിഫൻഡർ വെബ്സ്റ്ററിനു പറ്റിയ ഒര്യ് അബദ്ധം മുതലെടുത്ത അന്റോണിയോ പന്തുമായി ബ്രൈറ്റൺ പെനാൾട്ടി ബോക്സിലേക്ക് കുതിച്ചു. അവിടെ വെച്ച് വാർഡ് പ്രോസിന് പന്ത് കൈമാറി. വാർഡ് പ്രോസ് വെസ്റ്റ് ഹാം കരിയറിലെ തന്റെ ആദ്യ ഗോൾ നേടി വെസ്റ്റ് ഹാമിനെ മുന്നിൽ എത്തിച്ചു. ആദ്യ പകുതി 0-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിലും വെസ്റ്റ് ഹാം അതേ ടാക്ടിക്സ് തുടർന്നു. 58ആം മിനുട്ടിൽ ബോവനിലൂടെ വെസ്റ്റ് ഹാം തങ്ങളുടെ രണ്ടാം ഗോൾ നേടി. 63ആം മിനുട്ടിൽ അന്റോണിയോയുടെ വക മൂന്നാം ഗോളും വന്നു. സ്കോർ 3-0.

ബ്രൈറ്റൺ കളിയിലേക്ക് തിരികെ വരാൻ ഏറെ ശ്രമിച്ചു എങ്കിലും വെസ്റ്റ് ഹാമിന്റെ ബസ് പാർക്കിങ് മറികടക്കുക എളുപ്പമായിരുന്നില്ല. 81ആം മിനുട്ടിൽ ഗ്രോസിന്റെ ഒരു ലോംഗ് റേഞ്ചർ ബ്രൈറ്റണ് ഒരു ഗോൾ തിരികെ നൽകി. പക്ഷെ അവരുടെ പോരാട്ടം ആ ഗോളിൽ അവസാനിച്ചു. രണ്ടാം ഗോൾ കണ്ടെത്താൻ ബ്രൈറ്റണ് ആയില്ല. അരിയോളയുടെ മികച്ച സേവുകൾ വെസ്റ്റ് ഹാമിന്റെ ജയം ഉറപ്പിച്ചു.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രൈറ്റണ് 6 പോയിന്റും വെസ്റ്റ് ഹാമിന് 7 പോയിന്റുമാണ് ഉള്ളത്. വെസ്റ്റ് ഹാം ഈ ജയത്തോടെ ലീഗിന്റെ തലപ്പത്ത് എത്തി.

മുഹമ്മദ് കുദൂസ് വെസ്റ്റ് ഹാമിലേക്ക് അടുക്കുന്നു, അയാക്‌സും ആയി ധാരണയിൽ എത്തുന്നു

ഡച്ച് ക്ലബ് അയാക്സ്‌ വിങർ മുഹമ്മദ് കുദൂസ് വെസ്റ്റ് ഹാമിലേക്ക് അടുക്കുന്നു. താരത്തിന്റെ കരാർ കാര്യത്തിൽ ഇരു ക്ലബുകളും തമ്മിൽ ഏകദേശ ധാരണയിൽ എത്തുന്നത് ആയി ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഒർസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. 23 കാരനായ താരത്തിന് ആയുള്ള 41.5 മില്യൺ യൂറോയും 3 മില്യൺ യൂറോ ആഡ് ഓണും ഭാവിയിൽ താരത്തെ വിറ്റ് കിട്ടുന്ന 10 ശതമാനം തുക അയാക്സിന് നൽകാം എന്നുള്ള വെസ്റ്റ് ഹാം ഓഫർ ഡച്ച് ക്ലബ് സ്വീകരിക്കും എന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ താരവും ആയി 5 വർഷത്തെ കരാറിന് വെസ്റ്റ് ഹാം വ്യക്തിഗത ധാരണയിൽ എത്തി.

ഇത് ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും താരം അംഗീകരിച്ചിട്ടുണ്ട്. നേരത്തെ താരത്തിന് ആയുള്ള മറ്റൊരു ഇംഗ്ലീഷ് ക്ലബ് ആയ ബ്രൈറ്റണിന്റെ ഓഫർ അയാക്‌സ് സ്വീകരിച്ചു എങ്കിലും കുദൂസും ആയി വ്യക്തിഗത കരാറിൽ എത്താൻ ബ്രൈറ്റണിനു ആയിരുന്നില്ല. 2 വർഷത്തെ കരാർ അയാക്സിൽ അവശേഷിക്കുന്ന താരം ക്ലബിൽ പുതിയ കരാർ സ്വീകരിക്കാൻ ഒരുക്കമായിരുന്നില്ല. സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ ഗോൾ നേടിയ താരം രണ്ടാം മത്സരത്തിൽ അയാക്‌സിന് ആയി അസിസ്റ്റും ചെയ്തിരുന്നു. 2020 മുതൽ അയാക്‌സ് താരം ആയ കുദൂസ് കഴിഞ്ഞ ലോകകപ്പിൽ ഘാനക്ക് ആയി മിന്നും പ്രകടനം ആണ് നടത്തിയത്.

പണം മാത്രം പോര!! ചെൽസിയുടെ സൂപ്പർ താരനിരയെ 10 പേരുമായി തകർത്ത് വെസ്റ്റ് ഹാം!!

ചെൽസിക്ക് പുതിയ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ചെൽസിയുടെ സൂപ്പർതാരനിരയെ 10 പേരുമായി പൊരുതി ഇന്ന് വെസ്റ്റ് ഹാം ഇന്ന് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. അവസാന അര മണിക്കൂറോളം വെസ്റ്റ് ഹാം 10 പേരുമായാണ് കളിച്ചത്. ഇത് കൂടാതെ മത്സരത്തിൽ എൻസോ ഫെർണാണ്ടസ് ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതും ചെൽസിക്ക് തിരിച്ചടിയായി.

ലണ്ടൺ സ്റ്റേഡിയത്തിൽ ചെൽസിക്ക് എതിരെ നന്നായി തുടങ്ങാൻ വെസ്റ്റ് ഹാമിനായി. ഏഴാം മിനുട്ടിൽ തന്നെ വെസ്റ്റ് ഹാം ലീഡ് എടുത്തു. അരങ്ങേറ്റം നടത്തുന്ന ജെയിംസ് വാർഡ്ബ്രോസിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ അഗ്വേർഡ് ആണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്. ചെൽസി കളിയിലേക്ക് തിരികെവരാൻ ശ്രമങ്ങൾ നടത്തി.

28ആം മിനുട്ടിൽ യുവതാരം ചുകമേകയുടെ ഒരു മികച്ച ഫിനിഷ് ചെൽസിക്ക് സമനില നൽകി. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ ലീഡ് എടുക്കാൻ ചെൽസിക്ക് അവസരം ലഭിച്ചു. പക്ഷെ പെനാൾട്ടി എടുത്ത എൻസോ ഫെർണാണ്ടസിന് പിഴച്ചു. അർജന്റീനിയൻ താരത്തിന്റെ കിക്ക് ഫ്രഞ്ച് ഗോൾ കീപ്പർ ആയ അരിയോള സേവ് ചെയ്തു. സ്കോർ 1-1ൽ തുടർന്നു.

രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു. 53ആം മിനുട്ടിൽ വാർഡ്പ്രോസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ അന്റോണിയോ ഒരു നല്ല ഫിനിഷിലൂടെ വെസ്റ്റ് ഹാമിന് ലീഡ് നൽകി. സ്കോർ 2-1. കളി വെസ്റ്റ് ഹാമിന്റെ നിയന്ത്രത്തിലേക്ക് വരികയാണെന്ന് തോന്നിപ്പിച്ച സമയത്ത് വെസ്റ്റ് ഹാം ഡിഫൻഡർ അഗ്വേർഡ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി.

പിന്നീട് 10 പേരുമായി കളിച്ച വെസ്റ്റ് ഹാം തീർത്തും പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. പക്ഷെ എന്നിട്ടും വെസ്റ്റ് ഹാം പതറിയില്ല. 90 മിനുട്ടും അതിനപ്പുറം 6 മിനുട്ട് ഇഞ്ച്വറി ടൈമും കളിച്ച് വെസ്റ്റ് ഹാം വിജയം ഉറപ്പിച്ചു. 94ആം മിനുട്ടിൽ കൈസെദോ നൽകിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് പക്വേറ്റ വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസി 1 പോയിന്റിൽ നിൽക്കുകയാണ് ഇപ്പോൾ.

ഗ്രീക്ക് പ്രതിരോധതാരത്തെ വെസ്റ്റ് ഹാം സ്വന്തമാക്കും

ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിന്റെ ഗ്രീക്ക് പ്രതിരോധതാരം കോസ്റ്റന്റിനോസ് മാവ്രോപാനോസിനെ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കും. 25 കാരനായ താരത്തെ 20 മില്യൺ യൂറോയും 5 മില്യൺ ആഡ് ഓണും നൽകിയാണ് വെസ്റ്റ് ഹാം സ്വന്തമാക്കുന്നത്. 2018 ൽ ആഴ്‌സണൽ ഗ്രീക്ക് ടീമിൽ നിന്നു സ്വന്തമാക്കിയ മാവ്രോപാനോസ് പല ടീമുകളിൽ ലോണിൽ പോയി.

തുടർന്ന് 2020 മുതൽ 2022 വരെ സ്റ്റുഗാർട്ടിൽ ലോണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ 2022 ൽ ആണ് ആഴ്‌സണൽ അവർക്ക് തന്നെ വിൽക്കുന്നത്. നിലവിൽ താരത്തിന്റെ ട്രാൻസ്‌ഫർ തുകയിൽ പത്ത് ശതമാനം ആഴ്‌സണലിന് ലഭിക്കും. സ്റ്റുഗാർട്ടിന് ആയി 89 കളികൾ കളിച്ച താരം ഗ്രീസിന് ആയി 2021 ൽ ആണ് അരങ്ങേറിയത്. രാജ്യത്തിനു ആയി ഇത് വരെ 19 കളികളും താരം കളിച്ചിട്ടുണ്ട്. മഗ്വയറിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആണ് വെസ്റ്റ് ഹാം ഗ്രീക്ക് താരത്തെ സ്വന്തമാക്കിയത്.

ബെറ്റിങ് വിവാദത്തിൽ ബ്രസീലിയൻ താരം ലൂകാസ് പക്വറ്റക്ക് എതിരെ അന്വേഷണം

വാത് വെപ്പ് വിവാദത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ബ്രസീലിയൻ താരം ലൂകാസ് പക്വറ്റക്ക് എതിരെ ഇംഗ്ലീഷ് എഫ്.എ അന്വേഷണം. കഴിഞ്ഞ സീസണിൽ മാർച്ച് 12 നു നടന്ന ആസ്റ്റൺ വില്ലക്ക് എതിരായ 1-1 നു സമനില ആയ മത്സരത്തിൽ താരം വാങ്ങിയ മഞ്ഞ കാർഡ് ആണ് ഇപ്പോൾ സംശയത്തിൽ ആയിരിക്കുന്നത്. ഈ ദിവസം പക്വറ്റയും റയൽ ബെറ്റിസിൽ കളിക്കുന്ന മറ്റൊരു ബ്രസീലിയൻ താരം ലൂയിസ് ഹെൻറികും മഞ്ഞ കാർഡ് നേടും എന്നു നിരവധി അക്കൗണ്ടുകൾ ബെറ്റ് വെച്ചത് ആണ് സംശയം ഉണ്ടാക്കിയത്.

പക്വറ്റയും ആയി അടുത്ത ബന്ധമുള്ള ഈ അ‌ക്കൗണ്ടുകൾ അന്ന് തന്നെ ബെറ്റിങ് കമ്പനി ആയ ബെറ്റ്വെയിൽ തുടങ്ങുകയും വലിയ തുക നിക്ഷേപിച്ചു ഈ കാര്യത്തിൽ ബെറ്റ് വെക്കുകയും ചെയ്തു. ഇരു താരങ്ങളും മഞ്ഞ കാർഡ് വാങ്ങിയാൽ ഏറ്റവും വലിയ തുക ലഭിക്കുന്ന വിധത്തിൽ ആയിരുന്നു ബെറ്റുകൾ. അന്വേഷണത്തിൽ താരം കുറ്റക്കാരൻ ആയി കണ്ടത്തിയാൽ വിലക്ക് അടക്കമുള്ള ശിക്ഷകൾ താരത്തിന് ലഭിക്കും.

നേരത്തെ ബ്രന്റ്ഫോർഡിന്റെ ഇംഗ്ലീഷ് താരം ഐവാൻ ടോണിക്ക് വാത് വെപ്പ് വിവാദം കാരണം 8 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിൽ വാത് വെപ്പ് അനുവദനീയം ആണെങ്കിലും ഫുട്‌ബോൾ താരങ്ങൾ ഫുട്‌ബോളും ആയി ബന്ധമുള്ള ബെറ്റുകൾ വെക്കുന്നതിനു വിലക്ക് ഉണ്ട്. അതേസമയം പക്വറ്റക്ക് ആയി രംഗത്ത് വന്ന മാഞ്ചസ്റ്റർ സിറ്റി താരത്തെ വാങ്ങിക്കുന്ന കാര്യത്തിൽ പിറകോട്ട് പോയത് ആയും റിപ്പോർട്ട് ഉണ്ട്. നേരത്തെ ബ്രസീലിയൻ താരത്തിന് ആയി 70 മില്യണിൽ അധികം തുക മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനു മുന്നിൽ വെച്ചിരുന്നു.

മുഹമ്മദ് കുദുസിന് ആയി വെസ്റ്റ് ഹാം രംഗത്ത്

അയാക്സിന്റെ ഘാന വിങർ മുഹമ്മദ് കുദുസിന് ആയി ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത്. തങ്ങളുടെ ബ്രസീലിയൻ താരം ലൂകാസ് പക്വറ്റയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമിക്കുന്നതിനാൽ താരത്തിന് പകരമായി കുദുസിനെ എത്തിക്കാൻ ആണ് വെസ്റ്റ് ഹാം ശ്രമം. പക്വറ്റ ക്ലബ് വിട്ടാൽ അയാക്‌സ് താരത്തെ എത്തിക്കാൻ ആവും വെസ്റ്റ് ഹാം ശ്രമിക്കുക. കഴിഞ്ഞ ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ 23 കാരനായ കുദുസ് 2020 മുതൽ അയാക്സിന് ആയി മികച്ച പ്രകടനം ആണ് നടത്തുന്നത്.

വിങർ ആയും അറ്റാക്കിങ് മിഡ്ഫീൽഡർ ആയും താരം തിളങ്ങാറുണ്ട്. നേരത്തെ താരത്തെ വാങ്ങുന്ന കാര്യത്തിൽ ഏതാണ്ട് 50 മില്യൺ യൂറോയിൽ ബ്രൈറ്റൺ അയാക്സും ആയി ധാരണയിൽ എത്തിയത് ആയിരുന്നു. എന്നാലും റിലീസ് ക്ലോസ് വേണം എന്ന കുദുസിന്റെ ആവശ്യം ബ്രൈറ്റൺ നിറസിച്ചതോടെ താരം ക്ലബിൽ ചേരുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുക ആയിരുന്നു. നിലവിൽ ഇത് വരെയും താരവും ആയി വ്യക്തിഗത ധാരണയിൽ എത്താൻ ബ്രൈറ്റണിനു ആയിട്ടില്ല.

സമനിലയോടെ സീസൺ ആരംഭിച്ച് ബോൺമൗത്തും വെസ്റ്റ്ഹാമും

പ്രീമിയർ ലീഗ് പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പോയിന്റ് പങ്കു വെച്ച് ബോൺമൗത്തും വെസ്റ്റ്ഹാമും. ബോൺമൗത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ബോവൻ, സോളങ്കി എന്നിവർ മത്സരത്തിലെ ഗോളുകൾ കണ്ടെത്തി. ചെൽസിയാണ് വെസ്റ്റ്ഹാമിന്റെ അടുത്ത എതിരാളികൾ.

Bournemouth westham

വെസ്റ്റ്ഹാമിന്റെ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചത് പുതിയ കോച്ച് ഇരാവോളക്ക് കീഴിലെ ആദ്യ മത്സരത്തിൽ താളം കണ്ടെത്താൻ ബോൺമൗത്ത് നന്നേ വിഷമിച്ചു. സൗഷെക്കിന്റെ തകർപ്പൻ ഒരു നീകത്തിനൊടുവിൽ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി കീപ്പറുടെ കൈകളിലേക്ക് തിരിഞ്ഞെത്തിയപ്പോൾ വെസ്റ്റ്ഹാം ആരാധകർ തലയിൽ കൈവെച്ചു. 35ആം മിനിറ്റിൽ വെസ്റ്റ്ഹാം കോർണറിൽ നിന്നെത്തിയ പന്തിൽ ഗോൾ ലൈൻ സേവിലൂടെ സോളങ്കി ആണ് ബോൺമൗത്തിന്റെ രക്ഷക്കെത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂക്ക്സിന്റെ ലോങ് റേഞ്ചർ അരിയോള പോസ്റ്റിന് മുകളിലൂടെ തട്ടിയകറ്റി. 52ആം മിനിറ്റിൽ വെസ്റ്റ്ഹാമിന്റെ ഗോൾ എത്തി. ബോൺമൗത്തിന്റെ ബോക്സിന് പുറത്തു നിന്നും തിരിച്ചു പിടിച്ച ബോൾ സൗഷെക്കിലൂടെ ബോവനിൽ എത്തിയപ്പോൾ താരം ഒട്ടും സമയം പാഴാക്കാതെ തൊടുത്തു വിട്ട അതിമനോഹരമായ ഒരു ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ശേഷം ബോൺമൗത്ത് പതിയെ താളം വീണ്ടെടുത്തു തുടങ്ങി. റോത്വെല്ലിന്റെ ശക്തിയേറിയ ഒരു ഷോട്ട് അരിയോളക്കും പിടി കൊടുക്കാതെ പോസ്റ്റിൽ ഇടിച്ചാണ് തെറിച്ചത്. 82ആം മിനിറ്റിൽ സമനില ഗോൾ എത്തി. സെമേന്യോ തൊടുത്ത ഷോട്ട് വെസ്റ്റ്ഹാം പ്രതിരോധത്തിൽ തട്ടി ബോക്സിനുള്ളിൽ സോളങ്കിയുടെ കാലുകളിൽ എത്തിയപ്പോൾ താരം കീപ്പറേ മറികടന്ന് വല കുലുക്കുകയായിരുന്നു. ശേഷം പക്വെറ്റയുടെ ശ്രമം പോസ്റ്റിൽ ഇടിച്ചു തെറിച്ചു. ഇഞ്ചുറി ടൈമിലും ഗോൾ നേടാൻ ടീമുകൾക്ക് സാധിക്കാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Exit mobile version