തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് സഹീർ ഖാനും വസിം അക്രമും : മുഹമ്മദ് ഷമി

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് മുൻ ഇന്ത്യൻ താരം സഹീർ ഖാനും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രമുമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. അതെ സമയം വളർന്നു വരുന്ന സമയത്ത് സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, സഹീർ ഖാൻ, വസിം അക്രം എന്നിവരെ ഇഷ്ട്ടമായിരുന്നുവെന്നും ഷമി പറഞ്ഞു.

ബൗളർമാരുടെ കാര്യത്തിൽ താൻ ഇപ്പോഴും സഹീർ ഖാന്റെ ബൗളിംഗ് ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ വരുമ്പോൾ താൻ വസിം ആക്രമിന്റെ ബൗളിംഗ് കാണാറുണ്ടായിരുന്നുവെന്നും ഷമി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി പരിശീലക സംഘത്തിൽ വസിം അക്രമ ഉണ്ടായിരുന്നുവെന്നും ഇത് തനിക്ക് ഒരുപാട് ഗുണം ചെയ്‌തെന്നും ഷമി പറഞ്ഞു.

സഹീർ ഖാനോടൊപ്പം ഒരുപാട് ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസിൽ വെച്ച് സഹീർ ഖാന്റെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഷമി പറഞ്ഞു.

വസീം അക്രം എന്നോട് മാച്ച് ഫിക്സിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അന്നദ്ദേഹത്തിന്റെ കഥ കഴിച്ചേനെ – ഷൊയ്ബ് അക്തര്‍

തന്നോട് എന്നെങ്കിലും വസീം അക്രം മാച്ച് ഫിക്സിംഗിന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അന്നദ്ദേഹത്തിന്റെ അവസാനമായിരുന്നുവെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണെന്നും ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പല മത്സരങ്ങളിലും അവിശ്വസനീയമായ വിജയങ്ങള്‍ നല്‍കിയ താരമാണ് വസീം അക്രമെന്നും അദ്ദേഹത്തോടൊപ്പം കളിക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന താരമാണ് വസീമെന്നും അക്തര്‍ പറഞ്ഞു.

എന്നാല്‍ ഇത്രയും താന്‍ ബഹുമാനിക്കുന്ന താരത്തില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടായിരുന്നുവെങ്കില്‍ തന്റെ വിധം മാറിയേനെ എന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഒരിക്കലും അത് ചെയ്യില്ലെന്ന് തനിക്കറിയാമെന്നും അക്തര്‍ കൂട്ടിചേര്‍ത്തു. എട്ട് വര്‍ഷത്തോളം താന്‍ വസീമിനൊപ്പം കളിച്ചു. തന്റെ മോശം സമയത്ത് തന്നെ എപ്പോളും പിന്തുണയുമായി വസീം എത്താറുണ്ടായിരുന്നു. അന്നൊന്നും താന്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പ്രശംസിച്ചിരുന്നില്ലെന്നും അതിന് താന്‍ മാപ്പ് പറയുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പഴയ മത്സരങ്ങള്‍ കാണുമ്പോളാണ് പാക്കിസ്ഥാനെ തിരിച്ചു മത്സരങ്ങളിലേക്ക് എത്തിച്ച അദ്ദേഹം എത്ര മഹാനാണെന്ന് തോന്നുന്നത്. ഇത് കണ്ട ശേഷം താന്‍ അദ്ദേഹത്തെ വിളിച്ച് മാപ്പ് പറയുകയും ചെയ്തുവെന്ന് അക്തര്‍ സൂചിപ്പിച്ചു.

തന്റെ ഹീറോ വസീം അക്രം, കരിയറില്‍ വളരെ സുപ്രധാനമായ പങ്ക് വഹിച്ചത് പാക് താരമെന്ന് ആന്‍ഡ്രൂ ഫ്ലിന്റോഫ്

തന്റെ ക്രിക്കറ്റ് കരിയറില്‍ സുപ്രധാനമായ പങ്ക് വഹിച്ചത് പാക് താരവും തന്റെ ഹീറോയുമായ വസീം അക്രം ആണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ്. ലങ്കാഷയറില്‍ ഒപ്പം കളിച്ചപ്പോളാണ് താന്‍ ‍വസീം അക്രത്തില്‍ നിന്ന് റിവേഴ്സ് സ്വിംഗ് സ്വായത്തമാക്കിയതെന്ന് ഫ്ലിന്റോഫ് സൂചിപ്പിച്ചു.

തന്റെ കരിയറിന്റെ ആദ്യ കാലത്ത് താന്‍ സുല്‍ത്താന്‍ ഓഫ് സ്വിംഗിനെയാണ് ഉറ്റുനോക്കിയിരുന്നതെന്ന് ഫ്ലിന്റോഫ് പറഞ്ഞു. തന്റെ 16ാം വയസ്സില്‍ ലങ്കാഷയറില്‍ വസീം അക്രമുമായി താന്‍ കളിച്ചിട്ടുണ്ട്. താന്‍ ഏറെ ആരാധിക്കുന്ന തന്റെ ഹീറോമാരില്‍ ഒരാളാണ് വസീം എന്ന് ഫ്ലിന്റോഫ് വ്യക്തമാക്കി.

വസീം തന്നെ ഒപ്പം കൂട്ടി തനിക്ക് റിവേഴ്സ് സ്വിംഗിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്നെവെന്നും ഫ്ലിന്റോഫ് പറഞ്ഞു. വസീമിന്റെ ബൗളിംഗില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തിരുന്നതും തനിക്ക് കൂടുതല്‍ ഗുണം ചെയ്തുവെന്നും തന്റെ കരിയറിലെ സുപ്രധാന പങ്ക് വഹിച്ചത് വസീം ആണെന്നതാണ് സത്യമെന്നും ആന്‍ഡ്രൂ ഫ്ലിന്റോഫ് വെളിപ്പെടുത്തി.

ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്, എന്നാല്‍ സ്മിത്ത് തികച്ചും വ്യത്യസ്തന്‍

ക്രിക്കറ്റിലെ പല ഇതിഹാസ താരങ്ങള്‍ക്കെതിരെയും താന്‍ കളിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ നിന്നെല്ലാം വിഭിന്നമായ ഒരു താരമാണ് സ്റ്റീവന്‍ സ്മിത്ത് എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രം. പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ സ്മിത്തിന്റെ ചെയ്തികള്‍ കണ്ട് തങ്ങളുടെ പദ്ധതികള്‍ മാറ്റരുതെന്നായിരുന്നു വസീമിന്റെ ഉപദേശം.

സ്മിത്ത് ചിലപ്പോള്‍ ഓഫ് സ്റ്റംപിന് പുറത്ത് നില്‍ക്കും ചിലപ്പോള്‍ മധ്യത്തില്‍ നില്‍ക്കും ചിലപ്പോള്‍ ലെഗ് സ്റ്റംപില്‍. എന്നാല്‍ ഇതൊന്നും ശ്രദ്ധിച്ച് ബൗളര്‍മാര്‍ തങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുകയല്ല ചെയ്യേണ്ടത്, തങ്ങളെന്താണോ ഉദ്ദേശിക്കുന്നത് അത് മാത്രമാണ് ചെയ്യേണ്ടതെന്നാണ് വസീം അക്രം ഉപദേശിച്ചത്.

അക്രമിനെ മറികടന്ന് മലിംഗ, ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാമന്‍

ഇന്ത്യയുടെ ലോകേഷ് രാഹുലിനെ പുറത്താക്കി തന്റെ അവസാന ലോകകപ്പ് മത്സരത്തിലെ സ്പെല്ലില്‍ ഒരു വിക്കറ്റ് നേട്ടവുമായി മലിംഗ മടങ്ങുമ്പോള്‍ പാക്കിസ്ഥാന്റെ വസീം അക്രമിനെ മറികടക്കുവാനായി എന്ന ആശ്വാസത്തോടെയകും ഈ ശ്രീലങ്കന്‍ ഇതിഹാസ താരത്തിന്റെ മടക്കം. ഇന്ന് 10 ഓവറില്‍ നിന്ന് 82 റണ്‍സാണ് മലിംഗ വഴങ്ങിയത്. ലോകകപ്പിലെ തന്റെ അവസാന മത്സരം അത്ര ശ്രദ്ധേയമാക്കുവാന്‍ മലിംഗയ്ക്കായില്ലെന്നത് താരത്തിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന കാര്യമാണ്.

വസീം അക്രം നേടിയ 55 വിക്കറ്റുകളുടെ നേട്ടത്തെയാണ് രാഹുലിന്റെ വിക്കറ്റോടെ മലിംഗ മറികടന്നത്. 56 വിക്കറ്റാണ് ലസിത് മലിംഗയുടെ നേട്ടത്തിന്റെ പട്ടികയിലുള്ളത്. 71 വിക്കറ്റുമായി ഗ്ലെന്‍ മക്ഗ്രാത്തും 68 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനുമാണ് പട്ടികയില്‍ മലിംഗയ്ക്ക് മുന്നിലായുള്ളത്.

ലോകകപ്പില്‍ അക്രമിനെ മറികടക്കുവാന്‍ ആകുമോ വഹാബ് റിയാസിന്?

പാക്കിസ്ഥാന്റെ മുന്‍ നിര ബൗളര്‍ സ്ഥാനത്ത് നിന്ന് പുറത്തായിട്ട് ഏറെ നാളായി വഹാബ് റിയാസ്. മുഹമ്മദ് അമീറിനെയും താരത്തിനെയും ലോകകപ്പ് പ്രാഥമിക സ്ക്വാഡില്‍ പോലും പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അവസാന നിമിഷം ഇരുവരെയും ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വഹാബ് റിയാസ് 2 വിക്കറ്റ് നേടിയപ്പോള്‍ താരത്തിന്റെ ലോകകപ്പിലെ വിക്കറ്റ് നേട്ടം 34 വിക്കറ്റായി മാറി.

പാക്കിസ്ഥാന്‍ ഇതിഹാസമായ വസീം അക്രം ലോകകപ്പില്‍ നേടിയ 35 വിക്കറ്റുകളുടെ റെക്കോര്‍ഡ് ഒപ്പമെത്തുവാനോ മറികടക്കുവാനോ വഹാബിന് ഇനി കുറഞ്ഞത് ഒരു മത്സരം കൂടിയുണ്ട് താനും. പാക്കിസ്ഥാന്‍ സെമിയിലേക്ക് യോഗ്യത നേടിയാല്‍ ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ കൂടുതല്‍ സാധ്യതയാവും താരത്തിന്. ഇന്ന് 8 ഓവറില്‍ 29 റണ്‍സ് നല്‍കി 2 വിക്കറ്റാണ് താരം നേടിയത്.

ഷഹീന്‍ അഫ്രീദി 4 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഒപ്പം മറുവശത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ വഹാബിനു സാധിച്ചിരുന്നു. ടീമില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞത് വഹാബ് ആയിരുന്നു.

ലോകകപ്പിലെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അമീര്‍

ലോകകപ്പ് 2019ല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മാറി മുഹമ്മദ് അമീര്‍. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ ടീം പരാജയപ്പെട്ടുവെങ്കിലും തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച് മുഹമ്മദ് അമീര്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. പത്തോവറില്‍ നിന്ന് 30 റണ്‍സ് മാത്രം വഴങ്ങി അമീര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അതില്‍ 2 മെയ്ഡന്‍ ഓവറുകളുമുണ്ടായിരുന്നു. തന്റെ സ്പെല്ലില്‍ വെറും ഒരു ഫോര്‍ മാത്രമാണ് താരം വഴങ്ങിയത്.

ടെസ്റ്റ് കളിയ്ക്കുന്ന രാജ്യത്തിനെതിരെ ലോകകപ്പിലെ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ മുഹമ്മദ് അമീര്‍ പുറത്തെടുത്തത്. വസീം അക്രം നമീബിയയ്ക്കെതിരെ നേടിയ 28/5 എന്ന ഫിഗര്‍ ആണ് ലോകകപ്പിലെ പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അതേ സമയം 9 വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇവര്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മുഹമ്മദ് അമീര്‍ 3 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ കളിച്ചത്.

ന്യൂസിലാണ്ട് താരങ്ങളായ ലോക്കി ഫെര്‍ഗൂസണ്‍(8 വിക്കറ്റ്), മാറ്റ് ഹെന്‍റി(7 വിക്കറ്റ്) എന്നിവര്‍ക്ക് പിന്നിലായി 6 വിക്കറ്റ് നേടി 5 താരങ്ങളാണ് വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനികളായി നില്‍ക്കുന്നത്. ഇവരില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലിനോടൊപ്പം മുഹമ്മദ് സൈഫുദ്ദീന്‍(ബംഗ്ലാദേശ്), ജെയിംസ് നീഷം(ന്യൂസിലാണ്ട്), ജോഫ്ര ആര്‍ച്ചര്‍(ഇംഗ്ലണ്ട്), ഒഷെയ്ന്‍ തോമസ്(വിന്‍ഡീസ്) എന്നിവരാണുള്ളത്.

“പാക്കിസ്ഥാൻ താരങ്ങൾ ബിരിയാണി തിന്ന്‌ നടന്നാൽ ചാമ്പ്യന്മാരാകില്ല”

ലോകകപ്പിനായൊരുങ്ങുന്ന പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ഇതിഹാസ താരം വസീം അക്രം. 1992 ൽ ഇമ്രാൻ ഖാന് കീഴിൽ ലോകകപ്പ് ഉയർത്തിയ പാകിസ്ഥാൻ ടീമിൽ അംഗമായ വസിം അക്രം പാക്കിസ്ഥാൻ ടീമിന്റെ മോശം ഫിറ്റ്നെസിനെതിരെയാണ് തുറന്നടിച്ചത്. ഇപ്പോളും പാകിസ്ഥാൻ താരങ്ങൾക്ക് ബിരിയാണി കഴിക്കാൻ നൽകാറുണ്ട്. ബിരിയാണി കഴിക്കുന്നവർ ഫിറ്റായി എങ്ങനെയാണു ചാമ്പ്യന്മാരായ താരങ്ങൾക്ക് എതിരെ കളിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

പാകിസ്ഥാൻ ടീമിന്റെ പ്രധാന പോരായ്മകളിൽ ഒന്നാണ് മോശം ഫിറ്റ്നസ്.പാകിസ്താന്റെ മോശം ഫീൽഡിങ്ങിനെയും അക്രം വിമർശിച്ചു. ഏകദിനത്തിൽ ചാമ്പ്യൻസ് ട്രിഫൈ നേടിയതിനു ശേഷം പാകിസ്താന്റെ പ്രകടനം വളരെ മോശമാണ്. ന്യൂസീലാൻഡ്, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നി ടീമുകളോട് പാകിസ്ഥാൻ ഏകദിന പരമ്പരകൾ തോറ്റു. ഓസ്ട്രേലിയയോട് തോറ്റാണ് പാകിസ്ഥാൻ ഏഷ്യ കപ്പിൽ നിന്നും പുറത്തായത്.

പകരം ഇമ്രാന്‍ ഖാനോ ജാവേദ് മിയാന്‍ദാദോ ഉണ്ടോ? സര്‍ഫ്രാസിനെതിരെ തിരിഞ്ഞവര്‍ക്കെതിരെ വസീം അക്രം

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനോടുള്ള ടെസ്റ്റ് പരമ്പര പരാജയത്തിനു ശേഷം സര്‍ഫ്രാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കണമെന്ന് പറഞ്ഞവരോട് തിരിച്ചടിച്ച് വസീം അക്രം. താന്‍ ഏറെ കാലമായി ഇത് കേള്‍ക്കുന്നു. സര്‍ഫ്രാസിനെ മാറ്റണം മാറ്റണമെന്ന് മുറവിളി കൂട്ടുന്നവരോട് ഒന്ന് ചോദിക്കട്ടെ പകരം ആര് വരുമെന്ന് കൂടി നിങ്ങള്‍ പറയണം. ഒരു ഇമ്രാന്‍ ഖാനോ ജാവേദ് മിയാന്‍ദാദോ ക്യാപ്റ്റന്‍സി ഏറ്റെടുക്കുവാനായി കാത്തിരിക്കുന്നത് പോലെയുള്ള വര്‍ത്തമാനം ആണ് വിമര്‍ശകരുടേതെന്ന് വസീം അക്രം പറഞ്ഞു.

പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റ് ജയത്തിനരികെയെത്തിയ ശേഷം കൈവിടുകയായിരുന്നു. 4 റണ്‍സിനായിരുന്നു അന്നത്തെ പരാജയം. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം ന്യൂസിലാണ്ടിനെതിരെ ആതിഥേയര്‍ സ്വന്തമാക്കിയെങ്കിലും മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാനെ 123 റണ്‍സിനു കീഴടക്കി ന്യൂസിലാണ്ട് ചരിത്രം കുറിച്ച പരമ്പര വിജയം സ്വന്തമാക്കി.

അക്രത്തിനെ മറികടന്നു, ഹെരാത്തിനു ആശംസയറിയിച്ച് സച്ചിന്‍

415 ടെസ്റ്റ് വിക്കറ്റുകള്‍. അതും 89 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന്. 33 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ 9 പത്ത് വിക്കറ്റ് നേട്ടങ്ങള്‍. രംഗന ഹെരാത്തിന്റെ ടെസ്റ്റ് കരിയറിന്റെ രത്നചുരുക്കമാണിത്. ഇന്ന് തന്റെ 415ാം വിക്കറ്റ് തൈജുല്‍ ഇസ്ലാമിനെ പുറത്താക്കി ഹെരാത്ത് നേടുമ്പോള്‍ ശ്രീലങ്കയ്ക്ക് വിജയം മാത്രമല്ല പാക് ഇതിഹാസം വസീം അക്രമിന്റെ റെക്കോര്‍ഡ് കൂടി മറികടക്കുകയായിരുന്നു രംഗന ഹെരാത്ത്. താരത്തിന്റെ ഈ നേട്ടത്തില്‍ ആശംസയര്‍പ്പിച്ച് എത്തിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഉള്‍പ്പെടുന്നു.

104 മത്സരങ്ങളഇല്‍ നിന്ന് 414 വിക്കറ്റുകളാണ് വസീം അക്രം സ്വന്തമാക്കിയിട്ടുള്ളത്. അക്രമിനെ മറികടക്കുക എന്നത് മാത്രമല്ല ഒരു ഇടങ്കയന്‍ ബൗളറുടെ പേരില്‍ ഏറ്റവും അധികം വിക്കറ്റെന്ന റെക്കോര്‍ഡിനു ഉടമ കൂടിയായി രംഗന ഹെരാത്ത്. മുത്തയ്യ മുരളീധരന്റെ നിഴലായി ഒതുങ്ങിപോകേണ്ടിവന്നൊരു താരമാണ് രംഗന ഹെരാത്ത്. കരിയറിന്റെ തുടക്കത്തില്‍ മുരളി ടീമിലുള്ളതിനാല്‍ മാത്രം താരത്തിനു പലപ്പോഴും അവസരം ലഭിച്ചില്ല. മുരളി വിരമിച്ച ശേഷം മാത്രമാണ് ഒന്നാം നമ്പര്‍ സ്പിന്നറായി ശ്രീലങ്കന്‍ ടീം ഹെരാത്തിനെ പരിഗണിക്കുവാന്‍ തുടങ്ങിയത്.

ടെസ്റ്റില്‍ ലങ്കയെ പലയാവര്‍ത്തി നയിക്കുകയും ചെയ്തിട്ടുണ്ട് രംഗന ഹെരാത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version