26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ് ബൗളര്‍മാര്‍

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഈ പത്ത് വിക്കറ്റും നേടിയത് ഇംഗ്ലണ്ട് പേസര്‍മാര്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ ഏറ്റവും മികച്ച ഏഷ്യയിലെ സ്പെല്‍ പുറത്തെടുത്ത മത്സരത്തില്‍ 29 ഓവറില്‍ 13 മെയിഡന്‍ ഉള്‍പ്പെടെ 40 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം തന്റെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അവസാന വിക്കറ്റ് വീഴ്ത്തിയത് സാം കറന്‍ ആയിരുന്നു.

1994ല്‍ കാന്‍ഡിയില്‍ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന്‍ പേസര്‍മാരായ വസീം അക്രവും വഖാര്‍ യൂനിസുമാണ് ഇന്നിംഗ്സിലെ പത്ത് വിക്കറ്റും ഇതിന് മുമ്പ് നേടിയ പേസര്‍മാര്‍. 26 വര്‍ഷത്തിന് ശേഷമാണ് ആദ്യമായി ശ്രീലങ്കയില്‍ സ്പിന്നര്‍മാര്‍ക്ക് ഒരിന്നിംഗ്സില്‍ വിക്കറ്റ് നേടാനാകാതെ പോകുന്നത്.

തന്നെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ബാറ്റ്സ്മാന്‍ ന്യൂസിലാണ്ടിന്റെ മാര്‍ട്ടിന്‍ ക്രോ – വസീം അക്രം

തന്നെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ബാറ്റ്സ്മാന്‍ ന്യൂസിലാണ്ടിന്റെ അന്തരിച്ച താരം മാര്‍ട്ടിന്‍ ക്രോ ആണെന്ന് പറഞ്ഞ് വസീം അക്രം. താന്‍ മാര്‍ട്ടിന്‍ ക്രോയോട് ഇത്രയും മികച്ച രീതിയില്‍ തന്നെ കളിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് വരെ ചോദിച്ചിട്ടുണ്ടെന്നും വസീം അക്രം പറഞ്ഞു. 1990ല്‍ ന്യൂസിലാണ്ട് പാക്കിസ്ഥാന‍ സന്ദര്‍ശിച്ചപ്പോള്‍ ക്രോ ഒഴികെ ബാക്കി ന്യൂസിലാണ്ട് താരങ്ങളെല്ലാം തന്നെ നേരിടുവാന്‍ പാട് പെട്ടപ്പോള്‍ ക്രോ മാത്രം തന്നെ അനായാസം നേരിടുന്നുണ്ടായിരുന്നുവെന്നും അക്രം അഭിപ്രായപ്പെട്ടു.

മാര്‍ട്ടിന്‍ ക്രോ ആ പരമ്പരയില്‍ രണ്ട് ശതകമാണ് നേടിയത്. അതിന് ശേഷം താന്‍ അദ്ദേഹത്തോട് ഇതിന്റെ രഹസ്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് താന്‍ ഫ്രണ്ട് ഫുട്ടില്‍ കളിക്കുവാന്‍ ശ്രമിക്കുകയായിരുന്നു എന്നും എല്ലാ പന്തും ഇന്‍ സ്വിംഗറെന്ന നിലയില്‍ നേരിടുകയായിരുന്നുവെന്നും ഔട്ട് സ്വിംഗറുകള്‍ സ്വാഭാവികമായി എഡ്ജ് നഷ്ടപ്പെട്ട് പോകുമെന്നും മാര്‍ട്ടിന്‍ ക്രോ വ്യക്തമാക്കിയെന്ന് വീസം പറഞ്ഞു.

പരമ്പരയില്‍ ന്യൂസിലാണ്ടിന് കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടി വന്നതെങ്കിലും മാര്‍ട്ടിന്‍ ക്രോ 244 റണ്‍സാണ് നേടിയത്. ടീമിലെ രണ്ടാമത്തെ ടോപ് സ്കോററിന് അദ്ദേഹത്തിന്റെ പകുതി റണ്‍സ് പോലുമുണ്ടായിരുന്നില്ല.

ഇംഗ്ലണ്ടിനെതിരെ ജയിച്ചില്ലെങ്കിൽ പാകിസ്ഥാൻ ക്യാപ്റ്റനെ പുറത്താക്കണമെന്ന് വസിം അക്രം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാൻ സ്വന്തമാക്കിയില്ലെങ്കിൽ ക്യാപ്റ്റനായ അസ്ഹർ അലിയെ മാറ്റണമെന്ന ആവശ്യവുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. ക്യാപ്റ്റൻ സ്ഥാനം നിലനിർത്തണമെങ്കിൽ അസ്ഹർ അലി മികച്ച പ്രകടനം പുറത്തെടുക്കണമെന്നും അല്ലെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുതിയ ക്യാപ്റ്റനെ കണ്ടുപിടിക്കണമെന്നും വസിം അക്രം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 107 റൺസിന്റെ ലീഡ് ഉണ്ടായിട്ടും പാകിസ്ഥാൻ 3 വിക്കറ്റിന് ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.

രണ്ടാം ഇന്നിങ്സിൽ 277 റൺസ് വിജയലക്ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ ജോസ് ബട്ലറുടെയും ക്രിസ് വോക്‌സിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് 3 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. അതെ സമയം മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് അസ്ഹർ അലിക്ക് പിന്തുണമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സതാംപ്റ്റണിൽ വെച്ചാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്.

പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിയെ വിമർശിച്ച് വസിം അക്രം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ 3 വിക്കറ്റിന് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിക്കെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായിരുന്ന വസിം അക്രം. മത്സരത്തിൽ പലപ്പോഴും അസ്ഹർ അലിയുടെ മോശം തീരുമാനങ്ങളാണ് തോൽവിക്ക് കാരണമെന്നും വസിം അക്രം പറഞ്ഞു.

ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുത്ത് തോൽവിയെ മുൻപിൽ കണ്ടുകൊണ്ടിരിക്കെയാണ് 139 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ക്രിസ് വോക്‌സും ജോസ് ബട്ലറും ചേർന്ന് ഇംഗ്ലണ്ടിന് ജയം നേടി കൊടുത്തത്. 5 വിക്കറ്റ് നഷ്ട്ടപ്പെട്ട് ഇംഗ്ലണ്ട് പ്രതിസന്ധിയിലായ സമയത്ത് ഇംഗ്ലണ്ടിനെ കൂടുതൽ പ്രധിരോധത്തിലാക്കാൻ അസ്ഹർ അലി ഫാസ്റ്റ് ബൗളർ നസീം ഷായെ ബൗൾ ചെയ്യിപ്പിക്കാത്തത് തിരിച്ചടിയായെന്നും അക്രം പറഞ്ഞു. യുവ ബൗളർമാരായ നസീം ഷായും ഷഹീൻ അഫ്രീദിയും ടെസ്റ്റിൽ കൂടുതൽ ഓവറുകൾ അറിയണമെന്നും വസിം അക്രം പറഞ്ഞു.

ഉമിനീർ നിരോധിച്ചതോടെ ബൗളർമാർ റോബോട്ടുകളാകുമെന്ന് വസിം അക്രം

കൊറോണ വൈറസ് ബാധയെ തുടർന്ന് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് ഐ.സി.സി നിരോധിച്ചതോടെ ബൗളർമാർ റോബോട്ടുകളാകുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. ബൗളർമാർ മത്സരത്തിൽ ഒരു സിങ്ങും ഇല്ലാതെ ബൗൾ ചെയ്യേണ്ടി വരുമെന്നും വസിം അക്രം പറഞ്ഞു.

ബൗൾ ചെയ്യുമ്പോൾ സിങ് ലഭിക്കാൻ വേണ്ടി ബൗളർമാർ പന്ത് പഴകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. പന്തിന് സിങ് ലഭിക്കാൻ വേണ്ടി താൻ വളർന്ന് വരുന്ന കാലം തൊട്ട് താൻ പന്തിൽ ഉമിനീർ ഉപയോഗിച്ചിരുന്നെന്നും എന്നാൽ കൊറോണ മഹാമാരിയുടെ ഘട്ടത്തിൽ ഉമിനീർ നിരോധിക്കാനുള്ള ഐ.സി.സിയുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നെന്നും അക്രം പറഞ്ഞു.

വാസ്‌ലീൻ പോലുള്ള കാര്യങ്ങൾ ഉപയോഗിക്കാനുള്ള നടപടികൾ ഐ.സി.സി കൈക്കൊള്ളണമെന്നും വിയർപ്പ് ഉപയോഗിച്ചാൽ പന്ത് കൂടുതൽ നനയുമെന്നും വസിം അക്രം പറഞ്ഞു. ഉമിനീരിൽ കൂടി കൊറോണ വൈറസ് പടരാനുള്ള സാഹചര്യം മുൻപിൽ കണ്ടുകൊണ്ടാണ് ഐ.സി.സി താത്കാലികമായി പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചത്.

ഐ.പി.എൽ കഴിഞ്ഞാൽ ഏറ്റവും മികച്ച ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞാൽ ഏറ്റവും മികച്ച ആഭ്യന്തര ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗ് ആണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വാസിം അക്രം. പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന വിദേശികൾ  ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ച ബൗളിംഗ് ഉള്ളത് പാകിസ്ഥാൻ സൂപ്പർ ലീഗിലാണെന്ന് പറയാറുണ്ടെന്നും വസിം അക്രം കൂട്ടിച്ചേർത്തു.

അഞ്ച് വർഷമായി താൻ പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ കൂടെയുണ്ടെന്നും താൻ വിദേശ താരങ്ങളോട് ഐ.പി.എല്ലും പി.എസ്.എല്ലും തമ്മിലുള്ള വ്യത്യാസങ്ങൾ ചോദിക്കാറുണ്ടെന്നും അവരെല്ലാം പി.എസ്.എല്ലിലെ ബൗളിംഗ് നിലവാരം മികച്ചതാണെന്ന് പറയാറുണ്ടെന്നും വസിം അക്രം പറഞ്ഞു. അതെ സമയം ഇരു ടൂർണ്ണമെന്റുകളെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും പി.എസ്.എൽ തുടക്കം ആണെന്നും അതെ സമയം ഐ.പി.എൽ പത്ത് വർഷം പൂർത്തിയാക്കിയെന്നും വസിം അക്രം പറഞ്ഞു.

കാണികൾ ഇല്ലാതെ ടി20 ലോകകപ്പ് നടത്തരുതെന്ന് വസിം അക്രം

കാണികൾ ഇല്ലാതെ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് നടത്തരുതെന്ന ആവശ്യവുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞതിന് ശേഷം മറ്റൊരു അവസരത്തിൽ ലോകകപ്പ് നടത്തണമെന്നും വസിം അക്രം പറഞ്ഞു. ഈ വർഷം ഒക്ടോബർ – നവംബർ കാലഘട്ടത്തിൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് ലോകത്താകമാനം നിലവിലുള്ള യാത്ര വിലക്കിനെ തുടർന്ന് മാറ്റിവെക്കാനുള്ള സാധ്യതയുമുണ്ട്.

വ്യക്തിപരമായി കാണികൾ ഇല്ലാതെ മത്സരം നടത്തുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും എങ്ങനെയാണ് കാണികൾ ഇല്ലാതെ എങ്ങനെ ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്റ് നടത്തുമെന്നും വസിം അക്രം ചോദിച്ചു. ലോകകപ്പ് എന്നാൽ വലിയ തരത്തിലുള്ള കാണികളും ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വരുന്ന ആരാധകരുമാണ്. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തിയാൽ ഇതൊന്നും ആസ്വദിക്കാൻ പറ്റില്ലെന്നും അക്രം പറഞ്ഞു.

അത്കൊണ്ട് തന്നെ ഐ.സി.സി അനുയോജ്യമായ മറ്റൊരു സമയത്തേക്ക് ടി20 ലോകകപ്പ് മാറ്റിവെക്കണമെന്നും  കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞതിന് ശേഷം ആ സമയത്ത് ശെരിയായ രീതിയിൽ ലോകകപ്പ് നടത്താമെന്നും വസിം അക്രം പറഞ്ഞു.

ടി20 ക്രിക്കറ്റ് എളുപ്പത്തിലുള്ള ഫോര്‍മാറ്റ്, മികച്ച ബൗളറാവണമെങ്കില്‍ ചെറുപ്പത്തില്‍ തന്നെ ത്രിദിന ക്രിക്കറ്റ് ശീലമാക്കുക – വസീം അക്രം

ഒരു ബൗളര്‍ ക്രിക്കറ്റില്‍ മികച്ചവനാവണമെങ്കില്‍ തന്റെ പതിനാറ് പതിനേഴ് വയസ്സ് മുതല്‍ തന്നെ ത്രിദിന ക്രിക്കറ്റ് കളിച്ച് ശീലിക്കണമെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളറും ഇതിഹാസവുമായ വസീം അക്രം. ക്രിക്കറ്റിലെ ഏറ്റവും എളുപ്പം ഫോര്‍മാറ്റാണ് ടി20യെന്നും വസീം അക്രം വ്യക്തമാക്കി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമാകുകയാണ് ഒരു പേസ് ബൗളര്‍ ചെയ്യേണ്ടത്. അത് ദ്വിദിന ക്രിക്കറ്റോ ത്രിദിന ക്രിക്കറ്റോ ആവാം. അതും ചെറിയ പ്രായത്തില്‍ തന്നെ ഈ ഫോര്‍മാറ്റില്‍ താരങ്ങള്‍ സജീവമാകേണ്ടതുണ്ടെന്നും വസീം അക്രം പറഞ്ഞു. എന്നാല്‍ ഇപ്പോളത്തെ പ്രശ്നം എന്തെന്ന് വെച്ചാല്‍ ഏവര്‍ക്കും ടി20 ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നുള്ളതാണെന്നും പാക് ഇതിഹാസ താരം അഭിപ്രായപ്പെട്ടു.

തന്റെ അഭിപ്രായത്തില്‍ ഇന്ന് ക്രിക്കറ്റിലുള്ള ഏറ്റവും എളുപ്പത്തിലുള്ള ഫോര്‍മാറ്റാണ് ടി20 ക്രിക്കറ്റെന്നും വസീം അക്രം പറഞ്ഞു. ഒരു ബൗളറെ ബൗളറാക്കി മാറ്റുവാന്‍ ടി20 ക്രിക്കറ്റ് ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് പലയാവര്‍ത്തി വസീം അക്രം പറഞ്ഞിട്ടുണ്ട്.

ടി20 ക്രിക്കറ്റ് ബൗളര്‍മാരെ സൃഷ്ടിക്കുന്നില്ല – വസീം അക്രം

ടി20 ക്രിക്കറ്റ് ബൗളര്‍മാരെ സൃഷ്ടിക്കുകയില്ലെന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം.  അതിലെ പ്രകടനം മാത്രം നോക്കി ബൗളര്‍മാരെ വിലയിരുത്തുവാന്‍ പാടില്ലെന്ന് പറഞ്ഞ് വസീം അക്രം. ടി20യ്ക്ക് അതിന്റെതായ ഗുണങ്ങളുണ്ടെങ്കിലും ബൗളര്‍മാരുടെ നിലവാരം അളക്കേണ്ടത് ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റിലൂടെയാണെന്ന് വസീം അക്രം വ്യക്തമാക്കി.

പണ്ടൊക്കെ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റും ആറ് മാസം കൗണ്ടി ക്രിക്കറ്റുമാണ് കളിച്ചിരുന്നതെങ്കില്‍ ഇന്ന് കളിക്കുന്ന കളികളുടെ എണ്ണത്തില്‍ തന്നെ ഗണ്യമായ വര്‍ദ്ധനവുണ്ടായി. ബൗളിംഗ് പഠിക്കുന്നതിനായി യുവ താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ സജീവമാകണമെന്നും വസീം അക്രം പറഞ്ഞു.

ടി20 രസകരമായ ഫോര്‍മാറ്റാണ്. ഇഷ്ടം പോലെ പണമുള്ളതിനാല്‍ താരങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും ലഭിയ്ക്കും പക്ഷേ അതിലെ മോശം അല്ലെങ്കില്‍ നല്ല പ്രകടനത്തിനാല്‍ താന്‍ ഒരു ബൗളറെയും വിലയിരുത്തുകയില്ലെന്നും വസീം അക്രം വ്യക്തമാക്കി.

കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന് പകരം വിശ്രമിക്കാൻ ബുംറയോട് വസിം അക്രമിന്റെ ഉപദേശം

ഒഴിവു സമയങ്ങളിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന് പകരം വിശ്രമിക്കാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ബുംറയോട് ഉപദേശിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രം. ജസ്പ്രീത് ബുംറയെ പോലെയുള്ള ഒരു താരം ഭാവിയിൽ കൗണ്ടിയിൽ കളിക്കാൻ അവസരം ലഭിച്ചാലും അത് ഉപയോഗിക്കരുതെന്നും ശരീരത്തിന് വിശ്രമം നൽകണമെന്നും വസിം അക്രം പറഞ്ഞു.

താൻ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലഘട്ടമല്ല ഇപ്പോഴെന്നും ഇന്ത്യ ഒരു വർഷം മുഴുവൻ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായ ബുംറ ശരീരത്തിന് ആവശ്യമായ വിശ്രമമെടുക്കണമെന്നും അക്രം പറഞ്ഞു. താൻ കൗണ്ടി കളിച്ചിരുന്ന സമയത്ത് ആറ് മാസം പാകിസ്ഥാന് വേണ്ടിയും ആറ് മാസം ലങ്കാഷയറിന് വേണ്ടിയുമാണ് കളിച്ചതെന്നും വസിം അക്രം പറഞ്ഞു.

ടി20 ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താൻ ബൗളർമാരെ വിലയിരുത്തുകയില്ലെന്നും യുവ ബൗളർമാർ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കണമെന്നും അക്രം പറഞ്ഞു.

150KPH വേഗത്തില്‍ പന്തെറിയുന്ന നസീം ഷായുടെ വേഗത ഇനിയും കൂടും – വസീം അക്രം

പാക്കിസ്ഥാന്‍ യുവതാരം നസീം ഷായെ പുകഴ്ത്തി മുന്‍ പേസര്‍ വസീം അക്രം. പാക്കിസ്ഥാനിലെ ഭാവി പേസര്‍മാരില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന താരമാണ് നസീം ഷാ. ഷാ ഇപ്പോള്‍ തന്നെ മികച്ച വേഗത്തില്‍ 150KPH ല്‍ പന്തെറിയുകയാണെന്നും ഇനിയങ്ങോട്ട് താരത്തിന്റെ വേഗത ഇനിയും വര്‍ദ്ധിക്കുവാനുള്ള സാധ്യതയാണുള്ളതെന്നും വസീം അക്രം പറഞ്ഞു.

താന്‍ ഇപ്പോളത്തെ തലമുറയില്‍ ഒരു താരത്തോടൊപ്പം പന്തെറിയുവാന്‍ അഗ്രഹിക്കുന്നണ്ടെങ്കില്‍ അത് നസീം ഷായ്ക്കൊപ്പമാണെന്നും വസീം അക്രം പറഞ്ഞു. യുവ താരം ഭാവിയിലെ സൂപ്പര്‍ താരമായി മാറുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.

കൊല്‍ക്കത്തയിലെ ആദ്യ ദിനങ്ങളില്‍ തന്നെ വസീം അക്രമും ഗൗതം ഗംഭീറും ഏറെ സ്വാധീനിച്ചിരുന്നു

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചിരുന്ന ആദ്യ കാലത്ത് തന്നെ സ്വാധീനിച്ച വ്യക്തികളായിരുന്നു ടീം ക്യാപ്റ്റന്‍  ഗൗതം ഗംഭീറും ബൗളിംഗ് കോച്ച് വസീം അക്രമും എന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. തനിക്ക് ടീമില്‍ സ്ഥാനം നല്‍കിയാണ് ടീമിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീര്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് കുല്‍ദീപ് പറഞ്ഞു.

തന്നോട് വളരെയധികം സംസാരിച്ചിരുന്ന വ്യക്തിയാണ് ഗൗതം. തന്റെ തുടക്കക്കാലത്ത് മാത്രമല്ല കൊല്‍ക്കത്തയില്‍ നിന്ന് പോയ ശേഷവും അദ്ദേഹം അതെ സമീപനത്തോടെയാണ് തന്നോട് സംസാരിക്കാറെന്ന് കുല്‍ദീപ് വ്യക്തമാക്കി. ക്യാപ്റ്റന്‍ ആത്മവിശ്വാസം നല്‍കുമ്പോള്‍ അത് ഏതൊരു താരത്തിനും ശക്തി പകരുമെന്നും കുല്‍ദീപ് സൂചിപ്പിച്ചു.

വസീം അക്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലുണ്ടായിരുന്നപ്പോള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്ന മറ്റൊരു വ്യക്തിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് കുല്‍ദീപ് യാദവ്. വസീമിനൊപ്പം ഏറെ നേരം താന്‍ ഡഗ്ഗ് ഔട്ടില്‍ ഇരുന്ന് സംസാരിക്കുമായിരുന്നുവെന്നും ഓരോ മാച്ച് സിറ്റുവേഷനെ അദ്ദേഹം എങ്ങനെ സമീപിക്കുമെന്ന് ചോദിച്ച് ആരായുമായിരുന്നുവെന്നും കുല്‍ദീപ് പറഞ്ഞു.

തുടക്കത്തിലെ ആ ദിനങ്ങളില്‍ തന്നെ വളരെ അധികം സ്വാധീനിച്ച വ്യക്തിയായിരുന്നു പാക് ഇതിഹാസമെന്ന് പറഞ്ഞ കുല്‍ദീപ് വസീമിന് മികച്ച നര്‍മ്മബോധവുമുണ്ടായിരുന്നുവെന്ന് പറഞ്ഞു. അതിനാല്‍ തന്നെ അദ്ദേഹത്തിനോടൊപ്പം സമയം ചെലവഴിക്കാനായത് വളരെ രസകരമായ അനുഭവം ആയിരുന്നുവെന്നും കുല്‍ദീപ് വെളിപ്പെടുത്തി.

Exit mobile version