ടോപ് ഓര്‍ഡറില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ഉത്തപ്പ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി സച്ചിന്‍ ബേബി, കേരളത്തിന് രണ്ടാം ജയം

ഉത്തര്‍ പ്രദേശിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ വിജയം കരസ്ഥമാക്കി കേരളം. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ രണ്ടാമത്തെ വിജയം ആണ് ഇത്. ഇന്ന് 284 റണ്‍സ് ചേസ് ചെയ്തിറങ്ങിയ കേരളത്തിന് 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം 48.5 ഓവറില്‍ മറികടക്കാനായത്.

വിഷ്ണു വിനോദിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും രണ്ടാംവ വിക്കറ്റില്‍ 104 റണ്‍സാണ് നേടിയത്. 55 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയെ ആണ് കേരളത്തിന് നഷ്ടമായത്. ഉത്തപ്പ 8 ഫോറും 4 സിക്സുമാണ് നേടിയത്. രണ്ട് പന്തുകള്‍ക്ക് ശേഷം സ്കോര്‍ ബോര്‍ഡില്‍ മാറ്റമില്ലാതെ തന്നെ സഞ്ജുവിനെ(29) റണ്ണൗട്ട് രൂപത്തില്‍ കേരളത്തിന് നഷ്ടമായപ്പോള്‍ ടീം 122/1 എന്ന നിലയില്‍ നിന്ന് 122/3 എന്ന നിലയിലേക്ക് വീണു

സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 71 റണ്‍സ് നേടി കേരളത്തിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വത്സലിനെയും(30) മുഹമ്മദ് അസ്ഹറുദ്ദീനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത്. കരണ്‍ ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് ജലജ് സക്സേനയുമായി ചേര്‍ന്ന് കേരളത്തിനെ വിജയത്തിന്റെ 26 റണ്‍സ് അടുത്ത് സച്ചിന്‍ എത്തിച്ചുവെങ്കിലും 31 റണ്‍സ് നേടിയ ജലജ് സക്സേന റണ്ണൗട്ടായത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. ജലജുമായി ചേര്‍ന്ന് 62 റണ്‍സാണ് സച്ചിന്‍ ബേബി ആറാം വിക്കറ്റില്‍ നേടിയത്.

പിന്നീട് സച്ചിന്‍ ബേബിയും റോജിത്തും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 12 റണ്‍സ് നേടിയെങ്കിലും സച്ചിന്‍ ബേബിയെ(76) മൊഹ്സിന്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയത് കേരള ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും പകരം ക്രീസിലെത്തിയ നിധീഷ് 6 പന്തില്‍ നിന്ന് 13 റണ്‍സ് നേടി കേരളത്തിന്റെ വിജയം ഉറപ്പാക്കി. റോജിത്ത് പുറത്താകാതെ 6 റണ്‍സ് നേടി.

രണ്ടാം വിജയത്തിനായി കേരളം നേടേണ്ടത് 284 റണ്‍സ്, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്

വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഉത്തര്‍ പ്രദേശ് 283 റണ്‍സിന് ഓള്‍ഔട്ട് ആയി. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിന് 49.4 ഓവറില്‍ എതിരാളികളെ പുറത്താക്കുവാന്‍ സഹായിച്ചത്. മത്സരത്തില്‍ കേരളം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ കേരളത്തിനെതിരെ എതിരാളികളുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് നേടിയ അഭിഷേക് ഗോസ്വാമി – കരണ്‍ ശര്‍മ്മ കൂട്ടുകെട്ടിനെ ജലജ് സക്സേനയാണ് തകര്‍ത്തത്. 34 റണ്‍സ് നേടിയ കരണിനെ നഷ്ടമായ ഉത്തര്‍പ്രദേശിന് തൊട്ടടുത്ത പന്തില്‍ അഭിഷേക് ഗോസ്വാമിയുടെ വിക്കറ്റും നഷ്ടമായി ശ്രീശാന്തിനായിരുന്നു വിക്കറ്റ്.

93/0 എന്ന നിലയില്‍ നിന്ന് 93/2 എന്ന നിലയിലേക്ക് ഉത്തര്‍പ്രദേശ് വീണുവെങ്കിലും പ്രിയം ഗാര്‍ഗും റിങ്കു സിംഗും ചേര്‍ന്ന് 46 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ടീമിനെ മുന്നോട്ട് നയിച്ചു. 26 റണ്‍സ് നേടിയ റിങ്കു സിംഗിനെ സച്ചിന്‍ ബേബിയാണ് പുറത്താക്കിയത്.

പിന്നീട് പ്രിയം ഗാര്‍ഗും അക്ഷ് ദീപ് നാഥും ചേര്‍ന്ന് ഉത്തര്‍ പ്രദേശിനെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. 79 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്. 57 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ സ്കോര്‍ 42.2 ഓവറില്‍ 218 റണ്‍സായിരുന്നു.

68 റണ്‍സ് നേടിയ അക്ഷ ദീപ് നാഥ് ആണ് ഉത്തര്‍ പ്രദേശിന്റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

റിങ്കു സിംഗിനു സസ്പെന്‍ഷന്‍

ഇന്ത്യ എ ടീമില്‍ അംഗമായ റിങ്കു സിംഗിനെ സസ്പെന്‍ഡ് ചെയ്ത് ബിസിസിഐ. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. അംഗീകൃതമല്ലാത്തൊരു ടി20 ടൂര്‍ണ്ണമന്റില്‍ താരം കളിച്ചതിനാണ് ഇപ്പോള്‍ ഈ നടപടി വന്നിരിക്കുന്നത്. അബുദാബിയിലാണ് ടൂര്‍ണ്ണമെന്റ് നടന്നത്. ജൂണ്‍ 1 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. മേയ് 31നു ഇന്ത്യ എ യുടെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റ് നാളെ തുടങ്ങാനിരിക്കവെയാണ് ഈ നടപടി.

ബോര്‍ഡുമായി കരാറിലുള്ള താരത്തിനു ബോര്‍ഡിന്റെ അനുമതിയില്ലാതെ കളിയ്ക്കാനാകില്ലെന്ന നിയമം ഉള്ളതിനാലാണ് 21 വയസ്സുകാരന്‍ താരത്തിനെതിരെ നടപടി. ഉത്തരപ്രദേശ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎലില്‍ കളിച്ചിട്ടുള്ള താരമാണ്.

ഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം

ഉത്തര്‍ പ്രദേശിനെതിരെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. 228 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളത്തിനെതിരെ ചേസിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49.5 ഓവറിലാണ് ടീം പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം വിഎ ജഗദീഷ്(82), സല്‍മാന്‍ നിസാര്‍(43), ജലജ് സക്സേന(36), വിഷ്ണു വിനോദ്(31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 228 റണ്‍സ് നേടുന്നത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ കേരളം ഓള്‍ഔട്ട് ആവുകയും ചെയ്തു. യുപിയ്ക്കായി സൗരഭ് കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

സുരേഷ് റെയ്‍ന 66 റണ്‍സ് നേടി യുപിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സമര്‍ത്ഥ് സിംഗ് 42 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 152/3 എന്ന ശക്തമായ നിലയില്‍ നിന്ന് സുരേഷ് റെയ്‍നയുടെ റണ്ണൗട്ടോടു കൂടിയാണ് ഉത്തര്‍ പ്രദേശിന്റെ തകര്‍ച്ചയുടെ തുടക്കം. തുടര്‍ന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളം സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ യുപി 49.5 ഓവറില്‍ 227 റണ്‍സിനു ഓള്‍ഔട്ട് ആയി.

ജലജ് സക്സേന, അക്ഷയ് കെസി, വിനൂപ് മനോഹരന്‍ എന്നിര്‍ രണ്ടും അക്ഷയ് ചന്ദ്രന്‍, അഭിഷേക് മോഹന്‍, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിര്‍ണ്ണായകമായ അവസാന വിക്കറ്റ് വീഴ്ത്തിയത് അക്ഷയ് ചന്ദ്രനായിരുന്നു.

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്. സൗരാഷ്ട്രം റോബിന്‍ ഉത്തപ്പയുടെയും(97) ഷെല്‍ഡണ്‍ ജാക്സണിന്റെയും(107) മികവില്‍ 303/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 73 റണ്‍സ് വഴങ്ങിയ ശിവം മാവി ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റ് സ്വന്തമാക്കി.

ഉത്തര്‍ പ്രദേശ് 278 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗരാഷ്ട്ര 25 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി. ഉത്തര്‍ പ്രദേശ് നായകന്‍ സുരേഷ് റെയ്‍നയ്ക്ക് 22 റണ്‍സ് മാത്രമേ നേടാനായുള്ളു. ആകാഷ്ദീപ് നാഥ് 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

റെയ്‍ന യുപി നായകന്‍

വിജയ് ഹസാരെ ട്രോഫിയില്‍ സുരേഷ് റെയ്‍ന ഉത്തര്‍ പ്രദേശിനെ നയിക്കും. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയെങ്കിലും താരത്തിനു കാര്യമായ പ്രഭാവം മത്സരത്തില്‍ പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയതിനാല്‍ ടീമില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. ഏഷ്യ കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധയൂന്നി ലോകകപ്പ് സ്ക്വാഡില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന്റെ നായകനായി റെയ്‍നയെ പ്രഖ്യാപിക്കുകയായിരുന്നു. ഐപിഎല്‍ താരങ്ങളായ റിങ്കു സിംഗ്, അങ്കിത് രാജ്പുത് എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഉത്തര്‍ പ്രദേശ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി, ആന്ധ്ര പ്രദേശ്, ചത്തീസ്ഗഢ്, മധ്യ പ്രദേശ്, ഒഡീഷ, ഹൈദ്രാബാദ്, കേരള എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

പൊട്ടിയ താടിയെല്ലുമായി കളിച്ച് ഉന്മുക്ത് ചന്ദ്, യുപിയ്ക്കെതിരെ മികച്ച ജയവുമായി ഡല്‍ഹി

ഉന്മുക്ത് ചന്ദ് പൊട്ടിയ താടിയെല്ലുമായി കളിച്ച് നേടിയ ശതകത്തിന്റെ(116) ബലത്തില്‍ യുപിയെ വീഴ്ത്തി ഡല്‍ഹിയ്ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ 55 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി നേടിയത്. ചന്ദിനു പുറമേ ഹിതെന്‍ ദലാല്‍(55), ധ്രുവ് ഷോറെ(31), നിതീഷ് റാണ(31) എന്നിവരുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ ഡല്‍ഹി 307/6 എന്ന സ്കോറില്‍ എത്തുകയായിരുന്നു. യുപിയ്ക്കായി അങ്കിത് രാജ്പുത്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ യുപിയ്ക്കായി ഉമംഗ് ശര്‍മ്മ(102) ശതകം നേടിയെങ്കിലും ടീമിനു വിജയത്തിലെത്താനായില്ല. അക്ഷ്ദീപ് നാഥ്(54) റണ്‍സുമായി തിളങ്ങിയെങ്കിലും 45.3 ഓവറില്‍ യുപി 252 റണ്‍സിനു ഓള്‍ഔട്ട് ആയി. ഖുല്‍വന്ത് ഖജ്രോലിയ നാലും പ്രദീപ് സാംഗ്വാന്‍ മൂന്നും വിക്കറ്റാണ് ഡല്‍ഹിയ്ക്കായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെയ്നയ്ക്ക് അര്‍ദ്ധ ശതകം, ഉത്തര്‍ പ്രദേശിനു 7 വിക്കറ്റ് ജയം

സുരേഷ് റെയ്ന തന്റെ മികച്ച ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ സയ്യദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ ഉത്തര്‍ പ്രദേശിനു ജയം. ബറോഡയ്ക്കെിതരെ 7 വിക്കറ്റ് ജയമാണ് റെയ്നയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ ഉര്‍വില്‍ പട്ടേല്‍(96), കേധാര്‍ ദേവദര്‍(37), ദീപക് ഹൂഡ(45) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 192/3 എന്ന സ്കോര്‍ നേടി. ഉത്തര്‍ പ്രദേശിനായി മൊഹ്സിന്‍ ഖാന്‍ 2 വിക്കറ്റ് നേടി.

ഉര്‍വില്‍ പട്ടേലിനെ വെല്ലുന്ന പ്രകടനമാണ് ഉത്തര്‍ പ്രദേശിനായി ഉമംഗ് ശര്‍മ്മ(95) നേടിയത്. ഒപ്പം സുരേഷ് റെയ്ന അര്‍ദ്ധ ശതകവുമായി എത്തിയപ്പോള്‍ ടീം വിജയത്തിലേക്ക് അടുത്തു. 56 റണ്‍സ് നേടിയ റെയ്നയും ഉമംഗും പുറത്തായെങ്കിലും റിങ്കു സിംഗ് 11 പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പ് വരുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമിഴ്നാടിനെതിരെയും തിളങ്ങി റെയ്‍ന, എന്നാല്‍ ജയമില്ല

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് ഫോം കണ്ടെത്തി ഉത്തര്‍ പ്രദേശിന്റെ സുരേഷ് റെയ്‍ന. എന്നാല്‍ മികച്ച മറുപടിയുമായി തമിഴ്നാട് ബാറ്റ്സ്മാന്മാര്‍ ടീമിനെ 5 വിക്കറ്റ് വിജയം നേടിക്കൊടുക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സുരേഷ് റെയ്‍ന(61), അക്ഷ്ദീപ് നാഥ്(38*), ശിവം ചൗധരി(38) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. തമിഴ്നാടിനായി വാഷിംഗ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് നേടി.

Sanjay Yadav

163 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ തമിഴ്നാടിനെ സഞ്ജയ് യാദവിന്റെ ബാറ്റിംഗാണ് റണ്‍ റേറ്റ് വരുതിയിലാക്കാന്‍ സഹായിച്ചത്. 29 പന്തില്‍ 50 റണ്‍സ് തികച്ച സഞ്ജയ് 52 റണ്‍സ് നേടി പുറത്താകുമ്പോള്‍ തമിഴ്നാടിനു വിജയം 34 റണ്‍സ് അകലെയായിരുന്നു. പ്രവീണ്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 18 എന്ന നിലയിലേക്ക് എത്തിച്ച യുപി വീണ്ടും വിജയ പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ അങ്കിത് രാജ്പുത് എറിഞ്ഞ 19ാം ഓവറില്‍ 13 റണ്‍സ് നേടി തമിഴ്നാട് ബൗളര്‍മാര്‍ മത്സരം തിരികെ സ്വന്തം പക്ഷത്തേക്കാക്കി. അവസാന ഓവറില്‍ 5 റണ്‍സ് വേണ്ടിയിരുന്ന തമിഴ്നാട് 4 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

11 പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഗദീഷനും ആറ് റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രീകാന്ത് അനിരുദ്ധയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഭരത് ശങ്കര്‍(30), വാഷിംഗ്ടണ്‍ സുന്ദര്‍(33) എന്നിവരായിരുന്നു തമിഴ്നാടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഉത്തര്‍ പ്രദേശിനായി അങ്കിത് രാജ്പുതും മൊഹ്സിന്‍ ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ കുമാറിനു ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫോമിലേക്ക് മടങ്ങിയെത്തി റൈന

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫോമിലേക്ക് മടങ്ങിയെത്തി സുരേഷ് റൈന. ഇന്ന് നടന്ന് സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് സുരേഷ് റൈനയുടെ മിന്നും ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുപി ബംഗാളിനെതിരെ 235 റണ്‍സ് നേടിയത്. 3 വിക്കറ്റാണ് ടീമിനു നഷ്ടമായത്. 59 പന്തില്‍ നിന്നാണ് റൈന 126 റണ്‍സുമായി പുറത്താകാതെ നിന്നത്.

13 ബൗണ്ടറിയും 7 സിക്സും സഹിതമാണ് റൈന 126 റണ്‍സ് നേടിയത്. അക്ഷ്ദീപ് നാഥ്(80) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 43 പന്തിലാണ് അക്ഷ്ദീപ് തന്റെ 80 റണ്‍സ് നേടിയത്. ബംഗാള്‍ നിരയില്‍ അശോക് ദിണ്ഡ മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 29 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റാണ് ദിണ്ഡ വീഴ്ത്തിയത്.

22 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ റൈന 49 പന്തുകള്‍ നേരിട്ടാണ് ശതകം നേടിയത്. ബംഗാള്‍ ആദ്യ മത്സരത്തില്‍ ബറോഡയോട് 17 റണ്‍സിനു തോല്‍വി വഴങ്ങിയിരുന്നു. 236 റണ്‍സ് എന്ന വിജയലക്ഷ്യം നേടുക ബംഗാളിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version