സ്റ്റുവർട്ട് ലോയെ നേപ്പാളിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

മോണ്ടി ദേശായിക്ക് പകരക്കാരനായി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റുവർട്ട് ലോയെ അടുത്ത രണ്ട് വർഷത്തേക്ക് നേപ്പാൾ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മുമ്പ് ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, യുഎസ്എ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലോ.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ന്റെ ഭാഗമായി ജൂണിൽ സ്കോട്ട്‌ലൻഡിനും നെതർലാൻഡ്‌സിനും എതിരായ നിർണായക ത്രിരാഷ്ട്ര പരമ്പരയായിരിക്കും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. നിലവിൽ നേപ്പാൾ ടേബിളിൽ ഏറ്റവും താഴെയാണ്.

മുന്‍ ഓസ്ട്രേലിയന്‍ താരത്തെ കോച്ചായി പ്രഖ്യാപിച്ച് യുഎസ്എ

വെസ്റ്റിന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന 2024 ടി20 ലോകകപ്പിനായുള്ള തങ്ങളുടെ പരിശീലകനെ പ്രഖ്യാപിച്ച് യുഎസ്എ. മുന്‍ ഓസ്ട്രേലിയന്‍ താരം സ്റ്റുവര്‍ട് ലോയെ ആണ് യുഎസ്എ മുഖ്യ കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക.മുമ്പ് ബംഗ്ലാദേശിന്റെയും വെസ്റ്റിന്‍ഡീസിന്റെയും മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റുവര്‍ട് ലോ.

ലോകകപ്പിന് മുമ്പ് തന്നെ ചുമതലയേൽക്കുന്ന സ്റ്റുവര്‍ട് ലോയുടെ ആദ്യ പരീക്ഷണം ബംഗ്ലാദേശുമായുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ്. ക്രിക്കറ്റിലെ അസോസ്സിയേറ്റ് രാജ്യങ്ങളിൽ ശക്തമായ ഒരു ടീമാണ് യുഎസ്എയുടേതെന്നും അവരുമായി സഹകരിക്കുവാനുള്ള അവസരത്തിൽ അവരെ മികച്ച ടീമായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോ പറഞ്ഞു.

സ്റ്റുവര്‍ട് ലോയെ ബംഗ്ലാദേശ് അണ്ടര്‍ 19 കോച്ചായി നിയമിക്കും

ബംഗ്ലാദേശിന്റെ അണ്ടര്‍ 19 കോച്ചായി സ്റ്റുവര്‍ട് ലോയെ നിയമിക്കും. നാല് വര്‍ഷത്തോളം ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിന്റെ കോച്ചായി തുടര്‍ന്ന ശേഷം നവേദ് നെവാസ് ശ്രീലങ്കന്‍ ദേശീയ ടീമിന്റെ കോച്ചിംഗ് സംഘത്തിനൊപ്പം ചേരുവാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഇപ്പോള്‍ ലോയെ പരിഗണിക്കുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഗെയിം ഡെവലപ്മെന്റ് ചെയര്‍മാന്‍ ഖാലിദ് മഹമ്മുദ് ആണ് ഈ വിവരം അറിയിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. മുമ്പ് ബംഗ്ലാദേശ് ദേശീയ ടീമിന്റെ കോച്ചായി സ്റ്റുവര്‍ട് ലോ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഏഷ്യ കപ്പ് ഫൈനലിന് യോഗ്യത നേടിയത്.

അഫ്ഗാനിസ്ഥാന്റെ താത്കാലിക കോച്ചായി സ്റ്റുവർട് ലോ

ബംഗ്ലാദേശിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ കോച്ചായി സ്റ്റുവ‍ർട് ലോ ചുമതല വഹിക്കും. ലാൻസ് ക്ലൂസ്നര്‍ക്ക് പകരക്കാരനായാണ് സ്റ്റുവ‍‍ർട് ലോ എത്തുന്നത്. താത്കാലിക കോച്ചായിട്ടായിരിക്കും ലോ ചുമതല വഹിക്കുക.

മുന്‍ ഓസ്ട്രേലിയന്‍ താരം പല ടീമുകളുടെയും കോച്ചിംഗ് സ്റ്റാഫിലംഗമായി പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ്.

കോച്ച് സ്റ്റുവര്‍ട് ലോ മിഡിൽസെക്സിനോട് വിട പറയുന്നു

മിഡിൽസെക്സ് മുഖ്യ കോച്ച് സ്റ്റുവര്‍ട് ലോ ടീമിൽ നിന്ന് വിടവാങ്ങുന്നുവെന്ന് അറിയിച്ച് ക്ലബ്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കവെയാണ് ലോ ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2019ൽ ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാര്‍ സ്റ്റുവര്‍ട് ലോ ഒപ്പുവെച്ചിരുന്നു.

താത്കാലിക കോച്ചിന്റെ റോളിൽ അലന്‍ കോള്‍മാന്‍ ആണ് എത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ക്ലബിന്റെ പ്രകടനത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്.

2019ൽ 14 കൗണ്ടി മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് മിഡിൽസെക്സ് വിജയിച്ചത്. 2021ൽ കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ ഡിവിഷന്‍ മൂന്നിലാണ് ക്ലബ് മാറ്റുരയ്ക്കേണ്ടി വന്നത്.

2019 ടി20 ബ്ലാസ്റ്റിൽ ക്വാര്‍ട്ടര്‍ വരെ എത്തിയ ടീമിന് കഴിഞ്ഞ വര്‍ഷം അവസാന സ്ഥാനത്തിൽ നിന്ന് രണ്ടാമത് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു. 50 ഓവര്‍ ഫോര്‍മാറ്റിൽ 2019ൽ ക്വാര്‍ട്ടറിലെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം എട്ട് മത്സരങ്ങളിൽ വെറും രണ്ടെണ്ണമാണ് ടീം വിജയിച്ചത്.

ഇംഗ്ലണ്ടിനെ അട്ടിമറിയ്ക്കുവാനുള്ള മരുന്നു വിന്‍ഡീസിന്റെ പക്കലുണ്ട്

ഇംഗ്ലണ്ടിനെ ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെടുത്തുവാനുള്ള ശേഷി വിന്‍ഡീസിനുണ്ടെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ലോ. വിന്‍ഡീസിന്റെ മുന്‍ കോച്ചായിരുന്ന ലോ ഈ വര്‍ഷം ആദ്യം ശേഷം മിഡില്‍സെക്സിന്റെ കോച്ചായി ചുമതല ഏറ്റെടുക്കുന്നതിനു വേണ്ടി വിന്‍ഡീസ് പദവി ഒഴിയുകയായിരുന്നു. ഇന്ത്യയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും വിന്‍ഡീസ് പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് ഇന്ത്യയെ 4-1നു നാട്ടിലും ശ്രീലങ്കയെ ലങ്കയില്‍ 3-0നു പരാജയപ്പെടുത്തിയാണ് എത്തുന്നത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് എട്ടാം സ്ഥാനക്കാരായ വിന്‍ഡീസിനെ ചെറുതായി കാണരുതെന്ന മുന്നറിയിപ്പാണ് ലോ നല്‍കുന്നത്.

നാട്ടിലാണ് കളിക്കുന്നതെന്നത് വിന്‍ഡീസിനെ ശക്തരാക്കുന്നുവെന്നാണ് ലോ പറയുന്നത്. പരമ്പരയിലെ ഫേവറൈറ്റുകള്‍ ഇംഗ്ലണ്ട് തന്നെയാണ് അതിന്റെ ഗുണവും ലഭിയ്ക്കുക വിന്‍ഡീസിനാണെന്നും ലോ സൂചിപ്പിച്ചു.

സ്റ്റുവര്‍ട് ലോ പടിയിറങ്ങുമ്പോള്‍, താല്‍ക്കാലികമായി ചുമതലകള്‍ നിക് പോത്താസിനു

ബംഗ്ലാദേശ് പര്യടനത്തില്‍ വിന്‍ഡീസിന്റെ പകരക്കാരന്‍ താല്‍ക്കാലിക കോച്ചായി നിക് പോത്താസിനെ ചുമതലപ്പെടുത്തി. സ്റ്റുവര്‍ട് ലോ ഇന്ത്യന്‍ പര്യടനത്തിനു ശേഷം നേരത്തെ തന്നെ സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കോച്ചിനെ നിയമിക്കുന്നത് വരെ നിക് പോത്താസ് വിന്‍ഡീസ് കോച്ചായി തുടരും. നാല് വര്‍ഷത്തെ കരാര്‍ ഇംഗ്ലീഷ് കൗണ്ടിയായ മിഡില്‍സെക്സുമായി ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്റ്റുവര്‍ട് ലോ വിന്‍ഡീസ് കോച്ചിംഗ് പദവി വിട്ടത്.

ശ്രീലങ്കയുടെ താല്‍ക്കാലിക കോച്ചായി ചുമതല വഹിച്ചിട്ടുള്ള നിക് പോത്താസിനെ ഈ വര്‍ഷം ആദ്യമാണ് വിന്‍ഡീസിന്റെ ഫീല്‍ഡിംഗ് കോച്ചായി നിയമിച്ചത്. നവംബര്‍ 22നു ചിറ്റഗോംഗിലാണ് ബംഗ്ലാദേശ് വിന്‍ഡീസ് ടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

സ്റ്റുവര്‍ട് ലോയ്ക്ക് വിലക്ക്

വിന്‍ഡീസ് കോച്ച് സ്റ്റുവര്‍ട് ലോയെ വിലക്കി ഐസിസി. ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്നാണ് ലോയെ വിലക്കിയത്. മാച്ച് ഫീസിന്റെ നൂറ് ശതമാനം പിഴയും മൂന്ന് ഡിെമറിറ്റ് പോയിന്റുമാണ് ലോയ്ക്കെതിരെയുള്ള നടപടി. ടിവി അമ്പയര്‍ക്കും ഫോര്‍ത്ത് ഒഫീഷ്യലിനുമെതിരെയുള്ള പരാമര്‍ശങ്ങളാണ് ഐസസിയുടെ നടപടിയ്ക്ക് കാരണമായത്.

2017ല്‍ സമാനമായ രീതിയില്‍ ഒരു ഡീമെറിറ്റ് പോയിന്റും 25 ശതമാനം മാച്ച് ഫീസും ലോയ്ക്കെതിരെ ശിക്ഷയായി നടപ്പാക്കിയിരുന്നു. അന്ന് പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ ഡൊമിനിക്കയില്‍ വെച്ചാണ് അന്നത്തെ സംഭവം അരങ്ങേറുന്നത്. ഇപ്പോള്‍ നാല് ഡീമെറിറ്റ് പോയിന്റ് ആയതിനാലാണ് സ്റ്റുവര്‍ട് ലോയ്ക്ക് വില‍ക്കേര്‍പ്പെടുത്തിയത്.

ഒക്ടോബര്‍ 21, 24 തീയ്യതികളിലാണ് ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരങ്ങള്‍.

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരകള്‍ക്ക് ശേഷം സ്റ്റുവര്‍ട് ലോ പടിയിറങ്ങും

വിന്‍ഡീസ് മുഖ്യ കോച്ചിന്റെ പദവിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ലോക. ടീമിന്റെ ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തിനു ശേഷം താരം വിന്‍ഡീസ് കോച്ചിന്റെ പദവി ഒഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മിഡില്‍സെക്സിന്റെ കോച്ചായിയാവും ലോ എത്തുക. ഇന്ത്യയില്‍ ഒക്ടോബറിലും വിന്‍ഡീസില്‍ നവംബറിലുമാണ് വിന്‍ഡീസ് ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്കായി എത്തുക. സ്റ്റുവര്‍ട് ലോ മിഡില്‍സെക്സുമായി 4 വര്‍ഷത്തെ കരാറിലാണ് എത്തിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ കോച്ചായി ലോ പ്രവര്‍ത്തിക്കും.

2016 സെപ്റ്റംബറില്‍ ഫില്‍ സിമ്മണ്‍സിനെ പുറത്താക്കിയ ശേഷമാണ് ലോ വിന്‍ഡീസ് കോച്ചായി എത്തുന്നത്. 32 ടെസ്റ്റുകളില്‍ ടീമിനെ പരിശീലിപ്പിച്ച ലോയ്ക്ക് 9 ടെസ്റ്റില്‍ വിജയം നേടാനായി. 19 ടി20കളില്‍ 8 വിജയം നേടിയെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ യോഗ്യത നേടാനാകാതെ പോയതും ഐസിസി ലോക കപ്പ് യോഗ്യതയിലൂടെ 2019 ക്രിക്കറ്റ് ലോകകപ്പിലേക്ക് എത്തുവാന്‍ സാധിച്ചതും ലോയ്ക്ക് അത്ര മികച്ച ഫലങ്ങളായി പറയാനാകില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിന്‍ഡീസ് ക്രിക്കറ്റ് മെച്ചപ്പെട്ടു വരികയായിരുന്നുവെന്നും അതില്‍ സ്റ്റുവര്‍ട് ലോ വഹിച്ച പങ്ക് ഏറെ വലുതാണെന്നുമാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മുഖ്യന്‍ ജോണി ഗ്രേവ് അഭിപ്രായപ്പെട്ടത്. ഉടന്‍ തന്നെ പുതിയ മുഖ്യ കോച്ചിനെ നിയമിക്കുവാനുള്ള പ്രക്രിയ ആരംഭിക്കുമെന്നും ഗ്രേവ് അഭിപ്രായപ്പെട്ടു.

Exit mobile version