Picsart 24 06 28 06 14 27 247

കോപ്പ അമേരിക്കയിൽ അമേരിക്കയെ വീഴ്ത്തി പനാമ

കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനൽ കളിക്കാനുള്ള ആതിഥേയരായ അമേരിക്കൻ സ്വപ്നങ്ങൾക്ക് തിരിച്ചടി നൽകി പനാമ. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ 2-1 എന്ന സ്കോറിന് ആണ് പനാമ ജയം കണ്ടത്. ഏഴാം മിനിറ്റിൽ വെസ്റ്റൺ മെക്കനി നേടിയ ഗോൾ വാർ നിഷേധിച്ചത് കണ്ടു തുടങ്ങിയ മത്സരത്തിൽ പന്ത്രണ്ടാം മിനിറ്റിൽ ടിം വിയ ചുവപ്പ് കാർഡ് കണ്ടത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം താരത്തിന് ചുവപ്പ് കാർഡ് നൽകുക ആയിരുന്നു. എങ്കിലും 22 മത്തെ മിനിറ്റിൽ റോബിൻസന്റെ പാസിൽ നിന്നു ഗോൾ നേടിയ ബലോഗൻ അമേരിക്കക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ 4 മിനിറ്റിനുള്ളിൽ സെസാർ ബ്ലാക്മാനിലൂടെ പനാമ മത്സരത്തിൽ സമനില പിടിച്ചു. വിജയഗോളിന് ആയി നന്നായി ആക്രമിച്ചു കളിച്ച പനാമ രണ്ടാം പകുതിയിൽ വിജയഗോൾ കണ്ടെത്തി. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അബിദൽ അയരസയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ ഹോസെ ഫഹാർഡോയാണ് അവരുടെ വിജയഗോൾ നേടിയത്‌. 88 മത്തെ മിനിറ്റിൽ കരസ്ക്വിലക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ പനാമയും 10 പേരായി ചുരുങ്ങിയെങ്കിലും അവർ വിജയം കൈവിട്ടില്ല. നിലവിൽ ഗ്രൂപ്പ് സിയിൽ അമേരിക്ക രണ്ടാം സ്ഥാനത്തും പനാമ മൂന്നാമതും ആണ്. നിലവിൽ അവസാന മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിക്കാൻ പറ്റിയാലെ അമേരിക്കക്ക് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ ഉള്ളു.

Exit mobile version