താൻ സ്വപ്നം കണ്ടതാണ് ഇങ്ങനെ ഒരു വിരമിക്കൽ – ഡി മരിയ

ഇങ്ങനെ ഒരു വിരമിക്കൽ തന്റെ സ്വപ്നമായിരുന്നു എന്ന് ഡി മരിയ. ഇന്ന് കോപ അമേരിക്ക കിരീടം നേടി അർജന്റീനക്ക് ഒപ്പം ഉള്ള അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച ശേഷം ഡി മരിയ പറഞ്ഞു.

“ഇങ്ങനെ ഒരു അവസാനം എഴുതിതി വെച്ചതാണ്, ഇത് ഇങ്ങനെ തന്നെ ആയിരുന്നു നടക്കേണ്ടത്.” ഡി മരിയ പറഞ്ഞു.

“ഞാൻ ഇങ്ങനെ ഒരു അവസാന മത്സരനാണ് സ്വപ്നം കണ്ടത്, ഞാൻ ഫൈനലിൽ എത്തുമെന്ന് ഞാൻ സ്വപ്നം കണ്ടു, അതിൽ വിജയിച്ച് ഈ രീതിയിൽ വിരമിക്കുമെന്നും സ്വപ്നം കണ്ടു” അദ്ദേഹം പറഞ്ഞു.

“ഒരുപാട് മനോഹരമായ ഇമോഷൻസ് ആണ് ഈ വിജയം നൽകുന്നത്, കിരീടം നേടാൻ സഹായിച്ച ഈ തലമുറയോട് ഞാൻ എന്നെന്നേക്കുമായി നന്ദിയുള്ളവനാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

അർജന്റീനയ്ക്ക് ഒപ്പം 2022 ലോകകപ്പും രണ്ട് കോപ അമേരിക്ക കിരീടവും ഒരു ഫൈനലിസിമ കിരീടവും ഡി മരിയ നേടിയിട്ടുണ്ട്.

പതിനാറാം കോപ്പ അമേരിക്കൻ കിരീടവുമായി ലാറ്റിൻ അമേരിക്കൻ റെക്കോർഡ് സ്വന്തമാക്കി അർജന്റീന

ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ രാജാക്കന്മാർ തങ്ങൾ ആണെന്ന് തെളിയിച്ചു പുതിയ റെക്കോർഡ് കുറിച്ച് അർജന്റീന. 2021 ൽ നേടിയ കോപ്പ അമേരിക്ക കിരീടം ഇന്ന് കൊളംബിയക്ക് എതിരായ എക്സ്ട്രാ ടൈം വിജയത്തോടെ നിലനിർത്തിയ അർജന്റീന തങ്ങളുടെ പതിനാറാം കോപ്പ കിരീടം ആണ് ഇന്ന് നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ കോപ്പ കിരീടങ്ങൾ നേടുന്ന രാജ്യമായി അർജന്റീന മാറി.

ഇത് വരെ അർജന്റീനക്കും ഉറുഗ്വേക്കും 15 കോപ്പ കിരീടം വീതം ആയിരുന്നു ഉണ്ടായിരുന്നത്. 16 തവണ കോപ്പ കിരീടം നേടിയ അർജന്റീന 14 തവണ രണ്ടാം സ്ഥാനക്കാരും ആയിട്ടുണ്ട്‌. 1991, 1993 വർഷങ്ങളിൽ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു അർജന്റീന 2021 ൽ കോപ്പ അമേരിക്ക കിരീടത്തിൽ മുത്തം ഇട്ടത്. അതിനു ശേഷം ലോകകപ്പ് കിരീടവും ജയിച്ച അർജന്റീന വീണ്ടും ഒരിക്കൽ കൂടി കോപ്പ അമേരിക്ക കിരീടം ഉയർത്തി സ്‌പെയിനിന് ശേഷം തുടർച്ചയായി മൂന്നു മേജർ കിരീടങ്ങൾ ഉയർത്തുന്ന രണ്ടാമത്തെ രാജ്യവും ആയി.

ചരിത്രം, മെസ്സിക്ക് 45ആം കിരീടം!! ലോകത്ത് ആരെക്കാളും അധികം

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണൽ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയിൽ അർജന്റീനക്ക് ഒപ്പം കോപ അമേരിക്ക കിരീടം മെസ്സി ഉയർത്തിയതോടെ, അർജന്റീനിയൻ മാസ്റ്റർ ലയണൽ മെസ്സി ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ കിരീടം നേടിയ ഫുട്ബോൾ താരമായുള്ള തന്റെ കസേര ഒന്നുകൂടെ ഉറപ്പിച്ചു. തന്റെ മുൻ സഹതാരം ഡാനി ആൽവസിനെ കഴിഞ്ഞ വർഷം ഇന്റർ മയാമിക്ക് ഒപ്പം കിരീടം നേടിയതോടെ മറികടന്നിരുന്ന മെസ്സി ഇന്ന് തന്റെ കിരീടങ്ങളുടെ എണ്ണം 45 ആക്കി ഉയർത്തി.

ഡാനി ആൽവസിന് 43 ട്രോഫികൾ ആയിരുനു ഉണ്ടായിരുന്നത്. ഇന്നത്തെ മെസ്സിയുടെ അർജന്റീനക്ക് ഒപ്പമുള്ള നാലാം സീനിയർ കിരീടമായിരുന്നു. ബാഴ്സലോണയിൽ ആണ് മെസ്സി തന്റെ കിരീടങ്ങളിൽ ഭൂരിഭാഗവും നേടിയത്. ബാഴ്സലോണക്ക് ഒപ്പം 10 ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അടക്കം മുപ്പതിയഞ്ച് കിരീടങ്ങൾ മെസ്സി ബാഴ്സലോണയിൽ നേടി. അർജന്റീനക്ക് ഒപ്പം 1 ലോകകപ്പും 2 കോപ അമേരിക്കയും ഒരു ഫൈനലിസിമ കിരീടവും നേടാൻ മെസ്സിക്ക് ആയി.

45 – Messi 🇦🇷 becomes the footballer with most trophies EVER 🐐

Liga🏆🏆🏆🏆🏆🏆🏆🏆🏆🏆
SpanishCup 🏆🏆🏆🏆🏆🏆🏆
SpanishSuper 🏆🏆🏆🏆🏆🏆🏆🏆
UCL 🏆🏆🏆🏆
CWC 🏆🏆🏆
UEFASuper 🏆🏆🏆

Ligue 1 🏆🏆
FrenchSuper 🏆

Leagues Cup 🏆

WorldCup 🏆
CopaAmerica 🏆🏆
Finalissima 🏆
Olympics 🏆
WC U20 🏆

അർജന്റീനയെ തടയാൻ ആരുമില്ല!!! വീണ്ടും കോപ അമേരിക്ക ചാമ്പ്യൻസ്

കോപ അമേരിക്ക കിരീടം വീണ്ടും അർജന്റീനയിലേക്ക്. തുടർച്ചയായ രണ്ടാം തവണയും അർജന്റീന കോപ കിരീടം നേടി‌. ഇന്ന് എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ 1-0 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ വിജയം. അർജന്റീനയുടെ 16ആം കോപ അമേരിക്കൻ കിരീടമാണിത്.

ഇന്ന് സുരക്ഷാ കാരണങ്ങളാൽ ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നല്ല ഫുട്ബോൾ കാഴ്ചവെച്ചു. കൊളംബിയ ആണ് ആദ്യ പകുതിയിൽ കൂടുതൽ മികച്ചു നിന്നത് എന്ന് പറയാം. ലയണൽ മെസ്സി പരിക്കിനോട് പൊരുതേണ്ടി വന്നത് അർജന്റീനക്ക് കാര്യം എളുപ്പമായില്ല.

രണ്ടാം പകുതിയിലും മെസ്സി പരിക്ക് കാരണം ബുദ്ധിമുട്ടി. 66ആം മിനുട്ടിൽ മെസ്സി പരിക്ക് കാരണം കളം വിട്ടു. രണ്ടാം പകുതിയിൽ തുടക്കത്തിൽ ഡി മരിയയുടെ ഒരു ഷോട്ട് വാർഗാസ് സേവ് ചെയ്തു. 75ആം മിനുട്ടിൽ നികോ ഗോൺസാലസ് അർജന്റീനക്ക് ആയി ഗോൾ നേടി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു.

നിശ്ചിത സമയത്ത് ഗോൾ വന്നില്ല. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ അർജന്റീന ലൗട്ടാരോ മാർട്ടിനസിനെ കളത്തിൽ എത്തിച്ചു. ലൗട്ടാരോ തന്നെ അർജന്റീനയുടെ വിജയശില്പിയായി. മത്സരത്തിന്റെ 112ആം മിനുട്ടിൽ ലൗട്ടാരോ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ലൊ സെൽസോയുടെ പാസ് സ്വീകരിച്ച ശേഷമായിരുന്നു ലൗട്ടാരോയുടെ ഫിനിഷ്.

ഇതിന് ശേഷം നന്നായി ഡിഫൻഡ് ചെയ്ത് കിരീടം തങ്ങളുടേതാണെന്ന് ഉറപ്പിക്കാൻ അർജന്റീനക്ക് ആയി. അവസാന രണ്ട് വർഷത്തിൽ കൊളംബിയ തോൽക്കുന്ന ആദ്യ മത്സരമാണിത്‌

സുരക്ഷാ വീഴ്ച, കോപ്പ അമേരിക്ക ഫൈനൽ തുടങ്ങാൻ 30 മിനിറ്റ് വൈകും

കോപ്പ അമേരിക്ക ഫൈനൽ തുടങ്ങാൻ 30 മിനിറ്റ് വൈകും. അർജന്റീന, കൊളംബിയ പോരാട്ടം ഇന്ത്യൻ സമയം രാവിലെ 5.30 ആയിരുന്നു തുടങ്ങേണ്ടിയിരുന്നത്. എന്നാൽ സുരക്ഷാ വീഴ്ചയെ തുടർന്ന് കളി തുടങ്ങുന്നതിനു നിലവിൽ 30 മിനിറ്റ് വൈകും. സുരക്ഷാ ഭീഷണിയാണ് കാരണം.

നിലവിൽ ചില ആരാധകർ ടിക്കറ്റ് ഇല്ലാതെ ഗേറ്റ് ചാടി സ്റ്റേഡിയത്തിൽ കടന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ അധികൃതർ ഗേറ്റ് അടച്ചു. നിലവിൽ ആരാധകരെ നിലനിർത്താനുള്ള ശ്രമത്തിൽ ആണ് പോലീസ്. പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കളിക്കാരെയും നിലവിൽ ഗ്രൗണ്ടിൽ നിന്നു മാറ്റി. ഇത് വരെ ടൂർണമെന്റ് നടത്തിപ്പിന് വലിയ വിമർശനം നേരിട്ട അമേരിക്കക്ക് വീണ്ടും നാണക്കേട് ആയി ഈ സംഭവം.

ഡി മരിയ ഫൈനലിൽ ഗോളടിച്ച് കൊണ്ട് വിരമിക്കുന്നത് കാണാൻ ആഗ്രഹം എന്ന് മെസ്സി

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്ക് എതിരെ ഡി മരിയ തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിനാണ് ഇറങ്ങുന്നത്. ഫൈനലിൽ ഡി മരിയ ഒക്കെ ഒരു സ്വപ്ന തുല്യമായ ക്ലൈമാക്സ് കിട്ടട്ടെ എന്ന് ആശംസിച്ച് ലയണൽ മെസ്സി. ഡി മരിയ കോപ അമേരിക്ക ഫൈനലിൽ സ്‌കോർ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്ന് മെസ്സി പറഞ്ഞു.

“ആർക്കറിയാം, താൻ മുമ്പ് കളിച്ച എല്ലാ ഫൈനലിലും ഗോൾ സ്കോർ ചെയ്തതുപോലീഎ ഫൈനലിലും അദ്ദേഹം മറ്റൊരു ഗോൾ നേടിയേക്കാം. അങ്ങനെ ചെയ്താൽ അത് സ്പെഷ്യൽ ആയിരിക്കും” മെസ്സി പറഞ്ഞു.

“ഞങ്ങൾക്ക് ഇനിയും വരാനുണ്ടെന്ന് ഞങ്ങൾ എപ്പോഴും അവനോട് പറയാറുണ്ട്. പക്ഷെ ഡി മരിയ ഇപ്പോൾ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. വിരമിക്കാനുള്ള ആ തീരുമാനം അവൻ ഇനി മാറ്റില്ല” – മെസ്സി പറഞ്ഞു.

ലൂയിസ് സുവാരസ് രക്ഷകൻ, കാനഡയെ പെനാൽട്ടിയിൽ തോൽപ്പിച്ചു ഉറുഗ്വേക്ക് മൂന്നാം സ്ഥാനം

കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ജയം കണ്ടു മൂന്നാം സ്ഥാനം സ്വന്തമാക്കി ഉറുഗ്വേ. കാനഡയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് അവർ മറികടന്നത്. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ ആണ് പുറത്ത് എടുത്തത്. എട്ടാം മിനിറ്റിൽ കാസെരസിന്റെ പാസിൽ നിന്നു റോഡ്രിഗോ ബെന്റകറിലൂടെ ഉറുഗ്വേ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. 22 മത്തെ മിനിറ്റിൽ മോയിസെ ബോബിറ്റോയുടെ പാസിൽ നിന്നു ഇസ്മയിൽ കോനെ കാനഡയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് അവസാന നിമിഷങ്ങളിൽ ആണ് മത്സരത്തിന് തീ പിടിച്ചത്.

80 മത്തെ മിനിറ്റിൽ ജൊനാഥൻ ഡേവിഡ് ഗോൾ നേടിയതോടെ കാനഡ ജയിക്കും എന്നു പ്രതീക്ഷയിലായി. എന്നാൽ 92 മത്തെ മിനിറ്റിൽ ഹോസെ ഹിമനസിന്റെ പാസിൽ നിന്നു രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇതിഹാസതാരം ലൂയിസ് സുവാരസിന്റെ ഗോളിൽ ഉറുഗ്വേ പരാജയത്തിൽ നിന്നു രക്ഷപ്പെടുക ആയിരുന്നു. തുടർന്നു നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ കാനഡയുടെ ഇസ്മയിൽ കോനെയുടെ പെനാൽട്ടി ഉറുഗ്വേ ഗോൾ കീപ്പർ രക്ഷിച്ചപ്പോൾ അൽഫോൻസോ ഡേവിസിന്റെ പെനാൽട്ടി ബാറിൽ തട്ടി മടങ്ങി. എന്നാൽ പെനാൽട്ടി എടുത്ത നാലു ഉറുഗ്വേ താരങ്ങളും ലക്ഷ്യം കണ്ടതോടെ ഉറുഗ്വേ കോപ്പ അമേരിക്ക മൂന്നാം സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ പൊട്ടിത്തെറിച്ചു മാർസെലോ ബിയേൽസ

തീർത്തും അവിശ്വസനീയം എന്നു പറയാവുന്ന പത്രസമ്മേളനത്തിൽ വെച്ചു കോപ്പ അമേരിക്ക സംഘാടകർ ആയ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനു എതിരെയും ഈ വർഷത്തെ നടത്തിപ്പുകാർ ആയ അമേരിക്കക്ക് എതിരെയും ആഞ്ഞടിച്ച് ഇതിഹാസ അർജന്റീന പരിശീലകൻ മാർസെലോ ബിയേൽസ. നിലവിൽ ഉറുഗ്വേ പരിശീലകൻ ആയ ബിയേൽസ ടൂർണമെന്റ് നടത്തിയ മോശം രീതിയെ പറ്റി കാരണങ്ങൾ എടുത്ത് പറഞ്ഞാണ് വിമർശിച്ചത്. പല ഇടത്തും കുണ്ടും കുഴിയും നിറഞ്ഞ മോശം ഫുട്‌ബോൾ പിച്ചുകൾ ഒരുക്കിയ സംഘാടകർ ബൊളീവിയക്ക് ട്രെയിനിങ് സൗകര്യം ഒരുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനത്തിന് ആയി ടീമുകൾക്ക് ലഭിച്ച ഏറ്റവും മോശം സൗകര്യങ്ങൾ ഒരു കാലത്തും അംഗീകരിക്കാൻ ആവില്ലാത്ത ദുരന്തം ആയിരുന്നു എന്നും ബിയേൽസ പറഞ്ഞു.

രൂക്ഷമായ ഭാഷയിൽ കടുത്ത നിരാശയിലും ദേഷ്യത്തിലും പ്രതികരിച്ച അദ്ദേഹം ഉറുഗ്വേ താരങ്ങൾക്ക് വിലക്ക് ലഭിക്കുമോ എന്ന ചോദ്യത്തിന് കടുത്ത രീതിയിൽ ആണ് മറുപടി പറഞ്ഞത്. താരങ്ങളുടെ കുടുംബങ്ങൾക്ക് കള്ള് കുടിച്ചു വന്നു ആക്രമണം കാണിച്ച കാണികളിൽ നിന്നു സുരക്ഷ ഒരുക്കാൻ പറ്റാത്ത സംഘാടകരെയാണ് ആദ്യ വിലക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്ങനെയാണ് താരങ്ങൾ തങ്ങളുടെ അമ്മമാരെയും, ഭാര്യയെയും, കുട്ടികളെയും കുടുംബത്തെയും രക്ഷിക്കാതിരിക്കുക എന്നു അദ്ദേഹം ചോദിച്ചു. മോശം സെക്യൂരിറ്റിയും പ്രവർത്തിക്കാത്ത സെക്യൂരിറ്റി വാതിലും ഒക്കെ ഒരുക്കിയ സംഘാടകർ എന്താണ് ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിനു എതിരെ പ്രതികരിക്കാൻ കളിക്കാർക്കും പരിശീലകർക്കും വിലക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയെ വരെ ഒരു പ്രതികരണം കഴിഞ്ഞ ശേഷം പ്രതികരിക്കരുത് എന്നു പറഞ്ഞു സംഘാടകർ വിലക്കി എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കാരും പരിശീലകരും ഒന്നു പറയാൻ പാടില്ല എന്ന അപ്രഖ്യാപിത ഭീഷണി കോപ്പ അമേരിക്കയിൽ സംഘാടകരിൽ നിന്നും അമേരിക്കയിൽ നിന്നും നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കൻ ഫെഡറേഷനു സാമ്പത്തിക താൽപ്പര്യങ്ങൾ മാത്രമാണ് ഉള്ളത് എന്നു പറഞ്ഞ ബിയേൽസ എല്ലാം ശരിയാണ് എന്നു പറഞ്ഞ അവർ കള്ളം പറയാൻ ശീലിച്ച കള്ളങ്ങൾ കൊണ്ടുള്ള പ്ലേഗ് ആണെന്നും കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെയും വെറുതെ വിട്ടില്ല. ഇതൊക്കെ കണ്ടിട്ടും പുറത്ത് കൊണ്ടു വരാത്ത മാധ്യമങ്ങൾ സാമ്പത്തിക താൽപ്പര്യവും അധികാരത്തെ പേടിച്ചും ഇതിൽ ഭാഗം ആവുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ ബിയേൽസയുടെ പത്രസമ്മേളനം വലിയ വൈറൽ ആയിരിക്കുക ആണ്. കുറച്ചു ദിവസം മുമ്പ് ഫുട്‌ബോൾ കൂടുതൽ കൂടുതൽ വിരസം ആവുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും വൈറൽ ആയിരുന്നു. നിലവിൽ അടുത്ത ലോകകപ്പ് നടക്കേണ്ട അമേരിക്കയുടെ മോശം കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ ഇതിനകം തന്നെ വലിയ വിമർശങ്ങൾ ഉയരുന്നുണ്ട്. അതിനു ഇടയിൽ ആണ് ബിയേൽസ കൂടി ഇവർക്ക് എതിരെ രംഗത്ത് വരുന്നത്.

5 മത്സരങ്ങൾ, 6 അസിസ്റ്റുകൾ, 1 ഗോൾ! ഇത് ഹാമസ് റോഡ്രിഗസിന്റെ കോപ്പ അമേരിക്ക

2001 ൽ ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക കിരീടം ഉയർത്തിയ ശേഷം മറ്റൊരു കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയ എത്തുമ്പോൾ അവർ ഏറ്റവും അധികം നന്ദി പറയേണ്ടത് അവരുടെ ക്യാപ്റ്റൻ കൂടിയായ ഹാമസ് റോഡ്രിഗസിനോട് ആണ്. 2014 ലോകകപ്പ് ബ്രസീലിൽ വെച്ചു നടന്നപ്പോൾ അന്ന് ഗോൾഡൻ ബൂട്ട് നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമായ 22 കാരൻ ഒരു പതിറ്റാണ്ടിന് ശേഷം രാജ്യത്തിനു ആയി ഒരു കിരീടം നേടുക എന്ന സ്വപ്നവും ആയി തുനിഞ്ഞു ഇറങ്ങിയിരിക്കുക ആണ്. അന്ന് ക്വാർട്ടർ ഫൈനലിൽ കൊളംബിയ ബ്രസീലിനു മുമ്പിൽ വീണപ്പോൾ കണ്ണീർ അണിഞ്ഞു നിന്ന റോഡ്രിഗസിന്റെ മുഖം ഫുട്‌ബോൾ ആരാധകർ മറക്കാൻ ഇടയില്ല. കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ ഫുട്‌ബോൾ ഒരുപാട് മാറി റോഡ്രിഗസിന്റെ കരിയറും. 2014 ലോകകപ്പിന് ശേഷം മൊണാക്കോയിൽ നിന്നു വലിയ പ്രതീക്ഷയോടെ റയൽ മാഡ്രിഡിൽ എത്തിയ റോഡ്രിഗസിന്റെ കരിയർ പക്ഷെ പ്രതീക്ഷിച്ച ഉയരങ്ങളിൽ എത്തിയില്ല എന്നത് ആണ് യാഥാർത്ഥ്യം.

തുടർന്ന് ബയേൺ മ്യൂണികും, എവർട്ടണും, അൽ റയ്യാനും, ഒളിമ്പിയാകോസും നിലവിൽ സാവോ പോളോയിലും ആയി ബൂട്ട് കെട്ടിയ റോഡ്രിഗസ് പക്ഷെ ഈ വർഷങ്ങളിൽ ആയി രാജ്യത്തിനു ആയി എല്ലാം നൽകി എന്നത് ആണ് വാസ്തവം. 2017 കോപ്പ അമേരിക്ക സെന്റനാരിയോയിൽ ടീമിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റോഡ്രിഗസ് പരിക്ക് കാരണം കളിക്കാത്ത പ്രീ ക്വാർട്ടറിൽ ആണ് 2018 ലോകകപ്പിൽ കൊളംബിയ ഇംഗ്ലണ്ടിന് എതിരെ പുറത്താവുന്നത്. 2021 കോപ്പ അമേരിക്കയിൽ പരിക്ക് കാരണം കളിക്കാൻ പറ്റാതിരുന്ന റോഡ്രിഗസിന് പക്ഷെ 2022 ലോകകപ്പിൽ കൊളംബിയക്ക് യോഗ്യത നേടി നൽകാനും ആയില്ല. എന്നാൽ അതിനു എല്ലാം പരിഹാരം കാണാൻ എന്നോണം ആണ് ഈ കോപ്പ അമേരിക്കയിൽ ഹാമസ് റോഡ്രിഗസ് ബൂട്ട് കെട്ടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കൊളംബിയ നിലവിൽ, അർജന്റീനൻ പരിശീലകൻ നെസ്റ്റർ ലോറൻസോക്ക് കീഴിൽ കഴിഞ്ഞ 28 മത്സരങ്ങളിൽ അവർ പരാജയം അറിഞ്ഞിട്ടില്ല.

 

ലൂയിസ് ഡിയാസും, ജെഫേർസൺ ലെർമയും, ഡാനിയേൽ മുനോസും, ഡേവിസൺ സാഞ്ചോസും അടങ്ങുന്ന യുവത്വവും അനുഭവസമ്പന്നരും അടങ്ങുന്ന ടീമിന്റെ ഏറ്റവും വലിയ ശക്തി ഇന്നും 32 കാരനായ പലരും എഴുതി തള്ളിയ ഹാമസ് റോഡ്രിഗസ് തന്നെയാണ്. അതാണ് ഹാമസ് ഈ കോപ്പ അമേരിക്കയിൽ തെളിയിച്ചത്. പരാഗ്വക്ക് എതിരെ ആദ്യ മത്സരത്തിൽ ഇരട്ട അസിസ്റ്റുകൾ നൽകിയ ഹാമസ് രണ്ടാം മത്സരത്തിൽ കോസ്റ്ററിക്കക്ക് എതിരെയും ഒരു ഗോളിന് വഴി ഒരുക്കി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനു എതിരെയും ഹാമസ് മികവ് കാണിച്ചു. തുടർന്ന് ക്വാർട്ടർ ഫൈനലിൽ പനാമക്ക് എതിരെ ഒരു ഗോൾ നേടിയ ഹാമസ് രണ്ടു ഗോളിന് അസിസ്റ്റും നൽകി. ഇന്ന് സെമിഫൈനലിൽ ഉറുഗ്വേക്ക് എതിരെ ജെഫേർസൺ ലെർമയുടെ ഗോളിനു കോർണറിലൂടെ വഴി ഒരുക്കിയതും ഹാമസ് തന്നെയായിരുന്നു. ഇത് വരെ 5 ൽ 4 മത്സരങ്ങളിൽ കളിയിലെ താരവും ഹാമസ് ആയിരുന്നു. ഇനി ഫൈനലിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുമ്പോൾ രാജ്യത്തിനു ആയി ഒരു കിരീടം ആയിരിക്കും ഹാമസ് റോഡ്രിഗസും സംഘവും ലക്ഷ്യം വെക്കുക. ചരിത്രത്തിൽ ഇത് വരെ ഒരേയൊരു കോപ്പ അമേരിക്ക 2001 ൽ നേടിയ കൊളംബിയൻ ജനതക്ക് 23 വർഷങ്ങൾക്ക് ശേഷം കിരീടം നേടി നൽകി ടൂർണമെന്റിന്റെ താരമാവാൻ ആവും റോഡ്രിഗസ് ഞായറാഴ്ച ശ്രമിക്കുക എന്നുറപ്പാണ്.

കുടുംബങ്ങൾക്ക് എതിരെ ആക്രമണം,കൊളംബിയൻ ആരാധകരോട് ഏറ്റുമുട്ടി ഉറുഗ്വേ താരങ്ങൾ

കോപ്പ അമേരിക്ക സെമിഫൈനൽ മത്സര ശേഷം കൊളംബിയൻ കളികളും ആയി ഏറ്റുമുട്ടി ഉറുഗ്വേ താരങ്ങൾ. സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് മത്സരത്തിൽ രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച കൊളംബിയയോട് ഉറുഗ്വേ തോറ്റിരുന്നു. ഇതിനു ശേഷമാണ് ഡാർവിൻ നൂനസ്, ഫെഡറികോ വാൽവെർഡെ, അറോഹോ, ഗിമനസ് തുടങ്ങിയ താരങ്ങൾ ആണ് കൊളംബിയൻ കാണികളും ആയി കയേറ്റത്തിൽ ഏർപ്പെട്ടത്. ഉറുഗ്വേ താരങ്ങളുടെ കുടുംബങ്ങൾക്ക് നേരെ ചില കൊളംബിയൻ കാണികൾ ബിയർ ബോട്ടിൽ അടക്കമുള്ള കാര്യങ്ങൾ എറിഞ്ഞു ആക്രമണം തുടങ്ങിയത് ആണ് പ്രശ്നങ്ങൾ തുടക്കം. തുടർന്ന് ഇതിൽ ഉറുഗ്വേ താരം ഉഗാർതെയുടെ അമ്മക്ക് പരിക്കേറ്റത് ആയും അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയത് ആയും വാർത്തകൾ പരന്നു.

എന്നാൽ ആക്രമണം നടക്കുന്ന സമയത്ത് പോലീസ് പരിസരത്ത് എവിടെയും ഇല്ലായിരുന്നു എന്നും തുടർന്ന് വീണ്ടും കാണികൾ തങ്ങളുടെ കുടുംബത്തിനു എതിരെ തിരിഞ്ഞപ്പോൾ ആണ് തങ്ങൾ തിരിച്ചു പ്രതികരിച്ചത് എന്നും ഉറുഗ്വേ താരം ഗിമനസ് പിന്നീട് പറഞ്ഞു. തങ്ങളുടെ കുടുംബങ്ങൾ അപകടത്തിൽ ആയതിനാൽ ആണ് തങ്ങൾക്ക് പ്രതികരിക്കേണ്ടി വന്നത് എന്നും ഗിമനസ് കൂട്ടിച്ചേർത്തു. നിലവിൽ നൂനസ് അടക്കമുള്ള താരങ്ങൾ കൊളംബിയൻ താരങ്ങളും ആയി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഉറുഗ്വേ താരങ്ങൾ സ്റ്റാന്റിൽ പോയി വരെ കൊളംബിയൻ ആരാധകരെ നേരിടുന്ന ദൃശ്യങ്ങൾ നിലവിൽ പുറത്ത് വന്നിട്ടുണ്ട്.
എന്നാൽ 2026 ൽ ലോകകപ്പ് നടക്കേണ്ട അമേരിക്കയിൽ ഇത്തരം സംഭവം ഉണ്ടായതിൽ വലിയ വിമർശനം ആണ് അമേരിക്കൻ പോലീസ് നേരിടുന്നത്.

10 പേരുമായി പൊരുതി കൊളംബിയ കോപ അമേരിക്ക ഫൈനലിൽ, ഉറുഗ്വേ പുറത്ത്

കോപ അമേരിക്ക ടൂർണമെന്റിൽ കൊളംബിയ ഫൈനലിൽ. ആവേശകരമായ സെമി ഫൈനലിൽ ഉറുഗ്വേയെ തോൽപ്പിച്ച് ആണ് കൊളംബിയ ഫൈനലിൽ എത്തിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. പകുതിയിൽ അധികം സമയം 10 പേരുമായി കളിച്ചാണ് കൊളംബിയ വിജയം നേടിയത്.

ഇന്ന് ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു കൊളംബിയയുടെ ഗോൾ വന്നത്. ഹാമസ് റോഡ്രിഗസിന്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് ജെഫേഴ്സൺ ലേർമ ആണ് ഗോൾ നേടിയത്. റോഡ്രിഗസിന്റെ ഈ കോപ അമേരിക്ക ടൂർണമെന്റിലെ ആറാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്.

ഈ ഗോൾ വന്ന് മിനുട്ടുകൾക്ക് അകം കൊളംബിയൻ താരം മുനോസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. ഉറുഗ്വേക്ക് രണ്ടാം പകുതി മുഴുവൻ ഒരാൾ അധികം കളത്തിൽ ഉണ്ടായിട്ടും കൊളംബിയൻ ഡിഫൻസ് ഭേദിക്കാൻ ആയില്ല. അവസാന രണ്ട് വർഷമായി ഒരു മത്സരം പോലും കൊളംബിയ പരാജയപ്പെട്ടിട്ടില്ല. അവർ ഫൈനൽ വിസിൽ വരെ ഡിഫൻഡ് ചെയ്ത് വിജയം ഉറപ്പിച്ചു.

ഇനി ഫൈനലിൽ അർജന്റീനയെ ആകും കൊളംബിയ നേരിടുക.

‘അവസാനത്തെ പോരാട്ടങ്ങൾ ആണെന്നറിയാം, അതിനാൽ ഇതൊക്കെ പൂർണമായും ആസ്വദിക്കുന്നു’ ~ മെസ്സി

ഈ കോപ്പ അമേരിക്കയോടെ രാജ്യാന്തര ഫുട്‌ബോളിൽ നിന്നു വിരമിക്കുമെന്ന സൂചന ഒരിക്കൽ കൂടി നൽകി ലയണൽ മെസ്സി. നേരത്തെ ഇന്റർ മയാമി തന്റെ അവസാനത്തെ ക്ലബ് ആണെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. കോപ്പ അമേരിക്ക സെമിഫൈനലിൽ കാനഡക്ക് എതിരായ വിജയശേഷം ആണ് മെസ്സിയുടെ പ്രതികരണം വിരമിക്കൽ സൂചന നൽകിയത്.

ഈ മത്സരങ്ങൾ എല്ലാം അവസാനത്തെ പോരാട്ടങ്ങൾ ആണെന്ന് തനിക്ക് ബോധ്യമുണ്ടെന്നു പറഞ്ഞ മെസ്സി അതിനാൽ തന്നെ ഓരോ നിമിഷവും അതിന്റെ പൂർണതയോടെ താൻ ആസ്വദിക്കുന്നതും ആയി വ്യക്തമാക്കി. സെമിഫൈനലിൽ ഗോൾ നേടിയ മെസ്സി ക്യാപ്റ്റൻ ആയി കഴിഞ്ഞ 10 വർഷത്തിന് ഇടയിലെ ആറാം ഫൈനലിന് ആണ് ജൂലൈ 15 നു ബൂട്ട് കെട്ടുക. 2026 ലോകകപ്പിന് കാത്ത് നിൽക്കാതെ കോപ്പ അമേരിക്കക്ക് ശേഷം 37 കാരനായ ലയണൽ മെസ്സി വിരമിക്കുമോ എന്നത് ആരാധകർ കാത്തിരിക്കുന്ന ചോദ്യമാണ്.

Exit mobile version