ഇറാൻ ടീമിനോട് ബഹുമാനം, അവർ വലിയ പ്രചോദനം ആണെന്നും അമേരിക്കൻ താരം ടിം വിയ

ഇറാന് എതിരായ മത്സരവിജയത്തിന് ശേഷം ഇറാൻ ടീമിനെ പ്രശംസിച്ചു അമേരിക്കൻ യുവതാരം തിമോത്തി(ടിം) വിയ രംഗത്തു വന്നു. ഫുട്‌ബോളിന് അപ്പുറം ഈ ടീമിനോട് നല്ല ബഹുമാനം തനിക്ക് ഉണ്ടെന്നും അവരോട് തനിക്ക് ഒരുപാട് സ്നേഹം ആണ് ഉള്ളത് എന്നും വിയ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. കളത്തിൽ തങ്ങളുടെ നാടിനോടും നാട്ടുകാരോടും ഉള്ള സ്നേഹം ഇറാൻ ടീം പ്രകടനം കൊണ്ടു നൽകി എന്നും വിയ കുറിച്ചു. ഒരുപാട് ബഹുമാനം ഇറാൻ ടീമിനോട് ഉള്ള തനിക്ക് ആ മഹത്തായ ടീമിന് ഒപ്പം കളിക്കാൻ സാധിച്ചത് വലിയ അഭിമാനം ആണെന്നും കൂട്ടിച്ചേർത്തു.

വലിയ പ്രചോദനം ആണ് ഇറാൻ ടീം എന്നു കൂടി പറഞ്ഞാണ് ജോർജ് വിയയുടെ മകൻ കൂടിയായ താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. സ്ത്രീ സ്വാതന്ത്ര്യത്തിന് ആയി സ്വന്തം നാട്ടിൽ പൊരുതുന്ന ആളുകൾക്ക് ഒപ്പമാണ് എന്നു പരസ്യമായി പറഞ്ഞു അവരെ പിന്തുണച്ച ഇറാൻ ടീം ദേശീയഗാനം പാടാൻ വിസമ്മതിച്ചിരുന്നു. ഇറാൻ ഭരണകൂടം പല നിലക്കുള്ള ഭീഷണി മുന്നറിയിപ്പുകളും അവർക്ക് നൽകുകയും ചെയ്തിരുന്നു. ചില വിഭാഗം ഇറാൻ ആരാധകർ നാട്ടിൽ ഇറാന്റെ പരാജയം ആഘോഷിക്കുന്ന രംഗങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

പുലിസികിന്റെ ധീരത അമേരിക്കക്ക് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടം നൽകി

ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറി അമേരിക്കൻ യുവനിര. ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനക്കാർ ആയി ആണ് അവർ മുന്നേറിയത്. ഫുട്‌ബോളിന് അപ്പുറം രാഷ്ട്രീയ ശത്രുക്കൾ കൂടിയായ ഇറാനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ അമേരിക്ക മറികടന്നത്. വെയിൽസ്, ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ സമനില വഴങ്ങിയ അമേരിക്കൻ ടീമിന്റെ ലോകകപ്പിലെ ആദ്യ ജയം ആണ് ഇത്. അതേസമയം മുന്നേറാൻ സമനില മാത്രം മതി ആയിരുന്ന ഇറാൻ അതിനു വേണ്ടി പതുക്കെയാണ് കളിച്ചത്. അത് ആണ് അവർക്ക് വിനയായത്.

മത്സരത്തിൽ 38 മത്തെ മിനിറ്റിൽ അമേരിക്കയുടെ വിജയഗോൾ പിറന്നു. മകെൻസിയുടെ മികച്ച ബോൾ ഹെഡറിലൂടെ ഡെസ്റ്റ് ക്രിസ്റ്റിയൻ പുലിസികിന് മറിച്ചു നൽകി. തന്റെ സുരക്ഷ വക വക്കാതെ പന്ത് വലയിൽ ആക്കിയ പുലിസിക് അമേരിക്കക്ക് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു.

താരത്തിന്റെ ധീരമായ നീക്കം ആണ് ആ ഗോൾ സമ്മാനിച്ചത്. ഗോൾ അടിച്ച ശേഷം ഇറാൻ ഗോൾ കീപ്പറും ആയി കൂട്ടിമുട്ടിയ ചെൽസി താരത്തിന് പരിക്കേറ്റതും കാണാൻ ആയി. തുടർന്ന് കളത്തിൽ ഇറങ്ങിയെങ്കിലും രണ്ടാം പകുതിയിൽ പുലിസികിനെ അമേരിക്കൻ പരിശീലകൻ പിൻവലിച്ചു. ഇടക്ക് ടിം വിയ ഗോൾ നേടിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു.

രണ്ടാം പകുതിയിൽ സമനില ഗോളിന് ആയി ഇറാൻ ശ്രമിച്ചു എങ്കിലും അമേരിക്കൻ ഗോൾ കീപ്പർ മാറ്റ് ടർണർക്ക് വലിയ പരീക്ഷണം ഒന്നും നേരിടേണ്ടി വന്നില്ല. മത്സരത്തിന്റെ അവസാന നിമിഷം പെനാൽട്ടിക്ക് ആയി ടരമിയും ഇറാൻ താരങ്ങളും വാദിച്ചു എങ്കിലും റഫറി അനുവദിച്ചില്ല.

ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് 7 പോയിന്റുകൾ ഉള്ളപ്പോൾ അമേരിക്കക്ക് 5 പോയിന്റുകളും ഇറാന് 3 പോയിന്റുകളും ആണ് ഉള്ളത്. പ്രീ ക്വാർട്ടറിൽ ഹോളണ്ടിനെ ആണ് അമേരിക്ക നേരിടുക.

അമേരിക്കയെ തടഞ്ഞ് ഗരെത് ബെയ്ല്!! | ഖത്തർ ലോകകപ്പ്

ഖത്തർ ലോകകപ്പ്; അമേരിക്കയുടെ വിജയം തടഞ്ഞ് ഗരെത് ബെയ്ല്. ഇന്ന് വെയിൽസിന് എതിരെ വിജയത്തിലേക്ക് പോവുക ആയിരുന്ന അമേരിക്കയെ ബെയ്ലിന്റെ ഗോളിൽ വെയിൽസ് സമനിലയിൽ തളച്ചു. 1-1 എന്ന നിലയിൽ ആണ് മത്സരം അവസാനിച്ചത്. 83ആം മിനുട്ടിൽ ആയിരുന്നു ബെയ്ലിന്റെ സമനില ഗോൾ വന്നത്.

ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ വെയിൽസ് തുടക്കത്തിൽ ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്‌. യുവ അറ്റാക്കിങ് താരങ്ങൾ നിറഞ്ഞ അമേരിക്ക തുടക്കം മുതൽ വെയിൽസിന് എതിരെ അറ്റാക്കുകൾ ചെയ്തു. നിരവധി അവസരങ്ങളും അവർ സൃഷ്ടിച്ചു കൊണ്ടിരുന്നു. 36ആം മിനുട്ടിൽ അമേരിക്കയുടെ അറ്റാക്കുകൾക്ക് ഉള്ള ഫലം ലഭിച്ചു‌.

തിമൊതി വിയയുടെ ഒരു ഫസ്റ്റ് ടച്ച് ഫിനിഷ് ആണ് അമേരിക്കയ്ക്ക് ലീഡ് നൽകിയത്. പുലിസ്ക് നൽകിയ ത്രൂ പാസ് സ്വീകരിച്ചായിരുന്നു വിയയുടെ ഗോൾ‌. ഇതിഹാസ താരവും പിതാവുമായ ജോർജ് വിയക്ക് എത്താൻ കഴിയാതിരുന്ന ലോകകപ്പ് ഗോൾ എന്ന സ്വപനത്തിലാണ് മകൻ തിമൊതി വിയ ഈ ഗോളോടെ എത്തിയത്. ആദ്യ പകുതി ഈ ഗോളിന്റെ ബലത്തിൽ അമേരിക്ക 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ സ്ട്രൈക്കർ മൂറിനെ കളത്തിൽ എത്തിച്ച് വെയിൽസ് അറ്റാക്കിലേക്ക് തിരിഞ്ഞു. അവർ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ബെൻ ഡേവിസിന്റെ ഒരു ഹെഡർ 64ആം മിനുട്ടിൽ അമേരിക്കൻ ഗോൾ കീപ്പർ ടർണർ തട്ടിയകറ്റിയത് സ്കോർ 1-0 എന്ന് തന്നെ നിർത്തി.

സമനില നേടാൻ ആഞ്ഞു ശ്രമിച്ച വെയിൽസിന് രക്ഷയായി 83ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിച്ചു. ക്യാപ്റ്റൻ ഗരെത് ബെയ്ലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ബെയ്ല് തന്നെ ആണ് എടുത്തത്. ബെയ്ലിന്റെ പെനാൾട്ടി സ്പോടിൽ നിന്നുള്ള ഇടം കാലൻ കിക്ക് വലയുടെ ഒരു കോർണറിൽ പതിച്ചു. സ്കോർ 1-1

ഇതിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഇനി ഇംഗ്ലണ്ടും ഇറാനും ആണ് വെയിൽസിന്റെയും അമേരിക്കയുടെയും മുന്നിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ വെയിൽസ്, അമേരിക്ക എതിരാളികൾ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വലിയ വേദിയിൽ വെയിൽസ് തിരിച്ചു എത്തുന്ന മത്സരം ആണ് ഇത്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. 2014 നു ശേഷം ആദ്യ ലോകകപ്പിന് എത്തുന്ന അമേരിക്കക്ക് ഇത് 11 മത്തെ ലോകകപ്പ് ആണ്. ഗാരത് ബെയിൽ എന്ന ഇതിഹാസം ആണ് വെയിൽസിന്റെ പ്രധാന കരുത്ത്. വെയിൽസ് ജെഴ്‌സിയിൽ എന്നും തിളങ്ങുന്ന ബെയിലിന്റെ മികവ് തന്നെയാണ് അവരെ ലോകകപ്പ് വേദിയിൽ എത്തിച്ചത്.

മുന്നേറ്റത്തിൽ ബെയിലിന് ഒപ്പം ഡാനിയേൽ ജെയിംസ്, ബ്രണ്ണൻ ജോൺസൻ എന്നീ യുവരക്തങ്ങളും അമേരിക്കക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. മധ്യനിരയിൽ പരിച്ചയസമ്പന്നനായ ആരോൺ റംസി തിളങ്ങേണ്ടത് വെയിൽസിന് പ്രധാനമാണ്. ഹെന്നസിക്ക് മുന്നിൽ പ്രതിരോധത്തിൽ നികോ വില്യംസ്, കോൾവിൽ തുടങ്ങിയ യുവതാരങ്ങളും അവർക്ക് ഉണ്ട്. മറുവശത്ത് യുവത്വം ആണ് അമേരിക്കയുടെ കരുത്ത്. മുന്നേറ്റത്തിൽ ക്രിസ്റ്റിയൻ പുലിസികിന് കൂട്ടായി ജിയോവാണി റെയ്‌ന എന്ന 19 കാരൻ ഉണ്ട്. ഡോർട്ട്മുണ്ടിലെ മികവ് ദേശീയ ടീമിൽ താരം പുറത്ത് എടുത്താൽ വെയിൽസ് പ്രതിരോധം താരത്തെ നേരിടാൻ വിയർക്കും.

വിങിൽ ടിം വിയ വെയിൽസിന് വലിയ തലവേദന ആവും നൽകുക. മധ്യനിരയിൽ മക്കെന്നി, ആരോൺസൺ, ടെയിലർ ആദംസ്, അക്കോസ്റ്റ തുടങ്ങി മികച്ച യുവ താരങ്ങളുടെ ഒരു നിര തന്നെ അമേരിക്കക്ക് ഉണ്ട്. മികച്ച വിങ് ബാക്കുകൾ ആണ് അമേരിക്കൻ കരുത്ത്. സെർജിനോ ഡെസ്റ്റ്, യെഡലിൻ തുടങ്ങി മികച്ച വേഗമുള്ള താരങ്ങൾ ഏത് പ്രതിരോധത്തിനും വെല്ലുവിളി ആണ്. ഗോൾ കീപ്പർ ആയി ആഴ്‌സണലിന്റെ മാറ്റ് ടർണർ ആവും അമേരിക്കൻ വല കാക്കുക. വെയിൽസ് ജെഴ്‌സി അണിഞ്ഞാൽ പ്രായം മറന്നു അസാധ്യ മികവിലേക്ക് ഉയരുന്ന ഗാരത് ബെയിൽ മുന്നിൽ നിന്നു നയിക്കുമ്പോൾ വെയിൽസ് അമേരിക്കൻ യുവടീമിനു വെല്ലുവിളി ആവും എന്നുറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 നു അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.

ബാലൻ ഡിയോർ നേടിയിട്ടും ലോകകപ്പ് കളിക്കാൻ സാധിക്കാത്ത അച്ഛന്റെ മകൻ അമേരിക്കക്ക് ആയി ലോകകപ്പ് കളിക്കും!

ബാലൻ ഡിയോർ നേടിയ ഫിഫ ലോക ഫുട്‌ബോളർ ആയി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ആയി മാറിയ ഒരേയൊരു ആഫ്രിക്കൻ താരമെ ചരിത്രത്തിൽ ഉള്ളു. അത് ജോർജ് വിയ എന്ന ഇതിഹാസം ആണ്. ലൈബീരിയയിൽ നിന്നു സാക്ഷാൽ ആഴ്‌സൻ വെങർ കൈപിടിച്ച് ഉയർത്തി മൊണാക്കോയിൽ എത്തിച്ച പിന്നീട് പി.എസ്.ജിയിലും തുടർന്ന് എ.സി മിലാനിലും ഗോൾ അടിച്ചു കൂട്ടിയ ചിലപ്പോൾ ആഫ്രിക്കൻ ഫുട്‌ബോൾ കണ്ട ആദ്യ സൂപ്പർ സ്റ്റാർ. 1995 ൽ ഫിഫയുടെ മികച്ച ഫുട്‌ബോൾ താരമായി മാറിയ വിയ ആ വർഷം ബാലൻ ഡിയോറിനും അർഹത നേടി. ഫുട്‌ബോളിന് അപ്പുറം വംശീയതയെ വിയയും വെങറും ഒരുമിച്ച് തോൽപ്പിച്ച കഥയും കളി ജീവിതം കഴിഞ്ഞ ശേഷം ജനതയെ സേവിക്കാൻ രാഷ്ട്രീയതിലേക്ക് ഇറങ്ങി 2017 ൽ ലൈബീരിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വിയയുടെ കഥ അത്രമേൽ പ്രചോദനവും ആവേശവും ഏതൊരാൾക്കും സമ്മാനിക്കുന്നത് ആണ്.

എന്നാൽ തന്റെ ഇതിഹാസ കരിയറിൽ ഒരിക്കൽ പോലും ഫിഫ ലോകകപ്പ് കളിക്കാൻ ജോർജ് വിയക്ക് ആയില്ല എന്നത് ആണ് സത്യം. 1986 മുതൽ ലൈബീരിയൻ ദേശീയ ടീമിന് ആയി ബൂട്ട് കെട്ടിയ വിയ 2002 ലോകകപ്പിന് അരികിൽ വരെ തന്റെ ടീമിനെ എത്തിച്ചു. 1996, 2002 വർഷങ്ങളിൽ അവരെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ യോഗ്യത നേടി നൽകിയതും വിയ ആയിരുന്നു. പലപ്പോഴും ടീമിനെ സാമ്പത്തിക പരമായി സഹായിച്ചും പരിശീലിപ്പിച്ചും ലൈബീരിയയുടെ എല്ലാം എല്ലാം ആയ വിയ 2018 ൽ പ്രസിഡന്റ് ആയിരുന്ന സമയത്ത് 51 മത്തെ വയസ്സിൽ നൈജീരിയക്ക് എതിരായ ഒരു സൗഹൃദ മത്സര ശേഷം ആണ് ദേശീയ ടീമിൽ നിന്നു വിരമിക്കുന്നത് പോലും. ലോകകപ്പ് കളിക്കാത്ത ഏറ്റവും മഹാനായ താരമായി പലരും പറയുന്ന പേരും ജോർജ് വിയയുടെ ആണ്. എന്നാൽ ഇന്ന് ജോർജ് വിയക്ക് സാധിക്കാതെ പോയ ഫിഫ ലോകകപ്പിൽ കളിക്കുക എന്ന സ്വപ്നം അദ്ദേഹത്തിന്റെ മകൻ തിമോത്തി വിയ യാഥാർത്ഥ്യം ആക്കാൻ പോവുകയാണ്.

ജോർജ് വിയയുടെയും ജമൈക്കൻ വംശജയായ ക്ലാർ മേരിയുടെയും മകൻ ആയി ഫെബ്രുവരി 22 തിയതി 2000 ത്തിൽ ന്യൂയോർക്ക് നഗരത്തിൽ ജനിച്ച തിമോത്തി(ടിം) വിയ ആണ് ഇന്ന് ലോകകപ്പ് കളിക്കുക എന്ന ജോർജ് വിയക്ക് സാധിക്കാതെ പോയ ആഗ്രഹം സഫലീകരിക്കാൻ പോവുന്നത്. അമേരിക്കയിൽ ജനിച്ചു വളർന്നു അമേരിക്കൻ പൗരൻ ആയി വളർന്ന ടിം വിയ ന്യൂയോർക്ക് റെഡ് ബുൾസ് അക്കാദമി വഴി ആണ് ശ്രദ്ധ നേടുന്നത്. തുടർന്ന് 2014 പി.എസ്.ജി അക്കാദമിയിൽ എത്തിയ ടിം 2017 ൽ അവരും ആയി 3 വർഷത്തെ കരാറിൽ ഒപ്പിട്ടു. 1990 കളിൽ ജോർജ് വിയ കളിച്ച അതേ ക്ലബിൽ മകന്റെ തിരിച്ചു വരവ് ആയിരുന്നു അത്. പാരീസിന് ആയി 5 മത്സരങ്ങളിൽ കളിച്ച ശേഷം സ്‌കോട്ടിഷ് ക്ലബ് സെൽറ്റികിൽ 2019 ൽ ടിം വിയ ലോണിൽ കളിച്ചു. തുടർന്ന് ആ വർഷം ജൂണിൽ ഫ്രഞ്ച് ക്ലബ് ലില്ലെയും ആയി 5 വർഷത്തെ കരാറിൽ ഒപ്പ് വച്ച ടിം വിയ പാരീസ് വിട്ടു ലില്ലെയിൽ ചേർന്നു.

ഇടക്ക് പരിക്ക് അലട്ടിയെങ്കിലും ലില്ലെയിൽ പതുക്കെ മികച്ച താരമായി വളരാൻ ടിം വിയക്ക് ആയി. അവർക്ക് ആയി 65 മത്സരങ്ങൾ കളിച്ച മികച്ച വേഗമുള്ള വിങർ ആയ ടിം വിയ ആറു ഗോളുകളും നേടിയിട്ടുണ്ട്. അമേരിക്കൻ ടീമിൽ അണ്ടർ 15, 17, 20, 23 തലങ്ങളിൽ കളിച്ചു ഉയർന്നു വന്ന ടിം വിയക്ക് ഫ്രാൻസ്, ജമൈക്ക, ലൈബീരിയ എന്നീ രാജ്യങ്ങൾക്ക് ആയി കളിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നു. ഫ്രഞ്ച് ടീമിൽ നിന്നുള്ള ക്ഷണം നിരസിച്ച ടിം രാജ്യത്തോടുള്ള സ്നേഹവും ചെറുപ്പം തൊട്ടു കളിച്ചു വളർന്ന തന്റെ സഹതാരങ്ങളും ആയുള്ള ഇഷ്ടവും കാരണമാണ് അമേരിക്ക എളുപ്പത്തിൽ തിരഞ്ഞെടുത്തത് എന്നു പിന്നീട് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ താരമായ ടെയിലർ ആദംസ്, അമേരിക്കൻ താരങ്ങളും തന്റെ കസിൻസും ആയ കെയിൽ ഡങ്കൻ, പാട്രിക് വിയ എന്നിവർ ടിം വിയയുടെ അടുത്ത സുഹൃത്തുക്കൾ ആണ്. ഇതിൽ ടെയിലർ ആദംസ് ടിം വിയക്ക് ഒപ്പം ലോകകപ്പിനുള്ള അമേരിക്കൻ ദേശീയ ടീമിൽ ഇടം പിടിച്ചിട്ടും ഉണ്ട്.

2018 ൽ 17 വയസ്സ് ഉള്ള സമയത്ത് ആണ് ടിം വിയ തന്റെ ആദ്യ സീനിയർ മത്സരത്തിന് ആയി അമേരിക്കക്ക് ആയി ബൂട്ട് കെട്ടുന്നത്. പരാഗ്വയെക്ക് എതിരായ സൗഹൃദ മത്സരത്തിൽ 86 മത്തെ മിനിറ്റിൽ പകരക്കാരനായി ആണ് ടിം അന്ന് കളത്തിൽ ഇറങ്ങിയത്. അമേരിക്കക്ക് ആയി ദേശീയ ടീമിൽ കളിക്കുന്ന 2000 ത്തിൽ ജനിച്ച ആദ്യ താരവും ആയി മാറി അന്ന് ടിം. തുടർന്ന് ആ വർഷം തന്നെ ബൊളീവിയക്ക് എതിരായ തന്റെ ആദ്യ മുഴുവൻ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ടിം അമേരിക്കക്ക് ആയി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരവും ആയി മാറി. യുവനിരയും ആയി വരുന്ന ബെർഹാൾട്ടറിന്റെ അമേരിക്കൻ ടീമിൽ ഇടം കണ്ടത്തിയ 22 കാരനായ ടിം ഖത്തർ ലോകകപ്പിൽ മികവ് കാണിക്കാൻ തന്നെയാവും ഇറങ്ങുക. ഫുട്‌ബോൾ കൊണ്ടും അതിന് പുറത്ത് മനുഷ്യാവകാശ, രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും ലോകം കീഴടക്കിയ ജോർജ് വിയയുടെ മകന് അച്ഛനു സാധിക്കാതെ പോയ വലിയ വേദിയാണ് ഖത്തറിൽ ലഭിച്ചിരിക്കുന്നത്. ഖത്തറിൽ ജോർജ് വിയയുടെ മകൻ അമേരിക്കക്ക് ആയി തിളങ്ങട്ടെ എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.

യുവത്വത്തിന്റെ കരുത്തിൽ ലോകകപ്പിനുള്ള യുഎസ്എ ടീം എത്തി

ഖത്തർ ലോകകപ്പിനുള്ള യുഎസ്എ ടീം പ്രഖ്യാപിച്ചു. യൂറോപ്പിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി കളിക്കുന്ന താരങ്ങൾ എല്ലാം ഇടം പിടിച്ചപ്പോൾ യുവത്വം നിറഞ്ഞു നിൽക്കുന്ന ടീമിനെ തന്നെയാണ് കോച്ച് ഗ്രെഗ് ബെർഹാൾട്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചു വയസ് ആണ് ടീമിന്റെ ശരാശരി പ്രായം. 2018ലെ ലോകക്കപ്പ് ടീമിന് നഷ്ടമായിരുന്നു. 2014ലെ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന പുലിസിക് മാത്രമാണ് ഇത്തവണയും ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്.

പുലിസിക്, ഡോർമുണ്ടിന്റെ ജിയോ റെയ്‌ന എന്നിവർ തന്നെ മുൻ നിരയുടെ കുന്തമുന. നോർവിച്ച് താരം ജോഷ് സെർജൻറ്, യുവന്റസ് താരം മക്കെന്നി, ലീഡ്സിന്റെ ടെയ്‌ലർ ആദംസ്, ബ്രെണ്ടൻ ആരോൻസൻ എന്നിവർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സെർജിനോ ഡെസ്റ്റ്, ടിം റീം, ആന്റണി റോബിൻസൻ (ഫുൽഹാം), യെഡ്ലിൻ (ഇന്റർ മയാമി) തുടങ്ങിയവരും ടീമിൽ ഉൾപ്പെട്ടു. ആഴ്‌സനൽ താരം മാറ്റ് ടെർണർ ആയിരിക്കും കീപ്പർ. ഡച്ച് ലീഗിൽ കളിക്കുന്ന റിക്കർഡോ പെപ്പിയാണ് പ്രതീക്ഷകൾക്ക് വിരുദ്ധമായി ടീമിൽ ഇടം പിടിക്കാതിരുന്ന ഒരു താരം.

ശിവ്നരൈന്‍ ചന്ദര്‍പോള്‍ യുഎസ് വനിത ടീമിന്റെ മുഖ്യ കോച്ച്

മുന്‍ വെസ്റ്റിന്‍ഡീസ് താരം ശിവ്നരൈന്‍ ചന്ദര്‍പോള്‍ യുഎസ് വനിത ടീമിന്റെ മുഖ്യ കോച്ചായി നിയമിക്കപ്പെട്ടു. സീനിയര്‍ ടീമിനൊപ്പം അണ്ടര്‍ 19 ടീമിന്റെയും കോച്ചായി ശിവ്നരൈന്‍ പ്രവര്‍ത്തിക്കും. ഒന്നര വര്‍ഷത്തേക്കാണ് താരത്തിന്റെ കരാര്‍. 2023 അവസാനം വരെയാണ് ഈ കരാര്‍.

അണ്ടര്‍ 19 ടി20 ചാമ്പ്യന്‍ഷിപ്പിൽ മത്സരിക്കുന്ന യുഎസ്എ ടീമിനൊപ്പാണ് ചന്ദര്‍പോളിന്റെ ആദ്യ ദൗത്യം. ജൂലൈ 5ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലാണ് ഈ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

നിലവിൽ ജമൈക്ക തല്ലാവാസിന്റെ മുഖ്യ കോച്ചായ ചന്ദര്‍പോള്‍ വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമിന്റെ ബാറ്റിംഗ് കൺസള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുഎസ്എയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

FIH ഹോക്കി പ്രൊ ലീഗിൽ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഇന്ന് യുഎസ്എയ്ക്കെതിരെ 4-2 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയെ ഞെട്ടിച്ച് 27ാം മിനുട്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ യുഎസ്എ 1-0ന് മുന്നിലായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ ഗ്രേസും അടുത്ത നിമിഷം നവ്നീത് കൗറും ഇന്ത്യയ്ക്കായി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ സോണിക, വനന്ദ കത്താരിയ എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.

യുഎസ്എയെ തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം വിജയം

ഊബര്‍ കപ്പിൽ യുഎസ്എയ്ക്കെതിരെ ഇന്ത്യയ്ക്ക് 4-1ന്റെ വിജയം. മിക്സഡ് ഡബിള്‍സ് ടീം ആയ സിമ്രാന്‍ സിംഗി – റിതിക താക്കര്‍ മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയപ്പെട്ടുവെങ്കിലും പിവി സിന്ധു, ആകര്‍ഷി കശ്യപ്, അഷ്മിത ചാലിഹ എന്നിവര്‍ സിംഗിള്‍സിലും തനിഷ ക്രാസ്റ്റോ – ട്രീസ ജോളി കൂട്ടുകെട്ട് ഡബിള്‍സിലും വിജയം നേടിയാണ് ഇന്ത്യയ്ക്ക് രണ്ടാം ജയം നേടിക്കൊടുത്തത്.

ഇതോടെ ഗ്രൂപ്പ് ഡിയിൽ നിന്ന് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നാളെ കൊറിയയുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.

യുഎസ്എ – അയര്‍ലണ്ട് ഏകദിന പരമ്പര ഉപേക്ഷിച്ചു

കോവിഡ് കാരണം യുഎസ്എ – അയര്‍ലണ്ട് ഏകദിന പരമ്പര ഉപേക്ഷിച്ചു. അയര്‍ലണ്ട് സപ്പോര്‍ട്ട് സ്റ്റാഫിലെ രണ്ട് അംഗങ്ങള്‍ക്ക് കൂടി കോവിഡ് വന്നതോടെയാണ് ഈ തീരുമാനം. ആദ്യ മത്സരം അമ്പയര്‍മാരിൽ ഒരാള്‍ക്ക് കോവിഡ് വന്നത് കാരണം ഉപേക്ഷിക്കുകയായിരുന്നു.

സ്റ്റാഫ് അംഗങ്ങള്‍ക്ക് പുറമെ താരങ്ങളുടെ പാര്‍ട്ണര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലോറിഡയിൽ നിന്ന് കിംഗ്സ്റ്റൺ, ജമൈക്കയിലേക്കാണ് അയര്‍ലണ്ട് ടീം ഇനി യാത്രയാകുന്നത്.

കോവിഡ് ബാധിച്ചവര്‍ ഫ്ലോറിഡയിൽ തന്നെ ഐസൊലേഷന്‍ കാലം കഴിയുന്നത് വരെ കഴിയുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

കളി നിയന്ത്രിക്കുവാന്‍ ആളില്ല, യുഎസ്എ അയര്‍ലണ്ട് ഏകദിന മത്സരം ഉപേക്ഷിച്ചു

യുഎസ്എയും അയര്‍ലണ്ടും തമ്മിൽ ഡിസംബര്‍ 26ന് നടക്കാനിരുന്ന ആദ്യ ഏകദിന മത്സരം ഉപേക്ഷിച്ചു. അമ്പയറിംഗ് ടീമിലെ ഒരു വ്യക്തി കോവിഡ് ബാധിതനായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.

അമ്പയറിംഗ് ടീമിൽ നാല് പേരിൽ മൂന്ന് പേരും നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആയ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാൽ അമ്പയറിംഗ് ദൗത്യത്തിന് ആളില്ലാത്ത സ്ഥിതി ഉണ്ടാകുകയായിരുന്നു.

അയര്‍ലണ്ടിനെതിരെ പരമ്പര, മുഴുവന്‍ അംഗത്തിനെതിരെയുള്ള യുഎസ്എയുടെ ആദ്യ പോരാട്ടം

അയര്‍ലണ്ടിനെ നാട്ടിൽ നേരിടുവാന്‍ യുഎസ്എ ഒരുങ്ങുന്നു. ഇത് ടീമിന്റെ ഐസിസി മുഴുവന്‍ അംഗ ടീമിനെതിരെയുള്ള പോരാട്ടത്തിനുള്ള ആദ്യ അവസരം കൂടിയാണ്. ഫ്ലോറിഡയിൽ നടക്കുന്ന പരമ്പരയിൽ രണ്ട് ടി20 മത്സരവും മൂന്ന് ഏകദിന മത്സരങ്ങളുമാണുള്ളത്.

ഡിസംബര്‍ 22, 23 തീയ്യതികളിൽ ടി20 മത്സരങ്ങളും ഡിസംബര്‍ 26, 28, 30 തീയ്യതികളിൽ ഏകദിന മത്സരങ്ങളും നടക്കും.

Exit mobile version