പ്രവീല്‍ താംബെയേ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ടീമില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ താംബെയേ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ഡ്രാഫ്ടില്‍ താത്തെ സ്വന്തമാക്കിയതോടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം താരം സ്വന്തമാക്കും.

48 വയസ്സുകാരന്‍ താംബെ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ളതാണ്. 2020 ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും ടി10 ലീഗില്‍ കളിച്ചതിന് ഐപിഎല്‍ താരത്തെ വിലക്കിയിരുന്നു.

ഏപ്രില്‍ 18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് ടൂര്‍ണ്ണമെന്റ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏത് ടീമിലും കളിക്കുവാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് സുനില്‍ നരൈന്‍

ലോകത്ത് ഏത് ലീഗിലായാലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏത് ടീമിലും കളിക്കുവാന്‍ താന്‍ സന്നദ്ധനാണെന്ന് പറഞ്ഞ് സുനില്‍ നരൈന്‍. 2012ല്‍ ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത സുനില്‍ നരൈനെ സ്വന്തമാക്കിയ ശേഷം താരം ടീമിന്റെ അവിഭാജ്യ ഘടകം കൂടിയാണ്. ടീം കപ്പ് നേടിയപ്പോളെല്ലാം ഓള്‍റൗണ്ട് പ്രകടനത്തിലൂടെ നിര്‍ണ്ണായക സംഭാവനയാണ് സുനില്‍ നരൈന്‍ നടത്തിയിട്ടുള്ളത്.

താരത്തെ ഓപ്പണറായും പരീക്ഷിച്ച് വിജയം കണ്ടെത്തുവാന്‍ ഫ്രാഞ്ചൈസിയ്ക്ക് ആയിട്ടുണ്ടായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഈ ഫ്രാഞ്ചൈസി തന്റെ രണ്ടാമത്തെ വീട് പോലെയാണ് താന്‍ കരുതുന്നതെന്നും സുനില്‍ നരൈന്‍ പറഞ്ഞു.

ഫ്രാഞ്ചൈസിയിലെ കരീബിയന്‍ താരങ്ങളില്‍ എല്ലാവരും ട്രിനിഡാഡ് താരങ്ങളെന്നതില്‍ അഭിമാനം – വെങ്കി മൈസൂര്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ടീമിലെ കരീബിയന്‍ താരങ്ങളില്‍ പത്ത് പേരില്‍ പത്ത് പേരും ട്രിനിഡാഡ് സ്വദേശികളാണെന്നത് വലിയ നേട്ടമാണെന്നും അതില്‍ വളരെ അധികം അഭിമാനമുണ്ടെന്നും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഡയറക്ടര്‍ വെങ്കി മൈസൂര്‍. ട്രിന്‍ബാഗോ ഫ്രാഞ്ചൈസി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പ്രദേശത്ത് നിന്നുള്ള താരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഇവിടെ നിന്നുള്ള പ്രാദേശിക പ്രതിഭകളെ കണ്ടെത്തുവാനും ഏറെ പരിശ്രമിച്ച് വരികയാണെന്നും വെങ്കി മൈസുര്‍ വ്യക്തമാക്കി.

2020 സീസണിലേക്ക് ഇപ്പോള്‍ നില നിര്‍ത്തിയ പത്ത് താരങ്ങളില്‍ മുഴുവന്‍ ആളുകളും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ളവരാണെന്നത് ഫ്രാഞ്ചൈസിയ്ക്കും തനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് വെങ്കി മൈസൂര്‍ പറഞ്ഞു.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സൈനിംഗുകള്‍: Dwayne Bravo (retained), Kieron Pollard
(retained), Sunil Narine (retained), Darren Bravo (retained), Lendl Simmons (retained), Khary Pierre (retained), Jayden Seales (emerging player signed), Amir Jangoo (emerging player signed), Tion Webster (retained), Akeal Hosein (retained)

ദിനേഷ് രാംദിനെ ഒഴിവാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് , കീറണ്‍ പൊള്ളാര്‍ഡ്, ബ്രാവോ സഹോദരന്മാര്‍, നരൈന്‍ എന്നിവരെ നിലനിര്‍ത്തി

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020 ഡ്രാഫ്ടിന് മുന്നോടിയായി എട്ട് വിന്‍ഡീസ് താരങ്ങളെ നിലനിര്‍ത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ്, ഡ്വെയിന്‍ ബ്രാവോ, ഡാരെന്‍ ബ്രാവോ, സുനില്‍ നരൈന്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ ദിനേഷ് രാംദിനെ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിലേക്ക് കൈമാറ്റം ചെയ്തു.

അതേ സമയം പാട്രിയറ്റ്സ് എവിന്‍ ലൂയിസ്, ഫാബിയന്‍ അല്ലെന്‍ എന്നിവരുള്‍പ്പെടെ അഞ്ച് താരങ്ങളെ നിലനിര്‍ത്തി. റയാദ് എമ്രിറ്റിനെയാണ് ടീം ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.

നിലവില്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 26 വരെയാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറണ്ടതെങ്കിലും കൊറോണ സാഹചര്യം മൂലം ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുമോ എന്നത് വ്യക്തമല്ല.

റണ്‍ മഴയ്ക്ക് ശേഷം സൂപ്പര്‍ ഓവര്‍, ട്രിന്‍ബാഗോയെ വീഴ്ത്തി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇരു ടീമുകളും 216 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം പാട്രിയറ്റ്സ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്. കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ ഓള്‍റൗണ്ട് മികവാണ് സൂപ്പര്‍ ഓവറിലും ടീമിന് തുണയായത്.

രണ്ട് സിക്സും ഒരു ഫോറും നേടിയ ബ്രാത്‍വൈറ്റിന്റെ മികവില്‍ 18 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ സെയിന്റ് കിറ്റ്സ് നേടിയത്. ബൗളിംഗ് ദൗത്യവും ഏറ്റെടുത്ത ബ്രാത‍വൈറ്റ് ഓവറില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ ട്രിന്‍ബാഗോ തങ്ങളുടെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.

നേരത്തെ അവസാന പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന പാട്രിയറ്റ്സിനെ അവസാന പന്തില്‍ ബൗണ്ടറി നേടി റിയാദ് എമ്രിറ്റാണ് സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ സഹായിച്ചത്. ജെയിംസ് നീഷം എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ടീമിന് 18 റണ്‍സ് മാത്രമേ നേടാനായുള്ളു. 217 റണ്‍സെന്ന് വലിയ ലക്ഷ്യം തേടിയിറങ്ങിയ പാട്രിയറ്റ്സിനെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയത് കാര്‍ലോസ് ബ്രാത്‍വൈറ്റ് 30 പന്തില്‍ നിന്ന് നേടിയ 64 റണ്‍സും 21 പന്തില്‍ നിന്ന് എവിന്‍ ലൂയിസ് നേടിയ 45 റണ്‍സുമായിരുന്നു. ഒപ്പം ഷമാര്‍ ബ്രൂക്ക്സ്(20), റയാദ് എമ്രിറ്റ്(11 പന്തില്‍ 21*) എന്നിവരും തിളങ്ങി. ട്രിന്‍ബാഗോയ്ക്ക് വേണ്ടി ആന്‍ഡേഴ്സണ്‍ ഫിലിപ്പ് മൂന്നും അലി ഖാന്‍ രണ്ടും വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ 45 പന്തില്‍ നിന്ന് 90 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കോളിന്‍ മണ്‍റോ(28), ഡാരെന്‍ ബ്രാവോ(24*), ജെയിംസ് നീഷം(22*) എന്നിവര്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ മികച്ച സ്കോറായ 216ലേക്ക് ടീം എത്തി. പാട്രിയറ്റ്സിന് വേണ്ടി ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി.

റണ്‍ മഴ കണ്ട മത്സരത്തില്‍ വീണ്ടും തോല്‍വിയേറ്റ് വാങ്ങി ജമൈക്ക തല്ലാവാസ്, നാലില്‍ നാലും വിജയിച്ച് ട്രിന്‍ബാഗോ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനോട് റണ്‍ മഴ കണ്ട മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയ ജമൈക്ക തല്ലാവാസ് വീണ്ടും അത്തരത്തിലൊരു മത്സരത്തില്‍ പിന്നില്‍ പോയി. ഇന്നലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോടായിരുന്നു തല്ലാവാസ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 267/2 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ തല്ലാവാസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് മാത്രമേ നേടാനായുള്ളു.

ട്രിന്‍ബാഗോയുടെത് നാല് മത്സരങ്ങളില്‍ നാലാം വിജയമാണിത്. കോളിന്‍ മണ്‍റോ 50 പന്തില്‍ പുറത്താകാതെ 96 റണ്‍സ് നേടിയപ്പോള്‍ 8 സിക്സും 6 ഫോറുമാണ് താരം നേടിയത്. താരത്തിന് പിന്തുണയായി ലെന്‍ഡല്‍ സിമ്മണ്‍സ് 42 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് പുറത്താകാതെ 45 റണ്‍സ് നേടി പൊള്ളാര്‍ഡും റണ്‍ മഴയൊരുക്കി.

മറുപടി ബാറ്റിംഗില്‍ ഗ്ലെന്‍ ഫിലിപ്പ്സ്(32 പന്തില്‍ 62), ക്രിസ് ഗെയില്‍(39), ജാവെല്ലേ ഗ്ലെന്‍(34*), രമാല്‍ ലൂയിസ്(15 പന്തില്‍ പുറത്താകാതെ 37) എന്നിവര്‍ തിളങ്ങിയെങ്കിലും വലിയ ചേസിംഗിനിടെ മധ്യനിരയ്ക്ക് പതറിയത് തല്ലാവാസിന് തിരിച്ചടിയായി. നൈറ്റ് റൈഡേഴ്സിന് വേണ്ടി മുഹമ്മദ് ഹസ്നൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

വിജയം തുടര്‍ന്ന് ട്രിന്‍ബാഗോ, സെയിന്റ് ലൂസിയ സൂക്ക്സിനെ പരാജയപ്പെടുത്തി

സെയിന്റ് ലൂസിയ സൗക്ക്സിനെതിരെ മികച്ച വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് 20 ഓവറില്‍ 167/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സും 38 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ദിനേശ് രാംദിനുമാണ് ട്രിന്‍ബാഗോയുടെ വിജയ ശില്പികള്‍. ദിനേശ് രാംദിനൊപ്പം പുറത്താകാതെ 26 റണ്‍സുമായി കീറണ്‍ പൊള്ളാര്‍ഡും മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് വേണ്ടി ജോണ്‍ കാംപെല്‍ ടോപ് സ്കോറര്‍ ആയെങ്കിലും വേഗത തീരെയില്ലാത്ത ഇന്നിംഗ്സായിരുന്നു താരത്തിന്റേത്. 42 പന്തില്‍ നിന്ന് 43 റണ്‍സാണ് താരം നേടിയത്. റഖീം കോണ്‍വാല്‍ 12 പന്തില്‍ നിന്ന് 33 റണ്‍സുമായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണറായി ടീമിന് നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. അഫ്ഗാന്‍ താരം നജീബുള്ള സദ്രാന്‍ 26 റണ്‍സ് നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 26 റണ്‍സ് നേടി. ജെയിംസ് നീഷം വിജയികള്‍ക്കായി 2 വിക്കറ്റ് വീഴ്ത്തി.

ഡ്രസിങ് റൂമിൽ കയറിയ ദിനേശ് കാർത്തികിന് ബി.സി.സി.ഐയുടെ കാരണം കാണിക്കൽ നോട്ടീസ്

കരീബിയൻ പ്രീമിയർ ലീഗ് ക്ലബായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഡ്രെസ്സിൽ റൂമിൽ കയറിയ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിന്റെ ബി.സി.സി.ഐയുടെ കാരണം കാണിക്കൽ നോട്ടീസ്. ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തിനൊപ്പം താരം ടീമിന്റെ ഡ്രസിങ് റൂമിൽ നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലവിൽ കരാർ ഉള്ള ദിനേശ് കാർത്തിക് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ബോർഡിന്റെ മുൻ‌കൂർ അനുമതി വാങ്ങണമെന്നാണ് നിയമം. ഏഴ് ദിവസത്തിനകം താരം ബി.സി.സി.ഐക്ക് മറുപടി നൽകണം. നിലവിൽ വിദേശം ലീഗുകളിൽ കളിയ്ക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബി.സി.സി.ഐ അനുവാദം നൽകാറില്ല. കാനഡയിൽ കളിയ്ക്കാൻ യുവരാജിന് അനുവാദം നൽകിയെങ്കിലും അത് മറ്റു താരങ്ങൾക്ക് നൽകണമെന്നില്ലെന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു.

നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ കൂടിയാണ് ദിനേശ് കാർത്തിക്. ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ഉടമ ഇന്ത്യൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആണ്. പുതിയ സീസണിൽ കൊൽക്കത്തയുടെ പരിശീലകനായി ബ്രെണ്ടൻ മക്കല്ലത്തെയും നിയമിച്ചിരുന്നു.

ജമൈക്ക തല്ലാവാസിനെ കീഴടക്കി രണ്ടാം ജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ 22 റണ്‍സ് വിജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജമൈക്ക തല്ലാവാസിനെയാണ് നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 191 റണ്‍സ് നേടിയപ്പോള്‍ തല്ലാവാസിന് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ ടോസ് നേടിയ ജമൈക്ക തല്ലാവാസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടിയോണ്‍ വെബ്സ്റ്റര്‍ പുറത്താകാതെ 66 റണ്‍സ് നേടിയപ്പോള്‍ സുനില്‍ നരൈന്‍(22 പന്തില്‍ 46), കീറണ്‍ പൊള്ളാര്‍ഡ്(പുറത്താകാതെ 21 പന്തില്‍ 33 റണ്‍സ്) എന്നിവര്‍ക്കൊപ്പം ദിനേശ് രാംദിനും 21 റണ്‍സ് നേടി മികവ് തെളിയിച്ചു.

ജോര്‍ജ്ജ് വര്‍ക്കര്‍(46*), ആന്‍ഡ്രേ റസ്സല്‍(44) എന്നിവര്‍ ഇന്നിംഗ്സ് അവസാനത്തോടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തുവെങ്കിലും തുടക്കത്തില്‍ വേണ്ടത്ര വേഗത ലഭിയ്ക്കാതെ പോയത് ജമൈക്കയുടെ ഇന്നിംഗ്സിന്റെ താളം കെടുത്തിയിരുന്നു. ക്രിസ് ഗെയില്‍ 28 റണ്‍സ് നേടിയപ്പോള്‍ ചാഡ്‍വിക് വാള്‍ട്ടണ്‍ 28 റണ്‍സും നേടിയെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സിന് കൊണ്ടുവരുവാന്‍ ഇരുവര്‍ക്കുമായില്ല. 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് തല്ലാവാസ് നേടിയത്. നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരൈന്‍, ജെയിംസ് നീഷം എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

പുതിയ സീസണ് ആവേശകരമായ തുടക്കം, 11 റണ്‍സ് വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ 11 റണ്‍സിന്റെ ആവേശകരമായ വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജെയിംസ് നീഷമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റ വിജയം ഉറപ്പാക്കിയത്. കീറണ്‍ പൊള്ളാര്‍ഡ് 47 റണ്‍സുമായി ട്രിന്‍ബാഗോയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെയിംസ് നീഷം(33), ദിനേശ് രാംദിന്‍(33) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്ലും റയാദ് എമ്രിറ്റ് എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി. തുടക്കത്തില്‍ 20/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് മധ്യനിരയുടെ തുണയില്‍ നൈറ്റ് റൈഡേഴ്സ് പൊരുതാവുന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. വെറും 32 പന്തില്‍ നിന്നാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ ചേസിംഗ് ദുഷ്കരമായി. അവസാന ഘട്ടത്തില്‍ 14 പന്തില്‍ 30 റണ്‍സുമായി ഫാബിയന്‍ അല്ലെനും 10 പന്തില്‍‍ 24 റണ്‍സ് നേടി ഉസാമ മിറും മികവ് പുലര്‍ത്തിയെങ്കിലും ടീം 19.4 ഓവറില്‍ 141 റണ്‍സിന് പുറത്താകുകയായിരുന്നു.

മുഹമ്മദ് ഹസനൈന്‍, ജെയിംസ് നീഷം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഖാരി പിയറി രണ്ട് വിക്കറ്റ് നേടി. ജെയിംസ് നീഷം ആണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

മണ്‍റോ മാജിക്കില്‍ കിരീടം ഉയര്‍ത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

ആദ്യ ക്വാളിഫയറില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനോടേറ്റ പരാജയത്തിനു ഫൈനലില്‍ പകരം വീട്ടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഖാരി പിയറി ബൗളിംഗിലും കോളിന്‍ മണ്‍റോ ബാറ്റിംഗിലും തിളങ്ങിയ ഫൈനലില്‍ ഗയാനയെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ട്രിന്‍ബാഗോ തങ്ങളുടെ കിരീടം നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാന 147/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോ 17.3 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ലൂക്ക് റോഞ്ചി നേടിയ 44 റണ്‍സിനു പിന്തുണ നല്‍കുവാന്‍ മറ്റു ഗയാന താരങ്ങള്‍ക്ക് കഴിയാതെ പോയപ്പോള്‍ ഗയാനയ്ക്ക് 20 ഓവറില്‍ നിന്ന് 147 റണ്‍സ് മാത്രമേ നേടാനായുള്ളു. ജേസണ്‍ മുഹമ്മദ് ആണ് 9 വിക്കറ്റ് നഷ്ടമായ ടീമിന്റെ രണ്ടാമത്തെ പ്രധാന സ്കോറര്‍. 24 റണ്‍സാണ് ജേസണ്‍ മുഹമ്മദ് നേടിയത്. ട്രിന്‍ബാഗോയാക്കായി ഖാരി പിയറി മൂന്നും ഡ്വെയിന്‍ ബ്രാവോ രണ്ടും വിക്കറ്റും അലി ഖാന്‍, ഫവദ് അഹമ്മദ്, സുനില്‍ നരൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ദിനേശ് രാംദിനെ ഓപ്പണായി പരീക്ഷിച്ച ട്രിന്‍ബാഗോയ്ക്കായി രാംദിന്‍(24)-ബ്രണ്ടന്‍ മക്കല്ലം(39) കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ 52 റണ്‍സാണ് നേടിയത്. കോളിന്‍ മണ്‍റോ ക്രീസില്‍ എത്തിയ ശേഷം അടിച്ച് തകര്‍ത്ത് മുന്നേറിയ ട്രിന്‍ബാഗോയ്ക്ക് രാംദിനെ നഷ്ടമായെങ്കിലും മണ്‍റോ 39 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 68 റണ്‍സ് ടീമിന്റെ വിജയം ഉറപ്പാക്കി. 4 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോ പരിക്കേറ്റ് പുറത്തായപ്പോള്‍ കോളിന്‍ ഇന്‍ഗ്രാം ഏഴ് റണ്‍സുമായി മണ്‍റോയ്ക്ക് പിന്തുണ നല്‍കി വിജയ സമയത്ത് ക്രീസില്‍ നിന്നു. റൊമാരിയോ ഷെപ്പേര്‍ഡ്, ക്രിസ് ഗ്രീന്‍ എന്നിവരാണ് ഗയാനയുടെ വിക്കറ്റ് നേട്ടക്കാര്‍.

ഗെയിലിനെയും സംഘത്തിനെയും കീഴടക്കി ട്രിന്‍ബാഗോ ഫൈനലിലേക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ട്രിന്‍ബാഗോ 20 റണ്‍സിനു സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. ട്രിന്‍ബാഗോ സ്പിന്നര്‍ ഫവദ് അഹമ്മദ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 165/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് കിറ്റ്സിനു 145/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ബ്രണ്ടന്‍ മക്കല്ലം(43), കോളിന്‍ മണ്‍റോ(29), ദിനേശ് രാംദിന്‍(27*), ഡ്വെയിന്‍ ബ്രാവോ(24), ഡാരെന്‍ ബ്രാവോ(20) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 165 റണ്‍സിലേക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ എത്തിച്ചത്. ഷെല്‍ഡണ്‍ കോട്രെല്‍ രണ്ടും കാര്‍ലോസ് ബ്രാത്‍വൈറ്റ്, ബെന്‍ കട്ടിംഗ്, ക്രിസ് ഗെയില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഡെവണ്‍ തോമസ്(35) ആണ് പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍. ബ്രണ്ടന്‍ കിംഗ്(33), ഫാബിയന്‍ അല്ലെന്‍(32*) എന്നിവരും വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാരടെ പരാജയം ടീമിനു തിരിച്ചടിയായി. 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 20 ഓവറില്‍ 145 റണ്‍സ് നേടി ടീം തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

നാല് ഓവറില്‍ വെറും 13 റണ്‍സ് വിട്ട് നല്‍കി ഫവദ് അഹമ്മദ് മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. സുനില്‍ നരൈന്‍ രണ്ടും അലി ഖാന്‍, കോളിന്‍ ഇന്‍ഗ്രാം, കെവണ്‍ കൂപ്പര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version