പുതിയ സീസണ് ആവേശകരമായ തുടക്കം, 11 റണ്‍സ് വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ 11 റണ്‍സിന്റെ ആവേശകരമായ വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജെയിംസ് നീഷമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റ വിജയം ഉറപ്പാക്കിയത്. കീറണ്‍ പൊള്ളാര്‍ഡ് 47 റണ്‍സുമായി ട്രിന്‍ബാഗോയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെയിംസ് നീഷം(33), ദിനേശ് രാംദിന്‍(33) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്ലും റയാദ് എമ്രിറ്റ് എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി. തുടക്കത്തില്‍ 20/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് മധ്യനിരയുടെ തുണയില്‍ നൈറ്റ് റൈഡേഴ്സ് പൊരുതാവുന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. വെറും 32 പന്തില്‍ നിന്നാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ ചേസിംഗ് ദുഷ്കരമായി. അവസാന ഘട്ടത്തില്‍ 14 പന്തില്‍ 30 റണ്‍സുമായി ഫാബിയന്‍ അല്ലെനും 10 പന്തില്‍‍ 24 റണ്‍സ് നേടി ഉസാമ മിറും മികവ് പുലര്‍ത്തിയെങ്കിലും ടീം 19.4 ഓവറില്‍ 141 റണ്‍സിന് പുറത്താകുകയായിരുന്നു.

മുഹമ്മദ് ഹസനൈന്‍, ജെയിംസ് നീഷം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഖാരി പിയറി രണ്ട് വിക്കറ്റ് നേടി. ജെയിംസ് നീഷം ആണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

Exit mobile version