നോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് ജമൈക്ക തല്ലാവാസിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്കയെ 107/7 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷമാണ് ട്രിന്‍ബാഗോ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയം ഉറപ്പാക്കിയത്.

സുനില്‍ നരൈനെ തുടക്കത്തില്‍ നഷ്ടമായ ശേഷം അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും 44 റണ്‍സ് നേടിയ ടിയോണ്‍ വെബ്സ്റ്ററിന്റെയും ഇന്നിംഗ്സ് ആണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ലെന്‍ഡല്‍ സിമ്മണ്‍സ് 54 റണ്‍സുമായി പുറത്താകാതെ നിന്നു.

51 പന്ത് ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പത്താം വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പത്തില്‍ പത്ത് വിജയവും നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ 77 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം ലക്ഷ്യം 11.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്.

ആമീര്‍ ജാംഗോയുടെ(19) വിക്കറ്റ് നഷ്ടമായെങ്കിലും 41 റണ്‍സ് നേടിയ ടിയോണ്‍ വെബ്സ്റ്ററും 16 റണ്‍സുമായി ടിം സീഫെര്‍ട്ടും ട്രിന്‍ബാഗോയെ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു.

ജമൈക്ക തല്ലാവാസിനെ കീഴടക്കി രണ്ടാം ജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ 22 റണ്‍സ് വിജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജമൈക്ക തല്ലാവാസിനെയാണ് നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 191 റണ്‍സ് നേടിയപ്പോള്‍ തല്ലാവാസിന് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ ടോസ് നേടിയ ജമൈക്ക തല്ലാവാസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടിയോണ്‍ വെബ്സ്റ്റര്‍ പുറത്താകാതെ 66 റണ്‍സ് നേടിയപ്പോള്‍ സുനില്‍ നരൈന്‍(22 പന്തില്‍ 46), കീറണ്‍ പൊള്ളാര്‍ഡ്(പുറത്താകാതെ 21 പന്തില്‍ 33 റണ്‍സ്) എന്നിവര്‍ക്കൊപ്പം ദിനേശ് രാംദിനും 21 റണ്‍സ് നേടി മികവ് തെളിയിച്ചു.

ജോര്‍ജ്ജ് വര്‍ക്കര്‍(46*), ആന്‍ഡ്രേ റസ്സല്‍(44) എന്നിവര്‍ ഇന്നിംഗ്സ് അവസാനത്തോടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തുവെങ്കിലും തുടക്കത്തില്‍ വേണ്ടത്ര വേഗത ലഭിയ്ക്കാതെ പോയത് ജമൈക്കയുടെ ഇന്നിംഗ്സിന്റെ താളം കെടുത്തിയിരുന്നു. ക്രിസ് ഗെയില്‍ 28 റണ്‍സ് നേടിയപ്പോള്‍ ചാഡ്‍വിക് വാള്‍ട്ടണ്‍ 28 റണ്‍സും നേടിയെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സിന് കൊണ്ടുവരുവാന്‍ ഇരുവര്‍ക്കുമായില്ല. 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് തല്ലാവാസ് നേടിയത്. നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരൈന്‍, ജെയിംസ് നീഷം എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

Exit mobile version