വിജയം തുടര്‍ന്ന് ട്രിന്‍ബാഗോ, സെയിന്റ് ലൂസിയ സൂക്ക്സിനെ പരാജയപ്പെടുത്തി

സെയിന്റ് ലൂസിയ സൗക്ക്സിനെതിരെ മികച്ച വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് 20 ഓവറില്‍ 167/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സും 38 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ദിനേശ് രാംദിനുമാണ് ട്രിന്‍ബാഗോയുടെ വിജയ ശില്പികള്‍. ദിനേശ് രാംദിനൊപ്പം പുറത്താകാതെ 26 റണ്‍സുമായി കീറണ്‍ പൊള്ളാര്‍ഡും മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് വേണ്ടി ജോണ്‍ കാംപെല്‍ ടോപ് സ്കോറര്‍ ആയെങ്കിലും വേഗത തീരെയില്ലാത്ത ഇന്നിംഗ്സായിരുന്നു താരത്തിന്റേത്. 42 പന്തില്‍ നിന്ന് 43 റണ്‍സാണ് താരം നേടിയത്. റഖീം കോണ്‍വാല്‍ 12 പന്തില്‍ നിന്ന് 33 റണ്‍സുമായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണറായി ടീമിന് നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. അഫ്ഗാന്‍ താരം നജീബുള്ള സദ്രാന്‍ 26 റണ്‍സ് നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 26 റണ്‍സ് നേടി. ജെയിംസ് നീഷം വിജയികള്‍ക്കായി 2 വിക്കറ്റ് വീഴ്ത്തി.

Exit mobile version