റിട്ടയര്‍മെന്റുകള്‍ തുടരുന്നു, ലെന്‍ഡൽ സിമ്മൺസും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിൽ ദിനേശ് രാംദിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് ലെന്‍ഡൽ സിമ്മൺസ്. 2006ൽ പാക്കിസ്ഥാനെതിരെയുള്ള ഏകദിനത്തിലൂടെയാണ് സിമ്മൺസ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിയ്ക്കുന്നത്.

മൂന്ന് ഫോര്‍മാറ്റുകളിലുമായി 144 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് താരം 3763 റൺസാണ് നേടിയിട്ടുള്ളത്. 68 ഏകദിനങ്ങളിലും 8 ടെസ്റ്റ് മത്സരങ്ങളിലും കളിച്ച താരത്തിന് ഏറ്റവും മികച്ച് നിൽക്കാനായത് ടി20 ഫോര്‍മാറ്റിലാണ്.

2012, 2016 ടി20 ലോകകപ്പ് വിജയിച്ച വെസ്റ്റിന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു താരം.

അവസാന ഓവറിൽ 11 റൺസ്, ആന്‍ഡ്രേ റസ്സലിനെ പിടിച്ചുകെട്ടി സ്റ്റാര്‍ക്ക്, ഓസ്ട്രേലിയയ്ക്ക് നാല് റൺസ് ജയം

വിന്‍ഡീസിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് 4 റൺസ് വിജയം നേടി ഓസ്ട്രേലിയ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും കൈവിട്ട ടീമിന് നാലാം മത്സരത്തിൽ കടമ്പ കടക്കുവാന്‍ സഹായിച്ചത് ബാറ്റിംഗിലെ മികച്ച പ്രകടനത്തിനൊപ്പം ബൗള‍ര്‍മാരും അവസരത്തിനൊത്തുയര്‍ന്നാണ് കളി ടീമിനൊപ്പം നിന്നത്.

190 റൺസെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എവിന്‍ ലൂയിസും ലെന്‍ഡൽ സിമ്മൺസും ചേര്‍ന്ന് നല്‍കിയ മിന്നും തുടക്കത്തിന്റെ ബലത്തിൽ ആതിഥേയര്‍ 62 റൺസിലേക്ക് കുതിയ്ക്കുകയായിരുന്നു.

14 പന്തിൽ 31 റൺസ് നേടിയ എവിന്‍ ലൂയിസിനെ നഷ്ടമായ ശേഷം ക്രിസ് ഗെയിൽ, ആന്‍ഡ്രേ ഫ്ലെച്ചര്‍ എന്നിവരെയും വിന്‍ഡീസിന് വേഗത്തിൽ നഷ്ടമായി. 48 പന്തിൽ 72 റൺസ് നേടിയ സിമ്മൺസിനെ നഷ്ടമാകുമ്പോള്‍ 132/5 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. നിക്കോളസ് പൂരനെയും സിമ്മൺസിനെയും ഒരേ ഓവറിൽ പുറത്താക്കി മിച്ചൽ മാര്‍ഷാണ് ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കിയത്.

പിന്നീട് ആറാം വിക്കറ്റിൽ ഫാബിയന്‍ അല്ലെനും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിപ്പിക്കുമെന്നാണ് തോന്നിപ്പിച്ചതെങ്കിലും 19ാം ഓവറിന്റെ അവസാന പന്തിൽ 14 പന്തിൽ 29 റൺസ് നേടിയ ഫാബിയന്‍ അല്ലെന്‍ പുറത്താകുകയായിരുന്നു.

2 ഓവറിൽ 36 റൺസ് വേണ്ട ഘട്ടത്തിൽ റൈലി മെറിഡിത്തിന്റെ ഓവറിൽ നാല് സിക്സര്‍ പറത്തി വിന്‍ഡീസ് ക്യാമ്പിൽ ആഹ്ലാദം നിറച്ചുവെങ്കിലും അവസാന പന്തിൽ അല്ലന്‍ പുറത്തായപ്പോള്‍ 11 റൺസായിരുന്നു അവസാന ഓവറിലെ ലക്ഷ്യം. ക്രീസിൽ അപകടകാരിയായ ആന്‍ഡ്രേ റസ്സൽ നില്‍ക്കുമ്പോള്‍ വിജയം വിന്‍ഡീസിനൊപ്പമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ ഓവറിൽ ആറ് റൺസ് മാത്രമേ വിന്‍ഡീസിന് നേടാനായുള്ളു.

6 വിക്കറ്റ് നഷ്ടത്തിൽ 185/6 എന്ന സ്കോറിലേക്ക് വിന്‍ഡീസ് എത്തിയപ്പോള്‍ റസ്സൽ 13 പന്തിൽ പുറത്താകാതെ റസ്സൽ 24 റൺസുമായി നിന്നു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ മാര്‍ഷ് മൂന്ന് വിക്കറ്റും ആഡം സംപ 2 വിക്കറ്റും നേടി. തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് മാര്‍ഷ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

 

അപരാജിത കുതിപ്പ് തുടര്‍ന്ന് കരീബിയന്‍ ചാമ്പ്യന്മാരായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ചാമ്പ്യന്മാരായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സെയിന്റ് ലൂസിയ സൂക്ക്സിനെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് വീഴ്ത്തിയത്. മികച്ച തുടക്കത്തിന് ശേഷം പൊള്ളാര്‍ഡിന്റെ മികവില്‍ സൂക്ക്സിനെ പിടിച്ച് കെട്ടിയ ശേഷം കിരീടത്തിനായി 155 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോയ്ക്ക് തുടക്കം പിഴച്ചുവെങ്കിലും മൂന്നാം വിക്കറ്റില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്-ഡാരെന്‍ ബ്രാവോ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിച്ചത്. ഈ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലെത്തിക്കുവാനും ഇവര്‍ക്കായി.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് നേടിയത്. അവസാന അഞ്ചോവറില്‍ 45 റണ്‍സെന്ന ലക്ഷ്യം എട്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ നേടേണ്ടിയിരുന്ന ടീമിന് സ്കോട്ട് കുജ്ജെലിന്റെ 16ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ ലക്ഷ്യം അവസാന നാലോവറില്‍ 41 റണ്‍സായി.

സഹീര്‍ ഖാന്‍ എറിഞ്ഞ 17ാം ഓവറില്‍ നിന്ന് മാത്രം ലെന്‍ഡല്‍ സിമ്മണ്‍സും ഡാരെന്‍ ബ്രാവോയും 23 റണ്‍സ് നേടിയതോടെ ലക്ഷ്യം 18 പന്തില്‍ 18 എന്ന നിലയില്‍ മാറി. ഡാരെന്‍ ബ്രാവോ ഓവറില്‍ നിന്ന് രണ്ട് സിക്സുകള്‍ നേടി തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ സിമ്മണ്‍സ് ഒരു ഫോറും സിക്സുമാണ് നേടിയത്.

49 പന്തില്‍ നിന്ന് 8 ഫോറും 4 സിക്സും സഹിതം ലെന്‍ഡല്‍ സിമ്മണ്‍സ് 84 റണ്‍സ് നേടിയപ്പോള്‍ 2 ഫോറും ആറ് സിക്സും അടക്കം 47 പന്തില്‍ നിന്നാണ് ഡാരെന്‍ ബ്രാവോയുടെ 58 റണ്‍സ്. 11 പന്ത് അവശേഷിക്കെ 18.1 ഓവറിലാണ് ടീമിന്റെ എട്ട് വിക്കറ്റ് വിജയം.

നോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് ജമൈക്ക തല്ലാവാസിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്കയെ 107/7 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷമാണ് ട്രിന്‍ബാഗോ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയം ഉറപ്പാക്കിയത്.

സുനില്‍ നരൈനെ തുടക്കത്തില്‍ നഷ്ടമായ ശേഷം അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും 44 റണ്‍സ് നേടിയ ടിയോണ്‍ വെബ്സ്റ്ററിന്റെയും ഇന്നിംഗ്സ് ആണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ലെന്‍ഡല്‍ സിമ്മണ്‍സ് 54 റണ്‍സുമായി പുറത്താകാതെ നിന്നു.

മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പക്ഷേ ശതകം നഷ്ടം, ട്രിന്‍ബാഗോയ്ക്ക് 174റണ്‍സ്

ഇന്ന് തങ്ങളുടെ എട്ടാം വിജയം തേടി ഇറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 174 റണ്‍സ്. തന്റെ ശതകം നാല് റണ്‍സ് അകലെ നഷ്ടമായെങ്കില്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ മിന്നും പ്രകടനമാണ് ഇന്ന് ട്രിന്‍ബാഗോയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

തുടക്കത്തില്‍ സുനില്‍ നരൈന് പകരം ടീമിലെത്തിയ അമീര്‍ ജാങ്കോയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം കോളിന്‍ മണ്‍റോ പരിക്കേറ്റ് പുറത്താകുകയും ചെയ്ത ശേഷം ലെന്‍ഡല്‍ സിമ്മണ്‍സ്-ഡാരെന്‍ ബ്രാവോ കൂട്ടുകെട്ട് നേടിയ 136 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ട്രിന്‍ബാഗോയുടെ ഇന്നിംഗ്സ് മുന്നോട്ട് പോയത്.

സിമ്മണ്‍സ് 63 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയപ്പോള്‍ ഡാരെന്‍ ബ്രാവോ 36 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ ഡൊമിനിക് ഡ്രേക്ക്സ് രണ്ട് വിക്കറ്റ് നേടി ഹാട്രിക്ക് നേട്ടത്തിനരികെ എത്തിയെങ്കിലും സിക്കന്ദര്‍ റാസ താരത്തിന് അത് നിഷേധിച്ചു. ഡ്വെയിന്‍ ബ്രാവോ താന്‍ നേരിട്ട അവസാന പന്ത് സിക്സര്‍ പറത്തി ടീം ംസ്കോര്‍ 174 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.

വിന്‍ഡീസിലെ മറ്റ് താരങ്ങളെ പോലെയല്ല താന്‍, തനിക്ക് അല്പ സമയം ക്രീസില്‍ ചെലവഴിക്കേണ്ടതുണ്ട്

വിന്‍ഡീസ് നിരയിലെ പുതു താരങ്ങളായ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, എവിന്‍ ലൂയിസ് എന്നിവരുടെ ബാറ്റിംഗ് ശൈലിയില്‍ നിന്ന് വിഭിന്നമായ ശൈലിയാണ് തന്റേതെന്ന് പറഞ്ഞ് സ്പോര്‍ട്സ് ഹബ്ബില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ്. ഈ താരങ്ങള്‍ ആദ്യ പന്ത് മുതല്‍ അടിച്ച് കളിക്കുവാന്‍ ശേഷിയുള്ളവരാണെങ്കില്‍ താന്‍ ക്രീസില്‍ സമയം ചെലവഴിച്ച ശേഷം മാത്രമേ അടിച്ച് കളിക്കുകയുള്ളുവെന്ന് സിമ്മണ്‍സ് പറഞ്ഞു.

താന്‍ പഴയ സ്കൂളാണെന്നും ഏറെ നാള്‍ കൂടി വിന്‍ഡീസ് ടീമില്‍ വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും സിമ്മണ്‍സ് പറഞ്ഞു. ഇന്ത്യയില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുക എന്നത് വലിയ വെല്ലുവിലിയാണെന്നും താന്‍ തന്റെ ശൈലിയെയും ടീമിലെ റോളിനെയും വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ ഇന്ത്യയുടെ ലക്ഷ്യം വിന്‍ഡീസ് മറികടന്നു.

അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിനൊപ്പം എവിന്‍ ലൂയിസ്(40), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(23), നിക്കോളസ് പൂരന്‍(38*) എന്നിവരാണ് വിന്‍ഡീസ് വിജയം എളുപ്പത്തിലാക്കിയത്. 45 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് മത്സരത്തില്‍ വിന്‍ഡീസിന് മേല്‍ക്കൈ നേടിക്കൊടുത്തത്.

18 പന്തില്‍ നിന്ന് 38 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമായി ചേര്‍ന്ന് സിമ്മണ്‍സ് 29 പന്തില്‍ നിന്ന് 61 റണ്‍സിന്റെ മികച്ച അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.

റണ്‍ മഴയ്ക്ക് ശേഷം സൂപ്പര്‍ ഓവര്‍, ട്രിന്‍ബാഗോയെ വീഴ്ത്തി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇരു ടീമുകളും 216 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം പാട്രിയറ്റ്സ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്. കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ ഓള്‍റൗണ്ട് മികവാണ് സൂപ്പര്‍ ഓവറിലും ടീമിന് തുണയായത്.

രണ്ട് സിക്സും ഒരു ഫോറും നേടിയ ബ്രാത്‍വൈറ്റിന്റെ മികവില്‍ 18 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ സെയിന്റ് കിറ്റ്സ് നേടിയത്. ബൗളിംഗ് ദൗത്യവും ഏറ്റെടുത്ത ബ്രാത‍വൈറ്റ് ഓവറില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ ട്രിന്‍ബാഗോ തങ്ങളുടെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.

നേരത്തെ അവസാന പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന പാട്രിയറ്റ്സിനെ അവസാന പന്തില്‍ ബൗണ്ടറി നേടി റിയാദ് എമ്രിറ്റാണ് സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ സഹായിച്ചത്. ജെയിംസ് നീഷം എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ടീമിന് 18 റണ്‍സ് മാത്രമേ നേടാനായുള്ളു. 217 റണ്‍സെന്ന് വലിയ ലക്ഷ്യം തേടിയിറങ്ങിയ പാട്രിയറ്റ്സിനെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയത് കാര്‍ലോസ് ബ്രാത്‍വൈറ്റ് 30 പന്തില്‍ നിന്ന് നേടിയ 64 റണ്‍സും 21 പന്തില്‍ നിന്ന് എവിന്‍ ലൂയിസ് നേടിയ 45 റണ്‍സുമായിരുന്നു. ഒപ്പം ഷമാര്‍ ബ്രൂക്ക്സ്(20), റയാദ് എമ്രിറ്റ്(11 പന്തില്‍ 21*) എന്നിവരും തിളങ്ങി. ട്രിന്‍ബാഗോയ്ക്ക് വേണ്ടി ആന്‍ഡേഴ്സണ്‍ ഫിലിപ്പ് മൂന്നും അലി ഖാന്‍ രണ്ടും വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ 45 പന്തില്‍ നിന്ന് 90 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കോളിന്‍ മണ്‍റോ(28), ഡാരെന്‍ ബ്രാവോ(24*), ജെയിംസ് നീഷം(22*) എന്നിവര്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ മികച്ച സ്കോറായ 216ലേക്ക് ടീം എത്തി. പാട്രിയറ്റ്സിന് വേണ്ടി ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി.

റണ്‍ മഴ കണ്ട മത്സരത്തില്‍ വീണ്ടും തോല്‍വിയേറ്റ് വാങ്ങി ജമൈക്ക തല്ലാവാസ്, നാലില്‍ നാലും വിജയിച്ച് ട്രിന്‍ബാഗോ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനോട് റണ്‍ മഴ കണ്ട മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയ ജമൈക്ക തല്ലാവാസ് വീണ്ടും അത്തരത്തിലൊരു മത്സരത്തില്‍ പിന്നില്‍ പോയി. ഇന്നലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോടായിരുന്നു തല്ലാവാസ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 267/2 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ തല്ലാവാസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് മാത്രമേ നേടാനായുള്ളു.

ട്രിന്‍ബാഗോയുടെത് നാല് മത്സരങ്ങളില്‍ നാലാം വിജയമാണിത്. കോളിന്‍ മണ്‍റോ 50 പന്തില്‍ പുറത്താകാതെ 96 റണ്‍സ് നേടിയപ്പോള്‍ 8 സിക്സും 6 ഫോറുമാണ് താരം നേടിയത്. താരത്തിന് പിന്തുണയായി ലെന്‍ഡല്‍ സിമ്മണ്‍സ് 42 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് പുറത്താകാതെ 45 റണ്‍സ് നേടി പൊള്ളാര്‍ഡും റണ്‍ മഴയൊരുക്കി.

മറുപടി ബാറ്റിംഗില്‍ ഗ്ലെന്‍ ഫിലിപ്പ്സ്(32 പന്തില്‍ 62), ക്രിസ് ഗെയില്‍(39), ജാവെല്ലേ ഗ്ലെന്‍(34*), രമാല്‍ ലൂയിസ്(15 പന്തില്‍ പുറത്താകാതെ 37) എന്നിവര്‍ തിളങ്ങിയെങ്കിലും വലിയ ചേസിംഗിനിടെ മധ്യനിരയ്ക്ക് പതറിയത് തല്ലാവാസിന് തിരിച്ചടിയായി. നൈറ്റ് റൈഡേഴ്സിന് വേണ്ടി മുഹമ്മദ് ഹസ്നൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

വിജയം തുടര്‍ന്ന് ട്രിന്‍ബാഗോ, സെയിന്റ് ലൂസിയ സൂക്ക്സിനെ പരാജയപ്പെടുത്തി

സെയിന്റ് ലൂസിയ സൗക്ക്സിനെതിരെ മികച്ച വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് 20 ഓവറില്‍ 167/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സും 38 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ദിനേശ് രാംദിനുമാണ് ട്രിന്‍ബാഗോയുടെ വിജയ ശില്പികള്‍. ദിനേശ് രാംദിനൊപ്പം പുറത്താകാതെ 26 റണ്‍സുമായി കീറണ്‍ പൊള്ളാര്‍ഡും മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് വേണ്ടി ജോണ്‍ കാംപെല്‍ ടോപ് സ്കോറര്‍ ആയെങ്കിലും വേഗത തീരെയില്ലാത്ത ഇന്നിംഗ്സായിരുന്നു താരത്തിന്റേത്. 42 പന്തില്‍ നിന്ന് 43 റണ്‍സാണ് താരം നേടിയത്. റഖീം കോണ്‍വാല്‍ 12 പന്തില്‍ നിന്ന് 33 റണ്‍സുമായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണറായി ടീമിന് നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. അഫ്ഗാന്‍ താരം നജീബുള്ള സദ്രാന്‍ 26 റണ്‍സ് നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 26 റണ്‍സ് നേടി. ജെയിംസ് നീഷം വിജയികള്‍ക്കായി 2 വിക്കറ്റ് വീഴ്ത്തി.

റണ്ണടിച്ച് കൂട്ടി ഹോക്ക്സ്, തിരിച്ചടിച്ച് റോയല്‍സ്, ഓള്‍റൗണ്ട് പ്രകടനവുമായി അഗ സല്‍മാന്‍

400ലധികം റണ്‍സ് പിറന്ന ടി20 മത്സരത്തിനൊടുവില്‍ വിജയികളായി എഡ്മോണ്ടന്‍ റോയല്‍സ്. വിന്നിപെഗ് ഹോക്ക്സിന്റെ 203/5 എന്ന സ്കോറിനെയാണ് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍സ് 3 പന്ത് ശേഷിക്കെ മറികടന്നത്. ലെന്‍ഡല്‍ സിമ്മണ്‍സ്, മാര്‍ക്ക് ദെയാല്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വിന്നിപെഗ് ഹോക്ക്സിനെ മുന്നോട്ട് നയിച്ചത്.

ഡേവിഡ് വാര്‍ണര്‍ വീണ്ടും പരാജയപ്പെട്ട മത്സരത്തില്‍ സിമ്മണ്‍സ്(66), മാര്‍ക്ക് ദെയാല്‍(64) എന്നിവരുടെ വെടിക്കെട്ടുകള്‍ക്ക് പുറമേ 28 പന്തില്‍ 60 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ഒപ്പം കൂടിയപ്പോള്‍ ഹോക്ക്സ് 203 റണ്‍സ് എന്ന കൂറ്റന് ‍സ്കോറിലേക്ക് നീങ്ങി. മുഹമ്മദ് ഇര്‍ഫാന്‍, അഗ സല്‍മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സൊഹൈല്‍ തന്‍വീറിനാണ് ഒരു വിക്കറ്റ്.

മറുപി ബാറ്റിംഗിനിറങ്ങിയ റോയല്‍സിനായി അഗ സല്‍മാന്‍ 73 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ചായി. ആന്‍ഡ്രേ ഫ്ലെച്ചര്‍(47), ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍(62) എന്നിവരും ബാറ്റ് കൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. 3 പന്തില്‍ നിന്ന് രണ്ട് സിക്സ് ഉള്‍പ്പെടെ 13 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയുടെ പ്രകടനവും നിര്‍ണ്ണായകമായി.

അഞ്ച് വിക്കറ്റ് നേടാനായ വിന്നിപെഗ് ബൗളര്‍മാരില്‍ ഫിഡെല്‍ എഡ്വേര്‍ഡ്സ് രണ്ടും കൈല്‍ ഫിലിപ്പ്, ജുനൈദ് സിദ്ധിക്കി, അലിഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version