ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ന്യൂസിലാണ്ട്, ടോം ലാഥമിന് അര്‍ദ്ധ ശതകം

ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാണ്ടിനെ മുന്നില്‍ നിന്ന് നയിച്ച് ടോം ലാഥം. മത്സരത്തിന്റെ രണ്ടാം ദിവസം ശ്രീലങ്കയെ 244 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 103/3 എന്ന നിലയിലായിരുന്നു. 55 റണ്‍സുമായി ടോം ലാഥവും 5 റണ്‍സ് നേടി ഹെന്‍റി നിക്കോളസുമായിരുന്നു ചായ സമയത്ത് ക്രീസില്‍. തുടക്കത്തില്‍ തന്നെ ജീത്ത് റാവലിനെ നഷ്ടമായ ശേഷം പ്രതീക്ഷ നല്‍കിയ കൂട്ടുകട്ടുകള്‍ക്കൊടുവില്‍ കെയിന്‍ വില്യംസണും(20) റോസ് ടെയിലറും(23) പുറത്തായപ്പോളും ടോം ലാഥമാണ് ന്യൂസിലാണ്ടിന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കിയത്.

ദില്‍രുവന്‍ പെരേര, ലസിത് എംബുല്‍ദേനിയ, ലഹിരു കുമര എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റുകള്‍ നേടി.

രണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസ ചായയ്ക്ക് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി ന്യൂസിലാണ്ട്. മത്സരത്തില്‍ വെറും 106 റണ്‍സിന്റെ ലീഡ് മാത്രമാണ് ടീമിന് ലഭിച്ചത്. ജീത്ത് റാവലിനെ ആദ്യമേ നഷ്ടമായ സന്ദര്‍ശകര്‍ക്ക് അധികം വൈകാതെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണെയും നഷ്ടമായി. ഇരു ഇന്നിംഗ്സുകളിലും താരം മോശം ഫോമിലാണ് ബാറ്റ് വീശിയത്.

ടോം ലാഥം 45 റണ്‍സുമായി നിലവില്‍ രണ്ടാം ഇന്നിംഗ്സില്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയി നില കൊള്ളുമ്പോള്‍ ഹെന്‍റി നിക്കോളസ് 26 റണ്‍സ് നേടി പുറത്തായി. 20 റണ്‍സ് നേടി നില്‍ക്കുന്ന ബിജെ വാട്ളിംഗിലാണ് ന്യൂസിലാണ്ടിന്റെ അവശേഷിക്കുന്ന പ്രതീക്ഷ. ലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ മൂന്നും ധനന്‍ജയ ഡി സില്‍വ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സിലെ ബൗളിംഗ് ഹീറോ അകില ധനന്‍ജയയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മൂന്ന് വിക്കറ്റുമായി അകില ധനന്‍ജയ, ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാനുള്ള ന്യൂസിലാണ്ട് മോഹങ്ങള്‍ക്ക് തിരിച്ചടി

ഗോളില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഒന്നാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കാമെന്ന് കരുതിയ ന്യൂസിലാണ്ടിന് തിരിച്ചടി നല്‍കി ശ്രീലങ്ക. ഇന്നിംഗ്സിലെ 27ാം ഓവറില്‍ അകില ധനന്‍ജയ ടോം ലാഥമിനെ പുറത്താക്കിയതോടെ ആദ്യ സെഷനില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുവാനുള്ള അവസരമാണ് ന്യൂസിലാണ്ടിന് ശ്രീലങ്ക നിഷേധിച്ചത്.

അതേ ഓവറില്‍ തന്നെ കെയിന്‍ വില്യംസണെയും പുറത്താക്കി ആദ്യ സെഷന്‍ അകില ധനന്‍ജയ ശ്രീലങ്കയുടെ പേരിലേക്ക് മാറ്റി. ഏതാനും ഓവറുകള്‍ക്ക് ശേഷം ജീത്ത് റാവലിനെയും പുറത്താക്കി അകില ധനന്‍ജയ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ഇതോടെ ഒന്നാം ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് വളരെ കരുതലോടെയാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. ടോം ലാഥവും ജീത്ത് റാവലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് നേടി നില്‍ക്കവെയാണ് 30 റണ്‍സ് നേടിയ ലാഥമിനെ സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. മൂന്ന് പന്തുകള്‍ക്ക് ശേഷം അതേ ഓവറിന്റെ അവസാന പന്തില്‍ കെയിന്‍ വില്യംസണെയും പുറത്താക്കിയതോടെ ന്യൂസിലാണ്ട് വലിയ പ്രതിരോധത്തിലായി. റണ്ണൊന്നുമെടുക്കാതെയാണ് ന്യൂസിലാണ്ട് നായകന്റെ മടക്കം.

അധികം വൈകാതെ 33 റണ്‍സ് നേടിയ റാവലിനെയും അകില ധനന്‍ജയ പുറത്താക്കിയതോടെ 64/0 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് തകര്‍ന്നടിഞ്ഞു.

ന്യൂസിലാണ്ടിന്റെ റണ്ണൊഴുക്കിനെ തടഞ്ഞ് ലിയാം പ്ലങ്കറ്റിന്റെ സ്പെല്‍, ലോകകപ്പ് നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 242 റണ്‍സ്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ടിന് നേടാനായത് 241 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ ഹെന്‍റി നിക്കോളസ് നേടിയ അര്‍ദ്ധ ശതകവും 47 റണ്‍സ് നേടിയ ടോം ലാഥവുമാണ്  ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റും ക്രിസ് വോക്സും 3 വീതം വിക്കറ്റ് നേടി.

മാര്‍ട്ടിന്‍ ഗപ്ടില്‍ 19 റണ്‍സിന് പുറത്തായ ശേഷം കെയിന്‍ വില്യംസണ്‍-ഹെന്‍റി നിക്കോളസ് കൂട്ടുകെട്ട് ടീമിനെ 74 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിച്ചുവെങ്കിലും ലിയാം പ്ലങ്കറ്റിന്റെ ഇരട്ട പ്രഹരങ്ങള്‍ ന്യൂസിലാണ്ടിന്റെ നടുവൊടിച്ചു. 103/1 എന്ന നിലയില്‍ നിന്ന് ടീം 118/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വില്യംസണ്‍ 30 റണ്‍സും ഹെന്‍റി നിക്കോളസ് 55 റണ്‍സുമാണ് നേടിയത്.

അതിന് ശേഷം തന്റെ പതിവ് ശൈലിയില്‍ മെല്ലെ ബാറ്റ് വീശി നിലയുറപ്പിക്കുവാന്‍ ശ്രമിച്ച റോസ് ടെയിലറിനെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അത് ഇറാസ്മസിന്റെ തെറ്റായ തീരുമാനമാണെന്ന് റിപ്ലേയില്‍ തെളിഞ്ഞു. എന്നാല്‍ ന്യൂസിലാണ്ടിന്റെ കൈയ്യില്‍ റിവ്യൂ അവശേഷിക്കാതിരുന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കാനായില്ല. ഏറെ നേരമായി ബൗണ്ടറി നേടുവാന്‍ കഴിയാതെ ഇഴഞ്ഞ് നീങ്ങിയ ന്യൂസിലാണ്ട് ഇന്നിംഗ്സിനു ഈ വിക്കറ്റ് നഷ്ടമായത് ഒരു തരത്തില്‍ തുണയാകുകയായിരുന്നു.

ജെയിംസ് നീഷവും ടോം ലാഥവും ബൗണ്ടറികള്‍ നേടുവാന്‍ തുടങ്ങിയെങ്കിലും 19 റണ്‍സ് നേടിയ നീഷത്തിനെ പുറത്താക്കി ലിയാം പ്ലങ്കറ്റ് തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ലാഥം-ഗ്രാന്‍ഡോം കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ ഇരുനൂറ് കടക്കുവാന്‍ സഹായിച്ചത്. 46 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മത്സരത്തില്‍ നേടിയത്.

16 റണ്‍സ് നേടിയ ഗ്രാന്‍ഡോമിനെ വീഴത്തി ക്രിസ് വോക്സാണ് കൂട്ടുകെട്ട് തകര്‍ത്തത്. 47 റണ്‍സ് നേടിയ ടോം ലാഥമിനെ തന്റെ അര്‍ദ്ധ ശതകത്തിനുള്ള അവസരവും വോക്സ് നിഷേധിച്ചു. ഇന്നിംഗ്സിലെ തന്റെ 3ാം വിക്കറ്റാണ് വോക്സ് നേടിയത്. അവസാന ഓവറില്‍ മാറ്റ് ഹെന്‍റിയെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ തന്റെ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി.

ആധികാരിക ജയവുമായി ഇംഗ്ലണ്ട് സെമിയിലേക്ക്, ന്യൂസിലാണ്ടിന് വിനയായത് റണ്ണൗട്ടുകള്‍

തുടക്കത്ത്ിലെ തകര്‍ച്ചയ്ക്ക് ശേഷം ന്യൂസിലാണ്ടിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുവാനുള്ള ചുമതല കെയിന്‍ വില്യംസണും റോസ് ടെയിലറും നിര്‍വഹിക്കുന്നതിനിടെ ന്യൂസിലാണ്ടിന് വിനയായി റണ്ണൗട്ടുകള്‍. കെയിന്‍ വില്യംസണും(27), റോസ് ടെയിലറും(28) റണ്ണൗട്ട് രൂപത്തില്‍ പുറത്തായ ശേഷം ടോം ലാഥം അര്‍ദ്ധ ശതകം നേടിയെങ്കിലും ഇംഗ്ലണ്ടിന്റെ വലിയ വിജയം തടയുവാന്‍ ന്യൂസിലാണ്ടിനായില്ല. ജയത്തോടെ ഇംഗ്ലണ്ട് സെമി സ്ഥാനം ഉറപ്പാക്കി. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ എതിരാളികളാകുവാനുള്ള സാധ്യത ഏറെയാണ്.

45 ഓവറില്‍ ന്യൂസിലാണ്ട് 186 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 119 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് 3 വിക്കറ്റ് നേടിയപ്പോള്‍ ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരും ഓരോ വിക്കറ്റ് നേടി. 57 റണ്‍സ് നേടിയ ടോം ലാഥം ആണ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍.

ന്യൂസിലാണ്ടിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോം ലാഥം കളിച്ചേക്കില്ല

ശ്രീലങ്കയ്ക്കെതിരെ ജൂണ്‍ 1നു നടക്കുന്ന ന്യൂസിലാണ്ടിന്റെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥം കളിയ്ക്കില്ല. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിശീലന മത്സരത്തിനിടെയാണ് താരത്തിന്റെ കൈവിരലിനു പൊട്ടലേറ്റിരുന്നു. വിക്കറ്റ് കീപ്പിംഗ് ദൗത്യത്തിനിടെ പരിക്കേറ്റ താരത്തെ പിന്‍വലിച്ച് ഉടന്‍ തന്നെ പരിശോധനയ്ക്കായി കണ്ടെത്തിയിരുന്നു. താരം ലോകകപ്പ് സ്ക്വാഡിനൊപ്പം യാത്രയാകുവാന്‍ ഫിറ്റാണെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ താരം ആദ്യ മത്സരത്തിനു മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടോം ബ്ലണ്ടല്‍ ആണ് ടീമിലെ കരുതല്‍ വിക്കറ്റ് കീപ്പര്‍. അതെ സമയം ബാക്ക് അപ്പ് കീപ്പര്‍മാരായി ടിം സീഫെര്‍ട്ടിനെയും ബിജെ വാട്‍ളിംഗിനെയും സ്റ്റാന്‍ഡ്ബൈ പട്ടികയില്‍ ന്യൂസിലാണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്, ലീഡ് 217 റണ്‍സ്

ബംഗ്ലാദേശിനെ 234 റണ്‍സിനു പുറത്താക്കി ഒന്നം ദിവസം 86/0 എന്ന നിലയില്‍ അവസാനിപ്പിച്ച ന്യൂസിലാണ്ട് രണ്ടാം ദിവസം കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം അവസാനിപ്പിക്കുമ്പോള്‍ 451/4 എന്ന നിലയില്‍ 217 റണ്‍സ് ലീഡോടു കൂടിയാണ് ന്യൂസിലാണ്ട് ദിവസം അവസാനിപ്പിച്ചത്. ന്യൂസിലാണ്ടിന്റെ പൂര്‍ണ്ണ ആധിപത്യം കണ്ട ദിവസമാണ് ഇന്ന് നടന്നത്. 4 വിക്കറ്റുകള്‍ ടീമിനു നഷ്ടമായപ്പോള്‍ അതില്‍ മൂന്നെണ്ണം അവസാന സെഷനില്‍ മാത്രമാണ് വീണതെന്നത് തന്നെ എത്രത്തോളം ആധികാരികമായാണ് മറ്റു സെഷനുകളില്‍ ടീം ബാറ്റ് വീശിയതെന്ന് തെളിയിക്കുന്നു.

365 റണ്‍സാണ് രണ്ടാം ദിവസം ന്യൂസിലാണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ജീത്ത് റാവല്‍ തന്റെ കന്നി ശതകം നേടിയപ്പോള്‍ ടോം ലാഥവും ശതകം നേടിയാണ് മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 254 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 132 റണ്‍സ് നേടിയ റാവലിനെ മഹമ്മദുള്ളയാണ് പുറത്താക്കിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ 79 റണ്‍സ് കെയിന്‍ വില്യംസണൊപ്പം നേടിയ ശേഷം ടോം ലാഥവും മടങ്ങിയപ്പോള്‍ 161 റണ്‍സാണ് താരം നേടിയത്.

റോസ് ടെയിലറെ ന്യൂസിലാണ്ടിനു വേഗത്തില്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ 100 റണ്‍സ് നേടി ഹെന്‍റി നിക്കോളസ്-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് ലീഡ് 200 കടത്തി. 53 റണ്‍സ് നേടിയ നിക്കോളസ് രണ്ടാം ദിവസം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പുറത്താകുകയായിരുന്നു. 93 റണ്‍സുമായി കെയിന്‍ വില്യംസണ്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്.

ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ രണ്ടും മെഹ്ദി ഹസന്‍, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മാത്രം

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 88 റണ്‍സിന്റെ വിജയം ആതിഥേയര്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ഹെന്‍റി നിക്കോളസ്(64), ടോം ലാഥം(59) എന്നിവര്‍ക്കൊപ്പം ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് അനായാസം മുന്നൂറ് കടക്കുകയായിരുന്നു. 37 വീതം റണ്‍സാണ് നീഷവും ഗ്രാന്‍ഡോമും നേടിയത്. ഗ്രാന്‍ഡോം 15 പന്ത് നേരിട്ട് പുറത്താകാതെ നിന്നു. മിച്ചല്‍ സാന്റനര്‍ 9 പന്തില്‍ നിന്ന് പുറത്താകാതെ 16 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ ടിം സൗത്തി തകര്‍ത്തെറിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയ സൗത്തി തന്റെ അടുത്ത ഓവറില്‍ ലിറ്റണ്‍ ദാസിനെയും മടക്കി. തകര്‍ച്ചയില്‍ നിന്ന് മുഹമ്മദ് സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശിനെ രക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയത്. മെഹ്ദി ഹസനും 37 റണ്‍സുമായി പൊരുതി നോക്കി.

സബ്ബിര്‍ റഹ്മാന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 102 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ 44 റണ്‍സ് നേടി പുറത്തായി. ന്യൂസിലാണ്ടിനു വേണ്ടി സൗത്തി ആറും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റാണ് നേടിയത്.

ശതകം നേടാനാകാതെ റോസ് ടെയിലര്‍, ടീം 243 റണ്‍സിനു പുറത്ത്

റോസ് ടെയിലറും ടോം ലാഥവും ഒഴിക്കെ മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 243 റണ്‍സ് മാത്രം നേടി ന്യൂസിലാണ്ട്. ഇന്ന് ബേ ഓവലില്‍ നടന്ന മത്സരത്തില്‍ റോസ് ടെയിലര്‍ 93 റണ്‍സ് നേടിയപ്പോള്‍ ടോം ലാഥം 51 റണ്‍സ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള നാലാം വിക്കറ്റിലെ കൂട്ടുകെട്ട് മാത്രമാണ് ന്യൂസിലാണ്ട് നിരയിലെ ശ്രദ്ധേയമായ പ്രകടനം. 119 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

ലാഥമിനെ ചഹാല്‍ പുറത്താക്കിയതോടെ വീണ്ടും ന്യൂസിലാണ്ടിന്റെ ബാറ്റിംഗ് നിര തകരുന്നതാണ് കണ്ടത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ അടുത്തടുത്ത ഓവറുകളില്‍ ഹെന്‍റി നിക്കോളസിനെയും മിച്ചല്‍ സാന്റനറെയും പുറത്താക്കി ന്യൂസിലാണ്ടിനെ വരിഞ്ഞു കെട്ടുകയായിരുന്നു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലും(13), ഡഗ് ബ്രേസ്വെല്ലും(15), ഇഷ് സോധി(12) എന്നിവര്‍ മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയും യൂസുവേന്ദ്ര ചഹാലും ഭുവനേശ്വര്‍കുമാറും രണ്ട് വീതം വിക്കറ്റും നേടി.

സാന്റനര്‍ സര്‍പ്രൈസുമായി ന്യൂസിലാണ്ട്, ഇന്ത്യ ഏകദിനങ്ങള്‍ക്കായി മടങ്ങിയെത്തി കോളിന്‍ ഡി ഗ്രാന്‍ഡോമും ലാഥവും

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. ശ്രീലങ്ക ഏകദിനത്തിനിടെ പരിക്കേറ്റ ജെയിംസ് നീഷത്തിനു പകരമാണ് ഗ്രാന്‍ഡോം എത്തുന്നത്. അതേ സമയം ടിം സീഫെര്‍ടിനു പകരം ടോം ലാഥവും ടീമിലേക്ക് മടങ്ങിയെത്തുന്നു.

മാര്‍ച്ച് 2018ല്‍ അവസാനമായി ഏകദിനം കളിച്ച മിച്ചല്‍ സാന്റനര്‍ക്കും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. നീഷവും പരിക്കേറ്റ മറ്റൊരു താരം ടോഡ് ആസ്ട‍ലെയും അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ടീമിലുണ്ടാവുമെന്നാണ് കരുതുന്നത്.

സ്ക്വാ‍ഡ്: കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രേസ്‍വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോളസ്, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയിലര്‍

റണ്‍ മലയൊരുക്കി ന്യൂസിലാണ്ട്, ശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 660 റണ്‍സ്

ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് തകര്‍ച്ചയുടെ കടം വീട്ടി ന്യൂസിലാണ്ട്. രണ്ടാം ഇന്നിംഗ്സില്‍ 585 റണ്‍സ് നേടി ടീം ശ്രീലങ്കയ്ക്ക് മുന്നില്‍ അപ്രാപ്യമായൊരു ലക്ഷ്യമാണ് നല്‍കിയിരിക്കുന്നത്. മത്സരത്തില്‍ വിജയിക്കുവാന്‍ ശ്രീലങ്ക 660 റണ്‍സാണ് നേടേണ്ടത്. ഇന്നലത്തെ 231/2 എന്ന സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് മൂന്നാം ദിവസം 585/4 എന്ന സ്കോറില്‍ ഡിക്ലയ്ര‍ ചെയ്യുകയായിരുന്നു.

ടോം ലാഥം(176), ഹെന്‍റി നിക്കോളസ്(162*) എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം അടിച്ച് തകര്‍ത്ത് സ്കോറിംഗ് നടത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോമും(71*) ചേര്‍ന്നാണ് ന്യൂസിലാണ്ടിനായി റണ്‍ മല ഒരുക്കിയത്. റോസ് ടെയിലറും(40), ജീത്ത് റാവലും(74), കെയിന്‍ വില്യംസണും(48) ന്യൂസിലാണ്ടിന്റെ പ്രധാന സ്കോറര്‍മാരായി.

ശ്രീലങ്കയ്ക്കായി ലഹിരു കുമര രണ്ടും ദുഷ്മന്ത ചമീര, ദില്‍രുവന്‍ പെരേര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മിന്നല്‍ പിണരായി ബോള്‍ട്ട്, ശ്രീലങ്ക തകര്‍ന്നു, രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുന്നു

ക്രൈസ്റ്റ്ചര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ഒന്നാം ദിവസത്തെ സ്കോറായ 88/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയെ ട്രെന്റ് ബോള്‍ട്ട് ചുരുട്ടിക്കെട്ടുകയായിരുന്നു. ആറ് വിക്കറ്റ് താരം നേടിയപ്പോള്‍ 41 ഓവറില്‍ 104 റണ്‍സിനു ശ്രീലങ്ക ഓള്‍ഔട്ട് ആയി. 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ കുതിയ്ക്കുകയാണ്.

33 റണ്‍സ് നേടിയ ആഞ്ചലോ മാത്യൂസ് പുറത്താകാതെ നിന്നപ്പോള്‍ ഇന്ന് വീണ ആറ് വിക്കറ്റും ബോള്‍ട്ടാണ് നേടിയത്. തന്റെ മൂന്ന് ഓവറുകളിലായാണ് അവശേഷിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റുകള്‍ ബോള്‍ട്ട് വീഴ്ത്തിയത്. ഇന്നിംഗ്സിലെ അവസാന നാല് വിക്കറ്റുകളും സമാനമായ രീതിയില്‍ വിക്കറ്റിനു മുന്നില്‍ ബാറ്റ്സ്മാന്മാരെ കുടുക്കിയാണ് താരം സ്വന്തമാക്കിയത്. ഈ നാല് വിക്കറ്റുകളില്‍ ആരും തന്നെ അക്കൗണ്ട് തുറന്നിരുന്നില്ല.

രണ്ടാം ഇന്നിംഗ്സില്‍ 231/2 എന്ന നിലയിലാണ് ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് കൂട്ടിയത്. 74 റണ്‍സ് നേടിയ ജീത്ത് റാവലിനെയും 48 റണ്‍സ് നേടിയ കെയിന്‍ വില്യംസണിനെയും ന്യൂസിലാണ്ടിനു നഷ്ടമായപ്പോള്‍ 74 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ടോം ലാഥമിനു കൂട്ടായി 25 റണ്‍സ് നേടിയ റോസ് ടെയിലറാണ് ഒപ്പമുള്ളത്. മത്സരത്തില്‍ 305 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ന്യൂസിലാണ്ടിനുള്ളത്.

Exit mobile version