മിന്നല്‍ പിണരായി ബോള്‍ട്ട്, ശ്രീലങ്ക തകര്‍ന്നു, രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുന്നു

ക്രൈസ്റ്റ്ചര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ഒന്നാം ദിവസത്തെ സ്കോറായ 88/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയെ ട്രെന്റ് ബോള്‍ട്ട് ചുരുട്ടിക്കെട്ടുകയായിരുന്നു. ആറ് വിക്കറ്റ് താരം നേടിയപ്പോള്‍ 41 ഓവറില്‍ 104 റണ്‍സിനു ശ്രീലങ്ക ഓള്‍ഔട്ട് ആയി. 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ കുതിയ്ക്കുകയാണ്.

33 റണ്‍സ് നേടിയ ആഞ്ചലോ മാത്യൂസ് പുറത്താകാതെ നിന്നപ്പോള്‍ ഇന്ന് വീണ ആറ് വിക്കറ്റും ബോള്‍ട്ടാണ് നേടിയത്. തന്റെ മൂന്ന് ഓവറുകളിലായാണ് അവശേഷിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റുകള്‍ ബോള്‍ട്ട് വീഴ്ത്തിയത്. ഇന്നിംഗ്സിലെ അവസാന നാല് വിക്കറ്റുകളും സമാനമായ രീതിയില്‍ വിക്കറ്റിനു മുന്നില്‍ ബാറ്റ്സ്മാന്മാരെ കുടുക്കിയാണ് താരം സ്വന്തമാക്കിയത്. ഈ നാല് വിക്കറ്റുകളില്‍ ആരും തന്നെ അക്കൗണ്ട് തുറന്നിരുന്നില്ല.

രണ്ടാം ഇന്നിംഗ്സില്‍ 231/2 എന്ന നിലയിലാണ് ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് കൂട്ടിയത്. 74 റണ്‍സ് നേടിയ ജീത്ത് റാവലിനെയും 48 റണ്‍സ് നേടിയ കെയിന്‍ വില്യംസണിനെയും ന്യൂസിലാണ്ടിനു നഷ്ടമായപ്പോള്‍ 74 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ടോം ലാഥമിനു കൂട്ടായി 25 റണ്‍സ് നേടിയ റോസ് ടെയിലറാണ് ഒപ്പമുള്ളത്. മത്സരത്തില്‍ 305 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ന്യൂസിലാണ്ടിനുള്ളത്.

Exit mobile version