ശ്രദ്ധ നാളത്തെ മത്സരത്തെക്കുറിച്ച്, ക്വാറന്റീനെക്കുറിച്ച് പരാതി പറയാനില്ല – അജിങ്ക്യ രഹാനെ

ടീമെന്ന നിലയില്‍ ഇന്ത്യയുടെ ശ്രദ്ധ സിഡ്നിയില്‍ നാളെ ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തെക്കുറിച്ചാണെന്നും ക്വാറന്റീനെക്കുറിച്ച് പരാതി പറയാനില്ലെന്നും പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഓസ്ട്രേലിയയില്‍ പുറത്ത് ജീവിതം സാധാരണ രീതിയില്‍ പോകുമ്പോള്‍ താരങ്ങള്‍ ക്വാറന്റീനില്‍ കഴിയണമെന്ന കാര്യം വലിയ വെല്ലുവിളിയാണെങ്കിലും തങ്ങളെ അത് അലട്ടുന്നില്ലെന്ന് അജിങ്ക്യ രഹാനെ വ്യക്തമാക്കി.

നാലാമത്തെ ടെസ്റ്റ് ഉപേക്ഷിച്ച് ഇന്ത്യ പരമ്പര ഒഴിവാക്കണമോ എന്ന ചോദ്യത്തിനോട് ബിസിസിഐയും ടീം മാനേജ്മെന്റും എന്ത് തീരുമാനിക്കുന്നുവോ അത് താരങ്ങള്‍ പാലിക്കുമെന്നും രഹാനെ മറുപടി പറഞ്ഞു. സിഡ്നി ടെസ്റ്റില്‍ മികച്ച പ്രകടനവും മികച്ച ക്രിക്കറ്റും പുറത്തെടുക്കണമെന്നത് മാത്രമാണ് ഇപ്പോള്‍ ടീമിന്റെ ശ്രദ്ധയെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

Exit mobile version