കാറപടകത്തില്‍ പരിക്കേറ്റ് ഒഷെയ്ന്‍ തോമസ്

കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന്‍ തോമസ്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ടി20 പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി സെലക്ഷന് ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. അത് നടക്കുന്നില്ലെങ്കില്‍ താരത്തിന്റെ അടുത്ത ദൗത്യം ഐപിഎല്‍ ആയിരിക്കും. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് തോമസ് കളിക്കുന്നത്.

താരം അപകടശേഷവും സ്വബോധത്തിലായിരുന്നുവെന്നും പ്രതികരിക്കുന്നുണ്ടായിരുന്നുവെന്നാണ് വിന്‍ഡീസ് പ്ലേയേഴ്സ് അസോസ്സിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. താരം വേഗം സുഖം പ്രാപിക്കട്ടേയെന്നും അസോസ്സിയേഷന്‍ അറിയിച്ചു.

30 പന്തില്‍ 75 റണ്‍സുമായി റഖീം കോണ്‍വാല്‍, സൂക്സ് ജയം

ജമൈക്ക തല്ലാവാസിനെ വീണ്ടുമൊരു പരാജയത്തിലേക്ക് തള്ളിയിട്ട് സെയിന്റ് ലൂസിയ സൂക്സ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ സൂക്ക്സ് 16.4 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ടീമിനും അഞ്ച് വിക്കറ്റാണ് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ റഖീം കോണ്‍വാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് നേടിയ മിന്നും തുടക്കമാണ് അനായാസ വിജയത്തിലേക്ക് സൂക്ക്സിനെ നയിച്ചത്. 8.4 ഓവറില്‍ 111 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് തകര്‍ന്നത്.

30 പന്തില്‍ 75 റണ്‍സ് നേടിയ റഖീം 8 സിക്സും 4 ഫോറും നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 25 റണ്‍സ് നേടി. തല്ലാവാസിന് വേണ്ടി ഒഷെയ്ന്‍ തോമസ് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജമൈക്കയ്ക് വേണ്ടി ഗ്ലെന്‍ ഫിലിപ്പ്സ്(58), റോവ്മന്‍ പവല്‍(44) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ആന്‍ഡ്രേ റസ്സലിന് പരിക്കേറ്റത് ടീമിന്റെ 200 കടക്കുക എന്ന സാധ്യതകളെ തടസ്സപ്പെടുത്തി. ഷമാര്‍ സ്പ്രിംഗര്‍(14*), ഡെര്‍വാല്‍ ഗ്രീന്‍(17*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 170 റണ്‍സിലേക്ക് നയിച്ചത്. ഒബേദ് മക്കോയ്, ഫവദ് അഹമ്മദ് എന്നിവര്‍ സൂക്ക്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യ ലോകകപ്പ് മത്സരത്തിനെക്കുറിച്ച് അധികം സമ്മര്‍ദ്ദമില്ലായിരുന്നു

ഒരു യുവതാരമെന്ന നിലയില്‍ തനിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചതെന്ന് അറിയിച്ച് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഒഷെയ്‍ന്‍ തോമസ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സില്‍ നിന്ന് ട്രോഫി ലഭിച്ചത് തന്നെ തനിക്ക് വലിയ അംഗീകാരമായി ആണ് കരുതുന്നതെന്നും ഒഷെയ്‍ന്‍ തോമസ് പറഞ്ഞു. തനിക്ക് തലേ ദിവസം നല്ല രീതിയില്‍ ഉറക്കം കിട്ടിയെന്നും ആദ്യ ലോകകപ്പ് മത്സരമെന്ന ചിന്ത തന്നെ അലട്ടുന്നില്ലായിരുന്നുവെന്നും തോമസ് പറഞ്ഞു.

ആന്‍ഡ്രേ റസ്സലിന്റെ ആക്രമോത്സുകമായ ബൗളിംഗ് ആണ് ടീമിനു കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നും ഒഷെയ്ന്‍ അഭിപ്രായപ്പെട്ടു. റസ്സല്‍ വളരെ വേഗത്തിലുള്ള ബൗണ്‍സറുകളിലൂടെ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുകകയായിരുന്നുവെന്നും പിന്നീട് വന്ന ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും ഒഷെയ്‍ന്‍ വ്യക്തമാക്കി.

113 റണ്‍സിനു ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റുമായി ഒഷെയ്ന്‍ തോമസ്

നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ടീം വെറും 28.1 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഒഷെയ്ന്‍ തോമസ് അഞ്ച് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

23 റണ്‍സ് നേടിയ അലക്സ് ഹെയില്‍സും ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ഇംഗ്ലണ്ട് നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായി. പരമ്പരയില്‍ 2-1നു ഇംഗ്ലണ്ടാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്.

ആന്റിഗ്വയില്‍ പേസ് കരുത്ത് വര്‍ദ്ധിപ്പിച്ച് വിന്‍ഡീസ്

ആന്റിഗ്വയില്‍ ജനുവരി 31നു ആരംഭിക്കുന്ന വിന്‍ഡീസ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ പേസ് കരുത്ത് വര്‍ദ്ധിപ്പിച്ച് ആതിഥേയര്‍. ടീമിലേക്ക് ഒഷെയ്ന്‍ തോമസിനെക്കൂടി ചേര്‍ത്താണ് വിന്‍ഡീസ് പരമ്പര സ്വന്തമാക്കുവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. നേരത്തെ ബാര്‍ബഡോസ് ടെസ്റ്റില്‍ അല്‍സാരി ജോസഫിനു കരുതലെന്ന നിലയില്‍ വിന്‍ഡീസ് ഒഷെയ്നെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ സ്ക്വാഡിന്റെ ഭാഗമായി തന്നെ താരത്തെ എടുത്തിരിക്കുകയാണ്.

വിന്‍ഡീസിനായി നാല് ഏകദിനങ്ങളിലും ആറ് ടി20കളിലും കളിച്ചിട്ടുള്ള താരമാണ് ഒഷെയ്ന്‍ തോമസ്.

പേസ് കരുത്ത് വര്‍ദ്ധിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്, ഒഷെയ്‍ന്‍ തോമസ് ടീമില്‍

രാജസ്ഥാന്റെ പേസ് ബാറ്ററിയ്ക്ക് കരുത്തേകാന്‍ ഒഷെയ്ന്‍ തോമസും എത്തുന്നു. നിലവില്‍ ജയ്ദേവ് ഉനഡ്കടും വരുണ്‍ ആരോണിനെയും സ്വന്തമാക്കിയ സംഘം വിന്‍ഡീസിന്റെ പേസ് ബൗളിംഗ് സൂപ്പര്‍ താരത്തെയും സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 1 കോടി പത്ത് ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

താരത്തെ സ്വന്തമാക്കുവാനുള്ള കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ശ്രമങ്ങളെയാണ് ലേലത്തില്‍ രാജസ്ഥാന്‍ മറികടന്നത്. പേസ് ബൗളിംഗ് കോച്ചായി സ്റ്റെഫാന്‍ ജോണ്‍സിനെ എത്തിച്ച ഫ്രാഞ്ചൈസിയുടെ കീഴിലിപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കൊപ്പം ഇന്ന് നേടിയ താരങ്ങള്‍ കൂടിയാകുമ്പോള്‍ ടീം അതിശക്തമാവും.

ഒഷെയ്‍ന്‍ തോമസ് ഒരു ജോയല്‍ ഗാര്‍ണറോ മൈക്കിള്‍ ഹോള്‍ഡിംഗോ ആവും

21 വയസ്സില്‍ തീ തുപ്പുന്ന പന്തുകളാണ് ഒഷെയ്‍ന്‍ തോമസ് എറിയുന്നത്. ഏകദിനത്തിലും ഇതേ പേസില്‍ എറിഞ്ഞ തോമസ് ടി20 അരങ്ങേറ്റത്തില്‍ കൂടുതല്‍ അപകടകാരിയായി തോന്നിപ്പിച്ചു. കൊല്‍ക്കത്തയില്‍ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നുവെങ്കിലും ഇന്ത്യയെ പ്രതിരോധത്തിലാക്കുവാന്‍ തോമസിനും കാര്‍ലോസ് ബ്രാത്‍വൈറ്റിനും അടങ്ങിയ വിന്‍ഡീസ് ബൗളിംഗ് നിരയ്ക്കായി.

തനിക്ക് ലഭിയ്ക്കുന്ന അവസരങ്ങളുടെ മൂല്യം ഒഷെയ്‍ന്‍ തോമസിനു അറിയാമെന്നും താരം ഇതുപോലെ തന്നെ ശക്തമായി മുന്നോട്ട് പോകുകയാണെങ്കില്‍ വിന്‍ഡീസ് ക്രിക്കറ്റിനു താരത്തിനെ മറ്റൊരു ജോയല്‍ ഗാര്‍ണറോ മൈക്കിള്‍ ഹോള്‍ഡിംഗോ ആക്കി വളര്‍ത്തിയെടുക്കാനാകുമെന്നാണ് വിന്‍ഡീസ് ടി20 നായകന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് ഒഷെയ്ന്‍ തോമസിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

താരത്തിന്റെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യുന്നതാണ് ഏറെ പ്രാധാന്യമെന്ന തിരിച്ചറിവു വിന്‍ഡീസ് ബോര്‍ഡിനും ടീം മാനേജ്മെന്റിനും ഉണ്ടായാല്‍ ഭാവിയിലെ ഏറ്റവും അപകടകാരിയായി മാറിയേക്കാവുന്ന വിന്‍ഡീസിന്റെ പഴയ പ്രതാപകാല പേസ് ബൗളിംഗിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു താരമായി ക്രിക്കറ്റ് ലോകത്തെ ആരാധകരെ ത്രസിപ്പിക്കുവാന്‍ ഒഷെയ്ന്‍ തോമസിനു ആവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒഷെയ്‍ന്‍ തോമസിനെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ്മ

വിന്‍ഡീസിനു ആദ്യ ടി20യിലും തോല്‍വിയായിരുന്നു ഫലമെങ്കിലും പൊരുതി തന്നെയാണ് സന്ദര്‍ശകര്‍ ഇന്നലെ കൊല്‍ക്കത്തയിലെ മത്സരത്തില്‍ കീഴടങ്ങിയത്. 109 റണ്‍സ് മാത്രം നേടി ബാറ്റ്സ്മാന്മാര്‍ കൈവിട്ടുവെങ്കിലും ഇന്ത്യയെ വിറപ്പിച്ച് ശേഷം മത്സരത്തില്‍ വിന്‍ഡീസ് പിന്നോട്ട് പോയത്. ഇന്ത്യയെ 45/4 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയ വിന്‍ഡീസ് നിരയില്‍ ഏറെ ബൗളര്‍മാരും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ക്രുണാല്‍ പാണ്ഡ്യ ക്രീസിലെത്തിയ ശേഷമാണ് ഇന്ത്യയുടെ വിജയം വേഗത്തിലായത്. ഒപ്പം ദിനേശ് കാര്‍ത്തിക്കിന്റെ മികച്ച ബാറ്റിംഗും.

അതേ സമയം ഒഷെയ്ന്‍ തോമസിന്റെ ബൗളിംഗിനെ വാനോളം പുകഴ്ത്തുകയായിരുന്നു രോഹിത് ശര്‍മ്മ. ഒഷെയ്ന്‍ മികച്ചൊരു പ്രതിഭയാണെന്നും താരം ഫോമില്‍ പന്തെറിയുകയാണെങ്കില്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഒഷെയ്ന്‍ തോമസിന്റെ ബൗളിംഗിനെ പ്രതിരോധിയ്ക്കാനും ആകില്ലെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. താരത്തിന്റെ ഉയരത്തിന്റെ ആനുകൂല്യവും ബൗളിംഗില്‍ തുണയാകുന്നുണ്ടെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്കെതിരെ ഒഴികെ താരത്തിനു ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ ഇടയാകട്ടെ എന്നാണ് രോഹിത് പറഞ്ഞത്.

അനന്തപുരിയില്‍ ഇന്ത്യയുടെ ഭാഗ്യം, നഷ്ടം ഒഷെയ്ന്‍ തോമസിനു

അനന്തപുരിയില്‍ ഇന്ത്യ ആധികാരിക വിജയം കുറിച്ചപ്പോളും ഇന്ത്യയ്ക്ക് തുണയായി ഭാഗ്യം ബാറ്റിംഗ് സമയത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. ഗ്രൗണ്ടിലെ ക്ലോക്കില്‍ മണി അഞ്ച് അടിച്ചപ്പോള്‍ കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് ജയം കുറിയ്ക്കുകയായിരുന്നു. വിന്‍ഡീസിനെ 104 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു.

ഒഷെയ്‍ന്‍ തോമസ് ശിഖര്‍ ധവാനെ രണ്ടാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ആറ് റണ്‍സ്. തൊട്ടടുത്ത തന്റെ ഓവറില്‍ ഒഷെയ്‍ന്‍ തോമസ് ആദ്യ പന്തില്‍ തന്നെ കോഹ്‍ലിയെ ആദ്യ സ്ലിപ്പില്‍ ജേസണ്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചുവെങ്കിലും വിന്‍ഡീസ് നായകന് ഇന്ത്യന്‍ നായകനെ കൈപ്പിടിയിലൊതുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ പന്ത് ബൗണ്ടറി കടന്നു.

മത്സരത്തിലെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ കീപ്പര്‍ ഷായി ഹോപിന്റെ കൈയില്‍ രോഹിത് ശര്‍മ്മയെ എത്തിച്ച് ഒഷെയ്‍ന്‍ തോമസ് തന്റെ ആഘോഷം തുടങ്ങിയെങ്കിലും അമ്പയറുടെ സിഗ്നല്‍ കണ്ട് തിരുവനന്തപുരത്തെ കാണികള്‍ ആഘോഷഭരിതരാകുകയായിരുന്നു. ഓവര്‍ സ്റ്റെപ്പിംഗിനു നോ ബോള്‍ വിളിച്ചപ്പോള്‍ വീണ്ടും ഒരു പ്രാവശ്യം കൂടി ഇന്ത്യയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. 8 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 40 ആയിരുന്നു. ഇതിനു ശേഷമാണ് രോഹിത് ശര്‍മ്മ കൂടുതല്‍ ആക്രമിച്ചു കളിക്കുവാന്‍ ആരംഭിച്ചത്.

അടുത്ത പന്തിലെ ഫ്രീ ഹിറ്റ് അവസരം മുതലാക്കുവാന്‍ രോഹിത് ആഞ്ഞടിച്ചുവെങ്കിലും എക്സ്ട്രാ കവറില്‍ ഹെറ്റ്മ്യര്‍ ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും താരം ഒരു റണ്‍സ് നേടി അടുത്ത ഓവറിലേക്ക് സ്ട്രൈക്ക് സ്വന്തമാക്കി. ഇതിനു ശേഷം ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ഒരവസരം പോലും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. വിന്‍ഡീസ് ബൗളര്‍മാരില്‍ വിക്കറ്റ് നേട്ടത്തിലും ക്യാച്ച് കൈവിടുമ്പോളും നോബോള്‍ എറിഞ്ഞുമെല്ലാം ഒഷെയ്ന്‍ തോമസ് തന്നെയായിരുന്നു മത്സരത്തില്‍ സജീവമായ നിന്ന താരം.

Exit mobile version