കേരളത്തിന്റെ സ്കോറിന് മാന്യത പകര്‍ന്ന് നിധീഷ്-അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ട്

മുംബൈയ്ക്കെതിരെ ബാറ്റിംഗ് തുടക്കത്തില്‍ പാളിയെങ്കിലും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തില്‍ 199 റണ്‍സാണ് കേരളം നേടിയത്. ഒരു ഘട്ടത്തില്‍ കേരളം 130/8 എന്ന നിലയിലേക്ക് വീണ ശേഷമാണ് 68 റണ്‍സ് നേടി കേരളത്തെ മുന്നോട്ട് നയിക്കുവാന്‍ ഈ കൂട്ടുകെട്ടിനായത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്നിംഗ്സിന്റെ അവസാനത്തോടെ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് കേരളത്തെ ഓള്‍ഔട്ട് ആക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 199 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്കോറര്‍. നിധീഷ് എംഡി 40 റണ്‍സ് നേടി. അക്ഷയ് ചന്ദ്രനെ(29) പുറത്താക്കിയാണ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈ തകര്‍ത്തത്. മൂന്ന് പന്തുകള്‍ക്ക് ശേഷം നിധീഷും പുറത്തായതോടെ കേരളത്തിന്റെ ചെറുത്ത്നില്പ് അവസാനിച്ചു.

38 റണ്‍സ് നേടിയ രാഹുല്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്ത് നില്പാണ് കേരളത്തെ നൂറ് കടക്കുവാന്‍ സഹായിച്ചത്. 82/5 എന്ന നിലയില്‍ നിന്ന് ടീം സ്കോര്‍ 120ലേക്ക് ഇരുവരും നയിച്ചുവെങ്കിലും ഇരുവരെയും അടുത്തടുത്ത് നഷ്ടമായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.

48.4 ഓവറില്‍ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂറും ധവാല്‍ കുല്‍ക്കര്‍ണ്ണിയും മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ധ്രുമില്‍ മട്കര്‍ രണ്ട് വിക്കറ്റും നേടി.

മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. 82/5 എന്ന നിലയിലേക്ക് വീണ കേരളത്തെ ആറാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനും രാഹുല്‍ പിയും ചേര്‍ന്ന് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 22 ഓവറില്‍ 107/5 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 25 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ സഞ്ജു സാംസണെയും സച്ചിന്‍ ബേബിയെയും തുടക്കത്തിലെ നഷ്ടമായ കേരളത്തിന് 45 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ ബാറ്റിംഗാണ് ആശ്വാസമായത്.

മുംബൈയ്ക്ക് വേണ്ടി ശര്‍ദ്ധുല്‍ താക്കൂര്‍ രണ്ടും ധവാല്‍ കുല്‍ക്കര്‍ണ്ണി, മുല്‍സാനി, ശിവം ഡുബേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

വിജയ് ഹസാരെ ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ നായകന്‍. മുന്‍ നായകന്മാരായ സച്ചിന്‍ ബേബിയും സഞ്ജു സാംസണും ടീമിലുണ്ട്. സെപ്റ്റംബര്‍ 25ന് ചത്തീസ്ഗഢുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളത്തിന്റെ മത്സരങ്ങളെല്ലാം ബാംഗ്ലൂരിലാണ് നടക്കുന്നത്. സൗരാഷ്ട്ര, ആന്ധ്ര, മുംബൈ, ജാര്‍ഖണ്ഡ്, ഗോവ, ഹൈദ്രാബാദ്, കര്‍ണ്ണാടക എന്നീ ടീമുകളാണ് ചത്തീസ്ഗഢിന് പുറമെ കേരളത്തിന്റെ എതിരാളികള്‍.

കേരള ടീം: റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്സേന, രാഹുല്‍ പി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ആസിഫ് കെഎം, നിധീഷ് എംഡി, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്

റോബിൻ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റൻ

മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റനാവും. അടുത്ത മാസം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും തുടർന്ന് നടക്കുന്ന സയ്ദ് മുഷ്‌താഖ്‌ അലി ടി20യിലും ഉത്തപ്പ തന്നെയാവും കേരളത്തെ നയിക്കുക. കഴിഞ്ഞ മാസം ബംഗളുരുവിൽ വെച്ച് നടന്ന തിമ്മപ്പയ് മെമ്മോറിയൽ ടൂർണമെന്റിൽ ഹിമാചൽ പ്രാദേശിനെതിരെ ഉത്തപ്പ കേരളത്തെ നയിച്ചിരുന്നു.

അതെ സമയം രഞ്ജി ട്രോഫിയിൽ കേരളത്തെ നയിക്കുന്നത് ആരായിരിക്കുമെന്ന് ഇതുവരെ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനം എടുത്തിട്ടില്ല. നിലവിൽ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ക്യാപ്റ്റൻ. രഞ്ജിയിൽ മികച്ച പ്രകടനം സച്ചിൻ ബേബിക്ക് കീഴിൽ കേരളം പുറത്തെടുത്തെങ്കിലും നിശ്ചിത ഓവർ മത്സരങ്ങളിൽ കേരളത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.  വിജയ് ഹസാരെ ട്രോഫിയിലെയും സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിലെയും ഉത്തപ്പയുടെ പ്രകടനം ആശ്രയിച്ചാവും രഞ്ജിയിലെ കേരള ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിക്കുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

റോബിന്‍ ഉത്തപ്പ കേരളത്തിന്റെ സാധ്യത സ്ക്വാഡില്‍, യുവ താരം വത്സല്‍ ഗോവിന്ദും പട്ടികയില്‍

2019-20 സീസണിലേക്കുള്ള കേരളത്തിന്റെ സാധ്യത പട്ടിക പുറത്ത് വിട്ടു. മുന്‍ കര്‍ണ്ണാടക താരം റോബിന്‍ ഉത്തപ്പ കേരളത്തിന്റെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി രഞ്ജിയില്‍ മികച്ച പ്രകടനം കേരളം പുറത്തെടുക്കുന്നുണ്ട്. യുവ താരം വത്സല്‍ ഗോവിന്ദും സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച അരുണ്‍ കാര്‍ത്തിക്കിനു പകരമാണ് റോബിന്‍ ഉത്തപ്പ എത്തുന്നത്. ടീമിന്റെ ക്യാമ്പ് ജൂണ്‍ 19ന് വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. ഡേവ് വാട്‍മോര്‍ പരിശീലകനായിട്ടുള്ള ടീമിന്റെ സഹ പരിശീലകന്‍ സോണി ചെറുവത്തൂര്‍ ആണ്.

കേരള സീനിയര്‍ ടീം സാധ്യത പട്ടിക: റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി, ജലജ് സക്സേന, സഞ്ജു സാംസണ്‍, നിധീഷ് എംഡി, രോഹന്‍ പ്രേം, കെഎം ആസിഫ്, സച്ചിന്‍ ബേബി, അഭിഷേക് മോഹന്‍, മിഥുന്‍ എസ്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിനൂപ് മനോഹരന്‍, രോഹന്‍ എസ് കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, ആനന്ദ് ജോസഫ്, വിഷ്ണു വിനോദ്, രാഹുല്‍ പി, വത്സല്‍ ഗോവിന്ദ്, മോനിഷ് കെ, അക്ഷയ് കെസി, അക്ഷയ് ചന്ദ്രന്‍, ഫനൂസ് എഫ്.

ലിന്നിന്റെ വെടിക്കെട്ടിനു ശേഷം കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്

ക്രിസ് ലിന്നിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ത്തയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് നേടാനായത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഉത്തപ്പ 40 റണ്‍സ് നേടിയെങ്കിലും 47 പന്തുകളാണ് ഈ റണ്‍സ് നേടുവാന്‍ താരം നേരിട്ടത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ജസ്പ്രീത് ബുംറയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചതോടെ കൊല്‍ക്കത്തയുടെ ഏഴ് വിക്കറ്റുകളാണ് നിലംപതിച്ചത്.

ക്രിസ് ലിന്‍ 29 പന്തില്‍ നിന്ന് 41 റണ്‍സ് നേടി കൊല്‍ക്കത്തയെ മിന്നും തുടക്കത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയും ലസിത് മലിംഗയും. ഓപ്പണര്‍മാരെ ഇരുവരെയും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ മധ്യനിരയെ തകര്‍ത്തെറിഞ്ഞത് ലസിത് മലിംഗയായിരുന്നു.

ഒന്നാം വിക്കറ്റില്‍ പവര്‍പ്ലേയില്‍ 49 റണ്‍സ് ലിന്‍-ഗില്‍ കൂട്ടുകെട്ട് നേടിയതിനു ശേഷമാണ് കൊല്‍ക്കത്തയുടെ പതനം. പവര്‍പ്ലേയ്ക്ക് ശേഷം ആദ്യ പന്തില്‍ തന്നെ ഗില്ലിനെ(9) ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ ക്രിസ് ലിന്നിനെയും പാണ്ഡ്യ മടക്കി. പിന്നീട് ദിനേശ് കാര്‍ത്തിക്കിനെയും ആന്‍ഡ്രേ റസ്സലിനെയും മലിംഗ് തന്റെ ഓവറിലെ തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കുകയായിരുന്നു. ആന്‍ഡ്രേ റസ്സല്‍ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു.

49/0 എന്ന നിലയില്‍ നിന്ന് 73/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ അഞ്ചാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും നിതീഷ് റാണയുടെ കൂടിയാണ് തിരിച്ചുവരുവാനുള്ള അവസരം നല്‍കിയത്. ഇരുവരുടെയും കൂട്ടുകെട്ട് 47 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മലിംഗ വീണ്ടും കൂട്ടുകെട്ട് തകര്‍ത്തത്. 13 പന്തില്‍ 26 റണ്‍സ് നേടിയ നിതീഷ് റാണയെയാണ് മലിംഗ പുറത്താക്കി തന്റെ മൂന്നാം വിക്കറ്റ് നേടിയത്. റാണ മൂന്ന് സിക്സാണ് നേടിയത്.

അഞ്ചാം വിക്കറ്റ് വീണ ശേഷം വെറും 13 റണ്‍സ് കൂടി മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. 47 പന്തില്‍ നിന്ന് 3 സിക്സുകളുടെ സഹായത്തോടെ റോബിന്‍ ഉത്തപ്പ 40 റണ്‍സ് നേടിയെങ്കിലും താരം ഏറെ പ്രയാസപ്പെട്ടാണ് തന്റെ റണ്ണുകള്‍ കണ്ടെത്തിയത്. മുംബൈയ്ക്ക് വേണ്ടി മലിംഗ മൂന്നും ജസ്പ്രീത് ബുംറ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പന്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ ഋഷഭ് പന്തില്‍ നിന്ന് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ്. ഇന്ന് റാണയുടെ 34 പന്തില്‍ നിന്നുള്ള 63 റണ്‍സാണ് താരത്തിനു ഈ നേട്ടം സ്വന്തമാക്കുവാന്‍ സഹായിച്ചത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ താരം 68 റണ്‍സ് നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി നിതീഷ് റാണ 131 റണ്‍സാണ് നേടിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ‍‍ഋഷഭ് പന്ത് 103 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. റോബിന്‍ ഉത്തപ്പ 102 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് 67 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു റോബിന്‍ ഉത്തപ്പ.

റാണയും റോബിനും പിന്നെ റസ്സലും, ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാക്കി കൊല്‍ക്കത്തയുടെ വെടിക്കെട്ട് പ്രകടനം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സുനില്‍ നരൈന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം ക്രിസ് ലിന്നിനെയും(10) നരൈനെയും(24) തുടരെയുള്ള ഓവറുകളില്‍ നഷ്ടമായി 36/2 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത് നിതീഷ് റാണയും റോബിന്‍ ഉത്തപ്പയും ചേര്‍ന്നായിരുന്നു. 9 പന്തില്‍ മൂന്ന് സിക്സും 1 ഫോറും സഹിതം 24 റണ്‍സാണ് നരൈന്‍ നേടിയത്. ലിന്നിനെ ഷമിയും സുനില്‍ നരൈനെ ഹാര്‍ദസ് വില്‍ജോയനുമാണ് പുറത്താക്കിയത്.

എന്നാല്‍ പിന്നീട് കൊല്‍ക്കത്തയുടെ പൂര്‍ണ്ണാധിപത്യമാണ് മത്സരത്തില്‍ കണ്ടത്. മൂന്നാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ റാണ-റോബി കൂട്ടുകെട്ട് പഞ്ചാബ് ബൗളര്‍മാര്‍ക്ക് കനത്ത പ്രഹരങ്ങളാണ് നല്‍കിയത്. 34 പന്തില്‍ നിന്ന് 63 റണ്‍സാണ് നിതീഷ് റാണയുടെ തകര്‍പ്പനടികള്‍ക്ക് അറുതി വരുത്തുവാന്‍ ഒടുവില്‍ അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തി വേണ്ടി വന്നു. 7 സിക്സും 2 ഫോറുമാണ് റാണയുടെ സംഭാവന.

റാണ പുറത്തായെങ്കിലും കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ച് റോബിന്‍ ഉത്തപ്പ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഇതിനിടെ മുഹമ്മദ് ഷമി ആന്‍ഡ്രേ റസ്സലിനെ ക്ലീന്‍ ബോള്‍ഡാക്കിയെങ്കിലും ഫീല്‍ഡര്‍മാര്‍ വേണ്ടത്ര സര്‍ക്കിളിനുള്ളില്ലാത്തതിനാല്‍ പന്ത് നോബോളായി വിധിക്കപ്പെടുകയായിരുന്നു. അവസരം മുതലാക്കിയ റസ്സല്‍ അടുത്ത ഓവറില്‍ ആന്‍ഡ്രൂ ടൈയെ കണക്കറ്റ് പ്രവഹരിക്കുകയും ചെയ്തു. ആന്‍ഡ്രൂ ടൈയുടെ ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറുമാണ് റസ്സല്‍ അടിച്ചെടുത്തത്

അടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെ അവസാന നാല് പന്തില്‍ തുടരെ മൂന്ന് സിക്സും ബൗണ്ടറിയും നേടി റസ്സല്‍ തന്റെ അര്‍ദ്ധ ശതകത്തിനു തൊട്ടടുത്തെത്തി. 20ാം ഓവറിന്റെ നാലാം പന്തില്‍ ടൈയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ വരെ എത്തുവാനെ റസ്സലിനായുള്ളു. 3 ഫോറും 5 സിക്സും സഹിതം 17 പന്തില്‍ നിന്നായിരുന്നു റസ്സലിന്റെ വെടിക്കെട്ട്.

പുറത്താകാതെ 50 പന്തില്‍ നിന്ന് 67 റണ്‍സാണ് റോബിന്‍ ഉത്തപ്പ നേടിയത്.

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്. സൗരാഷ്ട്രം റോബിന്‍ ഉത്തപ്പയുടെയും(97) ഷെല്‍ഡണ്‍ ജാക്സണിന്റെയും(107) മികവില്‍ 303/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 73 റണ്‍സ് വഴങ്ങിയ ശിവം മാവി ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റ് സ്വന്തമാക്കി.

ഉത്തര്‍ പ്രദേശ് 278 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗരാഷ്ട്ര 25 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി. ഉത്തര്‍ പ്രദേശ് നായകന്‍ സുരേഷ് റെയ്‍നയ്ക്ക് 22 റണ്‍സ് മാത്രമേ നേടാനായുള്ളു. ആകാഷ്ദീപ് നാഥ് 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

Exit mobile version