റാണയും റോബിനും പിന്നെ റസ്സലും, ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാക്കി കൊല്‍ക്കത്തയുടെ വെടിക്കെട്ട് പ്രകടനം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സുനില്‍ നരൈന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം ക്രിസ് ലിന്നിനെയും(10) നരൈനെയും(24) തുടരെയുള്ള ഓവറുകളില്‍ നഷ്ടമായി 36/2 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത് നിതീഷ് റാണയും റോബിന്‍ ഉത്തപ്പയും ചേര്‍ന്നായിരുന്നു. 9 പന്തില്‍ മൂന്ന് സിക്സും 1 ഫോറും സഹിതം 24 റണ്‍സാണ് നരൈന്‍ നേടിയത്. ലിന്നിനെ ഷമിയും സുനില്‍ നരൈനെ ഹാര്‍ദസ് വില്‍ജോയനുമാണ് പുറത്താക്കിയത്.

എന്നാല്‍ പിന്നീട് കൊല്‍ക്കത്തയുടെ പൂര്‍ണ്ണാധിപത്യമാണ് മത്സരത്തില്‍ കണ്ടത്. മൂന്നാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ റാണ-റോബി കൂട്ടുകെട്ട് പഞ്ചാബ് ബൗളര്‍മാര്‍ക്ക് കനത്ത പ്രഹരങ്ങളാണ് നല്‍കിയത്. 34 പന്തില്‍ നിന്ന് 63 റണ്‍സാണ് നിതീഷ് റാണയുടെ തകര്‍പ്പനടികള്‍ക്ക് അറുതി വരുത്തുവാന്‍ ഒടുവില്‍ അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തി വേണ്ടി വന്നു. 7 സിക്സും 2 ഫോറുമാണ് റാണയുടെ സംഭാവന.

റാണ പുറത്തായെങ്കിലും കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ച് റോബിന്‍ ഉത്തപ്പ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഇതിനിടെ മുഹമ്മദ് ഷമി ആന്‍ഡ്രേ റസ്സലിനെ ക്ലീന്‍ ബോള്‍ഡാക്കിയെങ്കിലും ഫീല്‍ഡര്‍മാര്‍ വേണ്ടത്ര സര്‍ക്കിളിനുള്ളില്ലാത്തതിനാല്‍ പന്ത് നോബോളായി വിധിക്കപ്പെടുകയായിരുന്നു. അവസരം മുതലാക്കിയ റസ്സല്‍ അടുത്ത ഓവറില്‍ ആന്‍ഡ്രൂ ടൈയെ കണക്കറ്റ് പ്രവഹരിക്കുകയും ചെയ്തു. ആന്‍ഡ്രൂ ടൈയുടെ ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറുമാണ് റസ്സല്‍ അടിച്ചെടുത്തത്

അടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെ അവസാന നാല് പന്തില്‍ തുടരെ മൂന്ന് സിക്സും ബൗണ്ടറിയും നേടി റസ്സല്‍ തന്റെ അര്‍ദ്ധ ശതകത്തിനു തൊട്ടടുത്തെത്തി. 20ാം ഓവറിന്റെ നാലാം പന്തില്‍ ടൈയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ വരെ എത്തുവാനെ റസ്സലിനായുള്ളു. 3 ഫോറും 5 സിക്സും സഹിതം 17 പന്തില്‍ നിന്നായിരുന്നു റസ്സലിന്റെ വെടിക്കെട്ട്.

പുറത്താകാതെ 50 പന്തില്‍ നിന്ന് 67 റണ്‍സാണ് റോബിന്‍ ഉത്തപ്പ നേടിയത്.

Exit mobile version