ഏഷ്യാ കപ്പ് : ഇന്ത്യ എതിരാളികളെ ചെറുതായി കാണരുത് എന്ന് ഉത്തപ്പ


യുഎഇക്കെതിരെ ഏഷ്യാ കപ്പ് 2025 കാമ്പെയ്‌നിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. ഏഷ്യാ കപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമാണ് ഇന്ത്യയെങ്കിലും, ഓരോ എതിരാളിയെയും ബഹുമാനിക്കുകയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നിലനിർത്തുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് സോണി സ്പോർട്സിൽ സംസാരിക്കവെ ഉത്തപ്പ പറഞ്ഞു.


2024-ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കൂടുതൽ ശ്രദ്ധിക്കണമെന്നും, അമിത ആത്മവിശ്വാസം ഒഴിവാക്കണമെന്നും ഉത്തപ്പ പറഞ്ഞു. 2026-ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ കളിക്കാർ മത്സരിക്കുന്നതിനാൽ ഡ്രെസ്സിംഗ് റൂമിലെ ഐക്യത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, അഫ്ഗാനിസ്ഥാൻ പോലെയുള്ള അപ്രതീക്ഷിത കുതിപ്പിന് സാധ്യതയുള്ള ടീമുകളെയും ഉത്തപ്പ ചൂണ്ടിക്കാട്ടി. ശക്തമായ അവരുടെ ബൗളിംഗ് നിര ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എംഎസ് ധോണിയല്ല ചെന്നൈയുടെ പ്രശ്നം- ഉത്തപ്പ


മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ എംഎസ് ധോണിക്ക് പിന്തുണയുമായി രംഗത്തെത്തി. ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതിഹാസ വിക്കറ്റ് കീപ്പർ-ബാറ്ററെ കുറ്റപ്പെടുത്താനാവില്ലെന്ന് ഉത്തപ്പ പറഞ്ഞു.

ഏപ്രിൽ 8 ന് മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്‌സിനോടേറ്റ തോൽവിയോടെ സിഎസ്‌കെ ഈ സീസണിലെ നാലാം തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങിയത്. ഈ സീസണിൽ കൂടുതലും 8 അല്ലെങ്കിൽ 9 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ധോണിയെ പഞ്ചാബിനെതിരെ 5-ാം സ്ഥാനത്താണ് ഇറക്കിയത്.

12 പന്തിൽ 27 റൺസ് നേടിയെങ്കിലും സിഎസ്‌കെ ലക്ഷ്യത്തിന് അടുത്തെത്തിയില്ല. എന്നാൽ ധോണിയാണ് സിഎസ്‌കെയുടെ മോശം ഫോമിന് കാരണമെന്ന വാദത്തെ ഉത്തപ്പ തള്ളി.


“എംഎസ് ധോണിയുടെ ഭാഗത്ത് നിന്ന് ഒരു താൽപ്പര്യക്കുറവുണ്ടായതായി ഞാൻ കരുതുന്നില്ല,” ഉത്തപ്പ സംപ്രേക്ഷണത്തിൽ പറഞ്ഞു. “ഐപിഎല്ലിന് പുറത്തും, സിഎസ്‌കെ പുനർനിർമ്മാണം നടത്തുമ്പോൾ അദ്ദേഹം മറ്റുള്ളവർക്ക് ഉത്തരവാദിത്തം കൈമാറുകയും അവർക്ക് വ്യക്തത നൽകുകയും ചെയ്തിട്ടുണ്ട്. ആ പരിവർത്തനം നടക്കുകയാണ്. എംഎസ് ഉയർന്ന സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പ്രശ്നം അദ്ദേഹത്തിലാണെന്ന് ഞാൻ കരുതുന്നില്ല.” – ഉത്തപ്പ പറഞ്ഞു.


ഹോങ്കോംഗ് ക്രിക്കറ്റ് സിക്സസിൽ റോബിൻ ഉത്തപ്പ ഇന്ത്യയെ നയിക്കും

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് ക്രിക്കറ്റ് സിക്സ് ടൂർണമെൻ്റിൻ്റെ തിരിച്ചുവരവ് നടത്തുന്ന ഇന്ത്യയെ റോബിൻ ഉത്തപ്പ നയിക്കും. ഏഴംഗ ടീമിൽ ഭരത് ചിപ്ലി, കേദാർ ജാദവ്, മനോജ് തിവാരി, ഷഹബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സ്റ്റുവർട്ട് ബിന്നി എന്നിവരും ഉൾപ്പെടുന്നു.

ടൂർണമെൻ്റിൻ്റെ 20-ാം പതിപ്പിൽ പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 12 ടീമുകൾ പങ്കെടുക്കും. 2024 നവംബർ 1 മുതൽ-3 വരെ ടിൻ ക്വാങ് റോഡ് റിക്രിയേഷൻ ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം നവംബർ ഒന്നിന് ആണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

മുഹമ്മദ് ഷമി മാജിക്ക് കാണിക്കുകയാണ് എന്ന് ഉത്തപ്പ

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഇപ്പോൾ മാജിക്ക് കാണിക്കുകയാണ് എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ റോബിൻ ഉത്തപ്പ. “മുഹമ്മദ് ഷമി ഇപ്പോൾ മാജിക് ചെയ്യുകയാണ്. ഓരോ തവണയും അവന്റെ കൈയിൽ പന്ത് ലഭിക്കുമ്പോൾ അവൻ ശരി മാത്രം ചെയ്യുന്നു.” ഉത്തപ്പ പറഞ്ഞു.

“എല്ലാ താരങ്ങളും വിക്കറ്റുകൾ നേടുന്നതിനായി ഇന്ത്യയ്‌ക്കായി ഒത്തുചേരുന്നു, അത് കാണാൻ മനോഹരമാണ്. ബാറ്റർമാർ ഷമിയെ സമീപിക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ബഹുമാനം നിങ്ങൾക്ക് കാണാൻ കഴിയും, ”ഉത്തപ്പ പറഞ്ഞു.

“ഈ ഗ്രൂപ്പ് വളരെ ചെറുതും ഗ്രൂപ്പിനുള്ളിലെ സൗഹൃദം വളരെ മികച്ചതുമാണ്, എന്തെങ്കിലും സംഭവിച്ചാലും, ഞങ്ങൾ ഇതിലൂടെ കടന്നുപോകുമെന്നും ഈ ഗെയിമിൽ ഞങ്ങൾ വിജയിക്കും, എല്ലാ ഗെയിമുകളും ജയിക്കുമെന്നുമാണ് അവരുടെ വിശ്വാസം,” ഉത്തപ്പ കൂട്ടിച്ചേർത്തു.

ബാറ്റു കൊണ്ട് കോഹ്ലി എങ്ങനെയാണോ, അതുപോലെയാണ് ബൗളു കൊണ്ട് ഷമി എന്ന് ഉത്തപ്പ

വിരാട് കോഹ്ലി ബാറ്റു കൊണ്ട് എത്ര മികവ് കാണിക്കുന്നോ അത്രയും തന്നെ മികവ് ബൗള് കൊണ്ട് മുഹമ്മദ് ഷമിക്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സംഭാവന കൊണ്ടു മാത്രമല്ല സമീപനം കൊണ്ടും ഷമി വിരാട് കോഹ്ലിയെ പോലെ ആണെന്ന് ഉത്തപ്പ പറയുന്നു. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെ 5-18 എന്ന മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ ഷമിക്ക് ആയിരുന്നു.

“അദ്ദേഹം ഇപ്പോഴും കളിക്കുന്നതിനാൽ മാത്രമാണ് അദ്ദേഹത്തെ ഒരു ഇതിഹാസമായി കണക്കാക്കാത്തത്. മുഹമ്മദ് ഷമിയെ പോലെയുള്ള ഒരാൾക്ക് നേടാൻ ഇനിയും ഒരുപാട് ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വം പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച സഹീർ ഭായ്, ശ്രീനാഥ് സാർ എന്നിവരോട് സാമ്യമുള്ളതാണ്. അതിനാൽ ഞാൻ അവൻ അവർക്ക് സമാനമായ ഒരു ബൗളർ ആണെന്ന് കരുതുന്നു.” ഉത്തപ്പ പറയുന്നു.

“വിരാട് കോഹ്‌ലിയുടെ അതേ കാലിബർ ഷമിക്ക് ഉണ്ട്. വിരാട് കോഹ്‌ലി എന്താണ് ടീം ഇന്ത്യയ്ക്ക് ബാറ്ററായി നൽകുന്നത്, മുഹമ്മദ് ഷമി ഒരു ബൗളർ എന്ന നിലയിലും അതേ നിലവാരത്തിൽ സംഭാവന നൽകുന്നു. കോഹ്ലിയെ പോലെ സമീപനം കൊണ്ടും ഷമി വളരെ ക്ലിനിക്കൽ ആണ്. അവൻ കാര്യങ്ങൾ ലളിതമായി നിർത്തുന്നു.” ഉത്തപ്പ പറഞ്ഞു.

ഉത്തപ്പയും ഹർമൻപ്രീതും അടക്കം 7 ഇന്ത്യൻ താരങ്ങൾ ഹണ്ട്രഡ് ഡ്രാഫ്റ്റിൽ

മാർച്ച് 23-ന് നടക്കാനിരിക്കുന്ന ഹണ്ട്രഡ് ഡ്രാഫ്റ്റിനായി ഏഴ് ഇന്ത്യ താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിച്ചൽ സ്റ്റാർക്ക്, ബാബർ അസം, തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും ഡ്രാഫ്റ്റിൽ ഉണ്ട്.

ഉത്തപ്പ ആണ് ദി ഹണ്ടറിൽ രജിസ്റ്റർ ചെയ്ത ഏക ഇന്ത്യൻ പുരുഷ താരം. തിരഞ്ഞെടുക്കപ്പെട്ടാൽ ഹണ്ട്രഡിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരമായി ഉത്തപ്പ് മാറും. ഹർമൻപ്രീത്, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ്മ, ശിഖ പാണ്ടെ, ദിശ കസത്, കിരൺ നവിഗർ എന്നീ വനിതാ താരങ്ങളും ഡ്രാഫ്റ്റിൽ ഉണ്ട്. ഇതിൽ ഹർമൻപ്രീത് മാത്രമെ മുമ്പ് ഈ ടൂർണമെന്റിൽ കളിച്ചിട്ടുള്ളൂ.

പകർച്ചവ്യാധി കാരണം കഴിഞ്ഞ വർഷം മാറ്റിവച്ച ടൂർണമെന്റ് ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എട്ട് ടീമുകളും ലോകത്തിലെ ചില മികച്ച കളിക്കാരും പങ്കെടുക്കും. ഓരോ ടീമും ഓരോ ഇന്നിംഗ്‌സിനും 100 പന്തുകൾ വീതം കളിക്കുകയും തന്ത്രപ്രധാനമായ ടൈം-ഔട്ടുകളുടെ സവിശേഷമായ ഒരു സമ്പ്രദായം ഉപയോഗിച്ച്, ഗെയിമിന്റെ പുതിയതും ആവേശകരവുമായ ഒരു ഫോർമാറ്റായി ഹണ്ട്രഡ് വിശേഷിപ്പിക്കപ്പെടുന്നു.

ദുബായ് ക്യാപിറ്റൽസിനായി കളിക്കുവാന്‍ ഉത്തപ്പയും

ഐഎൽടി20യുടെ ഉദ്ഘാടന സീസണിൽ കളിക്കുവാന്‍ റോബിന്‍ ഉത്തപ്പയും എത്തുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ക്യാപിറ്റൽസിന് വേണ്ടിയാവും ഉത്തപ്പ കളിക്കുക. അധികാരികള്‍ ഫ്രാഞ്ചൈസികള്‍ക്ക് 18ൽ കൂടുതൽ താരങ്ങളെ സ്വന്തമാക്കാമെന്ന നിലയിൽ നിയമം മാറ്റിയതോടെയാണ് ടീമിന്റെ 19ാം താരമായി താരം കളിക്കുവാനെത്തുന്നത്.

ഫണ്ടുകളുണ്ടെങ്കിൽ സ്ക്വാഡ് സ്ട്രെംഗ്ത്ത് 25 വരെ ആക്കാമെന്ന് അടുത്തിടെയാണ് ലീഗ് സംഘാടകര്‍ തീരുമാനിച്ചത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിൽ 34 ലീഗ് മത്സരങ്ങളാണുണ്ടാകുക. ജനുവരി 13 മുതൽ ഫെബ്രുവരി 12 വരെയാണ് മത്സരങ്ങള്‍ നടക്കുക.

“സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് എടുക്കണം”

ഇറാനി ട്രോഫിയിലും തിളങ്ങിയതോടെ സർഫറാസ് ഖാനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉയരുകയാണ്. സർഫറാസിനെ ഇന്ത്യ അടുത്ത ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണം എന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ പറഞ്ഞു. ഇറാനി ട്രോഫിയിലെ സർഫറാസിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഉത്തപ്പ. ഇന്ന് റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി 178 പന്തിൽ നിന്ന് 138 റൺസ് സർഫറാസ് അടിച്ചിരുന്നു.

കഴിഞ്ഞ ദുലീപ് ട്രോഫിയിലും അവസാന രണ്ട് രഞ്ജി ട്രോഫിയിലും വലിയ പ്രകടനങ്ങൾ നടത്താൻ സർഫറാസിനായിരുന്നു‌. 2019-20 രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായിരുന്നു സർഫറാസ്. അന്ന് 154 ശരാശരിയിൽ 978 റൺസ് താരം നേടിയിരുന്നു. കഴിഞ്ഞ രഞ്ജിയിലും ഈ ഫോം താരം തുടർന്നു. 122 ശരാശരിയിൽ 982 റൺസ് സർഫറാസ് കഴിഞ്ഞ രഞ്ജിയിൽ നേടി. താമസിയാതെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സർഫറാസ് എത്തും എന്ന് തന്നെയാണ് ഉത്തപ്പയെ പോലെ ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നത്.

റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ കാലമായി സജീവ സാന്നിദ്ധ്യമായിരുന്ന റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 36കാരനായ താരം ഇന്ന് ട്വിറ്ററിലൂടെ ആണ് താൻ വിരമിക്കുക ആണെന്ന് പ്രഖ്യാപിച്ചത്‌. ഇന്ത്യക്ക് വേണ്ടി 46 ഏകദിനങ്ങളും 13 ടി20യും ഉത്തപ്പ കളിച്ചിട്ടുണ്ട്. ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോൾ ടീമിന് ഒപ്പം ഉണ്ടായിരുന്നു.

ഐ പി എല്ലിൽ 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണുകകളിലും ചെന്ന സൂപ്പർ കിങ്സിന് ഒപ്പം ആയിരുന്നു. അതിനു മുമ്പ് രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവർക്കായും കളിച്ചിട്ടുണ്ട്. കർണാടകയെയും കേരളത്തെയും ദേശീയ തലത്തിൽ പ്രതിനിധീകരിച്ചിട്ടുമുള്ള താരമാണ് ഉത്തപ്പ.

എന്റെ രാജ്യത്തെയും എന്റെ സംസ്ഥാനമായ കർണാടകത്തെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ബഹുമതിയാണ് എന്നും ക് എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണം, നന്ദിയുള്ള ഹൃദയത്തോടെ, ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചു എന്നും താരം ട്വിറ്ററിൽ കുറിച്ചു.

ധോണിയെന്ന ഫിനിഷറുടെ തിരിച്ചുവരവ്!!! മുംബൈയ്ക്ക് സെവനപ്പ് നൽകി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎലില്‍ ഏഴാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. ഇന്ന് അവസാന ഓവറിൽ 17 റൺസ് നേടേണ്ടിയിരുന്ന ചെന്നൈയെ ധോണിയുടെ ഇന്നിംഗ്സ് 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 13 പന്തിൽ 28 റൺസാണ് എംഎസ് ധോണി നേടിയത്.

റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായിഡുവും മാത്രമാണ് ചെന്നൈയുടെ ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയത്. ഉത്തപ്പ 30 റൺസും അമ്പാട്ടി റായിഡു 40 റൺസും നേടിയെങ്കിലും ഡാനിയേൽ സാംസിന്റെ ബൗളിംഗിന് മുന്നിൽ ചെന്നൈ തകരുകയായിരുന്നു.

അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയത്തിനായി 28 റൺസായിരുന്നു വേണ്ടിയിരുന്നത്. ബുംറ എറിഞ്ഞ 19ാം ഓവറിൽ 11 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ ചെന്നൈയ്ക്ക് 17 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്.

14 പന്തിൽ 22 റൺസ് നേടിയ ഡ്വെയിന്‍ പ്രിട്ടോറിയസിനെ അവസാന ഓവറിലെ ആദ്യ പന്തിൽ നഷ്ടമായതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി. എന്നാൽ എംഎസ് ധോണി മൂന്നാം പന്തിൽ സിക്സും നാലാം പന്തിൽ ഫോറും നേടിയതോടെ ലക്ഷ്യം രണ്ട് പന്തിൽ 6 റൺസായി മാറി. അഞ്ചാം പന്തിൽ ഡബിള്‍ നേടിയപ്പോള്‍ ലക്ഷ്യം അവസാന പന്തിൽ ബൗണ്ടറിയായി മാറി. അതും നേടി ധോണിയെന്ന ഫിനിഷറുടെ മടങ്ങി വരവ് ആയി മത്സരം.

ഡാനിയേൽ സാംസ് നാലും ജയ്ദേവ് ഉനഡ്കട് രണ്ടും വിക്കറ്റ് നേടിയെങ്കിലും മുംബൈയ്ക്ക് വിജയം നേടുവാന്‍ സാധിച്ചില്ല.

റെഡ് ഹോട്ട് റോബിൻ ഉത്തപ്പ!!! ഡിഷ്യും ഡിഷ്യും ഡുബേ, റണ്ണടിച്ച് കൂട്ടി ചെന്നൈ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ചെന്നൈയോട് ബാംഗ്ലൂര്‍ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 216 റൺസാണ് നേടിയത്.

റുതുരാജിനെ(17) ജോഷ് ഹാസൽവുഡും മോയിന്‍ അലി റണ്ണൗട്ട് രൂപത്തിലും പുറത്തായപ്പോള്‍ 36/2 എന്ന നിലയിലേക്ക് വീണ ചെന്നൈയ്ക്ക് പിന്നീട് മത്സരത്തിൽ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മൂന്നാം വിക്കറ്റിൽ റോബിന്‍ ഉത്തപ്പയും ശിവം ഡുബേയും ആര്‍സിബി ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു.

74 പന്തിൽ 165 റൺസ് നേടിയ കൂട്ടുകെട്ട് ഹസരംഗ തകര്‍ക്കുമ്പോള്‍ 19ാം ഓവറായിരുന്നു ഇന്നിംഗ്സിൽ പുരോഗമിച്ചിരുന്നത്. 50 പന്തിൽ 88 റൺസ് നേടിയ ഉത്തപ്പ 4 ഫോറും 9 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. തൊട്ടടുത്ത പന്തിൽ ഹസരംഗ രവീന്ദ്ര ജഡേജയെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 3 ഓവറിൽ താരം 35 റൺസാണ് വഴങ്ങിയത്.

ഹാസൽവുഡ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഫാഫ് ഡുബേയുടെ ക്യാച്ച് വിട്ട് കളഞ്ഞപ്പോള്‍  46 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്ന താരത്തിന്റെ മികവിൽ 216 റൺസാണ് ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഡുബേ 8 സിക്സും 5 ഫോറുമാണ് നേടിയത്.

വിന്റേജ് ഉത്തപ്പ!!! ചെന്നൈയുടെ ബാറ്റിംഗ് ആറാടുകയാണ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ആദ്യ രണ്ട് പന്തിൽ തന്നെ ബൗണ്ടറി നേടി റോബിന്‍ ഉത്തപ്പ തുടങ്ങിയപ്പോള്‍ തുടര്‍ന്നങ്ങോട്ട് അതിന്റെ തുടര്‍ച്ചയാണ് കണ്ടത്.

റുതുരാജ് ഗായക്വാഡ് റണ്ണൗട്ടായി പുറത്തായെപ്പോള്‍ ചെന്നൈ 28 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. ഇതിൽ 1 റൺസായിരുന്നു റുതുരാജിന്റെ സംഭാവന. റോബിന് കൂട്ടായി എത്തിയ മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

27 പന്തിൽ 50 റൺസ് നേടി റോബിന്‍ ഉത്തപ്പ പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റിൽ താരം മോയിന്‍ അലിയുമായി 56 റൺസ് കൂട്ടിചേര്‍ത്തിരുന്നു. 22 പന്തിൽ 35 റൺസ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അവേശ് ഖാന്‍ നേടിയപ്പോളേക്കും 10.1 ഓവറിൽ ചെന്നൈ 106 റൺസ് നേടിയിരുന്നു.

അതിന് ശേഷം ക്രീസിലെത്തിയ ശിവം ഡുബേയും അമ്പാട്ടി റായിഡുവും അതിവേഗത്തിൽ തന്നെ സ്കോറിംഗ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ നാലാം വിക്കറ്റിൽ ഇവര്‍ 37 പന്തിൽ 60 റൺസ് നേടി. 27 റൺസ് നേടിയ റായിഡുവിന്റെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

30 പന്തിൽ 49 റൺസ് നേടി ശിവം ഡുബേയും മികച്ച രീതിയിൽ ബാറ്റ് വീശിയ ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്. അവേശ് ഖാനാണ് വിക്കറ്റ് ലഭിച്ചത്. രവീന്ദ്ര ജഡേജ 9 പന്തിൽ 17 റൺസും എംഎസ് ധോണി 16 റൺസും നേടിയപ്പോള്‍ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.

Exit mobile version