രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ സൌരാഷ്ട്ര മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൌരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൌരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൌരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിൻ്റെ ലീഡൂണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൌരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.

ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൌരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൌരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിൻ്റെ പന്തിൽ എൽബി ഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ പി ക്ലീൻ ബൌൾഡാക്കുകയായിരുന്നു.

എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൌരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൌരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൌരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 14 ബൌണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

സ്കോർ – സൌരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351

കേരളം ആദ്യ ഇന്നിങ്സ് 233

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തെ തോല്പിച്ച് സൗരാഷ്ട്ര

പുതുച്ചേരി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ രണ്ടാം മല്സരത്തിലും കേരളത്തിന് തോൽവി. 51 റൺസിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 47.2 ഓവറിൽ 204 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര 33 ഓവറിൽ രണ്ട് വിക്കറ്റിന് 156 റൺസെടുത്ത് നില്ക്കെ മഴയെ തുടർന്ന് കളി തടസ്സപ്പെട്ടു. തുടർന്ന് വിജെഡി നിയമപ്രകാരം സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം മികച്ചൊരു തുടക്കത്തിന് ശേഷം തകർന്നടിയുകയായിരുന്നു. സംഗീത് സാഗറും ജോബിൻ ജോബിയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 50 റൺസ് പിറന്നു. സംഗീത് 27 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കെ ആർ രോഹിതും ജോബിനും ചേർന്ന് രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും പുറത്തായതോടെയാണ് കേരളത്തിൻ്റെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായത്. ജോബിൻ 67ഉം രോഹിത് 48ഉം റൺസെടുത്തു. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റിന് 155 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ 49 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്ടമായി. 34 റൺസെടുത്ത ക്യാപ്റ്റൻ മാനവ് കൃഷ്ണ മാത്രമാണ് ഒരറ്റത്ത് പിടിച്ചു നിന്നത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ആര്യൻ സവ്സാനി മൂന്നും ധാർമ്മിക് ജസാനിയും പുഷ്പരാജ് ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ഓപ്പണർ മയൂർ റാഥോഡിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ വൻഷ് ആചാര്യയും പുഷ്പരാജ് ജഡേജയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മല്സരം സൗരാഷ്ട്രയ്ക്ക് അനുകൂലമാക്കി. വൻഷ് 84 റൺസുമായി പുറത്താകാതെ നിന്നപ്പോൾ പുഷ്പരാജ് 52 റൺസെടുത്തു. മഴ കളി മുടക്കിയപ്പോൾ വിജെഡി നിയമപ്രകാരം സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി എം മിഥുനും മൊഹമ്മദ് ഇനാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബംഗാളിനെ തോൽപ്പിച്ച് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി

രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്ര സ്വന്തമാക്കി. ബംഗാളിനെ രണ്ടാം ഇന്നിങ്സിൽ 241ന് പുറത്താക്കിയ സൗരാഷ്ട്രക്ക് വിജയിക്കാൻ തുച്ഛമായ റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എടുത്തപ്പോൾ തന്നെ അവർ വിജയം ഉറപ്പിച്ചു. ക്യാപ്റ്റൻ ഉനദ്കട് ആണ് ഫൈനലിലെ പ്ലയർ ഓഫ് ദി മാച്ച് ആയത്.

രഞ്ജി ഫൈനലിലെ ആദ്യ ഇന്നിങ്സിൽ 174 റൺസിന് ഓൾ ഔട്ടായിരുന്നു. അതിനു പകരം ഇറങ്ങിയ സൗരാഷ്ട്ര 404 എന്ന വലിയ സ്കോർ നേടിയതോടെ കളി സൗരാഷ്ട്രക്ക് അനുകൂലമാവുക ആയിരുന്നു. വലിയ ലീഡ് നേടിയ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ 241ന് പുറത്താക്കി. മനോജ് തിവാരി 68 റൺസും മജുംദാർ 61 റൺസും എടുത്തത് കൊണ്ട് ബംഗാളിന് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സാധിച്ചു.

ഉനദ്കട് രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റും ആദ്യ ഇന്നിംഗ്സിൽ 3 വിക്കറ്റും വീഴ്ത്തിയാണ് കളിയിലെ താരമായത്. ചേതൻ സകറിയ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും സൗരാഷ്ട്രക്ക് ആയി വീഴ്ത്തി.

ഒന്നാം ദിവസം 2 വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര

ബംഗാളിനെ 174 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര 2 വിക്കറ്റ് നഷ്ടത്തിൽ 82 എന്ന നിലയിൽ.

നേരത്തെ ബംഗാള്‍ 174 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 69 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദും 50 റൺസ് നേടിയ അഭിഷേക് പോറെലും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നേടിയ 101 റൺസ് ഇല്ലായിരുന്നുവെങ്കില്‍ ബംഗാളിന്റെ സ്ഥിതി ഇതിലും പരിതാപകരമാകുമായിരുന്നു.

സൗരാഷ്ട്രയ്ക്കായി ചേതന്‍ സക്കറിയയും ജയ്ദേവ് ഉനഡ്കടും മൂന്ന് വീതം വിക്കറ്റ് നേടി.

ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച, ആറ് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്ക്കെതിരെ ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി സൗരാഷ്ട്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 78/6 എന്ന നിലയിലാണ് ബംഗാള്‍.

ജയ്ദേവ് ഉനഡ്കടും ചേതന്‍ സക്കറിയയും അടങ്ങുന്ന സൗരാഷ്ട്രയുടെ മുന്‍ നിര ബൗളര്‍മാര്‍ ബംഗാളിനെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ തന്നെ അഭിമന്യു ഈശ്വരനെ ഉനഡ്കട് പുറത്താക്കിയപ്പോള്‍ സാമന്ത് ഗുപ്തയെയും സുദീപ് കുമാര്‍ ഗരാമിയെയും പുറത്താക്കി ചേതന്‍ സക്കറിയ ബംഗാളിനെ 2/3 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

മനോജ് തിവാരിയെ ജയ്ദേവ് പുറത്താക്കിയപ്പോള്‍ ബംഗാള്‍ 17/4 എന്ന നിലയിലായിരുന്നു. 16 റൺസ് നേടിയ അനുസ്തൂപ് മജൂംദാറിനെ ചിരാഗ് ജനി പുറത്താക്കിയപ്പോള്‍ ബംഗാള്‍ 34/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി.

പിന്നീട് ആകാശ് ഘടക് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 31 റൺസ് നേടിയാണ് ബംഗാളിന്റെ ചെറുത്ത്നില്പ് നടത്തിയതെങ്കിലും ആകാശിനെ പുറത്താക്കി ചേതന്‍ സക്കറിയ കൂട്ടുകെട്ട് തകര്‍ത്തു. 17 റൺസാണ് ആകാശ് നേടിയത്.

26 റൺസുമായി ഷഹ്ബാസ് അഹമ്മദും 5 റൺസ് നേടി അഭിഷേക് പോറലുമാണ് ക്രീസിലുള്ളത്.

 

സൗരാഷ്ട്രയുടെ രണ്ട് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി സെമി ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കര്‍ണ്ണാടകയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 407 റൺസ് ചേസ് ചെയ്തിറങ്ങിയ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടീം 30 ഓവറിൽ നിന്ന് 76 റൺസാണ് നേടിയിട്ടുള്ളത്.

27 റൺസ് വീതം നേടി ഷെൽഡൺ ജാക്സണും ഹാര്‍വിക് ദേശായിയുമാണ് സൗരാഷ്ട്രയ്ക്കായി ക്രീസിലുള്ളത്. സ്നെൽ പട്ടേൽ പൂജ്യം റൺസിന് പുറത്തായപ്പോള്‍ വിശ്വരാജ് ജഡേജ 22 റൺസ് നേടി പുറത്തായി.

ഇരുവരുടെയും വിക്കറ്റുകള്‍ വിദ്വത് കവേരപ്പയാണ് വീഴ്ത്തിയത്. കര്‍ണ്ണാടകയുടെ സ്കോറിന് 331 റൺസ് പിന്നിലാണ് സൗരാഷ്ട്ര ഇപ്പോള്‍.

മയാംഗിന് ഇരട്ട ശതകം, കര്‍ണ്ണാടകയ്ക്ക് 407 റൺസ്

സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫി സെമി ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ 407 റൺസ് നേടി കര്‍ണ്ണാടക. മയാംഗ് അഗര്‍വാള്‍ നേടിയ 249 റൺസിന്റെ ബലത്തിലാണ് കര്‍ണ്ണാടകയുടെ കൂറ്റന്‍ സ്കോര്‍. താരം ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്. റണ്ണൗട്ടായാണ് താരം പുറത്തായത്.

66 റൺസ് നേടിയ ശ്രീനിവാസ് ശരത് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 3 വീതം വിക്കറ്റാണ് ചേതന്‍ സക്കറിയയും കുശാംഗ് പട്ടേലും സൗരാഷ്ട്രയ്ക്കായി നേടിയത്.

തകര്‍ന്നടിഞ്ഞ കര്‍ണ്ണാടകയെ രക്ഷിച്ച് ആറാം വിക്കറ്റ് കൂട്ടുകെട്ട്

ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാളിന്റെ ശതകത്തിന്റെ ബലത്തിൽ സൗരാഷ്ട്രയ്ക്കെതിരെ കര്‍ണ്ണാടക പൊരുതുന്നു. ഇന്ന് രഞ്ജി സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കര്‍ണ്ണാടക 5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയത്.

112/5 എന്ന നിലയിലേക്ക് വീണ കര്‍ണ്ണാടകയെ മയാംഗ് അഗര്‍വാള്‍ – ശ്രീനിവാസ് ശരത് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 117 റൺസുമായി തിളങ്ങിയാണ് ഒന്നാം ദിവസം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിച്ചത്.

110 റൺസുമായി മയാംഗും 58 റൺസുമായി ശ്രീനിവാസും ക്രീസിൽ നിൽക്കുകയാണ്. സൗരാഷ്ട്രയ്ക്കായി കുശാംഗ് പട്ടേൽ രണ്ട് വിക്കറ്റ് നേടി.

രഞ്ജി സെമി ഫൈനലുകള്‍ ഇന്ന്

2022-23 സീസൺ രഞ്ജി ട്രോഫി സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ആദ്യ സെമിയിൽ ബംഗാളും മധ്യ പ്രദേശും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ കര്‍ണ്ണാടക സൗരാഷ്ട്രയെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാള്‍ ജാര്‍ഖണ്ഡിനെയും മധ്യ പ്രദേശ് ആന്ധ്രയെയും പരാജയപ്പെടുത്തിയപ്പോള്‍ സൗരാഷ്ട്ര പഞ്ചാബിനെ മറികടന്നും കര്‍ണ്ണാടക ഉത്തരാഖണ്ഡിനെതിരെ കൂറ്റന്‍ വിജയവും നേടിയാണ് സെമി ഉറപ്പാക്കിയത്.

ഫെബ്രുവരി 16ന് ആണ് ഫൈനൽ മത്സരം നടക്കുന്നത്. വേദി നിശ്ചയിച്ചിട്ടില്ല.

രഞ്ജി ട്രോഫി സെമി ലൈനപ്പ് അറിയാം

രഞ്ജി ട്രോഫിയുടെ സെമി ലൈനപ്പ് തയ്യാറായി. ആദ്യ സെമിയിൽ മധ്യ പ്രദേശും ബംഗാളും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ കര്‍ണ്ണാടകയ്ക്ക് എതിരാളികള്‍ സൗരാഷ്ട്രയാണ്. ആദ്യ ക്വാര്‍ട്ടറിൽ ബംഗാള്‍ ജാര്‍ഖണ്ഡിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോള്‍ സൗരാഷ്ട്ര പഞ്ചാബിനെതിരെ 71 റൺസ് വിജയം ആണ് നേടിയത്.

മൂന്നാം ക്വാര്‍ട്ടറിൽ ഉത്തരാഖണ്ഡിനെതിരെ ഒരിന്നിംഗ്സിനും 281 റൺസിനും ആണ് കര്‍ണ്ണാടകയുടെ വിജയം. നാലാം ക്വാര്‍ട്ടറിൽ ആന്ധ്രയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി മധ്യ പ്രദേശ് സെമി ഉറപ്പാക്കി.

ഇതാണ് തിരിച്ചുവരവ്!!! ഏഴ് വിക്കറ്റുകള്‍ നേടി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ജഡേജ

രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ. പരിക്ക് മാറി ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം തമിഴ്നാടിന്റെ രണ്ടാം ഇന്നിംഗ്സിൽ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കണ്ടത്.

17.1 ഓവറിൽ 53 റൺസ് വിട്ട് നൽകി ജഡേജ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ തമിഴ്നാടിന്റെ ഇന്നിംഗ്സ് 133 റൺസിലൊതുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പിന്റെ സമയത്ത് ക്രിക്കറ്റിൽ നിന്ന് പുറത്ത് പോയ രവീന്ദ്ര ജഡേജ മടങ്ങി വരവിൽ കളിക്കുന്ന ആദ്യ മത്സരം ആണ് ഇത്.

5 മാസത്തിന് ശേഷം ആണ് ജഡേജ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.

അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓപ്പണര്‍മാര്‍ പുറത്ത്, പക്ഷേ പതറാതെ സൗരാഷ്ട്ര ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് സൗരാഷ്ട്ര. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. 36.2 ഓവറിലാണ് വിജയം സൗരാഷ്ട്ര നേടിയത്.

സ്കോര്‍ ബോര്‍ഡിൽ പൂജ്യം റൺസുള്ളപ്പോള്‍ കര്‍ണ്ണാടക സൗരാഷ്ട്രയുടെ ഓപ്പണര്‍മാരെ പുറത്താക്കിയെങ്കിലും പിന്നീട് മത്സരത്തിൽ സൗരാഷ്ട്ര ബാറ്റ്സ്മാന്മാര്‍ തന്നെയായിരുന്നു മേൽക്കൈ നേടിയത്.

ജയ് ഗോഹിൽ 61 റൺസും സമര്‍ത്ഥ് വ്യാസ്(35), പ്രേരക് മങ്കഡ്(35), അര്‍പിത് വാസവഡ(25*) എന്നിവരാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. കര്‍ണ്ണാടകയ്ക്കായി കൃഷ്ണപ്പ ഗൗതം 2 വിക്കറ്റ് നേടി.

നേരത്തെ രവികുമാര്‍ സമര്‍ത്ഥ് നേടിയ 88 റൺസ് മാത്രമാണ് കര്‍ണ്ണാടക ബാറ്റിംഗ് നിരയുടെ ചെറുത്ത്നില്പായി പറയാവുന്നത്. ജയ്ദേവ് ഉനഡ്കട് സൗരാഷ്ട്രയ്ക്കായി 4 വിക്കറ്റ് നേടി.

Exit mobile version