ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിന് ശേഷം കൊല്‍ക്കത്ത പതറി, ഫൈനലിലേക്ക് കടന്ന് കൂടി

ഡല്‍ഹി ക്യാപിറ്റൽസ് നൽകിയ 136 റൺസ് വിജയ ലക്ഷ്യത്തെ അനായാസം മറികടക്കുമെന്ന നിലയിൽ നിന്ന് 17 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് കൈവിട്ട് സ്വന്തം കുഴിതോണ്ടിയ ശേഷം രാഹുല്‍ ത്രിപാഠി നേടിയ സിക്സിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ ബാറ്റിംഗ് പ്രയാസകരമായ വിക്കറ്റിൽ 19.5 ഓവറിലാണ് കൊല്‍ക്കത്തയുടെ 3  വിക്കറ്റ് വിജയം.

Iyergill

ഓപ്പണര്‍മാര്‍ അനായാസം റൺസ് കണ്ടെത്തിയപ്പോള്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസാണ് കൊല്‍ക്കത്ത നേടിയത്. 38 പന്തിൽ വെങ്കിടേഷ് അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ശുഭ്മന്‍ ഗിൽ മറുവശത്ത് സ്ട്രൈക്ക് കൃത്യമായി റൊട്ടേറ്റ് ചെയ്ത് മത്സരത്തിൽ ഡല്‍ഹി ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ മുന്നോട്ട് നയിക്കുകയായിരുന്നു.

96 റൺസാണ് കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നേടിയത്. 55 റൺസ് നേടിയ വെങ്കടേഷ് അയ്യരെ റബാഡ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നിതീഷ് റാണയെ(13) അടുത്തതായി കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും താരവും ഗില്ലും ചേര്‍ന്ന് 27 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ കൊല്‍ക്കത്ത ലക്ഷ്യത്തിന് 13 റൺസ് അകലെ എത്തിയിരുന്നു.

46 റൺസ് നേടിയ ഗില്ലിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം വെറും 11 റൺസ് അകലെയായിരുന്നു. അവേശ് ഖാന്‍ എറിഞ്ഞ ഓവറിൽ വെറും 2 റൺസാണ് പിറന്നത്. നേരത്തെ അവേശ് ഖാന്റെ മുമ്പത്തെ ഓവറിൽ നിതീഷ് റാണ നല്‍കിയ അവസരം രവിചന്ദ്രന്‍ അശ്വിന്‍ കൈവിടുകയായിരുന്നു.

18ാം ഓവറിൽ വെറും ഒരു റൺസ് മാത്രം വിട്ട് നല്‍കി കാഗിസോ റബാഡ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയതോടെ കൊല്‍ക്കത്ത 126/4 എന്ന നിലയിലേക്ക് വീണു. ഒരു ഘട്ടത്തിൽ 123/1 എന്ന നിലയിൽ നിന്നാണ് കൊല്‍ക്കത്ത ക്യാമ്പിൽ പരിഭ്രാന്തി പരത്തിയ പ്രകടനം ബാറ്റ്സ്മാന്മാരിൽ നിന്ന് വന്നത്.

അടുത്ത ഓവറിൽ ആന്‍റിക് നോര്‍ക്കിയ 3 റൺസ് മാത്രം വിട്ട് നല്‍കി ഓയിന്‍ മോര്‍ഗന്റെ വിക്കറ്റ് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 7 റൺസായി മാറി. അടുത്ത ഓവറിൽ ആദ്യ മൂന്ന് പന്തിൽ ഒരു റൺസ് നേടിയ കൊല്‍ക്കത്തയ്ക്ക് ഷാക്കിബിനെയും നഷ്ടമായതോടെ ലക്ഷ്യം മൂന്ന് പന്തിൽ ആറായി മാറി. അടുത്ത പന്തിൽ സുനിൽ നരൈനും പുറത്തായതോടെ ഡല്‍ഹിയ്ക്കനുകൂലമായി മത്സരം തിരിഞ്ഞു. എന്നാൽ അടുത്ത പന്തിൽ സിക്സര്‍ നേടി രാഹുല്‍ ത്രിപാഠി മത്സരം അവസാനിപ്പിച്ചു.

ഡല്‍ഹിയുടെ ബൗളര്‍മാര്‍ അവസാന ഓവറുകളിൽ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയപ്പോള്‍ ആന്‍റിക് നോര്‍ക്കിയ, രവിചന്ദ്രന്‍ അശ്വിന്‍, കാഗിസോ റബാഡ എന്നിവര്‍ 2 വിക്കറ്റ് വീതം നേടുകയായിരുന്നു.

അവസാന ഓവറിലെ സിക്സ് പിറക്കുന്നതിന് മുമ്പ് 17 റൺസ് വിട്ട് നല്‍കുന്നതിനിടെ 6 വിക്കറ്റാണ് ഡല്‍ഹി ബൗളര്‍മാര്‍ നേടിയത്.

അയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പഞ്ചാബ് കിംഗ്സിനെതിരെ 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ  ആണ് ഈ സ്കോര്‍ നേടിയത്.

ശുഭ്മന്‍ ഗില്ലിനെ(7) മൂന്നാം ഓവറിൽ അര്‍ഷ്ദീപ് സിംഗ് തന്റെ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 റൺസ് മാത്രമാണ് നേടിയിരുന്നത്. അതിന് ശേഷം 72 റൺസിന്റെ കൂട്ടുകെട്ടാണ് ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് നേടിയത്.

34 റൺസ് നേടിയ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് രവി ബിഷ്ണോയി സ്വന്തമാക്കുകയായിരുന്നു. രാഹുല്‍ പുറത്തായി അധികം വൈകാതെ വെങ്കിടേഷ് അയ്യര്‍ തന്റെ ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം നേടി. 67 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ പുറത്താക്കി രവി ബിഷ്ണോയി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 30 റൺസാണ് അയ്യര്‍ – റാണ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ ഓയിന്‍ മോര്‍ഗനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രണ്ട് സിക്സുകള്‍ അടക്കം 18 പന്തിൽ 31 റൺസ് നേടി നിതീഷ് റാണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നല്‍കുകയായിരുന്നു.

റാണയുടെ വിക്കറ്റ് അര്‍ഷ്ദീപ് ആണ് നേടിയത്. ആ ഓവറിൽ ഒരു സിക്സും ഫോറും നേടിയ റാണയെ നാലാം പന്തിൽ അര്‍ഷ്ദീപ് പുറത്താക്കി. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവസാന ആറോവറിൽ വെറും 50 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. അതും നിതീഷ് റാണയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ടീം ഈ സ്കോറിലേക്ക് അവസാനം എത്തിയത്.

നിര്‍ണ്ണായക വിക്കറ്റുകളുമായി ലോര്‍ഡ് ശര്‍ദ്ധുൽ, ത്രിപാഠിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം താളം തെറ്റിയ കൊല്‍ക്കത്തയെ തിരികെ എത്തിച്ച് ഡികെയും റാണയും

ശര്‍ദ്ധുൽ താക്കൂര്‍ ആന്‍ഡ്രേ റസ്സലിന്റെയും വെങ്കിടേഷ് അയ്യരുടെയും വിക്കറ്റുകള്‍ നേടി ചെന്നൈ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 171 റൺസ്. അവസാന ഓവറുകളിൽ ദിനേശ് കാര്‍ത്തിക്കിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ റണ്ണൗട്ടായ ശേഷം വെങ്കടേഷ് അയ്യരും രാഹുല്‍ ത്രിപാഠിയും കൊല്‍ക്കത്തയെ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 50 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും 18 റൺസ് നേടിയ അയ്യരെ പുറത്താക്കി താക്കൂര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

ഓയിന്‍ മോര്‍ഗനെ ഹാസൽവുഡ് വീഴ്ത്തിയപ്പോള്‍ 33 പന്തിൽ 45 റൺസ് നേടി അപകടകാരിയായ മാറുകയായിരുന്ന രാഹുല്‍ ത്രിപാഠിയെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. 89/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് റസ്സൽ ക്രീസിലുള്ളത് പ്രതീക്ഷയായി നിലകൊണ്ടു.

നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും 36 റൺസ് കൂട്ടുകെട്ട് നേടി അവസാന ഓവറിലേക്ക് മത്സരം കൊണ്ടെത്തിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് താക്കൂര്‍ റസ്സലിനെ പുറത്താക്കിയത്. 15 പന്തിൽ 20 റൺസാണ് റസ്സൽ നേടിയത്.

റസ്സൽ പുറത്തായ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് അടിച്ച് തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോര്‍ നേടുകയായിരുന്നു. 11 പന്തിൽ 26 റൺസാണ് ദിനേശ് കാര്‍ത്തിക് നേടിയത്. ജോഷ് ഹാസൽവുഡിനാണ് വിക്കറ്റ്. നിതീഷ് റാണ് 27 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു.

മുംബൈയെ നിഷ്പ്രഭമാക്കി കൊല്‍ക്കത്തയുടെ വിജയം, അയ്യരിനും ത്രിപാഠിയ്ക്കും അര്‍ദ്ധ ശതകം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന് പരാജയം. ഇന്ന് കൊല്‍ക്കത്ത 7 വിക്കറ്റ് വിജയം നേടിയപ്പോള്‍ തന്റെ രണ്ടാമത്തെ മാത്രം ഐപിഎൽ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനൊപ്പം തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗുമായി രാഹുല്‍ ത്രിപാഠിയും ഫിഫ്റ്റി നേടിയാണ് മുംബൈയെ കശാപ്പ് ചെയ്തത്. 15.1 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയത്.

156 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്ലിനെ ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാം ഓവറിൽ നഷ്ടമായെങ്കിലും വെങ്കടേഷ് അയ്യര്‍ ഒരു വശത്ത് അടിച്ച് തകര്‍ത്തപ്പോള്‍ ടീം 40 റൺസ് ഒന്നാം വിക്കറ്റിൽ നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ ത്രിപാഠി – വെങ്കടേഷ് കൂട്ടുകെട്ടിനെ പൂട്ടുവാന്‍ പഠിച്ച പണി പതിനെട്ടും രോഹിത് നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല.

12ാം ഓവറിൽ ബുംറ മടങ്ങിയെത്തി അയ്യരെ പുറത്താക്കുമ്പോള്‍ 30 പന്തിൽ 53 റൺസാണ് അയ്യര്‍ നേടിയത്. രണ്ടാം വിക്കറ്റിൽ 88 റൺസ് ത്രിപാഠിയും അയ്യരും ചേര്‍ന്ന് നേടി. കൊല്‍ക്കത്തയുടെ വിജയം തടയാനായില്ലെങ്കിലും ഓയിന്‍ മോര്‍ഗന്റെ വിക്കറ്റും വീഴ്ത്തി ജസ്പ്രീത് ബുംറ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

42 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്സാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്.

മാസ്കില്ലാതെ കാറിൽ യാത്ര, രാഹുൽ ത്രിപാഠിയ്ക്കെതിരെ നിയമ നടപടി

കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം രാഹുൽ ത്രിപാഠിയ്ക്കെതിരെ നടപടി എടുത്ത് പൂനെ പോലീസ്. കാറിൽ മാസ്ക് ധരിക്കാത്തതിനാണ് താരത്തിനെതിരെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിതി അതീവരൂക്ഷമായതിനാൽ തന്നെ കടുത്ത നടപടിയാണ് സർക്കാർ എടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് ജൂൺ 15 വരെ കർശന നിയന്ത്രണങ്ങൾ തുടരുവാൻ അധികാരികൾ തീരുമാനിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് താരത്തിനെ മാസ്ക് ധരിക്കാതെ പോലീസ് പിടിക്കുന്നത്. താരത്തിനെതിരെ 500 രൂപ പിഴയാണ് പോലീസ് ചുമത്തിയത്. അതിനുള്ള രസീതും നൽകി.

കാറിൽ വേറെയും ചില ആളുകളുണ്ടായിരുന്നുവെന്നും വ്യക്തമായ കാരണമില്ലാതെയായിരുന്നു താരത്തിന്റെ യാത്രയെന്നും സീനിയർ ഇൻസ്പെക്ടർ സർദാർ പാട്ടിൽ അറിയിച്ചു.

ത്രിപാഠിയ്ക്കൊപ്പം മുന്നില്‍ നിന്ന് നയിച്ച് മോര്‍ഗനും, കൊല്‍ക്കത്തയ്ക്ക് 5 വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സിനെ 123/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 20 പന്തുകള്‍ അവശേഷിക്കെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 17/3 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ 66 റണ്‍സ് കൂട്ടുകെട്ടുമായി രാഹുല്‍ ത്രിപാഠിയും ഓയിന്‍ മോര്‍ഗനും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ദീപക് ഹൂഡ ത്രിപാഠിയെ മടക്കിയയച്ചത്. 41 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ 11 ഓവറില്‍ 83 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ സ്കോര്‍.

ഓയിന്‍ മോര്‍ഗന്‍ പുറത്താകാതെ 47 റണ്‍സ് നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് 12 റണ്‍സുമായി താരത്തിന് മികച്ച പിന്തുണ നല്‍കിയ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

വാങ്കഡേയിലും റണ്‍സ് വരള്‍ച്ച, കൊല്‍ക്കത്തയ്ക്ക് നേടാനായത് 133 റണ്‍സ്

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് നേടാനായത് 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ്. ഇന്ന് രാഹുല്‍ ത്രിപാഠി 36 റണ്‍സ് നേടി കൊല്‍ക്കത്ത നിരയില്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിതീഷ് റാണ(22), ദിനേശ് കാര്‍ത്തിക്ക്(25) എന്നിവര്‍ മാത്രമാണ് ചെറിയ തോതില്‍ ചെറുത്ത്നില്പ് നടത്തിയ താരങ്ങള്‍. എന്നാല്‍ ആര്‍ക്കും തന്നെ വേഗത്തില്‍ സ്കോര്‍ ചെയ്യുവാന്‍ സാധിക്കാതിരുന്നതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

നാല് വിക്കറ്റ് നേടിയ ക്രിസ് മോറിസിനൊപ്പം മറ്റു ബൗളര്‍മാരും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് സമ്മര്‍ദ്ദം സൃഷ്ടിച്ച് നിര്‍ത്തിയത്. മോറിസ് തന്റെ നാലോവറില്‍ 23 റണ്‍സിനാണ് 4 വിക്കറ്റ് നേടിയത്.

ത്രിപാഠിയുടെ വിക്കറ്റാണ് താന്‍ ഏറ്റവും ആസ്വദിച്ചത് – രാഹുല്‍ ചഹാര്‍

കൊല്‍ക്കത്തയ്ക്കെതിരെയുള്ള മുംബൈയുടെ 10 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് സ്പിന്നര്‍ രാഹുല്‍ ചഹാര്‍ ആയിരുന്നു. കൊല്‍ക്കത്ത മികച്ച തുടക്കം നേടിയപ്പോള്‍ ടീം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഒരു സ്പിന്നര്‍ മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിക്കേണ്ടതുണ്ടായിരുന്നുവെന്നും രാഹുല്‍ ചഹാര്‍ പറഞ്ഞു. തനിക്ക് ലഭിച്ച നാല് വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയുടെ വിക്കറ്റ് ആണ് തനിക്ക് ഏറ്റവും ഇഷ്ടമായതെന്നും രാഹുല്‍ ചഹാര്‍ പറഞ്ഞു.

താന്‍ ഐപിഎലില്‍ രണ്ട് മൂന്ന് വര്‍ഷങ്ങളായി കളിക്കുന്നതിനാല്‍ തന്നെ തനിക്ക് തന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ഗില്ലിന് തന്നെ സ്ഥിരമായി അടിച്ച് പുറത്ത് കളയാനാകില്ലെന്നുള്ള വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും നിതീഷ് റാണ് ട്രാക്കിന് താഴേക്ക് ഇറങ്ങിയടിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് താന്‍ ഫ്ലിപ്പര്‍ എറിഞ്ഞതെന്നും രാഹുല്‍ ചഹാര്‍ സൂചിപ്പിച്ചു.

അര്‍ദ്ധ ശതകങ്ങളുമായി നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും, 200 എത്താനാകാതെ കൊല്‍ക്കത്ത

രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടോപ് ഓര്‍ഡറില്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ താളം തെറ്റി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ്. 200ന് മേലെ റണ്‍സിലേക്ക് ടീം നീങ്ങുമെന്ന നിലയില്‍ നിന്ന് വിക്കറ്റുകളുമായി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഏഴോവറില്‍ 53 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ശുഭ്മന്‍ ഗില്ലിനെ(15) കൊല്‍ക്കത്തയ്ക്ക് നഷ്ടമായ ശേഷം പിന്നീട് കണ്ടത് ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്ന് സണ്‍റൈസേഴ്സ് ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നതായിരുന്നു. ത്രിപാഠി 29 പന്തില്‍ 53 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 93 റണ്‍സാണ് നേടിയത്. ത്രിപാഠിയുടെ വിക്കറ്റ് നടരാജന്‍ വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ റഷീദ് ഖാന്‍ ആന്‍ഡ്രേ റസ്സലിനെ വീഴ്ത്തി.

ഓയിന്‍ മോര്‍ഗനെയും നിതീഷ് റാണയെയും ഒരേ ഓവറില്‍ പുറത്താക്കി മുഹമ്മദ് നബിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 146/1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്ത 160/5 എന്ന നിലയിലേക്കായി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചാണ് കൊല്‍ക്കത്തയെ 187 റണ്‍സിലേക്ക് എത്തിച്ചത്. ആറ് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ദിനേശ് കാര്‍ത്തിക് 9 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന 5 ഓവറില്‍ അധികം റണ്‍സ് പിറക്കാതെ ഇരുന്നപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പിറന്ന 16 റണ്‍സാണ് 187 എന്ന സ്കോറിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി.

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഓയിന്‍ മോര്‍ഗന്‍, കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത

മികച്ച സ്റ്റാര്‍ട്ടുകള്‍ നേടിയ ബാറ്റ്സ്മാന്മാര്‍ക്ക് അത് വലിയ സ്കോറായി മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ മുന്നില്‍ നിന്ന് നയിച്ച് കൊല്‍ക്കത്തയെ 191 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചു. പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ നിര്‍ണ്ണായക പ്രകടനം ആവശ്യമായ മത്സരത്തിലാണ് കൊല്‍ക്കത്തയുടെ നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ഒരു ഘട്ടത്തില്‍ 99/5 എന്ന നിലയിലേക്ക് വീണ ടീമിനെയാണ് മോര്‍ഗന്റെ ഇന്നിംഗ്സ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.

35 പന്തില്‍ നിന്ന് 6 സിക്സുകളും 5 ഫോറും സഹിതമാണ് ഓയിന്‍ മോര്‍ഗന്റെ 68 റണ്‍സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയ ടീം മത്സരത്തില്‍ ആകെ 12 സിക്സുകളാണ് നേടിയത്.

സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജോഫ്ര നിതീഷ് റാണയെ(0) വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ശുഭ്മന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.

9ാം ഓവറില്‍ രാഹുല്‍ തെവാത്തിയയാണ് രാജസ്ഥാന് അനുകൂലമായ ബ്രേക്ക്ത്രൂ നല്‍കിയത്. 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് തെവാത്തിയ പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ സുനില്‍ നരൈനെ പൂജ്യത്തിന് പുറത്താക്കി തെവാത്തിയ ഓവറിലെ രണ്ടാം വിക്കറ്റ് നേടി. 73/1 എന്ന നിലയില്‍‍ കുതിയ്ക്കുകയായിരുന്നു കൊല്‍ക്കത്ത പൊടുന്നനെ 74/3 എന്ന നിലയിലേക്ക് വീണു.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനൊപ്പം 20 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ത്രിപാഠിയുടെ വിക്കറ്റും അധികം വൈകാതെ നഷ്ടമായി. 34 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ത്രിപാഠിയെ ശ്രേയസ്സ് ഗോപാല്‍ ആണ് പുറത്താക്കിയത്. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് നേടിയത്.

അടുത്ത ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ദിനേശ് കാര്‍ത്തിക് തെവാത്തിയയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തെവാത്തിയ 3 വിക്കറ്റ് നേടിയത്. തന്റെ ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ശ്രേയസ്സ് ഗോപാലിനെ അടുത്ത ഓവിലും ഓയിന്‍ മോര്‍ഗന്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 21 റണ്‍സ് നേടിയപ്പോള്‍ 121/5 എന്ന നിലയിലേക്ക് 14 ഓവറില്‍ കൊല്‍ക്കത്ത കുതിച്ചു.

റസ്സലും ഒരു വശത്ത് അടിതുടങ്ങിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കൊല്‍ക്കത്ത നീങ്ങുമെന്ന് തോന്നിപ്പിച്ചു. ജോഫ്രയ്ക്കെതിരെ ഫോറും സിക്സും നേടിയ റസ്സല്‍ കാര്‍ത്തിക് ത്യാഗിയെ തുടരെ രണ്ട് സിക്സുകള്‍ പറത്തി തുടങ്ങിയ റസ്സലിന് പക്ഷേ അടുത്ത പന്തില്‍ വിട വാങ്ങേണ്ടി വന്നു. 11 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ റസ്സല്‍ മൂന്ന് സിക്സുകളും മത്സരത്തില്‍ നേടി.

രാജസ്ഥാന്‍ ബൗളര്‍മാരില്‍ രാഹുല്‍ തെവാത്തിയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ത്തിക് ത്യാഗിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ജോഫ്ര ആര്‍ച്ചറും ശ്രേയസ്സ് ഗോപാലും ഓരോ വിക്കറ്റ് നേടി. ബെന്‍ സ്റ്റോക്സിനും വരുണ്‍ ആരോണിനും ശ്രേയസ്സ് ഗോപാലിനും കണക്കറ്റ് പ്രഹരം ലഭിയ്ക്കുകയും ചെയ്തു.

ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരം പ്രകടനം നടത്തുവാനായതില്‍ ഏറെ സന്തോഷം

ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം രാഹുല്‍ ത്രിപാഠി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് ശേഷം സംസാരിക്കവേയാണ് താരം ഇത് പറഞ്ഞത്. ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് തനിക്ക് ഇത് സാധിച്ചപ്പോള്‍ തോന്നുന്നതെന്നും താരം വ്യക്തമാക്കി.

ഓപ്പണിംഗ് ആയാലും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിലായാലും താന്‍ ബാറ്റ് ചെയ്യുവാന്‍ തയ്യാറെടുത്തിരുന്നുവെന്നും ഇത്തരം പ്രകടനം പുറത്തെടുക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ത്രിപാഠി വ്യക്തമാക്കി. ബോള്‍ ബാറ്റിലേക്ക് മികച്ച രീതിയില്‍ വരുന്നുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ഷോട്ടുകള്‍ താന്‍ കളിച്ചതെന്നും ത്രിപാഠി വ്യക്തമാക്കി.

51 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ആണ് മത്സരത്തില്‍ കൊല്‍ക്കത്തയെ 167 റണ്‍സിലേക്ക് എത്തിച്ചത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20ന് മേലെയുള്ള സ്കോര്‍ നേടുവാന്‍ സാധിച്ചിരുന്നില്ല.

കൊല്‍ക്കത്ത നന്ദി പറയണം ത്രിപാഠിയോട്, നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ശര്‍ദ്ധുല്‍ താക്കൂര്‍

ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഒഴികെ മറ്റു താരങ്ങള്‍ എല്ലാം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 167 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 50 പന്തില്‍ നിന്ന് 81 റണ്‍സാണ് രാഹുല്‍ ത്രിപാഠി ഇന്ന് നേടിയത്. അവസാന പന്തില്‍ കൊല്‍ക്കത്ത ഓള്‍ഔട്ട് ആകുകയായിരുന്നു.

സുനില്‍ നരൈന് പകരം രാഹുല്‍ ത്രിപാഠിയെ ഓപ്പണിംഗില്‍ പരീക്ഷിച്ചാണ് കൊല്‍ക്കത്ത ഇന്ന് ചെന്നൈയ്ക്കെതിരെ ഇറങ്ങിയത്. രാഹുല്‍ ഈ അവസരം മുതലാക്കി യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശുഭ്മന്‍ ഗില്‍ സിംഗിളുകള്‍ നേടി കൂടുതല്‍ സ്ട്രൈക്ക് രാഹുലിന് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെയാണ് കൊല്‍ക്കത്തയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. 11 റണ്‍സാണ് ഗില്‍ നേടിയത്. ശര്‍ദ്ധുല്‍ താക്കൂറിനാണ് വിക്കറ്റ് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 52 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

ഗില്‍ മടങ്ങിയെങ്കിലും രാഹുല്‍ ത്രിപാഠി സ്വസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഇതിനിടെ നിതീഷ് റാണയെയും(9) കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 31 പന്തില്‍ നിന്നാണ് ത്രിപാഠി തന്റെ അര്‍ദ്ധ ശതകം നേടിയത്.

ടോപ് ഓര്‍ഡറില്‍ നിന്ന് സുനില്‍ നരൈനെ നാലാം നമ്പറില്‍ കൊല്‍ക്കത്ത പരീക്ഷിച്ചപ്പോള്‍ ഡ്വെയിന്‍ ബ്രോവോയുടെ ഓവറില്‍ ഒരു സിക്സും ഫോറം അടക്കം കൊല്‍ക്കത്തയ്ക്ക് 19 റണ്‍സ് നേടുവാന്‍ സാധിച്ചപ്പോള്‍ പത്തോവറില്‍ 93 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. എന്നാല്‍ മികച്ച ഒരു ക്യാച്ചിലൂടെ നരൈനെ ജഡേജയും ഡു പ്ലെസിയും ചേര്‍ന്ന് പിടിച്ച് പുറത്താക്കിയപ്പോള്‍ കരണ്‍ ശര്‍മ്മയ്ക്ക് രണ്ടാം വിക്കറ്റ് ലഭിച്ചു.

കൊല്‍ക്കത്തയുടെ പ്രതീക്ഷയായിരുന്ന ഓയിന്‍ മോര്‍ഗനെ(7) പുറത്താക്കി സാം കറന്‍ എതിരാളികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. 14 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 114/4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ത്രിപാഠി 81 റണ്‍സ് നേടി പുറത്തായ ശേഷം 9 പന്തില്‍ 17 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിന്റെ മികവിലാണ് കൊല്‍ക്കത്ത 167 റണ്‍സിലേക്ക് എത്തിയത്. ചെന്നൈയ്ക്കായി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കരണ്‍ ശര്‍മ്മ, സാം കറന്‍, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version