ഡല്‍ഹിയെ വിറപ്പിച്ച് മോര്‍ഗന്‍ – ത്രിപാഠി കൂട്ടുകെട്ട്, 18 റണ്‍സ് വിജയം പിടിച്ചെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് വിജയം. ഇന്നത്തെ മത്സരത്തില്‍ 229 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 122/6 എന്ന നിലയിലേക്ക് വീണ ശേഷം 78 റണ്‍സ് കൂട്ടുകെട്ടുമായി ഓയിന്‍ മോര്‍ഗന്‍ – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് ഡല്‍ഹി നിരയില്‍ ഭീതി പടര്‍ത്തിയെങ്കിലും ഇരുവരും പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

Eoinmorgan

സുനില്‍ നരൈന്‍ തന്റെ മോശം ഫോം തുടര്‍ന്നപ്പോള്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത് രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുമായി ശുഭ്മന്‍ ഗില്‍ – നിതീഷ് റാണ കൂട്ടുകെട്ടായിരുന്നു. നിതീഷ് റാണയുടെ ക്യാച്ച് സ്വന്തം ബൗളിംഗില്‍ അമിത് മിശ്ര കൈവിട്ടുവെങ്കിലും തന്റെ അടുത്ത ഓവറില്‍ മിശ്ര ഗില്ലിനെ പുറത്താക്കി ടീമിന് രണ്ടാമത്തെ ബ്രേക്ക്ത്രൂ നല്‍കി. 22 പന്തില്‍ നിന്ന് 28 റണ്‍സാണ് ശുഭ്മന്‍ ഗില്‍ നേടിയത്.

ആന്‍ഡ്രേ റസ്സല്‍ ക്രീസിലെത്തിയപ്പോള്‍ കാഗിസോ റബാഡയെ ബൗളിംഗിനെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ആവേശകരമാക്കി. റബാഡയ്ക്കെതിരെ ഒരു ഫോറും സിക്സും റസ്സല്‍ നേടിയെങ്കിലും അടുത്ത പന്തില്‍ താരത്തെ പുറത്താക്കി റബാഡ തിരിച്ചടിച്ചു. 8 പന്തില്‍ 13 റണ്‍സാണ് റസ്സല്‍ നേടിയത്. പത്തോവറില്‍ കൊല്‍ക്കത്ത 94 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

എന്നാല്‍ 3 പന്തുകള്‍ക്ക് ശേഷം 58 റണ്‍സ് നേടിയ നിതീഷ് റാണയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കുകയായിരുന്നു. അതെ ഓവറില്‍ തന്നെ ദിനേശ് കാര്‍ത്തികനെ കൂടി നഷ്ടമായതോടെ കൊല്‍ക്കത്ത കൂടുതല്‍ പ്രതിസന്ധിയിലായി. ഹര്‍ഷല്‍ പട്ടേലിന് തന്നെയായിരുന്നു കാര്‍ത്തിക്കിന്റെ വിക്കറ്റും.

തൊട്ടടുത്ത ഓവറില്‍ ആന്‍റിക് നോര്‍കേ പാറ്റ് കമ്മിന്‍സിനെയും പുറത്താക്കിയതോടെ ഉത്തവാദിത്വം മുഴുവന്‍ ഓയന്‍ മോര്‍ഗനിലേക്ക് വന്നു. റബാഡയെറിഞ്ഞ 16ാം ഓവറില്‍ ഒരു സിക്സും ഫോറും അധികം 14 റണ്‍സാണ് മോര്‍ഗനും ത്രിപാഠിയും നേടിയത്.

24 പന്തില്‍ 77 റണ്‍സെന്ന നിലയിലേക്ക് അവസാന നാലോവറിലേക്ക് മത്സരം വരികയും മാര്‍ക്ക് സ്റ്റോയിനിസ് എറിഞ്ഞ 17ാം ഓവറില്‍ രാഹുല്‍ ത്രിപാഠി മൂന്ന് സിക്സും ഒരു ഫോറും അടക്കം 24 റണ്‍സ് നേടിയതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 54 റണ്‍സായി മാറി.

ശ്രേയസ്സ് അയ്യര്‍ വീണ്ടും കാഗിസോ റബാഡയ്ക്ക് ഓവര്‍ നല്‍കിയതോടെ മൂന്ന് സിക്സറുകള്‍ പറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വീണ്ടും സാധ്യത കൊണ്ടു വന്നു. ഓവറിലെ അവസാന പന്ത് രാഹുല്‍ ത്രിപാഠി ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 23 റണ്‍സ് വന്നു.

ലക്ഷ്യം ഇതോടെ 12 പന്തില്‍ 31 റണ്‍സായി മാറി. ആന്‍റിക് നോര്‍കേ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തില്‍ മോര്‍ഗന്‍ ബൗണ്ടറി ലൈനില്‍ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ 18 പന്തില്‍ നിന്നാണ് 44 റണ്‍സ് നേടിയത്. 5 സിക്സ് അടക്കമായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. ഓവറില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. ലക്ഷ്യം അവസാന ഓവറില്‍ 26 റണ്‍സും സ്ട്രൈക്കില്‍ രാഹുല്‍ ത്രിപാഠിയും.

അവസാന ഓവര്‍ എറിയുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസ് എത്തിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ ത്രിപാഠി ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തില്‍ മികച്ചൊരു യോര്‍ക്കറിലൂടെ താരത്തെ സ്റ്റോയിനിസ് മടക്കി. പിന്നീട് ശിവം മാവിയും കമലേഷ് നാഗര്‍കോടിയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് മാത്രമേ നേടാനായുള്ളു.

രാഹുല്‍ ത്രിപാഠി 16 പന്തില്‍ 36 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഡല്‍ഹിയ്ക്കായി ആന്‍റിക് നോര്‍കേ 3 വിക്കറ്റ് നേടി. റബാഡയ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചു. കൂടാതെ അത്ര മികച്ച മത്സരമായിരുന്നില്ല താരത്തിന്.

ഇത് എന്റെ ആദ്യ ഐപിഎല്‍, എനിക്കായി ആ കിരീടം നേടിത്തരൂ – സ്റ്റോക്സ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശം ഇത് എന്ന് രാഹുല്‍ ത്രിപാഠി

2017 ഐപിഎലില്‍ കിരീട പോരാട്ടം മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സും തമ്മിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും ക്വാളിഫയറിലുമടക്കം ടൂര്‍ണ്ണമെന്റില്‍ മൂന്ന് തവണയാണ് പൂനെ മുംബൈയെ പരാജയപ്പെടുത്തിയത്. അതിനാല്‍ തന്നെ പൂനെയ്ക്ക് വിജയം കരസ്ഥമാക്കാനാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.

ഫൈനലിന് മുമ്പ് ടീം വാട്സാപ്പ് ഗ്രൂപ്പില്‍ ആ വര്‍ഷത്തെ ടൂര്‍ണ്ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബെന്‍ സ്റ്റോക്സ് ഇട്ട സന്ദേശം ഇത് തന്റെ ആദ്യ ഐപിഎല്‍ ആണെന്നും തനിക്കായി കിരീടം നേടണമെന്നായിരുന്നു. ഐപിഎലിന്റെ ഫൈനലില്‍ താരത്തിന് കളിക്കാനായിരുന്നില്ല. അതിന് മുമ്പ് തന്റെ ദേശീയ ടീമിന് കളിക്കാനായി താരം മടങ്ങി. അന്ന് ബെന്‍ സ്റ്റോക്സിനൊപ്പമുണ്ടായിരുന്ന സഹതാരം രാഹുല്‍ ത്രിപാഠിയാണ് ഈ ഓര്‍മ്മ പുതുക്കിയത്.

മുംബൈ രണ്ടാം ക്വാളിഫയര്‍ വിജയിച്ചപ്പോള്‍ മൂന്ന് പ്രാവശ്യം അവരെ പരാജയപ്പെടുത്തിയ നമുക്ക് വിജയിക്കുവാനാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെന്ന് രാഹുല്‍ ത്രിപാഠി വ്യക്തമാക്കി. സാധാരണ ഷോര്‍ട്സ് അണിഞ്ഞ് എത്തുന്ന കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് അന്ന് ഫോര്‍മല്‍സ് അണിഞ്ഞാണെത്തിയതെന്നും രാഹുല്‍ പറഞ്ഞു. ട്രോഫി ലഭിയ്ക്കുമെന്ന് ഫ്ലെമിംഗിന് അത്രയും ഉറപ്പായിരുന്നതിനാലാണ് ഈ വേഷത്തിലെ മാറ്റമെന്നും രാഹുല്‍ സൂചിപ്പിച്ചു.

എന്നാല്‍ പൂനെയെ ഒന്ന് ഒരു റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് കിരീടം നേടുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ നേടിയ 47 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയപ്പോള്‍ പൂനെ ഇന്നിംഗ്സ് 128 റണ്‍സില്‍ അവസാനിച്ചു. സ്റ്റീവന്‍ സ്മിത്ത് 51 റണ്‍സും അജിങ്ക്യ രഹാനെ 44 റണ്‍സും നേടിയെങ്കിലും വിജയം ധോണി നയിച്ച ടീമിനെ കൈവിട്ടു.

വിരാട് സിംഗിന് 1.90 കോടി വില നല്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കി കൊല്‍ക്കത്ത

ഓള്‍റൗണ്ടറും യുവതാരവുമായി വിരാട് സിംഗിന്  1.90 കോടി വില നില്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. വമ്പന്‍ താരങ്ങളെ ആരെയും തന്നെ ലേലത്തില്‍ നേടുവാന്‍ ശ്രമിക്കാതിരുന്ന സണ്‍റൈസേഴ്സ് ഈ യുവഓള്‍റൗണ്ടര്‍ക്കായി രംഗത്തെത്തുകയായിരുന്നു. കിംഗ്സ് ഇലവന്റെ വെല്ലുവിളിയെ മറികടന്നാണ് 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ടീം സ്വന്തമാക്കിയത്.

രാഹുല്‍ ത്രിപാഠിയെ 60 ലക്ഷത്തിനാണ് കൊല്‍ക്കത്ത നേടിയത്. അടിസ്ഥാന വിലയായ 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം അധികം നല്‍കിയാണ് മുമ്പ് ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തെ ടീമിന് സ്വന്തമാക്കാനായത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി ലേലത്തില്‍ പങ്കെടുത്തു.

രാജസ്ഥാനെ വട്ടംകറക്കി പഞ്ചാബ് സ്പിന്നര്‍മാര്‍, പതിവു പോലെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍

ഒരു ഘട്ടത്തില്‍ 97/1 എന്ന നിലയില്‍ പഞ്ചാബിനു വെല്ലുവിളിയുയര്‍ത്തുമെന്ന് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്ന പതിവു രീതി പുറത്തെടുത്തപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നല്‍കിയ 183 റണ്‍സ് എന്ന ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു 12 റണ്‍സിന്റെ തോല്‍വി. പഞ്ചാബിന്റെ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും മുരുഗന്‍ അശ്വിനും ചേര്‍ന്ന് മധ്യ ഓവറുകളില്‍ പുറത്തെടുത്ത ബൗളിംഗ് മികവാണ് പഞ്ചാബിനു വിജയം നല്‍കിയത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ തകര്‍പ്പനടികള്‍ തോല്‍വിയുടെ ഭാരം കുറയ്ക്കുവാന്‍ മാത്രമേ സാധിച്ചുള്ളു. 11 പന്തില്‍ നിന്ന് 33 റണ്‍സ് നേടി സ്റ്റുവര്‍ട് ബിന്നി പുറത്താകാതെ നിന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടിനെ മാറ്റി പരീക്ഷിച്ചാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ചേസിംഗിന് ഇറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്ക് പകരം ജോസ് ബട്‍ലര്‍ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയത് രാഹുല്‍ ത്രിപാഠിയാണ്. ടോപ് ഓര്‍ഡറില്‍ തനിക്ക് കിട്ടിയ അവസരം താരം ഉപയോഗിക്കുകയും ചെയ്തു. 4 ഓവറില്‍ 38 റണ്‍സിലേക്ക് കുതിച്ച രാജസ്ഥാന് എന്നാല്‍ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ ജോസ് ബട്‍ലറെ നഷ്ടമായി. 17 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായ ബട്‍ലറുടെ വിക്കറ്റ് അര്‍ഷ്ദീപ് സിംഗിനാണ് ലഭിച്ചത്. തന്റെ കന്നി ഐപിഎല്‍ വിക്കറ്റാണ് യുവതാരം ബട്‍ലറെ പുറത്താക്കി നേടിയത്.

ബട്‍ലര്‍ പുറത്തായ ശേഷം ത്രിപാഠിയ്ക്കൊപ്പമെത്തിയ സഞ്ജുവും അനായാസം സ്കോറിംഗ് നടത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സ് കൂട്ടുകെട്ടുമായി രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ പഞ്ചാബ് സ്പിന്നര്‍മാരായ രവിചന്ദ്രന്‍-മുരുഗന്‍ അശ്വിന്‍ എന്നിവര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 21 പന്തില്‍ 27 റണ്‍സ് നേടിയ സഞ്ജുവിനെ 12ാം ഓവറില്‍ അശ്വിന്‍ പുറത്താക്കിയപ്പോള്‍ വീണ്ടും മികച്ച നിലയില്‍ നിന്ന് രാജസ്ഥാന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നുവോ എന്നാണ് ഏവരും കരുതിയത്.

ത്രിപാഠിയും രഹാനെയ്ക്കും വേഗത്തില്‍ സ്കോറിംഗ് നടത്താനായില്ലെങ്കിലും 15 ഓവര്‍ പിന്നിട്ടപ്പോള്‍ സ്കോര്‍ 122ല്‍ എത്തിയ്ക്കുവാന്‍ താരങ്ങള്‍ക്കായി. അവസാന 30 പന്തില്‍ 61 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. അശ്വിന്‍ എറിഞ്ഞ 16ാം ഓവറില്‍ ഒരു സ്റ്റംപിംഗ് അവസരം അതിജീവിച്ച് ശേഷം ത്രിപാഠി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഓവറിന്റെ അവസാനത്തില്‍ രാജസ്ഥാന് 50 റണ്‍സ് നേടിയ ത്രിപാഠിയെയും നഷ്ടമായി.

തന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയെങ്കിലും അശ്വിന്‍ അടുത്ത നാലോവറില്‍ 14 റണ്‍സിനു 2 വിക്കറ്റ് വീഴ്ത്തി മികച്ച തിരിച്ചുവരവും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകളും നേടുകയായിരുന്നു. താന്‍ നേരിട്ട ആദ്യ പന്തില്‍ ആഷ്ടണ്‍ ടര്‍ണറും പുറത്തായപ്പോള്‍ മത്സരം രാജസ്ഥാന്‍ കൈവിട്ടു. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്. മുരുഗന്‍ അശ്വിന്‍ തന്റെ നാലോവറില്‍ 24 റണ്‍സിനു 1 വിക്കറ്റ് നേടി.

അവസാന മൂന്നോവറില്‍ 50 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് മുഹമ്മദ് ഷമിയുടെ ഓവറിലെ ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചറെ നഷ്ടമായി. പിന്നീട് ഓവറില്‍ സ്റ്റുവര്‍ട്ട് ബിന്നി നേടിയ ഒരു സിക്സിന്റെയും ഫോറിന്റെയും ബലത്തില്‍ 13 റണ്‍സ് ഓവറില്‍ നിന്ന് നേടിയെങ്കിലും 12 പന്തില്‍ 37 റണ്‍സ് എന്ന ലക്ഷ്യം അപ്രാപ്യം തന്നെയായിരുന്നു.

സ്റ്റുവര്‍ട് ബിന്നി 11 പന്തില്‍ നിന്ന് 33 റണ്‍സുമായി പുറത്താകാതെ നിന്ന് 2 ഫോറും 3 സിക്സും നേടി രാജസ്ഥാനെ 170/7 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. പഞ്ചാബ് ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റും മുരുഗന്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി. ഇതില്‍ അര്‍ഷദീപ് സിംഗും മുഹമ്മദ് ഷമിയും റണ്‍സ് അധികം വഴങ്ങിയെങ്കിലും രണ്ട് സ്പിന്നര്‍മാരും തങ്ങളുടെ നാലോവര്‍ സ്പെല്ലില്‍ വെറും 24 റണ്‍സാണ് വഴങ്ങിയത്.

 

സ്മിത്തിനെ പുറത്താക്കി ഐപിഎലില്‍ തന്റെ നൂറാം വിക്കറ്റ് നേടി രവീന്ദ്ര ജഡേജ

ഐപിഎലില്‍ തന്റെ നൂറ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി രവീന്ദ്ര ജഡേജ. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ രാഹുല്‍ ത്രിപാഠിയെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കിയാണ് രവീന്ദ്ര ജഡേജ തന്റെ നൂറ് വിക്കറ്റ് നേട്ടം കൊയ്തത്. ഇന്നത്തെ മത്സരത്തില്‍ വെറും 20 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജയുടെ രണ്ട് വിക്കറ്റുകള്‍.

ചെന്നൈ നിരയില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്താണ് ജഡേജ ഈ നേട്ടത്തിലേക്ക് നീങ്ങുന്നത്.

ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ ജയം നേടാനാകാത്ത ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാറി. ജോസ് ബട്‍ലറുടെ അര്‍ദ്ധ ശതകത്തോടൊപ്പം സ്റ്റീവ് സ്മിത്ത്(38), രാഹുല്‍ ത്രിപാഠി(34) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനു ജയം ഉറപ്പാക്കിയത്.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 7.4 ഓവറില്‍ നിന്ന് ജോസ് ബട്‍ലര്‍-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 60 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. 22 റണ്‍സ് നേടിയ രഹാനെയെ ചഹാല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രാജസ്ഥാന് ആദ്യ തിരിച്ചടി നേരിടേണ്ടി വന്നു. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ജോസ് ബട‍്‍‍ലറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി.

12.4 ഓവറില്‍ ജോസ് ബട്‍ലറെയും ചഹാല്‍ തന്നെ പുറത്താക്കിയപ്പോള്‍ 43 പന്തില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് വീഴുമ്പോള്‍ 12.4 ഓവറില്‍ 104 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയിരുന്നത്. ബട്‍ലര്‍ പുറത്തായ ശേഷം റണ്‍സ് നേടുവാന്‍ പഴയ വേഗതയില്ലായിരുന്നുവെങ്കിലും ലക്ഷ്യം അത്ര വലുതല്ലാതിരുന്നത് രാജസ്ഥാനെ അലട്ടിയില്ല.

30 പന്തില്‍ ജയിക്കാന്‍ 38 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് ടൈം ഔട്ട് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ സ്റ്റീവ് സ്മിത്ത് വലിയ അടിയ്ക്ക് മുതിര്‍ന്നുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവിന്റെ അടുത്തേക്ക് മാത്രമേ അടിക്കുവാന്‍ സാധിച്ചുള്ളു. എന്നാല്‍ ചഹാലിന്റെ ഓവറില്‍ ലഭിച്ച അവസരം ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് കൈവിട്ടതോടെ ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. തന്റെ നാലോവറില്‍ 17 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയാണ് യൂസുവേന്ദ്ര ചഹാല്‍ തന്റെ സ്പെല്‍ അവസാനിപ്പിച്ചത്.

അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 34 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ 17ാം  ഓവറില്‍ 16 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തും രാഹുല്‍ ത്രിപാഠിയും ലക്ഷ്യം 18 പന്തില്‍ 18 ആക്കി മാറ്റി. നവദീപ് സൈനിയുടെ അടുത്ത ഓവറില്‍ നിന്ന് 9 റണ്‍സ് നേടി മത്സരം രാജസ്ഥാന്റെ പക്ഷത്തേക്ക് സ്മിത്തും ത്രിപാഠിയും ചേര്‍ന്ന് മാറ്റിയിരുന്നു.

അടുത്ത ഓവറില്‍ സ്മിത്ത് വീണ്ടുമൊരു അവസരം നല്‍കിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അതും കൈവിട്ടും. മുഹമ്മദ് സിറാജിന്റെ ഓവറില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയ പവന്‍ നേഗിയാണ് ക്യാച്ച് കൈവിട്ടത്. അടുത്ത പന്തില്‍ രാഹുല്‍ ത്രിപാഠി നല്‍കിയ അവസരം മോയിന്‍ അലിയും കൈവിട്ടതോടെ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ മുഖം പൊത്തി നടക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാന പന്തില്‍ സ്റ്റീവ് സ്മിത്ത് കൂറ്റനടിയ്ക്ക് ശ്രമിച്ചുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് പിടിച്ച് പുറത്തായപ്പോള്‍ സിറാജിനു ആശ്വാസ വിക്കറ്റ് ലഭിച്ചു.

അവസാന ഓവറില്‍ ജയിക്കുവാന്‍ അഞ്ച് റണ്‍സ് നേടേണ്ടിയിരുന്ന രാജസ്ഥാന്‍ ഒരു പന്ത് അവശേഷിക്കെ വിജയം ഉറപ്പാക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ ഓവറിലെ അഞ്ചാം പന്തില്‍ സിക്സര്‍ നേടിയാണ് രാഹുല്‍ ത്രിപാഠി ടീമിനു വേണ്ടി ഏഴ് വിക്കറ്റ് വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ നിന്ന് രാഹുല്‍ ത്രിപാഠി 23 പന്തില്‍ നിന്ന് 34 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്സുമായിരുന്നു രാഹുല്‍ ത്രിപാഠി നേടിയത്. ചഹാല്‍ കഴിഞ്ഞാല്‍ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ നിരയില്‍ മികവ് പുലര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ഓവറില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ താരത്തിനു ഒരു വിക്കറ്റ് കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.

പൊരുതി കീഴടങ്ങി രാജസ്ഥാന്‍, ചെന്നൈയ്ക്ക് ത്രില്ലര്‍ ജയം

രാജസ്ഥാന്‍ റോയല്‍സിനെ 8 റണ്‍സിനു പരാജയപ്പെടുത്തി മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇതോടെ ടൂര്‍ണ്ണമെന്റില്‍ പരാജയം അറിയാത്ത ടീമായി ചെന്നൈ മാറി. 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് 94/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് സ്റ്റോക്സ്-ജോഫ്ര കൂട്ടുകെട്ട് രാജസ്ഥാനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത്. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയിക്കുവാന്‍ രാജസ്ഥാന് വേണ്ടിയിരുന്നത്.

എന്നാല്‍ ഓവറിന്റെ ആദ്യ പന്തില്‍ ബെന്‍ സ്റ്റോക്സിനെ നഷ്ടപ്പെട്ട രാജസ്ഥാന് 20 ഓവറില്‍ 167 റണ്‍സാണ് രാജസ്ഥാന് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ബെന്‍ സ്റ്റോക്സ് 26 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 11 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ടോപ് ഓര്‍ഡറില്‍ നിന്ന് കാര്യമായ സംഭാവനയൊന്നുമില്ലാത്തതും രാജസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

27/3 എന്ന നിലയിലേക്ക് വീണ ശേഷം ധോണിയുടെ ചുമലിലേറി 175/5 എന്ന മികച്ച സ്കോറിലേക്ക് നീങ്ങിയ ശേഷം രാജസ്ഥാനെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി പ്രതിരോധത്തിലാക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

ദീപക് ചഹാറും ശര്‍ദ്ധുല്‍ താക്കൂറും ചേര്‍ന്ന് രാജസ്ഥാനെ 14/3 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. രഹാനെയെ(0) ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പുറത്താക്കിയ ചഹാര്‍ സഞ്ജുവിന്റെ(8) വിക്കറ്റും നേടി. സുരേഷ് റെയ്‍ന മികച്ചൊരു ക്യാച്ചിലൂടെയാണ് താരത്തെ പുറത്താക്കിയത്. അടുത്ത ഓവറില്‍ ജോസ് ബട്‍ലറും പുറത്തായതോടെ രാജസ്ഥാന്‍ തകര്‍ന്നടിയുമെന്ന് കരുതി.

തുടര്‍ന്ന് 61 റണ്‍സ് നാലാം വിക്കറ്റില്‍ നേടി രാഹുല്‍ ത്രിപാഠിയും സ്റ്റീവന്‍ സ്മിത്തും രാജസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്മിത്ത് പഴയ ഒഴുക്കില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ ത്രിപാഠിയാണ് സ്കോറിംഗ് വേഗത്തില്‍ നടത്തിയത്. എന്നാല്‍ ഇമ്രാന്‍ താഹിറിനു അനായാസമായ റിട്ടേണ്‍ ക്യാച്ച് നല്‍കി ത്രിപാഠി മടങ്ങിയതോടെ രാജസ്ഥാന്റെ സാധ്യതകള്‍ മങ്ങി. 24 പന്തില്‍ നിന്ന് 39 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്.

ഏതാനും ഓവറുകള്‍ക്ക് ശേഷം സ്മിത്തും(28) താഹിറിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 13.2 ഓവറില്‍ 94 റണ്‍സ് മാത്രമായിരുന്നു. 30 പന്തില്‍ നിന്ന് 65 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന രാജസ്ഥാന് അധികം ബാറ്റിംഗ് അവശേഷിക്കുന്നില്ലായിരുന്നു എന്നതും തിരിച്ചടിയായി. ഇമ്രാന്‍ താഹിറിന്റെ ഓവറിലെ ആദ്യ പന്തില്‍ സിക്സ് നേടുവാന്‍ കൃഷ്ണപ്പ ഗൗതമിനു സാധിച്ചുവെങ്കിലും അടുത്ത അഞ്ച് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രം വിട്ട് നല്‍കി ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ താരം വീണ്ടും തന്റെ കഴിവ് തെളിയിച്ചു.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ ഗൗതമും(8) മടങ്ങി. പിന്നീട് ക്രീസിലെത്തിയ ജോഫ്ര ആര്‍ച്ചര്‍ അടുത്ത പന്ത് ബൗണ്ടറി കടത്തുകയും ഓവറിലെ അവസാന പന്തില്‍ സിക്സ് നേടിയും മത്സരം ആവേശകരമായി തന്നെ നിലനിര്‍ത്തി. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 44 റണ്‍സായിരുന്നു രാജസ്ഥാന് വിജയത്തിനായി നേടേണ്ടിയിരുന്നത്.

രാജസ്ഥാന്‍ ക്യാമ്പിനു ആഹ്ലാദം പകര്‍ന്ന് ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ബൗണ്ടറിയും ബെന്‍ സ്റ്റോക്സ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും സിക്സ് നേടി ഓവര്‍ രാജസ്ഥാനു അനുകൂലമാക്കി മാറ്റി. 19 റണ്‍സാണ് ഓവറില്‍ പിറന്നത്. ഇതോടെ ലക്ഷ്യം 12 പന്തില്‍ 25 റണ്‍സായി മാറി.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ ഓവറില്‍ 12 റണ്‍സ് നേടി സ്റ്റോക്സ്-ആര്‍ച്ചര്‍ കൂട്ടുകെട്ട് ലക്ഷ്യം അവസാന ഓവറില്‍ 12 ആക്കി മാറ്റിയെങ്കിലും ഓവറില്‍ ബ്രാവോയെ അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ എട്ട് റണ്‍സിന്റെ തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

ദീപക് ചഹാര്‍ നാലോവറില്‍ 19 റണ്‍സും ഇമ്രാന്‍ താഹിര്‍ 23 റണ്‍സും വിട്ട് നല്‍കിയാണ് 2 വീതം വിക്കറ്റ് നേടിയത്. ഡ്വെയിന്‍ ബ്രാവോ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴത്തി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ധോണിയുടെ തീരുമാനം ശരി, ജാര്‍ഖണ്ഡ് സെമിയിലേക്ക്

ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ക്കേണ്ടതില്ലെന്നും അതിനാല്‍ തന്നെ താന്‍ ജാര്‍ഖണ്ഡിനു വേണ്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നില്ലെന്നും തീരുമാനിച്ച ധോണിയുടെ തീരുമാനം ശരിവെച്ച് ജാര്‍ഖണ്ഡ്. മഴ നിയമത്തില്‍(വിജെഡി രീതി) മഹാരാഷ്ട്രയെ എട്ട് വിക്കറ്റിനു വീഴത്തി ജാര്‍ഖണ്ഡ് വിജയ് ഹസാരെ ട്രോഫിയുടെ സെമിയിലേക്ക് കടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയെ 181 റണ്‍സിനു 42.2 ഓവറില്‍ പുറത്താക്കിയ ശേഷം 32.2 ഓവറില്‍ 127/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. അര്‍ദ്ധ ശതകം നേടിയ ശശീം സഞ്ജയ് രാഥോര്‍(53*), സൗരഭ് തിവാരി(29*) ഇഷാന്‍ കിഷന്‍(28) എന്നിവരാണ് ജാര്‍ഖണ്ഡിനായി ബാറ്റിംഗില്‍ തിളങ്ങിയത്.

നേരത്തെ അങ്കുര്‍ റോയിയുടെ നാല് വിക്കറ്റ് പ്രകടനത്തെ വരുണ്‍ ആരോണ്‍(2), രാഹുല്‍ ശുക്ല(3) എന്നിവര്‍ പിന്തുണച്ചപ്പോള്‍ 181 റണ്‍സിനു മഹാരാഷ്ട്രയെ പുറത്താക്കുവാന്‍ ജാര്‍ഖണ്ഡിനു സാധിക്കുകയായിരുന്നു. 52 റണ്‍സ് നേടിയ രോഹിത് മോട്‍വാനിയും 47 റണ്‍സുമായി രാഹുല്‍ ത്രിപാഠിയുമാണ് മഹാരാഷ്ട്ര നിരയില്‍ തിളങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 76 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ത്രിപാഠി പുറത്തായതോടെ മഹാരാഷ്ട് തകരുന്നു. 148/5 എന്ന നിലയില്‍ നിന്ന് 181 റണ്‍സിനു ടീം ഓള്‍ഔട്ട് ആയി.

Exit mobile version