നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനായി ദ്രാവിഡ്

രാഹുല്‍ ദ്രാവിഡിനെ എന്‍സിഎ യുടെ ഹെഡ് ഓഫ് ക്രിക്കറ്റായി നിയമിച്ച് ബിസിസിഐ. എന്‍സിഎയിലെ ക്രിക്കറ്റ് സംബന്ധിച്ച എല്ലാത്തിന്റെയും ചുമതല ഇനി മുന്‍ ഇന്ത്യന്‍ നായകനാവുമെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ ഔദ്യോഗിക പത്രക്കുറിപ്പനുസരിച്ച് രാഹുലിന്റെ ചുമതലകളില്‍ മെന്ററിംഗ്, കോച്ചിംഗ്, പരിശീലനം, താരങ്ങളുടെയും, കോച്ചുകളുടെയും, പിന്തുണ സ്റ്റാഫുകളുടെയും മോട്ടിവേഷന്‍ എല്ലാം ഉള്‍പ്പെടുന്നു.

എന്നാല്‍ ഇന്ത്യ എ, അണ്ടര്‍-19 ടീമുകളുടെ പരിശീലക ചുമതല വഹിക്കുന്ന ദ്രാവിഡ് ഇനി ഈ സ്ഥാനങ്ങളില്‍ തുടരുമോ എന്നത് അറിയില്ല. അതേ സമയം ദ്രാവിഡ് ദേശീയ പുരുഷ-വനിത സ്ക്വാഡുകളുടെ കോച്ചുമാരുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ അണ്ടര്‍ 19, 23, ഇന്ത്യ എ ടീമുകളുടെ കോച്ചുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട് എന്നും ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കുന്നു.

1999ല്‍ നിന്ന് ഏറെ വ്യത്യാസമായിരിക്കും ഇംഗ്ലണ്ടിലെ ഇപ്പോളത്തെ സാഹചര്യം

1999ല്‍ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ലോകകപ്പായിരിക്കും 2019ലേതെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. 1999ല്‍ മത്സരങ്ങളില്‍ റണ്ണധികം വ്നിരുന്നില്ല, അതേ സമയം ഇത്തവണ ഉയര്‍ന്ന് സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങളാവും ഉണ്ടാകുക എന്നും ദ്രാവിഡ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഏറെ മാറി, പ്രത്യേകിച്ച് ഏകദിനങ്ങളില്‍.

ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ എല്ലാം ഉയര്‍ന്ന സ്കോര്‍ പിറന്ന മത്സരങ്ങളായിരുന്നു. ഇംഗ്ലണ്ടിലെ ഏകദിനങ്ങള്‍ മാറിയിട്ടുണ്ട്, പഴയ സ്വിംഗും സീമും പ്രതീക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് പോകുന്നതില്‍ കാര്യമില്ല, ഇംഗ്ലണ്ടിലെ പിച്ചുകള്‍ ഫ്ലാറ്റായി മാറി, അവിടെ റണ്‍മഴ ഒഴുകുക തന്നെ ചെയ്യുമെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടേത് സന്തുലിതമായ ലോകകപ്പ് സ്ക്വാഡ് – ദ്രാവിഡ്

ഇന്ത്യ 2019 ഏകദിന ലോകകപ്പിനു തിരഞ്ഞെടുത്ത ടീം ഏറ്റവും സന്തുലിതമെന്ന് പറഞ്ഞ് നിലവിലെ ഇന്ത്യ എ, അണ്ടര്‍ 19 ടീം കോച്ചായ രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കഴിഞ്ഞ കാലങ്ങളിലായി ഏറെ മാറിയെന്നും ലോകകപ്പില്‍ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ വിജയം കുറിയ്ക്കുമെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

സെലക്ടര്‍മാര്‍ക്ക് ടീം തിരഞ്ഞെടുപ്പ് എന്നും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്, ഇത്തവണത്തെ ടീം ഏറ്റവും സന്തുലിതമായ ടീമാണെന്നാണ് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടത്. വിവിധ തരം ഉപാധികളും കോമ്പിനേഷനുകളും പ്രയോഗിക്കാന്‍ പറ്റിയ താരങ്ങളെയാണ് ഇത്തവണ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

അശ്വിന്‍-ബട്‍ലര്‍ വിഷയം, പ്രതികരണങ്ങള്‍ പരിധി കടന്നത്

ജോസ് ബട‍്‍ലറെ വിവാദ രീതിയില്‍ പുറത്താക്കിയ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് വരുന്ന പ്രതികരണങ്ങള്‍ പരിധി കടന്നതെന്ന് രാഹുല്‍ ദ്രാവിഡ്. അശ്വിന്റെ സ്വാഭാവത്തെയും താരത്തെ വ്യക്തിഹത്യ ചെയ്യുന്ന പ്രതികരണങ്ങള്‍ അതിര് കടന്നതാണെന്ന് ദ്രാവിഡ് വ്യക്തമാക്കി. താരം മാന്യനാണോ മാന്യനല്ലേയെന്നുള്ള വിഷയമൊന്നും ഈ സംഭവത്തില്‍ ഇല്ല. നിയമപ്രകാരമുള്ള കാര്യമാണ് അശ്വിന്‍ നടത്തിയത്.

അതിനോട് അനുകൂലിക്കാത്തവരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍ തീര്‍ച്ചയായും അതിര് കടന്നതാണ്. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ വിലയിരുത്തലല്ലയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രതികരിക്കുന്നവര്‍ കാര്യം മനസ്സിലാക്കാതെ പ്രതികരിക്കുകയാണെന്നും ദ്രാവിഡ് വ്യക്തമാക്കി.

അത് ചെയ്യാന്‍ അശ്വിനു അവകാശമുണ്ട്, എന്നാല്‍ മുന്നറിയിപ്പ് നല്‍കാമായിരുന്നുവെന്നത് തന്റെ അഭിപ്രായം

അശ്വിന്റെ മങ്കാഡ് രീതിയിലുള്ള ജോസ് ബട്‍ലറുടെ പുറത്താക്കലിന്മേലുള്ള തന്റെ അഭിപ്രായം അറിയിച്ച് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിലെ നിയമപ്രകാരം അശ്വിന്‍ ചെയ്തത് ശരിയാണ്. അതിനുള്ള അവകാശം നിയമങ്ങള്‍ അശ്വിനു നല്‍കുന്നുണ്ട്. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം ആദ്യം ഒരു മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നുവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

അന്ന് നടന്നത് നിയമപ്രകാരമുള്ള കാര്യമാണ് അതിനാല്‍ അവിടെ കൂടുതല്‍ സംശയമൊന്നുമില്ല. അത് ആരെങ്കിലും ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ തനിക്ക് എതിരഭിപ്രായമെന്നുമില്ല. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം മുന്നറിയിപ്പ് നല്‍കണമെന്നാണ് അത് ഒരാള്‍ ചെയ്തില്ലെങ്കിലും തനിക്ക് എതിരഭിപ്രായമില്ലെന്നും ദ്രാവിഡ് പറഞ്ഞു.

ലോകേഷ് രാഹുലിന്റെ ഫോമില്‍ ആശങ്കയില്ല, കഴിവും ഗുണനിലവാരവുമുള്ള താരമാണ് രാഹുലെന്ന്: ദ്രാവിഡ്

ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന്റെ ഫോമിനെക്കുറിച്ച് ആശങ്കയില്ലെന്നും താരം ഏറെ കഴിവുള്ളയാളാണെന്ന് വ്യക്തമാക്കി ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡ്. ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സിനെ 4-1നു ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തിയെങ്കിലും രാഹുലിനു മികച്ച ഫോം കണ്ടെത്താനായിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ കളിച്ച ലോകേഷ് രാഹുലിന്റെ ഉയര്‍ന്ന സ്കോര്‍ 42 റണ്‍സായിരുന്നു. മറ്റു മത്സരങ്ങളില്‍ 13, 0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സംഭാവന.

താരത്തിന്റെ ഫോമില്‍ തനിക്ക് യാതൊരു വിശ്വാസക്കുറവുമില്ലെന്ന് പറഞ്ഞ ദ്രാവിഡ് കെഎല്‍ രാഹുല്‍ അന്താരാഷ്ട്ര തലത്തില്‍ മൂന്ന് ഫോര്‍മാറ്റുകളിലും കഴിവ് തെളിയിച്ച താരമാണ്. ഈ മൂന്ന് ഫോര്‍മാറ്റിലും ശതകം നേടിയിട്ടുള്ള താരവുമാണ് ലോകേഷ് എന്ന് ദ്രാവിഡ് പറഞ്ഞു. അതിനാല്‍ തന്നെ ഫോമില്‍ ആശങ്കയില്ലെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

അംഗീകാരത്തിനൊപ്പം ഉത്തരവാദിത്വബോധവും വരണം: ദ്രാവിഡ്

രാജ്യത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ അംഗീകാരത്തോടൊപ്പം തന്നെ വരേണ്ടതാണ് ഉത്തരവാദിത്വബോധമെന്ന് രാഹുല്‍ ദ്രാവിഡ്. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ തിരിച്ചറിയും, അത് ഒരു തരത്തില്‍ സൗഭാഗ്യവും ദൗര്‍ഭാഗ്യവുമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യത കൂടി നഷ്ടപ്പെടുകയാണ്. കളിക്കളത്തില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ തങ്ങളുടെ സ്വകാര്യത ആസ്വദിക്കേണ്ടതുണ്ട്. താനും തന്റെ കാലത്ത് ഇത്തരം ഇടവേളകള്‍ ആസ്വദിച്ചിട്ടുണ്ടെന്ന് പറഞ്ഞ ദ്രാവിഡ് താരങ്ങള്‍ സ്വയം ചോദിച്ചാല്‍ തന്നെ ഇത്തരം പ്രതിസന്ധി ഘട്ടത്തിനുള്ള ഉത്തരം കിട്ടുമെന്നും പറഞ്ഞു.

താന്‍ ചെയ്യുന്ന കാര്യം തന്നെ പ്രൊഫഷണലായി സഹായിക്കുന്നുണ്ടോ എന്ന് ചോദിക്കുക കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ കാര്യങ്ങളെ സമീപിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ടെലിവിഷന്‍ പരമ്പരയില്‍ പങ്കെടുത്തത് വിവാദമായതിനെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയിലാണ് ദ്രാവിഡ് തന്റെ മനസ്സ് തുറന്നത്.

എല്ലാം രാഹുലിനു സമര്‍പ്പിച്ച് ഗില്‍

തന്റെ ബാറ്റിംഗ് ഇത്രയും മെച്ചപ്പെട്ടതിനു പിന്നില്‍ രാഹുല്‍ ദ്രാവിഡാണെന്ന് വ്യക്തമാക്കി ശുഭ്മന്‍‍ ഗില്‍. രണ്ട് വര്‍ഷത്തിലധികമായി താന്‍ ദ്രാവിഡിനു കീഴിലാണ്. U-19 കാലത്തും പിന്നെ ഇന്ത്യ എയ്ക്കുമൊപ്പം. അദ്ദേഹത്തിനു എന്റെ ബാറ്റിംഗിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ തെറ്റ് കുറ്റങ്ങള്‍ ശരിയാക്കുവാന്‍ വേണ്ട ഉപദേശങ്ങളും കൃത്യമായി തരാറുണ്ട്.

തന്നെ വളരെ അധികം സ്വാധീനിച്ച വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ് എന്നും ഇന്ത്യയുടെ ന്യൂസിലാണ്ട് ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗില്‍ പറഞ്ഞു. ബിസിസിഐയില്‍ നിന്ന് വന്ന വിളി തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും ഗില്‍ പറഞ്ഞു. താന്‍ ഉറങ്ങാന്‍ പോകുന്നതിനിടെയാണ് തനിക്ക് റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് ആശംസ സന്ദേശം എത്തിത്തുടങ്ങുന്നത്.

തനിക്ക് ആദ്യം കുറേ നേരം വിശ്വസിക്കാനായില്ലെന്നും പിന്നീട് അച്ഛനോട് കാര്യം പറയുകയും അതിനു ശേഷം ബിസിസിഐയില്‍ നിന്ന് വിളി വന്ന ശേഷം മാത്രമാണ് തനിക്ക് ഇത് പൂര്‍ണ്ണമായും വിശ്വസിക്കാനായതെന്നും ഗില്‍ പറഞ്ഞു.

ദ്രാവിഡിനെ മറികടന്ന് കിംഗ് കോഹ്‍ലി

മെല്‍ബേണില്‍ തന്റെ 82 റണ്‍സ് നേട്ടത്തിലൂടെ രാഹുല്‍ ദ്രാവിഡിന്റെ നേട്ടത്തെ മറികടന്ന് വിരാട് കോഹ്‍ലി. വിദേശ് ടെസ്റ്റുകളില്‍ 1137 റണ്‍സ് നേടി കലണ്ടര്‍ വര്‍ഷം ഏറ്റവും അധികം റണ്‍സ് എന്ന ദ്രാവിഡിന്റെ നേട്ടമാണ് വിരാട് കോഹ്‍ലി മറികടന്നത്. 2002ല്‍ ആണ് ദ്രാവിഡ് ഈ നേട്ടം കൊയ്യുന്നത്. വിരാട് ഇപ്പോള്‍ 1138 റണ്‍സാണ് തന്റെ 82 റണ്‍സിലൂടെ നേടിയിരിക്കുന്നത്.

1983ല്‍ 1065 റണ്‍സ് നേടിയ മൊഹിന്ദര്‍ അമര്‍നാഥ് ആണ് പട്ടികയിലെ മൂന്നാമത്തെ താരം.

യാദൃശ്ചികതയുടെ വന്‍ മതിലുകള്‍ പണിയുന്നവര്‍

ഇന്ത്യയുടെ വന്‍ മതിലെന്നാല്‍ മനസ്സിലേക്ക് ആദ്യമെത്തുക രാഹുല്‍ ദ്രാവിഡിന്റെ പേരാണ്. അത് കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുന്ന ചേതേശ്വര്‍ പുജാരയാണ് വന്‍ മതിലെന്ന് പേരിന് അര്‍ഹന്‍. രാഹുലിനെ പോലെ ഇന്ത്യയുടെ മൂന്നാം നമ്പറില്‍ നങ്കൂരമിട്ട് പലയാവര്‍ത്തി ഇന്ത്യയെ കരകയറ്റിയിട്ടുള്ള താരം ഇന്ന് വീണ്ടും അഡിലെയ്ഡില്‍ രക്ഷകന്റെ റോള്‍ അണിഞ്ഞു. മധ്യ നിരയുടെയും വാലറ്റത്തിന്റെയും ഒപ്പം നിന്ന് ഇന്ത്യയെ 250 റണ്‍സിലേക്ക് എത്തിച്ച് ഇന്ന് വീണ അവസാന വിക്കറ്റായി റണ്‍ഔട്ട് രൂപത്തില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ പുതിയ വന്‍ മതില്‍.

യാദൃശ്ചികമെന്ന് പറയട്ടെ ഈ രണ്ട് താരങ്ങളുടെ ചില സവിശേഷ നേട്ടങ്ങള്‍ക്കായി എടുത്ത ഇന്നിംഗ്സുകളുടെ എണ്ണത്തിലും ഇരുവരും ഒപ്പം നില്‍ക്കുന്നു. 3000, 4000, 5000 ടെസ്റ്റ് റണ്‍സുകള്‍ പൂര്‍ത്തിയാക്കുവാന്‍ ഇരു താരങ്ങളും എടുത്ത ഇന്നിംഗ്സുകളുടെ എണ്ണത്തില്‍ തുല്യതയുണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. യഥാക്രമം 67, 84, 108 ഇന്നിംഗ്സുകളാണ് ഇവര്‍ ഈ റണ്‍സ് പൂര്‍ത്തിയാക്കുവാന്‍ നേരിട്ടത്.

ഈ നേട്ടത്തില്‍ ദ്രാവിഡിനും സച്ചിനൊപ്പമെത്തി കോഹ്‍ലി

വിശാഖപട്ടണത്തില്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ദ്ധ ശതകം കോഹ്‍ലിയുടെ വേദിയിലെ അഞ്ചാം അര്‍ദ്ധ ശതകമായിരുന്നു. അതും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന്. രാഹുല്‍ ദ്രാവിഡിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം ഒരിന്ത്യന്‍ വേദിയില്‍ അഞ്ച് അര്‍ദ്ധ ശതകങ്ങളുമായി കോഹ്‍ലിയും ഒപ്പമെത്തുകയായിരുന്നു. ഇന്ത്യയിലെ ഒരേ വേദികളില്‍ ഏറ്റവും അധികം അര്‍ദ്ധ ശതകങ്ങള്‍ നേടിയതിലെ റെക്കോര്‍ഡ് ഇനി ഈ ബാറ്റിംഗ് ഇതിഹാസങ്ങള്‍ക്കാണുള്ളത്.

കോഹ്‍ലി അഞ്ച് ഇന്നിംഗ്സുകളി നിന്ന് വിശാഖപട്ടണത്ത് ഈ റെക്കോര്‍ഡിട്ടപ്പോള്‍ നാഗ്പൂരിലാണ് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് നേട്ടം. ആറ് ഇന്നിംഗ്സുകളില്‍ നിന്നാണ് രാഹുല്‍ ദ്രാവിഡിന്റെ നേട്ടം. കൊല്‍ക്കത്തയില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് സച്ചിനും അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടിയിട്ടുണ്ട്.

തൊണ്ണൂറുകളില്‍ വീണ്ടും കാലിടറി ഋഷഭ് പന്ത്

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ തന്റെ കന്നി ശതകം നേടുമ്പോള്‍ ഇന്ത്യയ്ക്കായി ഇംഗ്ലണ്ടില്‍ ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി പന്ത് മാറിയിരുന്നു. ടെസ്റ്റില്‍ 114 റണ്‍സ് നേടിയ പന്ത് കെഎല്‍ രാഹുലിനെൊപ്പം പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ മത്സരത്തിലെ തോല്‍വിയില്‍ നിന്നൊഴിവാക്കുവാന്‍ താരങ്ങള്‍ക്കായില്ല. ഈ പ്രകടനത്തിന്റെയും വൃദ്ധിമന്‍ സാഹയുടെയും പരിക്കിന്റെ കാരണത്താല്‍ വിന്‍ഡീസ് പരമ്പരയിലും താരത്തിനു അവസരം ലഭിച്ചു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം വിന്‍ഡീസിനെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എന്നാല്‍ തൊണ്ണൂറുകളില്‍ കാലിടറുന്നതാണ് പന്തിന്റെ ഇന്നിംഗ്സിലെ പതിവു കാഴ്ച. രാജ്കോട്ടിലും ഹൈദ്രാബാദിലും 92 റണ്‍സില്‍ താരം പുറത്തായപ്പോള്‍ അര്‍ഹമായ രണ്ട് ശതകങ്ങളാണ് താരത്തിനു നഷ്ടമായത്. തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ 90ല്‍ പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഋഷഭ് പന്ത്.

ഇന്ത്യയ്ക്കായി രാഹുല്‍ ദ്രാവിഡ് 1997ല്‍ ശ്രീലങ്കയ്ക്കെതിരെ സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു. തുടര്‍ച്ചയായ ഇന്നിംഗ്സുകളില്‍ ദ്രാവിഡ് 92, 93 എന്ന സ്കോറുകള്‍ നേടി പുറത്താകുകയായിരുന്നു.

Exit mobile version