കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കുണ്ടായത് മികച്ച ക്യാപ്റ്റന്മാര്‍, അതില്‍ എന്റെ പ്രിയപ്പെട്ട നായകന്‍ സൗരവ് ഗാംഗുലി – ഹര്‍ഷ ഭോഗ്‍ലേ

ഇന്ത്യന്‍ ക്രിക്കറ്റിന് കഴിഞ്ഞ 20 വര്‍ഷമായി മികച്ച ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിക്കുവാനുള്ള അവസരമുണ്ടായെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. ഇതില്‍ തന്നെ മികച്ച ക്യാപ്റ്റന്മാരില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് ഹര്‍ഷ വെളിപ്പെടുത്തി. മാച്ച് ഫിക്സിംഗ് കഴിഞ്ഞൊരു കാലത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി നയിച്ചത്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ അലന്‍ ബോര്‍ഡര്‍ എങ്ങനെ മാറ്റി മറിച്ചോ അത് പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി മാറ്റിയതെന്ന് ഹര്‍ഷ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ബോര്‍ഡര്‍ക്കുള്ള സ്ഥാനമാണ് താന്‍ ഗാംഗുലിയ്ക്ക് നല്‍കുന്നതെന്നും ഭോഗ്‍ലേ പറഞ്ഞു.

രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയെ മികച്ച രീതിയിലാണ് ദ്രാവിഡ് നയിച്ചത്. അത് കഴിഞ്ഞ് കുംബ്ലെയും ധോണിയും വിരാട് കോഹ്‍ലിയുമെല്ലാം തന്നെ മികച്ച ക്യാപ്റ്റന്മാരാണെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യം തന്നെയാണെന്ന് ഹര്‍ഷ വ്യക്തമാക്കി. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ആരും വാചാലരാകുന്നില്ലെങ്കിലും ആ രണ്ട് വര്‍ഷത്തെ റെക്കോര്‍ഡ് മികച്ചതായിരുന്നുവെന്നും ഹര്‍ഷ പറഞ്ഞു.

സിഡ്നി ടെസ്റ്റില്‍ അനില്‍ കുംബ്ലെയുടെ സാന്നിദ്ധ്യം തന്നെ എടുത്ത് പറയേണ്ടതാണെന്ന് ഹര്‍ഷ അഭിപ്രായപ്പെട്ടു. ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായി മാറിയത് പിന്നീട് നമ്മള്‍ കണ്ടു. ഐസിസിയുടെ കീഴിലുള്ള എല്ലാ കിരീടവും ധോണി ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. പിന്നീട് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയുടെ നാളുകളായിരുന്നു. ഇവരുടെ പ്രകടനങ്ങളെ ഒക്കെ മതിക്കുമ്പോളും തന്റെ പ്രിയങ്കരനായ ക്യാപ്റ്റന്‍ അത് എന്നും സൗരവ് ഗാംഗുലി ആയിരിക്കുമെന്നും ഹര്‍ഷ ഭോഗ്‍ലേ വ്യക്തമാക്കി.

അണ്ടര്‍ 19, എ ടീം എന്നിവ ഇപ്പോളത്തെ സ്ഥിതിയില്‍ ഉടച്ച് വാര്‍ത്തത് രാഹുല്‍ ദ്രാവിഡ് – പരസ് മാംബ്രേ

രാഹുല്‍ ദ്രാവിഡ് കോച്ചായിരുന്നപ്പോളാണ് ഇന്ത്യയിലെ അണ്ടര്‍ -19, എ ടീം ഘടനയെ ഉടച്ച് വാര്‍ത്തതെന്ന് പറഞ്ഞ് ഇന്ത്യയുടെ ഇപ്പോളത്തെ അണ്ടര്‍ 19 ടീം മുഖ്യ കോച്ച് പരസ് മാംബ്രേ. 2015-16 സീസണില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ – അണ്ടര്‍ 19 ടീമുകളുടെ കോച്ചായിരുന്നപ്പോളാണ് പരസ് മാംബ്രേയ്ക്ക് ബൗളിംഗ് കോച്ചിന്റെ ദൗത്യം ഏല്പിക്കുകയായിരുന്നു. ഇന്ത്യ മൂന്ന് അണ്ടര്‍-19 ലോകകപ്പ് ഫൈനലുകളില്‍ എത്തുകയും 2018ല്‍ കിരീടം നേടുകയും ചെയ്തിരുന്നു.

വെറും 47 വയസ്സുകാരനായ പരസ് ഇപ്പോള്‍ തന്നെ 17 സീസണുകളോളം കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് തന്നെ താരത്തിന്റെ കോച്ചിംഗ് അനുഭവസമ്പത്തിനെച്ചൂണ്ടി കാണിക്കുന്നു. ഇപ്പോള‍ത്തെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനായ രാഹുല്‍ ദ്രാവിഡ് അന്ന് ഈ സെറ്റപ്പിലേക്ക് വന്നപ്പോളാണ് ഇവയെല്ലാം ഉടച്ച് വാര്‍ത്തതെന്ന് പരസ് മാംബ്രേ വ്യക്തമാക്കി.

ഈ സൗകര്യങ്ങളും ഉപദേശങ്ങളും തനിക്ക് പണ്ട് ലഭിച്ചിരുന്നുവെങ്കില്‍ ദ്രാവിഡ് കുറച്ച് കാലം കൂടി കോച്ചിംഗ് ദൗത്യത്തില്‍ തുടര്‍ന്നേനെയെന്ന് താരം പറഞ്ഞതായും മാംബ്രേ പറഞ്ഞു.

സച്ചിനെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്ന് പനേസർ

മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് സ്പിൻ ബൗളർ മോണ്ടി പനേസർ. തനിക്കെതിരെ കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കറിനെ 4 തവണ പുറത്താക്കിയ ബൗളറാണ് പനേസർ.

ആ കാലഘട്ടത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് ആയിരുന്നെന്നും പനേസർ പറഞ്ഞു. കൂടാതെ ആർക്കും തകർക്കാൻ പറ്റാത്ത പ്രതിരോധം ഉള്ള രാഹുൽ ദ്രാവിഡ് ഒരു മതിൽ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. എന്നാൽ മികച്ച ബാറ്റ്സ്മാൻ എപ്പോഴും സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. സച്ചിൻ സെറ്റ് ആയി കഴിഞ്ഞാൽ സച്ചിനെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്നും പനേസർ പറഞ്ഞു.

കൂടാതെ ശ്രീലങ്കൻ താരങ്ങളായ കുമാർ സംഗക്കാരയും മഹേള ജയവർദ്ധനയും താൻ നേരിട്ട താരങ്ങളിൽ മികച്ചവരായിരുന്നെന്ന് പനേസർ പറഞ്ഞു.

കോഹ്‍ലിയെയും രോഹിത്തിനെയും സച്ചിനുമായോ ദ്രാവിഡുമായോ താരതമ്യം ചെയ്യാനാകില്ല

വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ലോകക്രിക്കറ്റിലെ അതുല്യ പ്രതിഭകളാണെങ്കിലും അവരെ സച്ചിനുമായോ ദ്രാവിഡുമായോ താരതമ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫ്. പണ്ട് ഇന്ത്യന്‍ ടീമിലും അത് പോലുള്ള ടോപ് ടീമുകളിലും അഞ്ച് മുതല്‍ ആറ് വരെ മികച്ച താരങ്ങള്‍ കളിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ സച്ചിന്‍, സേവാഗ്, ദ്രാവിഡ്, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിംഗ് എന്നിവരാണ് കളിച്ചത്. അവരുടെ നിലവാരം വളരെ ഉയര്‍ന്നതായിരുന്നു.

ഇന്നാണെങ്കില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും മാത്രമാണ് മികച്ച താരങ്ങള്‍. അവരെ എന്നാല്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ ക്ലാസ്സുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മുഹമ്മദ് യൂസഫ് വ്യക്തമാക്കി. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ഇത്തരത്തില്‍ ശക്തമായ താരനിര പണ്ടുണ്ടായിരുന്നുവെന്നും യൂസഫ് കൂട്ടിചേര്‍ത്തു.

“രാഹുൽ ദ്രാവിഡിനെക്കാൾ മികച്ച ബാറ്റ്സ്മാനെ കണ്ടിട്ടില്ല”

മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെക്കാൾ മികച്ച ബാറ്റ്സ്മാനെ താൻ കണ്ടിട്ടിട്ടില്ലെന്ന് മുൻ ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഗ്രെയിം സ്വാൻ. 2000ൽ കൗണ്ടിയിൽ തനിക്കെതിരെ രാഹുൽ ദ്രാവിഡ് കളിച്ചതിന്റെ അനുഭവത്തിലാണ് സ്വാൻ മുൻ ഇന്ത്യൻ മധ്യ നിര ബാറ്റ്സ്മാനായ രാഹുൽ ദ്രാവിഡിനെ പ്രകീർത്തിച്ചത്.

“രാഹുൽ ദ്രാവിഡ് വളരെ വലിയ താരമായിരുന്നു. കെന്റിൽ ആയിരുന്നപ്പോൾ ദ്രാവിഡിനെതിരെ താൻ പന്തെറിയുകയും അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. ഒരു താരം ഇത്രയും മികച്ച രീതിയിൽ കളിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. രാഹുൽ ദ്രാവിഡ് കൗണ്ടിയിലെ ഒരു മത്സരത്തിലും പുറത്താക്കാൻ കഴിയുമായിരുന്നില്ല. രാഹുൽ ദ്രാവിഡ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ദ്രാവിഡിന്റെ പ്രകടനം തന്നെ ഒരു 11 വയസ്സുള്ള സ്പിന്നറാക്കി” ഗ്രെയിം സ്വാൻ പറഞ്ഞു.

താൻ ഒരിക്കൽ രാഹുൽ ദ്രാവിഡിനെ പുറത്താക്കിയെങ്കിലും സാധാരണ ഗതിയിൽ അത് രാഹുൽ ദ്രാവിഡ് പുറത്താവുന്ന ഒരു പന്ത് ആയിരുന്നില്ലെന്നും സ്വാൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 163 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രാഹുൽ ദ്രാവിഡ് 13265 റൺസും നേടിയിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്രിക്കറ്റ് നടത്താനറിയുന്നവരുടെ ഫ്രാഞ്ചൈസി

മുമ്പ് തന്നെ ക്രിക്കറ്റ് നടത്തി ശീലമുള്ള ഇന്ത്യ സിമന്റ്സ് ഉടമകളാണെന്നത് തന്നെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഏറ്റവും വലിയ കരുതെന്ന് രാഹുല്‍ ദ്രാവിഡ്. ഐപിഎല്‍ ആരംഭിക്കുമ്പോള്‍ തന്നെ ആ ഒരു മുന്‍തൂക്കം ടീമിനുണ്ടായിരുന്നുവെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

കാരണം അവര്‍ക്ക് നേരത്തെ തന്നെ സ്കൗട്ടിംഗ് സിസ്റ്റവും മറ്റു കാര്യങ്ങളും നിലവിലുണ്ടായിരുന്നു. ചെന്നൈയുടെ മറ്റൊരു കരുത്ത് അവരുടെ സന്തുലിതമായ ടീമാണെന്നും മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, ഡ്വെയിന്‍ ബ്രാവോ എന്നിവരുടെ സാന്നിദ്ധ്യം ടീമിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

ലേലത്തിലും താരങ്ങളുടെ തിരഞ്ഞെടുപ്പിലും ആര്‍സിബി മോശം – രാഹുല്‍ ദ്രാവിഡ്

ഐപിഎലില്‍ ലേലങ്ങളിലും താരങ്ങളുടെ തിരഞ്ഞെടുപ്പുകളിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഒരു മോശം ടീമാണെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. 15 കോടി രൂപ ചെലവഴിച്ച് യുവരാജ് സിംഗിനെ വാങ്ങിക്കഴിഞ്ഞ ടീമിനെ പിന്നെ ഒരു ഡെത്ത് ബൗളര്‍ക്കായി ചെലവഴിക്കുവാന്‍ പൈസയില്ലെന്നും ഇത്തരം തെറ്റായ സമീപനങ്ങളാണ് എന്നും ആര്‍സിബിയില്‍ നിന്നുണ്ടായിട്ടുള്ളതെന്നും ദ്രാവിഡ് പറഞ്ഞു. ടീമിന് ഇതുവരെ ഐപിഎലില്‍ ഒരു മികച്ച കോമ്പിനേഷന്‍ കണ്ടെത്തുവാനായിട്ടില്ലെന്നും ഒരു ഡെത്ത് ബൗളറെ ടീമിന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു.

വിരാട് കോഹ്‍ലി, എ ബി ഡി വില്ലിയേഴ്സ്, ക്രിസ് ഗെയില്‍ എന്നിങ്ങനെ വമ്പന്‍ താര നിരയുണ്ടായിട്ടും ഇതുവരെ ഐപിഎല്‍ ടീമിന് നേടാനാകാതെ പോയതിന്റെ കാര്യവും ഇതാണെന്ന് ദ്രാവിഡ് വ്യക്തമാക്കി. വിദേശ താരങ്ങളുടെ നാല് സ്ലോട്ടിലേക്ക് ആവശ്യത്തിലധികം താരങ്ങള്‍ ആര്‍സിബി നിരയിലുണ്ട്. എന്നാല്‍ മികച്ച ഇന്ത്യന്‍ താരങ്ങള്‍ വളരെ പരിമിതമായിട്ടാണ് ടീമിലുള്ളതെന്നും ചെന്നെ സൂപ്പര്‍ കിംഗ്സിനെ പോലുള്ള ഒരു ടീമില്‍ എന്നും മികവാര്‍ന്ന ഇന്ത്യന്‍ താരങ്ങളുണ്ടായിരുന്നുവെന്നതാണ് ടീമിന്റെ വിജയം എന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

ഇന്ത്യൻ പരിശീലകർക്ക് അവസരം കുറയുന്നതിൽ നിരാശ പ്രകടിപ്പിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യൻ പരിശീലകർക്ക് അവസരം കുറയുന്നതിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യൻ പരിശീലകർക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും അവർക്കാണ് കൂടുതൽ പ്രാദേശിക താരങ്ങളുടെ കഴിവുകളെ പറ്റിയുള്ള അറിവുകൾ ഉണ്ടാവുകയെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഇന്ത്യയിൽ നിലവിൽ വളരെ മികച്ച പരിശീലകർ ഉണ്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഇന്ത്യൻ പരിശീലകർക്ക് ഇന്ത്യൻ താരങ്ങളെ കൂടുതൽ അടുത്തറിയാമെന്നും സഹ പരിശീലകരായിട്ടെങ്കിലും ഇന്ത്യൻ പരിശീലകരെ നിയമിക്കണമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. പരിശീലകർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ബി.സി.സി.ഐയുടെ ലക്ഷ്യത്തിൽ ഉണ്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

പിങ്ക് ബോൾ ടെസ്റ്റ് കാണികളെ തിരിച്ചുകൊണ്ടുവരുമെന്ന് രാഹുൽ ദ്രാവിഡ്

ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. കൂടുതൽ കാണികളെ അത് സ്റ്റേഡിയത്തിലേക്ക് എത്തിക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രാഹുൽ ദ്രാവിഡ് പറഞ്ഞു.

മത്സരത്തിനിടെ രാത്രിയിൽ മഞ്ഞ് പെയ്യുന്നത് മാത്രമാണ് തനിക്ക് ആശങ്കയുള്ളതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മാർഗം ഇതാണെന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.  മഞ്ഞ് വീഴ്ച്ചയെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ പിങ്ക് ബോൾ ടെസ്റ്റ് ഇന്ത്യ എല്ലാ വർഷവും കളിക്കുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ആഷസ് പോലെയോ ബോക്സിങ് ഡേ ടെസ്റ്റുപോലെയോ ഉള്ള ഒരു കലണ്ടർ വേണമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. നവംബർ 22നാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ്.

രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തളളി ബിസിസിഐ എത്തിക്സ് ഓഫീസര്‍

രാഹുല്‍ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റായി ഇരിക്കുമ്പോള്‍ തന്നെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായി ചുമതല വഹിച്ചതിനെ ചോദ്യം ചെയ്ത് മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ലൈഫ് മെംബര്‍ സഞ്ജീവ് ഗുപ്തയുടെ പരാതി പിന്തള്ളിയതായി അറിയിച്ച് ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജെയിന്‍. രാഹുല്‍ ദ്രാവിഡിന് സ്ഥാപിത താല്പര്യങ്ങളില്ലെന്നും അതിനാല്‍ തന്നെ പരാതി തള്ളുകയാണെന്നും ജെയിന്‍ പറഞ്ഞു.

ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് എന്ന ചുമതല നാമമാത്രമായി വഹിക്കുന്നത് ബിസിസിഐ നിയമങ്ങളുടെ ലംഘനം അല്ലെന്നാണ് ജെയിന്‍ പറഞ്ഞത്. അതിനാല്‍ തന്നെ പരാതിയില്‍ യാതൊരു കഴമ്പും ഇല്ലെന്ന് പറഞ്ഞ് ജെയിന്‍ പരാതി തള്ളുകയായിരുന്നു.

ഇന്ത്യയുടെ വന്മതിൽ ദ്രാവിഡിന് പുതിയ ദൗത്യം

ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും പരിശീലക സ്ഥാനത്ത് എനി ഇന്ത്യൻ വന്മതിൽ രാഹുൽ ദ്രാവിഡ് ഉണ്ടാവില്ല. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ഏറ്റെടുക്കുന്നതോടെയാണ് ടീമുകളുടെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് ഒഴിയുന്നത്. നേരത്തെ രാഹുൽ ദ്രാവിഡിന്റെ പരിശീലക മികവിലാണ് ഇന്ത്യൻ അണ്ടർ 19 ടീം 2018ൽ ലോകകപ്പ് ജേതാക്കളായത്.

2015 മുതൽ ഇന്ത്യൻ എ, ഇന്ത്യൻ അണ്ടർ 19 ടീമുകളുടെ പരിശീലകനാണ് രാഹുൽ ദ്രാവിഡ്.  രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ സിറ്റാൻഷു കൊടക് ഇന്ത്യൻ എ ടീമിന്റെയും പരസ് മഹാംബ്രെയ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ പരിശീലകനായും നിയമിച്ചിട്ടുണ്ട്. അതെ സമയം ഇന്ത്യൻ എ ടീമിന്റെ പരിശീലകനായ മഹാംബ്രെയെ കുറച്ച് മാസത്തേക്ക് മാസത്തേക്ക് മാത്രമാണ് നിയമിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

രാഹുൽ ദ്രാവിഡിനെയും വെറുതെ വിടാതെ ബി.സി.സി.ഐയുടെ എത്തിക്സ് കമ്മിറ്റി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനുമായ രാഹുൽ ദ്രാവിഡിനെതിരെ താല്പര്യങ്ങളിലെ വൈരുദ്ധ്യം കാണിച്ച് നോട്ടീസ് അയച്ച് ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ സഞ്ജീവ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐയുടെ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ നോട്ടീസ് അയച്ചത്.

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്സ് ഗ്രൂപ്പിൽ വൈസ് പ്രസിഡന്റാണ് എന്നതാണ് പരാതിക്ക് കാരണം. നോട്ടീസ് പ്രകാരം ഓഗസ്റ്റ് 16ന് മുൻപ് തന്നെ ദ്രാവിഡ് ഇതിന് മറുപടി നൽകണം. തുടർന്ന് ഡി.കെ ജെയിനിന്റെ തീരുമാനത്തിന് അനുസരിച്ച് ദ്രാവിഡ് നേരിട്ട് ഹാജരാവുകയും വേണം.

നേരത്തെ സച്ചിൻ ടെണ്ടുൽക്കർക്ക് എതിരെയും വി.വി.എസ് ലക്ഷമണന് എതിരെയും പരാതി നൽകിയത് സഞ്ജീവ് ഗുപ്ത തന്നെയായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിക്കെതിരെയും താല്പര്യങ്ങളിലെ വൈരുദ്ധ്യം കാണിച്ച് ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു.

Exit mobile version