പോർച്ചുഗലിന് ഒപ്പം അടുത്ത യൂറോ കപ്പും തനിക്ക് കളിക്കണം എന്ന് റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പോർച്ചുഗൽ ദേശീയ ടീമിനായുള്ള പോരാട്ടങ്ങൾ ഇപ്പോൾ ഒന്നും അവസാനിക്കില്ല എന്ന് പറഞ്ഞു. ഇന്നലെ പോർച്ചുഗലിൽ ഒരു അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുക ആയിരുന്നു റൊണാൾഡോ. തന്റെ പോർച്ചുഗൽ ദേശീയ ടീമിനൊപ്പം ഉള്ള അധ്യായം അവസാനിക്കുന്നില്ല എന്ന് റൊണാൾഡോ പറഞ്ഞു.

താൻ ഈ ലോകകപ്പിൽ പോർച്ചുഗലിനെ മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടാകും. മാത്രമല്ല അടുത്ത യൂറോ കപ്പിലും പോർച്ചുഗലിനായി തനിക്ക് കളിക്കണം എന്നും റൊണാൾഡോ പറഞ്ഞു. 2024ൽ ആണ് അടുത്ത യൂറോ നടക്കേണ്ടത്. അപ്പോൾ റൊണാൾഡോ തന്റെ 40ആം വയസ്സിൽ ആയിരിക്കും. താൻ ചാർജ് ഏറ്റെടുക്കുക ആണെന്നും ലോകകപ്പിൽ വലിയ ലക്ഷ്യങ്ങൾ ആണ് ഉള്ളത് എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പ്, പോർച്ചുഗൽ അണിയുന്ന ജേഴ്സികൾ പുറത്തിറക്കി

ഖത്തർ ലോകകപ്പ്;ഇനി ലോകകപ്പിന് ആയി രണ്ട് മാസം മാത്രം ശേഷിക്കെ അന്താരാഷ്ട്ര ടീമുകൾ അവരുടെ ജേഴ്സി പുറത്തിറക്കി കൊണ്ട് ഇരിക്കുകയാണ്. ഇന്ന് പോർച്ചുഗൽ അവരുടെ ജേഴ്സി പുറത്ത് ഇറക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും പോർച്ചുഗീസ് കിറ്റുകൾ ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ പോർച്ചുഗൽ ഇന്ന് പങ്കുവെച്ചു. നൈക് ഒരുക്കിയ എവേ ജേഴ്സിയും ഹോം ജേഴ്സിയും ആണ് ഇന്ന് പുറത്ത് ഇറങ്ങിയത്. ചുവപ്പും പച്ചയും നിറത്തിൽ ആണ് ആണ് ഹോം ജേഴ്സി. വെള്ള നിറത്തിലാണ് എവേ ജേഴ്സി.

ഫിഫ ലോകകപ്പ് 2022; ഗ്രൂപ്പ് H, അവസാന ഗ്രൂപ്പിലെ റൊണാൾഡോയുടെ അവസാന ചാൻസ് | Exclusive

2022 ഖത്തർ ഫിഫ ലോകകപ്പ് ടൂർണമെന്റ് എട്ടാമത്തെയും, അവസാനത്തെയും ഗ്രൂപ്പായ H ഗ്രൂപ്പിൻ്റെ അത്ര വൈവിധ്യമുള്ള ഒരു ഗ്രൂപ്പ് വേറെയില്ല. ഇതിലെ ടീമുകളുടെ പേരുകൾ നോക്കൂ, യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ആഫ്രിക്കയിൽ നിന്ന് ഘാന, ഏഷ്യയിൽ നിന്ന് ദക്ഷിണ കൊറിയ, സൗത്ത് അമേരിക്കയിൽ നിന്ന് യുറുഗ്വേ. അതെ സമയം ഈ ഗ്രൂപ്പിൽ നിന്ന് ഒരു ടീം പോലും അവസാന 8ൽ എത്തും എന്ന പ്രതീക്ഷ ആർക്കുമില്ല!

ക്രിസ്ത്യാനോ റൊണാൾഡോ അംഗമായുള്ള പോർച്ചുഗൽ ടീം ആ ഗ്രൂപ്പിൽ ടോപ് ചെയ്യും എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട. 37 വയസ്സായ റൊണാൾഡോയുടെ തോളത്തു കയറി വേൾഡ് കപ്പ് നേടാമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അത് മാറ്റി വച്ചേക്കൂ. പോർച്ചുഗൽ ടീമിലെ ഒട്ടനവധി അംഗങ്ങൾ കളിക്കുന്ന പ്രീമിയർ ലീഗിലെ വോൾവർഹാംപ്ടൺ അഥവാ വുൾവ്‌സിൻ്റെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ, നിങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാകും.

പക്ഷെ നാല് പോർച്ചുഗീസ് കളിക്കാർ ബാലൺ ഡി ഓർ പട്ടികയിൽ പെട്ടിരുന്നു എന്ന കാര്യം മറക്കരുത്. കാര്യം റൊണാൾഡോ 100 മീറ്റർ സെക്കൻഡുകൾക്കുള്ളിൽ ഓടുമായിരിക്കും, മറ്റാരേക്കാളും ഉയരത്തിൽ ചാടുമായിരിക്കും, പക്ഷെ ഇത്ര പ്രതിഭകളുള്ള ടീമിന് ഒരു കളിക്കാരനിൽ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. എങ്കിലും ഒരു ടീം എന്ന നിലക്ക് അവർ ക്ലിക്ക് ആയിട്ടില്ല.

ഖത്തറിലേക്ക് വിമാനം കയറാനുള്ള സാധ്യത തെളിഞ്ഞത് തന്നെ അത്ര എളുപ്പത്തിലല്ല എന്ന് ഓർക്കണം. കുഴപ്പം കോച്ച് സാന്റോസിൻ്റെ തന്ത്രങ്ങൾക്കാണ് എന്ന് പറയുന്നവരുണ്ട്. ഇംഗ്ലണ്ടിലെ ബെറ്റിങ് സൈറ്റുകളിൽ ഒന്ന് പോലും പോർച്ചുഗലിന് സാധ്യത പറയുന്നില്ല. അത് കൊണ്ട് തന്നെ റൊണാൾഡോയുടെ വേൾഡ് കപ്പ് കളിക്കാനുള്ള അവസാന ചാൻസ് ആയി മാത്രം ഈ വേൾഡ് കപ്പിനെ പോർച്ചുഗീസ് കണ്ടാൽ മതി.

മുൻകാല പ്രഭാവത്തിൽ ഇന്നും ലോക ഫുട്ബാളിൽ ആദരവോടെ പറഞ്ഞു കേൾക്കുന്ന പേരാണ് യുറുഗ്വേ. പക്ഷെ അവരും ഇന്ന് പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അവസാന വേൾഡ് കപ്പ് കളിക്കുന്ന കവാനിയും, സുവാരസും അടങ്ങിയ ടീമിന് ഗ്രൂപ്പ് ജേതാക്കൾ ആകാൻ കഴിഞ്ഞേക്കും. ആക്രമിച്ചു കളിച്ചു ലോക നിലവാരമുള്ള ഫുട്ബാൾ ടീമുകളെ തോൽപ്പിക്കാൻ കഴിവുള്ള കളിക്കാർ യുറുഗ്വേ നിരയിൽ ഇല്ല.

അവരുടെ ഡിഫൻസീവ് കളി കൊണ്ട് റൗണ്ട് ഓഫ് 16 അപ്പുറം കടക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. ഫുട്ബോൾ വിദഗ്ധർ വേൾഡ് കപ്പ് ഉയർത്താൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ ഈ ടീമിനെ ഉൾപ്പെടുത്താൻ മടിക്കുകയാണ്.

ഫിഫ ലോകകപ്പ് ടൂർണമെന്റിലെ 1986 മുതൽ ഇങ്ങോട്ടുള്ള എല്ലാ വേൾഡ് കപ്പിലും കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ ഗ്രൂപ്പ് സ്റ്റേജ് കടക്കുക എന്ന ചെറിയ ആഗ്രഹവുമായാണ് എത്തുന്നത്. അതിനപ്പുറത്തേക്ക് അവർക്കു സാധ്യതയുമില്ല.

ഘാനയുടെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ, അടുപ്പിച്ചു മൂന്ന് തവണ ഫിഫ ലോകകപ്പ് ടൂർണമെന്റിൽ കളിച്ച ശേഷം കഴിഞ്ഞ തവണ ക്വാളിഫൈ ചെയ്യാതിരുന്ന ഘാന, അടുത്ത റൗണ്ടിലേക്ക് കടക്കാൻ കിണഞ്ഞു ശ്രമിക്കും. 2010ലെ വേൾഡ് കപ്പ് മാച്ചിൽ സുവാരസിൻ്റെ ഹാൻഡ്ബാൾ ഗോളിന് പകരം ചോദിയ്ക്കാൻ ഉള്ള അവസരമായി കൂടി ഘാനയിൽ പലരും ഈ വേൾഡ് കപ്പിനെ കാണുന്നുണ്ട്.

ഉത്തേജിപ്പിക്കുന്ന കളി പുറത്തെടുക്കാൻ മിടുക്കരാണ് ഈ ആഫ്രിക്കൻ ടീം. ടീമിൽ അവസാന നിമിഷം പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്പിലെ പ്രകടനത്തിൻ്റെ ബലത്തിൽ മുൻ ഘാന കളിക്കാരൻ ജെഫ്രി ഷാൽപ്പ്സ് പിന്നെ എൻകെതിയ, ഒഡോയ് എന്നിവർ വരും എന്ന് കേൾക്കുന്നു. ഒരു ഭൂഖണ്ഡത്തിൻ്റെ മുഴുവൻ പിന്തുണ ഇവർക്കുണ്ടാകും, പക്ഷെ അത് കൊണ്ട് മാത്രം കാര്യമായില്ലല്ലോ.

സാധാരണയായുള്ള ഫുട്ബോൾ കലണ്ടറിൽ പൊതുവെ കളിക്കാർ ഒരു ബ്രേക് എടുക്കുന്ന സമയത്താണ് ഇത്തവണ കളി വച്ചിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ഷെഡ്യൂളിന്റെ മധ്യത്തിൽ വച്ചാകുന്നത് കൊണ്ട് കളിക്കാർ എല്ലാവരും തന്നെ നല്ല ഫോമിൽ ആകും കളത്തിൽ ഇറങ്ങുക.

മാത്രമല്ല വിന്റർ ട്രാൻസ്ഫർ സാധ്യതയുള്ളത് കൊണ്ട് മികച്ച പ്രകടനം നടത്താൻ കളിക്കാർ ശ്രമിക്കും. എങ്കിലും ഈ ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും വേൾഡ് കപ്പ് ഉയർത്തും എന്ന സ്വപ്നം കാണുന്നതിൽ കാര്യമില്ല, എങ്കിലും ഈ ഗ്രൂപ്പിലെ കളികൾക്ക് ആവേശം ഒട്ടും കുറയാനും വഴിയില്ല.

ബ്രൂണോ ബ്രൂണോ!! പോർച്ചുഗൽ ഇല്ലാതെ എന്ത് ലോകകപ്പ്!! ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു

പോർച്ചുഗൽ ലോകകപ്പ് ഫൈനലിന് ഉണ്ടാകും. ഇന്ന് പ്ലേ ഓഫ് ഫൈനൽ വിജയിച്ച് കൊണ്ട് അവർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു‌. മാസിഡോണിയ ഉയർത്തിയ വെല്ലുവിളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് പോർച്ചുഗൽ ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്‌. പ്ലേ ഓഫ് സെമി ഫൈനലിൽ പോർച്ചുഗീസ് പട തുർക്കിയെയും മറികടന്നിരുന്നു‌. ഇറ്റലിയെ തോൽപ്പിച്ച മാസിഡോണൊയക്ക് ഇന്ന് പോർച്ചുഗലിന് വലിയ വെല്ലുവിളി ഉയർത്താൻ ആയില്ല.

ഇന്ന് ആദ്യ പകുതിയിൽ പോർച്ചുഗലിന്റെ പൂർണ്ണ ആധിപത്യം ആണ് കണ്ടത്‌. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ പോർച്ചുഗൽ സൃഷ്ടിച്ചു. 32ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഫെർണാണ്ടസാണ് പോർച്ചുഗലിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം ജോടയ്ക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും മുതലെടുക്കാൻ ലിവർപൂൾ താരത്തിനായില്ല.

രണ്ടാം പകുതിയിൽ വീണ്ടും ബ്രൂണോ തന്നെ പോർച്ചുഗലിനായി വല കുലുക്കി‌. 66ആം മിനുട്ടിൽ ഒരു കൗണ്ടറിന് ഒടുവിൽ ജോട നൽകിയ മനോഹരമായ പാസ് ബ്രൂണോ ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. പോർച്ചുഗൽ 2-0ന് മുന്നിൽ. ഈ ഗോളോടെ മാസിഡോണിയയുടെ പോരാട്ടം അവസാനിച്ചു. ലീഡ് ഉയർത്താൻ പോർച്ചുഗലിന് പിന്നീടും അവസരം ലഭിച്ചിരുന്നു എങ്കിലും 2-0 തന്നെ കളി അവസാനിച്ചു.

പ്ലേ ഓഫ് ഫൈനലിന് പോർച്ചുഗൽ ഉണ്ടാകും, കഷ്ടപ്പെട്ടു എങ്കിലും തുർക്കിയെ മറികടന്ന് പറങ്കിപ്പട

ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ്‌‌‌‌‌‌ഫൈനലിന് പോർച്ചുഗൽ യോഗ്യത നേടി. ഇന്ന് പ്ലേ ഓസ് സെമി ഫൈനലിൽ തുർക്കിയെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് തുടക്കത്തിൽ പോർച്ചുഗലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. തുടക്കത്തിൽ തന്നെ നല്ല അവസരങ്ങൾ സൃഷ്ടിച്ച പോർച്ചുഗൽ 14ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒടാവിയ ആണ് ഗോൾ നേടിയത്. താരത്തിന്റെ പോർച്ചുഗലിനായുള്ള ആദ്യ കോമ്പിറ്റിറ്റീവ് ഗോളായിരുന്നു ഇത്. ബെർണാഡോ സിൽവയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങവെ ആയിരുന്നു ഒടോവിയ ഗോൾ നേടിയത്.

ഈ ഗോളിന് ശേഷം തുർക്കി അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. എങ്കിലും രണ്ടാം ഗോളും പോർച്ചുഗൽ ആണ് നേടിയത്. ആദ്യ പകുതിയുടെ അവസാനം ജോടയുടെ ഹെഡർ ആണ് ലീഡ് ഇരട്ടിയാക്കിയത്‌.

രണ്ടാം പകുതിയിൽ തുർക്കി അവസരങ്ങൾക്കായി കാത്തു നിന്നു. 65ആം മിനുട്ടിൽ യിൽമാസിലൂടെ തുർക്കി ഒരു ഗോൾ മടക്കി. പിന്നീട് പോർച്ചുഗൽ സമ്മർദ്ദത്തിൽ ആകുന്നത് ആണ് കാണാൻ ആയത്. ഈ സമ്മർദ്ദങ്ങൾ 83ആം മിനുട്ടിൽ പോർച്ചുഗൽ ഒരു പെനാൾട്ടി വഴങ്ങാൻ കാരണമായി. പോർച്ചുഗൽ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുകയാണ് എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. പക്ഷെ ആ പെനാൾട്ടി എടുത്ത യിൽമാസിന് പിഴച്ചു. ഗോൾ പോസ്റ്റിന് മുകളിലൂടെ പെനാൾട്ടി കിക്ക് ആകാശത്തേക്ക് പോയി.

ഇതിനു ശേഷവും തുർക്കി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും സമനില ഗോൾ പിന്നീട് വന്നില്ല.അവസാന നിമിഷം നുനസ് കൂടെ ഗോൾ നേടിയതോടെ പോർച്ചുഗീസ് ജയം ഉറപ്പായി.

ഈ വിജയത്തോടെ പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ എത്തി. മാസിഡോണിയയെ ആകും പോർച്ചുഗൽ ഇനി നേരിടുക.

ഫെലിക്സിന് ശസ്ത്രക്രിയ, ഒരു മാസത്തോളം പുറത്ത്

പോർച്ചുഗൽ യുവതാരം ജോ ഫെലിക്സിന് ശസ്ത്രക്രിയ. ദീർഘകാലമായി താരത്തെ അലട്ടുന്ന ആംഗിളിനേറ്റ പരിക്കിനാണ് ഫെലിക്സ് ശസ്ത്രക്രിയക്ക് വിധേയനാവുന്നത്. യൂറോ കപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെയാണ് താരം ശാസ്ത്രക്രിയക്ക് വിധേയനാവാൻ തീരുമാനിച്ചത്. ബെൽജിയത്തിനോട് തോറ്റാണ് പോർച്ചുഗൽ യൂറോ കപ്പിൽ നിന്ന് പുറത്തായത്.

പോർട്ടോയിൽ വെച്ചാവും താരത്തിന്റെ ശസ്ത്രക്രിയ നടക്കുക. റെക്കോർഡ് തുകക്ക് അത്ലറ്റികോ മാഡ്രിഡിൽ എത്തിയ ഫെലിക്സിന് പരിക്കിനെ തുടർന്ന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അടുത്ത വ്യാഴാഴ്ചയാണ് താരത്തിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം താരത്തിന് വിശ്രമം വേണ്ടിവരും. അടുത്ത സീസൺ തുടങ്ങുന്നതിന് മുൻപ് താരം പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്

ക്ളോസെയുടെ റെക്കോർഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

ജർമൻ ഇതിഹാസം മിറോസ്ലോവ് ക്ളോസെയുടെ റെക്കോർഡിനൊപ്പമെത്തി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ജർമനിക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ 4-2ന് പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിരുന്നു. ഇത് ലോകകപ്പിലും യൂറോ കപ്പിലും കൂടി റൊണാൾഡോയുടെ 19 മത്തെ ഗോളായിരുന്നു. മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് പോർച്ചുഗൽ 4-2ന് പരാജയപ്പെട്ടത്.

ലോകകപ്പിലും യൂറോ കപ്പിലും കൂടി 19 ഗോളുകൾ നേടിയ ജർമൻ താരം മിറോസ്ലോവ് ക്ളോസെയുടെ റെക്കോർഡിനൊപ്പം ഇതോടെ റൊണാൾഡോ എത്തി. യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം കൂടി ബാക്കി നിൽക്കെ റൊണാൾഡോക്ക് ക്ളോസെയുടെ റെക്കോർഡ് മറികടക്കാനുള്ള ഒരു അവസരം കൂടി ബാക്കിയുണ്ട്. നേരത്തെ യൂറോ കപ്പിലെ ഹംഗറിക്കെതിരായ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിലും റൊണാൾഡോ ഗോൾ നേടിയിരുന്നു.

“ഞാൻ റെക്കോർഡുകളുടെ പിറകേ പോവാറില്ല‍, റെക്കോർഡുകൾ എന്നെ തേടി വരുന്നു” – റൊണാൾഡോ

റെക്കോർഡുകളുടെ പിറകേ താൻ പോവാറില്ലെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഞാൻ റെക്കോർഡുകളെ കുറിച്ച് ചിന്തിക്കാറില്ല, അവയുടെ പുറകേ പോവാറുമില്ല. റെക്കോർഡുകൾ എന്നെ തേടി വരാറാണ് പതിവ് എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ 700 ഗോൾ എന്ന നേട്ടത്തിൽ എത്തിയതിന് ശേഷമാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

തന്റെ പേരിൽ ഏതെല്ലാം റെക്കോർഡുകൾ ഉണ്ടെന്ന് പോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 700 ഗോൾ എന്ന കടമ്പ മറികടക്കുന്ന ആറാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ജോസഫ് ബികാൻ, റൊമാരിയോ, പെലെ, പുസ്കാസ്, ജെർഡ് മുള്ളർ എന്നീ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കാണ് റൊണാൾഡോ ഇപ്പോൾ എത്തിയത്. നിലവിൽ ഫുട്ബോൾ കളിക്കുന്ന മറ്റൊരു താരത്തിനും ഈ നേട്ടം അവകാശപ്പെടാനില്ല.

സൗഹൃദ മത്സരത്തിൽ പോർച്ചുഗലിന് ജയം

സൗഹൃദ മത്സരത്തിൽ സ്കോട്ലൻഡിനെതിരെ പോർച്ചുഗലിന് ഉജ്ജ്വല ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു പോർച്ചുഗലിന്റെ ജയം. ദേശീയ ടീമിൽ ഉൾപെടുത്താതിരുന്ന റൊണാൾഡോയില്ലാതെയാണ് പോർച്ചുഗൽ ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്.

പോർച്ചുഗലിന് വേണ്ടി ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുൻപ് റോഡ്രിഗസിന്റെ പാസിൽ നിന്ന് ഹെൽഡർ കോസ്‌റ്റായാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റെനാറ്റോ സാഞ്ചസിന്റെ പാസിൽ നിന്ന് എഡർ ആണ് പോർച്ചുഗലിന്റെ രണ്ടാമത്തെ ഗോൾ നേടിയത്. തുടർന്നാണ് ഫെർണാഡസിന്റെ പാസിൽ നിന്ന് ബ്രൂമ പോർച്ചുഗലിന്റെ മൂന്നാമത്തെ ഗോൾ നേടിയത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് നൈസ്മിത്തിലൂടെ സ്കോട്ലൻഡ് ആശ്വാസ ഗോൾ നേടിയത്.മാകെ സ്റ്റീവന്റെ പാസ്സിൽ നിന്നായിരുന്നു നൈസ്മിത്തിന്റെ ഗോൾ.

റൊണാൾഡോയില്ലാതിരുന്നിട്ടും ഇറ്റലിക്കെതിരെ പോർച്ചുഗലിന് ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്നിട്ടും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് ജയം. ഇറ്റലിയെയാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. സെവിയ്യ താരം ആന്ദ്രേ സിൽവ നേടിയ ഗോളാണ് മത്സരത്തിന് വിധി നിർണ്ണയിച്ചത്.

രാജ്യന്തര മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ മത്സരത്തിന് ഇറങ്ങിയത്. ഇറ്റലിയാവട്ടെ പോളണ്ടിനെതിരായ  മത്സരത്തിൽ ഇറങ്ങിയതിൽ നിന്ന് 9 മാറ്റങ്ങളുമായാണ് മത്സരത്തിന് ഇറങ്ങിയത്. ഗോൾ കീപ്പർ ഡോണരുമയും ചെൽസി താരം ജോർജിഞ്ഞോയും മത്സരമാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്.

മത്സരത്തിന്റെ 48മത്തെ മിനുട്ടിലാണ് ആന്ദ്രേ സിൽവ ഗോൾ നേടിയത്. ബ്രൂമയുടെ ക്രോസ്സ് സിൽവ ഗോളാക്കുകയായിരുന്നു. ഗോൾ പോസ്റ്റിൽ ഇറ്റലി ഗോൾ കീപ്പർ ഡോണരുമയുടെ മികച്ച രക്ഷപെടുത്തലുകളാണ് ഇറ്റലി കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷപെട്ടത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പോർച്ചുഗൽ മത്സരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനും പോർചുഗലിനായി.

റൊണാൾഡോയില്ലാതെ പോർച്ചുഗൽ ടീം

യുവേഫ പുതുതായി ആരംഭിക്കുന്ന യുവേഫ നേഷൻസ് ലീഗിനായുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. യുവന്റസ് താരം റൊണാൾഡോ ടീമിലില്ല. സെപ്റ്റംബർ 6 ന് ക്രോയേഷ്യക്ക് എതിരെയാണ് പോർച്ചുഗലിന്റെ മത്സരം.

പോർച്ചുഗലിനായി ലോകകപ്പ് കളിച്ച ടീമിലെ മിക്കവരും സ്ഥാനം നിലനിർത്തി. വോൾവ്സ് താരം ജാവോ മൗട്ടീഞ്ഞോ ടീമിലില്ല. സിറ്റി താരം ബർണാഡോ സിൽവ സ്ഥാനം നിലനിർത്തി.

ടീം :

Rui Patricio (Wolverhampton Wanderers), Beto (Goztepe), Claudio Ramos (Tondela)

Pepe (Besiktas), Luis Neto (Zenit), Pedro Mendes (Montpellier), Ruben Dias (Benfica); Raphael Guerreiro (Dortmund), Mario Rui (Napoli), João Cancelo (Juventus), Cedric Soares (Southampton).

Ruben Neves (Wolverhampton Wanderers), Sergio Oliveira (Porto), Renato Sanches (Bayern Munich), William Carvalho (Real Betis), Bruno Fernandes (Sporting), Gedson Fernandes (Benfica), Pizzi (Benfica).

വരുന്നു യുവേഫ നേഷൻസ് ലീഗ്

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫയുടെ ലക്ഷ്യം. പുതിയൊരു ലീഗ് വരുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം യൂറോപ്പിൽ നിന്നും ആരൊക്കെയാവും മത്സരത്തിനായെത്തുക എന്നതാണ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് യുവേഫ നേഷൻസ് ലീഗ് ഒരുങ്ങുന്നത്.

2018 -19 സീസണിലാണ് ആദ്യത്തെ നേഷൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. നാല് ലീഗുകളും മൂന്നോ നാലോ ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക. ആദ്യത്തെ ലീഗുമത്സരങ്ങൾ ആയതിനാൽ ലീഗ് ഫേസിൽ ഉൾപ്പെടുന്ന ടീമുകൾ ഒക്ടോബർ 11, 2017 ലെ യുവേഫ നേഷൻസ് റാങ്കിങ് അനുസരിച്ചായിരിക്കും. അതായത് ലീഗ് എയിൽ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിൽ ഉള്ള രാജ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാകും ഉണ്ടാവുക. എല്ലാ ലീഗുകളിലെയും പോലെ റെലെഗേഷനും പ്രമോഷനും യുവേഫ നേഷൻസ് ലീഗിലും ഉണ്ടാകും.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാർ ലീഗ് എ യിൽ നിന്നാവും ഉണ്ടാവുക. ഒരു മിനി ടൂർണമെന്റ് നടത്തിയാണ് ജേതാക്കളെ തീരുമാനിക്കുക. ജൂണിൽ നടക്കുന്ന ടൂർണമെന്റിൽ സെമിയും ഫൈനലും മൂന്നാം സ്ഥാനക്കാർക്കായി ഒരു മത്സരവും ഉണ്ടാകും. എ ഒഴിച്ചുള്ള ലോവർ ലീഗുകളിലും മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പ്രമോഷനും പോയന്റ് നിലയിൽ പിന്നിലുള്ള ക്ലബ്ബ്കൾക്ക് റെലെഗേഷനും ഉണ്ടാവും. സ്പെറ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങൾ നടക്കുക. ഫൈനൽ ജൂൺ 2019തിനും യൂറോ 2020 പ്ലേയോഫ്‌സ് മാർച്ച് 2020നും നടക്കും. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് യൂറോ 2020 യിലേക്ക് ക്വാളിഫൈ ആകുന്ന 20 ടീമുകൾ. ആകെ 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോയിൽ ബാക്കി നാല് സ്ഥാനങ്ങൾ യുവേഫ നേഷൻസ് ലീഗിലെ നാല് ലീഗ് ചാമ്പ്യന്മാർക്കായിരിക്കും.

ഇന്നലെ നടന്ന ഡ്രോയിൽ ഓരോ ലീഗ് ഗ്രൂപ്പുകളിൽ ഉള്ള ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്. സൗഹൃദ മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കിമാറ്റുവാൻ നേഷൻസ് ലീഗ് സഹായിക്കുമെന്നതിൽ തർക്കമില്ല. യൂറോയിലേക്ക് താരതമ്മ്യേന വീക്കായ ടീമുകൾക്കും പ്രവേശനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിൽ നിന്നുള്ള വരുമാനം ഓരോ ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്നത് ആശ്വാസകരമാണ്. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ഫുട്ബോൾ ആരാധകരെ ആകര്ഷിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version