ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ്: അയർലൻഡിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ


2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനോട് 2-0-ന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന്റെ യോഗ്യത വൈകി. 40-കാരനായ റൊണാൾഡോ പ്രതിരോധ താരം ദാരാ ഒ’ഷിയയുടെ നേർക്ക് കൈമുട്ട് ഉപയോഗിച്ചതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ രാത്രി പോർച്ചുഗലിന് തീർത്തും നിരാശജനകമായിരുന്നു.


മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ട്രോയ് പാരറ്റാണ് അയർലൻഡിന്റെ വിജയശിൽപ്പി. ലിയാം സ്കേൽസിന്റെ അസിസ്റ്റിൽ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെ ആദ്യ ഗോളും, ഇടവേളയ്ക്ക് തൊട്ടുമുമ്പ് കൃത്യമായ ഫിനിഷിലൂടെ രണ്ടാമത്തെ ഗോളും പാരറ്റ് നേടി. പാരറ്റിന്റെ ഈ പ്രകടനം അയർലൻഡിൻ്റെ ലോകകപ്പ് സ്വപ്നം നിലനിർത്തുകയും ചെയ്തു.


റോബർട്ടോ മാർട്ടിനെസിന്റെ കീഴിലുള്ള പോർച്ചുഗൽ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളിന് മുന്നിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ല. ജാവോ ഫെലിക്സ്, ജാവോ നെവെസ് എന്നിവർക്ക് ഗോളിനടുത്തെത്താൻ കഴിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.

റൊണാൾഡോ ചുവപ്പ് പുറത്തായതോടെ, ഇനി ഒരു യോഗ്യതാ മത്സരം മാത്രം ശേഷിക്കെ പോർച്ചുഗലിൻ്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് ആശങ്കയിലാണ്. ഈ തോൽവിയിലും പോർച്ചുഗൽ 10 പോയിൻ്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ഹംഗറിയും അയർലൻഡും അധികം പിന്നിലല്ല. ഞായറാഴ്ച അവസാന യോഗ്യത മത്സരം ജയിച്ച് 2026 ലോകകപ്പ് യോഗ്യത ഉറപ്പിക്കുക ആകും പോർച്ചുഗീസ് ലക്ഷ്യം.

ഇരട്ട ഗോളുമായി റൊണാൾഡോ, വിജയം ഡിയോഗോ ജോട്ടക്ക് സമർപ്പിച്ച് പോർച്ചുഗൽ


യൂറോ യോഗ്യതാ മത്സരത്തിലെ തങ്ങളുടെ ആദ്യ കളിയിൽ പോർച്ചുഗൽ അർമേനിയയെ 5-0ന് തകർത്തു. ഈ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 140-ൽ എത്തിച്ചു. മത്സരത്തിൽ പോർച്ചുഗീസ് ടീം തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തി.

ജാവോ ഫെലിക്സ്, ജാവോ കാൻസെലോ, റൊണാൾഡോ എന്നിവരുടെ ഗോളുകൾ ടീമിനും ആരാധകർക്കും അവിസ്മരണീയമായ രാത്രി സമ്മാനിച്ചു.
ഈ വിജയം വെറുമൊരു ഫുട്ബോൾ മത്സരത്തേക്കാൾ ഉപരിയായിരുന്നു. മരണപ്പെട്ട ഡിയോഗോ ജോട്ടക്കും അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവക്കും വേണ്ടിയുള്ള പോർച്ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

കളിക്കാരും സ്റ്റാഫും തങ്ങളുടെ ദുഃഖം കളിക്കളത്തിലെ പ്രകടനത്തിലൂടെ ചാനൽ ചെയ്തുകൊണ്ട് ജോട്ടക്ക് വൈകാരികമായ ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ താരങ്ങളും തങ്ങളുടെ ഗോളുകൾ ജോടയ്ക്ക് ആയി സമർപ്പിച്ചാണ് സെലിബ്രേറ്റ് ചെയ്തത്.

റൊണാൾഡോയുടെ അൽ-നാസറിന് കാലിടറി; ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ സെമിയിൽ പുറത്ത്


ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ നിന്ന് പുറത്തായി. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ജാപ്പനീസ് ക്ലബ്ബായ കവസാക്കി ഫ്രോണ്ടേലിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ-നാസറിൻ്റെ തോൽവി.
90 മിനിറ്റും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചെങ്കിലും ടീമിനെ രക്ഷിക്കാൻ അദ്ദേഹത്തിനായില്ല.

മത്സരത്തിൻ്റെ പത്താം മിനിറ്റിൽ ഇറ്റോയിലൂടെ കവസാക്കിയാണ് ആദ്യം ലീഡ് നേടിയത്. 28-ാം മിനിറ്റിൽ മാനെയിലൂടെ അൽ-നാസർ തിരിച്ചടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒസേകിയുടെ ഗോളിലൂടെ കവസാക്കി വീണ്ടും ലീഡ് നേടി (2-1).


രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ ലനാഗ ഒരു കൗണ്ടർ അറ്റാക്കിലൂടെ കവസാക്കിയുടെ ലീഡ് 3-1 എന്നാക്കി ഉയർത്തി. 87-ാം മിനിറ്റിൽ യഹ്യ ഒരു ഗോൾ നേടിയതോടെ സ്കോർ 3-2 ആയി ചുരുങ്ങി അവസാന നിമിഷങ്ങളിൽ മത്സരം ആവേശകരമായി. എന്നാൽ അവസാന നിമിഷം സാദിയോ മാനെക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലഭിച്ച വലിയ അവസരങ്ങൾ നഷ്ടമായത് അൽ-നാസറിന് തിരിച്ചടിയായി.


അൽ-അഹ്‌ലിയും കവസാക്കിയും തമ്മിലാകും ഫൈനലിൽ ഏറ്റുമുട്ടുക.

“വിനീഷ്യസ് ജൂനിയർ ആയിരുന്നു ബാലൺ ഡി ഓറിന് അർഹൻ” – റൊണാൾഡോ

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ 2024 ലെ ബാലൺ ഡി ഓർ ഫലത്തെക്കുറിച്ച് തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചു, വിനീഷ്യസ് ജൂനിയർ ആയിരുന്നു ശരിക്കും ബാലൻ ഡി ഓർ അർഹിച്ചിരുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു. മാർക്കയോട് സംസാരിച്ച റൊണാൾഡോ “എനിക്ക് റോഡ്രിക്കെതിരെ ഒന്നുമില്ല… പക്ഷേ വിനീഷ്യസ് ജൂനിയർ ബാലൺ ഡി ഓർ ആകാൻ അർഹനായിരുന്നു. വിനിയാണ് വിജയിക്കേണ്ടിയിരുന്നത്.” – എന്ന് പറഞ്ഞു ‌

മാഞ്ചസ്റ്റർ സിറ്റിക്കും സ്‌പെയിനിനും വേണ്ടിയുള്ള മികച്ച പ്രകടനങ്ങൾ ആണ് റോഡ്രിക്ക് ആത്യന്തികമായി അഭിമാനകരമായ അവാർഡ് ലഭിക്കാൻ കാരണമായത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം പ്രീമിയർ ലീഗ് കിരീടവും ൽ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്‌പെയിനിൻ്റെ വിജയത്തിലും റോഡ്രി നിർണായക പങ്കുവഹിച്ചിരുന്നു.

എന്നിരുന്നാലും, വിനീഷ്യസ് ജൂനിയർ, ഈ കഴിഞ്ഞ വർഷം റയലിനായി അത്ഭുത പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ബാലൻ ഡി ഓറിൽ രണ്ടാമതായാണ് വിനീഷ്യസ് ഇത്തവണ ഫിനിഷ് ചെയ്തത്.

വീണ്ടും റൊണാൾഡോക്ക് ഗോൾ, ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ കടന്ന് അൽ നസർ

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിലും വിജയിച്ച് റൊണാൾഡോയും അൽ നസറും ക്വാർട്ടറിലേക്ക് മുന്നേറി. ഇന്നും ഗോളുമായി റൊണാൾഡോ തിളങ്ങി. ഇന്ന് നടന്ന ഹോം മത്സരത്തിൽ അൽ ഫെയ്ഹയെ 2-0ന് ആണ് അൽ നസർ പരാജയപ്പെടുത്തിയത്. രണ്ട് പാദങ്ങളിലായി 3-0ന്റെ അഗ്രിഗേറ്റ് ജയം അൽ നസർ നേടി.

ആദ്യ പകുതിയിൽ 17ആം മിനുട്ടിൽ അൽ ഖൈബാരിയുടെ അസിസ്റ്റിൽ നിന്ന് ഒറ്റാവിയോ അൽ നസറിന്റെ ആദ്യ ഗോൾ കണ്ടെത്തി. ഈ ഗോൾ മത്സരം ആദ്യ പകുതിക്ക് പിരിയും വരെ 1-0 എന്ന് നിർത്തി. രണ്ടാം പകുതിയിൽ 86ആം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വന്നത്. ആദ്യ പാദത്തിലും റൊണാൾഡോ ഗോൾ നേടിയിരുന്നു.

റൊണാൾഡോയുടെ മാരക ഫ്രീകിക്ക്, അൽ നസറിന് വിജയം

സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് ദമാകിനെ നേരിട്ട അൽ നസർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു അൽ നസറിന്റെ തിരിച്ചുവരവ്. മത്സരം 1-1ൽ നിൽക്കെ റൊണാൾഡോയുടെ ഒരു ഫ്രീകിക്ക് ഗോളാണ് വിജയ ഗോളായി മാറിയത്.

മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനത്തിൽ എങ്കുദു ആണ് ദമാകിന് ലീഡ് നൽകിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ടലിസ്കയുടെ ഗോളിലൂടെ അൽ നസർ സമനില പിടിച്ചു. ഇതു കഴിഞ്ഞ് 57ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോയുടെ ഫ്രീകിക്ക് ഗോൾ വന്നത്‌. 2023ലെ റൊണാൾഡോയുടെ 41ആം ഗോളായിരുന്നു ഇത്‌. ഇതോടെ അൽ നസർ വിജയം ഉറപ്പിച്ചു.

ഈ ജയം അൽ നസറിനെ ലീഗിൽ മൂന്നാം സ്ഥാനത്ത് നിർത്തുന്നു. അവർക്ക് 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് ഉള്ളത്‌. 26 പോയിന്റുള്ള അൽ ഹിലാൽ ആണ് ഒന്നാമത് ഉള്ളത്‌.

അൽ നസറിന്റെ വിജയ പരമ്പരക്ക് അവസാനം, സൗദി ലീഗിൽ സമനില

അൽ നസറിന്റെ തുടർച്ചയായ വിജയങ്ങൾക്ക് അവസാനം. ഇന്ന് സൗദി പ്രൊ ലീഗിൽ അൽ അബഹയെ നേരിട്ട അൽ നസർ 2-2ന്റെ സമനില ആണ് വഴങ്ങിയത്. അവസാന മിനുട്ടിൽ വഴങ്ങിയ ഗോളാണ് അൽ നസറിന് വിജയം നഷ്ടമാകാൻ കാരണം.

മത്സരം ആരംഭിച്ച് 28 മിനുട്ടുകൾക്ക് അകം അൽ നസർ ഇന്ന് 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മൂന്നാം മിനുട്ടിൽ ഒറ്റാവിയോ ആണ് അൽ നസറിന് ലീഡ് നൽകിയത്. 28ആം മിനുട്ടിൽ ടലിസ്ക അൽ നസറിന്റെ ലീഡ് ഇരട്ടിയാക്കി. 36ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു അബഹയുടെ ആദ്യ ഗോൾ. 90ആം മിനുട്ടിൽ ടോകോ എകാമ്പി അവർക്ക് സമനിലയും നൽകി.

റൊണാൾഡോ ഇന്ന് 90 മിനുട്ടും കളിച്ചു എങ്കിലും ഗോളടിച്ചില്ല. ഇതിനു മുമ്പുള്ള 10 മത്സരങ്ങളും അൽ നസർ വിജയിച്ചിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി അൽ നസർ ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

“റൊണാൾഡോ സൗദിയിലേക്ക് വന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു, ഇപ്പോൾ ഈ ലീഗിന്റെ വളർച്ച നോക്കൂ” – നെയ്മർ

സൗദി പ്രോ ലീഗിന്റെ മാറ്റത്തിന് തുടക്കമിട്ടത് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് ബ്രസീൽ ഫോർവേഡ് നെയ്മർ. അൽ-ഹിലാലിൽ എത്തിയ നെയ്മർ ആദ്യമായി നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെ കുറിച്ചും സൗദി ലീഗിനെ കുറിച്ചും സംസാരിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നേരിടാൻ കാത്തിരിക്കുകയാണെന്നു നെയ്മർ കൂട്ടിച്ചേർത്തു.

“ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനെല്ലാം തുടക്കമിട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു, റൊണാൾഡോ സൗദിയിലേക്ക് വന്നപ്പോൾ എല്ലാവരും അവനെ ‘ഭ്രാന്തൻ’എന്നും മറ്റും വിളിച്ചു. ഇന്ന് ലീഗ് കൂടുതൽ കൂടുതൽ വളരുന്നത് നിങ്ങൾ കാണുന്നു,” നെയ്മർ പറഞ്ഞു.

“സൗദി ലീഗിന്റെ മാറ്റങ്ങൾ ആവേശകരമാണ്, ഇവിടെയുള്ള മറ്റ് ടീമുകളിലെ മികച്ച നിലവാരമുള്ള കളിക്കാരെ കണ്ടുമുട്ടുന്നത് നിങ്ങളെ ആവേശഭരിതരാക്കുകയും കൂടുതൽ നന്നായി കളിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റൊണാൾഡോ, ബെൻസെമ, ഫിർമിനോ എന്നിവരെ നേരിടാൻ താൻ കാത്തിരിക്കുകയാണ്,” നെയ്മർ പറഞ്ഞു.

റൊണാൾഡോക്ക് ഗോൾ, അൽ നസർ വിജയ വഴിയിൽ തിരികെയെത്തി

ഒരു ചെറിയ ഇടവേളക്ക് ശേഷം അൽ നസർ വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ലീഗ് മത്സരത്തിൽ അൽ റയെദിനെ നേരിട്ട അൽ നസർ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ന് ഗോൾ കണ്ടെത്തി. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ റൊണാൾഡോ ഇന്ന് ഗോൾ നേടി. റൊണാൾഡോ അൽ നസറിൽ എത്തിയ ശേഷമുള്ള പതിനാലാം ഗോളായിരുന്നു ഇത്. 55ആം മിനുട്ടിൽ ഖരീബിലൂടെ അൽ നസർ ലീഡ് ഇരട്ടിയാക്കി.

മത്സരത്തിന്റെ അവസാനം ഇഞ്ച്വറി ടൈമിൽ മാരനും അൽ സുലൈഹീമും കൂടെ ഗോൾ നേടിയതോടെ അൽ നസർ വിജയം പൂർത്തിയായി. ഈ വിജയത്തോടെ അൽ നസർ 56 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ഒന്നമാതുള്ള ഇത്തിഹാദിനെക്കാൾ മൂന്ന് പോയിന്റ് പിറകിലാണ് ഇപ്പോഴും അൽ നസർ നിൽക്കുന്നത്‌.

കിംഗ്സ് കപ്പിൽ നിന്നും അൽ നസർ പുറത്ത്, റൊണാൾഡോക്ക് വീണ്ടും നിരാശ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലെ ആദ്യ സീസണിൽ അൽ നസർ കിരീടങ്ങളിൽ നിന്ന് അകലുകയാണ്. ഇന്ന് കിംഗ്സ് കപ്പ് സെമി ഫൈനലിൽ അൽ നസർ അൽ വെഹ്ദയോട് തോറ്റ് ആണ് പുറത്തായത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വെഹ്ദയുടെ വിജയം. 40 മിനുട്ടുകളോളം വെഹ്ദ 10 പേരുമായാായിരുന്നു കളിച്ചത്. എന്നിട്ടും അൽ നസറിന് ഒരു ഗോൾ അടിക്കാൻ ആയില്ല.

ഇന്ന് ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ബീഗുളിലൂടെയാണ് വെഹ്ദ ലീഡ് നേടിയത്. റൊണാൾഡോക്കും സംഘത്തിനും ഈ ഗോളിന് മറുപടി നൽകാൻ ആയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ വെഹ്ദയുടെ താരം അൽ ഹഫിതിന് ചുവപ്പ് കാർഡ് ലഭിച്ചു. അൽ നസറിന് എണ്ണത്തിന്റെ അഡ്വാന്റേജ് ലഭിച്ചിട്ടും ഒരു ഗോൾ കണ്ടെത്താൻ പറ്റിയില്ല. കിംഗ്സ് കപ്പിൽ നിന്ന് പുറത്തായതോടെ അൽ നസറിന്റെ ഏക പ്രതീക്ഷ ഇനി സൗദി പ്രൊ ലീഗ് ആണ്. എന്നാൽ അവിടെയും അവർ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിന്ന് അകലെയാണ്.

അവസാന വർഷങ്ങളിൽ റൊണാൾഡോ മെസ്സി ചർച്ചകളിൽ മെസ്സി ഒരുപാട് മുന്നിൽ എത്തി എന്ന് പിക്വെ

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലെടുത്താൽ മികച്ച കളിക്കാരൻ ആരെന്നുള്ള ചർച്ചയിൽ അഭിപ്രായം പറഞ്ഞു മുൻ ബാഴ്‌സലോണ ഡിഫൻഡർ ജെറാർഡ് പിക്വെ. റൊണാൾഡോയുടെ കഠിനപ്രയത്നത്തെ അംഗീകരിക്കുന്നു എന്നും എന്നാൽ, പ്രതിഭയുടെ കാര്യത്തിൽ മെസ്സിയാണ് ഏറ്റവും മികച്ചവൻ എന്നും പിക്വെ പറഞ്ഞു.

“റൊണാൾഡോ കഠിനാധ്വാനം ചെയ്തുവെന്നത് ശരിയാണ്, ഇരുവരുൻ തമ്മിലുള്ള പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ മെസ്സിയെ റൊണാൾഡോയേക്കാൾ ഏറെ മെച്ചപ്പെട്ടു. അത് വ്യക്തമാണ്.” പിക്വെ പറഞ്ഞു

35 വയസ്സിലും ഉയർന്ന തലത്തിൽ മത്സരിക്കാൻ തനിക്ക് കഴിയുമെന്ന് മെസ്സി തെളിയിച്ചു. ലോകകപ്പിൽ ഫുട്ബോൾ ലോകം കണ്ടത് അതാണ് എന്നും പിക്വെ പറയുന്നു.

പി എസ് ജിക്ക് എതിരെ റൊണാൾഡോ കളിക്കും, റിയാദിന്റെ ക്യാപ്റ്റൻ

റൊണാൾഡോയുടെ സൗദി അറേബ്യൻ അരങ്ങേറ്റം നാളെ നടക്കും. പി എസ് ജിക്ക് എതിരായ റിയാദ് ഇലവന്റെ ക്യാപ്റ്റൻ ആയാകും റൊണാൾഡോ ഇറങ്ങുക. റൊണാൾഡോ ആകും റിയാദ് ഇലവന്റെ ക്യാപ്റ്റൻ ആവുക എന്ന് അധികൃതർ അറിയിച്ചു. ലയണൽ മെസ്സി ഉൾപ്പെടുന്ന പിഎസ്ജിക്കെതിരെ ഇറങ്ങാം സൗദി ടീമുകളായ അൽ ഹിലാലിന്റെ അൽ നാസറിന്റെയും സംയുക്ത ഇലവനാണ് ഇറങ്ങുന്നത്.

വ്യാഴാഴ്ച രാത്രി റിയാദിൽ വെച്ചാണ് മത്സരം നടക്കുന്നത്. റൊണാൾഡോക്ക് സൗദിയിൽ എത്തിയ ശേഷം ഇതുവരെ അരങ്ങേറ്റം നടത്താൻ ആയിരുന്നില്ല. റൊണാൾഡോയുടെ അൽ നസറിനായുള്ള അരങ്ങേറ്റം ജനുവരി 21ന് ആകും നടക്കുക. നാളെ നടക്കുന്ന പി എസ് ജി റിയാദ് ഇലവൻ മത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റു തീർന്നു‌. 2 ദശലക്ഷത്തിലധികം ഓൺലൈൻ ടിക്കറ്റ് അഭ്യർത്ഥനകൾ ഈ മത്സരത്തിനായി വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

Exit mobile version