ദക്ഷിണകൊറിയയെ ഞെട്ടിച്ച് ചരിത്രത്തിൽ ആദ്യമായി ജോർദാൻ ഏഷ്യൻ കപ്പ് ഫൈനലിൽ

ഏഷ്യൻ കപ്പിൽ ജോർദാൻ ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ശക്തരായ കൊറിയയെ ഞെട്ടിച്ചാണ് ജോർദാൻ ഫൈനലിലേക്ക് മുന്നേറിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ജോർദന്റെ വിജയം. ഇന്ന് ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോർദൻ ലീഡ് എടുത്തു.

53ആം മിനുട്ടിൽ അൽ നൈമതിലൂടെ ആയിരുന്നു ജോർദന്റെ ആദ്യ ഗോൾ. 66ആം മിനുട്ടിൽ അൽ തമാരിയുടെ മികവ് ജോർദന് ലീഡ് ഇരട്ടിയാക്കി നൽകി. 2-0. ഇതിൽ നിന്ന് കരകയറാൻ ദക്ഷിണ കൊറിയക്ക് ആയില്ല. രണ്ടാം സെമി ഫൈനലിൽ ഇറാനും ഖത്തറും ആണ് പോരാടുന്നത്. ആ മത്സരത്തിലെ വിജയികളെ ആകും ജോർദൻ ഫൈനലിൽ നേരിടുക.

അവസാന നിമിഷ സമനിലയിൽ ദക്ഷിണ കൊറിയ രക്ഷപ്പെട്ടു

ഏഷ്യൻ കപ്പിൽ ദക്ഷിണ കൊറിയക്ക് ജോർദാനോട് സമനില. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ 2-2 എന്ന നിലയിലാണ് സ്കോർ അവസാനിച്ചത്. കളിയുടെ അവസാന മിനിട്ടിൽ പിറന്ന ഒരു സെൽഫ് ഗോൾ ആണ് കൊറിയയെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ കിട്ടിയ ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് സ്പർസ് താരം സോൺ ആണ് കൊറിയക്ക് ലീഡ് നൽകിയത്.

ആ ലീഡ് അധികനേരം നീണ്ടുനിന്നില്ല. 37ആം മിനിട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ജോർദാൻ സമനില പിടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം അൽ നയ്മതിലൂടെ ജോർദാൻ ലീഡും എടുത്തു. രണ്ടാം പകുതിയിൽ സമനിലക്കായി അവർ ആഞ്ഞു ശ്രമിച്ചു എങ്കിലും കൊറിയൻ ഗോൾ വേഗത്തിൽ വന്നില്ല‌. അവസാനം 90ആം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ കൊറിയ അവരുടെ സമനില കണ്ടെത്തി. തുടർന്ന് കളി 2-2 എന്ന സമനിലയിൽ അവസാനിച്ചു. ഇപ്പോൾ ഗ്രൂപ്പിൽ ജോർദാൻ നാലു പോയിന്റുമായി ഒന്നാമതും കൊറിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടും.

ക്ലിൻസ്മൻ ദക്ഷിണ കൊറിയയുടെ പരിശീലകൻ

മുൻ ജർമ്മൻ ദേശീയ ടീം പരിശീലകൻ ക്ലിൻസ്മാൻ ഇനി ദക്ഷിണ കൊറിയ ദേശീയ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കും. ലോകകപ്പിന് ശേഷം പൗലോ ബെന്റോ സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണ് ജർഗൻ ക്ലിൻസ്മാൻ എത്തുന്നത്. 2026-ൽ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പ് വരെയുള്ള കരാർ ക്ലിൻസ്മാൻ ഒപ്പുവെച്ചു. മാർച്ച് 24-ന് കൊളംബിയയുമായുള്ള കൊറിയയുടെ മത്സരമാകും അദ്ദേഹത്തിന്റെ കീഴിലെ ആദ്യ മത്സരം.

“കൊറിയൻ സോക്കർ ടീമിന്റെ മാനേജരായതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. വരാനിരിക്കുന്ന ഏഷ്യൻ കപ്പിലും 2026 ലോകകപ്പിലും വിജയകരമായ ഫലങ്ങൾ കൈവരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും” ക്ലിൻസ്മാൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

മുമ്പ് ബയേൺ മ്യൂണിക്കിനെ ക്ലിൻസ്മാൻ പരിശീലിപ്പിച്ചുട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ, 58-കാരൻ 2014 ലോകകപ്പിൽ യുഎസിനെ പരിശീലിപ്പിച്ചു. ജർമ്മനിയയെ 2006 ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്ക് നയിക്കാൻ അദ്ദേഹത്തിനായിരുന്നു.

കൊറിയൻ നെഞ്ചിൽ ബ്രസീൽ നൃത്തം!! കാനറികൾ അനായാസം ക്വാർട്ടർ ഫൈനലിൽ

ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീൽ അനായാസ വിജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്‌. ഇന്ന് ആദ്യ പകുതി കഴിയുമ്പോൾ തന്നെ ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ഇതോടെ ലോകകപ്പിൽ അവശേഷിക്കുന്ന അവസാന ഏഷ്യൻ ടീമും പുറത്തായി.

മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ ബ്രസീൽ ലീഡ് എടുത്തു. വലതു വിങ്ങിലൂടെ വന്ന അറ്റാക്ക് റഫീഞ്ഞയിലൂടെ ബാക്ക് പോസ്റ്റിൽ മാർക്ക് ചെയ്യാതെ നിന്ന വിനീഷ്യസിൽ എത്തി. കിനീഷ്യസ് ഗോൾ കീപ്പർക്ക് മുകളിലൂടെ പന്ത് വലയിൽ എത്തിച്ചു. ഇത് ഒരു തുടക്കം മാത്രമായിരുന്നു.

13ആം മിനുട്ടിൽ ബ്രസീലിന് അനുകൂലമായി ഒരു പെനാൾട്ടി. റിച്ചാർലിസൺ നേടിയ പെനാൾട്ടി നെയ്മർ വലയിൽ എത്തിച്ചു. സ്കോർ 2-0. നെയ്മറിന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ.

അടുത്ത ഗോൾ 29ആം മിനുട്ടിൽ. ഇത്തവണ റിച്ചാർലിസൺ ആണ് സ്കോറർ. ഈ ലോകകപ്പ് കണ്ട് മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു ഇത്. റിച്ചാർലിസന്റെ ജഗ്ലിങിൽ തുടങ്ങിയ നീക്കം വൺ ടച്ച് നീക്കങ്ങൾക്ക് ഒടുവിൽ റിച്ചാർലിസണിലൂടെ തന്നെ വലയിൽ. അസിസ്റ്റ് തിയാഗോ സില്വക്കും. സ്കോർ 3-0.

ബ്രസീൽ ദയ കാണിച്ചില്ല. അവർ അടി തുടർന്നു. 36ആം മിനുട്ടിൽ വിനിഷ്വസിന്റെ പാസ് പെനാൾട്ടി ബോക്സിലേക്ക് പാഞ്ഞെത്തിയ പക്വേറ്റയുടെ ബൂട്ടുകളുടെ പ്രഹരം ഏറ്റുവാങ്ങി വലയിൽ. സ്കോർ 4-0.

രണ്ടാം പകുതിയിൽ ബ്രസീൽ ആദ്യ പകുതിയുടെ വേഗതയിൽ കളിച്ചില്ല. അഭിമാനം കാക്കാനായി കൊറിയ കിണഞ്ഞു പരിശ്രമിച്ചു. അവർ അലിസണെ പലപ്പോഴായി പരീക്ഷിച്ചു. 76ആം മിനുട്ടിൽ പർക് സുങ് ഹൂയുടെ ഒരു ലോംഗ് റേഞ്ചർ കൊറിയയുടെ ആശ്വാസം ഗോളായി മാറി. പരാജയം ഭാരം കുറക്കാനും ഇത് കൊണ്ടായി.

ഇനി ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. ഇന്ന് ജപ്പാനെ തോൽപ്പിച്ച് ആണ് ക്രൊയേഷ്യ ക്വാർട്ടറിൽ എത്തിയത്‌

നെയ്മർ എത്തും, കരുത്തേറി ബ്രസീൽ, ഏഷ്യൻ പ്രതീക്ഷകളുമായി സൗത്ത് കൊറിയ

കിരീട മോഹവുമായി എത്തുന്ന ബ്രസീലും കറുത്ത കുതിരകൾ ആയി മാറിയ സൗത്ത് കൊറിയയും അവസാന എട്ടിലേക്ക് കണ്ണ് നട്ട് കളത്തിലേക്ക്. 2002ലാണ് ഒടുവിൽ സൗത്ത് കൊറിയ ലോകകപ്പ് ക്വർട്ടറിലേക്ക് മുന്നേറുന്നത്. അന്ന് സ്വന്തം മണ്ണിലും ജപ്പാനിലും ആയി നടന്ന ടൂർണമെന്റിലെ ചാമ്പ്യന്മാരായ ബ്രസീലിനെ അടുത്ത മത്സരത്തിൽ ഖത്തറിൽ നേരിടാൻ ഒരുങ്ങുമ്പോൾ ഏഷ്യൻ ടീമിന് കയ്യിലുള്ളത് മികച്ച സ്ക്വാഡും അടങ്ങാത്ത പോരാട്ട വീര്യവും. ബ്രസീൽ ആവട്ടെ മികച്ച ഫോമിലാണ്. കാമറൂണിനോട് തോൽവി നേരിട്ടെങ്കിലും വിശ്രമം ലഭിച്ച മുൻനിരക്കാരും പരിക്ക് മാറി എത്തുന്ന നെയ്മറും കൂടി ചേരുന്നതോടെ സാമ്പാ താളം പൂർവാധികം ശക്തി പ്രാപിക്കും.

നെയ്മറുടെ മടങ്ങി വരവ് തന്നെയാണ് ബ്രസീൽ ക്യാമ്പിലെ ഏറ്റവും വലിയ വാർത്ത. പരിക്കേറ്റ് രണ്ടു ഗ്രൂപ് മത്സരങ്ങൾ നഷ്ടമായ താരത്തിന്റെ തിരിച്ചു വരവ് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. അതേ സമയം മുൻനിര കൂടുതൽ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. മുന്നേറ്റ താരങ്ങളെ കുത്തി നിറച്ചു ടിറ്റെ കൊണ്ടു വന്ന ടീമിന് ഓരോ ഗോൾ മാത്രമാണ് അവസാന രണ്ടു മത്സരങ്ങളിൽ നേടാൻ ആയത്. ഗബ്രിയേൽ ജീസസ് പരിക്ക് മൂലം ഇറങ്ങിയേക്കില്ല എന്നതും തിരിച്ചടി ആണ്. പതിവിൽ നിന്നും വിപരീതമായി പ്രതിരോധം ആണ് ഇത്തവണ ബ്രസീലിന്റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരേയൊരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. മർക്വിന്നോസും തിയാഗോ സിൽവയും മിലിറ്റാവോയും അണിനിരക്കുന്ന പ്രതിരോധത്തെ കടന്നാലും അലിസനെയും മറികടക്കുന്നത് ശ്രമകരം തന്നെ.

പോരാട്ട വീര്യമാണ് കൊറിയയുടെ കരുത്ത്. സോണിന്റെ പ്രകടനത്തിൽ മുന്നേറുമെന്ന് കരുതിയ ടീമിലെ ഓരോ താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഇതുവരെ കണ്ടത്. പോർച്ചുഗലിനെതിരെ അവസാന നിമിഷം നേടിയ ഗോൾ ടീമിന്റെ പോരാട്ട വീര്യം മുഴുവൻ വിളിച്ചോതുന്നതായിരുന്നു. സൂപ്പർ താരം സോണും അവസരത്തിനൊത്തുയർന്നു. മത്സരത്തിൽ വിജയ ഗോൾ നേടിയ ഹ്വാങ് മുഴുവൻ ഫിറ്റ്നസ് വീണ്ടെടുതതോടെ ബ്രസീലിനെതിരെ ആദ്യ ഇലവനിലും എത്തിയേക്കും.

കാങ് ഇൻ ലീയും ചോ ഗ്വെ-സങും അടക്കമുള്ള താരങ്ങൾ കൂടി ഫോമിലേക്ക് ഉയർന്നാൽ ഇരുപത് വർഷങ്ങൾക്ക് മറ്റൊരു നോകൗട്ട് കൂടി സാധ്യമാകും എന്ന പ്രതീക്ഷയിലാണ് സൗത്ത് കൊറിയ. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച പുലർച്ചെ 12.30 സ്റ്റേഡിയം 974 ൽ വെച്ചാണ് മത്സരം നടക്കുന്നത്.

അത്ഭുതമാണ് ഈ ലോകകപ്പ്!! ഇഞ്ച്വറി ടൈമിൽ കൊറിയ പ്രീക്വാർട്ടർ സ്വർഗ്ഗത്തിലേക്ക്

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ നേരിട്ട കൊറിയ കളി ഇഞ്ച്വറി ടൈമിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ ആയിരുന്നു. അവിടെ നിന്ന് അത്ഭുതങ്ങൾ കാണിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയ ഇന്ന് പോർച്ചുഗലിനെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഈ വിജയം. തോറ്റെങ്കിലും പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.

ഇന്ന് ബ്രൂണോ ഫെർണാണ്ടസ് അടക്കം പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇറങ്ങിയത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടായിരുന്നു. ദക്ഷിണ കൊറിയക്ക് വിജയം നിർബന്ധമായിരുന്നപ്പോൾ പരാജയപ്പെട്ടാലും ഒന്നാം സ്ഥാനം ലഭിക്കും എന്ന നിലയിൽ ആയിരുന്നു പോർച്ചുഗൽ കളി ആരംഭിച്ചത്. മത്സരം ആരംഭിച്ച് 5 മിനുട്ട് കൊണ്ട് തന്നെ പോർച്ചുഗൽ ലീഡ് എടുത്തു.

ഈ ലോകകപ്പിൽ ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങിയ റിക്കാർഡോ ഹോർത ആണ് പോർച്ചുഗലിന് ലീഡ് നൽകിയത്. റൈറ്റ് ബാക്കായ ഡിയേഗോ ഡാലോട്ടിന്റെ പാസിൽ നിന്നായിരുന്നു ഹോർതയുടെ ഗോൾ. ഈ ഗോളിന് 27ആം മിനുട്ടിൽ കൊറിയ മറുപടി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം ഡിഫൻഡിംഗ് നൽകിയ അവസരം കിംഗ് യോംഗ് ഗ്വോൻ മുതലെടുത്ത് സമനില നേടുക ആയിരുന്നു‌.

രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും റൊബം ഡയസിനെയും പോർച്ചുഗൽ പിൻവലിച്ചു. നിരന്തരം അറ്റാക്ക് തുടർന്ന കൊറിയ 91ആം മിനുട്ടിൽ വിജയ ഗോൾ നേടി. സോണിന്റെ പാസ് സ്വീകരിച്ച് ഹ്വാങ് ഹീ ചാൻ ആണ് ആ സ്വപ്ന നിമിഷം കൊറിയക്ക് സമ്മാനിച്ചത്‌.

മറുവശത്ത് ഉറുഗ്വേ 2-0ന് ഘാനയെ തോൽപ്പിച്ചു എങ്കിലും കൊറിയൻ വിജയം ഉറുഗ്വേയെ പുറത്താക്കി. ഒരു ടീമുകൾക്കും പോയിന്റും ഗോൾ ഡിഫറൻസും ഒരേ പോലെ ആയിരുന്നു. ഏറ്റവും കൂടുതൽ ഗോൾ അടിച്ചത് കൊറിയ ആണെന്നതാണ് അവർക്ക് തുണയായത്.

ഈ പരാജയത്തിലും പോർച്ചുഗൽ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. അവർ ബ്രസീലിന്റെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ ആകും നേരിടുക. 4 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത കൊറിയ ബ്രസീലിനെ ആകും പ്രീക്വാർട്ടറിൽ നേരിടുക.

തീപ്പൊരി പോരാട്ടം!! മൊഹമ്മദ് കുദുസിനും ഘാനക്കും മുന്നിൽ കൊറിയ വീണു

ഖത്തറിൽ ഇന്ന് ക്ലാസിക് മത്സരങ്ങൾ മാത്രം. ആദ്യ മത്സരത്തിൽ സെർബിയയും കാമറൂണും കളിച്ച ത്രില്ലറിനു പിറകെ ഇറങ്ങിയ ഘാനയും കൊറിയയും മറ്റൊരു ആവേശകരമായ മത്സരമാണ് ഫുട്ബോൾ പ്രേമികൾക്ക് നൽകിയത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ഘാന 3-2ന് വിജയിച്ചു. മുഹമ്മദ് കുദുസിന്റെ ഇരട്ട ഗോളുകൾ ആണ് ഘാനക്ക് വിജയം നൽകിയത്.

ദക്ഷിണ കൊറിയയെ ഞെട്ടിച്ച ആദ്യ പകുതിയാണ് ഇന്ന് ഖത്തറിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ കാണാൻ ആയത്. പതിയെ കളിയിൽ താളം കണ്ടെത്തിയ ഘാന 24ആം മിനുട്ടിൽ ലീഡ് എടുത്തു. ജോർദൻ ആയു എടുത്ത ഒരു ഫ്രീകിക്ക് കൊറിയയുടെ പെനാൾട്ടി ബോക്സിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. പന്ത് ക്ലിയർ ചെയ്യാൻ കൊറിയ പ്രയാസപ്പെടുന്നതിന് ഇടയിൽ സലിസു ഗോൾ നേടി കൊണ്ട് ഘാനയെ മുന്നിൽ എത്തിച്ചു. സ്കോർ 1-0

ആ ഗോൾ പിറന്ന് പത്ത് മിനുട്ടുകൾക്ക് ശേഷം വീണ്ടും ഘാന ഗോൾ നേടി. ഇത്തവണ യുതാരം മുഹമ്മദ് കുദൂസ് ആണ് ഘാനയ്ക്കായി വല ചലിപ്പിച്ചത്‌. ഈ ഗോളും ജോർദൻ അയുവിന്റെ ക്രോസിൽ നിന്നാണ് പിറന്നത്. 2-0

രണ്ടാം പകുതിയിൽ ആണ് കൊറിയയുടെ തിരിച്ചടി വന്നത്. 58ആം മിനുട്ടിൽ ചോ അവരുടെ ആദ്യ ഗോൾ നേടി. ലീ നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ചോ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു‌. സ്കോർ 2-1

3 മിനുട്ടുകൾ കഴിഞ്ഞ് ചോ വീണ്ടും കൊറിയക്കായി വല കുലുക്കി‌. കിം ജിൻ സുവിന്റെ ക്രോസിൽ നിന്ന് ഒരു പവർ ഫുൾ ഹെഡറിലൂടെ ആയിരുന്നു രണ്ടാം ഫിനിഷ്. സ്കോർ 2-2..

ഘാന തളർന്നില്ല. അവർ 6 മിനുട്ടുകൾക്ക് അകം ലീഡ് തിരികെയെടുത്തു. യുവതാരം കുദുസ് തന്നെയാണ് വീണ്ടും ഘാനക്കായി ഗോൾ നേടിയത്. ഇനാകി വില്യംസ് ഒരു ഷോട്ട് മെസ് ടൈം ചെയ്തപ്പോൾ അത് കുദുസിന്റെ കാലുകളിലേക്ക് എത്തുകയും താരം ഒരു പിഴവും വരുത്താതെ വല കണ്ടെത്തുകയും ചെയ്തു. സ്കോർ 3-2.

ഇതിന് ശേഷം കൊറിയ നിരവധി അവസരങ്ങൾ ഉണ്ടാക്കി. ഘാന ഡിഫൻസും അറ്റിസിഗിയും ഏഷ്യൻ ടീമിന് തടസ്സമായി നിന്നു. ഇഞ്ച്വറി ടൈമിൽ മാത്രം രണ്ട് ഗംഭീര സേവുകൾ അറ്റിസിഗി നടത്തി.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഘാനക്ക് 3 പോയിന്റും കൊറിയക്ക് 1 പോയിന്റും ആണുള്ളത്. കൊറിയ അവസാന മത്സരത്തിൽ പോർച്ചുഗലിനെയും ഘാന ഉറുഗ്വേയെയും നേരിടും.

പേരുകേട്ട ഗോളടിക്കാർ ഉണ്ടായിട്ടും ഗോൾ ഒന്നു പോലും പിറന്നില്ല, ഉറുഗ്വേയെ തളച്ച് ദക്ഷിണ കൊറിയ

ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയും ഉറുഗ്വേയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഇന്ന് ഗോൾ നേടിയില്ല.

ഇന്ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഉറുഗ്വേ ദക്ഷിണ കൊറിയ പോരാട്ടം അത്ര ആവേശകരം ആയിരുന്നില്ല. ഒരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട ആദ്യ പകുതിയിൽ പിറന്ന ഏറ്റവും നല്ല അവസരം ഗോഡിന്റെ ഒരു ഗെഡർ ആയിരുന്നു. ഉറുഗ്വേ സെന്റർ ബാക്കിന്റെ ഹെഡർ പോസ്റ്റിൽ തട്ടി ആണ് മടങ്ങിയത്. സുവാരസും പെലിസ്ട്രിയും നൂനിയസും ആയിരുന്നു ഊറുഗ്വേയുടെ അറ്റാക്കിൽ ഉണ്ടായിരുന്നത്. സുവാരസ് ആദ്യ പകുതിയിൽ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ല.

രണ്ടാം പകുതിയിൽ സുവാരസിന് പകരം ഉറുഗ്വേ കവാനിയെ കളത്തിൽ ഇറക്കി. കവാനിക്കും ദക്ഷിണ കൊറിയൻ ഡിഫൻസിനെ ഭയപ്പെടുത്താൻ ആയില്ല. ദക്ഷിണകൊറിയ സോണിനെ ആശ്രയിച്ചായിരുന്നു അവരുടെ പല നീക്കങ്ങളും നടത്തിയത്. രണ്ടാം പകുതിയിൽ ദക്ഷിണകൊറിയക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയി. 90ആം മിനുട്ടിൽ വാൽവെർദെയുടെ ഒരു ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി പുറത്ത് പോയി‌.ഇതിനു പിന്നാലെ ഉറുഗ്വേ ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് കൊറിയക്ക് ഒരു അവസരം കിട്ടി എങ്കിലും സോണിന് ആ അവസരം മുതലെടുക്കാൻ ആയില്ല.

ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പിറക്കുന്ന നാലാമത്തെ ഗോൾ രഹിത സമനിലയാണിത്. അടുത്ത മത്സരത്തിൽ ഉറുഗ്വേ പോർച്ചുഗലിനെയും കൊറിയ ഘാനയെയും നേരിടും.

ഖത്തറിൽ കൊറിയയെ തോളിലേറ്റാൻ സോൺ എത്തും

മിഡ് സീസണിൽ ക്രമീകരിച്ച ലോകകപ്പ് ഫുട്ബോൾ പരിക്കിന്റെ പിടിയിൽലമർന്ന ഒരുപിടി പ്രമുഖ താരങ്ങളുടെ അഭാവം കൊണ്ട് ശ്രദ്ധേയമാകുന്നതിനിടെ ആരാധകർക്ക് ആശ്വാസമായി ദക്ഷിണ കൊറിയയിൽ നിന്നൊരു വാർത്ത. സൂപ്പർ താരം സോൺ ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. താരം തന്നെയാണ് തന്റെ ലോകകപ്പ് പ്രാതിനിധ്യം സമൂഹിക മാധ്യമത്തിലൂടെ ഉറപ്പിച്ചു പറഞ്ഞത്. തങ്ങളുടെ എക്കാലത്തെയും മികച്ച താരം ടീമിന് കൂടെ ഉണ്ടാവും എന്നത് ദക്ഷിണ കൊറിയക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതാക്കില്ല.

നേരത്തെ മാഴ്സെക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടവയാണ് സോണിന് പരിക്കേറ്റത്. ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന് ടോട്ടനം അറിയിച്ചിരുന്നെങ്കിലും താരത്തിന്റെ മടങ്ങി വരവ് എന്നുണ്ടാകും എന്നോ ലോകകപ്പ് പ്രതിനിധ്യത്തെ പറ്റിയോ യാതൊരു സൂചനയും നൽകിയിരുന്നില്ല. ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എല്ലാ ആശങ്കകളും ദൂരികരിച്ചു കൊണ്ട് സോൺ തന്നെ എത്തിയത്.

“ലോകകപ്പിൽ തന്റെ രാജ്യത്തെ പ്രധിനിധികരിക്കുക എന്നത് വളർന്നു വരുന്ന ഏതൊരു കുഞ്ഞിനെയും പോലെ എന്റെയും സ്വപ്നമായിരുന്നു. ഈ ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം താൻ നഷ്ടപ്പെടുത്തില്ല. ഈ മനോഹരമായ രാജ്യത്തെ പ്രതിനിധീകരിക്കാൻ താൻ കാത്തിരിക്കുകയാണ്.” താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.

ഫിഫ ലോകകപ്പ് 2022; ഗ്രൂപ്പ് H, അവസാന ഗ്രൂപ്പിലെ റൊണാൾഡോയുടെ അവസാന ചാൻസ് | Exclusive

2022 ഖത്തർ ഫിഫ ലോകകപ്പ് ടൂർണമെന്റ് എട്ടാമത്തെയും, അവസാനത്തെയും ഗ്രൂപ്പായ H ഗ്രൂപ്പിൻ്റെ അത്ര വൈവിധ്യമുള്ള ഒരു ഗ്രൂപ്പ് വേറെയില്ല. ഇതിലെ ടീമുകളുടെ പേരുകൾ നോക്കൂ, യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ആഫ്രിക്കയിൽ നിന്ന് ഘാന, ഏഷ്യയിൽ നിന്ന് ദക്ഷിണ കൊറിയ, സൗത്ത് അമേരിക്കയിൽ നിന്ന് യുറുഗ്വേ. അതെ സമയം ഈ ഗ്രൂപ്പിൽ നിന്ന് ഒരു ടീം പോലും അവസാന 8ൽ എത്തും എന്ന പ്രതീക്ഷ ആർക്കുമില്ല!

ക്രിസ്ത്യാനോ റൊണാൾഡോ അംഗമായുള്ള പോർച്ചുഗൽ ടീം ആ ഗ്രൂപ്പിൽ ടോപ് ചെയ്യും എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട. 37 വയസ്സായ റൊണാൾഡോയുടെ തോളത്തു കയറി വേൾഡ് കപ്പ് നേടാമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അത് മാറ്റി വച്ചേക്കൂ. പോർച്ചുഗൽ ടീമിലെ ഒട്ടനവധി അംഗങ്ങൾ കളിക്കുന്ന പ്രീമിയർ ലീഗിലെ വോൾവർഹാംപ്ടൺ അഥവാ വുൾവ്‌സിൻ്റെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ, നിങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാകും.

പക്ഷെ നാല് പോർച്ചുഗീസ് കളിക്കാർ ബാലൺ ഡി ഓർ പട്ടികയിൽ പെട്ടിരുന്നു എന്ന കാര്യം മറക്കരുത്. കാര്യം റൊണാൾഡോ 100 മീറ്റർ സെക്കൻഡുകൾക്കുള്ളിൽ ഓടുമായിരിക്കും, മറ്റാരേക്കാളും ഉയരത്തിൽ ചാടുമായിരിക്കും, പക്ഷെ ഇത്ര പ്രതിഭകളുള്ള ടീമിന് ഒരു കളിക്കാരനിൽ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. എങ്കിലും ഒരു ടീം എന്ന നിലക്ക് അവർ ക്ലിക്ക് ആയിട്ടില്ല.

ഖത്തറിലേക്ക് വിമാനം കയറാനുള്ള സാധ്യത തെളിഞ്ഞത് തന്നെ അത്ര എളുപ്പത്തിലല്ല എന്ന് ഓർക്കണം. കുഴപ്പം കോച്ച് സാന്റോസിൻ്റെ തന്ത്രങ്ങൾക്കാണ് എന്ന് പറയുന്നവരുണ്ട്. ഇംഗ്ലണ്ടിലെ ബെറ്റിങ് സൈറ്റുകളിൽ ഒന്ന് പോലും പോർച്ചുഗലിന് സാധ്യത പറയുന്നില്ല. അത് കൊണ്ട് തന്നെ റൊണാൾഡോയുടെ വേൾഡ് കപ്പ് കളിക്കാനുള്ള അവസാന ചാൻസ് ആയി മാത്രം ഈ വേൾഡ് കപ്പിനെ പോർച്ചുഗീസ് കണ്ടാൽ മതി.

മുൻകാല പ്രഭാവത്തിൽ ഇന്നും ലോക ഫുട്ബാളിൽ ആദരവോടെ പറഞ്ഞു കേൾക്കുന്ന പേരാണ് യുറുഗ്വേ. പക്ഷെ അവരും ഇന്ന് പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അവസാന വേൾഡ് കപ്പ് കളിക്കുന്ന കവാനിയും, സുവാരസും അടങ്ങിയ ടീമിന് ഗ്രൂപ്പ് ജേതാക്കൾ ആകാൻ കഴിഞ്ഞേക്കും. ആക്രമിച്ചു കളിച്ചു ലോക നിലവാരമുള്ള ഫുട്ബാൾ ടീമുകളെ തോൽപ്പിക്കാൻ കഴിവുള്ള കളിക്കാർ യുറുഗ്വേ നിരയിൽ ഇല്ല.

അവരുടെ ഡിഫൻസീവ് കളി കൊണ്ട് റൗണ്ട് ഓഫ് 16 അപ്പുറം കടക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. ഫുട്ബോൾ വിദഗ്ധർ വേൾഡ് കപ്പ് ഉയർത്താൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ ഈ ടീമിനെ ഉൾപ്പെടുത്താൻ മടിക്കുകയാണ്.

ഫിഫ ലോകകപ്പ് ടൂർണമെന്റിലെ 1986 മുതൽ ഇങ്ങോട്ടുള്ള എല്ലാ വേൾഡ് കപ്പിലും കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ ഗ്രൂപ്പ് സ്റ്റേജ് കടക്കുക എന്ന ചെറിയ ആഗ്രഹവുമായാണ് എത്തുന്നത്. അതിനപ്പുറത്തേക്ക് അവർക്കു സാധ്യതയുമില്ല.

ഘാനയുടെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ, അടുപ്പിച്ചു മൂന്ന് തവണ ഫിഫ ലോകകപ്പ് ടൂർണമെന്റിൽ കളിച്ച ശേഷം കഴിഞ്ഞ തവണ ക്വാളിഫൈ ചെയ്യാതിരുന്ന ഘാന, അടുത്ത റൗണ്ടിലേക്ക് കടക്കാൻ കിണഞ്ഞു ശ്രമിക്കും. 2010ലെ വേൾഡ് കപ്പ് മാച്ചിൽ സുവാരസിൻ്റെ ഹാൻഡ്ബാൾ ഗോളിന് പകരം ചോദിയ്ക്കാൻ ഉള്ള അവസരമായി കൂടി ഘാനയിൽ പലരും ഈ വേൾഡ് കപ്പിനെ കാണുന്നുണ്ട്.

ഉത്തേജിപ്പിക്കുന്ന കളി പുറത്തെടുക്കാൻ മിടുക്കരാണ് ഈ ആഫ്രിക്കൻ ടീം. ടീമിൽ അവസാന നിമിഷം പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്പിലെ പ്രകടനത്തിൻ്റെ ബലത്തിൽ മുൻ ഘാന കളിക്കാരൻ ജെഫ്രി ഷാൽപ്പ്സ് പിന്നെ എൻകെതിയ, ഒഡോയ് എന്നിവർ വരും എന്ന് കേൾക്കുന്നു. ഒരു ഭൂഖണ്ഡത്തിൻ്റെ മുഴുവൻ പിന്തുണ ഇവർക്കുണ്ടാകും, പക്ഷെ അത് കൊണ്ട് മാത്രം കാര്യമായില്ലല്ലോ.

സാധാരണയായുള്ള ഫുട്ബോൾ കലണ്ടറിൽ പൊതുവെ കളിക്കാർ ഒരു ബ്രേക് എടുക്കുന്ന സമയത്താണ് ഇത്തവണ കളി വച്ചിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ഷെഡ്യൂളിന്റെ മധ്യത്തിൽ വച്ചാകുന്നത് കൊണ്ട് കളിക്കാർ എല്ലാവരും തന്നെ നല്ല ഫോമിൽ ആകും കളത്തിൽ ഇറങ്ങുക.

മാത്രമല്ല വിന്റർ ട്രാൻസ്ഫർ സാധ്യതയുള്ളത് കൊണ്ട് മികച്ച പ്രകടനം നടത്താൻ കളിക്കാർ ശ്രമിക്കും. എങ്കിലും ഈ ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും വേൾഡ് കപ്പ് ഉയർത്തും എന്ന സ്വപ്നം കാണുന്നതിൽ കാര്യമില്ല, എങ്കിലും ഈ ഗ്രൂപ്പിലെ കളികൾക്ക് ആവേശം ഒട്ടും കുറയാനും വഴിയില്ല.

കൊറിയയോട് ക്വാര്‍ട്ടറില്‍ കീഴടങ്ങി ഇന്ത്യ, ഇനി അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങള്‍ക്കായി മത്സരിക്കും

ദക്ഷിണ കൊറിയയോട് ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടങ്ങി ഇന്ത്യ. 1-3 എന്ന സ്കോറിനാണ് ഇന്ത്യ വീണത്. ആദ്യ രണ്ട് സെറ്റുകളും കൈവിട്ട ഇന്ത്യ മൂന്നാം സെറ്റ് നേടിയെങ്കിലും നാലാം സെറ്റിലും ഇന്ത്യ ദക്ഷിണകൊറിയയുടെ മുന്നില്‍ തളരുകയായിരുന്നു. സ്കോര്‍: 25-20, 25-23, 20-25, 25-21.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ 3-2 എന്ന സ്കോറിന് കീഴടക്കി. ആദ്യ രണ്ട് സെറ്റുകളും നേടി പാക്കിസ്ഥാന്‍ സെമിയിലേക്ക് എത്തുമെന്ന് കരുതപ്പെട്ടുവെങ്കിലും ഓസ്ട്രേലിയ മികച്ച പ്രകടനത്തിലൂടെ പാക്കിസ്ഥാനെ പിന്നീടുള്ള രണ്ട് സെറ്റുകളില്‍ നിഷ്പ്രഭമാക്കുകയായിരുന്നു. അവസാന സെറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ജയം ഓസ്ട്രേലിയയ്ക്കൊപ്പം നിന്നു. സ്കോര്‍: 21-25, 21-25, 25-18, 25-14, 15-13.

പടിയ്ക്കല്‍ കലമുടച്ച് ഇന്ത്യ, അസ്ലന്‍ഷാ ഹോക്കിയുടെ ഫൈനലില്‍ ഷൂട്ടൗട്ടില്‍ പരാജയം

റൗണ്ട് റോബിന്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ഇന്ത്യയ്ക്ക് ഫൈനല്‍ മത്സരത്തില്‍ കൊറിയയോട് പരാജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു തുല്യത പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 4-2നു ജയം കൊറിയയ്ക്കൊപ്പം നിന്നു. മത്സരത്തിന്റെ അവസാന ക്വാര്‍ട്ടര്‍ വരെ ഏക ഗോളിനു മുന്നിട്ട് നിന്ന ഇന്ത്യയെ അവസാന ക്വാര്‍ട്ടറില്‍ നേടിയ ഗോളിലൂടെയാണ് കൊറിയ ഒപ്പമെത്തിയത്.

9ാം മിനുട്ടില്‍ ഗോള്‍ നേടിയ സിമ്രാന്‍ജിത്ത് ഇന്ത്യയെ മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മുന്നിലെത്തിച്ചുവെങ്കിലും പിന്നീട് കൊറിയന്‍ ഗോള്‍വല ചലിപ്പിക്കുവാന്‍ ഇന്ത്യയ്ക്കായില്ല. ഫിനിഷിംഗിലെ പോരായ്മയാണ് ഇന്ത്യയ്ക്ക് പതിവ് പോലെ തിരിച്ചടിയായത്.

Exit mobile version