റൊണാൾഡോ ഇല്ലാതെ 9 ഗോൾ അടിച്ചു പോർച്ചുഗൽ ലോകകപ്പിലേക്ക്

ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു പോർച്ചുഗൽ. സസ്‌പെൻഡ് ചെയ്യപ്പെട്ട ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ പോർട്ടോയിൽ അർമേനിയയെ ഒന്നിനെതിരെ 9 ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് എഫിൽ 13 പോയിന്റുകളും ആയി ഗ്രൂപ്പ് ജേതാക്കൾ ആയി ലോകകപ്പിന് നേരിട്ടുള്ള യോഗ്യത അവർ ഉറപ്പിച്ചു. കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ പോർച്ചുഗൽ അർമേനിയയെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു.

റെനാറ്റോ വീഗയിലൂടെ ഏഴാം മിനിറ്റിൽ ഗോൾ വേട്ട തുടങ്ങിയ പോർച്ചുഗലിനു എതിരെ 18 മത്തെ മിനിറ്റിൽ അർമേനിയ സമനില ഗോൾ കണ്ടെത്തി. എന്നാൽ തുടർന്ന് കണ്ടത് പോർച്ചുഗീസ് പടയോട്ടം ആയിരുന്നു. ആദ്യ പകുതിയിൽ തന്നെ ഗോൺസാലോ റാമോസിന്റെ ഗോൾ, ജാവോ നെവസിന്റെ ഇരട്ടഗോൾ, ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽട്ടി ഗോൾ എന്നിവയിലൂടെ പോർച്ചുഗൽ 5-1 നു മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടി ബ്രൂണോ ഫെർണാണ്ടസ് തന്റെ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ 81 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജാവോ നെവസ് തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 92 മത്തെ മിനിറ്റിൽ കോൻസിയാസോ ആണ് പോർച്ചുഗീസ് ജയം പൂർത്തിയാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ്: അയർലൻഡിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ


2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനോട് 2-0-ന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന്റെ യോഗ്യത വൈകി. 40-കാരനായ റൊണാൾഡോ പ്രതിരോധ താരം ദാരാ ഒ’ഷിയയുടെ നേർക്ക് കൈമുട്ട് ഉപയോഗിച്ചതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ രാത്രി പോർച്ചുഗലിന് തീർത്തും നിരാശജനകമായിരുന്നു.


മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ട്രോയ് പാരറ്റാണ് അയർലൻഡിന്റെ വിജയശിൽപ്പി. ലിയാം സ്കേൽസിന്റെ അസിസ്റ്റിൽ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെ ആദ്യ ഗോളും, ഇടവേളയ്ക്ക് തൊട്ടുമുമ്പ് കൃത്യമായ ഫിനിഷിലൂടെ രണ്ടാമത്തെ ഗോളും പാരറ്റ് നേടി. പാരറ്റിന്റെ ഈ പ്രകടനം അയർലൻഡിൻ്റെ ലോകകപ്പ് സ്വപ്നം നിലനിർത്തുകയും ചെയ്തു.


റോബർട്ടോ മാർട്ടിനെസിന്റെ കീഴിലുള്ള പോർച്ചുഗൽ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളിന് മുന്നിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ല. ജാവോ ഫെലിക്സ്, ജാവോ നെവെസ് എന്നിവർക്ക് ഗോളിനടുത്തെത്താൻ കഴിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.

റൊണാൾഡോ ചുവപ്പ് പുറത്തായതോടെ, ഇനി ഒരു യോഗ്യതാ മത്സരം മാത്രം ശേഷിക്കെ പോർച്ചുഗലിൻ്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് ആശങ്കയിലാണ്. ഈ തോൽവിയിലും പോർച്ചുഗൽ 10 പോയിൻ്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ഹംഗറിയും അയർലൻഡും അധികം പിന്നിലല്ല. ഞായറാഴ്ച അവസാന യോഗ്യത മത്സരം ജയിച്ച് 2026 ലോകകപ്പ് യോഗ്യത ഉറപ്പിക്കുക ആകും പോർച്ചുഗീസ് ലക്ഷ്യം.

ഇരട്ട ഗോളുമായി റൊണാൾഡോ, വിജയം ഡിയോഗോ ജോട്ടക്ക് സമർപ്പിച്ച് പോർച്ചുഗൽ


യൂറോ യോഗ്യതാ മത്സരത്തിലെ തങ്ങളുടെ ആദ്യ കളിയിൽ പോർച്ചുഗൽ അർമേനിയയെ 5-0ന് തകർത്തു. ഈ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 140-ൽ എത്തിച്ചു. മത്സരത്തിൽ പോർച്ചുഗീസ് ടീം തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തി.

ജാവോ ഫെലിക്സ്, ജാവോ കാൻസെലോ, റൊണാൾഡോ എന്നിവരുടെ ഗോളുകൾ ടീമിനും ആരാധകർക്കും അവിസ്മരണീയമായ രാത്രി സമ്മാനിച്ചു.
ഈ വിജയം വെറുമൊരു ഫുട്ബോൾ മത്സരത്തേക്കാൾ ഉപരിയായിരുന്നു. മരണപ്പെട്ട ഡിയോഗോ ജോട്ടക്കും അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവക്കും വേണ്ടിയുള്ള പോർച്ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

കളിക്കാരും സ്റ്റാഫും തങ്ങളുടെ ദുഃഖം കളിക്കളത്തിലെ പ്രകടനത്തിലൂടെ ചാനൽ ചെയ്തുകൊണ്ട് ജോട്ടക്ക് വൈകാരികമായ ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ താരങ്ങളും തങ്ങളുടെ ഗോളുകൾ ജോടയ്ക്ക് ആയി സമർപ്പിച്ചാണ് സെലിബ്രേറ്റ് ചെയ്തത്.

പോർച്ചുഗൽ നേഷൻസ് ലീഗ് ചാമ്പ്യൻമാർ; സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു


മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന നാടകീയമായ യുവേഫ നേഷൻസ് ലീഗ് 2025 ഫൈനലിൽ, നിശ്ചിത സമയത്തും അധിക സമയത്തും 2-2 സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് സ്പെയിനെ തോൽപ്പിച്ച് പോർച്ചുഗൽ ജേതാക്കളായി.


21-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയുടെ ഗോളിൽ സ്പെയിൻ ആദ്യം മുന്നിലെത്തി. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളിൽ പോർച്ചുഗൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെഡ്രിയുടെ അസിസ്റ്റിൽ മികെൽ ഓയർസാബൽ സ്പെയിനിന് വീണ്ടും ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ 61-ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും സമനില പിടിച്ചു.

ഇതോടെ മത്സരം ആവേശകരമായി. ഇരു ടീമുകൾക്കും കളി സ്വന്തമാക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അധിക സമയത്തും സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ പോർച്ചുഗൽ തങ്ങളുടെ ആത്മവിശ്വാസം നിലനിർത്തി. ഗോൺസാലോ റാമോസ്, വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ്, റൂബൻ നെവെസ് എന്നിവരെല്ലാം തങ്ങളുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. അൽവാരോ മൊറാറ്റയുടെ കിക്ക് പാഴായത് സ്പെയിന് തിരിച്ചടിയായി, അതേസമയം ഇസ്കോ, മെറിനോ, ബയേന എന്നിവർക്ക് ഗോൾ നേടാൻ കഴിഞ്ഞു.


നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പരിക്ക് കരണം കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ, പോർച്ചുഗലിന്റെ രണ്ടാം നേഷൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയിൽ പ്രധാന പങ്ക് വഹിച്ചു. 2019 ന് ശേഷമുള്ള അവരുടെ ആദ്യ കിരീടമാണിത്.

റൊണാൾഡോ ഹീറോ! ജർമ്മനിയെ വീഴ്ത്തി പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ


മ്യൂണിക്കിൽ നടന്ന യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ ജർമ്മനിയെ 2-1 ന് തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ പ്രവേശിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയഗോളിലൂടെ ഒരിക്കൽക്കൂടി പോർച്ചുഗലിന് രക്ഷകനായി. 40 വയസ്സുകാരനായ റൊണാൾഡോയുടെ 68-ാം മിനിറ്റിലെ ഗോൾ അദ്ദേഹത്തിന്റെ 137-ാമത് അന്താരാഷ്ട്ര ഗോളായിരുന്നു. ജർമ്മനിക്കെതിരെ തുടർച്ചയായി അഞ്ച് തോൽവികൾ എന്ന തന്റെ ഏറ്റവും വലിയ തോൽവി പരമ്പരയ്ക്ക് ഇതോടെ റൊണാൾഡോ അന്ത്യം കുറിച്ചു.


മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിർട്സിലൂടെ ജർമ്മനി ലീഡ് നേടി. നായകൻ ജോഷ്വാ കിമ്മിച്ചുമായി നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ വിർട്സ് പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, പോർച്ചുഗൽ ശക്തമായി തിരിച്ചുവന്നു.

ഫ്രാൻസിസ്കോ കൺസെയ്‌സാവോയുടെ മികച്ച ഒറ്റയാൾ കുതിപ്പാണ് പോർച്ചുഗലിന് സമനില ഗോൾ സമ്മാനിച്ചത്. 35 മീറ്ററിലധികം ദൂരം സ്പ്രിന്റ് ചെയ്താണ് കൺസെയ്‌സാവോ ഈ മനോഹരമായ ഗോൾ നേടിയത്.


നേരത്തെ രണ്ട് മികച്ച അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ, നുനോ മെൻഡിസ് നൽകിയ ലോ ക്രോസ് റൊണാൾഡോയ്ക്ക് പിഴച്ചില്ല. വളരെ അനായാസം പന്ത് വലയിലെത്തിച്ച് അദ്ദേഹം പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു.

2019-ലെ പ്രഥമ നേഷൻസ് ലീഗ് ചാമ്പ്യൻമാരായ പോർച്ചുഗൽ, ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ അല്ലെങ്കിൽ ഫ്രാൻസിനെ നേരിടും.

അവസാന ദിനത്തിൽ പോർച്ചുഗീസ് ലീഗ് കിരീടം ഉറപ്പിച്ച് സ്പോർട്ടിംഗ്


ലിസ്ബൺ: ആവേശകരമായ സീസൺ അവസാന മത്സരത്തിൽ വിറ്റോറിയ ഗ്വിമാറെസിനെ 2-0 ന് തോൽപ്പിച്ച് സ്പോർട്ടിംഗ് ലിസ്ബൺ തങ്ങളുടെ പ്രൈമൈറ ലീഗ കിരീടം വിജയകരമായി നിലനിർത്തി. ബെൻഫിക്ക രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.


കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന 1-1 ൻ്റെ ടൈറ്റിൽ നിർണയിക്കുന്ന ഡെർബി സമനില ഇരു ലിസ്ബൺ വമ്പന്മാരെയും പോയിൻ്റ് പട്ടികയിൽ ഒപ്പത്തിനൊപ്പം എത്തിച്ചതോടെ അവസാന ദിനം വരെ കിരീടപ്പോരാട്ടം ആവേശകരമായിരുന്നു. സ്പോർട്ടിംഗിൻ്റെ ഫലത്തേക്കാൾ മികച്ച പ്രകടനം ബെൻഫിക്കയ്ക്ക് കാഴ്ചവെക്കേണ്ടിയിരുന്നു. എന്നാൽ ബ്രാഗയിൽ നടന്ന എവേ മത്സരത്തിൽ അവർക്ക് 1-1 ൻ്റെ സമനില നേടാനേ കഴിഞ്ഞുള്ളൂ. മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡ് ഉണ്ടായിരുന്ന സ്പോർട്ടിംഗിന് ഇത് മുൻതൂക്കവും കിരീടവും സമ്മാനിച്ചു.


റൂയി ബോർഗസിൻ്റെ ടീമിനായി രണ്ടാം പകുതിയിൽ പെഡ്രോ ഗോൺസാൽവസ് ആദ്യ ഗോൾ നേടിയപ്പോൾ, വിക്ടർ ഗ്യോക്കെറസ് തൻ്റെ ഗംഭീര സീസണിലെ 39-ാം ലീഗ് ഗോൾ നേടി കിരീടം ഉറപ്പിച്ചു. ഇത് സ്പോർട്ടിംഗിൻ്റെ 21-ാം പോർച്ചുഗീസ് ലീഗ് കിരീടമാണ്.


ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ആദ്യമായി പോർച്ചുഗൽ ദേശീയ ടീമിൽ, അണ്ടർ 15നായി കളിക്കും


ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ദേശീയ ടീമിൽ. യുവതാരത്തിന് ആദ്യ വിളിയെത്തി. വരാനിരിക്കുന്ന വ്ലാട്‌കോ മാർക്കോവിച്ച് ഇന്റർനാഷണൽ ടൂർണമെന്റിൽ താരം രാജ്യത്തെ പ്രതിനിധീകരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് ടീമുകളുമായി ഏറ്റുമുട്ടും.


14 വയസ്സുള്ള ഈ മുന്നേറ്റനിര താരം നിലവിൽ സൗദി അറേബ്യയിലെ അൽ നസർ അണ്ടർ 15 ടീമിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ വർഷം അൽ നസർ യൂത്ത് ടീമിനായി 27 മത്സരങ്ങളിൽ നിന്ന് അവിശ്വസനീയമായ 57 ഗോളുകൾ നേടിയിരുന്നു. ഇപ്പോഴും തകർപ്പൻ ഫോമിലാണ് താരം.


അന്താരാഷ്ട്ര തലത്തിൽ ഇതിഹാസ താരമായ പിതാവിൻ്റെ പാത പിന്തുടരാൻ ഒരുങ്ങുന്ന താരത്തിൻ്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലാണിത്.

ത്രില്ലർ ജയിച്ച് പോർച്ചുഗൽ നേഷൻസ് ലീഗ് സെമിഫൈനലിലേക്ക് കടന്നു

എക്സ്ട്രാ ടൈം വരെ നീണ്ട്ക്ക് മത്സരത്തിൽ ഡെൻമാർക്കിനെതിരെ 5-2ന്റെ ആവേശകരമായ വിജയത്തിന് ശേഷം പോർച്ചുഗൽ നേഷൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു, 5-3 എന്ന അഗ്രഗേറ്റ് വിജയമാണ് അവർ ഉറപ്പിച്ചത്. ഫ്രാൻസിസ്കോ ട്രിൻസാവോ രണ്ട് ഗോളുകൾ നേടി, തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും വല കണ്ടെത്തി.

ആദ്യ പാദത്തിൽ 1-0 ന് മുന്നിലായിരുന്നു ഡെൻമാർക്ക്, ഇന്ന് ബോക്സിൽ പാട്രിക് ഡോർഗു റൊണാൾഡോയെ ഫൗൾ ചെയ്തതോടെ തുടക്കത്തിൽ തന്നെ പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു. എന്നിരുന്നാലും, കാസ്പർ ഷ്മൈച്ചൽ റൊണാൾഡോയുടെ പെനാൽറ്റി രക്ഷപ്പെടുത്തി.

38-ാം മിനിറ്റിൽ ജോക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിലൂടെ പോർച്ചുഗൽ ലീഡ് നേടി, പക്ഷേ 56-ാം മിനിറ്റിൽ റാസ്മസ് ക്രിസ്റ്റെൻസണിലൂടെ ഡെൻമാർക്ക് തിരിച്ചടിച്ചു.

റൊണാൾഡോ 72ആം മിനുറ്റിൽ പോർച്ചുഗലിന്റെ ലീഡ് പുനഃസ്ഥാപിച്ചു, 76-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ ഡെൻമാർക്കിന് വീണ്ടും ഗോൾ നേടി‌ സ്കോർ 2-2 എന്നാക്കി. അഗ്രിഗേറ്റിൽ ഡെന്മാർക്ക് അപ്പോൾ മുന്നിലായിരുന്നു. 86-ാം മിനിറ്റിൽ ട്രിൻസാവോയുടെ ഗോൾ അഗ്രിഗേറ്റ് സ്കോർ 3-3 എന്നാക്കി. കളി തുടർന്ന് എക്സ്ട്രാ ടൈമിലേക്ക്.

91-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി ട്രിങ്കാവോ പോർച്ചുഗലിന് നിയന്ത്രണം നൽകി. പകരക്കാരനായി ഇറങ്ങിയ ഗൊൺസാലോ റാമോസ് പോർച്ചുഗലിന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

ജർമ്മനിക്കെതിരായാലും പോർച്ചുഗലിന്റെ സെമിഫൈനൽ പോരാട്ടം. ജർമ്മനി ഇറ്റലിയെ അഗ്രഗേറ്റിൽ 5-4 ന് പരാജയപ്പെടുത്തി.

നേഷൻസ് ലീഗ്; പോർച്ചുഗലിനെ തോൽപ്പിച്ച് റൊണാൾഡോക്ക് മുന്നിൽ SIU അടിച്ച് ഡെന്മാർക്ക്

നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ പകരക്കാരനായ റാസ്മസ് ഹൊയ്ലുണ്ടിന്റെ വൈകിയ ഗോളിൽ ഡെന്മാർക്ക് പോർച്ചുഗലിനെതിരെ 1-0 ന് നിർണായക വിജയം ഉറപ്പിച്ചു. 69-ാം മിനിറ്റിൽ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ 78-ാം മിനിറ്റിൽ ആൻഡ്രിയാസ് സ്‌കോവ് ഓൾസൻ്റെ ഗോളിൽ സ്‌കോർ ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും ഡെന്മാർക്കിൻ്റെ അച്ചടക്കമുള്ള പ്രതിരോധം തകർക്കാൻ കിണഞ്ഞു പരിശ്രമിച്ച പോർച്ചുഗലിന് ആയില്ല. രണ്ടാം പാദം ഇനിയും വരാനിരിക്കെ, പോർച്ചുഗലിന് സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനം തന്നെ വേണ്ടിവരും. ഇന്ന് ഗോൾ നേടിയ ഹൊയ്ലുണ്ട് റൊണാൾഡോയുടെ SIU സെലിബ്രേഷൻ നടത്തിയാണ് ഗോൾ ആഘോഷിച്ചത്.

പോർച്ചുഗൽ സ്ക്വാഡ് പ്രഖ്യാപിച്ചു, റൊണാൾഡോ ടീമിൽ

പോർച്ചുഗൽ നാഷൺസ് ലീഗ് ക്വാർട്ടർ ഫൈനലിന് ആയുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു മാർച്ച് ഇൻറർനാഷണൽ ബ്രേക്കിൽ രണ്ടു പാദങ്ങളിൽ ആയാണ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡാലോട്ട്, മഞ്ചസ്റ്റർ സിറ്റി താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരും സ്ക്വാഡിൽ ഉണ്ട്.

പെട്രോ നെറ്റോ, ഫെലിക്സ്, ലിയാവോ, റൂബൻ നവസ്, ഡിയോഗ് ജോട്ടാ തുടങ്ങി വലിയ താരനിര തന്നെ പോർച്ചുഗൽ ടീമിൽ ഉണ്ട്. അവർ അവരുടെ രണ്ടാം നാഷണൽ കിരീടം ആകും ഇത്തവണ ലക്ഷമിടുന്നത്.

സ്ക്വാഡ്:

ബൈസൈക്കിൾ കിക്ക് ഉൾപ്പെടെ 2 ഗോളുകളുമായി റൊണാൾഡോ!! പോർച്ചുഗലിന് വൻ വിജയം

പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗോയിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ 5-1 ന് പരാജയപ്പെടുത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർ ആയി. രണ്ട് തവണ സ്‌കോർ ചെയ്യുകയും ഒരു തവണ അസിസ്‌റ്റ് ചെയ്യുകയും ചെയ്‌ത റൊണാൾഡോ പോർച്ചുഗലിനെ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് നയിച്ചു.

ന്യൂനോ മെൻഡിസുമായി ചേർന്ന് നടത്തിയ നീക്കത്തിനു ശേഷം ഒരു ക്ലിനിക്കൽ ഹെഡറിലൂടെ റാഫേൽ ലിയോ പോർച്ചുഗലിന്റെ സ്കോറിംഗ് ആരംഭിച്ചു. ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരും ഒരു പെനാൾട്ടിയിലൂടെ റൊണാൾഡോയും ലീഡ് ഉയർത്തി.

87-ാം മിനിറ്റിൽ ഒരു ഓവർഹെഡ് കിക്കിലൂടെ റൊണാൾഡോ ടീമിന്റെ ജയം ഉറപ്പിച്ചു. പോളണ്ടിൻ്റെ ഡൊമിനിക് മാർക്‌സുക്ക് ആണ് ആശ്വാസ ഗോൾ നേടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ 900-ാം ഗോൾ നേടി, പോർച്ചുഗൽ നേഷൻസ് ലീഗ് ഓപ്പണറിൽ ക്രൊയേഷ്യയെ തോൽപ്പിച്ചു

നേഷൻസ് ലീഗ് ഗ്രൂപ്പ് എ ഓപ്പണറിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗൽ 2-1 ന് വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ 900-ാം പ്രൊഫഷണൽ ഗോൾ നേടി മറ്റൊരു ചരിത്ര നാഴികക്കല്ലിലും ഈ മത്സരത്തോടെ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ പോർച്ചുഗൽ ആധിപത്യം സ്ഥാപിച്ചു, ഏഴാം മിനിറ്റിൽ ഡിയോഗോ ദലോട്ട് സ്‌കോറിങ്ങിന് തുടക്കമിട്ടു.

34-ാം മിനിറ്റിൽ റൊണാൾഡോ തൻ്റെ കരിയറിലെ നാഴികക്കല്ലായ 900-ാം ഗോൾ നേടി, ഫുട്‌ബോളിൻ്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെന്ന തൻ്റെ പേര് കൂടുതൽ ഉറപ്പിച്ചു. 41-ാം മിനിറ്റിൽ ദലോട്ട് നിർഭാഗ്യവശാൽ പന്ത് സ്വന്തം വലയിലേക്ക് എത്തിച്ചതോടെ ക്രൊയേഷ്യ പകുതി സമയത്തിന് തൊട്ടുമുമ്പ് ഒരു ഗോൾ മടക്കി.

സെൽഫ് ഗോൾ വന്നിട്ടും പതറാതെ, നിർണായകമായ മൂന്ന് പോയിൻ്റുകൾ ഉറപ്പിക്കാൻ പോർച്ചുഗലിന് ആയി.

Exit mobile version