ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ; പൊരുതി കീഴടങ്ങി കൊണ്ട് ഇന്ത്യൻ വനിതകൾക്ക് അരങ്ങേറ്റം

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പൊരുതി കീഴടങ്ങി കൊണ്ട് ഇന്ത്യൻ വനിതകൾ. ചൈനീസ് തായ്പെയ്ക്കെതിരെ ആദ്യം ലീഡ് എടുക്കാൻ സാധിച്ചെങ്കിലും അവസാന നിമിഷം ടീം തോൽവി വഴങ്ങുകയായിരുന്നു. അഞ്ജു തമങ് ഇന്ത്യക്ക് വേണ്ടി വല കുലുക്കിയപ്പോൾ ചിൻ ലായും യു-ഹ്സാൻ സുവും തായ്പെയ്ക്ക് വേണ്ടി മറുപടി ഗോളുകൾ കണ്ടെത്തി. തായ്‌ലന്റിനെയാണ് അടുത്ത മത്സരത്തിൽ ഇന്ത്യക്ക് നേരിടാൻ ഉള്ളത്.

റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ടീമിനെതിരെ ഇന്ത്യ ആക്രമണങ്ങൾ നടത്താൻ മടിച്ചില്ല. എന്നാൽ തുടക്കത്തിലെ ശ്രമങ്ങൾക്ക് ശേഷം പലപ്പൊഴും ഇന്ത്യ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു. 26ആം മിനിറ്റിൽ ഇന്ദുമതിയുടെ പാസിൽ നിന്നും ബാലയുടെ ഷോട്ട് കീപ്പർ കൈക്കലാക്കി. തിരിച്ച് ലാൻ യുവിന്റെ ശ്രമം ഇന്ത്യൻ കീപ്പറും തടഞ്ഞു. ബാലയുടെ മറ്റൊരു ഷോട്ട് പോസ്റ്റിൽ കൊണ്ട് മടങ്ങിയപ്പോൾ അഞ്ജു വീണ്ടും ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച ഉടനെ ഇന്ത്യ വല കുലുക്കി. സൂപ്പർ താരം മനീഷ കല്യാണിന്റെ തകർപ്പൻ ഒരു ഷോട്ട് എതിർ പ്രതിരോധം തടഞ്ഞപ്പോൾ വീണു കിട്ടിയ അവസരം അഞ്ജു തമങ് മുതലെടുക്കുകയായിരുന്നു. മനീഷ ചെറുതല്ലാത്ത തലവേദനയാണ് മത്സരത്തിൽ ഉടനീളം തായ്പെയ് പ്രതിരോധത്തിന് നല്കിയത്. 69ആം മിനിറ്റിൽ ലായ് ചിൻ-ലായുടെ ലോങ് റേഞ്ചറിലൂടെ തായ്പെയ് സമനില ഗോൾ കണ്ടെത്തി. ഒടുവിൽ 84ആം മിനിറ്റിൽ തായ്പെയ് വിജയ ഗോളും കണ്ടെത്തി. യു-ഹ്സാൻ സു ആണ് ഇത്തവണ വല കുലുക്കിയത്. ,

സാഫ് അണ്ടർ 19 ഫുട്ബോൾ; ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയത്തോടെ ഇന്ത്യക്ക് തുടക്കം

അണ്ടർ 19 സാഫ് ടൂർണമെന്റിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ. കാഠ്മണ്ഡുവിൽ വെച്ചു നടന്ന മത്സരത്തിൽ ഗോയാരി, നവോബ മേയ്തെയ്, അർജുൻ ഓയ്നാം എന്നിവരാണ് വല കുലുക്കിയത്. ഗ്രൂപ് ബിയിൽ ഇന്ത്യയുടെ ആദ്യ മത്സരം ആയിരുന്നു ഇത്. ഭൂട്ടാൻ ആണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ജയത്തോടെ ടൂർണമെന്റ് ആരംഭിച്ചത് ടീമിന് വലിയ ആത്മവിശ്വാസം നൽകും.

ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ എതിർ വല കുലുക്കുന്നത് കണ്ടാണ് മത്സരം ഉണർന്നത്. വലത് വിങ്ങിൽ നിന്നും എത്തിയ ക്രോസ് ബോക്സിനുള്ളിൽ നിന്നും ഗോയാരി വലയിലേക്ക് എത്തിക്കുകയായിരുന്നു. പിറകെ തുടർച്ചയായ അക്രമങ്ങൾ കോർത്തെടുക്കാനും ടീമിനായി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് രണ്ടാം ഗോളും ഇന്ത്യ കണ്ടെത്തി. ത്രൂ ബോൾ ക്ലിയർ ചെയ്യുന്നതിൽ ബംഗ്ലാദേശ് പ്രതിരോധ താരത്തിന് പിഴവ് പറ്റിയപ്പോൾ, നവോബ കൃത്യമായി ഇടപെട്ട് മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ കണ്ടെത്താൻ വിഷമിച്ചു. ഒടുവിൽ 89ആം മിനിറ്റിൽ ഇന്ത്യ മത്സരത്തിലെ മൂന്നാം ഗോൾ കണ്ടെത്തുകയായിരുന്നു. ബോക്സിലേക്ക് മികച്ചൊരു നീക്കം നടത്തി ഇഷാൻ നൽകിയ പാസിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന അർജുൻ ഓയ്നാം ആണ് വല കുലുക്കിയത്.

യൂറോ യോഗ്യത അപകടത്തിൽ; ഫെർണാണ്ടോ സാന്റോസ് പോളണ്ട് ടീമിൽ നിന്നും പുറത്തേക്ക്

യൂറോ കപ്പ് ക്വാളിഫയർ റൗണ്ടിലെ മോശം പ്രകടനത്തിന് പിറകെ ഫെർണാണ്ടോ സാന്റോസ് പോളണ്ട് ടീമിൽ നിന്നും പുറത്തേക്ക്. ചുമതല ഏറ്റെടുത്ത് വെറും ഒൻപത് മാസങ്ങൾക്കുള്ളിൽ തന്നെ പോർച്ചുഗീസുകാരനായ കോച്ചിനെ മാറ്റാനുള്ള തീരുമാനം പോളണ്ട് കൈക്കൊണ്ടെന്ന് ഫാബ്രിസിയോ റൊമാനോയും പോളിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അവസാന മത്സരത്തിൽ അൽബെനിയയുമായുള്ള തോൽവിയാണ് കടുത്ത നടപടി സ്വീകരിക്കാൻ ടീമിനെ പ്രേരിപ്പിച്ചത്. നേരത്തെ പോർച്ചുഗൽ കോച്ച് ആയിരുന്ന സാന്റോസ്, ലോകകപ്പിന് ശേഷം ജനുവരിയിലാണ് പോളണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്.

യൂറോ ക്വാളിഫയറിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ ഉൾപ്പെട്ട പോളണ്ടിന് പക്ഷെ ആദ്യ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ വെറും രണ്ടു ജയങ്ങൾ മാത്രമാണ് സമ്പാദ്യം. മൂന്ന് തോൽവിയും ഏറ്റു വാങ്ങിയ ടീം നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങൾ കൂടി ശേഷിക്കേ ഇനിയും കാത്തിരിക്കാൻ പോളണ്ട് ടീം ശ്രമിക്കില്ലെന്ന് വ്യക്തം. മോൾഡോവ, അൽബെനിയ തുടങ്ങിയവരോടേറ്റ തോൽവി ആണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. പുതിയ കോച്ച് ആരായിരിക്കും എന്ന സൂചനകൾ ഇല്ല. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ടീമിന്റെ തുടർന്നുള്ള മത്സരങ്ങൾ. സാന്റോസിന് കീഴിൽ ആകെ ആറു മത്സരങ്ങൾ പോളണ്ട് കളത്തിൽ ഇറങ്ങി.

രാജ്യത്തിനു ആയി ഇരട്ടഗോളുമായി ഏർലിങ് ഹാളണ്ട്, വിജയം കണ്ടു നോർവെ

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ സൈപ്രസിനെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു നോർവെ. കഴിഞ്ഞ കളിയിൽ സ്‌കോട്ട്‌ലൻഡിന് എതിരെ പരാജയപ്പെട്ട അവർ ഇത് നല്ല തിരിച്ചു വരവ് ആയി. ടീമിന് ആയി ഇരട്ടഗോളുകൾ നേടിയ ഏർലിങ് ഹാളണ്ട് ആണ് നോർവെക്ക് ജയം സമ്മാനിച്ചത്. 13 മത്തെ മിനിറ്റിൽ ഹാളണ്ടിന്റെ പാസിൽ നിന്നു ഓല സോബക്കൻ ആണ് നോർവെയുടെ ആദ്യ ഗോൾ നേടിയത്.

തുടർന്ന് 56 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ഹാളണ്ട് ഗോൾ ആക്കി മാറ്റി. തുടർന്ന് നാലു മിനിറ്റിനുള്ളിൽ മാർട്ടിൻ ഒഡഗാർഡിന്റെ ത്രൂ ബോളിൽ നിന്നു ഹാളണ്ട് തന്റെ രണ്ടാം ഗോളും കണ്ടത്തി. 93 മത്തെ മിനിറ്റിൽ കാസ്റ്റാനസ് ആണ് സൈപ്രസിന് ആശ്വാസ ഗോൾ സമ്മാനിച്ചത്. ഈ സീസണിൽ രാജ്യത്തിനും ക്ലബിനും ആയി 56 മത്തെ ഗോൾ നേടിയ ഹാളണ്ട് ഗോൾ വേട്ടയിൽ 54 ഗോളുകൾ ഈ സീസണിൽ നേടിയ കിലിയൻ എംബപ്പെയെ മറികടന്നു.

ഇന്റർ കോണ്ടിനെന്റൽ കപ്പ്; കിരീടം സ്വന്തമാക്കാൻ ഇന്ത്യയും ലെബനനും നേർക്കു നേർ

ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ കിരീടപ്പോരാട്ടത്തിൽ ലെബനനെ നേരിടാൻ ഇന്ത്യ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിന് ഞായറാഴ്ച്ച വൈകീട്ട് 7:30 ന് വിസിൽ മുഴങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കടുത്ത പോരാട്ടമാണ് ഫൈനലിൽ പ്രതീക്ഷിക്കാവുന്നത്. ഗ്രൂപ്പിൽ രണ്ടു വിജയം അടക്കം ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് ഇടം പിടിച്ചതെങ്കിൽ ലെബനൻ രണ്ടാം സ്‌ഥാനത്തായിരുന്നു.

മുൻപ് ക്ലബ്ബ് കാലഘട്ടത്തിൽ സഹതാരങ്ങൾ ആയിരുന്നു ഇരു ടീമിന്റെ കോച്ചുമാരും എന്നതാണ് മത്സരത്തിന്റെ ഒരു പ്രത്യേകത. ഐഗോർ സ്റ്റിമാക്കിന്റെ ടീം സെലെക്ഷൻ മത്സരത്തിൽ നിർണായകമാവും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ നിരവധി താരങ്ങളെ മാറി മാറി പരീക്ഷിച്ച കോച്ച്, തന്റെ ഏറ്റവും മികച്ച ഇലവനെ തന്നെ ഫൈനലിലേക്ക് കണ്ടെത്തിയിട്ടുണ്ടാവും. ലെബനനെതിരെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ വിജയം തന്നെ നേടാനുള്ള അവസരം ഉണ്ടായിരുന്നത് കളഞ്ഞു കുളിച്ചത് കോച്ചിനെ ചിന്തിപ്പിക്കും. മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും തങ്ങൾ മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്ന് കോച്ച് അവകാശപ്പെട്ടു. ലെബനന്റെ കായിക കരുത്തിനെ നേരിടാൻ തങ്ങൾ സജ്ജരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഛേത്രി അടക്കം ഗോൾ നേടിക്കൊണ്ട് ടൂർണമെന്റിൽ ഫോമിലാണെന്ന് തെളിയിച്ചത് ടീമിന് ആശ്വാസമാണ്. ലെബനനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയ അനിരുദ്ധ് ഥാപ്പയുടെ സാന്നിധ്യം നിർണായകം ആവും. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും കളിച്ച സന്ദേഷ് ജിങ്കനിലും കോച്ച് വലിയ വിശ്വാസം അർപ്പിക്കുന്നുണ്ട്. പോസ്റ്റിന് കീഴിൽ ഗുർപ്രീതും മടങ്ങിയെത്തും.

ടൂർണമെന്റിലെ ടീമുകളിൽ ഏറ്റവും ഉയർന്ന ഫിഫ റാങ്കിങ് ഉള്ള രാജ്യമാണ് ലെബനൻ, 99. ഇതുവരെ മുഖാമുഖം വന്ന ഏഴു മത്സരങ്ങളിൽ ഒരേയൊരു തവണയാണ് ഇന്ത്യക്ക് ലെബനനെ കീഴടക്കാൻ സാധിച്ചത്‌. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇന്ത്യ തിരുത്താൻ കുറിക്കുന്നതും ഈ ചരിത്രമാണ്. ടൂർണമെന്റിന്റെ മൂന്നാം എഡിഷനിൽ ഒരിടവേളക്ക് ശേഷം വീണ്ടും കിരീടം സ്വന്തം ഷെൽഫിൽ എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്കേറ്റ ഇഷാൻ പണ്ഡിത ഇറങ്ങുമോ എന്നുറപ്പില്ല. ആഷിഖ് കുരുണിയനും ചെറിയ പരിക്ക് ഉള്ളതായി കോച്ച് വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു. ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല.

62 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇറ്റലി ഓസ്ട്രിയയോട് പരാജയപ്പെട്ടു

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയോട് പരാജയപ്പെട്ടു. 62 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇറ്റലി ഓസ്ട്രിയയോട് ഒരു ഫുട്‌ബോൾ മത്സരം തോൽക്കുന്നത്. ലോകകപ്പ് യോഗ്യത നേടാൻ ആവാത്ത യൂറോപ്യൻ ചാമ്പ്യന്മാരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഓസ്ട്രിയ തോൽപ്പിച്ചത്.

പന്ത് കൈവശം വച്ചതിൽ ഇറ്റലി ആധിപത്യം ഉണ്ടായി എങ്കിലും ഗോളുകൾ ഓസ്ട്രിയ ആണ് നേടിയത്. മത്സരത്തിൽ എട്ടാം മിനിറ്റിൽ മാർകോ അർണോട്ടോവിച്ചിന്റെ പാസിൽ നിന്നു സാവർ ശാഗർ ഓസ്ട്രിയക്ക് മുൻതൂക്കം നൽകിയപ്പോൾ 36 മത്തെ മിനിറ്റിൽ തന്റെ അതുഗ്രൻ ഫ്രീകിക്കിലൂടെ ഡേവിഡ് അലാബ ഓസ്ട്രിയ ജയം പൂർത്തിയാക്കുക ആയിരുന്നു.

റൊണാൾഡോ ഇല്ലെങ്കിലും നൈജീരിയക്ക് എതിരെ വമ്പൻ ജയം കുറിച്ചു പോർച്ചുഗൽ ലോകകപ്പിലേക്ക്

ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ നൈജീരിയക്ക് എതിരെ വമ്പൻ ജയം കുറിച്ചു പോർച്ചുഗൽ. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് അവർ നൈജീരിയയെ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ മത്സരത്തിൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഡീഗോ ഡാലോട്ടിന്റെ പാസിൽ നിന്നു സഹ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ആണ് അവരുടെ ഗോൾ നേടിയത്. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 35 മത്തെ മിനിറിൽ ലക്ഷ്യം കണ്ട ബ്രൂണോ പോർച്ചുഗലിന് രണ്ടാം ഗോളും സമ്മാനിച്ചു.

രണ്ടാം പകുതിയിൽ സമനിലക്ക് ആയി നൈജീരിയ പൊരുതി കളിച്ചു. 81 മത്തെ മിനിറ്റിൽ സാമുവലിനെ ഡാലോട്ട് വീഴ്ത്തിയപ്പോൾ നൈജീരിയക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഇമ്മാനുവൽ ഡെന്നിസിന്റെ പെനാൽട്ടി റൂയി പെട്രീഷ്യ രക്ഷിച്ചു. രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ മൂന്നാം ഗോൾ കണ്ടത്തി. റാഫേൽ ഗുയയരെയുടെ പാസിൽ നിന്നു അരങ്ങേറ്റത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ആണ് അവർക്ക് ആയി ഗോൾ നേടിയത്. മൂന്നാം ഗോൾ നേടി രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ നാലാം ഗോളും നേടി. ഇത്തവണ റാമോസിന്റെ ബാക് ഹീൽ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജാവോ മരിയോ പോർച്ചുഗീസ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ഗോൾ അടിക്കാൻ പിള്ളേരുണ്ട്,ലോകകപ്പിന് മുമ്പ് ജോർദാനെ തകർത്തു സ്‌പെയിൻ

ലോകകപ്പിന് മുമ്പുള്ള സൗഹൃദമത്സരത്തിൽ ജോർദാനെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് തകർത്തു സ്‌പെയിൻ. ഗോൾ അടിക്കാൻ ടീമിൽ ആളില്ല എന്ന പരാതിക്ക് യുവതാരങ്ങൾ മറുപടി നൽകുന്നത് എന്നാണ് ഇന്ന് കാണാൻ ആയത്. വലിയ സ്പാനിഷ് ആധിപത്യം കണ്ട മത്സരത്തിൽ 13 മത്തെ മിനിറ്റിൽ മാർകോ അസൻസിയുടെ പാസിൽ നിന്നു ഇരുപതുകാരനായ അൻസു ഫാതി സ്‌പെയിനിന് മുൻതൂക്കം നൽകി.

തുടർന്ന് രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ 18 വയസ്സുകാരൻ ഗാവി സ്‌പെയിനിന് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് 84 മത്തെ മിനിറ്റിൽ യെറമി പിനോയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ 20 കാരൻ നികോ വില്യംസ് സ്പാനിഷ് ഗോൾ വേട്ട പൂർത്തിയാക്കി. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ഹംസ അൽ ദർദോർ ജോർദാനു ആശ്വാസഗോൾ സമ്മാനിക്കുക. ലോകകപ്പിന് ഇറങ്ങുമ്പോൾ ഗോൾ നേടാൻ യുവതാരങ്ങളുടെ ബൂട്ടിൽ ആവും സ്‌പെയിൻ പ്രതീക്ഷ വക്കുക.

അബുദാബിയിൽ ആരാധകർക്ക് വിരുന്നൊരുക്കി അർജന്റീന,ലോകകപ്പിന് മുമ്പ് വമ്പൻ ജയവുമായി മെസ്സിയും സംഘവും

ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ വമ്പൻ ജയം കുറിച്ച് അർജന്റീന. അബുദാബിയിൽ മെസ്സിയെയും സംഘത്തെയും കാണാൻ എത്തിയ മലയാളികൾ അടക്കമുള്ള വലിയ ആരാധകർക്ക് മുന്നിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ വമ്പൻ ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് യു.എ.ഇയുടെ ഒരു ശ്രമം പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഒഴിച്ചാൽ അർജന്റീനക്ക് വലിയ ബുദ്ധിമുട്ട് ഒന്നും നേരിട്ടില്ല. വളരെ ശക്തമായ നിരയും ആയാണ് അർജന്റീന കളിക്കാൻ ഇറങ്ങിയത്.

മത്സരത്തിൽ 17 മത്തെ മിനിറ്റിൽ തന്നെ അർജന്റീന മത്സരത്തിൽ മുന്നിലെത്തി. ഡി മരിയ നൽകിയ പന്തിൽ സ്വയം ഗോൾ അടിക്കാനുള്ള അവസരം ഉണ്ടായിട്ടും മെസ്സി പക്ഷെ ജൂലിയൻ അൽവാരസിന് അത് മറിച്ചു നൽകി. അനായാസം ലക്ഷ്യം കണ്ട മാഞ്ചസ്റ്റർ സിറ്റി താരം അർജന്റീനക്ക് മുൻതൂക്കം സമ്മാനിച്ചു. 25 മത്തെ മിനിറ്റിൽ ഡി മരിയ മാജിക് ആണ് കാണാൻ ആയത്. മാർകോസ് അക്യുനയുടെ പാസിൽ നിന്നു ഉഗ്രൻ വോളിയിലൂടെ ഡി മരിയ അർജന്റീനക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 36 മത്തെ മിനിറ്റിൽ ഡി മരിയ തന്റെ രണ്ടാം ഗോളും മത്സരത്തിൽ കണ്ടത്തി. അലക്സിസ് മക് അലിസ്റ്ററിന്റെ പാസിൽ നിന്നു രണ്ടു പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പറെയും ഡ്രിബിൾ ചെയ്തു ഡി മരിയ നേടിയ ഈ ഗോളും ക്ലാസ് ആയിരുന്നു.

ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് ലയണൽ മെസ്സി അർജന്റീനക്ക് നാലാം ഗോൾ നേടി നൽകി. ഡി മരിയയുടെ പാസിൽ നിന്നു എതിർ പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്തു കയറിയ മെസ്സി വലത് കാലൻ അടിയിലൂടെ തന്റെ ഗോൾ കണ്ടത്തി. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ഡി പോളിന്റെ മികച്ച പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ ജോക്വിൻ കൊറയ അർജന്റീനയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. തുടർന്ന് അവസരങ്ങൾ കണ്ടത്തിയെങ്കിലും അർജന്റീന കൂടുതൽ ഗോളുകൾ നേടിയിട്ടില്ല. 22 നു ഖത്തറിൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ നേരിടുന്ന അർജന്റീനക്ക് ഈ ജയം ആത്മവിശ്വാസം പകരും എന്നുറപ്പാണ്. പരാജയം അറിയാതെയുള്ള അർജന്റീനയുടെ 36 മത്തെ മത്സരം ആണ് ഇത്.

90 ഗോളുകൾ! അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായി ലയണൽ മെസ്സി

അന്താരാഷ്ട്ര കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായി അർജന്റീനയുടെ ലയണൽ മെസ്സി. ജമൈക്കക്ക് എതിരെ പകരക്കാരനായി ഇരട്ടഗോളുകൾ നേടിയ മെസ്സി ഇതോടെ അന്താരാഷ്ട്ര കരിയറിൽ 90 ഗോളുകൾ നേടി. ഇതോടെ അന്താരാഷ്ട്ര കരിയറിൽ 89 ഗോളുകൾ നേടിയ മലേഷ്യൻ താരം മുഖ്താർ ദാഹരിയുടെ റെക്കോർഡ് മെസ്സി മറികടന്നു.

മികച്ച ഒരു ഫ്രീകിക്കിലൂടെയാണ് മെസ്സി തന്റെ 90 മത്തെ ഗോൾ കണ്ടത്തിയത്. കഴിഞ്ഞ മത്സരത്തിലും ഇരട്ടഗോളുകൾ നേടിയ മെസ്സി ഇത്തവണയും ഇരട്ടഗോളുകൾ കണ്ടത്തി. നിലവിൽ അന്താരാഷ്ട്ര കരിയറിൽ 117 ഗോളുകൾ നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദെയി എന്നിവർ മാത്രം ആണ് മെസ്സിക്ക് മുന്നിലുള്ളവർ. 2005 ൽ അരങ്ങേറ്റം കുറിച്ച മെസ്സി 164 മത്സരങ്ങളിൽ നിന്നാണ് 90 ഗോളുകൾ നേടിയത്. അർജന്റീന ദേശീയ ടീമിന് ഒപ്പം മെസ്സിയുടെ നൂറാം ജയം കൂടിയാണ് ഈ ജയം.

പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകളുമായി ലയണൽ മെസ്സി ഷോ, അപരാജിതരായി അർജന്റീന ഖത്തറിലേക്ക്

തുടർച്ചയായ 35 മത്സരങ്ങളിൽ പരാജയം അറിയാതെ അർജന്റീന ഖത്തർ ലോകകപ്പിലേക്ക്. ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദമത്സരത്തിൽ ജമൈക്കയെ അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുകൾ നേടിയ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അർജന്റീനക്ക് വലിയ ജയം സമ്മാനിച്ചത്. ചെറിയ അസുഖം കാരണം മെസ്സിയെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തി ആണ് അർജന്റീന തുടങ്ങിയത്. മത്സരത്തിൽ വലിയ ആധിപത്യം അർജന്റീനക്ക് ആയിരുന്നു. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ അർജന്റീന മുന്നിലെത്തി. ലൗറ്റോര മാർട്ടിനസിന്റെ മികച്ച നീക്കത്തിന് ശേഷം താരത്തിന്റെ പാസിൽ നിന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസ് ആണ് അർജന്റീനക്ക് ആയി ഗോൾ നേടിയത്.

തുടർന്ന് അർജന്റീന നീക്കങ്ങൾ ജമൈക്ക നന്നായി പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ മെസ്സി പകരക്കാരനായി എത്തി. അവസാന മിനിറ്റുകളിൽ മെസ്സി മാജിക് ആണ് കാണാൻ ആയത്. 86 മത്തെ മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് വളരെ മികച്ച ഒരു ഷോട്ടിലൂടെ മെസ്സി അർജന്റീനയുടെ രണ്ടാം ഗോൾ കണ്ടത്തി. തുടർന്ന് മൂന്നു മിനിറ്റിനു ശേഷം ലഭിച്ച ഫ്രീകിക്ക് മികച്ച ഫ്രീകിക്കിലൂടെ ഗോൾ ആക്കി മാറ്റിയ മെസ്സി അർജന്റീനയുടെ വലിയ ജയം ഉറപ്പിച്ചു. കരിയറിൽ മെസ്സിയുടെ 90 മത്തെ ഗോൾ ആയിരുന്നു ഇത്. ഇതോടെ അന്താരാഷ്ട്ര കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും ലയണൽ മെസ്സി മാറി. ഖത്തർ ലോകകപ്പിൽ പൊരുതാൻ ഉറച്ചു തന്നെയാവും മെസ്സിക്ക് കീഴിൽ അർജന്റീന എത്തുക എന്ന സൂചനയാണ് ഈ മത്സരങ്ങൾ നൽകുന്നത്.

മുന്നിൽ നിന്നു നയിച്ചു ലയണൽ മെസ്സി, അപരാജിത കുതിപ്പ് തുടർന്ന് അർജന്റീന

തുടർച്ചയായ 34 മത്തെ മത്സരത്തിലും പരാജയം അറിയാതെ അർജന്റീനൻ കുതിപ്പ്. സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അർജന്റീന തോൽപ്പിച്ചത്. അമേരിക്കയിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ ആധിപത്യം ആണ് കാണാൻ ആയത്. മെസ്സി നൽകിയ പാസ് 16 മത്തെ മിനിറ്റിൽ പാപ ഗോമസ് ലൗടാരോ മാർട്ടിനസിന് മറിച്ചു നൽകിയപ്പോൾ താരം അനായാസം പന്ത് വലയിൽ എത്തിച്ചു.

ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെ സെൽസോയെ വീഴ്ത്തിയതിനു റഫറി പെനാൽട്ടി അനുവദിച്ചു. തുടർന്ന് പെനാൽട്ടി ക്യാപ്റ്റൻ ലയണൽ മെസ്സി അനായാസം ലക്ഷ്യം കാണുക ആയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ 25 വാരം അകലെ നിന്നു ലഭിച്ച പന്ത് അതിസുന്ദരമായ ഒരു ചിപ്പിലൂടെ ഗോൾ ആക്കി മാറ്റിയ മെസ്സി തന്നെയാണ് അർജന്റീന ജയം പൂർത്തിയാക്കിയത്. ലോകകപ്പ് മുന്നിൽ കണ്ടു അമേരിക്കയിൽ തന്നെ നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ ജമൈക്ക ആണ് അർജന്റീനയുടെ എതിരാളി.

Exit mobile version