എജ്ജാതി തിരിച്ചുവരവ്, ബെൽജിയത്തിന്റെ സ്വപ്നങ്ങൾ തകർത്ത് ഫ്രാൻസ് ഫൈനലിൽ

യുവേഫ നാഷൺസ് ലീഗിൽ ഇന്ന് കണ്ടത് ഗംഭീര മത്സരമായിരുന്നു. സെമി ഫൈനലിൽ ബെൽജിയവും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയ മത്സരം ഫ്രാൻസ് വിജയിച്ചത് ഇഞ്ച്വറി ടൈമിൽ ആയിരുന്നു‌. അതും രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു കൊണ്ട്. ഇന്ന് ബെൽജിയം ഗംഭീരമായാണ് മത്സരം തുടങ്ങിയത്. 37ആം മിനുട്ടിൽ കരാസ്കോ ബെൽജിയത്തിന് ലീഡ് നൽകി. ഡി ബ്രുയിന്റെ പാസ് സ്വീകരിച്ച് കരാസ്കോ തൊടുത്ത ഷോട്ട് നിയർ പോസ്റ്റിലൂടെ വലയിൽ കയറുക ആയിരുന്നു. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം ലുകാകു ബെൽജിയത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ഗോളും ഒരുക്കിയത് ഡി ബ്രുയിൻ ആയിരുന്നു.

രണ്ടാം പകുതിയിൽ പൊരുതാൻ ഉറച്ച് ഇറങ്ങിയ ഫ്രാൻസ് 62ആം മിനുട്ടിൽ ബെൻസീമയിലൂടെ കളിയിലേക്ക് തിരികെ വന്നു. ഏഴു മിനുട്ടുകൾക്ക് അപ്പുറം കിട്ടിയ പെനാൾട്ടി എമ്പപ്പെ ലക്ഷ്യത്തിൽ എത്തിക്കുക കൂടെ ചെയ്തപ്പോൾ സ്കോർ 2-2. പിന്നീട് വിജയ ഗോളിനായുള്ള കാത്തിരിപ്പ്. അവസാനം കളി തീരുമാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ തിയീ ഹെർണാണ്ടസിലൂടെ ഫ്രാൻസിന്റെ വിജയ ഗോൾ.

ഇനി ഒക്ടോബർ പത്തിന് ഫൈനലിൽ ഫ്രാൻസ് സ്പെയിനെ നേരിടും.

ഇറ്റലിയുടെ കുതിപ്പിന് അവസാനം, അസൂറികളെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ

യുവേഫ നാഷൺസ് ലീഗിൽ സ്പെയിൻ ഫൈനലിൽ. ഇറ്റലിയുടെ 37 മത്സരങ്ങളുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ലൂയി എൻറികെയുടെ സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. രണ്ടു ഗോളുകളും ഒന്നിനൊന്ന് മനോഹരമായിരുന്നു എന്ന് പറയാം. ഇടതു വിങ്ങിൽ ഇറ്റലി ഡിഫൻസിനെ കീഴ്പ്പെടുത്തിയായിരുന്നു സ്പെയിനിന്റെ രണ്ടു ഗോളുകളും.

തുടക്കത്തിൽ 15ആം മിനുട്ടിൽ ഫെറാൻ ടോറസിന്റെ ഹെഡർ ആണ് സ്പെയിനിന് ലീഡ് നൽകിയത്. ഒയർസബാളിന്റെ ക്രോസിൽ നിന്നായിരുന്നു ഫെറൻ ടോറസിന്റെ ഗോൾ. മത്സരത്തിൽ തിരിച്ചു വരാൻ ഇറ്റലി ശ്രമിക്കുന്നതിനിടയിൽ അവരുടെ സെന്റർ ബാക്ക് ബൊണൂചി ചുവപ്പ് കണ്ട് പുറത്തായി. ഇത് അവർക്ക് ക്ഷീണമായി. ഇതിനു പിന്നാലെ ഒയർസബാൾ വീണ്ടും ഒരു ക്രോസിൽ ഫെറൻ ടോറസിനെ കണ്ടെത്തി. വീണ്ടും ടോറസിന്റെ ഹെഡർ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി.

രണ്ടാം പകുതിയിൽ പന്ത് പൂർണ്ണമായും സ്പെയിനിന്റെ കാലിൽ ആയിരുന്നു എങ്കിലും ഇടക്ക് കൗണ്ടറിലൂടെ ആക്രമണങ്ങൾ നടത്താൻ ഇറ്റലിക്ക് ആയി. 83ആം മിനുട്ടിൽ പെലെഗ്രിനി ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവായില്ല. അപരാജിത കുതിപ്പ് ലോകകപ്പ് വരെ നീണ്ടുനിക്കണം എന്ന് മാഞ്ചിനി പറഞ്ഞതിന് തൊട്ടടുത്ത ദിവസം ആണ് ഇറ്റലി പരാജയം നേരിട്ടത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസും ബെൽജിയവും ആണ് നേർക്കുനേർ വരുന്നത്.

യൂറോപ്യൻ ഫുട്ബോളിലെ ഒരേ ഒരു രാജാവായി സെർജിയോ റാമോസ്

ഒരു യൂറോപ്യൻ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്പെയിൻ താരം സെർജിയോ റാമോസിന് സ്വന്തം. ഇന്നലെ സ്വിറ്റ്സർലൻഡിനെതിരായ മത്സരം സ്പെയിനിന് വേണ്ടിയുള്ള റാമോസിന്റെ 177മത്തെ മത്സരമായിരുന്നു. ഇറ്റാലിയൻ ഗോൾ കീപ്പിങ് ഇതിഹാസം ബഫണിന്റെ റെക്കോർഡാണ് സെർജിയോ റാമോസ് മറികടന്നത്. ഇറ്റലിക്ക് വേണ്ടി ബഫൺ 176 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

അതെ സമയം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം ഈജിപ്തിന്റെ അഹമ്മദ് ഹസ്സൻ ആണ്. ഈ റെക്കോർഡ് മറികടക്കാൻ സെർജിയോ റാമോസ് 8 മത്സരങ്ങൾ കൂടി കളിക്കണം. സെർജിയോ റാമോസ് സ്പെയിനിന്റെ കൂടെ 2010ലെ ലോകകപ്പ് കിരീടവും രണ്ട് യൂറോപ്യൻ കിരീടവും നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തിന് വേണ്ടി റാമോസ് 23 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 129 മത്സരങ്ങൾ സ്പെയിനിന് വേണ്ടി ജയിക്കുകയും ചെയ്തിട്ടുണ്ട്. 2005ൽ ചിലിക്കെതിരെയുള്ള മത്സരത്തിലാണ് റാമോസ് സ്പെയിനിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.

എന്നാൽ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും സ്വിറ്റ്സർലൻഡിനെതിരായ മത്സരം സെർജിയോ റാമോസ് മറക്കാൻ ആഗ്രഹിക്കുന്നതായിരുന്നു. മത്സരത്തിൽ സെർജിയോ റാമോസ് രണ്ട് പെനാൽറ്റികൾ നഷ്ട്ടപെടുത്തിയപ്പോൾ സ്വിറ്റ്സർലൻഡ് സ്പെയിനിനെ സമനിലയിൽ തളച്ചിരുന്നു.

സ്വിറ്റ്സർലാന്റിനെ മറികടന്ന് സ്പെയിൻ

യുവേഫ നാഷൺസ് ലീഗിലെ സ്പെയിന് വിജയം. സ്വിറ്റ്സർലാന്റിനെ നേരിട്ട സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ 14ആം മിനുട്ടിൽ സ്വിറ്റ്സർലാന്റ് താരം ഷാക്കയുടെ ഒരു പിഴവ് മുതലെടുത്ത് റയൽ സോസിഡാഡിന്റെ യുവതാരം ഒയാർസബൽ ആണ് സ്പെയിനിനായി ഗോൾ നേടിയത്. കെപയ്ക്ക് പകരം ഇന്ന് വല കാക്കാൻ ഇറങ്ങിയ ഡി ഹിയ ഒരു മികച്ച സേവുമായി സ്പെയിനിന്റെ രക്ഷകനായി.

വോൾവ്സ് താരം അഡാമെ ട്രയോരെ രണ്ടാം പകുതിയിൽ സബ്ബായി എത്തി സ്വിറ്റ്സർലാന്റ് ഡിഫൻസിനെ വിറപ്പിച്ചു. ട്രയോരെയുടെ സ്പെയിനിനായുള്ള രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഇത്. നാഷൺസ് ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പ് 4 ഏഴു പോയിന്റുമായി സ്പെയിൻ ഒന്നാമത് നിക്കുകയാണ്. ഒരു പോയിന്റ് മാത്രമുള്ള സ്വിറ്റ്സർലാന്റ് അവസാന സ്ഥാനത്താണ്.

ഐസ്‌ലാന്റിനെ ഗോൾ മഴയിൽ മുക്കി ബെൽജിയം, ഇംഗ്ലണ്ടിനു വിരസമായ സമനില

യുഫേഫ നേഷൻസ്‌ ലീഗിൽ ലീഗ് എയിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഐസ്‌ലാന്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെ അഭാവത്തിലും മികച്ച ജയം കാണാൻ ബെൽജിയത്തിന് ആയി. മത്സരത്തിലെ പത്താം മിനിറ്റിൽ തന്നെ ഫിറോജോസോൻസന്റെ ഗോളിൽ പിന്നിൽ പോയ ബെൽജിയം പിന്നീട് 5 ഗോളുകൾ നേടി ജയം കാണുക ആയിരുന്നു. ഗോൾ വഴങ്ങി മൂന്നു മിനിറ്റിനുള്ളിൽ അലക്‌സ് വിറ്റ്സലിലൂടെ സമനില ഗോൾ നേടിയ അവർ ബാറ്റിസ്യായിലൂടെ മത്സരത്തിൽ മുന്നിലെത്തി.

മത്സരത്തിൽ 75 ശതമാനം സമയവും പന്ത് കൈവശം വച്ച ബെൽജിയം 11 തവണയാണ് ഐസ്‌ലാന്റ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ മെർട്ടൻസ് ഗോൾ കണ്ടത്തിയപ്പോൾ 69 മത്തെ മിനിറ്റിൽ ബാറ്റിസ്യായി മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടത്തി. 79 മത്തെ മിനിറ്റിൽ ഡോകു ആണ് ബെൽജിയത്തിന്റെ ഗോളടി പൂർത്തിയാക്കിയത്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനോട് ഗോൾരഹിത സമനില വഴങ്ങി. വിരസമായിരുന്നു മത്സരം. വോൾവ്സ് പ്രതിരോധനിര താരം കോഡി ഈ മത്സരത്തിലൂടെ ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിച്ചു. കളിച്ച 2 കളിയും ജയിച്ച ബെൽജിയം ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത്.

ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ മറികടന്നു ഫ്രാൻസ്

യുഫേഫ നേഷൻസ്‌ ലീഗിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവർത്തനം ആയ മത്സരത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മറികടന്നു ഫ്രാൻസ്. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ ആണ് പുറത്ത് എടുത്തത്. പതിനാറാം മിനിറ്റിൽ ലോവറിനിലൂടെ ക്രൊയേഷ്യ ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി തീരുന്നതിനു തൊട്ട് മുമ്പ് മാർഷലിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഗ്രീൻസ്മാൻ ഫ്രാൻസിനെ 43 മത്തെ മിനിറ്റിൽ മത്സരത്തിൽ ഒപ്പമെത്തിച്ചു.

തുടർന്ന് 2 മിനിറ്റിനുള്ളിൽ മാർഷലിന്റെ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ട് ഗോളിയെ തട്ടി ഗോൾ വര കടന്നപ്പോൾ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തി. ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവകോവിച്ചിന്റെ വകയുള്ള സെൽഫ്‌ ഗോൾ ആയി ഇത്. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ബ്രകാളയിലൂടെ ക്രൊയേഷ്യ മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ ഗ്രീൻസ്മാന്റെ കോർണറിൽ നിന്നു ഒരു മികച്ച ഹെഡറിലൂടെ കരിയറിൽ രാജ്യത്തിനു ആയി തന്റെ ആദ്യ ഗോൾ കണ്ടത്തിയ ഉപമെകാനോ ഫ്രാൻസിനെ 10 മിനിറ്റിനുള്ളിൽ വീണ്ടും മത്സരത്തിൽ മുന്നിൽ എത്തിച്ചു.

77 മത്തെ മിനിറ്റിൽ വിവാദപരമായ ഒരു തീരുമാനത്തിൽ റഫറി അനുവദിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഒലിവർ ജിറോഡ് ആണ് ഫ്രാൻസിന്റെ ഗോളടി പൂർത്തിയാക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ പെനാൽട്ടി പാഴാക്കിയ ഗ്രീൻസ്മാനു പകരം പെനാൽട്ടി എടുത്ത ജിറോഡ് മികച്ച പെനാൽട്ടി ആണ് എടുത്തത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ചു എങ്കിലും ഗോൾ വ്യത്യാസം കാരണം പോർച്ചുഗലിന് പിറകിൽ രണ്ടാമത് ആണ് ഫ്രാൻസ് ഇപ്പോൾ.

റൊണാൾഡോ! നൂറാം ഗോളുമായി പറങ്കിപ്പടയുടെ നായകൻ,ജയം കണ്ട് പോർച്ചുഗൽ

യുഫേഫ നേഷൻസ്‌ ലീഗിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളുകളുടെ മികവിൽ സ്വീഡനെ മറികടന്നു പോർച്ചുഗൽ. തന്റെ കരിയറിൽ രാജ്യത്തിനു ആയി നൂറാം ഗോൾ കണ്ടത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായും റൊണാൾഡോ ഈ മത്സരത്തിലൂടെ മാറി. മത്സരത്തിലെ 44 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട സെവൻസൻ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ സ്വീഡൻ 10 പേരായി ചുരുങ്ങി. തുടർന്ന് ലഭിച്ച ഫ്രീകിക്ക് ഉജ്ജ്വലമായ ഇരു ഷോട്ടോടെ ലക്ഷ്യം കണ്ടാണ് റൊണാൾഡോ തന്റെ നൂറാം ഗോൾ തികച്ചത്.

കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത മികച്ച ഫോമിൽ തുടർന്ന പോർച്ചുഗൽ മത്സരത്തിൽ 68 ശതമാനം സമയവും പന്ത് കൈവശം വച്ചു. കൂടാതെ 21 ഷോട്ടുകൾ ആണ് പോർച്ചുഗൽ മത്സരത്തിൽ ഉതിർത്തത്. രണ്ടാം പകുതിയിൽ എഴുപത്തി രണ്ടാം മിനിറ്റിൽ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ രണ്ടാം ഗോളും നേടിയത്. ബോക്സിനു പുറത്ത് നിന്ന് ഒരു ഉഗ്രൻ വലത് കാലൻ അടിയിലൂടെ റൊണാൾഡോ തന്റെ 101 മത്തെ ഗോളും മത്സരത്തിലെ രണ്ടാം ഗോളും കുറിച്ച് മത്സരം പോർച്ചുഗലിന്റെ പേരിലാക്കി. ലീഗ് എയിൽ ഗ്രൂപ്പ് സിയിൽ കളിച്ച രണ്ടു മത്സരങ്ങളും ജയം കണ്ട പോർച്ചുഗൽ ആണ് നിലവിൽ ഒന്നാമത്.

ഡച്ച് പടയെ മറികടന്ന് അസൂറികൾ, ബോസ്നിയെ തോൽപ്പിച്ച് പോളണ്ട്

യുഫെഫ നാഷൻസ് ലീഗിൽ നെതർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു റോബർട്ടോ മാഞ്ചിനിയുടെ ഇറ്റലി. ഇന്റർ മിലാൻ താരം നിക്കോളാസ് ബരെല്ല നേടിയ ഏക ഗോളിന് ആണ് അസൂറികൾ ജയം കണ്ടത്. മത്സരത്തിൽ പന്തടക്കത്തിൽ അടക്കം മുൻതൂക്കം നേടിയ ഇറ്റാലിയൻ പട ആദ്യ പകുതിയിൽ ഡച്ച് പടക്കു മേൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. ഇൻസാഗി, ഇമ്മോബെയിൽ എന്നിവർ അവസരങ്ങൾ കണ്ടത്തി എങ്കിലും ഗോൾ മാത്രം പിറന്നില്ല. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് ഹെഡറിലൂടെ ബരെല്ല അവർക്ക് മുൻതൂക്കം നൽകിയത്. ഇറ്റലി നടത്തിയ മികച്ച ഒരു മുന്നേറ്റത്തിൽ ആണ് മികച്ച ഈ ടീം ഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച ഡച്ചുകാർ മത്സരത്തിൽ അവസരങ്ങൾ തുറക്കുന്നത് കാണാൻ ആയി. എന്നാൽ നന്നായി പ്രതിരോധം തീർത്ത ഇറ്റലി അവസാനം വരെ പിടിച്ചു നിന്നു. ഇടക്ക് പ്രത്യാക്രമണം നടത്തിയ ഇറ്റലി പലപ്പോഴും ഡച്ച്ക്കാർക്ക് തലവേദനയും നൽകി. മത്സരത്തിൽ ഇറ്റലി 18 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടുകൾ ആണ് ഹോളണ്ട് ഉതിർത്തത്. അതേസമയം ലീഗ് എയിലെ ആദ്യ ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ പോളണ്ട് ബോസ്നിയ ഹെർസഗോവിനക്ക് മേൽ ജയം കണ്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് പോളണ്ട് ജയം കണ്ടത്. ബോസ്നിയക്ക് ആയി ഹാരിസ് ഹാർദിനോവിച്ച് ആദ്യം പെനാൽട്ടിയിലൂടെ ഗോൾ നേടിയപ്പോൾ ഗിലിക്ക്‌ പോളണ്ടിനു സമനില ഗോൾ നൽകി. 67 മത്തെ മിനിറ്റിൽ ഗ്രോസിക്കി ആണ് ലെവൻഡോസ്കി ഇല്ലാത്ത പോളണ്ടിന്റെ വിജയഗോൾ നേടിയത്.

ഇരട്ടഗോളുകളും ആയി ഹാളണ്ട്, വടക്കൻ അയർലൻഡിനെ തകർത്തു നോർവെ

യുഫേഫ നേഷൻസ്‌ ലീഗിൽ തന്റെ ഗോളടി തുടർന്നു യുവ ഡോർട്ട്മുണ്ട് താരം ഹാളണ്ട്. ഇരട്ടഗോളുകളും അസിസ്റ്റും ആയി ഹാളണ്ട് കളം നിറഞ്ഞപ്പോൾ നോർവെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് വടക്കൻ അയർലൻഡിനെ തകർത്തത്. രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ നോർവെക്ക് എതിരെ ആറാം മിനിറ്റിൽ സമനില ഗോൾ കണ്ടത്താൻ അയർലൻഡിനു ആയി. എലിയോനോസി നോർവെ ഗോൾ നേടിയപ്പോൾ മക്നയർ ആയിരുന്നു അയർലൻഡിന്റെ ഗോൾ നേടിയത്.എന്നാൽ സമനില ഗോൾ വഴങ്ങി തൊട്ടടുത്ത നിമിഷം തന്നെ ഗോൾ നേടിയ ഹാളണ്ട് നോർവെക്ക് വീണ്ടും മുൻതൂക്കം നൽകി.

19 മത്തെ മിനിറ്റിൽ സോർലോത്ത് നോർവെക്ക് ആയി ഒരിക്കൽ കൂടി ഗോൾ നേടി, രണ്ടാം പകുതിയിൽ തന്റെ രണ്ടാം ഗോൾ ഹാളണ്ടിന്റെ പാസിൽ നിന്നു നേടിയ ഒമ്പതാം നമ്പറുകാരൻ നോർവെ ജയം ഉറപ്പിച്ചു. തുടർന്നു 58 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളോടെ ഹാളണ്ട് ഗോളടി പൂർത്തിയാക്കുക ആയിരുന്നു. ലീഗ് ബിയിലെ ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ അതേസമയം ഓസ്ട്രിയക്ക് മേൽ റൊമാനിയ ജയം കണ്ടു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് റൊമാനിയ ജയം കണ്ടത്.

അൻസു ഫാത്തി, പയ്യൻ വേറെ ലെവൽ! പട മുന്നിൽ നിന്ന് നയിച്ച് റാമോസ്, വമ്പൻ ജയവുമായി സ്‌പെയിൻ

യുഫേഫ നാഷൻസ് ലീഗിൽ യുക്രൈനു മേൽ വമ്പൻ ജയവുമായി സ്‌പെയിൻ. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോട് അവസാന നിമിഷം സമനില വഴങ്ങിയ അവർ ഇത്തവണ തങ്ങളുടെ സകല കരുത്തും കാണിച്ചു. ബാഴ്‌സലോണയുടെ 17 കാരൻ മാന്ത്രികബാലൻ അൻസു ഫാത്തിയുടെ സ്വപ്നപ്രകടനം ആണ് സ്‌പെയിൻ ജയത്തിൽ എടുത്ത് നിന്നത്. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഫാത്തിയുടെ വേഗവും ഡ്രിബിളിങ് മികവും യുക്രൈൻ പ്രതിരോധത്തെ വലച്ചു. ഇതിന്റെ ഫലമായിരുന്നു ഫാത്തിയെ വീഴ്‌ത്തിയതിന് സ്പെയിനിന് ലഭിച്ച പെനാൽട്ടി.

മൂന്നാം മിനിറ്റിൽ പെനാൽട്ടി കൃത്യമായി ലക്ഷ്യം കണ്ട ക്യാപ്റ്റൻ റാമോസ് സ്പെയിനിന് മുൻതൂക്കം നൽകി. മത്സരത്തിൽ തുടർന്നും തുടർന്ന് ഫാത്തി, റെഗുലിയണെ, മോറെനോ എന്നിവർ യുക്രൈൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഇടക്ക് ഫാത്തിയുടെ ഒരു ഓവർ ഹെഡ് കിക്ക് നിർഭാഗ്യം കൊണ്ടാണ് ഗോൾ ആവാതിരുന്നത്. 29 മത്തെ മിനിറ്റിൽ മോറെനോയുടെ ക്രോസിൽ നിന്നു മികച്ച ഒരു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ റാമോസ് സ്പാനിഷ് മുൻതൂക്കം രണ്ടാക്കി ഉയർത്തി. രാജ്യത്തിനു വേണ്ടി റാമോസിന്റെ 23 മത്തെ ഗോൾ ആയിരുന്നു ഇത്.

മുപ്പത്തിരണ്ടാം മിനിറ്റിൽ ആണ് അൻസു ഫാത്തി മാജിക് പിറന്നത്. ബോക്സിനു വെളിയിൽ നിന്നു ഒരു അതുഗ്രൻ അടിയിലൂടെ യുക്രൈൻ വല ഭേദിച്ച ഫാത്തി രാജ്യത്തിനു ആയി തന്റെ ആദ്യ ഗോൾ കുറിച്ചു. രണ്ടാം പകുതിയിൽ 84 മത്തെ മിനിറ്റിൽ പുതിയ മാഞ്ചസ്റ്റർ സിറ്റി താരം ഫെരൻ ടോറസ് ആണ് മത്സരത്തിലെ സ്പാനിഷ് ഗോളടി പൂർത്തിയാക്കിയത്. മത്സരത്തിൽ 70 ശതമാനം സമയം പന്ത് കൈവശം വച്ച സ്‌പെയിൻ, 10 തവണയാണ് യുക്രൈൻ ഗോൾ ലക്ഷ്യം വച്ചത്‌. നേഷൻസ്‌ ലീഗിൽ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ മറികടന്നു വന്ന യുക്രൈൻ നിരാശ നൽകുന്ന പ്രകടനം ആണ് പുറത്ത് എടുത്തത്.

പ്രമുഖരില്ലാതെ ജർമ്മൻ ടീം

അടുത്ത മാസം ആദ്യം നടക്കുന്ന യുവേഫ നാഷൺസ് ലീഗിനായുള്ള ജർമ്മൻ ടീം പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് വിജയികളായ ബയേണിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടുത്താതെ ആണ് ജാക്കിം ലോവ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യത്തിന് വിശ്രമം അവർക്ക് ലഭിക്കേണ്ടത് കൊണ്ടാണ് ബയേൺ താരങ്ങളെ ഒഴിവാക്കിയത്. അത്കൊണ്ട് തന്നെ നൂയർ, ഗ്നാബറി, കിമിച്, ഗൊറെസ്ക തുടങ്ങിയവർ ഒന്നും സ്ക്വാഡിൽ ഇല്ല.

ബയേണിന്റെ പുതിയ സൈനിംഗ് ആയ സാനെ ടീമിൽ ഇടം പിടിച്ചു. ഒലിവർ ബൊമാൻ, റോബിൻ ഗൊസൻസ്, ഫ്ലോറിയൻ നൊഹാസ് എന്നിവർക്ക് ജർമ്മൻ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ചു. പരിക്ക് ആയതിനാൽ ബാഴ്സ ഗോൾകീപ്പർ ടെർ സ്റ്റെഗനും ടീമിൽ ഇല്ല. സ്വിറ്റ്സർലാന്റ്, സ്പെയിൻ എന്നീ ടീമുകളെ ആകും ബയേൺ നേരിടുക.

അൻസു ഫതിയും അഡാമ ട്രയോരെയും ആദ്യമായി സ്പെയിൻ ദേശീയ ടീമിൽ

നേഷൺസ് ലീഗിനായുള്ള സ്പാനിഷ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ജർമ്മനിക്കും ഉക്രൈനും എതിരായി സെപ്റ്റംബർ തുടക്കത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡാണ് ഇന്ന് പരിശീലകൻ എൻറികെ പ്രഖ്യാപിച്ചത്‌. ബാഴ്സലോണ യുവ താരം അൻസു ഫാതി ആദ്യമായി സ്പെയിൻ ടീമിൽ എത്തി. 17കാരനായ അൻസു ഫതി സ്പെയിനിനെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ 17കാരൻ ആയി മാറും.

ഇതിനു മുമ്പ് 18 വയസ്സാകും മുമ്പ് മൂന്ന് താരങ്ങൾ മാത്രമെ സ്പെയിൻ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ളൂ. ഇതിനു മുമ്പ് 1927ൽ പെഡ്രോ റിഗേറോയും 1937ൽ ഏംഗൽ സുബേറ്റയും ആണ് മുമ്പ് 17ആം വയസ്സിൽ സ്പെയിനിനായി കളിച്ചത്‌. വോൾവ്സിന്റെ വിങ്ങർ ട്രയോരെയും ടീമിൽ എത്തി. അഡാമെ ട്രയോരെക്ക് ഇത് വോൾവ്സിൽ ഗംഭീര സീസണായിരുന്നു. സെവിയ്യയുടെ താരം റിഗുലിയൺ, മാഞ്ചസ്റ്റർ സിറ്റിയുടെ ഫെറാൻ ടോറസും സ്പാനിഷ് ടീമിൽ എത്തി. ബാഴ്സലോണ താരം ആൽബയെ ടീമിൽ എടുത്തിട്ടില്ല. സെപ്റ്റംബർ ആദ്യ വാരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

Exit mobile version