ടോപ് ഓര്‍ഡറിൽ ഡി കോക്കിന്റെ ഒറ്റയാള്‍ പോരാട്ടം, അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സുകളുമായി പൂരന്‍

ആര്‍സിബിയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ്. ക്വിന്റൺ ഡി കോക്ക് നടത്തിയ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.

ഡി കോക്ക്, പൂരന്‍, ക്രുണാൽ!!! ലക്നൗ 199

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ലക്നൗവിനെ ക്വിന്റൺ ഡി കോക്കും നിക്കോളസ് പൂരനും ചേര്‍ന്ന് മികവുറ്റ സ്കോറിലേക്കുള്ള പാത തെളിച്ചപ്പോള്‍ ക്രൂണാൽ പാണ്ഡ്യയുടെ വകയായിരുന്നു ഫിനിഷിംഗ് ടച്ച്. 199 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത്.

ഡി കോക്ക് 38 പന്തിൽ 54 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 21 പന്തിൽ 42 റൺസ് നേടി ലക്നൗവിനെ മൂന്നോട്ട് നയിക്കുകയായിരുന്നു. റബാഡയ്ക്കായിരുന്നു പൂരന്റെ വിക്കറ്റ്. പൂരന്‍ പുറത്തായ ശേഷം ക്രുണാൽ പാണ്ഡ്യയാണ് ലക്നൗവിന്റെ സ്കോറിംഗിന് വേഗത നൽകിയത്.

ക്രുണാൽ 22 പന്തിൽ പുറത്താകാതെ 43 റൺസ് നേടി. പഞ്ചാബിന് വേണ്ടി സാം കറന്‍ മൂന്നും അര്‍ഷ്ദീപ് രണ്ട് വിക്കറ്റും നേടി.

ജയിച്ച് തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാന്‍, നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 20 റൺസിന്റെ മികച്ച വിജയം നേടി രാജസ്ഥാന്‍ റോയൽസ്. 194 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് 173/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 41 പന്തിൽ 64 റൺസുമായി നിക്കോളസ് പൂരന്‍ പൊരുതി നോക്കിയപ്പോള്‍ കെഎൽ രാഹുല്‍ 58 റൺസ് നേടി പുറത്തായി.


ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറുകളിൽ ക്വിന്റൺ ഡി കോക്കും ദേവ്ദത്ത് പടിക്കലും വീണപ്പോള്‍ ആയുഷ് ബദോനിയെ പുറത്താക്കി നാന്‍ഡ്രേ ബര്‍ഗറും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. അവിടെ നിന്ന് ദീപക് ഹൂഡ 13 പന്തിൽ 26 റൺസ് നേടി രാഹുലിനൊപ്പം ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 49 റൺസ് കൂട്ടുകെട്ടിന് ചഹാല്‍ അവസാനം കുറിച്ചു.

പത്തോവര്‍ പിന്നിടുമ്പോള്‍ 76/4 എന്ന നിലയിലായിരുന്നു ലക്നൗ. നാന്‍ഡേ ബര്‍ഗര്‍ എറിഞ്ഞ 11ാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറും രാഹുല്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 17 റൺസായിരുന്നു.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 13ാം ഓവറിൽ നിക്കോളസ് പൂരന്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് 20 റൺസാണ് പിറന്നത്. ഇത് ലക്നൗവിന് ഏറെ ആവശ്യമായ ഊര്‍ജ്ജമായി മാറുകയായിരുന്നു. കെഎൽ രാഹുലും നിക്കോളസ് പൂരനും മികച്ച രീതിയിൽ രാജസ്ഥാന്‍ ബൗളര്‍മാരെ നേരിട്ടപ്പോള്‍ ലക്നൗ മികച്ച വെല്ലുവിളി മത്സരത്തിൽ ഒരുക്കി. എന്നാൽ 17ാം ഓവറിന്റെ ആദ്യ പന്തിൽ രാഹുലിനെ സന്ദീപ് ശര്‍മ്മ പുറത്താക്കിയപ്പോള്‍ ഈ കൂട്ടുകെട്ട് 85 റൺസാണ് നേടിയത്.

രാഹുല്‍ 44 പന്തിൽ 58 റൺസാണ് നേടിയത്. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി നിക്കോളസ് പൂരന്‍ ലക്നൗ പ്രതീക്ഷകളുമായി നിന്നു. മാര്‍ക്കസ് സ്റ്റോയിനിസിനെ അശ്വിന്‍ പുറത്താക്കിയപ്പോള്‍ അവസാന രണ്ടോവറിൽ 38 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്.

സന്ദീപ് ശര്‍മ്മ എറിഞ്ഞ 19ാം ഓവറിൽ നിക്കോളസ് പൂരന്റെ ക്യാച്ച് റിയാന്‍ പരാഗ് കൈവിട്ടു. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറി താരം നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 27 റൺസായി മാറി.

അവേശ് ഖാന്‍ രണ്ട് വൈഡോടു കൂടിയാണ് ഓവര്‍ തുടങ്ങിയതെങ്കിലും പിന്നീട് വലിയ റൺസ് വിട്ട് നൽകാതെ വെറും ഏഴ് റൺസ് മാത്രം ഓവറിൽ നിന്ന് വിട്ട് നൽകിയപ്പോള്‍ രാജസ്ഥാന്‍ 20 റൺസ് വിജയം സ്വന്തമാക്കി.

ക്രുണാൽ പാണ്ഡ്യയെ മാറ്റി, പൂരൻ ഇനി ലഖ്നൗവിന്റെ വൈസ് ക്യാപ്റ്റൻ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ ലഖ്നൗ സൂപ്പർ ജയന്റ്സ് വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ രാഹുൽ ഒരു ജേഴ്‌സി കൈമാറികൊണ്ട് പൂരനെ വൈസ് ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചു. രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തില്ല എങ്കിൽ സീസൺ തുടക്കത്തിൽ പൂരനാകും ലഖ്നൗവിനെ നയിക്കുക.

2023-ൽ 16 കോടി രൂപയ്ക്ക് ആയിരുന്നു ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് പൂരനെ സ്വന്തമാക്കിയത്. അതിനു മുമ്പ് പഞ്ചാബിനും ഹൈദരാബാദിനുമായി ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ എൽഎസ്ജിക്ക് വേണ്ടി 15 മത്സരങ്ങൾ കളിച്ചു, 172.94 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറികളോടെ 358 റൺസ് നേടി. ദേശീയ ടീമിലുൾപ്പെടെ വിവിധ ടീമുകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇതാദ്യമായാണ് ഒരു ഐപിഎൽ ടീമിൽ വൈസ് ക്യാപ്റ്റൻ എങ്കിലും ആകുന്നത്. കഴിഞ്ഞ സീസണുകളിൽ ക്രുണാൽ പാണ്ഡ്യ ആയിരുന്നു ലഖ്നൗവിന്റെ വൈസ് ക്യാപ്റ്റൻ.

കേന്ദ്ര കരാര്‍ വേണ്ടെന്ന് വെച്ച് പൂരനും ഹോള്‍ഡറും മയേഴ്സും

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മുന്നോട്ട് വെച്ച കേന്ദ്ര കരാര്‍ നിരസിച്ച് വെസ്റ്റിന്‍ഡീസ് താരങ്ങളായ നിക്കോളസ് പൂരനും കൈൽ മയേഴ്സും ജേസൺ ഹോള്‍ഡറും. 2023-24 സീസണിൽ ടി20 മത്സരങ്ങള്‍ കളിക്കുവാന്‍ ഈ താരങ്ങള്‍ തയ്യാറാണെന്ന് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

14 പുരുഷ താരങ്ങള്‍ക്കും 15 വനിത താരങ്ങള്‍ക്കുമാണ് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് കേന്ദ്ര കരാര്‍ നൽകുന്നത്. ഇതിൽ ഗുഡകേഷ് മോട്ടി, കെയ്സി കാര്‍ട്ടി, ടാഗ്നരൈന്‍ ചന്ദര്‍പോള്‍, അലിക് അത്താന്‍സേ എന്നിവര്‍ക്ക് ആദ്യമായാണ് കേന്ദ്ര കരാര്‍ ലഭിയ്ക്കുന്നത്.

പുരുഷന്മാര്‍ : Alick Athanaze, Kraigg Brathwaite, Keacy Carty, Tagenarine Chanderpaul, Joshua Da Silva, Shai Hope, Akeal Hosein, Alzarri Joseph, Brandon King, Gudakesh Motie, Rovman Powell, Kemar Roach, Jayden Seales, Romario Shepherd

വനിതള്‍‍ : Aaliyah Alleyne, Shemaine Campbelle, Shamilia Connell, Afy Fletcher, Cherry-Ann Fraser, Shabika Gajnabi, Jannillea Glasgow, Sheneta Grimmond, Chinelle Henry, Zaida James, Mandy Mangru, Hayley Matthews, Karishma Ramharack, Stafanie Taylor, Rashada Williams

ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 150 റൺസ് വിജയ ലക്ഷ്യം, വെടിക്കെട്ട് ബാറ്റിംഗുമായി റോവ്മന്‍ പവൽ.

ട്രിനിഡാഡിലെ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് നേടിയത് 149 റൺസ്. റോവ്മന്‍ പവലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അവസാന ഓവറുകളിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിന് വേഗത നൽകിയത്.

പവൽ 32 പന്തിൽ 48 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 പന്തിൽ 41 റൺസ് നേടി പുറത്തായി. കൈൽ മയേഴ്സിനെയും ബ്രണ്ടന്‍ കിംഗിനെയും(28) ഒരേ ഓവറിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാൽ വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. 30/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിന് ജോൺസൺ ചാള്‍സിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 58 റൺസായിരുന്നു.

പിന്നീട് പൂരനും പവലും ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ 96ൽ നിൽക്കുമ്പോള്‍ പൂരനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അവസാന അഞ്ചോവറിൽ വെസ്റ്റിന്‍ഡീസ് 42 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ചഹാലും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റ് നേടി.

മേജർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ നിക്ലസ് പൂരന്റെ വെടിക്കെട്ട്!! 40 പന്തിൽ സെഞ്ച്വറി

മേജർ ലീഗ് ക്രിക്കറ്റ് കിരീടം എം ഐ ന്യൂയോർക്ക് സ്വന്തമാക്കി. സിയാറ്റിൽ ഓർക്കാസിനെതിരെ 7 വിക്കറ്റ് വിജയമാണ് MI ന്യൂയോർക്ക് ഇന്ന് നേടിയത്‌. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിയാറ്റിൽ ഓർക്കാസ് നിശ്ചിത 20 ഓവറിൽ 183-9 എന്ന മികച്ച സ്‌കോറാണ് നേടിയത്. 52 പന്തിൽ 87 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിന്റെ മിന്നുന്ന പ്രകടനവും 16 പന്തിൽ നിന്ന് 29 റൺസെടുത്ത ശുഭം രഞ്ജന്റെ മികച്ച പ്രകടനവും അവരുടെ ബാറ്റിങിനെ സഹായിച്ചു.

എംഐ ന്യൂയോർക്കിന്റെ ബൗളിംഗ് ആക്രമണം നയിച്ചത് റാഷിദ് ഖാനും ട്രെന്റ് ബോൾട്ടും ആയിരുന്നു, ഇരുവരും യഥാക്രമം 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ, MI ന്യൂയോർക്ക് തുടക്കം മുതൽ പവർ ഹിറ്റിംഗ് നടത്തുകയായിരുന്നു‌.

വെറും 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ നിക്കോളാസ് പൂരൻ, വെറും 55 പന്തിൽ 137 റൺസ് നേടി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 16 പന്തിൽ 50 പൂർത്തിയാക്കിയ പൂരൻ 40 പന്തിൽ സെഞ്ച്വറിയും നേടി. ഒരു ഫ്രാഞ്ചൈസി ടി20 ലീഗിലെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയി ഇത്. 13 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്സ്. ഡെവാൾഡ് ബ്രെവിസ് 18 പന്തിൽ 20 റൺസ് നേടി വിജയത്തിൽ പങ്കുവെഹിച്ചു.

65 പന്തിൽ 104 റൺസുമായി പൂരന്‍, വമ്പന്‍ സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്

നെതര്‍ലാണ്ട്സിനെതിരെയുള്ള ഗ്രൂപ്പ് എ മത്സരത്തിൽ 374/6 എന്ന വമ്പന്‍ സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. 65 പന്തിൽ പുറത്താകാതെ 104 റൺസ് നേടിയ നിക്കോളസ് പൂരനൊപ്പം ബ്രണ്ടന്‍ കിംഗ്(76), ജോൺസൺ ചാള്‍സ്(54), ഷായി ഹോപ്(47) എന്നിവരും നിര്‍ണ്ണായ പ്രകടനം പുറത്തെടുത്തു.

അവസാന ഓവറുകളിൽ പൂരനൊപ്പം 25 പന്തിൽ 46 റൺസ് നേടി കീമോ പോളും ചേര്‍ന്ന് 40 പന്തിൽ 79 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നെതര്‍ലാണ്ട്സിനായി ബാസ് ഡി ലീഡും സാഖിബ് സുൽഫിക്കറും 2 വീതം വിക്കറ്റ് നേടി.

ഹോപിനും പൂരനും ശതകം, നേപ്പാളിനെതിരെ 339 റൺസുമായി വെസ്റ്റിന്‍ഡീസ്

നേപ്പാളിനെതിരെ വെസ്റ്റിന്‍ഡീസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 7 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് 339 റൺസ് നേടിയപ്പോള്‍ ഷായി ഹോപും നിക്കോളസ് പൂരനും ശതകങ്ങള്‍ നേടി മികവ് പുലര്‍ത്തി. 55/3 എന്ന നിലയിലേക്ക് വീണ ശേഷം വെസ്റ്റിന്‍ഡീസിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനും ഷായി ഹോപും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 216 റൺസാണ് നേടിയത്. 94 റൺസ് നേടിയ നിക്കോളസ് പൂരന്‍ 115 റൺസ് നേടിയപ്പോള്‍ ഷായി ഹോപ്  132 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിന്റെ ലളിത് രാജ്ബന്‍ഷി മൂന്ന് വിക്കറ്റ് നേടി.

തകര്‍ന്ന് വീണ ലക്നൗവിനെ കരകയറ്റി നിക്കോളസ് പൂരന്‍ – ആയുഷ് ബദോനി കൂട്ടുകെട്ട്, ലക്നൗവിന് 176 റൺസ്

10.1 ഓവറിൽ 73/5 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ 176 റൺസിലേക്ക് എത്തിച്ച് നിക്കോളസ് പൂരന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. താരത്തിന് പിന്തുണയുമായി ആയുഷ് ബദോനിയും മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ലക്നൗ നേടിയത്.

ടോപ് ഓര്‍ഡറിൽ ക്വിന്റൺ ഡി കോക്കും(28) പ്രേരക് മങ്കഡും(26) മാത്രമാണ് ലക്നൗവിനായി പൊരുതി നോക്കിയത്. വൈഭവ് അറോറ പ്രേരക് മങ്കഡിനെയും മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കിയപ്പോള്‍ ലക്നവിന്റെ നില പരുങ്ങലിലായി.


11ാം ഓവറിലെ ആദ്യ പന്തിൽ ക്വിന്റൺ ഡി കോക്കിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ നിക്കോളസ് പൂരന്‍ രണ്ട് ഫോറും ഒരു സിക്സും നേടി. അവിടെ നിന്ന് ആയുഷ് ബദോനിയെ കൂട്ടുപിടിച്ച് നിക്കോളസ് പൂരന്‍ ലക്നൗവിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 74 റൺസാണ് നേടിയത്.

പൂരന്‍ 28 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ 19ാം ഓവറിലെ ആദ്യ പന്തിൽ ലക്നൗ 150 കടന്നു. നിക്കോളസ് പൂരന്‍ 30 പന്തിൽ 58 റൺസും ആയുഷ് ബദോനി 25 റൺസും നേടി. പൂരന്‍ താക്കൂറിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

വൈഭവ് അറോറയ്ക്ക് പുറമെ ശര്‍ദ്ധുൽ താക്കൂറും സുനിൽ നരൈനും കൊൽക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

“റിസ്ക് എടുക്കലാണ് കളി, റിസ്‌കില്ല എങ്കിൽ പ്രതിഫലവും ഇല്ല” – പൂരൻ

ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയശില്പിയായ നിക്കാളസ് പൂരൻ ടി20യിൽ റിസ്ക് എടുക്കലാണ് കളി എന്നും അതിന് തയ്യാറായെ പറ്റൂ എന്നും പറഞ്ഞു. ഇന്ന് 13 പന്തിൽ 44 റൺസ് നേടിയാണ് പൂരൻ ലഖ്നൗവിന് വിജയം നൽകിയത്. ടി20 ക്രിക്കറ്റ് ബാറ്റർമാരുടെ കളിയാണെന്നും പൂരൻ പറഞ്ഞു.

“അവർക്ക് ബൗൾ ചെയ്യാൻ ഒരു സ്പിന്നർ മാത്രമേ ഉള്ളൂവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, ആ ഓവർ ലക്ഷ്യം വയ്ക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ടി20 ക്രിക്കറ്റ് ബാറ്റർമാരുടെ കളിയാണ്. ഈ ഗെയിം റിസ്ക് എടുക്കുന്നതിനാണ്. റിസ്‌കില്ല എങ്കിൽ പ്രതിഫലവും ഇല്ല,” പൂരൻ പറഞ്ഞു.

“ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു. അതിനാൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് എനിക്കറിയാം. ടി20 ക്രിക്കറ്റിൽ കൂടുതൽ സമയം ബാറ്റ് ചെയ്യാനാണ് എനിക്കിഷ്ടം. വേഗത കുറഞ്ഞതും യോർക്കറുകളും ഞാൻ അവസാനം പ്രതീക്ഷിച്ചിരുന്നു, അതിനായി ഞാൻ തയ്യാറായിരുന്നു,” പൂരൻ കൂട്ടിച്ചേർത്തു

ടി20 ക്രിക്കറ്റിൽ ഏറ്റവും പ്രധാനം 5, 6, 7 ബാറ്റിംഗ് സ്പോട്ടുകള്‍ – കെഎൽ രാഹുല്‍

ടി20 ക്രിക്കറ്റിൽ ഏറ്റവും പ്രധാനം 5, 6, 7 ബാറ്റിംഗ് സ്പോട്ടുകളാണെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. ക്രഞ്ച് മത്സരങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ഈ സ്പോട്ടിലെ താരങ്ങളുടെ പ്രകടനം ആണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ഐപിഎൽ പോലുള്ള വലിയ ടൂര്‍ണ്ണമെന്റിൽ അധികം സ്കോറിംഗും ടോപ് ഓര്‍ഡര്‍ ആവും നടത്തുന്നതെങ്കിലും ഈ സ്പോട്ടുകളിലെ താരങ്ങളാവും നിങ്ങളെ വലിയ മത്സരങ്ങള്‍ വിജയിപ്പിക്കു എന്നും രാഹുല്‍ സൂചിപ്പിച്ചു.

ആര്‍സിബിയ്ക്കെതിരെ ലക്നൗവിന്റെ 1 വിക്കറ്റ് വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version