Sanjusamson

ജയിച്ച് തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാന്‍, നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 20 റൺസിന്റെ മികച്ച വിജയം നേടി രാജസ്ഥാന്‍ റോയൽസ്. 194 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് 173/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 41 പന്തിൽ 64 റൺസുമായി നിക്കോളസ് പൂരന്‍ പൊരുതി നോക്കിയപ്പോള്‍ കെഎൽ രാഹുല്‍ 58 റൺസ് നേടി പുറത്തായി.


ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറുകളിൽ ക്വിന്റൺ ഡി കോക്കും ദേവ്ദത്ത് പടിക്കലും വീണപ്പോള്‍ ആയുഷ് ബദോനിയെ പുറത്താക്കി നാന്‍ഡ്രേ ബര്‍ഗറും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. അവിടെ നിന്ന് ദീപക് ഹൂഡ 13 പന്തിൽ 26 റൺസ് നേടി രാഹുലിനൊപ്പം ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 49 റൺസ് കൂട്ടുകെട്ടിന് ചഹാല്‍ അവസാനം കുറിച്ചു.

പത്തോവര്‍ പിന്നിടുമ്പോള്‍ 76/4 എന്ന നിലയിലായിരുന്നു ലക്നൗ. നാന്‍ഡേ ബര്‍ഗര്‍ എറിഞ്ഞ 11ാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറും രാഹുല്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 17 റൺസായിരുന്നു.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 13ാം ഓവറിൽ നിക്കോളസ് പൂരന്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് 20 റൺസാണ് പിറന്നത്. ഇത് ലക്നൗവിന് ഏറെ ആവശ്യമായ ഊര്‍ജ്ജമായി മാറുകയായിരുന്നു. കെഎൽ രാഹുലും നിക്കോളസ് പൂരനും മികച്ച രീതിയിൽ രാജസ്ഥാന്‍ ബൗളര്‍മാരെ നേരിട്ടപ്പോള്‍ ലക്നൗ മികച്ച വെല്ലുവിളി മത്സരത്തിൽ ഒരുക്കി. എന്നാൽ 17ാം ഓവറിന്റെ ആദ്യ പന്തിൽ രാഹുലിനെ സന്ദീപ് ശര്‍മ്മ പുറത്താക്കിയപ്പോള്‍ ഈ കൂട്ടുകെട്ട് 85 റൺസാണ് നേടിയത്.

രാഹുല്‍ 44 പന്തിൽ 58 റൺസാണ് നേടിയത്. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി നിക്കോളസ് പൂരന്‍ ലക്നൗ പ്രതീക്ഷകളുമായി നിന്നു. മാര്‍ക്കസ് സ്റ്റോയിനിസിനെ അശ്വിന്‍ പുറത്താക്കിയപ്പോള്‍ അവസാന രണ്ടോവറിൽ 38 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്.

സന്ദീപ് ശര്‍മ്മ എറിഞ്ഞ 19ാം ഓവറിൽ നിക്കോളസ് പൂരന്റെ ക്യാച്ച് റിയാന്‍ പരാഗ് കൈവിട്ടു. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറി താരം നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 27 റൺസായി മാറി.

അവേശ് ഖാന്‍ രണ്ട് വൈഡോടു കൂടിയാണ് ഓവര്‍ തുടങ്ങിയതെങ്കിലും പിന്നീട് വലിയ റൺസ് വിട്ട് നൽകാതെ വെറും ഏഴ് റൺസ് മാത്രം ഓവറിൽ നിന്ന് വിട്ട് നൽകിയപ്പോള്‍ രാജസ്ഥാന്‍ 20 റൺസ് വിജയം സ്വന്തമാക്കി.

Exit mobile version