ട്വിസ്റ്റോട് ട്വിസ്റ്റ്!!! ഒടുവിൽ ലക്നൗവിന് ത്രില്ലര്‍ വിജയം

സംഭവ ബഹുലമായ അവസാന ഓവറിൽ അവസാന പന്തിൽ ഒരു വിക്കറ്റ് വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന പന്തിൽ രവി ബിഷ്ണോയിയെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ മങ്കാഡിംഗ് രീതിയിൽ (ഇപ്പോള്‍ അംഗീകൃതമായ പുറത്താകൽ രീതി) പുറത്താക്കുവാനുള്ള അവസരം ഹര്‍ഷൽ പട്ടേലും അവസാന പന്തിൽ അവേശ് ഖാനെ ബീറ്റ് ചെയ്തുവെങ്കിലും അത് ദിനേശ് കാര്‍ത്തിക് കളക്ട് ചെയ്യാത്തതിനാൽ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തുവാന്‍ ആര്‍സിബിയ്ക്ക് അവസരം നഷ്ടമായി.

213 എന്ന കൂറ്റന്‍ സ്കോര്‍ അനായാസം ചേസ് ചെയ്യുമെന്ന നിലയിലേക്ക് നിക്കോളസ് പൂരനും മാര്‍ക്കസ് സ്റ്റോയിനസും ടീമിനെ എത്തിച്ച ശേഷം ആയുഷ് ബദോനി ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച് ഹിറ്റ് വിക്കറ്റായി മടങ്ങിയതിന് ശേഷം ആണ് ആര്‍സിബി മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

തുടക്കത്തിൽ തീപാറും ബൗളിംഗ് പുറത്തെടുത്ത ആര്‍സിബി ഒരു ഘട്ടത്തിൽ 23/3 എന്ന നിലയിലേക്ക് ലക്നൗവിനെ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യ ഓവറിൽ സിറാജ് കൈൽ മയേഴ്സിനെ പുറത്താക്കിയപ്പോള്‍ ദീപക് ഹൂഡയെയും ക്രുണാൽ പാണ്ഡ്യയെയും വെയിന്‍ പാര്‍ണൽ പുറത്താക്കി. കെഎൽ രാഹുല്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പിന്നീട് കണ്ടത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍ പോരാട്ടമാണ്.

ഇംപാക്ട് പ്ലേയറായി എത്തിയ കരൺ ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ 30 പന്തിൽ നിന്ന് 6 ഫോറും 5 സിക്സും അടക്കം 65 റൺസാണ് നേടിയത്. നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 66 റൺസ് നേടിയപ്പോള്‍ ഇതിൽ രാഹുലിന്റെ സംഭാവന ഒരു റൺസായിരുന്നു.

തൊട്ടടുത്ത ഓവറിൽ കെഎൽ രാഹുലിനെ സിറാജ് പുറത്താക്കിയപ്പോള്‍ ആര്‍സിബി വീണ്ടും മത്സരത്തിൽ പിടിമുറുക്കിയെന്നാണ് ഏവരും കരുതിയത്. 20 പന്തിൽ 18 റൺസാണ് രാഹുല്‍ നേടിയത്.

പിന്നീട് കണ്ടത് ഐപിഎലിലെ തന്നെ അവിശ്വസീനിയ ചേസിംഗുകളിൽ ഒന്നാണ്. പന്തെറിയാനെത്തിയ ആര്‍സിബി ബൗളര്‍മാരെ ആരെയും നിലംതൊടീക്കാതെ നിക്കോളസ് പൂരന്‍ ബാറ്റ് വീശിയപ്പോള്‍ ലക്നൗ റൺറേറ്റ് വരുതിയിലാക്കുന്നതാണ് കണ്ടത്.

15 പന്തിൽ നിന്നാണ് പൂരന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. താരത്തിന് മികച്ച പിന്തുണയുമായി ആയുഷ് ബദോനിയും ബാറ്റ് വീശിയപ്പോള്‍ അവസാന നാലോവറിൽ ലക്ഷ്യം 28 റൺസായിരുന്നു. 19 പന്തിൽ 62 റൺസ് നേടിയ നിക്കോളസ് പൂരനെ 17ാം ഓവറിലെ അവസാന ന്തിൽ പുറത്താക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 35 പന്തിൽ 84 റൺസ് നേടിയിരുന്നു.

4 വിക്കറ്റ് കൈവശമുള്ള ലക്നൗവിന് 24 റൺസ് മൂന്നോവറിൽ നിന്ന് വേണമെന്നുള്ളപ്പോള്‍ ആയുഷ് ബദോനിയല്ലാതെ വേറൊരു റെഗുലര്‍ ബാറ്റ്സ്മാനില്ലാതെ പോയതാണ് ടീമിനെ ആശങ്കപ്പെടുത്തിയത്. ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ 18ാം ഓവറിൽ ജയ്ദേവ് ഉനഡ്കട് നേടിയ ബൗണ്ടറി ഉള്‍പ്പെടെ 9 റൺസ് പിറന്നപ്പോള്‍ ലക്നൗവിന്റെ ലക്ഷ്യം 12 പന്തിൽ 15 റൺസായി മാറി.

വെയിന്‍ പാര്‍ണൽ എറിഞ്ഞ ഓവറിൽ ഒരു ബൗണ്ടറി കൂടി നേടി ആയുഷ് ബദോനി ലക്ഷ്യം 9 പന്തിൽ ഏഴാക്കി മാറ്റി. അടുത്ത പന്തിൽ താരം പാര്‍ണലിനെ സിക്സര്‍ പറത്തിയെങ്കിലും ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു. 24 പന്തിൽ 30 റൺസാണ് ബദോനി നേടിയത്.

അടുത്ത രണ്ട് പന്തുകളിൽ 2 സിംഗിളുകള്‍ വന്നപ്പോള്‍ അവസാന ഓവറിൽ 5 റൺസെന്ന നിലയിലേക്ക് ലക്ഷ്യം മാറി. അവസാന ഓവറിലെ രണ്ടാം പന്തിൽ മാര്‍ക്ക് വുഡിനെ പുറത്താക്കി ഹര്‍ഷൽ പട്ടേൽ ലക്നൗവിന്റെ എട്ടാം വിക്കറ്റ് സ്വന്തമാക്കി.  അടുത്ത പന്തിൽ രവി ബിഷ്ണോയി ഡബിള്‍ നേടി ലക്ഷ്യത്തിന് 2 റൺസ് അടുത്തേക്കെത്തി.

അടുത്ത പന്തിൽ ജയ്ദേവ് ഉനഡ്കടിന്റെ വിക്കറ്റ് നേടി ഹര്‍ഷൽ ലക്നൗവിന്റെ 9ാം വിക്കറ്റ് നേടി.

 

മികച്ച തുടക്കത്തിൽ നിന്ന് തകര്‍ന്ന് ലക്നൗ, അന്തകനായത് മോയിന്‍ അലി, ചെന്നൈയ്ക്ക് 12 റൺസ് വിജയം

ഐപിഎലില്‍ വലിയ സ്കോര്‍ കണ്ട മത്സരത്തിൽ 12 റൺസ് വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 217 റൺസ് നേടിയപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 205 റൺസ് മാത്രമേ നേടാനായുള്ളു. കൈൽ മയേഴ്സ് നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 4 വിക്കറ്റുമായി മോയിന്‍ അലിയാണ് ലക്നൗവിന്റെ താളം തെറ്റിച്ചത്.

79/0 എന്ന നിലയിൽ നിന്ന് 82/3 എന്ന നിലയിലേക്കാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് തകര്‍ന്നത്. മോയിന്‍ അലിയും മിച്ചൽ സാന്റനറും ലക്നൗ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടപ്പോള്‍ ടീം 109/4 എന്ന സ്ഥിതിയിലായി.

കൈൽ മയേഴ്സും കെഎൽ രാഹുലും 79 റൺസാണ് പവര്‍പ്ലേയ്ക്കുള്ളിൽ ഒന്നാം വിക്കറ്റിൽ നേടിയത്. മോയിന്‍ അലിയാണ് 22 പന്തിൽ 53 റൺസ് നേടിയ മയേഴ്സിനെ പുറത്താക്കിയത്. ദീപക് ഹൂഡയെ തൊട്ടടുത്ത ഓവറിൽ സാന്റനര്‍ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ 20 റൺസ് നേടിയ രാഹുലിനെ മോയിന്‍ അലി മടക്കിയയ്ച്ചു.

അതിവേഗത്തിൽ ബാറ്റ് വീശിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും മോയിന്‍ അലി പുറത്താക്കിയതോടെ ലക്നൗവിന് കാര്യങ്ങള്‍ പ്രയാസമായി. മാർക്കസ് 18 പന്തിൽ 21 റൺസാണ് നേടിയത്. മോയിന്‍ തന്റെ സ്പെല്ലിൽ 4 വിക്കറ്റാണ് നേടിയത്.

18 പന്തിൽ 32 റൺസ് നേടി നിക്കോളസ് പൂരനും 11 പന്തിൽ 17 റൺസ് നേടി കൃഷ്ണപ്പ ഗൗതമും 23 റൺസുമായി ആയുഷ് ബദോനിയും 3 പന്തിൽ 10 റൺസ് നേടി മാര്‍ക്ക് വുഡും ആണ് ലക്നൗവിന്റെ തോൽവിയുടെ ഭാരം കുറച്ചത്.

കരീബിയൻ കരുത്തിൽ ലക്നൗ, ഡൽഹിയ്ക്കെതിരെ 193 റൺസ്

ഐപിഎലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡൽഹിയ്ക്കെതിരെ 193 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎലില്‍ തന്റെ ആദ്യ മത്സരത്തിൽ തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കൈൽ മയേഴ്സ് ആണ് ലക്നൗവിനെ മുന്നോട്ട് നയിച്ചത്. 7 സിക്സ് നേടിയ താരം 38 പന്തിൽ നിന്ന് 73 റൺസാണ് നേടിയത്.

മയേഴ്സിന്റെ ക്യാച്ച് പവര്‍പ്ലേയ്ക്കുള്ളിൽ കൈവിട്ടതിന് വലിയ വിലയാണ് ഡൽഹി കൊടുക്കേണ്ടി വന്നത്. കെഎൽ രാഹുലിനെ തുടക്കത്തിൽ നഷ്ടമായ ശേഷം മയേഴ്സിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ലക്നൗ സ്കോറിനെ മുന്നോട്ട് നയിച്ചത്.  79 റൺസാണ് മയേഴ്സ് രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയോടൊപ്പം നേടിയത്. എന്നാൽ ഹൂഡയും മയേഴ്സും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ലക്നൗവിന് തിരിച്ചടിയായി.

മയേഴ്സ് പുറത്തായതിന് ശേഷ 21 പന്തിൽ 36 റൺസ് നേടി നിക്കോളസ് പൂരന്‍ ആണ്  ലക്നൗവിന്റെ തുടരുവാന്‍ സഹായിച്ചത്. പൂരന്‍ മടങ്ങിയ ശേഷം 7 പന്തിൽ 18 റൺസ് നേടിയ ആയുഷ് ബദോനിയും 13 പന്തിൽ 15 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയും ടീമിനെ 193/6 എന്ന സ്കോറിലേക്ക് എത്തിച്ചു.

അവസാന പന്ത് നേരിട്ട കൃഷ്ണപ്പ ഗൗതം സിക്സര്‍ പറത്തുകയായിരുന്നു. ഡൽഹിയ്ക്കായി ഖലീൽ അഹമ്മദും ചേതന്‍ സക്കറിയയും രണ്ട് വീതം വിക്കറ്റ് നേടി.

പൂരന് സമ്മർദ്ദം കൊടുക്കരുത്, താരത്തെ ഫ്രീ ആയി വിട്ടാൽ വലിയ പ്രകടനങ്ങൾ കാണാം എന്ന് കൈഫ്

ഐപിഎൽ 2023-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ കളിക്കാൻ പോകുന്ന നിക്ലസ് പൂരനെ ഗൗതം ഗംഭീറും കെഎൽ രാഹുലും ഫ്രീ ആയി വിടണം എന്നും സമ്മർദ്ദം കൊടുക്കരുത് എന്നും മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്., ഐ‌പി‌എല്ലിലെ തന്റെ യഥാർത്ഥ കഴിവുകൾ നിറവേറ്റാൻ അദ്ദേഹത്തിന് ഇതുവരെ കഴിയാത്തത് സമ്മർദ്ദം കൊണ്ടാണെന്ന് കൈഫ് പറഞ്ഞു.

“ഗൗതം ഗംഭീറും കെ എൽ രാഹുലും പൂരന് കളിക്കാൻ സ്വാതന്ത്ര്യം നൽകണം. കാരണം ഇത്തരമൊരു കളിക്കാരനെ ഒരു പരിധിക്കപ്പുറം പിടിച്ചു വെക്കാൻ കഴിയില്ല. അവം നിങ്ങളെ എല്ലാ മത്സരങ്ങളിലും വിജയിപ്പിക്കുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല,” കൈഫ് പറഞ്ഞു.

“14-15 ലീഗ് മത്സരങ്ങൾ അവൻ കളിക്കുകയാണ്, 4-5 മത്സരങ്ങൾ എങ്കിലും അവൻ ലഖ്‌നൗവിനെ ജയിപ്പിച്ചാൽ മതി, ഓരോ തവണയും പൂരനെപ്പോലുള്ള ഒരു കളിക്കാരൻ തന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ അവൻ നിരാഷപ്പെടുത്തി എന്ന് നമ്മൾക്ക് തോന്നും എന്നും അത്ര വലിയ താരമാണ് പൂരൻ എന്നും കൈഫ് പറഞ്ഞു.

എലിമിനേറ്ററിൽ എംഐ എമിറേറ്റ്സിന് വിജയം

ഐഎൽടി20യിൽ എലിമിനേറ്ററിൽ വിജയം നേടി എംഐ എമിറേറ്റ്സ്. ദുബായ് ക്യാപിറ്റൽസിനെതിരെ 8 വിക്കറ്റ് വിജയം ആണ് എംഐ എമിറേറ്റ്സിന് സ്വന്തമാക്കാനായത്. ആദ്യം ബാറ്റ് ചെയ്ത ദുബായ് ക്യാപിറ്റൽസ് 151/5 എന്ന സ്കോറാണ് നേടിയത്.

ജോ‍ർജ്ജ് മുന്‍സി(51), സിക്കന്ദര്‍ റാസ(38), റോവ്മന്‍ പവൽ(30) എന്നിവരാണ് ദുബായ് ക്യാപിറ്റൽസിന് വേണ്ടി തിളങ്ങിയത്. എംഐ എമിറേറ്റ്സിന് വേണ്ടി ട്രെന്റ് ബോള്‍ട്ടും റഷീദ് ഖാനും 2 വിക്കറ്റ് ആണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ എംഐ എമിറേറ്റ്സിന് വേണ്ടി ആന്‍ഡ്രേ ഫ്ലെച്ചര്‍ 45 പന്തിൽ 68 റൺസും നിക്കോളസ് പൂരന്‍ 36 പന്തിൽ 66 റൺസും നേടിയാണ് എംഐയുടെ അനായാസ വിജയം നേടിക്കൊടുത്തത്.

16.4 ഓവറിൽ ആണ് എംഐ എമിറേറ്റ്സിന്റെ വിജയം.

ഫോം ഔട്ട് ഒന്നും ആര്‍ക്കും പ്രശ്നമല്ല!!! നിക്കോളസ് പൂരന് വേണ്ടി കോടികളിറക്കി ഫ്രാ‍ഞ്ചൈസികള്‍ , ഒടുവിൽ 16 കോടിയ്ക്ക് ലക്നൗവിലേക്ക്

വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ താരം നിക്കോളസ് പൂരന് വേണ്ടി ലേല യുദ്ധത്തിന് ഇറങ്ങി ഫ്രാഞ്ചൈസികള്‍. 16 കോടി രൂപയ്ക്കാണ് ലക്നൗ താരത്തെ സ്വന്തമാക്കിയത്.

രാജസ്ഥാനും ചെന്നൈയും പൂരനായി ആദ്യം രംഗത്തെത്തിയപ്പോള്‍ ചെന്നൈയുടെ കൈയ്യിലെ പണം തികയാതെ വന്നപ്പോള്‍ ഡൽഹി പൂരനായി രംഗത്തെത്തി. രാജസ്ഥാന്‍ രംഗത്ത് നിന്ന് പിന്മാറിയപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് താരത്തിനായി രംഗത്ത് വന്നു.

അടിസ്ഥാന വില 2 കോടിയായിരുനന് പൂരനെ ഡൽഹിയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ലക്നൗ സ്വന്തമാക്കിയത്.

വിന്‍ഡീസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് നിക്കോളസ് പൂരന്‍

വെസ്റ്റിന്‍ഡീസ് പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് നിക്കോളസ് പൂരന്‍. ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ടീം ആദ്യ റൗണ്ട് പോലും കടക്കാതെ പുറത്തായതോടെയാണ് താരം ഈ തീരുമാനം എടുത്തത്.

കൈറൺ പൊള്ളാര്‍ഡിന്റെ അഭാവത്തിൽ ടീമിനെ നയിച്ച് തുടങ്ങിയ പൂരന്‍ മേയ് 2022ൽ പൊള്ളാര്‍ഡ് റിട്ടയര്‍ ആയ ശേഷം ആണ് സ്ഥിരം ക്യാപ്റ്റനായി ചുമതലയേൽക്കുന്നത്. 17 ഏകദിനങ്ങളിൽ വെറും നാല് എണ്ണത്തിലും 23 ടി20 മത്സരങ്ങളിൽ എട്ട് എണ്ണത്തിലും മാത്രമാണ് പൂരന്റെ കീഴിൽ വിന്‍ഡീസ് വിജയത്തിലേക്ക് എത്തിയത്.

ടി20 ലോകകപ്പിൽ സ്കോട്ലാന്‍ഡിനോടും അയര്‍ലണ്ടിനോടും പരാജയം ഏറ്റുവാങ്ങിയ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നില്ല.

പൂരൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻസി ഒഴിഞ്ഞു

വെസ്റ്റിൻഡീസ് വൈറ്റ് ബോൾ ക്യാപ്റ്റൻസി സ്ഥാനം നിക്ലസ് പൂരൻ ഒഴിഞ്ഞു. ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. അതാണ് പൂരൻ ക്യാപ്റ്റൻസി ഒഴിയാനുള്ള കാരണം. ഈ വർഷം മെയ് മാസത്തിൽ കീറൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ ആയിരുന്നു പൂരനെ മുഴുവൻ സമയ വൈറ്റ് ബോൾ ക്യാപ്റ്റനായി വെസ്റ്റിൻഡീസ് നിയമിച്ചത്.

ഗ്രൂപ്പ് ബിയിൽ ഏറ്റവും താഴെയായി ഫിനിഷ് ചെയ്താണ് വെസ്റ്റിൻഡീസ് പുറത്തായത്‌. പൂരന് കീഴിൽ ബിലാറ്ററൽ സീരീസിലും വെസ്റ്റിൻഡീസിന് പരാജയം ആയിരുന്നു നേരിടേണ്ടി വന്നത്‌.

ടി20 ലോകകപ്പിലെ വലിയ നിരാശയ്ക്ക് ശേഷം ഞാൻ ക്യാപ്റ്റൻസിയെക്കുറിച്ച് വളരെയധികം ചിന്തിച്ചിട്ടുണ്ട്. വളരെ അഭിമാനത്തോടെയും അർപ്പണബോധത്തോടെയും ഞാൻ ആ റോൾ ഏറ്റെടുത്തു. തികച്ചും എല്ലാം ഞാൻ ടീമിനായി നൽകി എന്നും പൂരൻ ക്യാപ്റ്റൻസി ഒഴിഞ്ഞു കൊണ്ട് പറഞ്ഞു.

വില്യംസണും പൂരനും പുറത്തേക്ക്, കൈ നിറയെ പണവുമായി സൺറൈസേഴ്സ് ലേലത്തിന്

വമ്പന്‍ താരങ്ങളായ കെയിന്‍ വില്യംസണിനെയും നിക്കോളസ് പൂരനെയും റിലീസ് ചെയ്ത് സൺറൈസേഴ്സ്. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തിന് ഫ്രാഞ്ചൈസിയുടെ കൈവശം മികച്ച തുകയാകും ഉണ്ടാകുക. ഇവരെ കൂടാതെ റൊമാരിയോ ഷെപ്പേര്‍ഡും ഷോൺ അബോട്ടും ആണ് പുറത്ത് പോകുന്ന മറ്റു വിദേശ താരങ്ങള്‍.

അതേ സമയം പ്രിയം ഗാര്‍ഗ്, ജഗദീഷ സുചിത്, വിഷ്ണു വിനോദ്, ശ്രേയസ്സ് ഗോപാൽ , ശശാങ്ക് സിംഗ്, രവികുമാര്‍ സമര്‍ത്ഥ്, സൗരഭ് ഡുബേ എന്നീ പ്രാദേശിക താരങ്ങളും ടീമിന് പുറത്തേക്ക് പോകുന്നു.

 

5 വിക്കറ്റ് വിജയം ന്യൂസിലാണ്ടിന്, പരമ്പരയും സ്വന്തം

വെസ്റ്റിന്‍ഡീസിനെതിരെ അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. വിജയത്തോടെ ന്യൂസിലാണ്ടിന് ഏകദിന പരമ്പര സ്വന്തമാക്കുവാനായി. കൈൽ മയേഴ്സ് നേടിയ 105 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 301/8 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. വിജയത്തോടെ 2-1ന് ന്യൂസിലാണ്ട് ഏകദിന പരമ്പര സ്വന്തമാക്കി.

നിക്കോളസ് പൂരന്‍ 91 റൺസും ഷായി ഹോപ് 51 റൺസും നേടിയപ്പോള്‍ മത്സരത്തിൽ വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ മികച്ച് നിന്നു. 181/2 എന്ന നിലയിൽ നിന്ന് വിന്‍ഡീസിനെ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിക്കോളസ് പൂരന്റെ ക്രീസിൽ നിന്ന് ടീമിനെ 280 റൺസിലേക്ക് എത്തിച്ചു. 6 പന്തിൽ 20 റൺസ് നേടിയ അൽസാരി ജോസഫ് ആണ് ടീമിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി.

ന്യൂസിലാണ്ട് നിരയിൽ നാല് താരങ്ങളാണ് അര്‍ദ്ധ ശതകം നേടിയത്. 47.1 ഓവറിലാണ് ടീമിന്റെ വിജയം. ടോം ലാഥം 69 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാരിൽ മിച്ചൽ 49 പന്തിൽ നിന്ന് 63 റൺസ് നേടി. മാര്‍ട്ടിന്‍ ഗപ്ടിൽ 54 റൺസും ഡെവൺ കോൺവേ 56 റൺസും നേടി മികച്ച് നിന്നു.

11 പന്തിൽ 34 റൺസ് നേടിയ ജെയിംസ് നീഷത്തിന്റെ കനത്ത പ്രഹരങ്ങള്‍ വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പുറത്താകാതെ നിന്ന നീഷം 4 സിക്സുകളാണ് നേടിയത്.

എംഐ എമിറേറ്റ്സിനായി കളിക്കുവാന്‍ പൊള്ളാര്‍ഡ് എത്തുന്നു, ഡ്വെയിന്‍ ബ്രാവോയും നിക്കോളസ് പൂരനും ടീമിൽ

മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യുഎഇ ഐഎൽടി20 ഫ്രാഞ്ചൈസിയിലേക്ക് മൂന്ന് വിന്‍ഡീസ് താരങ്ങള്‍. മുംബൈ ഇന്ത്യന്‍സിൽ കളിക്കുന്ന കീറൺ പൊള്ളാര്‍ഡ്, ഡ്വെയിന്‍ ബ്രാവോ, നിക്കോളസ് പൂരന്‍ എന്നിവരെയാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഫ്രാഞ്ചൈസിയ്ക്ക് എംഐ എമിറേറ്റ്സ് എന്നാണ് പേര് എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്.

 

Story Highlights: MI Emirates signs Kieron Pollard, Nicholas Pooran, Dwayne Bravo

തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നില്ല – നിക്കോളസ് പൂരന്‍

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പര 1-4ന് പരാജയപ്പെട്ട വെസ്റ്റിന്‍ഡീസിന്റെ പ്രശ്നം ടീം തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്നതാണെന്ന് പറഞ്ഞ് നിക്കോളസ് പൂരന്‍. മികച്ച ടീമുകള്‍ക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ ടീമിന് സാധിക്കുന്നില്ലെന്നും ബാറ്റിംഗിലും ബൗളിംഗിലും ടീം പരാജയപ്പെടുകയാണെന്നും പൂരന്‍ വ്യക്തമാക്കി.

ഈ തോൽവികളിൽ നിന്നെങ്കിലും ടീമിന് പാഠം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പൂരന്‍ പറഞ്ഞു. ലോകകപ്പിന്റെ സമയത്തേക്ക് ടീമിന് കാര്യങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നാണ് കരുതുന്നതെന്നും നിക്കോളസ് പൂരന്‍ സൂചിപ്പിച്ചു.

Exit mobile version