മേജർ ലീഗ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഫിൻ അലൻ; 51 പന്തിൽ 151 റൺസ്! 19 സിക്സുകൾ


2025 മേജർ ലീഗ് ക്രിക്കറ്റ് (MLC) സീസൺ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലൻ 51 പന്തിൽ നിന്ന് 151 റൺസ് നേടി ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ചു. ഓക്ക്‌ലാൻഡിൽ വാഷിംഗ്ടൺ ഫ്രീഡത്തിനെതിരെ സാൻ ഫ്രാൻസിസ്കോ യൂണികോൺസിനായി കളിച്ച അലന്റെ ഇന്നിംഗ്സ് നിരവധി റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തു.


19 തവണ പന്ത് അതിർത്തിക്ക് പുറത്തേക്ക് പറത്തി. ഒരു ടി20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (19) നേടുന്ന താരമെന്ന റെക്കോർഡ് ഇതോടെ അലന്റെ പേരിലായി. 2024-ൽ സഹിൽ ചൗഹാൻ സ്ഥാപിച്ച 18 സിക്സറുകളുടെ റെക്കോർഡാണ് അദ്ദേഹം തിരുത്തിയത്. കൂടാതെ അഞ്ച് ബൗണ്ടറികളും അദ്ദേഹം നേടി, ക്രീസിലുണ്ടായിരുന്ന സമയം മുഴുവൻ 300-നടുത്ത് സ്ട്രൈക്ക് റേറ്റ് നിലനിർത്തുകയും ചെയ്തു.


പവർപ്ലേയിൽ തന്നെ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് വെടിക്കെട്ട് തുടക്കമിട്ടു. സഹ ന്യൂസിലൻഡ് താരങ്ങളായ ബെൻ സിയേഴ്സിനെയും രചിൻ രവീന്ദ്രയെയും അദ്ദേഹം അനായാസം നേരിട്ടു. വെറും 20 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച അലൻ, 34 പന്തിൽ സെഞ്ച്വറിയും നേടി, MLC ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡ് സ്ഥാപിച്ചു.

പിന്നീട് 49 പന്തിൽ 150 റൺസിലെത്തി, 52 പന്തിൽ 150 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്റെ മുൻ ടി20 ലോക റെക്കോർഡ് അദ്ദേഹം തകർത്തു.
അലന്റെ വീരോചിതമായ പ്രകടനം യൂണികോൺസിനെ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിക്കാൻ സഹായിച്ചു. 18-ാം ഓവറിൽ അദ്ദേഹം പുറത്തായെങ്കിലും, അപ്പോഴേക്കും അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തിയിരുന്നു.

വാഷിംഗ്ടൺ ഫ്രീഡം റിക്കി പോണ്ടിംഗിനെ പരിശീലകനായി എത്തിച്ചു

മേജർ ലീഗ് ക്രിക്കറ്റിൻ്റെ വരാനിരിക്കുന്ന എഡിഷനായി ഓസ്‌ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ മുഖ്യ പരിശീലകനായി വാഷിംഗ്ടൺ ഫ്രീഡം നിയമിച്ചു. കഴിഞ്ഞ വർഷത്തെ ഉദ്ഘാടന സീസണിൽ ഗ്രെഗ് ഷിപ്പേർഡ് ആയിരുന്നു അവരെ നയിച്ചിരുന്നത്. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിനാലാണ് പോണ്ടിംഗിനെ പരിശീലകനായി എത്തിച്ചത്.

ബിഗ് ബാഷ് ലീഗിലെ (ബിബിഎൽ) സിഡ്‌നി സിക്‌സേഴ്‌സിൻ്റെ പരിശീലകൻ കൂടിയായ ഷിപ്പർഡ്, ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഫ്രീഡത്തിൻ്റെ പരിശീലക സ്ഥാനം രാജിവച്ചത്.

“2024-ൽ വാഷിംഗ്ടൺ ഫ്രീഡത്തിൽ ചേരുന്നതിൽ ഞാൻ അത്യധികം ആവേശത്തിലാണ്. യുഎസിൽ ക്രിക്കറ്റ് ശരിക്കും വർദ്ധിച്ചുവരികയാണ്, മേജർ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കാൻ ഞാൻ കാത്തിരിക്കുകയാണ്,” പോണ്ടിംഗ് നിയമനത്തെ കുറിച്ച് പറഞ്ഞു.

മേജർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ നിക്ലസ് പൂരന്റെ വെടിക്കെട്ട്!! 40 പന്തിൽ സെഞ്ച്വറി

മേജർ ലീഗ് ക്രിക്കറ്റ് കിരീടം എം ഐ ന്യൂയോർക്ക് സ്വന്തമാക്കി. സിയാറ്റിൽ ഓർക്കാസിനെതിരെ 7 വിക്കറ്റ് വിജയമാണ് MI ന്യൂയോർക്ക് ഇന്ന് നേടിയത്‌. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിയാറ്റിൽ ഓർക്കാസ് നിശ്ചിത 20 ഓവറിൽ 183-9 എന്ന മികച്ച സ്‌കോറാണ് നേടിയത്. 52 പന്തിൽ 87 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിന്റെ മിന്നുന്ന പ്രകടനവും 16 പന്തിൽ നിന്ന് 29 റൺസെടുത്ത ശുഭം രഞ്ജന്റെ മികച്ച പ്രകടനവും അവരുടെ ബാറ്റിങിനെ സഹായിച്ചു.

എംഐ ന്യൂയോർക്കിന്റെ ബൗളിംഗ് ആക്രമണം നയിച്ചത് റാഷിദ് ഖാനും ട്രെന്റ് ബോൾട്ടും ആയിരുന്നു, ഇരുവരും യഥാക്രമം 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ, MI ന്യൂയോർക്ക് തുടക്കം മുതൽ പവർ ഹിറ്റിംഗ് നടത്തുകയായിരുന്നു‌.

വെറും 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ നിക്കോളാസ് പൂരൻ, വെറും 55 പന്തിൽ 137 റൺസ് നേടി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 16 പന്തിൽ 50 പൂർത്തിയാക്കിയ പൂരൻ 40 പന്തിൽ സെഞ്ച്വറിയും നേടി. ഒരു ഫ്രാഞ്ചൈസി ടി20 ലീഗിലെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയി ഇത്. 13 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്സ്. ഡെവാൾഡ് ബ്രെവിസ് 18 പന്തിൽ 20 റൺസ് നേടി വിജയത്തിൽ പങ്കുവെഹിച്ചു.

MI ന്യൂയോർക്കിന് വിജയം, ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സ് 50 റൺസിന് ഓളൗട്ട്

മേജർ ക്രിക്കറ്റ് ലീഗ് 2023 ലെ ആവേശകരമായ പോരാട്ടത്തിൽ, ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സിനെ 105 റൺസിന് തോൽപ്പിച്ച് എംഐ ന്യൂയോർക്ക്. ടൂർണമെന്റിന്റെ ആറാം മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് MIയെ സഹായിച്ചത്. ആദ്യം ബാറ്റു ചെയ്ത് എം ഐ ന്യൂയോർക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന ഭേദപ്പെട്ട സ്‌കോറാണ് എടുത്തത്‌.

വെറും 21 പന്തിൽ നിന്ന് 48 റൺസ് നേടി ടിം ഡേവിഡ് ഇന്നിംഗ്സാണ് അവർക്ക് കരുത്തായത്. 37 പന്തിൽ നിന്ന് വിലപ്പെട്ട 38 റൺസ് നേടിയ പൂരനും മികച്ച പ്രകടനം കാഴ്ചവെച്ചു. കോൺ ഡ്രൈയും 2/10, ആദം സാമ്പയും 2/25 നൈറ്റ് റൈഡേഴ്സിബായി ബൗളു കൊണ്ട് തിളങ്ങി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് ഓർഡർ തുടക്കത്തിൽ തന്നെ തകർന്നു. വെറും 13.5 ഓവറിൽ 50 റൺസിന് അവർ പുറത്തായി. 26 പന്തിൽ 26 റൺസ് നേടിയ ഉൻമുക്ത് ചന്ദ് മാത്രമാണ് നൈറ്റ് റൈഡേഴ്സിന് വേണ്ടി തിളങ്ങിയത്. എഹ്‌സാൻ ആദിലും നോസ്തുഷ് കെൻജിഗെയും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

അമ്പാട്ടി റായിഡു മേജർ ലീഗ് ക്രിക്കറ്റിൽ സൂപ്പർ കിംഗ്സിനായി കളിക്കും

മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായിഡു അമേരിക്കയിൽ ടി20 ലീഗിൽ കളിക്കും. ജൂലൈ 14 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ആരംഭിക്കുന്ന മേജർ ലീഗ് ക്രിക്കറ്റിന്റെ (എംഎൽസി) ഉദ്ഘാടന പതിപ്പിൽ ടെക്സസ് സൂപ്പർ കിംഗ്സിനായാകും അമൊആട്ടി റായിഡു കളിക്കുക. അമ്പാട്ടി റായിഡു ഇതോടെ സീനിയർ ലെവലിൽ ഇന്ത്യക്കായി കളിച്ച, മേജർ ലീഗ് ക്രിക്കറ്റിൽ ഇടംപിടിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി മാറി.

ഡ്വെയ്ൻ ബ്രാവോ, ഡേവിഡ് മില്ലർ, ന്യൂസിലൻഡ് താരങ്ങളായ ഡെവൺ കോൺവേ, മിച്ചൽ സാന്റ്നർ എന്നിവരും ടെക്‌സസ് സൂപ്പർ കിംഗ്‌സിനായി അണിനിരക്കും. ചെന്നൈ സൂപ്പർ കിംഗ്‌സ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥരുടെ ഉടമസ്ഥതയിലുള്ള ടീമാണ് ടെക്‌സാസ് സൂപ്പർ കിംഗ്‌സ്. ജൂലൈ 14 മുതൽ 31 വരെ 2 വേദികളിലായി നടക്കുന്ന എംഎൽസിയുടെ ഉദ്ഘാടന പതിപ്പിൽ 6 ടീമുകൾ ആണ് കളിക്കുന്നത്.

പാക്കിസ്ഥാന്‍ താരം മേജര്‍ ക്രിക്കറ്റ് ലീഗിലേക്ക്, ലക്ഷ്യം യുഎസ് ദേശീയ ടീം

പാക്കിസ്ഥാന്‍ ടെസ്റ്റ്, ഏകദിന ഓപ്പണറായി കളിച്ചിട്ടുള്ള സമി ഇസ്ലാം അമേരിക്കയിലേക്ക് കൂടുമാറുവാനുള്ള ശ്രമം ആരംഭിച്ചു. മേജര്‍ ക്രിക്കറ്റ് ലീഗുമായി താരം കരാറിലും എത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ കാര്യമായ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. ഇതോടെ താരം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഖ്വൈദ്-ഇ-ആസം ട്രോഫിയില്‍ കളിക്കില്ല എന്നാണ് അറിയുന്നത്.

25 വയസ്സുള്ള പാക് താരം രാജ്യത്തിനെ നാല് ഏകദിനങ്ങളിലും 13 ടെസ്റ്റ് മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 2018ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് താരം അവസാനമാകി പാക്കിസ്ഥാന് വേണ്ടി കളിച്ചത്. ഇംഗ്ലണ്ട്, ഇന്ത്യ അണ്ടര്‍ 19 ടീമുകള്‍ക്കെതിരെ നിരവധി ശതകങ്ങളുമായി തുടങ്ങിയ താരം എന്നാല്‍ ആ മികവ് സീനിയര്‍ ടീമില്‍ പുറത്തെടുത്തില്ല.

2015ല്‍ ബംഗ്ലാദേശിനെതിരെയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇരട്ട അര്‍ദ്ധ ശതകം നേടി മികച്ച രീതിയിലാണ് താരം തുടങ്ങിയത്, ന്യൂസിലാണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും മികച്ച പ്രകടനം നടത്തിയ താരത്തിന് എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ പരാജയം നേരിട്ടതോടെ ടീമിലെ സ്ഥാനം നഷ്ടമായി.

Exit mobile version