മുനാഫ് പട്ടേൽ ഡൽഹി ക്യാപിറ്റൽസിന്റെ ബൗളിംഗ് പരിശീലകനായി നിയമിതനായി

വരാനിരിക്കുന്ന ഐപിഎൽ 2025 സീസണിനുള്ള തയ്യാറെടുപ്പിനായി, ഡൽഹി ക്യാപിറ്റൽസ് മുൻ ഇന്ത്യൻ പേസറും 2011 ലോകകപ്പ് ജേതാവുമായ മുനാഫ് പട്ടേലിനെ ബൗളിംഗ് പരിശീലകനായി നിയമിച്ചു. 2018-ൽ മത്സര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുനാഫിൻ്റെ കോച്ചിംഗിലെ ആദ്യ പ്രധാന ദൗത്യമാകും ഇത്. ഡൽഹി ക്യാപിറ്റൽസ് ഹേമാംഗ് ബദാനിയെ മുഖ്യ പരിശീലകനായും വേണുഗോപാൽ റാവുവിനെ ക്രിക്കറ്റ് ഡയറക്ടറായും അടുത്തിടെ നിയമിച്ചിരുന്നു.

റിക്കി പോണ്ടിംഗിനൊപ്പം ക്ലബ് വിട്ട മുൻ പരിശീലകൻ ജെയിംസ് ഹോപ്‌സിന് പകരമാണ് മുനാഫ് എത്തുന്നത്.

മുനാഫ് ഏകദിനത്തിൽ 4.95 ഇക്കോണമി റേറ്റിൽ 86 വിക്കറ്റുകൾ ഇന്ത്യക്ക് ആയി വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിൽ, ഗുജറാത്ത് ലയൺസ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഫ്രാഞ്ചൈസികൾക്കായി കളിച്ചു, 7.51 ഇക്കോണമിയിൽ 74 വിക്കറ്റുകൾ നേടി.

കരിയറിന് ശേഷം ശ്രമിച്ച ബിസിനസ്സുകളെല്ലാം പരാജയം, എന്നാല്‍ അക്കാഡമിയില്‍ നിന്ന് അന്താരാഷ്ട്ര താരങ്ങളുണ്ടായി

തന്റെ കരിയറിന് വിരാമമിട്ട ശേഷം താന്‍ നടത്തിയ ബിസിനസ്സുകളെല്ലാം വമ്പന്‍ പരാജയമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. താന്‍ ആദ്യം ഒരു സ്പോര്‍ട്സ് ഷോപ്പ് തുടങ്ങിയെങ്കിലും അത് പരാജയമായി മാറുകയായിരുന്നുവെന്നും പിന്നീട് താന്‍ യുണൈറ്റഡ് കളേഴ്സ് ഓഫ് ബെന്നേടണ്‍ ഗാര്‍മെന്റ് സ്റ്റോര്‍ തുറക്കുകയുണ്ടായി എന്നും മോറെ പറഞ്ഞു.

2000ത്തിന്റെ തുടക്കത്തില്‍ തനിക്ക് ഫോര്‍മ എന്ന പേരില്‍ ക്രിക്കറ്റ് ഹെല്‍മെറ്റ് ഉണ്ടാക്കുന്ന കടയുണ്ടായിരുന്നു എന്നാല്‍ പിന്നീട് അതും താന്‍ വില്‍ക്കേണ്ടി വന്നുവെന്ന് മോറെ പറഞ്ഞു. പക്ഷേ ഇതൊക്കെയാണെങ്കില്‍ താന്‍ തന്റെ അക്കാഡമിയ്ക്കായി ചെലവഴിച്ച സമയത്തെ ഓര്‍ത്ത് സന്തോഷിക്കുന്നുണ്ടെന്നും 24 വര്‍ഷത്തോളം അത് നടത്തിക്കൊണ്ട് പോയെന്നും മോറെ വ്യക്തമാക്കി.

അക്കാഡമിയിലെ കോച്ചുകളുടെ മികവിന്റെ ഫലമായി ഒട്ടേറെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റര്‍മാരും മുനാഫ് പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിങ്ങനെയുള്ള അന്താരാഷ്ട്ര താരങ്ങളും തന്റെ അക്കാഡമിയില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ടെന്നും മോറെ സൂചിപ്പിച്ചു.

20 ഡോട്ട് ബോളുകള്‍, പുതു ചരിത്രം സൃഷ്ടിച്ച് ദീപക് ചഹാര്‍

ഐപിഎലില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം ഡോട്ട് ബോളുകള്‍ എറിയുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ദീപക് ചഹാര്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൂന്ന് വിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയപ്പോള്‍ ചഹാര്‍ തന്റെ 24 പന്തില്‍ 20 എണ്ണം ഡോട്ട് ബോളുകളാക്കി മാറ്റിയിരുന്നു. 20 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. ഇതില്‍ ആദ്യ ഓവറില്‍ ഓവര്‍ത്രോ വഴി വഴങ്ങിയ 4 റണ്‍സ് ഉള്‍പ്പെടുന്നു. തന്റെ രണ്ടാം ഓവറില്‍ ഒരു വൈഡാണ് താരം വഴങ്ങിയത്. മൂന്നാം ഓവറില്‍ റോബിന്‍ ഉത്തപ്പ രണ്ട് ബൗണ്ടറി നേടിയപ്പോള്‍ അവസാന ഓവറില്‍ ആന്‍ഡ്രേ റസ്സല്‍ ഒരു സിക്സ് നേടി.

ആശിഷ് നെഹ്റയും ഫിഡെല്‍ എഡ്വേര്‍ഡ്സും മുനാഫ് പട്ടേലുമാണ് മുമ്പ് ഈ റെക്കോര്‍ഡ് പങ്കിട്ടിരുന്നത്. 19 ഡോട്ട് ബോളുകളായിരുന്നു ഇരു താരങ്ങളും തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പ്രകടനത്തില്‍ എറിഞ്ഞത്. നെഹ്റ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മുനാഫ് പട്ടേല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും 2009ല്‍ ആണ് ഈ ബൗളിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തത്. ഫിഡെല്‍ എഡ്വേര്‍ഡ്സും 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടി 19 ഡോട്ട് ബോളുകള്‍ എറിഞ്ഞിരുന്നു. അന്ന് തന്റെ നാലോവര്‍ സ്പെല്ലില്‍ ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 6 റണ്‍സ് മാത്രമാണ് എഡ്വേര്‍ഡ്സ് വിട്ട് നല്‍കിയത്.

4 ഓവറില്‍ വിജയം കുറിച്ച് രാജ്പുത്‍സ്, 16 പന്തില്‍ 74 റണ്‍സുമായി മുഹമ്മദ് ഷെഹ്സാദ്

ടി10 ലീഗിന്റെ രണ്ടാം സീസണിനു ആവേശകരമായ തുടക്കം. ഷെയിന്‍ വാട്സന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 94 റണ്‍സ് നേടിയ സിന്ധീസിന്റെ സ്കോര്‍ വെറും നാലോവറില്‍ മറികടന്ന് രാജ്പുത്‍സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിന്റെ തുടക്കം ആവേശകരമാക്കി മാറ്റുകയായിരുന്നു. 16 പന്തില്‍ നിന്ന് 74 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷെഹ്സാദും 8 പന്തില്‍ 21 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലവുമാണ് ടീമിനെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷെഹ്സാദ് തന്റെ അടുത്ത നാല് പന്തില്‍ നിന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സിലേക്കും ടീമിനെ വിജയത്തിലേക്കും നയിച്ചത്. 6 ഫോറും 8 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ ഷെഹ്സാദ് നേടിയത്. 462.50 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 20 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും സഹിതം 42 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി രാജ്പുത്‍സിനായി തിളങ്ങി.

മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് മുനാഫ് പട്ടേല്‍. ഇന്ത്യയ്ക്കായി മാര്‍ച്ച് 2006ല്‍ ഇംഗ്ലണ്ടിനെതിരെ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ താരം 2011 ലോകകപ്പ് ജേതാക്കളായ സ്ക്വാഡില്‍ അംഗമായിരുന്നു. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളിലും 70 ഏകദിനങ്ങളിലും 3 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ മുനാഫ് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് 125 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. മുംബൈ, മഹാരാഷ്ട്,ര ബറോഡ, ഗുജറാത്ത് എന്നിവര്‍ക്കായി പ്രാദേശിക ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനും മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നിവര്‍ക്കായും താരം കളിയ്ക്കുകയുണ്ടായി. കാര്‍‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു മുനാഫിന്റെ അവസാന മത്സരവും. ദുബായിയില്‍ നടക്കുന്ന ടി10 ലീഗില്‍ താന്‍ കളിയ്ക്കുമെന്നറിയിച്ച താരം അതിനു ശേഷം കോച്ചായി ക്രിക്കറ്റില്‍ തുടരുവാന്‍ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

Exit mobile version