നമീബിയയും സിംബാബ്‌വെയും ടി20 ലോകകപ്പ് യോഗ്യത നേടി


ഹരാരെ: 2026-ലെ പുരുഷന്മാരുടെ ട്വന്റി20 ലോകകപ്പിന് നമീബിയയും സിംബാബ്‌വെയും യോഗ്യത നേടി. 2025 ഒക്ടോബർ 2-ന് ഹരാരെയിൽ നടന്ന ഐസിസി ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിലെ ശ്രദ്ധേയമായ വിജയങ്ങളാണ് ഇരു ടീമുകൾക്കും ലോകകപ്പ് പ്രവേശനം ഉറപ്പിച്ചത്.


സിംബാബ്‌വെ ഏഴ് വിക്കറ്റിനാണ് കെനിയയെ പരാജയപ്പെടുത്തിയത്. ബ്രയാൻ ബെന്നറ്റിന്റെ വെറും 25 പന്തിൽ നിന്നുള്ള തകർപ്പൻ 51 റൺസും ബ്ലെസ്സിംഗ് മുസറബാനിയുടെ മികച്ച ബൗളിംഗ് പ്രകടനങ്ങളുമാണ് സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ചത്. ബ്രയാൻ ബെന്നറ്റും തടിവാനാഷെ മരുമാനിയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത് സിംബാബ്‌വെക്ക് മികച്ച തുടക്കം നൽകി. ഒരു ഓവറിൽ ആറ് തുടർച്ചയായ ബൗണ്ടറികളടക്കം നേടിയ ബെന്നറ്റ്, നിലവിൽ ടൂർണമെന്റിലെ ഉയർന്ന സ്കോറർമാരിൽ ഒരാളാണ്.


മറുവശത്ത്, നമീബിയ ടാൻസാനിയയെ 63 റൺസിന് തോൽപ്പിച്ച് ആധികാരിക വിജയം നേടി. ഓൾറൗണ്ടർ ജെജെ സ്മിത്തിൻ്റെ പ്രകടനമാണ് നമീബിയയുടെ വിജയത്തിൽ നിർണായകമായത്. ബാറ്റിംഗിൽ പുറത്താകാതെ 61 റൺസ് നേടിയ സ്മിത്ത്, ബൗളിംഗിൽ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. പവർപ്ലേയിൽ നാല് വിക്കറ്റ് നഷ്ടമായെങ്കിലും, ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും ജെജെ സ്മിത്തും ചേർന്നാണ് നമീബിയൻ ഇന്നിംഗ്‌സിനെ രക്ഷിക്കുകയും പിന്നീട് ആധിപത്യം സ്ഥാപിക്കുകയും ചെയ്തത്. ബൗളിംഗിലും തിളങ്ങിയ സ്മിത്ത് തുടക്കത്തിൽ തന്നെ പ്രധാന വിക്കറ്റുകൾ വീഴ്ത്തി ടാൻസാനിയയെ ലക്ഷ്യത്തിൽ നിന്ന് വളരെ അകലെ ഒതുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. നേരത്തെ നേരിട്ട് യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഈ രണ്ട് ടീമുകളും 2026 ലോകകപ്പിൽ ആഫ്രിക്കൻ പ്രതിനിധികളാകും.

5 ഓവറിലേക്ക് കളി ജയിച്ച് ഓസ്ട്രേലിയ സൂപ്പർ 8-ൽ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ നമീബിയയെ തകർത്ത് ഓസ്ട്രേലിയ. വെറും 5.4 ഓവറിലേക്ക് നമീബയെ തോൽപ്പിക്കാൻ ഓസ്ട്രേലിയക്ക് ആയി. നമീബിയ ഉയർത്തിയ 73 എന്ന വിജയലക്ഷ്യം 5.4 ഓവറിലേക്ക് ഓസ്ട്രേലിയ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്.

വാർണർ 8 പന്തിൽ 20 റൺസ് എടുത്ത പുറത്തായി. ഈ വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. ട്രാവിസ് ഹെഡ് 17 പന്തിൽ 34 റൺസ് എടുത്തും മിച്ചൽ മാർഷ് 9 പന്തിൽ 18 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത നമീബിയയെ 17 ഓവറിൽ 72 റൺസിന് ഓള്‍ഔട്ട് ആക്കാൻ ഓസ്ട്രേലിയക്ക് ആയി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ആഡം സംപയാണ് നാല് വിക്കറ്റുമായി മികച്ച് നിന്നത്. ജോഷ് ഹാസൽവുഡ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

36 റൺസ് നേടിയ നമീബിയയുടെ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എറാസ്മസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 10 റൺസ് നേടിയ മൈക്കൽ വാന്‍ ലിന്‍ഗെന്‍ ആണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ നേടിയത്. ടീം 72 റൺസ് നേടിയപ്പോള്‍ അതിൽ പകുതി സ്കോര്‍ നേടിയത് എറാസ്മസ് ആയിരുന്നു. 9ാം വിക്കറ്റായി ആണ് അദ്ദേഹം പുറത്തായത്.

T20 World Cup; സ്കോട്ട്‌ലൻഡ് ചരിത്രത്തിൽ ആദ്യമായി നമീബിയയെ തോൽപ്പിച്ചു

ലോകകപ്പിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സ്കോട്ലൻഡ് നമീബിയയെ പരാജയപ്പെടുത്തി. 6 വിക്കറ്റ് വിജയം ആണ് സ്കോട്ട്‌ലൻഡ് നേടിയത്. ഇതാദ്യമായാണ് സ്കോട്ട്‌ലൻഡ് നമീബിയയെ പരാജയപ്പെടുത്തുന്നത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത നമീബിയ 155 റൺസ് ആണ് എടുത്തത്. 31 പന്തിൽ നിന്ന് 52 റൺസ് നേടിയ ക്യാപ്റ്റൻ എറസ്മസ് മാത്രമാണ് നമീബിയക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്.

സ്കോട്ലൻഡിനായി വീൽ 3 വിക്കറ്റും ബ്രാഡ്ലി കറി രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ട്‌ലൻഡ് 18.3 ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 35 പന്തിൽ 47 റൺസുമായി ക്യാപ്റ്റൻ ബെരിങ്ടൺ പുറത്താകാതെ നിന്നു‌. മൈക്കിൾ ലെസ്ക് 17 പന്തിൽ നിന്ന് 35 റൺസും എടുത്തു.

T20 ലോകകപ്പ്; സൂപ്പർ ഓവറിൽ ഒമാനെ തോല്പ്പിച്ച് നമീബിയ

ലോകകപ്പിൽ പിറന്ന ആവേശകരമായ മത്സരത്തിൽ നമീബിയഒമാനെ തോൽപ്പിച്ചു. ഇന്ന് T20 ലോകകപ്പിൽ നടന്ന ഒമാനും നമിബിയയും തമ്മിലുള്ള മത്സരം സൂപ്പർ ഓവർ വരെ എത്തിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒമാന് 109 റൺസ് മാത്രമേ എടുക്കാൻ ആയിരുന്നുള്ളൂ. 34 റൺസ് എടുത്ത ഖാലിദ് കെയ്ലും 22 റൺസ് എടുത്ത സീഷാനും മാത്രമാണ് ഒമാനായി കുറച്ചെങ്കിലും ബാറ്റു കൊണ്ട് സംഭാവന നൽകിയത്.

ട്രമ്പിൽമാൻ നാലു വിക്കറ്റുകൾ നമീബിയക്ക് ആയി തിളങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. റൺസ് കണ്ടെത്താൻ അവർ ഏറെ പ്രയാസപ്പെട്ടു. ഫ്രൈലിങ്ക് 45 റൺസ് എടുത്തെങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല. അവസാനം ഒരു ഓവറിൽ അഞ്ച് റൺസായിരുന്നു നമീബിയക്ക് ജയിക്കാൻ വേണ്ടി വന്നിരുന്നത്. എന്നാൽ അവർക്ക് നാല് റൺസ് മാത്രമേ അവസാന ഓവറിൽ എടുക്കാനായുള്ളൂ. അവസാന പന്തൽ ജയിക്കാൻ 2 റൺ വേണ്ടപ്പോൾ ഒരു ബൈ ഓടിയാണ് കളി സൂപ്പർ ഓവറിൽ എത്തിയത്.

സൂപ്പർ ഓവറിൽ ആദ്യ ബാറ്റു ചെയ്ത നമീബിയ 4 പന്തിൽ 13 റൺസ് എടുത്ത വീസെയുടെ മികവിൽ 21 റൺസ് എടുത്തു. വീസ തന്നെയാണ് നമീബിയക്ക് ആയി ബൗളും ചെയ്തത്. വീസ തന്റെ ഓവറിൽ വെറും 10 റൺസ് മാത്രമാണ് വിട്ടു നൽകിയത്‌. ഇതോടെ സൂപ്പർ ഓവറിൽ നമീബിയ വിജയം ഉറപ്പിച്ചു.

ഐപിഎൽ താരം അടങ്ങുന്ന കര്‍ണ്ണാടക സംഘം നമീബിയയിലേക്ക്, അഞ്ച് ഏകദിനങ്ങളിൽ കളിക്കും

കര്‍ണ്ണാടകയെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ഹോസ്റ്റ് ചെയ്യുമെന്ന് അറിയിച്ച് നമീബിയ. ജൂൺ 2, 4, 7, 9, 11 തീയ്യതികളിലായി ആണ് മത്സരങ്ങള്‍ നടക്കുക. മേയ് 30ന് കര്‍ണ്ണാടക നമീബിയയിലേക്ക് യാത്രയായിട്ടുണ്ട്. കര്‍ണ്ണാടക ടീമിൽ സീനിയര്‍ , അണ്ടര്‍ 25, അണ്ടര്‍ 19 സ്ക്വാഡുകളിൽ നിന്നുള്ള താരങ്ങളാവും ഉണ്ടാകുക.

ഐപിഎലില്‍ ആര്‍സിബിയ്ക്കായി കളിച്ച വൈശാഖ് വിജയകുമാര്‍ ടീമിൽ ഉണ്ട്. ഓപ്പണര്‍ ആര്‍ സമര്‍ത്ഥ് ആവും ക്യാപ്റ്റനെന്നാണ് ലഭിയ്ക്കുന്ന വിവരം. ഏപ്രിലില്‍ കാനഡയ്ക്കെതിരെ 111 റൺസ് വിജയം നേടിയതാണ് നമീബിയയുടെ ഏറ്റവും അവസാനത്തെ മത്സരം.

കര്‍ണ്ണാടക: Samarth R, Vishal Onat, Nikin Jose, KV Siddharth, Kishan Bidare, Kruthik Krishna, Shubhang Hegde, Vyshak Vijaykumar, Vidwath Kaverappa, Aneeshwar Gautam, Lochan Appanna, Chetan LR, Aditya Goyal, Rishi Boppanna

നമീബിയയ്ക്കെതിരെ 2 വിക്കറ്റ് വിജയം നേടി നേപ്പാള്‍, വിജയ ശില്പിയായി കുശൽ ഭുര്‍ട്ടൽ

286 റൺസെന്ന നമീബിയ നൽകിയ ലക്ഷ്യം 14 പന്ത് ബാക്കി നിൽക്കേ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് നേപ്പാള്‍. 115 റൺസ് നേടിയ കുശൽ ഭുര്‍ട്ടലിന് പിന്തുണയായി 72 റൺസ് നേടിയ രോഹിത് പൗദേലും തിളങ്ങിയപ്പോള്‍ സുന്‍ദീപ് ജോറ(28) പുറത്താകാതെ 12 പന്തിൽ 20 റൺസ് നേടിയ കരൺ കെസി എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. നമീബിയയ്ക്കായി ബൗളിംഗിൽ റൂബന്‍ ട്രംപെൽമാനും ജാന്‍ നിക്കോള്‍ ലോഫ്ടി-ഈറ്റണും മൂന്ന് വീതം വിക്കറ്റ് നേടി. 47.4 ഓവറിലാണ് നേപ്പാളിന്റെ വിജയം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നമീബിയ മൈക്കൽ വാന്‍ ലിന്‍ഗന്‍ നേടിയ 133 റൺസിന്റെ ബലത്തിൽ ആണ് 285 റൺസിലേക്ക് എത്തിയത്. ഗെര്‍ഹാര്‍ഡ് എറാസ്മസ് 56 റൺസും 19 പന്തിൽ സെയിന്‍ ഗ്രീന്‍ 34 റൺസും നേടി നമീബിയയ്ക്കായി തിളങ്ങി.

അഞ്ച് വിക്കറ്റ് നേടിയ കരൺ കെസിയാണ് നേപ്പാളിനായി ബൗളിംഗിൽ തിളങ്ങിയത്.

നമീബിയന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് യുഎഇ, ശ്രീലങ്കയും നെതര്‍ലാണ്ട്സും സൂപ്പര്‍ 12ലേക്ക്

യുഎഇയുടെ നമീബിയയ്ക്കതിരെയുള്ള ഏഴ് റൺസ് വിജയത്തോടെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാനാകാതെ നമീബിയ പുറത്തായി. ഇന്ന് 149 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ നമീബിയയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ നേടാനായുള്ളു.

വിജയിച്ചാൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ 12ലേക്ക് കടക്കുവാന്‍ നമീബിയയ്ക്ക് സാധിക്കുമായിരുന്നുവെങ്കിലും ബാറ്റിംഗ് നിറം മങ്ങിയത് ടീമിന് തിരിച്ചടിയായി. 69/7 എന്ന നിലയിലേക്ക് വീണ ടീമിനെ ഡേവിഡ് വീസ് – റൂബന്‍ ട്രംപൽമാന്‍ കൂട്ടുകെട്ട് 70 റൺസ് എട്ടാം വിക്കറ്റിൽ നേടിയെങ്കിലും വിജയം ഉറപ്പിക്കുവാന്‍ ഇവര്‍ക്കായില്ല.

അവസാന ഓവറിൽ 14 റൺസ് വേണ്ട ഘട്ടത്തിൽ ഡേവിഡ് വീസിന് കൂറ്റനടികള്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. ഓവറിലെ നാലാം പന്തിൽ താരം പുറത്താകുമ്പോള്‍ 36 പന്തിൽ 55 റൺസായിരുന്നു വീസ് നേടിയത്. റൂബന്‍ 25 റൺസുമായി പുറത്താകാതെ നിന്നു.

യുഎഇയ്ക്കായി ബേസിൽ ഹമീദും സഹൂര്‍ ഖാനും 2 വിക്കറ്റ് നേടി.

യുഎഇയുടെ മലയാളി താരങ്ങള്‍ തിളങ്ങി!!! ജയിക്കുവാന്‍ നമീബിയയ്ക്ക് 149 റൺസ്

നമീബിയയ്ക്കെതിരെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ 148/3 എന്ന സ്കോര്‍ നേടി യുഎഇ. ക്യാപ്റ്റന്‍ സിപി റിസ്വാന്റെ 29 പന്തിൽ നിന്നുള്ള 43 റൺസ് പ്രകടനത്തിനൊപ്പം മറ്റൊരു മലയാളി താരമായ ബേസിൽ ഹമീദ് 14 പന്തിൽ 25 റൺസും നേടിയാണ് ടീമിന് അവസാന ഓവറുകളിൽ മികച്ച സ്കോര്‍ നേടുവാന്‍ സഹായിച്ചത്.

ഓപ്പണര്‍ മുഹമ്മദ് വസീം 41 പന്തിൽ 50 റൺസ് നേടി പുറത്താകുകയായിരുന്നു. ജയിച്ചാൽ നമീബിയയ്ക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാം. യുഎഇ വിജയിച്ചാൽ നെതര്‍ലാണ്ട്സ് ഗ്രൂപ്പ് ഘട്ടം കടക്കും.

നിലവിൽ ശ്രീലങ്ക ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും നമീബിയ മൂന്നാം സ്ഥാനത്തുമാണുള്ളത്. വിജയിച്ചാൽ റൺ റേറ്റിന്റെ ബലത്തിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാകുവാന്‍ നമീബിയയ്ക്ക് സാധിക്കും.

ലോ സ്കോറിംഗ് ത്രില്ലറിൽ നമീബിയയെ വീഴ്ത്തി നെതര്‍ലാണ്ട്സ്, രണ്ടാം വിജയം

ടി20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന മത്സരത്തിൽ നമീബിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് ജയം ആണ് ടീം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ 121/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 19.3 ഓവറിലാണ് നെതര്‍ലാണ്ട്സ് വിജയം കുറിച്ചത്.

43 റൺസ് നേടിയ ജാന്‍ ഫ്രൈലിങ്ക് മാത്രമാണ് നമീബിയന്‍ നിരയിൽ തിളങ്ങിയത്. മൈക്കൽ വാന്‍ ലിന്‍ഗന്‍ 20 റൺസും നേടി. നെതര്‍ലാണ്ട്സിന് വേണ്ടി ബാസ് ഡി ലീഡ് 2 വിക്കറ്റ് വീഴ്ത്തി.

ബാറ്റിംഗിലും ബാസ് നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്. പുറത്താകാതെ 30 റൺസ് നേടിയ ബാസിന് പുറമെ മാക്സ് ഒദൗദ്(35), വിക്രംജിത്ത് സിംഗ്(39) എന്നിവരാണ് നെതര്‍ലാണ്ട്സ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. നമീബിയയ്ക്കായി ജെജെ സ്മിട്ട് 2 വിക്കറ്റ് നേടി.

ടി20 ലോകകപ്പിന് അട്ടിമറിയോടെ തുടക്കം, ഏഷ്യന്‍ ചാമ്പ്യന്മാരെ വീഴ്ത്തി നമീബിയ

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ അട്ടിമറി വിജയവുമായി നമീബിയ. ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയെ 55 റൺസിന് കീഴടക്കിയാണ് ലോകകപ്പിന് ആവേശകരമായ തുടക്കം നമീബിയ കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത നമീബിയ 163/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 108 റൺസ് മാത്രമേ നേടാനായുള്ളു. 19 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

തുടക്കം പാളിയ ശ്രീലങ്ക 21/3 എന്ന നിലയിലേക്ക് വീണു. 12 റൺസ് നേടിയ ധനൻജയ ഡി സിൽവയുടെ വിക്കറ്റും ലങ്കയ്ക്ക് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡ് 40/4 എന്നായിരുന്നു. പിന്നീട് ഭാനുക രാജപക്സയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ചേര്‍ന്ന് ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.

പത്തോവര്‍ പിന്നിട്ടപ്പോള്‍ ശ്രീലങ്ക 72/4 എന്ന നിലയിലായിരുന്നു. പതിനൊന്നാം ഓവറിൽ 20 റൺസ് നേടിയ ഭാനുകയുടെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായതോടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 34 റൺസ് നേടി അവസാനിക്കുകയായിരുന്നു. ഷോള്‍ട്സ് ആയിരുന്നു വിക്കറ്റ് നേടിയത്.

വനിന്‍ഡു ഹസരംഗയെ തന്റെ അടുത്ത ഓവറിൽ പുറത്താക്കി ബെര്‍ണാര്‍ഡ് ഷോള്‍ട്സ് ശ്രീലങ്കയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. തൊട്ടടുത്ത ഓവറിൽ ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായ ഷനകയുടെ വിക്കറ്റ് ജാന്‍ ഫ്രൈലിങ്ക് നേടി. 29 റൺസാണ് ശ്രീലങ്കന്‍ നായകന്‍ നേടിയത്.

നമീബിയയ്ക്കായി ഡേവിഡ് വീസ്, ബെര്‍ണാര്‍ഡ് ഷോള്‍ട്സ്, ബെന്‍ ഷികോംഗോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

ഏഷ്യ കപ്പ് ജേതാക്കള്‍ക്കെതിരെ മികച്ച സ്കോര്‍ നേടി നമീബിയ

ലോകകപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി നമീബിയ. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നമീബിയ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്.

ജാന്‍ ഫ്രൈലിങ്ക് 28 പന്തിൽ 44 റൺസും ജെജെ സ്മിട്ട് 16 പന്തിൽ 31 റൺസ് നേടി പുറത്താകാതെയും നിന്നാണ് നമീബിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ 35/3 എന്ന നിലയിലേക്ക് ടീം തകര്‍ന്നിരുന്നു.

ലോഫ്ടി-ഈട്ടൺ(20), സ്റ്റെഫന്‍ ബാര്‍ഡ്(26), ജെര്‍ഹാര്‍ഡ് ഇറാസ്മസ്(20) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ശ്രീലങ്കയ്ക്കായി പ്രമോദ് മധുഷന്‍ രണ്ട് വിക്കറ്റ് നേടി.

പരിചയസമ്പന്നര്‍ നിറയെ, നമീബിയയുടെ ലോകകപ്പ് സ്ക്വാഡ് അറിയാം

2022 ടി20 ലോകകപ്പിനുള്ള നമീബിയയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. 16 അംഗ സംഘത്തിൽ പരിചയസമ്പന്നരായ ഒട്ടനവധി താരങ്ങള്‍ക്കും മൂന്ന് പുതുമുഖ താരങ്ങള്‍ക്കും നമീബിയ അവസരം നൽകുന്നുണ്ട്. ലോഹന്‍ ലൗറന്‍സ്, ദിവാന്‍ ല കോക്ക്, ടാന്‍ഗെനി ലുംഗാമെനി എന്നിവരാണ് പുതുമുഖക്കാര്‍.

2021ൽ ശ്രീലങ്ക, നെതര്‍ലാണ്ട്സ്, അയര്‍ലണ്ട് എന്നിവരുള്‍പ്പെടുന്ന റൗണ്ട് 1 ഗ്രൂപ്പിൽ നിന്ന് മികച്ച പ്രകടനം നടത്തി സൂപ്പര്‍ 12 ഘട്ടത്തിലക്ക് നമീബിയ കടന്നിരുന്നു.

ഇത്തവണ റൗണ്ട് 1 ഘട്ടത്തിൽ നമീബിയ ശ്രീലങ്ക, നെതര്‍ലാണ്ട്സ്, യുഎഇ എന്നിവര്‍ക്കൊപ്പമാണ് കളിക്കുന്നത്. ഒക്ടോബര്‍ 16ന് ശ്രീലങ്കയാണ് നമീബിയയുടെ ആദ്യ എതിരാളികള്‍. ഒക്ടോബര്‍ 18ന് നെതര്‍ലാണ്ട്സിനെയും ഒക്ടോബര്‍ 20ന് യുഎഇയിയെും ടീം നേരിടും.

സ്ക്വാഡ്: Gerhard Erasmus (c), JJ Smit, Divan la Cock, Stephen Baard, Nicol Loftie Eaton, Jan Frylinck, David Wiese, Ruben Trumpelmann, Zane Green, Bernard Scholtz, Tangeni Lungameni, Michael van Lingen, Ben Shikongo, Karl Birkenstock, Lohan Louwrens, Helao Ya France.

Exit mobile version