ചിലപ്പോള്‍ തോൽവികളിൽ നിന്ന് ആണ് കൂടുതൽ കാര്യം പഠിക്കാനാകുന്നത് – മോയിന്‍ അലി

ഇന്ത്യയ്ക്കെതിരെ ടെസ്റ്റിൽ വിജയം നേടാനായെങ്കിലും ടി20യിലും ഏകദിനത്തിലും ആ നേട്ടം ആവര്‍ത്തിക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. ടി20 പരമ്പര 2-1ന് ഇംഗ്ലണ്ട് കൈവിട്ടപ്പോള്‍ ആദ്യ ഏകദിനത്തിൽ കനത്ത പരാജയം ആണ് ഇംഗ്ലണ്ട് നേരിട്ടത്.

ഇംഗ്ലണ്ട് പരിഭ്രമിക്കേണ്ട കാര്യമോ എന്തെങ്കിലും മാറ്റം വരുത്തേണ്ട സാഹചര്യമോ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി വ്യക്തമാക്കിയത്. ഇംഗ്ലണ്ട് കുറെ കാലമായി ഈ ഫോര്‍മാറ്റിൽ ആധിപത്യം പുലര്‍ത്തുന്ന ടീമാണെന്നും ഇടയ്ക്ക് തോല്‍വികള്‍ നല്ലതാണെന്നാണ് താന്‍ കരുതുന്നതെന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സൂചിപ്പിച്ചു.

ചിലപ്പോള്‍ തോല്‍വികളിൽ നിന്നാവും കൂടുതൽ പഠിക്കുവാനുള്ള അവസരം എന്നും മോയിന്‍ അലി പറഞ്ഞു.

ആധികാരികം ഇന്ത്യ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 49 റൺസിന്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിൽ ആധികാരിക വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് നേടാനായത് 121 റൺസ് മാത്രമാണ്.

ഇതോടെ മത്സരത്തിൽ 49 റൺസിന്റെ വിജയം ഇന്ത്യ കരസ്ഥമാക്കി. 35 റൺസ് നേടിയ മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഡേവിഡ് വില്ലി 33 റൺസുമായി പുറത്താകാതെ അവസാന ഓവറുകളിൽ പൊരുതിയപ്പോള്‍ ഇംഗ്ലണ്ടിന് തോൽവിയുടെ ഭാരം കുറയ്ക്കാനായി.

17 ഓവറിൽ ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റും യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലെ അവസാന മത്സരം അന്ന് കളിച്ചിരുന്നേൽ ഇന്ത്യ ജയിച്ചേനെ, ഇന്നതല്ല സ്ഥിതി – മോയിന്‍ അലി

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനായിരിക്കും വിജയം എന്ന് അഭിപ്രായപ്പെട്ട് മോയിന്‍ അലി. ഇന്ത്യയ്ക്കെതിരെ അവസാന ടെസ്റ്റ് ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് കേസുകള്‍ കാരണം മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആ ടെസ്റ്റ് നടന്നിരുന്നുവെങ്കില്‍ വിജയം ഇന്ത്യയ്ക്കൊപ്പമാകുമായിരുന്നുവെന്നാണ് താന്‍ കരുതുന്നത്. ഒരു മാസം മുമ്പാണ് ഈ ടെസ്റ്റ് നടന്നതെങ്കിലും വിജയം ഇന്ത്യയ്ക്കൊപ്പമാകുമായിരുന്നു. എന്നാൽ ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും ഇംഗ്ലണ്ട് ആവും വിജയികളെന്നും മോയിന്‍ അലി കൂട്ടിചേര്‍ത്തു.

ബ്രണ്ടന്‍ മക്കല്ലം കോച്ചായും ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായും ചുമതലയേറ്റ ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ടെസ്റ്റ് കളിക്കുന്ന ശൈലി തന്നെ മാറ്റി ആധികാരിക വിജയത്തോടെ ന്യൂസിലാണ്ടിനെതിരെ 3-0 എന്ന രീതിയിൽ വിജയം നേടിയിരുന്നു.

റണ്ണടിച്ച് കൂട്ടി റോയിയും സാള്‍ട്ടും, ഇംഗ്ലണ്ടിന് രണ്ടാം വിജയം

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇംഗ്ലണ്ട്. 41 ഓവറായി മഴ കാരണം ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് നേടിയത്. ലക്ഷ്യം ഇംഗ്ലണ്ട് 36.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പരമ്പരയിൽ 2-0ന് മുന്നിലെത്തി.

Jasonroy

ഓപ്പണര്‍മാരായ ജേസൺ റോയിയും ഫിലിപ്പ് സാള്‍ട്ടും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 139 റൺസാണ് നേടിയത്. 73 റൺസ് നേടിയ ജേസം റോയി ആണ് ആദ്യം പുറത്തായത്. 77 റൺസ് നേടി ഫിലിപ്പ് സാള്‍ട്ടും പുറത്തായപ്പോള്‍ ഇരുവരെയും പുറത്താക്കിയത് ആര്യന്‍ ദത്ത് ആയിരുന്നു.

മോയിന്‍ അലിയും ദാവിദ് മലനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതരായി നിന്ന് 62 റൺസ് കൂടി നേടിയാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത് മോയിന്‍ അലി 42 റൺസും ദാവിദ് മലന്‍ 36 റൺസുമാണ് നേടിയത്.

78 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് നെതര്‍ലാണ്ട്സിനായി ടോപ് സ്കോറര്‍ ആയത്. ബാസ് ഡി ലീഡ് 34 റൺസും വാന്‍ ബീക് 30 റൺസും നേടി പുറത്താകാതെ നിന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് 41 ഓവറിൽ നെതര്‍ലാണ്ട്സ് നേടിയത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലിയും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റ് നേടി.

 

റിട്ടയര്‍മെന്റ് പിന്‍വലിച്ച് തിരിച്ചുവരുവാന്‍ തയ്യാര്‍ – മോയിന്‍ അലി

ബ്രണ്ടന്‍ മക്കല്ലത്തിന്റെ പരിശീലനത്തിൽ ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിക്കുവാനായി റിട്ടയര്‍മെന്റ് പിന്‍വലിച്ച് മടങ്ങി വരുവാന്‍ മോയിന്‍ അലി തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

പാക്കിസ്ഥാനെതിരെയുള്ള നവംബര്‍ – ഡിസംബര്‍ കാലയളവിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തിരികെ മടങ്ങിയെത്തുവാനുള്ള ആഗ്രഹം ആണ് താരം തുറന്ന് പറഞ്ഞത്. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളിൽ നിന്ന് 195 വിക്കറ്റുകളും 2914 റൺസും ആണ് മോയിന്‍ അലി നേടിയിട്ടുള്ളത്.

പാക്കിസ്ഥാനിൽ തന്റെ കുടുംബ വേരുകള്‍ ഉള്ളതിനാൽ തന്നെ പാക്കിസ്ഥാനിൽ കളിക്കുവാന്‍ ആഗ്രഹം ഉണ്ടെന്നാണ് മോയിന്‍ അലി വ്യക്തമാക്കിയത്. ബ്രണ്ടന്‍ മക്കല്ലത്തിന് തന്റെ സേവനം ആവശ്യമെങ്കിൽ താന്‍ മടങ്ങി വരുവാന്‍ തയ്യാറാണെന്നാണ് മോയിന്‍ അലി കൂട്ടിചേര്‍ത്തത്.

മോയിന്‍ അലിയുടെ പവര്‍ഹിറ്റിംഗ് മികവിൽ പവര്‍പ്ലേയിൽ 75 റൺസ് നേടി ചെന്നൈ , എന്നിട്ടും ചെന്നൈയെ 150 റൺസിലൊതുക്കി രാജസ്ഥാന്റെ തിരിച്ചുവരവ്

മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 150 റൺസ്. ഒരു ഘട്ടത്തിൽ 200ന് മേലെയുള്ള സ്കോര്‍ ചെന്നൈ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷമുള്ള 14 ഓവറിൽ 75 റൺസ് മാത്രമാണ് ചെന്നൈ നേടിയത്.

93 റൺസ് നേടിയ മോയിന്‍ അലിയുടെ ബാറ്റിംഗ് മികവാണ് ടീമിനെ മുന്നോട്ട് നയിച്ചത്. റുതുരാജിനെ ആദ്യ ഓവറിൽ നഷ്ടമായ ശേഷം മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സിനാണ് ബ്രാബോൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 75 റൺസാണ് ചെന്നൈ നേടിയത്. ഇതിൽ 59 റൺസും മോയിന്‍ അലിയുടെ സംഭാവനയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആറാം ഓവറിൽ 26 റൺസാണ് മോയിന്‍ അലി നേടിയത്. ഒരു സിക്സും അഞ്ച് ഫോറുമാണ് താരം ആ ഓവറിൽ നേടിയത്.

അശ്വിന്‍ കോൺവേയെയും മക്കോയ് ജഗദീഷനെയും പുറത്താക്കിയപ്പോള്‍ പത്തോവറിൽ ചെന്നൈ 94 റൺസാണ് നേടിയത്. ചഹാല്‍ റായിഡുിനെയും പുറത്താക്കിയപ്പോള്‍ ചെന്നൈ 96/4 എന്ന നിലയിലേക്ക് വീണു.

രണ്ട് ലൈഫുകള്‍ കിട്ടിയ എംഎസ് ധോണിയുമായി ചേര്‍ന്ന് മോയിന്‍ അലി 51 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയപ്പോള്‍ 150 റൺസാണ് ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ധോണിയെ(26) പുറത്താക്കി ചഹാല്‍ ആണ് 19ാം ഓവറിൽ ഈ കൂട്ടുകെട്ട് തകര്‍ത്തത്.

അവസാന ഓവറിൽ മോയിന്‍ അലിയെ മക്കോയി പുറത്താക്കിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് വെറും 4 റൺസാണ്.

കോൺവേയുടെ വെല്ലുവിളി മറികടന്ന് ബാംഗ്ലൂരിന് വിജയം

ഡെവൺ കോൺവേയും മോയിന്‍ അലിയും ക്രീസിലുണ്ടായിരുന്ന സമയത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെങ്കിലും നിര്‍ണ്ണായക ഘട്ടത്തിൽ വിക്കറ്റുകളുമായി തിരിച്ചടിച്ച് ആര്‍സിബി. 174 റൺസ് നേടിയിറങ്ങിയ ചെന്നൈയെ 160/8 എന്ന സ്കോറിൽ പിടിച്ച് കെട്ടി 13 റൺസ് വിജയം കരസ്ഥമാക്കിയപ്പോള്‍ ആര്‍സിബി തങ്ങളുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവമാക്കി നിര്‍ത്തി.

ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ 54 റൺസാണ് ചെന്നൈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ നേടിയത്. 28 റൺസ് നേടിയ റുതുരാജിനെ മികച്ച ക്യാച്ചിലൂടെ പകരം താരമായി എത്തിയ സുയാഷ് പിടിച്ചപ്പോള്‍ ഷഹ്ബാസ് ആണ് ആദ്യ വിക്കറ്റ് നേടിയത്.

ബാറ്റ് കൊണ്ട് കസറിയില്ലെങ്കിലും റോബിന്‍ ഉത്തപ്പയെയും അമ്പാട്ടി റായിഡുവിനെയും പുറത്താക്കി ഗ്ലെന്‍ മാക്സ്വെൽ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം ആണ് പുറത്തെടുത്തത്. റായിഡുവും പുറത്തായപ്പോള്‍ 75/3 എന്ന നിലയിലേക്ക് ചെന്നൈ വീണു.

ഡെവൺ കോൺവേയും മോയിന്‍ അലിയും മികച്ച നിലയിൽ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ 34 റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. 37 പന്തിൽ 56 റൺസ് നേടിയ കോൺവേയെ ഹസരംഗയാണ് പുറത്താക്കിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 47 റൺസായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 18ാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ സിക്സര്‍ പായിച്ച മോയിന്‍ അലിയെ തൊട്ടടുത്ത പന്തിൽ മികച്ചൊരു സ്ലോവര്‍ ബോളിലൂടെ ഹര്‍ഷൽ പട്ടേൽ വീഴ്ത്തിയപ്പോള്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി മാറി. 27 പന്തിൽ 34 റൺസായിരുന്നു മോയിന്‍ അലിയുടെ സംഭാവന.

തൊട്ടടുത്ത ഓവറിൽ ധോണിയെ ഹാസൽവുഡ് വീഴ്ത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന ഓവറിൽ 17 റൺസ് പിറന്നുവെങ്കിലും 13 റൺസ് വിജയം നേടി ബാംഗ്ലൂര്‍ ടോപ് ഫോറിലേക്ക് എത്തുകയായിരുന്നു.

ജയത്തോടെ 12 പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയൽസിനൊപ്പം ടീമിനും 12 പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ചെന്നൈയ്ക്ക് 154 റൺസ് സമ്മാനിച്ച് മോയിനും ജഡേജയും

അവസാന രണ്ടോവറിൽ നേടിയ 29 റൺസിന്റെ ബലത്തിൽ സൺറൈസേഴ്സിനെതിരെ 154 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡറിൽ മോയിന്‍ അലി ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി ചെന്നൈ ക്യാമ്പിൽ ആശ്വാസം നല്‍കുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

48 റൺസ് നേടിയ മോയിന്‍ അലി ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. താരം അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ചാണ് പുറത്തായത്. അമ്പാട്ടി റായിഡു 27 റൺസ് നേടിയപ്പോള്‍ റുതുരാജ് ഗായക്വാഡ്(16), റോബിന്‍ ഉത്തപ്പ(15) എന്നിവരും വേഗത്തിൽ മടങ്ങി. 62 റൺസ് മൂന്നാം വിക്കറ്റിൽ നേടി മോയിന്‍ അലിയും അമ്പാട്ടി റായിഡും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

19 ാം ഓവർ എറിഞ്ഞ നടരാജനെ തന്റെ സ്പെലില്ലെ അവസാന രണ്ട് പന്തിൽ ഒരു ബൗണ്ടറിയും സിക്സും ജഡേജ പായിച്ചപ്പോള്‍ 30 റൺസാണ് നടരാജന്‍ തന്റെ സ്പെല്ലിൽ വഴങ്ങിയത്. സൺറൈസേഴ്സിന് വേണ്ടി വാഷിംഗ്ടൺ സുന്ദറും ടി നടരാജനും 2 വീതം വിക്കറ്റ് നേടി.

 

വിന്റേജ് ഉത്തപ്പ!!! ചെന്നൈയുടെ ബാറ്റിംഗ് ആറാടുകയാണ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ആദ്യ രണ്ട് പന്തിൽ തന്നെ ബൗണ്ടറി നേടി റോബിന്‍ ഉത്തപ്പ തുടങ്ങിയപ്പോള്‍ തുടര്‍ന്നങ്ങോട്ട് അതിന്റെ തുടര്‍ച്ചയാണ് കണ്ടത്.

റുതുരാജ് ഗായക്വാഡ് റണ്ണൗട്ടായി പുറത്തായെപ്പോള്‍ ചെന്നൈ 28 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. ഇതിൽ 1 റൺസായിരുന്നു റുതുരാജിന്റെ സംഭാവന. റോബിന് കൂട്ടായി എത്തിയ മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

27 പന്തിൽ 50 റൺസ് നേടി റോബിന്‍ ഉത്തപ്പ പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റിൽ താരം മോയിന്‍ അലിയുമായി 56 റൺസ് കൂട്ടിചേര്‍ത്തിരുന്നു. 22 പന്തിൽ 35 റൺസ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അവേശ് ഖാന്‍ നേടിയപ്പോളേക്കും 10.1 ഓവറിൽ ചെന്നൈ 106 റൺസ് നേടിയിരുന്നു.

അതിന് ശേഷം ക്രീസിലെത്തിയ ശിവം ഡുബേയും അമ്പാട്ടി റായിഡുവും അതിവേഗത്തിൽ തന്നെ സ്കോറിംഗ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ നാലാം വിക്കറ്റിൽ ഇവര്‍ 37 പന്തിൽ 60 റൺസ് നേടി. 27 റൺസ് നേടിയ റായിഡുവിന്റെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

30 പന്തിൽ 49 റൺസ് നേടി ശിവം ഡുബേയും മികച്ച രീതിയിൽ ബാറ്റ് വീശിയ ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്. അവേശ് ഖാനാണ് വിക്കറ്റ് ലഭിച്ചത്. രവീന്ദ്ര ജഡേജ 9 പന്തിൽ 17 റൺസും എംഎസ് ധോണി 16 റൺസും നേടിയപ്പോള്‍ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.

മൊയീൻ അലിക്ക് വിസ ക്ലിയറൻസ്, ഇന്ന് സി എസ് കെ ക്യാമ്പിൽ

മൊയിൻ അലിയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് താരത്തിന് വിസ ക്ലിയറൻസ് ലഭിച്ചു. വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാമ്പിൽ മൊയീൻ അലി എത്തും. സി എസ് കെ ഓൾറൗണ്ടറിന് ഇന്ത്യയിലേക്ക് പോകാനുള്ള വിസ പേപ്പറുകൾ ലഭിച്ചതായി ഇന്ന് സ്ഥിരീകരിച്ചു.

“ മൊയീൻ അലി വൈകുന്നേരം മുംബൈയിലെത്തും, ഉടൻ തന്നെ ഐസൊലേഷനിലേക്ക് പോകും,” ഫ്രാഞ്ചൈസിയുടെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

വിസ ക്ലിയറൻസ് വന്നു എങ്കിലും, ടീമിന്റെ ആദ്യ മത്സരത്തിന് മൊയീൻ അലി ഉണ്ടാകില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ചെന്നൈ സൂപ്പർ കിങ്സ് ആദ്യ മത്സരത്തിൽ നേരിടേണ്ടത്. കഴിഞ്ഞ സീസണിൽ ചെന്നൈക്കായി ഗംഭീര പ്രകടനം നടത്താൻ മൊയീൻ അലിക്ക് ആയിരുന്നു‌

വിസ റെഡിയായില്ല, മോയിന്‍ അലിയുടെ ഇന്ത്യന്‍ യാത്ര വൈകുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിന് തലവേദനയായി ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ വിസ പ്രശ്നം. താരത്തിന് ഇതുവരെ യുകെയിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിൽ നിന്ന് ക്ലിയറന്‍സ് ലഭിച്ചില്ലെന്നാണ് അറിയുന്നത്. എട്ട് കോടി രൂപയ്ക്ക് ചെന്നൈ നിലനിര്‍ത്തിയ താരം ഫെബ്രുവരി 28ന് വിസയ്ക്കായി അപേക്ഷ നൽകിയെന്നാണ് അറിയുന്നത്.

ഇന്ത്യയിലേക്ക് നിത്യ സന്ദര്‍ശകനാണെങ്കിലും താരത്തിന്റെ വിസ കാലതാമസം സൃഷ്ടിക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ് അറിയിച്ചു.

മാര്‍ച്ച് 26ന് വാങ്കഡേ സ്റ്റേഡിയത്തിൽ കൊല്‍ക്കത്തയ്ക്കെതിരെ ആണ് ചെന്നൈയുടെ ആദ്യ മത്സരം. ബിസിസിഐയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും പേപ്പറുകള്‍ തിങ്കളാഴ്ച തയ്യാറാകുമെന്നാണ് കരുതുന്നതെന്നും കാശി വ്യക്തമാക്കി.

ഓള്‍റൗണ്ട് മികവുമായി മോയിന്‍ അലി, പരമ്പരയിലൊപ്പമെത്തി ഇംഗ്ലണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ മിന്നും വിജയവുമായി ഇംഗ്ലണ്ട്. ഇന്നലെ നടന്ന നാലാം ടി20യിൽ 34 റൺസ് വിജയം ആണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 193/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 28 പന്തിൽ 7 സിക്സുകളടക്കം 63 റൺസ് നേടിയ മോയിന്‍ അലിയും ജെയിംസ് വിന്‍സ്(34), ജേസൺ റോയ്(52) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. വെസ്റ്റിന്‍ഡീസിനായി ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് നേടി.

ബാറ്റിംഗിലെ പോലെ ബൗളിംഗിലും മോയിന്‍ അലിയാണ് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചത്. താരം 2 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമേ നേടാനായുള്ളു. 23 പന്തിൽ 40 റൺസ് നേടിയ കൈൽ മയേഴ്സും ജേസൺ ഹോള്‍ഡറും(36) വെസ്റ്റിന്‍ഡീസിനായി പൊരുതി നോക്കി.

നിക്കോളസ് പൂരന്‍(22), ബ്രണ്ടന്‍ കിംഗ്(26), കീറൺ പൊള്ളാര്‍ഡ്(18*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

വിജയത്തോടെ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും പരമ്പരയിൽ രണ്ട് വീതം ജയം സ്വന്തമാക്കിയിട്ടുണ്ട്.

 

Exit mobile version