അവസാന രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിക്കുവാന്‍ മോര്‍ഗനില്ല

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഓയിന്‍ മോര്‍ഗനില്ല. താരത്തിനേറ്റ പരിക്കാണ് കാരണം. പരമ്പരയില്‍ 1-2ന് ഇംഗ്ലണ്ട് പിന്നിലാണ്. മൂന്നാം മത്സരത്തിലും താരം കളിച്ചിരുന്നില്ല.

അതിന് മുമ്പുള്ള വാം-അപ്പിനിടെ ആണ് താരത്തിന് അസ്വസ്ഥത രൂപപ്പെട്ടത്. പിന്നീടുള്ള പരിശോധനയിൽ പരിക്ക് നിസ്സാരമാണെങ്കിലും വിശ്രമം ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. മൂന്നാം മത്സരത്തിൽ ടീമിനെ നയിച്ച മോയിന്‍ അലി ടീമിന്റെ ക്യാപ്റ്റനായി തുടരും.

 

അവസാന ഓവറിൽ എറിഞ്ഞ് പിടിക്കേണ്ടത് 30 റൺസ്, കരീബിയന്‍ വെല്ലുവിളി അതിജീവിച്ച് ഒരു റൺസ് വിജയവുമായി ഇംഗ്ലണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 1 റൺസിന്റെ വിജയം നേടി ഇംഗ്ലണ്ട്. ആദ്യ മത്സരത്തിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ 171/8 എന്ന ഭേദപ്പെട്ട സ്കോറാണ് നേടിയത്. ജേസൺ റോയ്(45), മോയിന്‍ അലി(31), ക്രിസ് ജോര്‍ദ്ദന്‍(27), ടോം ബാന്റൺ(25) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. വെസ്റ്റിന്‍ഡീസിനായി ജേസൺ ഹോള്‍ഡറും ഫാബിയന്‍ അല്ലനും 2 വീതം വിക്കറ്റ് നേടി.

റൊമാരിയോ ഷെപ്പേര്‍ഡിന്റെയും അകീൽ ഹൊസൈന്റെയും മിന്നും ബാറ്റിംഗ് പ്രകടനം വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിൽ 30 റൺസായിരുന്നു വിജയത്തിനായി വിന്‍ഡീസ് നേടേണ്ടിയിരുന്നത്. ഓവറിൽ അകീൽ ഹൊസൈന്‍ 2 ഫോറും 3 സിക്സും നേടിയെങ്കിലും 28 റൺസ് മാത്രം പിറന്നപ്പോള്‍ ഇംഗ്ലണ്ട് ഒരു റൺസ് വിജയവുമായി തടിതപ്പി. സാഖിബ് മഹമ്മൂദ് ആയിരുന്നു അവസാന ഓവര്‍ എറിഞ്ഞത്.

അകീൽ ഹൊസൈന്‍ 16 പന്തിൽ 44 റൺസ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 28 പന്തിൽ 44 റൺസ് നേടി. 9ാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 72 റൺസ് കൂട്ടുകെട്ടാണ് 29 പന്തിൽ നേടിയത്. 98/8 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ടീമിനെ വിജയത്തിന്റെ തൊട്ടടുത്ത് വരെ എത്തിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചുവെങ്കിലും അന്തിമ കടമ്പ കടക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല.

മോയിന്‍ അലി മൂന്നും ആദിൽ റഷീദ് രണ്ടും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന് മത്സരത്തിന്റെ തുടക്കത്തിൽ മേൽക്കൈ നേടിക്കൊടുത്തത്.

ധോണി തുടരും പക്ഷേ രവീന്ദ്ര ജഡേജ ചെന്നൈയുടെ വിലയേറിയ താരം, മോയിന്‍ അലിയെയും നിലനിര്‍ത്തി ഫ്രാഞ്ചൈസി

ഐപിഎലില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ നാല് നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗായക്വാഡ് എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്.

16 കോടിയ്ക്ക് നിലനിര്‍ത്തപ്പെട്ട രവീന്ദ്ര ജഡേജയാണ് ഏറ്റവും വില കൂടിയ താരം. ധോണിയ്ക്ക് 12 കോടിയും മോയിന്‍ അലിയ്ക്ക് 8 കോടിയും റുതുരാജിന് 6 കോടിയും ഫ്രാഞ്ചൈസി വിലയിട്ടിട്ടുണ്ട്.

ഇംഗ്ലണ്ടിന് 166 റൺസ്, തിളങ്ങിയത് മലനും മോയിന്‍ അലിയും

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പ് സെമിയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ്. മോയിന്‍ അലിയും ദാവിദ് മലനും നടത്തിയ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിന് ഈ സ്കോര്‍ നല്‍കിയത്. ലിയാം ലിവിംഗ്സ്റ്റണും നിര്‍ണ്ണായക സംഭാവനയാണ് ടീമിനായി നല്‍കിയത്.

ജേസൺ റോയിയുടെ അഭാവത്തിൽ ഓപ്പണിംഗിലെത്തിയ ജോണി ബൈര്‍സ്റ്റോയെ ഇംഗ്ലണ്ടിന് വേഗത്തിൽ നഷ്ടമാകുമ്പോള്‍ 5.1 ഓവറിൽ 37 റൺസായിരുന്നു ഇംഗ്ലണ്ട് നേടിയത്.

13 റൺസ് നേടിയ ബൈര്‍സ്റ്റോയെ ആഡം മിൽനെ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ ജോസ് ബട്‍ലറെ നഷ്ടമായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റിൽ 63 റൺസ് നേടി ദാവിദ് മലനും മോയിന്‍ അലിയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

30 പന്തിൽ 42 റൺസ് നേടിയ മലനെ വീഴ്ത്തി ടിം സൗത്തിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. അവസാന ഓവറിൽ ലിയാം ലിവിംഗ്സ്റ്റൺ(17) പുറത്തായപ്പോള്‍ മോയിന്‍ അലി തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.  40 റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്.

മോയിന്‍ അലി 37 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇഷ് സോധി, ജെയിംസ് നീഷം, ആഡം മിൽനെ, ടിം സൗത്തി എന്നിവര്‍ ന്യൂസിലാണ്ടിനായി ഓരോ വിക്കറ്റ് നേടി.

ഹാട്രിക്കുമായി റബാഡ, ജയിച്ചെങ്കിലും സെമിയില്ലാതെ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കം

അവസാന ഓവറിൽ 14 റൺസ് ഇംഗ്ലണ്ടിന് വേണ്ട ഘട്ടത്തിൽ ഹാട്രിക്കുമായി കാഗിസോ റബാഡയുടെ ഉശിരന്‍ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം സമ്മാനിച്ചു.

തന്റെ ആദ്യ മൂന്നോവറിൽ കണക്കറ്റ് പ്രഹരമാണ് കാഗിസോ റബാഡ നേരിട്ടത്. മൂന്നോവറിൽ 45 റൺസ് വഴങ്ങിയ താരം അവസാന ഓവറിൽ വെറും 3 റൺസ് വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ അപരാജിതക്കുതിപ്പിന് വിരാമമിടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.

190 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 179/8 എന്ന സ്കോര്‍ മാത്രമേ നേടുവാനായുള്ളു. ജേസൺ റോയിയും ജോസ് ബട്‍ലറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും 20 റൺസ് നേടിയ റോയ് റിട്ടേര്‍ഡ് ഹര്‍ട്ടായത് ഇംഗ്ലണ്ടിന്റെ താളം തെറ്റിച്ചു.

പവര്‍പ്ലേയ്ക്കുള്ളിൽ ബട്‍ലറെ(26) നഷ്ടമായപ്പോള്‍ ഇംഗ്ലണ്ട് 53 റൺസാണ് നേടിയത്. ജോണി ബൈര്‍സ്റ്റോ വേഗത്തിൽ മടങ്ങിയപ്പോള്‍ മോയിന്‍ അലി(37), ദാവിദ് മലന്‍(33), ലിയാം ലിവിംഗ്സ്റ്റൺ എന്നിവര്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

12 പന്തിൽ 25 റൺസ് വേണ്ട ഘട്ടത്തിൽ ഡ്വെയിന്‍ പ്രിട്ടോറിയസ് ലിയാം ലിവിംഗ്സ്റ്റണിനെ പുറത്താക്കി. 28 റൺസാണ് ലിയാം നേടിയത്. താന്‍ നേരിട്ട ആദ്യ പന്ത് ക്രിസ് വോക്സ് സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 11 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

ഇതോടെ അവസാന ഓവറിൽ ജയത്തിനായി 14 റൺസ് ഇംഗ്ലണ്ട് നേടേണ്ടതായി വന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ വോക്സിനെ റബാഡ വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത പന്തുകളിൽ ഓയിന്‍ മോര്‍ഗനെയും ക്രിസ് ജോര്‍ദ്ദനെയും വീഴ്ത്തി തന്റെ ഹാട്രിക്ക് സ്വന്തമാക്കി.

തബ്രൈസ് ഷംസി, ഡ്വെയിന്‍ പ്രിട്ടോറിയസ് എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വീതം വിക്കറ്റ്  നേടി.

ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ മറികടന്ന് ഇന്ത്യ

ഇഷാന്‍ കിഷനും കെഎൽ രാഹുലും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് നേടിയ 188/5 എന്ന സ്കോര്‍ 3 വിക്കറ്റ് നഷ്ടത്തിൽ 6 പന്ത് അവശേഷിക്കെ മറികടന്ന് ഇന്ത്യ.

കെഎൽ രാഹുല്‍ 24 പന്തിൽ 51 റൺസ് നേടി തുടങ്ങിയ വെടിക്കെട്ട് ഇഷാന്‍ കിഷന്റെ 46 പന്തിൽ നിന്നുള്ള 70 റൺസിന്റെ സഹായത്തോടെ മുന്നോട്ട് നയിക്കുകയായിരുന്നു. 82 റൺസാണ് ഒന്നാം വിക്കറ്റിൽ രാഹുല്‍ ഇഷാന്‍ കൂട്ടുകെട്ട് നേടിയത്.

11 റൺസ് നേടിയ വിരാട് കോഹ്‍ലിയെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റായി നഷ്ടമായപ്പോള്‍ ഇഷാന്‍ കിഷന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി അടുത്ത താരത്തിന് അവസരം നല്‍കുവാനായി മടങ്ങി. സൂര്യകുമാര്‍ യാദവിനെ നഷ്ടമായ ഇന്ത്യയ്ക്ക് 12 പന്തിൽ 20 റൺസായിരുന്നു അവസാന രണ്ടോവറിൽ വേണ്ടിയിരുന്നത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ 19ാം ഓവറിൽ 23റൺസ് പിറന്നപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തിയ ഋഷഭ് പന്താണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. പന്ത് 14 പന്തിൽ 29 റൺസും ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 12 റൺസും നേടി ഇന്ത്യയ്ക്കായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ജോണി ബൈര്‍സ്റ്റോ 36 പന്തിൽ 49 റൺസ് നേടിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റൺ(30), മോയിന്‍ അലി(20 പന്തിൽ പുറത്താകാതെ 43 റൺസ്) എന്നിവര്‍ക്കൊപ്പം ജേസൺ റോയ്(17), ജോസ് ബട്‍ലര്‍(18) എന്നിവരും അതിവേഗത്തിൽ റൺസ് നേടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി.

റുതുരാജിനെ വാനോളം പുകഴ്ത്തി സഹ താരങ്ങള്‍

ഐപിഎലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ റുതുരാജ് ഗായക്വാഡിനെ വാനോളം പുകഴ്ത്തി ടീമിലെ വിദേശ താരങ്ങളായ മോയിന്‍ അലിയും ഫാഫ് ഡു പ്ലെസിയും. 635 റൺസുമായി താരം ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസി 633 റൺസ് നേടി തൊട്ടുപിറകെ എത്തുകയായിരുന്നു.

റുതുരാജിന്റെ ഗെയിമിൽ ഒരു പിഴവുമില്ലെന്നാണ് മോയിന്‍ അലി പറഞ്ഞത്. വളരെ സമചിത്തതയോടെയാണ് താരം ബാറ്റ് വീശുന്നതെന്നും എല്ലാത്തരം ഷോട്ടുകളും റുതുരാജിന്റെ കൈയ്യിലുണ്ടെന്നും താരം ഉടനെ ഇന്ത്യയ്ക്കായി കളിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് മോയിന്‍ അലി പറഞ്ഞത്.

ഫൈനലിലെ താരമായ ഫാഫ് ഡു പ്ലെസി റുതുരാജിനെ പ്രത്യേക പ്രതിഭ എന്നാണ് വിശേഷിപ്പിച്ചത്. താരത്തിന് മികച്ച ക്രിക്കറ്റിംഗ് ബോധമുണ്ടെന്നും ഓരോ മത്സരത്തിന് ശേഷവും മികവ് പുലര്‍ത്തി വരുന്ന റുതുരാജിന് ശോഭനമായ ഒരു ഭാവിയാണുള്ളതെന്നും ഫാഫ് വ്യക്തമാക്കി.

കിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ഫൈനൽ മത്സരത്തിൽ അടിച്ച് തകര്‍ത്തപ്പോള്‍ 20 ഓവറിൽ 192/3 എന്ന സ്കോര്‍ സ്വന്തമാക്കി ധോണിയും സംഘവും. ഫാഫ് ഡു പ്ലെസി 86 റൺസ് നേടിയപ്പോള്‍ റുതുരാജ്(32), റോബിന്‍ ഉത്തപ്പ(31) എന്നിവര്‍ക്കൊപ്പം 20 പന്തിൽ 37 റൺസ് നേടി മോയിന്‍ അലിയും തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത ഫൈനൽ വിജയിക്കുവാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ഉറപ്പായി.

8.1 ഓവറിൽ 61 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്. 27 പന്തിൽ 32 റൺസ് നേടിയ റുതുരാജ് ഗായക്വാഡിനെ സുനിൽ നരൈന്‍ ആണ് പുറത്താക്കിയത്. പിന്നീട് വന്ന റോബിന്‍ ഉത്തപ്പയും ഫാഫിനൊപ്പം അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.

രണ്ടാം വിക്കറ്റിൽ 63 റൺസാണ് ഉത്തപ്പ – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 15 പന്തിൽ 31 റൺസ് നേടിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും സുനിൽ നരൈന്‍ ആണ് നേടിയത്. ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയും വേഗത്തിൽ സ്കോറിംഗ് നടത്തുകയായിരുന്നു.

ഫാഫ് അവസാന പന്തിൽ പുറത്തായപ്പോള്‍ മൂന്നാം വിക്കറ്റിൽ 68 ഫാഫ് – മോയിന്‍ കൂട്ടുകെട്ട് നേടിയത്.

ഔദ്യോഗിക പ്രഖ്യാപനമെത്തി, മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തു

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യത്തിന് വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് താരം അറിയിച്ചു. 34 വയസ്സുള്ള തനിക്ക് കഴിയുന്നത്ര കാലത്തോളം ക്രിക്കറ്റ് കളിക്കണമെന്നാണെന്നും താന്‍ ടെസ്റ്റ് ക്രിക്കറ്റ് ഏറെ ആസ്വദിക്കുന്നുവെന്നും എന്നാൽ തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ നേട്ടങ്ങളിൽ താന്‍ തൃപ്തനാണെന്നും അവിടെ തനിക്ക് വിടവാങ്ങുവാന്‍ സമയം ആയി എന്നാണ് കരുതുന്നതെന്നും മോയിന്‍ പറഞ്ഞു.

2014ൽ ശ്രീലങ്കയ്ക്കെതിരെയാണ് താരം ടെസ്റ്റ് അരങ്ങേറ്റം ലോര്‍ഡ്സിൽ നടത്തിയത്. 64 ടെസ്റ്റിൽ നിന്ന് 2914 റൺസും 195 വിക്കറ്റും നേടിയാണ് മോയിനിന്റെ മടക്കം. ഓവലിൽ കഴിഞ്ഞ മാസം ഇന്ത്യയ്ക്കെതിരെയായിരുന്നു മോയിന്‍ അലിയുടെ അവസാന ടെസ്റ്റ് മത്സരം. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുവാന്‍ ഏതാനും വര്‍ഷങ്ങളായി താരത്തിന് സാധിക്കുന്നില്ലായിരുന്നു.

2019ൽ ഇംഗ്ലണ്ട് കേന്ദ്ര കരാര്‍ പട്ടികയിൽ നിന്ന് താരം ഒഴിവാക്കപ്പെട്ടപ്പോള്‍ മോയിന്‍ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മോയിന്‍ അലി ഉടന്‍ വിരമിക്കുമെന്ന് സൂചന

ഇംഗ്ലണ്ട് താരം മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉടന്‍ വിരമിക്കുമെന്ന് സൂചന. 64 ടെസ്റ്റ് മത്സരത്തിൽ കളിച്ചിട്ടുള്ള മോയിന്‍ 2916 റൺസും 64 വിക്കറ്റും നേടിയിട്ടുണ്ട്. ഈ വിവരം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും കോച്ച് ക്രിസ് സില്‍വര്‍വുഡിനെയും താരം കഴിഞ്ഞാഴ്ച തന്നെ അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

താരത്തിന്റെ വിരമിക്കൽ തീരുമാനം അധികം വൈകാതെയോ ഇന്ന് തന്നെയോ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ശ്രദ്ധ തിരിക്കുവാനാണ് തീരുമാനം എന്നാണ് അറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആഷസ് പരമ്പരയ്ക്കായി ഓസ്ട്രേലിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ഇംഗ്ലണ്ട് ബോര്‍ഡിന് അയയ്ച്ച് കൊടുത്തിരുന്നു.

എന്നാൽ ഇതിനും വളരെ മുമ്പ് തന്നെ താരം തന്റെ തീരുമാനത്തിലേക്ക് എത്തിയിരുന്നുവെന്നാണ് അറിയുന്നത്. ടെസ്റ്റിൽ മൂവായിരം റൺസും 200 വിക്കറ്റും നേടി ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇയാന്‍ ബോത്തം, ഗാരി സോബേഴ്സ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ഇടം പിടിയ്ക്കുവാനുള്ള അവസരം കൂടിയാണ് ഇതോടെ മോയിന്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

ത്രില്ലര്‍!!! ചെന്നൈയെ രക്ഷിച്ച് ജഡേജ, പ്രസിദ്ധ കൃഷ്ണയെറിഞ്ഞ 19ാം ഓവറിൽ പിറന്നത് 22 റൺസ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്തടിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ 171 റൺസിനെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. മികച്ച തുടക്കത്തിന് ശേഷം ചെന്നൈയെ പിടിച്ച് കെട്ടിയ കൊല്‍ക്കത്തയ്ക്ക് 19ാം ഓവറിലാണ് മത്സരം കൈവിടുന്നത്. രണ്ടോവറിൽ 26 റൺസെന്ന നിലയിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ ഓവറിൽ 22 റൺസ് പിറന്നതോടെ മത്സരം ചെന്നൈ സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് മത്സരഗതി മാറ്റിയത്.

അവസാന ഓവറിൽ 4 റൺസ് വേണ്ടപ്പോള്‍ സാം കറനെ ആദ്യ പന്തിൽ നഷ്ടമായ ചെന്നൈയ്ക്ക് അഞ്ചാം പന്തിൽ രവീന്ദ്ര ജഡേജയെ നഷ്ടമാകുമ്പോള്‍ സ്കോറുകള്‍ ഒപ്പമായിരുന്നു. അവസാന പന്തിൽ സിംഗിള്‍ നേടി ദീപക് ചഹാര്‍ ചെന്നൈയെ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. സുനിൽ നരൈന്‍ ആണ് ഓവര്‍ എറിഞ്ഞത്.

ഓപ്പണര്‍മാരായ റുതുരാജ് സിംഗും ഫാഫ് ഡു പ്ലെസിയും 74 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 28 പന്തിൽ 40 റൺസ് നേടിയ റുതുരാജിനെ റസ്സൽ മടക്കിയ ശേഷം മോയിന്‍ അലിയും ഫാഫും ചേര്‍ന്ന് 28 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 30 പന്തിൽ 43 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി പ്രസിദ്ധ കൃഷ്ണ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചു.

അമ്പാട്ടി റായിഡുവിനെ സുനിൽ നരൈന്‍ പുറത്താക്കിയതോടെ 119/3 എന്ന നിലയിലേക്ക് വീണ ചെന്നൈയ്ക്ക് 30 പന്തിൽ 45 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് മോയിന്‍‍ അലിയും(32) പുറത്തായപ്പോള്‍ ചെന്നൈയുടെ സ്കോര്‍ 138/4 എന്ന നിലയിലായിരുന്നു.

റെയ്നയും ധോണിയും ഒരേ ഓവറിൽ പുറത്തായതോടെ ചെന്നൈയുടെ കാര്യം അവതാളത്തിലാകുകയായിരുന്നു. രണ്ടോവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സര്‍ പറത്തി ജഡേജ വീണ്ടും മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ഓവറിൽ രണ്ട് ബൗണ്ടറി കൂടി നേടി രവീന്ദ്ര ജഡേജ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി.

8 പന്തിൽ 22 റൺസാണ് രവീന്ദ്ര ജഡേജ നേടിയത്.

 

നൂറ് റൺസ് കൂട്ടുകെട്ടിന് ശേഷം പുജാരയും രഹാനെയും വീണു, ലോര്‍ഡ്സിൽ ഇന്ത്യ പ്രതിരോധത്തിൽ

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ബാക്ക്ഫുട്ടിൽ. രണ്ടാം ഇന്നിംഗ്സിൽ 181/6 എന്ന നിലയിലാണ് ഇന്ത്യ. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പുജാരയും ചേര്‍ന്ന് രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു.

നൂറ് റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. 45 റൺസ് നേടിയ പുജാരയെ മാര്‍ക്ക് വുഡ് പുറത്താക്കിയപ്പോള്‍ രഹാനെയെ മോയിന്‍ അലി വീഴ്ത്തി. 61 റൺസാണ് രഹാനെ നേടിയത്. അധികം വൈകാതെ രവീന്ദ്ര ജഡേജയെയും വീഴ്ത്തി മോയിന്‍ അലി ഇംഗ്ലണ്ടിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി.

14 റൺസ് നേടിയ ഋഷഭ് പന്തിനൊപ്പം 4 റൺസുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്. മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസ് ലീഡാണുള്ളത്. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് നേടി.

Exit mobile version