മോയിന്‍ ലോകോത്തര സ്പിന്നറെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കാനാകുമെന്ന കരുതുന്നു: ബെയിലിസ്സ്

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ മോയിന്‍ അലിയെക്കുറിച്ച് പുകഴ്ത്തി ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. ടീമിനു വേണ്ടി ടോപ് ഓര്‍ഡറില്‍ ഇറങ്ങാന്‍ വരെ സന്നദ്ധനായ താരമാണ് മോയിന്‍ അലിയെന്ന് ബെയിലിസ്സ് വിശേഷിപ്പിച്ചു. സൗത്താംപ്ടണ്‍ ടെസ്റ്റ് ഇലവനിലേക്ക് തിരികെ എത്തിയ താരങ്ങളായ മോയിന്‍ അലിയും സാം കറനുമാണ് ഇംഗ്ലണ്ടിനു വേണ്ടി വിജയശില്പികളായി മാറിയത്.

9 വിക്കറ്റുകള്‍ നേടിയ മോയിന്‍ അലി ആദ്യ ഇന്നിംഗ്സില്‍ നിര്‍ണ്ണായകമായ 40 റണ്‍സ് നേടിയിരുന്നു. മോയിന്‍ അലിയുടെ ബൗളിംഗ് പ്രകടനത്തെക്കുറിച്ച് ട്രെവര്‍ ബെയിലിസ്സ് പറഞ്ഞത് ഇപ്രകാരമാണ്. പ്രകടനം വെച്ച് മോയിന്‍ ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ സ്പിന്നറാണെങ്കിലും താരം ഇംഗ്ലണ്ടിന്റെ രണ്ടാം നമ്പര്‍ സ്പിന്നറാണെന്നതാണ് സത്യം. മോയിന്‍ തന്റെ കഴിവിനെപ്പറ്റി കരുതുന്നത് ബൗള്‍ ചെയ്യാനറിയുന്നൊരു ബാറ്റ്സ്മാന്‍ എന്നാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ബൗളര്‍ എന്ന നിലയില്‍ എന്നും മികവ് പുലര്‍ത്തുവാനും തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനും ആഗ്രഹിക്കുന്നൊരു താരമാണ് മോയിന്‍ അലി. ഒരു ദിവസം താരത്തെ ലോകോത്തര സ്പിന്നറെന്ന് വിശേഷിപ്പിക്കാനാകുമെന്നും ട്രെവര്‍ ബെയിലിസ്സ് കൂട്ടിചേര്‍ത്തു.

പരമ്പര സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രതിസന്ധിയില്‍ തന്നെ

ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിനെ 3-1നു പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ടിനു തലവേദനായി ബാറ്റിംഗ് ഓര്‍ഡര്‍. ടീമിനു ഇതു വരെ തങ്ങളുടെ മികച്ച ബാറ്റിംഗ് ഓര്‍ഡര്‍ കണ്ടെത്താനായിട്ടില്ലെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ടീമിലെ മാറ്റങ്ങള്‍ക്ക് പുറമേ ബാറ്റിംഗ് ഓര്‍ഡറിലും ഏറെ അഴിച്ചു പണി നടത്തിയെങ്കിലും സാം കറന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായേനെ.

86/6 എന്ന നിലയിലേക്ക് ആദ്യ ഇന്നിംഗ്സില്‍ വീണ ഇംഗ്ലണ്ടിനെ സാം കറന്‍ നടത്തിയ ചെറുത്ത്നില്പാണ് 246 റണ്‍സിലേക്ക് എത്തിച്ചത്. മോയിന്‍ അലിയാണ് ടീമിലെ ആദ്യ ഇന്നിംഗ്സിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. രണ്ടാം ഇന്നിംഗ്സിലും സാം കറന്‍ 46 റണ്‍സുമായി തിളങ്ങിയപ്പോള്‍ മുന്‍ നിര ബാറ്റ്സ്മാന്മാരില്‍ ജോസ് ബട്‍ലര്‍(69), കീറ്റണ്‍ ജെന്നിംഗ്സ്(36), ജോ റൂട്ട്(48) എന്നിവരാണ് തിളങ്ങിയതെങ്കിലും ആധികാരിക പ്രകടനമെന്ന് ഇതിനെ വിശേഷിപ്പിക്കാനാകില്ല. ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര പരാജയപ്പെട്ടത് മാത്രമാണ് ഈ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനു തുണയായത്.

ഇപ്പോള്‍ അലിസ്റ്റര്‍ കുക്ക് കൂടി റിട്ടയര്‍ ചെയ്ത ശേഷം ഓപ്പണിംഗില്‍ പുതിയൊരു താരത്തെ കണ്ടെത്തേണ്ട ചുമതല കൂടി ഇംഗ്ലണ്ടിനുണ്ട്. ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ആരെന്ന ചോദ്യത്തിനുള്ള പകുതി മറുപടിയായിരുന്നു കുക്ക്. പല ഓപ്പണിംഗ് കൂട്ടുകെട്ടിനെ ഇംഗ്ലണ്ട് പരീക്ഷിച്ചപ്പോളും ഒരു വശത്ത് കുക്ക് ഓപ്പണറായി നിലകൊണ്ടിരുന്നു.

മോയിന്‍ അലിയെ ടോപ് ഓര്‍ഡറില്‍ അയയ്ച്ചത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ പരീക്ഷണങ്ങളിലെ ഒരു ഏട് മാത്രമായിരുന്നു. വരുന്ന പരമ്പരകളില്‍ ഇത്തരത്തില്‍ ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് ടീം മുതിരുമെന്ന് വേണം കണക്കാക്കുവാന്‍. ഏഷ്യയില്‍ മത്സരങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ സ്പിന്‍ മികച്ച രീതിയില്‍ നേരിടുന്നു എന്ന കാരണത്താല്‍ മോയിന്‍ അലിയെ തന്നെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇംഗ്ലണ്ട് ഉപയോഗിക്കുമെന്ന് വേണം കരുതുവാന്‍.

ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനു, സൗത്താംപ്ടണില്‍ ഇന്ത്യയ്ക്കെതിരെ 60 റണ്‍സ് ജയം

നേരത്തെ സൂചിപ്പിച്ചത് പോലെ 245 റണ്‍സ് എന്ന ശ്രമകരമായ ലക്ഷ്യം നേടാനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 60 റണ്‍സ് ജയം. ജയത്തോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 3-1 നു വിജയിച്ചു. തുടക്കം പിഴച്ച ഇന്ത്യയ്ക്ക് പ്രതീക്ഷയായി നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 101 റണ്‍സുമായി വിരാട് കോഹ്‍ലിയും(58) അജിങ്ക്യ രഹാനെയും(51) പൊരുതിയെങ്കിലും ചായയ്ക്ക് മുമ്പ് കോഹ്‍ലി പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു. അശ്വിന്‍ 25 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

കോഹ്‍ലിയെ പുറത്താക്കിയ മോയിന്‍ അലി തന്നെയാണ് അജിങ്ക്യ രഹാനയെയും വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. മത്സരത്തില്‍ നിന്ന് മോയിന്‍ അലി നാലും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. സ്റ്റുവര്‍ട് ബ്രോഡിനും സാം കറനും ഓരോ വിക്കറ്റ് ലഭിച്ചു.

പുജാരയ്ക്ക് ശതകം, നേരിയ ലീഡ് ഇന്ത്യയ്ക്ക്, മോയിന്‍ അലിയ്ക്ക് അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണില്‍ 273 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ. 27 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യയ്ക്ക് മത്സരത്തില്‍ സ്വന്തമാക്കാനായിട്ടുണ്ട്. ചേതേശ്വര്‍ പുജാര പൊരുതി നേടിയ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യ 273 റണ്‍സിലേക്ക് എത്തിയത്. തന്റെ 15ാം ശതകമാണ് പുജാര ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ വെച്ചുള്ള ആദ്യ ശതകവും ഇംഗ്ലണ്ടിനെതിരെ ആദ്യത്തെതുമാണ് പുജാരയുടെ ഇന്നത്തെ ശതകം. 142/2 എന്ന നിലയില്‍ ശക്തമായി മുന്നേറുകയായിരുന്ന ഇന്ത്യ വിരാട് കോഹ്‍ലി പുറത്തായ ശേഷം തകരുകയായിരുന്നു. പുജാരയ്ക്ക് പിന്തുണയേകുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പുജാര 132 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുവാന്‍ സഹായിച്ചു. പുജാരയ്ക്ക് പിന്തുണ നല്‍കി ഇഷാന്ത് ശര്‍മ്മയും(14), ജസ്പ്രീത് ബുംറയും(6) ഇന്നിംഗ്സിന്റെ അവസാനത്തോട് നടത്തിയ ചെറുത്ത് നില്പാണ് ഇന്ത്യയ്ക്ക് ലീഡ് നേടുവാന്‍ സഹായിച്ചത്. ഇംഗ്ലണ്ടിനായി മോയിന്‍ അലിയാണ് ഇന്ത്യന്‍ മധ്യനിരയെയും വാലറ്റത്തെയും കുഴക്കി അഞ്ച് വിക്കറ്റ് നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 6/0 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍.

ചെറുത്ത് നില്പുമായി സാം കറനും മോയിന്‍ അലിയും, ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ന്നതിനു ശേഷം മധ്യനിരയുടെ സഹായത്തോടെ നൂറ് റണ്‍സ് കടന്ന ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയിരിക്കുന്നത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. 36/4 എന്ന നിലയില്‍ നിന്ന് കരകയറുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 86/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ മോയിന്‍ അലിയും സാം കറനും ചേര്‍‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 53 റണ്‍സ് കൂടി ചേര്‍ന്ന് ചായയ്ക്കായി പിരിയുമ്പോള്‍ 139/6 എന്ന നിലയിലാണ്.

ബെന്‍ സ്റ്റോക്സ്(23), ജോസ് ബട്‍ലര്‍(21) എന്നിവര്‍ പുറത്തായ ശേഷം ഇപ്പോള്‍ ക്രീസില്‍ 30 റണ്‍സുമായി മോയിന്‍ അലിയും 27 റണ്‍സ് നേടിയ സാം കറനുമാണ് നില്‍ക്കുന്നത്. രണ്ടാം സെഷനില്‍ വീണ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റും നേടിയത് മുഹമ്മദ് ഷമിയാണ്. ജസ്പ്രീത് ബുംറ രണ്ടും ഇഷാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സാം കറനും മോയിന്‍ അലിയും ടീമില്‍, ഇംഗ്ലണ്ട് അന്തിമ ഇലവനെ പ്രഖ്യാപിച്ചു

സൗത്താംപ്ടണ്‍ ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യയ്ക്കെതിരെ പരാജയപ്പെട്ട ടീമില്‍ രണ്ട് മാറ്റങ്ങളാണ് ആതിഥേയര്‍ വരുത്തിയിരിക്കുന്നത്. ഒല്ലി പോപ്പിനു പകരം മോയിന്‍ അലിയും ക്രിസ് വോക്സിനു പകരം സാം കറനും ടീമിലേക്ക് മടങ്ങിയെത്തി.

നാണക്കേടില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്, രക്ഷകനായത് ക്രിസ് വോക്സ്

8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും വാലറ്റത്തിന്റെ ചെറുത്ത് നില്പുമാണ്. വോക്സ് 78 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 50 റണ്‍സ് തികയ്ക്കില്ല എന്ന് കരുതിയ ഇംഗ്ലണ്ട് 44.5 ഓവര്‍ വരെ ബാറ്റ് ചെയ്തു എന്നത് തന്നെ അതിശയമാണ്. ഓയിന്‍ മോര്‍ഗന്‍(33) പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 61/6 എന്ന നിലയിലായിരുന്നു.

പിന്നീട് മോയിന്‍ അലി(33)-വോക്സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ 100 കടത്തി. അലി പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 112/7 ഏറെ വൈകാതെ റഷീദ് ഖാനും പുറത്തായി. 8 വിക്കറ്റിനു ഇംഗ്ലണ്ട് 120 റണ്‍സ്. പിന്നീട് ഒമ്പതാം വിക്കറ്റില്‍ ടോം കുറനുമായി(35) ചേര്‍ന്ന് 60 റണ്‍സാണ് ഇംഗ്ലണ്ടിനായി വോക്സ് നേടിയത്. 4 ബൗണ്ടറിയും 5 സിക്സും സഹിതം 82 പന്തില്‍ നിന്ന് 78 റണ്‍സാണ് വോക്സ് നേടിയത്.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 4 വിക്കറ്റും ടോപ് ഓര്‍ഡറെ കടപുഴകിയ ഹാസല്‍വുഡ് മൂന്ന് വിക്കറ്റും നേടി. ആന്‍ഡ്രു ടൈ ആണ് വാലറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കിയത്. ടൈ മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version