മെസ്സിയുടെയും ഇന്റർ മയാമിയുടെയും സീസണ് നാളെ തുടക്കം

ലയണൽ മെസ്സിയുടെ ഇന്റർ മയാമിയും അവരുടെ എം എൽ എസ് സീസൺ നാളെ ആരംഭിക്കും. നാളെ ഇന്ത്യൻ സമയം പുലർച്ചെ 6.30ന് ഫ്ലോറിഡയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ റിയൽ സാൾട്ട് ലേക്ക് ആണ് ഇന്റർ മയാമിയുടെ എതിരാളികൾ. പ്രീസീസണിൽ അത്ര നല്ല ഫലങ്ങൾ ആയിരുന്നില്ല ഇന്റർ മയാമിക്ക് ലഭിച്ചത്. കഴിഞ്ഞ സീസൺ അവസാനവും അവർക്ക് മോശമായിരുന്നു. ഈ സീസണിൽ പ്ലേ ഓഫിൽ കുറഞ്ഞത് ഒന്നും ഇന്റർ മയാമി ലക്ഷ്യമിടുന്നുണ്ടാവില്ല.

ലൂയിസ് സുവാരസിന്റെ വരവ് ഈ സീസണിൽ ഇന്റർ മയാമിക്ക് കരുത്തേകും. മെസ്സി, സുവാരസ്, ആൽബ, ബുസ്കറ്റ്സ് എന്നിവർ ഒരുമിച്ച് അത്ഭുതങ്ങൾ കാണിക്കുന്ന ഒരു സീസൺ ആകും ഇന്റർ മയാമി ഫാൻസും മെസ്സി ഫാൻസും സ്വപ്നം കാണുന്നത്. മെസ്സി പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മെസ്സി ഗോളടിച്ച് ഫോമിലേക്ക് പെട്ടെന്ന് മടങ്ങിയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഗോളുമായി ഹാവർട്സ്, എം.എൽ.എസ് ഓൾ സ്റ്റാറിനെ 5 ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ

പ്രീ സീസണിലെ അമേരിക്കൻ ടൂർ ഗംഭീരമായി തുടങ്ങി ആഴ്‌സണൽ. വെയിൻ റൂണി പരിശീലിപ്പിച്ച മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനെ ഓഡി ഫീൽഡിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ആഴ്‌സണൽ തകർത്തത്. പകരക്കാരുടെ റോളിൽ എത്തിയ ഡക്ലൻ റൈസ്, യൂറിയൻ ടിംബർ എന്നിവർ ക്ലബിന് ആയി അരങ്ങേറ്റവും കുറിച്ചു. മികച്ച ടീമും ആയി ഇറങ്ങിയ ആഴ്‌സണൽ അഞ്ചാം മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്തി.

മികച്ച കൗണ്ടർ അറ്റാക്ക് നീക്കത്തിന് ഇടയിൽ ബോക്സിനു പുറത്ത് നിന്ന് ഗബ്രിയേൽ ജീസുസ് ഉഗ്രൻ ഷോട്ടിലൂടെ ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. 23 മത്തെ മിനിറ്റിൽ ബുകയോ സാകയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് മറ്റൊരു മികച്ച ഷോട്ടിലൂടെ ലിയാൻഡ്രോ ട്രൊസാർഡ് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങൾ ആണ് ഇരു ടീമുകളും വരുത്തിയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ ടിം പാർക്കറിന്റെ ഹാന്റ് ബോളിന് ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചു.

അനായാസം പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ജോർജീന്യോ ആഴ്‌സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. 84 മത്തെ മിനിറ്റിൽ മാർട്ടിൻ ഒഡഗാർഡിന്റെ മികച്ച ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് നാലാം ഗോൾ നേടി നൽകി. മികച്ച ഗോൾ തന്നെയായിരുന്നു ഇതും. 89 മത്തെ മിനിറ്റിൽ മാർക്വീനോസിന്റെ ക്രോസ് ചെസ്റ്റിൽ സ്വീകരിച്ചു മികച്ച വോളിയിലൂടെ ഗോൾ ആക്കി മാറ്റിയ കായ് ഹാവർട്സ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. ജർമ്മൻ താരത്തിന്റെ ആദ്യ ആഴ്‌സണൽ ഗോൾ ആയിരുന്നു ഇത്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ ടീമുകൾക്ക് എതിരാണ് ആഴ്‌സണലിന്റെ അമേരിക്കയിലെ മറ്റു പ്രീ സീസൺ മത്സരങ്ങൾ.

മെസ്സിയെ പരിശീലിപ്പിക്കാൻ സാക്ഷാൽ ജെറാർഡോ മാർട്ടിനോ തന്നെ എത്തും!

ലയണൽ മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ അർജന്റീന, ബാഴ്‌സലോണ പരിശീലകൻ ആയ ജെറാർഡോ മാർട്ടിനോ എത്തും. 60 കാരനായ മാർട്ടിനോയെ തങ്ങളുടെ പരിശീലകൻ ആയി നിയമിച്ചത് ആയി ലയണൽ മെസ്സിയുടെ പുതിയ ക്ലബ് ഇന്റർ മയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വലിയ അനുഭവ പരിചയം ഉള്ള മാർട്ടിനോ മുമ്പ് അർജന്റീന, ബാഴ്‌സലോണ, മെക്സിക്കോ തുടങ്ങി നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മെക്സിക്കോയുടെ പരിശീലകൻ ആയിരുന്നു അദ്ദേഹം. 2013-14 കാലത്ത് ബാഴ്‌സലോണയിലും 2014 മുതൽ 2016 വരെയുള്ള കാലത്ത് അർജന്റീനയിലും മെസ്സി മാർട്ടിനോക്ക് കീഴിൽ കളിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ കൈ നോക്കാൻ ഇറങ്ങുന്ന മെസ്സിക്ക് ‘എൽ ടാറ്റ’ക്ക് കീഴിൽ അമേരിക്ക കീഴടക്കാൻ തന്നെ ആയേക്കും.

ബെഞ്ചിൽ നിന്നും മോചനമില്ല, യുവതാരം റിക്കി പൂജ് ബാഴ്‌സ വിട്ട് അമേരിക്കയിലേക്ക് | Riqui Puig has reached a verbal agreement to join LA Galaxy

ഒരു കാലത്ത് ബാഴ്‌സലോണയുടെ മധ്യനിരയിലേക്ക് ഏറ്റവും മികച്ച വാഗ്ദാനങ്ങളിൽ ഒരാളായി കണ്ടിരുന്ന താരമാണ് റിക്കി പൂജ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ 2019ൽ ബാഴ്‌സലോണക്കായി അരങ്ങേറി. തൊട്ടടുത്ത വർഷം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ. പലപ്പോഴും സീനിയർ ടീമിലെ സ്ഥിരക്കാരൻ ആവാൻ ബുദ്ധിമുട്ടി. നാല് സീസണുകളിലായി ആകെ നാല്പതോളം ലീഗ് മത്സരങ്ങൾ മാത്രം. സാവി കൂടി തന്റെ ടീമിൽ അവസരം ലഭിക്കില്ലെന്ന് അറിയിച്ചതോടെ ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു താരം. ഇപ്പോൾ ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിനായി ബാഴ്‌സലോണയെ സമീപിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തു വരികയാണ്.

ദിവസങ്ങളായി ഇരു ടീമുകളും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൈമാറ്റ ചർച്ചകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. അമേരിക്കയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ഓഗസ്റ്റ് നാലിന് മുൻപ് കൈമാറ്റം പൂർത്തിയാക്കേണ്ടതുണ്ട്. താരത്തെ തിരിച്ചെത്തിക്കാൻ ഉള്ള ബൈ-ബാക്ക് ക്ലോസ് കരാറിൽ ഉൾപ്പെടുത്താൻ ആണ് ബാഴ്‌സലോണയുടെ നീക്കം. മറ്റ് ടീമുകൾക്ക് താരത്തെ കൈമാറിയാൽ അതിന്റെ ഒരു ഭാഗം നേടാനും ബാഴ്‌സ ശ്രമിക്കും.

വരുന്ന മണിക്കൂറുകളിൽ തന്നെ കൈമാറ്റം പൂർത്തിയാക്കാൻ ആവും ടീമുകൾ ശ്രമിക്കുക. ലാ ലീഗയിൽ നിന്നും പ്രതീക്ഷിച്ച ഓഫറുകൾ വരാതെ ആയതോടെയാണ് എംഎൽഎസിൽ നിന്നുള്ള ഓഫർ പരിഗണിക്കാൻ ബാഴ്‌സയും താരവും നിർബന്ധിതരായത്. മധ്യനിരയിൽ പെഡ്രി, ഗവി, ഡി യോങ് എന്നിവരുണ്ടായിരിക്കെ ബെഞ്ചിൽ ആയിരുന്നു പലപ്പോഴും താരത്തിന്റെ സ്ഥാനം. ഇപ്പൊൾ പുതിയ താരങ്ങൾ എത്തുക കൂടി ചെയ്യുന്നതോടെ അവസരങ്ങൾ വീണ്ടും കുറയുമെന്ന് റിക്കി പുജ് തിരിച്ചറിയുന്നുണ്ട്. അമേരിക്കൻ ടീമിൽ ഹാവിയർ ഹെർണാണ്ടസ്, ഡഗ്ലസ് കോസ്റ്റ എന്നിവർക്കൊപ്പം പന്ത് തട്ടാൻ താരത്തിന് സാധിക്കും. മൂന്ന് വർഷത്തെ കരാർ ആവും ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിന് നൽകുക എന്നാണ് സൂചനകൾ.

Story Highlights: Riqui Puig has reached a verbal agreement to join LA Galaxy

അമേരിക്കൻ ലീഗിലേക്ക് പോകണം എന്ന് ആഗ്രഹം ഉണ്ട് എന്ന് നെയ്മർ

കരിയറിൽ ഒരു സീസൺ എങ്കിലും എം എൽ എസിൽ കളിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്ന് ബ്രസീൽ താരം നെയ്മർ പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുള്ള ലീഗ് ആണ് അമേരിക്കയിലേത് എന്ന് നെയ്മർ പറഞ്ഞു. ഇപ്പോൾ പി എസ് ജിയിൽ ഉള്ള താരം വിരമിക്കുന്നതിന് മുമ്പ് എൽ എൽ എസിൽ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ചുരുങ്ങിയത് ഒരു സീസൺ എങ്കിലും കളിക്കണം എന്നാണ് താരം പറഞ്ഞത്.

താൻ എം എൽ എസിൽ കളിക്കാനുള്ള ആഗ്രഹത്തിന് പ്രധാന കാരണം ആ ലീഗിന് നീളം കുറവാണ് എന്നുള്ളതാണ്. അങ്ങനെ ആണെങ്കിൽ തനിക്ക് മൂന്ന് മാസം വെക്കേഷൻ ലഭിക്കും എന്നും അത് തന്റെ കരിയർ കുറച്ച് നീണ്ടു നിൽക്കാൻ സഹായിക്കും എന്നും നെയ്മർ പറഞ്ഞു.

യുവന്റസ് വിട്ട മറ്റ്യുഡി ബെക്കാമിന്റെ ഇന്റർ മിയാമിയിലിയ്ക്ക്

ഫ്രഞ്ച് ഫുട്ബാൾ താരം ബ്ലൈസ് മറ്റ്യുഡി എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിൽ ചേരും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബായ ഇന്റർ മിയാമിയിൽ ചേരുമെന്ന് മറ്റ്യുഡി ട്വിറ്ററിൽ കുറിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി യുവന്റസിലായിരുന്നു മറ്റ്യുഡി കളിച്ചിരുന്നത്, എന്നാൽ കരാർ അവസാനിച്ചതോടെ താരം യുവന്റസ് വിടുകയായിരുന്നു. ലോകകപ്പ് ജേതാവായ മറ്റ്യുഡി യുവന്റസിന്റെ കൂടെ 3 സീരി എ കിരീടങ്ങളും പിഎസ്ജിയുടെ കൂടെ നാല് ലീഗ് 1 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്റർ മിയാമിക്കൊപ്പം 8-ാം നമ്പർ ഷർട്ട് ധരിക്കുന്ന മറ്റ്യുഡി നിലവിൽ എം‌എൽ‌എസിൽ കളിക്കുന്ന ഏക ലോകകപ്പ് ജേതാവാകും.

കൊറോണ മൂലം മുടങ്ങിയിരിക്കുന്ന എംഎസ്എൽ ഈ മാസം 22 നു പുനരാരംഭിക്കാനിരിക്കുകയാണ്.

 

സുവാരസിനായി വലവിരിച്ച് ബെക്കാമിന്റെ എംഎൽഎസ് ടീം

ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ ശ്രമിച്ച് മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമി. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഇന്റർ മിയാമി. ഉറുഗ്വെൻ സൂപ്പർ സ്റ്റാറായ സുവാരസിന്റെ ബാഴ്സയുമായുള്ള കരാർ 2021 വരെയുണ്ട്. സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നാല് വർഷത്തെ കരാറിൽ സുവാരസിനെ സ്വന്തമാക്കാനാണ് എം എൽ എസ് ടീം ശ്രമിക്കുന്നത്.

32 കാരനായ സുവാരസ് ബാഴ്സലോണയ്ക്ക് വേണ്ടി 259‌മത്സരങ്ങളിൽ നിന്നായി 185 ഗോളുകൾ അടിച്ചിട്ടുണ്ട്. ഇന്റർ മിയാമിയെ നയിക്കാൻ സുവാരസിനെ ബേസ് ചെയ്തൊരു പ്രൊജക്റ്റാണ് ബെക്കാമും സംഘവും പ്ലാൻ ചെയ്യുന്നത്. എം എൽ എസിലേക്ക് പോവാൻ സുവാരസിന് താത്പര്യമുണ്ടെന്ന് ഉറുഗ്വെൻ സഹതാരമായ നിക്കോളാസ് ലോദെയ്രൊ വ്യക്തമാക്കിയിരുന്നു. അതേ സമയം വമ്പൻ താരങ്ങളെ ഇതിനു മുൻപ് സ്വന്തമാക്കിയിട്ടുള്ള എൽ എ ഗാലക്സിയും ന്യൂയോർക്ക് സിറ്റി എഫ്സിയും സുവാരസിനായി രംഗത്തുണ്ട്.

ഫ്രാങ്ക് ഡി ബോയർ ഇനി എം.എൽ.എസ് ജേതാക്കളെ പരിശീലിപ്പിക്കും

ഡച് പരിശീലകൻ ഫ്രാങ്ക് ഡി ബോയർ ഇനി എം എൽ എസ് ടീം അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകനാകും. ഈ വർഷത്തെ യെ എൽ എസ് ജേതാക്കളായ ക്ലബ്ബിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോക്ക് പകരകാരനായാണ്‌ ബോയർ എത്തുന്നത്.

മുൻ അയാക്‌സ്, ഇന്റർ മിലാൻ, ക്രിസ്റ്റൽ പാലസ് ടീമുകളുടെ പരിശീലകനായ ബോയർ മുൻ ഡച് ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ക്രിസ്റ്റൽ പാലസ് പരിശീലകനായ അദ്ദേഹം പക്ഷെ ഒരൊറ്റ മത്സരം പോലും ജയിക്കനാവാതെ വന്നതോടെ വെറും 2 മാസങ്ങൾക്കുള്ളിൽ പുറത്തായിരുന്നു. എങ്കിലും തന്റെ അയാക്‌സ് നാളുകളിലെ വിജയം അമേരിക്കയിൽ ആവർത്തിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

യുവന്റസിനെ നേരിടാൻ സ്ലാട്ടൻ ഉണ്ടാവില്ല

യുവന്റസിനെതിരായ എം എൽ എസ് ഓൾ സ്റ്റാർ ഇലവന്റെ മത്സരത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച് കളിക്കില്ല. ലോസ് ആഞ്ചലസ് ഗാലക്സി താരമായ ഇബ്രാഹിമോവിച്‌ മത്സരങ്ങളുടെ ആധിക്യം മൂലമാണ് പിന്മാറിയത്. ബുധനാഴ്ചയാണ് മത്സരം അരങ്ങേറുക.

ഇബ്രയുടെ മുൻ ടീം കൂടിയായ യുവന്റസിന് എതിരെ കളിക്കാൻ ആവില്ല എന്നത് താരം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. തന്നെ ടീമിലേക്ക് തിരഞ്ഞെടുക്കാൻ വോട്ട് ചെയ്ത ആരാധകർക്ക് താരം നന്ദി അറിയിച്ചു. പരിക്കേറ്റ മുൻ സ്പാനിഷ് താരവും ന്യൂയോർക്ക് സിറ്റി സ്ട്രൈകറുമായ ഡേവിഡ് വിയ്യയും മത്സരത്തിൽ കളിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version