Picsart 23 07 20 09 15 14 704

ഗോളുമായി ഹാവർട്സ്, എം.എൽ.എസ് ഓൾ സ്റ്റാറിനെ 5 ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ

പ്രീ സീസണിലെ അമേരിക്കൻ ടൂർ ഗംഭീരമായി തുടങ്ങി ആഴ്‌സണൽ. വെയിൻ റൂണി പരിശീലിപ്പിച്ച മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനെ ഓഡി ഫീൽഡിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ആഴ്‌സണൽ തകർത്തത്. പകരക്കാരുടെ റോളിൽ എത്തിയ ഡക്ലൻ റൈസ്, യൂറിയൻ ടിംബർ എന്നിവർ ക്ലബിന് ആയി അരങ്ങേറ്റവും കുറിച്ചു. മികച്ച ടീമും ആയി ഇറങ്ങിയ ആഴ്‌സണൽ അഞ്ചാം മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്തി.

മികച്ച കൗണ്ടർ അറ്റാക്ക് നീക്കത്തിന് ഇടയിൽ ബോക്സിനു പുറത്ത് നിന്ന് ഗബ്രിയേൽ ജീസുസ് ഉഗ്രൻ ഷോട്ടിലൂടെ ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. 23 മത്തെ മിനിറ്റിൽ ബുകയോ സാകയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് മറ്റൊരു മികച്ച ഷോട്ടിലൂടെ ലിയാൻഡ്രോ ട്രൊസാർഡ് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങൾ ആണ് ഇരു ടീമുകളും വരുത്തിയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ ടിം പാർക്കറിന്റെ ഹാന്റ് ബോളിന് ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചു.

അനായാസം പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ജോർജീന്യോ ആഴ്‌സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. 84 മത്തെ മിനിറ്റിൽ മാർട്ടിൻ ഒഡഗാർഡിന്റെ മികച്ച ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് നാലാം ഗോൾ നേടി നൽകി. മികച്ച ഗോൾ തന്നെയായിരുന്നു ഇതും. 89 മത്തെ മിനിറ്റിൽ മാർക്വീനോസിന്റെ ക്രോസ് ചെസ്റ്റിൽ സ്വീകരിച്ചു മികച്ച വോളിയിലൂടെ ഗോൾ ആക്കി മാറ്റിയ കായ് ഹാവർട്സ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. ജർമ്മൻ താരത്തിന്റെ ആദ്യ ആഴ്‌സണൽ ഗോൾ ആയിരുന്നു ഇത്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ ടീമുകൾക്ക് എതിരാണ് ആഴ്‌സണലിന്റെ അമേരിക്കയിലെ മറ്റു പ്രീ സീസൺ മത്സരങ്ങൾ.

Exit mobile version