ലയണൽ മെസ്സി ആട്ടം! എം.എൽ.എസിലെ സർവ്വകാല റെക്കോർഡ് തകർത്തു ഇന്റർ മയാമി

ഒരു മേജർ ലീഗ് റെഗുലർ സീസണിലെ പോയിന്റ് നേട്ടത്തിൽ സർവ്വകാല റെക്കോർഡ് തകർത്തു ഇന്റർ മയാമി. ഇന്ന് ന്യൂ ഇംഗ്ലണ്ട് റെവലൂഷനെ 6-2 എന്ന സ്കോറിന് തകർത്ത ഇന്റർ മയാമി 34 മത്സരങ്ങൾ ഉള്ള സീസണിൽ 74 പോയിന്റുകൾ ആണ് നേടിയത്. 2021 ൽ ന്യൂ ഇംഗ്ലണ്ട് ടീം നേടിയ 73 പോയിന്റുകൾ എന്ന റെക്കോർഡ് ആണ് ഇതോടെ പഴയ കഥ ആയത്. 34 മത്സരങ്ങളിൽ 22 ജയവും ഇന്റർ മയാമി കുറിച്ചു. സീസണിൽ 40 ഗോളുകളും 25 അസിസ്റ്റുകളും സ്വന്തമാക്കിയ ലയണൽ മെസ്സി, ലൂയിസ് സുവാരസ് സഖ്യം ആണ് മയാമിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചത്.

ലയണൽ മെസ്സി

മത്സരത്തിൽ 34 മിനിറ്റിനു ഇടയിൽ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ഇന്റർ മയാമി ജയം കണ്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരട്ടഗോളുകൾ നേടിയ ലൂയിസ് സുവാരസ് മയാമിയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ ലയണൽ മെസ്സി പകരക്കാരനായി എത്തിയതോടെ മയാമി സമ്പൂർണ ആധിപത്യം കളിയിൽ നേടി. ക്രമാഷിയിലൂടെ മുൻതൂക്കം നേടിയ മയാമിക്ക് ആയി 78, 81, 89 മിനിറ്റുകളിൽ മെസ്സി ഹാട്രിക് നേടി. മെസ്സിയുടെ 2 ഗോളുകൾക്ക് സുവാരസ് ആണ് അസിസ്റ്റ് നൽകിയത്, അതേസമയം ഒരു ഗോളിന് ജോർഡി ആൽബയും വഴി ഒരുക്കി. പ്ലെ ഓഫ്‌ കളിച്ചു വരുന്ന ടീമിനെ ആവും 3 മത്സരങ്ങൾ ഉള്ള പ്ലെ ഓഫ് നോക്ക് ഔട്ട് സീരീസിൽ മയാമി ഇനി നേരിടുക.

മെസ്സിയെ പരിശീലിപ്പിക്കാൻ സാക്ഷാൽ ജെറാർഡോ മാർട്ടിനോ തന്നെ എത്തും!

ലയണൽ മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ അർജന്റീന, ബാഴ്‌സലോണ പരിശീലകൻ ആയ ജെറാർഡോ മാർട്ടിനോ എത്തും. 60 കാരനായ മാർട്ടിനോയെ തങ്ങളുടെ പരിശീലകൻ ആയി നിയമിച്ചത് ആയി ലയണൽ മെസ്സിയുടെ പുതിയ ക്ലബ് ഇന്റർ മയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വലിയ അനുഭവ പരിചയം ഉള്ള മാർട്ടിനോ മുമ്പ് അർജന്റീന, ബാഴ്‌സലോണ, മെക്സിക്കോ തുടങ്ങി നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മെക്സിക്കോയുടെ പരിശീലകൻ ആയിരുന്നു അദ്ദേഹം. 2013-14 കാലത്ത് ബാഴ്‌സലോണയിലും 2014 മുതൽ 2016 വരെയുള്ള കാലത്ത് അർജന്റീനയിലും മെസ്സി മാർട്ടിനോക്ക് കീഴിൽ കളിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ കൈ നോക്കാൻ ഇറങ്ങുന്ന മെസ്സിക്ക് ‘എൽ ടാറ്റ’ക്ക് കീഴിൽ അമേരിക്ക കീഴടക്കാൻ തന്നെ ആയേക്കും.

ഇന്റർ മയാമിയിൽ പോകും എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു,എം.എൽ.സിൽ മെസ്സി വലിയ മാറ്റം കൊണ്ടുവരും – നെയ്മർ

ലയണൽ മെസ്സിയുടെ ഇന്റർ മയാമി നീക്കത്തിൽ പ്രതികരണവും ആയി ബ്രസീലിയൻ താരവും മെസ്സിയുടെ മുൻ പി.എസ്.ജി, ബാഴ്‌സലോണ സഹതാരവും ആയ നെയ്മർ ജൂനിയർ. മെസ്സി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് അതിനാൽ തന്നെ നേരത്തെ മെസ്സി ഇന്റർ മയാമിയിലേക്ക് പോകുന്നത് തനിക്ക് അറിയാമായിരുന്നു എന്നും ഇത് മെസ്സി തന്നോട് പറഞ്ഞിരുന്നു എന്നും നെയ്മർ പറഞ്ഞു. മയാമിയിൽ മെസ്സി സന്തോഷവാൻ ആയിരിക്കും എന്നും മയാമിയുടെ ജീവിതശൈലിയും മയാമിയിൽ ജീവിക്കുന്നതും കളിക്കുന്നതും സന്തോഷം നൽകും എന്നും താൻ മെസ്സിയോട് പറഞ്ഞത് ആയും നെയ്മർ കൂട്ടിച്ചേർത്തു.

മെസ്സി ഉറപ്പായും മേജർ ലീഗ് സോക്കറിൽ വലിയ മാറ്റം കൊണ്ടു വരും എന്ന് പറഞ്ഞ നെയ്മർ ലീഗ് ഇനി കൂടുതൽ ആളുകളിൽ എത്തും എന്നും പറഞ്ഞു. നിർഭാഗ്യവശാൽ ഒന്നും സ്ഥിരം അല്ലാത്തതിനാൽ തന്നെ എല്ലാവരും മെസ്സി കളിക്കേണ്ടത് ആസ്വദിക്കേണ്ടത് ഉണ്ടെന്നും അതിനാൽ തന്നെ എല്ലാവരും മെസ്സിയുടെ കളി കാണണം എന്നും നെയ്മർ കൂട്ടിച്ചേർത്തു. എന്നാൽ മെസ്സി പി.എസ്.ജി വിട്ടു പോയത് തനിക്ക് സങ്കടം നൽകിയ നിമിഷം തന്നെയാണ് എന്നും നെയ്മർ കൂട്ടിച്ചേർത്തു. നിലവിൽ മയാമിയിൽ അവധി ആഘോഷിക്കുന്ന നെയ്മർ എൻ.ബി.എ ഫൈനൽസ് മത്സരം കാണാനും ഉണ്ടായിരുന്നു. എം.എൽ.എസിൽ ഡേവിഡ് ബെക്കാമിന്റെ ടീമിൽ എത്തിയ മെസ്സിക്ക് അമേരിക്കയിൽ ഫുട്‌ബോളിന് വലിയ പിന്തുണ നേടി നൽകാൻ ആവും എന്നാണ് പ്രതീക്ഷ.

128 മത്തെ മിനിറ്റിൽ ഗാരത് ബെയിലിന്റെ സമനില ഗോൾ!പെനാൽട്ടിയിൽ എം.എൽ.എസ് കിരീടം നേടി ലോസ് ആഞ്ചലസ് എഫ്.സി

മേജർ ലീഗ് സോക്കർ കിരീടം നേടി ലോസ് ആഞ്ചൽസ് ഫുട്‌ബോൾ ക്ലബ്. ഫിലാഡൽഫിയയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചു ആണ് അവർ എം.എൽ.എസ് കപ്പ് ഉയർത്തിയത്. ചരിത്രത്തിൽ ആദ്യമായി ആണ് അവർ കിരീടം നേടുന്നത്, ഇതോടെ മേജർ ലീഗ് സോക്കർ കിരീടം നേടുന്ന 15 മത്തെ ക്ലബ് ആണ് എൽ.എ.എഫ്.സി മാറി. ആവേശകരമായ മത്സരത്തിൽ 90 മിനിറ്റുകൾക്ക് ശേഷം ഇരു ടീമുകളും 2 ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ലോസ് ആഞ്ചൽസിന് ആയി അക്കോസ്റ്റ, മുറില്ലോ എന്നിവർ ഗോൾ നേടിയപ്പോൾ ഗസ്ദാഗ്, എലിയറ്റ് എന്നിവരിലൂടെ ഫിലാഡൽഫിയ മറുപടി നൽകി.

ആവേശകരമായ അധിക സമയത്ത് 116 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ മാക്‌സിം ക്രേപൗക്ക് ചുവപ്പ് കാർഡ് കണ്ടതോടെ ലോസ് ആഞ്ചലസ് 10 പേരായി ചുരുങ്ങി. ഫൗളിന് എതിരെ പരിക്കും പറ്റി താരത്തിന്, തുടർന്ന് 10 മിനിറ്റിൽ അധികം അധിക സമയം ആണ് റഫറി നൽകിയത്. തുടർന്ന് 124 മത്തെ മിനിറ്റിൽ എലിയറ്റിലൂടെ ഫിലാഡൽഫിയ വിജയം പിടിച്ചു എന്നു തോന്നിയത് ആണ് എന്നാൽ നാലു മിനിറ്റിനകം അവസാന നിമിഷം ഗാരത് ബെയിൽ അമേരിക്കയിലെ തന്റെ ആദ്യ സീസണിൽ തന്റെ ടീമിന് വിലപ്പെട്ട സമനില സമ്മാനിച്ചു. തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. പകരക്കാരനായി ലോസ് ആഞ്ചലസിന് ആയി ഇറങ്ങിയ ബാക് അപ്പ് ഗോൾ കീപ്പർ ജോൺ മകാർത്തി തന്റെ ചെറുപ്പത്തിലെ ക്ലബിന് എതിരെ രണ്ടു രക്ഷപ്പെടുത്തലുകളും ആയി ഹീറോ ആയപ്പോൾ ലോസ് ആഞ്ചലസ് അവരുടെ ചരിത്രത്തിലെ ആദ്യ മേജർ ലീഗ് സോക്കർ കിരീടം ഉയർത്തി.

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകളുമായി ജയം, അമേരിക്കയിലെ റൂണിയുടെ പരിശീലക വേഷത്തിന് നാടകീയ തുടക്കം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡിൽ തന്റെ പരിശീലകനായുള്ള യാത്രം അരംഭിച്ചു. ഇന്ന് ലീഗിലെ ഒർലാണ്ടോ സിറ്റിയുമായുള്ള മത്സരത്തിൽ റൂണൊയുടെ ഡി സി യുണൈറ്റഡ് ഇഞ്ച്വറി ടൈം ഗോളുകളിലാണ് വിജയം സ്വന്തമാക്കിയത്‌. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഒർലാണ്ടോ ലീഡ് എടുത്തു എങ്കിലും ഡി സി യുണൈറ്റഡ് വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.

90 മിനുട്ടും ഒർലാണ്ടോ മുന്നിൽ നിൽക്കുക ആയിരുന്നു എങ്കിലും 91ആം മിനുട്ടിൽ കളി മാറി. ഡർകിനിലൂടെ ഡി സി യുണൈറ്റഡ് ആദ്യം സമനില നേടി. പിന്നാലെ 94ആം മിനുട്ടിൽ ടാക്സി ഫൗണ്ടാസിലൂടെ ഡി സി യുണൈറ്റഡിന്റെ വിജയ ഗോളും. ലീഗിൽ അവസാന സ്ഥാനത്തുള്ള ഡി സി യുണൈറ്റഡിന്റെ ആറാം വിജയം മാത്രമാണിത്. മുമ്പ് ഡി സി യുണൈറ്റഡിൽ കളിക്കാരനായി തിളങ്ങിയ റൂണി ആ മികവ് പരിശീലകനായും തുടരും എന്നതിന്റെ സൂചനയാണ് ഇന്നത്തെ പ്രകടനം.

https://twitter.com/dcunited/status/1553880215436333056?t=xcfRkPGkaYD9l2gd1Fu7FQ&s=19

ഇതിഹാസ താരം ഡൊണൊവന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് എൽ എ ഗാലക്സി

മുൻ അമേരിക്കൻ ക്യാപ്റ്റൻ ലണ്ടൺ ഡൊണാവനോടുള്ള ആദര സൂചകമായി എൽ എ ഗാലക്സി അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഗാലക്സിയുടെ ഹോൻ ഗ്രൗണ്ടിന് പുറത്താണ് ഡൊണാവന്റെ സ്റ്റാറ്റ്യു സ്ഥാപിച്ചിരിക്കുന്നത്. പത്ത് വർഷത്തിൽ അധികം ഗാലക്സിക്ക് വേണ്ടി കളിച്ചിട്ടുള്ള ഡൊണൊവൻ 250ൽ അധികം മത്സരങ്ങൾ ഗാലക്സിക്കായി കളിച്ചിരുന്നു. അവർക്ക് ഒപ്പം 7 കിരീടങ്ങൾ നേടിയ ഡൊണൊവൻ 113 ഗോളുകളും 107 അസിസ്റ്റും ക്ലബിന് സംഭാവന ചെയ്തിട്ടുണ്ട്.

പരിശീലകനെ പുറത്താക്കി എഫ്സി ഡല്ലാസ്

മേജർ ലീഗ് സോക്കർ ക്ലബ്ബായ എഫ്സി ഡല്ലാസ് പരിശീലകനായ ലൂചി ഗോൺസാൽവസിനെ പുറത്താക്കി. ഹൂസ്റ്റൺ ഡൈനാമോസിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡല്ലാസ് എഫ്സി പരിശീലകനെ പുറത്താക്കിയത്. ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് മാർക്കോ ഫെറൂസിയായിരിക്കും ഇൻട്രിം പരിശീലകനായി ചുമതലയേറ്റെടുക്കുക.

2018 ഡിസംബറിലാണ് ഡല്ലാസ് എഫ്സിയുടെ പരിശീലകനായി ഗോൺസാൽവസ് ചുമതലയേറ്റെടുക്കുന്നത്. മേജർ ലീഗ് സോക്കറിൽ 11ആം സ്ഥാനത്താണിപ്പോൾ ഡല്ലാസ് എഫ്സി. പരിശീലകനാവും മുൻപ് ഡല്ലാസ് എഫ്സിയുടെ അക്കാദമി ഡയറക്ടർ ആയിരുന്നു ഗോൺസാൽവസ്. അസിസ്റ്റന്റ് കോച്ച് മിക്കി വരാസും ഗോൺസാൽവസിന് പിന്നാലെ ക്ലബ്ബ് വിടും

അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകനാവാൻ ഫോൺസെക

മുൻ റോമ പരിശീലകൻ പൗലോ ഫോൺസെക മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകനവാൻ ഒരുങ്ങുന്നു. അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകൻ ഗബ്രിയേൽ ഹെയിൻസിന് പകരക്കാരനായിട്ടാവും ഫോൺസെക മേജർ ലീഗ് സോക്കറിൽ എത്തുക. എ എസ്‌ റോമക്കൊപ്പം രണ്ട് സീസണിന് ശേഷമാണ് പോർച്ചുഗീസ് ടാക്റ്റീഷ്യനായ ഫോൺസെകയെ ക്ലബ്ബ് പറഞ്ഞു വിടുന്നത്.

ഇറ്റാലിയൻ ഫുട്ബോളിലും അതുപ്പൊലെ തന്നെ യൂറോപ്യൻ ഫുട്ബോളിലും തരംഗമാവാൻ ഫോൺസെകകക്ക് കീഴിൽ റോമക്ക് സാധിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലെത്താനും റോമക്ക് കഴിഞ്ഞു. ഫ്രാങ്ക് ഡെബോറിന് പകരക്കാരനായിട്ടായിരുന്നു ഹെയിൻസ് അറ്റ്ലാന്റ യുണൈറ്റഡിൽ എത്തിയത്. എന്നാൽ ഹെയിൻസിന് കീഴിൽ 7 തോൽവിയും നാല് സമനിലയും രണ്ട് ജയവും മാത്രമാണ് നേടിയത്.

“മെസ്സി ഇന്റർ മിയാമിയിൽ കളിക്കുമെന്നാണ് പ്രതീക്ഷ”

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി ഭാവിയിൽ എം.എൽ.എസ്സിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇന്റർ മിയാമി സഹ ഉടമ ജോർഗെ മാസ്. ബാഴ്‌സലോണയിൽ ഈ സീസണിന്റെ അവസാനത്തോടെ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് ഇന്റർ മിയാമി സഹ ഉടമയുടെ പ്രതികരണം.

താനും ഡേവിഡ് ബെക്കാമും ലോകോത്തര താരങ്ങളെ ടീമിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും മെസ്സി ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണെന്നും ജോർഗെ മാസ് പറഞ്ഞു. മെസ്സി ഭാവിയിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലോകോത്തര താരങ്ങളെ ഉൾപ്പെടുത്തി ടീം നിർമിക്കാനുള്ള ഇന്റർ മിയാമി ഉടമകളുടെ അഭിലാഷങ്ങൾ നിറവേറുമെന്നാണ് കരുതപെടുന്നതെന്നും ഇന്റർ മിയാമി സഹ ഉടമ ജോർഗെ മാസ് പറഞ്ഞു.

എൻസോ സിദാൻ ഇന്റർ മയാമിയിൽ

ഫ്രഞ്ച് ഇതിഹാസ താരം സിദാന്റെ മകൻ എൻസോ സിദാൻ അമേരിക്കയിൽ. മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിൽ താരം ട്രയൽസിൽ ചേർന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ തങ്ങളുടെ രണ്ടാം സീസണാണ് ഒരുങ്ങുകയാണ് ഇന്റർ മയാമി. ബെക്കാമിന്റെ ക്ലബായ മയാമിക്ക് ഒപ്പം എൻസോ പ്രീസീസണിൽ മുഴുവൻ തുടരും. അതിനു ശേഷം മാത്രമേ കരാർ ഒപ്പുവെക്കുമോ ഇല്ലയോ എന്ന തീരുമാനിക്കുകയുള്ളൂ. റയൽ മാഡ്രിഡിലൂടെ വളർന്നു വന്ന താരമാണ് എൻസോ. എന്നാൽ റയലിനായി അരങ്ങേറ്റം നടത്താൻ താരത്തിനായിരുന്നില്ല. റയൽ വിട്ടതിനു ശേഷം ഒരു ക്ലബ്ബിലും സ്ഥിരമായി നിൽക്കാൻ എൻസോയ്ക്കായില്ല. അവസാനമായി സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബായ യു ഡി അൽമേറിയക്ക് വേണ്ടിയാണ് എൻസോ കളിച്ചത്. ഇന്റർ മിയാമിയിലൂടെ തന്റെ കരിയർ നേർവഴിക്കാക്കാൻ ശ്രമിക്കുകയാണ് എൻസോ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ നെവിൽ ആണ് ഇപ്പോൾ ഇന്റർ മയാമിയുടെ പരിശീലകൻ.

മെസ്സിയെയും റൊണാൾഡോയെയും ഒക്കെ സൈൻ ചെയ്യാൻ ഇന്റർ മയാമിക്ക് സാധിക്കും എന്ന് ബെക്കാം

ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാം തന്റെ ക്ലബായ ഇന്റർ മയാമിക്ക് മെസ്സിയെയും റൊണാൾഡോയെയും പോലുള്ള താരങ്ങളെ സൈൻ ചെയ്യാൻ ആകും എന്ന് പറഞ്ഞു. താൻ ക്ലബ് ആരംഭിചപ്പോൾ തന്നെ ആൾക്കാർ മെസ്സിയെയും റൊണാൾഡോയെയും നെയ്മറിനെയും ഒക്കെ സൈൻ ചെയ്യുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ അവരെ ഒക്കെ സൈൻ ചെയ്യാൻ ഇന്റർ മയാമിക്ക് വലിയ പ്രയാസം ഉണ്ടാകില്ല എന്ന് ബെക്കാം പറഞ്ഞു.

ഇതിന്റെ പ്രധാന കാരണം മയാമി എന്ന സ്ഥലമാണെന്ന് ബെക്കാം പറയുന്നു. ഇത്രയും മികച്ച സ്ഥലത്തേക്ക് വരാൻ ആരും മടിക്കില്ല എന്ന് ബെക്കാം പറഞ്ഞു. സമീപ ഭാവിയിൽ ഈ താരങ്ങൾ തന്റെ ക്ലബിൽ എത്തും എന്ന് ബെക്കാം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്റർ മയാമി മയാമിയിലുള്ള യുവ ടാലന്റുകളെ വളർത്തി കൊണ്ടു വരാനും ശ്രമിക്കുന്നുണ്ട് എന്ന് ബെക്കാം പറഞ്ഞു.

മോണ്ട്റിയലിന്റെ പരിശീലക സ്ഥാനം ഹെൻറി ഒഴിഞ്ഞു

ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി കാനഡ ക്ലബായ മോണ്ട് റിയലിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. മേജർ ലീഗ് സോക്കർ ക്ലബായ ഇമ്പാക്ട് മോണ്ട്റിയലിന്റെ പരിശീലകനായി 2019 അവസാനമായിരുന്നു ഹെൻറി എത്തിയത്.. അദ്ദേഹം രണ്ട് വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാൻ ഹെൻറി ഇപ്പോൾ ക്ലബ് വിടുന്നത്.

കൊറോണ കാരണം കുടുംബത്തെ വിട്ടു നിൽക്കേണ്ടി വന്നത് തന്നെ മാനസികമായി അലട്ടുന്നു എന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടതു കൊണ്ടാണ് പരിശീലക സ്ഥാനം ഒഴിയുന്നത് എന്നും ഹെൻറി പറഞ്ഞു. മുമ്പ് ഫ്രഞ്ച് ക്ലബായ മൊണാക്കോയിലും ഹെൻറി പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ആഴ്സണൽ ബാഴ്സലോണ തുടങ്ങിയ ക്ലബുകൾക്കായി തകർത്തു കളിച്ചിട്ടുള്ള താരം ഇനി ഇംഗ്ലീഷ് ഫുട്ബോളിൽ ആകും പരിശീലകനായി അവസരം തേടുക.

Exit mobile version