ടി20 ക്രിക്കറ്റിൽ താന്‍ കളിച്ചതിൽ ഏറ്റവും പ്രയാസമേറിയ പവര്‍പ്ലേ – മിച്ചൽ മാര്‍ഷ്

ടി20 ക്രിക്കറ്റിൽ തന്നെ താന്‍ കളിച്ചതിൽ ഏറ്റവും പ്രയാസമേറിയ പവര്‍പ്ലേ ആയിരുന്നു രാജസ്ഥാന്‍ റോയൽസിനെതിരെയുള്ളതെന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ് ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ്.

ഐപിഎലില്‍ താരം ഇന്നലെ നേടിയ 62 പന്തിൽ നിന്നുള്ള 89 റൺസിന്റെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ സജീവമാക്കി നിര്‍ത്തുകയായിരുന്നു. ഡേവിഡ് വാര്‍ണറുമായി ചേര്‍ന്ന് 144 റൺസ് കൂട്ടുകെട്ടാണ് താരം പുറത്തെടുത്തത്.

പവര്‍പ്ലേയ്ക്കുള്ളിൽ ട്രെന്‍ ബോള്‍ട്ടിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും തീപാറും ബൗളിംഗ് മാര്‍ഷിനെയും വാര്‍ണറെയും ബുദ്ധിമുട്ടിച്ചുവെങ്കിലും പൊരുതി നിന്ന് ഇവര്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഇതിനിടെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും ബാറ്റിൽ പന്ത് കൊണ്ടെന്ന് കരുതി രാജസ്ഥാന്‍ റിവ്യൂവിന് ശ്രമിക്കാതെ പോയത് മാര്‍ഷിന് തുണയായി.

ബോള്‍ സ്വിംഗ് ചെയ്യുന്നതിനാൽ തന്നെ ടി20 ക്രിക്കറ്റ് കളിച്ച് തുടങ്ങിയതിന് ശേഷം തന്നെ ഏറ്റവും പ്രയാസമേറിയ പവര്‍പ്ലേ ആയിരുന്നു ഇതെന്നും മാര്‍ഷ് സമ്മതിച്ചു.

ഈസി പീസി!!! ഡൽഹിയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് മാര്‍ഷ് – വാര്‍ണര്‍ കൂട്ടുകെട്ട്

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ 8 വിക്കറ്റ് വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 18.1 ഓവറിലാണ് ഡൽഹിയുടെ വിജയം. മിച്ചൽ മാര്‍ഷ് 89 റൺസും ഡേവിഡ് വാര്‍ണര്‍ 52 റൺസും നേടിയാണ് ഡൽഹിയുടെ തകര്‍പ്പന്‍ വിജയം സാധ്യമാക്കിയത്.

പ്ലേ ഓഫ് സാധ്യതകള്‍ക്കായി ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരമായിരുന്നു ഇന്നത്തേത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 160/6 എന്ന സ്കോര്‍ നേടിയ ശേഷം മികച്ച ബൗളിംഗ് തുടക്കമാണ് നേടിയത്. ആദ്യ ഓവറിൽ തന്നെ ശ്രീകര്‍ ഭരതിനെ പുറത്താക്കിയ ട്രെന്റ് ബോള്‍ട്ടിന്റെ പന്തുകള്‍ നേരിടുവാന്‍ മിച്ചൽ മാര്‍ഷും ഡേവിഡ് വാര്‍ണറും പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.

എന്നാൽ ഇരുവരും തങ്ങളുടെ പരിചയ സമ്പത്ത് മികച്ച രീതിയിൽ ഉപയോഗിച്ച് ക്രീസിൽ നിലയുറപ്പിച്ച ശേഷം ഡൽഹിയുടെ ഇന്നിംഗ്സിന് താളം നൽകുകയായിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ ഡൽഹി 74 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

വാര്‍ണര്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ കൂടുതൽ അപകടകാരിയായത് മിച്ചൽ മാര്‍ഷ് ആയിരുന്നു.  രണ്ടാം വിക്കറ്റിൽ വാര്‍ണര്‍ – മാര്‍ഷ് കൂട്ടുകെട്ട് നേടിയ 144 റൺസാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി മാറിയത്.

മാര്‍ഷ് 89 റൺസ് നേടി പുറത്തായെങ്കിലും താരം ഡൽഹിയുടെ വിജയം ഉറപ്പാക്കിയ ശേഷം ആണ് മടങ്ങിയത്. ഡേവിഡ് വാര്‍ണര്‍ 52 റൺസും ഋഷഭ് പന്ത് 13 റൺസും നേടി ഡൽഹിയെ 11 പന്ത് അവശേഷിക്കെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

 

രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ലക്നൗ, ഡൽഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം ഒരുക്കിയത് മൊഹ്സിന്‍ ഖാന്‍

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശകരമായ വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡൽഹിയെ 189 റൺസിലൊതുക്കി 6 റൺസിന്റെ വിജയം ആണ് ടീം നേടിയത്. അവസാന ഓവറിൽ 21 റൺസ് വേണ്ടപ്പോള്‍ ഓവറിലെ ആദ്യ പന്ത് കുൽദീപ് സിക്സര്‍ പറത്തിയെങ്കിലും പിന്നീട് അക്സര്‍ പട്ടേലിന് അത് അവസാന പന്തിൽ മാത്രം ആവര്‍ത്തിക്കുവാന്‍ സാധിച്ചതാണ് ഡൽഹിയ്ക്ക് തിരിച്ചടിയായത്.

Mohsinkhan

മൊഹ്സിന്‍ ഖാന്‍ തന്റെ 4 ഓവറിൽ വെറും 16 റൺസ് മാത്രം വിട്ട് നൽകി നാല് വിക്കറ്റ് നേടിയാണ് മത്സരത്തിൽ ഡൽഹിയുടെ ചേസിംഗിന്റെ താളം തെറ്റിച്ചത്.

ഓപ്പണര്‍മാരായ പൃഥ്വി ഷായെയും ഡേവിഡ് വാര്‍ണറെയും തുടക്കത്തിൽ തന്നെ നഷ്ടമായ ഡൽഹിയെ മൂന്നാം വിക്കറ്റിൽ മിച്ചൽ മാര്‍ഷും ഋഷഭ് പന്തും ചേര്‍ന്ന് 60 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

20 പന്തിൽ 37 റൺസ് നേടിയ മാര്‍ഷിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയപ്പോള്‍ പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി. 10 ഓവര്‍ എത്തിയപ്പോള്‍ 94 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടിയത്. അവസാന പത്തോവറിൽ ജയത്തിനായി ടീം 102 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

30 പന്തിൽ 44 റൺസ് നേടിയ ഋഷഭ് പന്ത് 13ാം ഓവറിന്റെ അവസാനം പുറത്താകുമ്പോള്‍ ‍ഡൽഹി ഇനിയും 76 റൺസ് നേടണമായിരുന്നു. 35 റൺസ് നേടിയ റോവ്മന്‍ പവലിനെയും അതേ ഓവറിൽ തന്നെ ശര്‍ദ്ധുൽ താക്കൂറിനെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ ഡൽഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അക്സര്‍ പട്ടേല്‍ അവസാന ഓവറുകളിൽ പൊരുതി നോക്കിയപ്പോള്‍ ലക്ഷ്യം 6 പന്തിൽ 21 റൺസായി ചുരുങ്ങിയിരുന്നു. ദുഷ്മന്ത ചമീര എറിഞ്ഞ ഓവറിൽ അക്സറും കുൽദീപും ചേര്‍ന്ന് 15 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 36 റൺസെന്നതിൽ നിന്ന് അവസാന ഓവറിൽ 21 എന്ന നിലയിലേക്ക് മത്സരം മാറി.

സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കുൽദീപ് സിക്സര്‍ നേടിയതോടെ സമ്മര്‍ദ്ദം ലക്നൗവിലേക്ക് വന്നു. എന്നാൽ അടുത്ത രണ്ട് പന്തിൽ രണ്ട് റൺസ് മാത്രം പിറന്നപ്പോള്‍ അവസാന മൂന്ന് പന്തിൽ 12 റൺസായി ലക്ഷ്യം മാറി.

എന്നാൽ അടുത്ത രണ്ട് പന്തിൽ വലിയ ഷോട്ട് നേടാനാകാതെ അക്സര്‍ സിംഗിള്‍ വേണ്ടെന്ന് വെച്ചപ്പോള്‍ അവസാന പന്തിൽ സിക്സര്‍ താരം നേടിയെങ്കിലും 6 റൺസ് വിജയം ലക്നൗ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയരുവാന്‍ ലക്നൗവിന് സാധിച്ചു.

അക്സര്‍ പട്ടേൽ 24 പന്തിൽ 42 റൺസും കുല്‍ദീപ് 8 പന്തിൽ 16 റൺസും നേടിയെങ്കിലും ജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

മിച്ചൽ മാർഷ് പരിക്കിന്റെ പിടിയിൽ, പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിക്കില്ല, ഐപിഎലിലും താരം ഉണ്ടായേക്കില്ല

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ് പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായിരിക്കുന്നത്. നേരത്തെ തന്നെ പ്രധാന താരങ്ങളില്ലാതെയാണ് ഓസ്ട്രേലിയ കളിക്കാനെത്തുന്നത്.

താരം ഇപ്പോള്‍ ഐപിഎലില്‍ കളിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് അറിയുന്നത്. 6.50 കോടി രൂപയ്ക്കാണ് താരത്തെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

വാർണർക്കൊപ്പം കളിക്കുവാന്‍ മിച്ചൽ മാർഷും, താരത്തെ ഡൽഹി സ്വന്തമാക്കിയത് 6.5 കോടി രൂപയ്ക്ക്

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 6.5 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദ്രാബാദിനെ മറികടന്നാണ് താരത്തെ ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

സൺറൈസേഴ്സ് ഹൈദ്രാബാദ് തങ്ങളുടെ മുന്‍ താരത്തെ സ്വന്തമാക്കുവാന്‍ എത്തിയത്. അധികം വൈകാതെ ഗുജറാത്ത് ടൈറ്റന്‍സും രംഗത്തെത്തി. പിന്നീട് ഡല്‍ഹിയാണ് താരത്തിനായി താല്പര്യവുമായി എത്തിയത്.

2 കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

ക്രിക്കറ്റ് ഓസ്ട്രേലിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ

ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ ലഭിച്ചപ്പോള്‍ ട്രാവിസ് ഹെഡ് ആണ് ടെസ്റ്റ് താരം. വനിത വിഭാഗത്തിൽ ആഷ്‍ലൈ ഗാര്‍ഡ്നര്‍ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു.

വനിത ഏകദിന താരമായി അലൈസ ഹീലിയെയും പുരുഷ ഏകദിന താരമായി മിച്ചൽ സ്റ്റാര്‍ക്കിനെയും പ്രഖ്യാപിച്ചു. ബെത്ത് മൂണി വനിത ടി20 താരവും മിച്ചൽ മാര്‍ഷ് പുരുഷ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.

 

യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി മിച്ചൽ മാർഷും ഹേസൽവുഡും

ടി20 ലോകകപ്പ് ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷും ഹേസൽവുഡും. ഐ.സി.സിയുടെ മൂന്ന് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ റെക്കോർഡിനൊപ്പമാണ് ഓസ്‌ട്രേലിയൻ താരങ്ങൾ എത്തിയത്. അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കുന്ന ആദ്യ താരമായി യുവരാജ് സിങ് നേരത്തെ മാറിയിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് മിച്ചൽ മാർഷും ഹേസൽവുഡും എത്തിയത്.

യുവരാജ് സിങ് 2000ൽ അണ്ടർ 19 ലോകകപ്പ് നേടുകയും തുടർന്ന് 2007ൽ ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പ് കിരീടവും നേടിയിരുന്നു. 2010ൽ അണ്ടർ 19 കിരീടം നേടിയ ഓസ്‌ട്രേലിയൻ ടീമിലെ അംഗങ്ങൾ ആയിരുന്നു മിച്ചൽ മാർഷും ഹേസൽവുഡും. തുടർന്ന് 2015ൽ ഇവർ ഏകദിന ലോകകപ്പ് കിരീടവും നേടിയിരുന്നു.

താണ്ഡവമാടി മാര്‍ഷും വാര്‍ണറും , ഓസ്ട്രേലിയ ടി20 ലോക ചാമ്പ്യന്മാര്‍

കെയിന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും രംഗത്തെത്തിയപ്പോള്‍ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം സ്വന്തമാക്കിയ ഓസ്ട്രേലിയ തങ്ങളുടെ കന്നി കിരീടമാണ് ടി20 ലോകകപ്പിൽ നേടിയത്.

ഇന്ന് 173 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്നാം ഓവറിൽ ആരോൺ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 15 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണര്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ടിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് മത്സരത്തിൽ ഓസ്ട്രേലിയയുടെ മടങ്ങി വരവ് സാധ്യമാക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് 92 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ഫിഞ്ചിനെ പുറത്താക്കിയ ബോള്‍ട്ട് തന്നെയാണ് ഡേവിഡ് വാര്‍ണറുടെ വിക്കറ്റും നേടിയത്. 38 പന്തിൽ 4 ഫോറും 3 സിക്സും നേടിയ ഡേവിഡ് വാര്‍ണര്‍ 53 റൺസാണ് നേടിയത്.

വാര്‍ണര്‍ പുറത്തായ ശേഷവും അടി തുടര്‍ന്ന മാര്‍ഷ് 31 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു. കൂട്ടായി എത്തിയ മാക്സ്വെല്ലും സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ഓസ്ട്രേലിയന്‍ വിജയം അനായാസമായി. മാര്‍ഷ് 50 പന്തിൽ 77 റൺസും ഗ്ലെന്‍ മാക്സ്വെൽ 18 പന്തിൽ 28 റൺസും ആണ് പുറത്താകാതെ നേടിയത്.

66 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇവര്‍ നേടിയത്.

വാര്‍ണര്‍ വെടിക്കെട്ട്, ആധികാരിക ജയവുമായി ഓസ്ട്രേലിയ

ടി20 ലോകകപ്പിൽ ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് കീറൺ പൊള്ളാര്‍ഡ്(44), ആന്‍ഡ്രേ റസ്സൽ(18*), ഷിമ്രൺ ഹെറ്റ്മ്യര്‍(27), എവിന്‍ ലൂയിസ്(29) എന്നിവരുടെ ബാറ്റിംഗ് മികവിൽ 157/7 എന്ന സ്കോര്‍ നേടുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസല്‍വുഡ് നാല് വിക്കറ്റ് നേടി.

ഡേവിഡ് വാര്‍ണറുടെ മിന്നും ബാറ്റിംഗ് പ്രകടനത്തിനൊപ്പം മിച്ചൽ മാര്‍ഷും കസറിയപ്പോള്‍ ഓസ്ട്രേലിയ 16.2 ഓവറിൽ ആധികാരിക ജയം നേടുകയായിരുന്നു. വാര്‍ണര്‍ 56 പന്തിൽ 89 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 53 റൺസ് നേടിയ മിച്ചൽ മാര്‍ഷ് നേരിട്ടത് 32 പന്തുകള്‍ മാത്രമാണ്.

124 റൺസാണ് ഈ വാര്‍ണര്‍ – മാര്‍ഷ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് മത്സരഫലത്തെ ആശ്രയിച്ചായിരിക്കും നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ സെമി സാധ്യത.

 

താന്‍ കളിക്കുകയാണെങ്കിൽ അത് മൂന്നാം നമ്പറിലായിരിക്കും – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയന്‍ ടീമിൽ തനിക്ക് ഇടം ലഭിയ്ക്കുകയാണെങ്കിൽ അത് മൂന്നാം നമ്പറിലായിരിക്കുമെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ്. പ്രധാന താരങ്ങളില്ലാതെ ഓസ്ട്രേലിയ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകള്‍ക്ക് പോയപ്പോള്‍ മിച്ചൽ മാര്‍ഷ് മൂന്നാം നമ്പറിൽ ഇരുന്ന് പത്ത് മത്സരങ്ങളിൽ നിന്ന് 375 റൺസ് നേടുകയായിരുന്നു.

തനിക്ക് മൂന്നാം നമ്പറിലാണ് താല്പര്യമെങ്കിലും ഓസ്ട്രേലിയന്‍ സ്ക്വാഡിൽ മൂന്ന് മുതൽ ആറ് വരെയുള്ള സ്ലോട്ടുകളിൽ ആര്‍ക്ക് വേണമെങ്കിലും കളിക്കാമെന്ന നിലയിലാണുള്ളതെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

താന്‍ കളിക്കുകയാണെങ്കില്‍ മൂന്നാം നമ്പറിൽ തന്നെ തനിക്ക് ടീം മാനേജ്മെന്റ് അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ഷ് സൂചിപ്പിച്ചു.

ഓസ്ട്രേലിയയെന്നാൽ മാര്‍ഷ്, രണ്ടാം ടി20യിലും ബാറ്റിംഗ് പരാജയം

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിലും ഓസ്ട്രേലിയയുടെ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമേ നേടാനായുള്ളു. 45 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മോസസ് ഹെന്‍റിക്സ് 30 റൺസ് നേടി.

ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാന്‍ ആണ് തിളങ്ങിയത്.  പുറത്താകാതെ 10 പന്തിൽ 13 റൺസ് നേടിയ സ്റ്റാര്‍ക്ക് ആണ് ഓസ്ട്രേലിയയുടെ സ്കോര്‍ 121ലേക്ക് എത്തിച്ചത്.

സ്റ്റാര്‍ക്ക് എന്ത് കൊണ്ടു ലോകത്തിലെ മികച്ച ബൗളറെന്ന് തെളിയിച്ചു – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള 4 റൺസ് വിജയത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അവസാന ഓവര്‍ എറിഞ്ഞ മിച്ചൽ സ്റ്റാര്‍ക്ക് 11 റൺസ് വിജയ ലക്ഷ്യമുള്ളപ്പോള്‍ വെറും 6 റൺസ് മാത്രം നല്‍കി ആന്‍ഡ്രേ റസ്സലിനെതിരെ പന്തെറിഞ്ഞതാണ് മത്സരം ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്തത്.

ആദ്യ അഞ്ച് പന്തിൽ വെറും 2 റൺസ് പിറന്നപ്പോള്‍ അവസാന പന്തിലാണ് റസ്സൽ ഒരു ബൗണ്ടറി നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ അത്ര മികച്ച ബൗളിംഗ് അല്ലായിരുന്നു താരം പുറത്തെടുത്തത്. എന്നാൽ മൂന്നാം മത്സരത്തിൽ 4 ഓവറിൽ വെറും 15 റൺസ് നൽകി 1 വിക്കറ്റാണ് താരം നേടിയത്.

സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡിനെക്കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാമെന്നും പരമ്പരയിൽ പതിഞ്ഞ തുടക്കമാണെങ്കിലും താരം ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നത് തെളിയിച്ചുവെന്നും പല യുവതാരങ്ങള്‍ക്കും താരത്തിന്റെ ഈ ബൗളിംഗ് പ്രകടനം നോക്കി പഠിക്കാവുന്നതാണെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

ലോകത്തിലെ രണ്ട് മികച്ച താരങ്ങളാണ് ആ അവസാന ഓവറിൽ ഏറ്റുമുട്ടിയതെന്നും അത് സാക്ഷ്യം വഹിക്കുവാന്‍ ആ ഗ്രൗണ്ടില്‍ തന്നെയുണ്ടാകുകയെന്ന ഇത്തരം നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ആളുകളും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ ഇഷ്ടപ്പെടുന്നതെന്നും മിച്ചല്‍ മാര്‍ഷ് സൂചിപ്പിച്ചു.

ഇത്തരത്തിലൊരു താരത്തെ സ്വന്തം ടീമിൽ ലഭിച്ചതിന് ഓസ്ട്രേലിയ ഭാഗ്യം ചെയ്തവരാണെന്നും വൈറ്റ് ബോളിലെ മികച്ച ബൗളറാണ് താരമെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

Exit mobile version