പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ക്ക് പോലും ചിലപ്പോള്‍ പിഴയ്ക്കും, മൊഹ്സിന്‍ ഭാവി താരം – ലസിത് മലിംഗ

മൊഹ്സിന്‍ ഖാന്‍ അവസാന ഓവര്‍ എറിഞ്ഞ രീതിയിൽ താന്‍ വളരെ ഇംപ്രസ്ഡ് ആണെന്ന് പറഞ്ഞ് ഐപിഎൽ ഇതിഹാസം ലസിത് മലിംഗ. പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ക്ക് പോലും ചിലപ്പോള്‍ അവസാന ഓവറിൽ പിഴവ് സംഭവിക്കാറുണ്ടെന്നും എന്നാൽ മൊഹ്സിന്‍ കാണിച്ച ക്ഷമയും സംയമനവും തന്നെ ഹഠാദാകര്‍ഷിച്ചുവെന്നും ലസിത് മലിംഗ സൂചിപ്പിച്ചു.

കഴിഞ്ഞ സീസണിലും താരത്തിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങളുണ്ടായിട്ടുണ്ടെന്നും താരം തീര്‍ച്ചയായും ഭാവിയിലെ വാഗ്ദാനം ആണെന്നും ലസിത് മലിംഗ കൂട്ടിചേര്‍ത്തു.

സ്പിന്നര്‍മാരും മൊഹ്സിനും ജയം നേടിത്തന്നു – മാര്‍ക്കസ് സ്റ്റോയിനിസ്

സ്പിന്നര്‍മാരുടെ ഏതാനും നല്ല ഓവറുകളും മൊഹ്സിന്‍ ഖാനുമാണ് മത്സരം ലക്നൗവിന് അനുകൂലമാക്കിയതെന്ന് പറഞ്ഞ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു മാര്‍ക്കസ്. അവസാന ഓവറിൽ 11 റൺസ് വിജയത്തിനായി മുംബൈയ്ക്ക് വേണ്ട ഘട്ടത്തിൽ ടിം ഡേവിഡും കാമറൺ ഗ്രീനുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാൽ വെറും 5 റൺസ് വിട്ട് നൽകി മൊഹ്സിന്‍ ഖാന്‍ ലക്നൗവിനെ 5 റൺസ് വിജയത്തിലേക്ക് നയിച്ചു.

പരിക്കിന് പിടിയലായതിന് ശേഷം ഏറെക്കാലം കഴിഞ്ഞ് ഇത്രയും വലിയൊരു ഫൈനൽ ഓവര്‍ എറിയുവാനെത്തിയ മൊഹ്സിന്‍ സ്പെഷ്യൽ ബൗളിംഗാണ് കാഴ്ചവെച്ചതെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്. ഒപ്പം മധ്യ ഓവറുകളിൽ സ്പിന്നര്‍മാര്‍ ടൈറ്റ് ഓവറുകള്‍ എറിഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നും മാര്‍ക്കസ് വ്യക്തമാക്കി.

 

“പിതാവ് 10 ദിവസമായി ഐ സി യുവിൽ ആയിരുന്നു, അദ്ദേഹത്തിനായാണ് ഈ പ്രകടനം” – മൊഹ്സിൻ ഖാൻ

ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ വിജയശില്പിയായ മൊഹ്സിൻ ഖാൻ തന്റെ പ്രകടനം പിതാവിന് സമർപ്പിച്ചു. തനിക്ക് അവസാന ദിവസങ്ങൾ പ്രയാസകരമായിരുന്നു എന്നും തന്റെ പിതാവ് ഇന്നലെ വരെ ഐ സി യുവിൽ ആയിരുന്നു എന്നും മൊഹ്സിൻ ഖാൻ പറഞ്ഞു. അവസാന ഒരു വർഷമായി പരിക്ക് കാരണം കളത്തിന് പുറത്തായിരുന്നു മൊഹ്സിൻ ഖാൻ.

ഒരു വർഷത്തിനു ശേഷമാണ് താൻ കളിക്കുന്നത്. പരുക്ക് പറ്റിയതിനാൽ ഈ ഒരു വർഷം വളരെ ബുദ്ധിമുട്ടായിരുന്നു. അച്ഛൻ ഇന്നലെ ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ആയി, കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു, ഞാൻ അദ്ദേഹത്തിന് വേണ്ടിയാണ് ഇന്ന് കളിച്ചത്. അദ്ദേഹം എന്റെ കളി കാണുന്നുണ്ടാകും. മൊഹ്സിൻ പറഞ്ഞു.

തന്നിൽ വിശ്വസിച്ച ടീമിനോടും സപ്പോർട്ട് സ്റ്റാഫിനോടും ഗൗതം ഗംഭരിനോടും സർ, വിജയ് ദാഹിയയോടും എനിക്ക് നന്ദി ഉണ്ട് എന്നും മൊഹ്സിൻ പറഞ്ഞു.

മൊഹ്സിൻ ഖാന് കയ്യടിക്കാം!! കൂറ്റനടിക്കാരുടെ മുന്നിൽ ഇങ്ങനെ ഒരു അവസാന ഓവർ!!

കഴിഞ്ഞ ഐ പി എൽ സീസൺ കഴിഞ്ഞപ്പോൾ പലരും ഇന്ത്യൻ ടീമിലേക്ക് സജസ്റ്റ് ചെയ്ത പേരുകളിൽ ഒന്നായിരുന്നു മൊഹ്സിൻ ഖാൻ. ഇന്ന് അതെന്തിനായിരുന്നു എന്നുള്ള ഓർമ്മിപ്പിക്കൽ ആയിരുന്നു. ബാറ്റ്ർമാരുടെ സീസൺ ആയ ഐ പി എല്ലിൽ അവസാന ഓവറിൽ ഡിഫൻഡ് ചെയ്യാൻ മൊഹ്സിന് മുന്നിൽ ഉണ്ടായിരുന്നത് വെറും 11 റൺസ്. നിഷ്പ്രയാസം എടുക്കാം എന്ന് പലരും കരുതിയ റൺസ്‌.

ബാറ്റ് ചെയ്യാൻ കളത്തിൽ ഉള്ളത് രണ്ട് ബിഗ് ഹിറ്റേഴ്സ്. ടിം ഡേവിഡും കാമറൺ ഗ്രീനും. രാജസ്ഥാൻ റോയൽസിന് എതിരെ ഹോൾഡറിനെ മൂന്ന് സിക്സ് അടിച്ച് അവസാന ഓവറിൽ 17 ചെയ്സ് ചെയ്ത ടിം ഡേവിഡ് ഉണ്ടാകുമ്പോൾ 11 ഒന്നും ഒരു ലക്ഷ്യമേ അല്ല എന്ന് പലരും കരുതി. പക്ഷെ മൊഹ്സിൻ ഖാന് കൃത്യമായ പ്ലാനുകൾ ഉണ്ടായിരുന്നു.

സമ്മർദ്ദം ഇല്ലാതെ മൊഹ്സിൻ പന്തെറിഞ്ഞു. തന്റെ റണ്ണപ്പ് കുറച്ച് ബൗണ്ടറി കൊടുക്കില്ല എന്ന് ഉറപ്പിച്ച ആറ് പന്തുകൾ. ആകെ വന്നത് അഞ്ചു റൺസ്. ലഖ്നൗവിനെ പ്ലേ ഓഫിന് തൊട്ടടുത്ത് എത്തിച്ച 5 റൺസിന്റെ വിജയം. ഈ സീസൺ പകുതിയോളം നഷ്ടപ്പെട്ട മൊഹ്സിൻ ഖാൻ പൂർണ്ണ ഫിറ്റ്നസിലേക്ക് വരുന്നേയുള്ളൂ. ഈ ഓവർ മൊഹ്സിന്റെ തിരിച്ചുവരവായി തന്നെ കണക്കാക്കാൻ ആകും.

“മൊഹ്സിൻ ഖാന്റെ അഭാവം ലഖ്നൗവിന് വലിയ തിരിച്ചടിയാകും”

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പേസർ മൊഹ്സിൻ ഖാന്റെ അഭാവം വലുതായി അനുഭവപ്പെടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ആകാശ് ചോപ്ര. 2023 ഐപിഎല്ലിൽ ഏപ്രിൽ 1 ന് അവരുടെ ഉദ്ഘാടന മത്സരത്തിൽ എൽഎസ്ജി ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുക ആയിരുന്നു ചോപ്ര. ഇടത് തോളിന് പരിക്കേറ്റതിനെ തുടർന്ന് 2023 ഐ പി എൽ സീസണിലെ ഭൂരിഭാഗവും മൊഹ്‌സിൻ ഖാന് നഷ്ടമാകും എന്നാണ് റിപ്പോർട്ട്.

“അവർക്ക് അവേഷ് ഖാനും മൊഹ്‌സിൻ ഖാനും ഉണ്ട്. എന്നാൽ പരിക്ക് കാരണം മൊഹ്സിൻ പുറത്താകുന്നത് വലിയ തിരിച്ചടിയാകും. മായങ്ക് യാദവിനെ കുറിച്ച് നല്ല കാര്യങ്ങൾ കേൾക്കുന്നുണ്ട്. എന്നാലും മൊഹ്‌സിൻ ഖാന്റെ അഭാവം അനുഭവപ്പെടും, കാരണം കഴിഞ്ഞ വർഷം അദ്ദേഹം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു” ചോപ്ര പറഞ്ഞു.

നാല് മാസത്തിൽ ഇന്ത്യയിലെ മികച്ച ഓള്‍റൗണ്ടറാക്കി മൊഹ്സിനെ മാറ്റും – മുഹമ്മദ് ഷമി

ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ മാത്രമല്ല ഐപിഎലിലെ ഇത്തവണത്തെ കണ്ടെത്തലുകളിൽ ഒരാളാണ് പേസ് ബൗളര്‍ മൊഹ്സിന്‍ ഖാന്‍. ടീമിലെ സ്ഥാനം ആദ്യ മത്സരത്തിന് ശേഷം നഷ്ടമായെങ്കിലും വീണ്ടും ലഭിച്ച അവസരം മുതലാക്കിയ താരം 14 വിക്കറ്റുകളാണ് നേടിയത്.

മൊഹ്സിന്‍ ഖാന്റെ കോച്ച് ബദറുദ്ദീന്‍ സിദ്ദിക്കി പറയുന്നത് താരത്തെ നാല് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആക്കി മാറ്റുമെന്നാണ് തന്നോട് മുഹമ്മദ് ഷമി പറഞ്ഞതെന്നാണ്.

ഷമിയുമായും സഹകരിച്ചിട്ടുള്ള കോച്ചാണ് ബദറുദ്ദീന്‍ സിദ്ദിക്കി. ക്രിക്കറ്റിനെക്കുറിച്ച് മികച്ച അറിവാണ് മൊഹ്സിനുള്ളതെന്നും കോച്ച് വ്യക്തമാക്കി. താരത്തിന് മികച്ച ബാറ്റിംഗ് സെന്‍സുണ്ടെന്ന് കെഎൽ രാഹുലും സമ്മതിച്ചതാണെന്ന് ഷമി തന്നോട് പറഞ്ഞുവെന്നാണ് സിദ്ദിക്കി വ്യക്തമാക്കിയത്.

റിങ്കു സൂപ്പര്‍ സ്റ്റാര്‍, പൊരുതി വീണ് കൊല്‍ക്കത്ത പുറത്ത്

ഐപിഎലില്‍ റിങ്കു സിംഗിന്റെ സൂപ്പര്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ വിറപ്പിച്ച ശേഷം 2 റൺസ് തോൽവിയേറ്റ് വാങ്ങി. അവസാന ഓവറിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് 2 പന്തിൽ മൂന്നാക്കി ലക്ഷ്യം റിങ്കു മാറ്റിയെങ്കിലും താരത്തെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിന്‍ ലൂയിസ് പിടിച്ചപ്പോള്‍ 208 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത പുറത്തായി.

ഓപ്പണര്‍മാരെ രണ്ട് പേരെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 9/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുകയായിരുന്നു. അവിടെ നിന്ന് നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് നേടിയ 56 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും നിതീഷ് റാണയുടെ വകയായിരുന്നു. 22 പന്തിൽ 42 റൺസ് നേടിയ റാണ ലക്നൗവിന് അപകടം വിതയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് റാണയെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയത്.
29 പന്തിൽ 50 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ സ്റ്റോയിനിസ് പുറത്താക്കുമ്പോള്‍ 37 പന്തിൽ 80 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. സാം ബില്ലിംഗ്സും അയ്യരും ചേര്‍ന്ന് 66 റൺസാണ് നേടിയത്.

അധികം വൈകാതെ സാം ബില്ലിംഗ്സും(36) ആന്‍ഡ്രേ റസ്സലും വീണതോടെ കൊല്‍ക്കത്തയുടെ കാര്യം കഷ്ടത്തിലായി. റസ്സലിനെ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

എന്നാൽ പൊരുതാതെ കീഴടങ്ങുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് റിങ്ക സിംഗും സുനിൽ നരൈനും തീരുമാനിച്ചപ്പോള്‍ 18, 19 ഓവറുകളിൽ കൊല്‍ക്കത്ത 17 വീതം റൺസ് നേടി അവസാന ഓവറിലേക്കുള്ള ലക്ഷ്യം 21 ആക്കി കുറച്ചു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റിങ്കു സിംഗ് ഒരു ഫോറും രണ്ട് സിക്സും നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്തിൽ വെറും 5 റൺസായി മാറി. അടുത്ത പന്തിൽ ഒരു ഡബിള്‍ കൂടി നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് പന്തിൽ 3 റൺസായി ലക്ഷ്യം മാറിയെങ്കിലും അടുത്ത പന്തിൽ താരം ഔട്ടായി. 15 പന്തിൽ 40 റൺസായിരുന്നു റിങ്കു സിംഗ് നേടിയത്. റിങ്കുവിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ലൂയിസ് ആണ് പുറത്താക്കിയത്. സുനിൽ നരൈന്‍ 7 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്ത് നേരിട്ട ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോയിനിസ് വിജയം ഒരുക്കി.

മൊഹ്സിനെ നെറ്റ്സിൽ നേരിടുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല – കെഎൽ രാഹുല്‍

മൊഹ്സിന്‍ ഖാനിനെ നെറ്റ്സിൽ ഒരു മാസം മുമ്പാണ് താന്‍ നേരിട്ടതെന്നും അതിന് ശേഷം താന്‍ താരത്തിനെതിരെ നെറ്റ്സിൽ കളിക്കുവാന്‍ താല്പര്യപ്പെടുന്നില്ല എന്നതാണ് സത്യം എന്ന് പറഞ്ഞ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെഎൽ രാഹുൽ. താരം നെറ്റ്സിൽ ഷാര്‍പ്പും ഭയപ്പെടുത്തുന്ന പേസിൽ പന്തെറിയുന്ന വ്യക്തിയാണെന്നും എന്നാൽ അത് മാത്രമല്ല ബുദ്ധിയുപയോഗിച്ച് പന്തെറിയുന്ന വ്യക്തി കൂടിയാണ് മൊഹ്സിന്‍ എന്ന് കെഎൽ രാഹുല്‍ വ്യക്തമാക്കി.

പല ടീമിന്റെയും ഭാഗമായി താരം രണ്ട് വര്‍ഷത്തോളം ഉണ്ടായിരുന്നുവെങ്കിലും അവസരം ലഭിച്ചിരുന്നില്ലെന്നും ലഭിച്ച അവസരം താരം ഇപ്പോ‍ള്‍ ഉപയോഗിക്കുകയാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. സമ്മര്‍ദ്ദത്തിലും താരം മികച്ച ഓവറുകള്‍ ടീമിനായി പുറത്തെടുത്തിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ സൂചിപ്പിച്ചു.

ഏറ്റവും സന്തോഷം തോന്നിയ നിമിഷം, തന്റെ മാതാപിതാക്കള്‍ ഇത് ടിവിയിൽ കാണുന്നുണ്ടാവും – മൊഹ്സിന്‍ ഖാന്‍

ഐപിഎലില്‍ ഇന്നലെ ലക്നൗവിന്റെ 6 റൺസ് വിജയത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് മൊഹ്സിന്‍ ഖാന് ആയിരുന്നു. താരം തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 16 റൺസ് വിട്ട് നൽകിയാണ് 4 വിക്കറ്റ് നേടിയത്. പുരസ്കാരം നേടിയ ശേഷം സംസാരിക്കുമ്പോള്‍ താന്‍ ഇന്ന് ഏറെ സന്തോഷവാനാമെന്ന് താരം വ്യക്തമാക്കി.

തന്റെ ഈ നേട്ടം തന്റെ മാതാപിതാക്കള്‍ ടിവിയിൽ കണ്ടിട്ടുണ്ടാവും എന്നാണ് കരുതുന്നതെന്നും മൊഹ്സിന്‍ കൂട്ടിചേര്‍ത്തു. നേടിയ വിക്കറ്റുകളിൽ ഋഷഭ് പന്തിന്റെ വിക്കറ്റാണ് താന്‍ ഏറെ ആസ്വദിച്ചതെന്നും അതിന് രാഹുല്‍ ഭായിയുടെ നിര്‍ദ്ദേശവും ഉണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. തനിക്ക് ലഭിയ്ക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അത് ടീമിന്റെ വിജയത്തിന് കാരണമായാൽ ഏറെ സന്തോഷം ഉണ്ടാകുമെന്നും മൊഹ്സിന്‍ ഖാന്‍ വ്യക്തമാക്കി.

രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ലക്നൗ, ഡൽഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം ഒരുക്കിയത് മൊഹ്സിന്‍ ഖാന്‍

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശകരമായ വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡൽഹിയെ 189 റൺസിലൊതുക്കി 6 റൺസിന്റെ വിജയം ആണ് ടീം നേടിയത്. അവസാന ഓവറിൽ 21 റൺസ് വേണ്ടപ്പോള്‍ ഓവറിലെ ആദ്യ പന്ത് കുൽദീപ് സിക്സര്‍ പറത്തിയെങ്കിലും പിന്നീട് അക്സര്‍ പട്ടേലിന് അത് അവസാന പന്തിൽ മാത്രം ആവര്‍ത്തിക്കുവാന്‍ സാധിച്ചതാണ് ഡൽഹിയ്ക്ക് തിരിച്ചടിയായത്.

മൊഹ്സിന്‍ ഖാന്‍ തന്റെ 4 ഓവറിൽ വെറും 16 റൺസ് മാത്രം വിട്ട് നൽകി നാല് വിക്കറ്റ് നേടിയാണ് മത്സരത്തിൽ ഡൽഹിയുടെ ചേസിംഗിന്റെ താളം തെറ്റിച്ചത്.

ഓപ്പണര്‍മാരായ പൃഥ്വി ഷായെയും ഡേവിഡ് വാര്‍ണറെയും തുടക്കത്തിൽ തന്നെ നഷ്ടമായ ഡൽഹിയെ മൂന്നാം വിക്കറ്റിൽ മിച്ചൽ മാര്‍ഷും ഋഷഭ് പന്തും ചേര്‍ന്ന് 60 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

20 പന്തിൽ 37 റൺസ് നേടിയ മാര്‍ഷിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയപ്പോള്‍ പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി. 10 ഓവര്‍ എത്തിയപ്പോള്‍ 94 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടിയത്. അവസാന പത്തോവറിൽ ജയത്തിനായി ടീം 102 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

30 പന്തിൽ 44 റൺസ് നേടിയ ഋഷഭ് പന്ത് 13ാം ഓവറിന്റെ അവസാനം പുറത്താകുമ്പോള്‍ ‍ഡൽഹി ഇനിയും 76 റൺസ് നേടണമായിരുന്നു. 35 റൺസ് നേടിയ റോവ്മന്‍ പവലിനെയും അതേ ഓവറിൽ തന്നെ ശര്‍ദ്ധുൽ താക്കൂറിനെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ ഡൽഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അക്സര്‍ പട്ടേല്‍ അവസാന ഓവറുകളിൽ പൊരുതി നോക്കിയപ്പോള്‍ ലക്ഷ്യം 6 പന്തിൽ 21 റൺസായി ചുരുങ്ങിയിരുന്നു. ദുഷ്മന്ത ചമീര എറിഞ്ഞ ഓവറിൽ അക്സറും കുൽദീപും ചേര്‍ന്ന് 15 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 36 റൺസെന്നതിൽ നിന്ന് അവസാന ഓവറിൽ 21 എന്ന നിലയിലേക്ക് മത്സരം മാറി.

സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കുൽദീപ് സിക്സര്‍ നേടിയതോടെ സമ്മര്‍ദ്ദം ലക്നൗവിലേക്ക് വന്നു. എന്നാൽ അടുത്ത രണ്ട് പന്തിൽ രണ്ട് റൺസ് മാത്രം പിറന്നപ്പോള്‍ അവസാന മൂന്ന് പന്തിൽ 12 റൺസായി ലക്ഷ്യം മാറി.

എന്നാൽ അടുത്ത രണ്ട് പന്തിൽ വലിയ ഷോട്ട് നേടാനാകാതെ അക്സര്‍ സിംഗിള്‍ വേണ്ടെന്ന് വെച്ചപ്പോള്‍ അവസാന പന്തിൽ സിക്സര്‍ താരം നേടിയെങ്കിലും 6 റൺസ് വിജയം ലക്നൗ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയരുവാന്‍ ലക്നൗവിന് സാധിച്ചു.

അക്സര്‍ പട്ടേൽ 24 പന്തിൽ 42 റൺസും കുല്‍ദീപ് 8 പന്തിൽ 16 റൺസും നേടിയെങ്കിലും ജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

ലക്നൗവിന്റെ മികച്ച ബൗളിംഗ് പ്രകടനം, പഞ്ചാബിനെതിരെ 20 റൺസ് വിജയം

ഐപിഎലില്‍ 154 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് കിംഗ്സിന് 133 റൺസ് മാത്രം നേടാനായപ്പോള്‍ 20 റൺസ് വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഒരു ഘട്ടത്തിൽ ജോണി ബൈര്‍സ്റ്റോ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് ലക്നൗവിന് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും ശക്തമായ ബൗളിംഗ് പ്രകടനത്തിലൂടെ പഞ്ചാബിനെ പിടിച്ചുകെട്ടി ലക്നൗ മത്സരം കൈക്കലാക്കുകയായിരുന്നു.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 35 റൺസാണ് പഞ്ചാബിന് വേണ്ടി നേടിയത്. ഇതിൽ മയാംഗ് 25 റൺസ് നേടി പുറത്തായി. അധികം വൈകാതെ ശിഖര്‍ ധവാനെയും ഭാനുക രാജപക്സയെയും പഞ്ചാബിന് നഷ്ടമായപ്പോള്‍ ടീം 58/3 എന്ന നിലയിലേക്ക് വീണു.

ജോണി ബൈര്‍സ്റ്റോയും ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്ന് 30 റൺസ് നാലാം വിക്കറ്റിൽ നേടി പഞ്ചാബിനെ ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിൽ നിന്ന് വിക്കറ്റുകള്‍ പൊടുന്നനെ ടീമിന് നഷ്ടമായി. 88/3 എന്ന നിലയിൽ നിന്ന് 103/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. ആദ്യം ലിയാം ലിവിംഗ്സ്റ്റണിനെയും(18) പിന്നെ ജിതേഷ് ശര്‍മ്മയെയും നഷ്ടമായ പഞ്ചാബിന് വലിയ തിരിച്ചടിയായത് ജോണി ബൈര്‍സ്റ്റോയുടെ വിക്കറ്റായിരുന്നു.

ജോണി ബൈര്‍സ്റ്റോ 32 റൺസ് നേടി പുറത്തായതോടെ പഞ്ചാബിന്റെ ബാറ്റിംഗ് വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. 18 പന്തിൽ 42 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പഞ്ചാബിന് മാറി മറിയുകയായിരുന്നു. കാഗിസോ റബാഡയെയും രാഹുല്‍ ചഹാറിനെയും ഒരേ ഓവറിൽ മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ താരം തന്റെ മത്സരത്തിലെ മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

അവസാന ഓവറിൽ 31 റൺസ് വിജയത്തിനായി വേണ്ടപ്പോള്‍ അവേശ് ഖാനെ ആദ്യ രണ്ട് പന്തിൽ സിക്സും ഫോറും അടിച്ച് ഋഷി ധവാന്‍ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് ഓവറിൽ നിന്ന് ഒരു റൺസും പിറക്കാതിരുന്നപ്പോള്‍ 133 റൺസിൽ പഞ്ചാബ് ഇന്നിംഗ്സ് അവസാനിച്ചു. ഋഷി ധവാന്‍ 21 റൺസുമായി പുറത്താകാതെ നിന്നു.

വെറും 11 റൺസ് മാത്രം വിട്ട് നൽകി രണ്ട് വിക്കറ്റ് നേടിയ ക്രുണാൽ പാണ്ഡ്യയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version