അവസാന ഓവറിൽ 11 റൺസ്, ആന്‍ഡ്രേ റസ്സലിനെ പിടിച്ചുകെട്ടി സ്റ്റാര്‍ക്ക്, ഓസ്ട്രേലിയയ്ക്ക് നാല് റൺസ് ജയം

വിന്‍ഡീസിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് 4 റൺസ് വിജയം നേടി ഓസ്ട്രേലിയ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും കൈവിട്ട ടീമിന് നാലാം മത്സരത്തിൽ കടമ്പ കടക്കുവാന്‍ സഹായിച്ചത് ബാറ്റിംഗിലെ മികച്ച പ്രകടനത്തിനൊപ്പം ബൗള‍ര്‍മാരും അവസരത്തിനൊത്തുയര്‍ന്നാണ് കളി ടീമിനൊപ്പം നിന്നത്.

190 റൺസെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എവിന്‍ ലൂയിസും ലെന്‍ഡൽ സിമ്മൺസും ചേര്‍ന്ന് നല്‍കിയ മിന്നും തുടക്കത്തിന്റെ ബലത്തിൽ ആതിഥേയര്‍ 62 റൺസിലേക്ക് കുതിയ്ക്കുകയായിരുന്നു.

14 പന്തിൽ 31 റൺസ് നേടിയ എവിന്‍ ലൂയിസിനെ നഷ്ടമായ ശേഷം ക്രിസ് ഗെയിൽ, ആന്‍ഡ്രേ ഫ്ലെച്ചര്‍ എന്നിവരെയും വിന്‍ഡീസിന് വേഗത്തിൽ നഷ്ടമായി. 48 പന്തിൽ 72 റൺസ് നേടിയ സിമ്മൺസിനെ നഷ്ടമാകുമ്പോള്‍ 132/5 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. നിക്കോളസ് പൂരനെയും സിമ്മൺസിനെയും ഒരേ ഓവറിൽ പുറത്താക്കി മിച്ചൽ മാര്‍ഷാണ് ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കിയത്.

പിന്നീട് ആറാം വിക്കറ്റിൽ ഫാബിയന്‍ അല്ലെനും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിപ്പിക്കുമെന്നാണ് തോന്നിപ്പിച്ചതെങ്കിലും 19ാം ഓവറിന്റെ അവസാന പന്തിൽ 14 പന്തിൽ 29 റൺസ് നേടിയ ഫാബിയന്‍ അല്ലെന്‍ പുറത്താകുകയായിരുന്നു.

2 ഓവറിൽ 36 റൺസ് വേണ്ട ഘട്ടത്തിൽ റൈലി മെറിഡിത്തിന്റെ ഓവറിൽ നാല് സിക്സര്‍ പറത്തി വിന്‍ഡീസ് ക്യാമ്പിൽ ആഹ്ലാദം നിറച്ചുവെങ്കിലും അവസാന പന്തിൽ അല്ലന്‍ പുറത്തായപ്പോള്‍ 11 റൺസായിരുന്നു അവസാന ഓവറിലെ ലക്ഷ്യം. ക്രീസിൽ അപകടകാരിയായ ആന്‍ഡ്രേ റസ്സൽ നില്‍ക്കുമ്പോള്‍ വിജയം വിന്‍ഡീസിനൊപ്പമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ ഓവറിൽ ആറ് റൺസ് മാത്രമേ വിന്‍ഡീസിന് നേടാനായുള്ളു.

6 വിക്കറ്റ് നഷ്ടത്തിൽ 185/6 എന്ന സ്കോറിലേക്ക് വിന്‍ഡീസ് എത്തിയപ്പോള്‍ റസ്സൽ 13 പന്തിൽ പുറത്താകാതെ റസ്സൽ 24 റൺസുമായി നിന്നു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ മാര്‍ഷ് മൂന്ന് വിക്കറ്റും ആഡം സംപ 2 വിക്കറ്റും നേടി. തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് മാര്‍ഷ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

 

മാര്‍ഷും ഫിഞ്ചും കസറി, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

പരമ്പര കൈവിട്ടുവെങ്കിലും നാലാം ടി20യിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. വൺ ഡൗണായി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച മിച്ചൽ മാര്‍ഷ് തന്റെ ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ 44 പന്തിൽ 75 റൺസ് നേടിയ താരവും 37 പന്തിൽ 53 റൺസ് നേടിയ ആരോൺ ഫിഞ്ചും ചേര്‍ന്നാണ് ഓസ്ട്രേലിയയെ 189/6 എന്ന സ്കോറിലേക്ക് നയിച്ചത്.

14 പന്തിൽ 22 റൺസ് നേടിയ ഡാനിയേൽ ക്രിസ്റ്റ്യനും അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. 114 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി രണ്ടാം വിക്കറ്റിൽ മാര്‍ഷും ഫിഞ്ചും ചേര്‍ന്ന് നേടിയത്. വെസ്റ്റിന്‍ഡീസിന് വേണ്ടി ഹെയ്‍ഡന്‍ വാൽഷ് ഫിഞ്ചിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് നേടിയത്.

തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ഓസ്ട്രേലിയയെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി വിജയം കൈവരിച്ച് വെസ്റ്റിന്‍ഡീസ്. മത്സരത്തിൽ 146 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 108/4 എന്ന നിലയിൽ വിജയം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചുവെങ്കിലും 16 ഓവറിൽ ടീമിനെ 127 റൺസിന് പുറത്താക്കി തകര്‍പ്പന്‍ പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തന്റെ കന്നി ടി20 അര്‍ദ്ധ ശതകം നേടിയ ആന്‍ഡ്രേ റസ്സൽ ആണ് 145 റൺസിലേക്ക് എത്തിച്ചത്. 28 പന്തിൽ 51 റൺസാണ് റസ്സൽ നേടിയത്. താരം അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ഷിമ്രൺ ഹെറ്റ്മ്യര്‍(20), ലെന്‍ഡൽ സിമ്മൺസ്(27) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഓസ്ട്രേലിയന്‍ നിരയിൽ ജോഷ് ഹാസൽവുഡ് മൂന്നും മിച്ചൽ മാര്‍ഷ് രണ്ടും വിക്കറ്റ് നേടി.

മാത്യു വെയിഡും മിച്ചൽ മാര്‍ഷും മികച്ച രീതിയിൽ ടീമിന് വേണ്ടി കളിച്ചുവെങ്കിലും കൈപ്പിടിയിലായ കളി ഓസ്ട്രേലിയ കൈവിടുന്ന കാഴ്ചയാണ് സെയിന്റ് ലൂസിയയിൽ കണ്ടത്. മാത്യൂ വെയിഡ് 14 പന്തിൽ 34 റൺസ് നേടിയപ്പോള്‍ മിച്ചൽ മാര്‍ഷ് 31 പന്തിൽ 51 റൺസാണ് നേടിയത്.

4 വിക്കറ്റ് നേടിയ ഒബേദ് മക്കോയ് ആണ് വിന്‍ഡീസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. ഹെയ്ഡന്‍ വാൽഷ് മൂന്ന് വിക്കറ്റ് നേടി. 10.2 ഓവറിൽ 108/4 എന്ന നിലയിൽ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിച്ച ഓസ്ട്രേലിയ 16 ഓവറിനുള്ളിൽ 127 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

24 പന്ത് അവശേഷിക്കവേ ടീം തകര്‍ന്നപ്പോള്‍ 18 റൺസിന്റെ വിജയമാണ് കരീബിയന്‍ സംഘം നേടിയത്.

ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മിച്ചല്‍ മാര്‍ഷ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ബയോ ബബിളില്‍ വളരെ അധികം സമയം ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് താരത്തിന്റെ ഈ തീരുമാനം. ബിസിസിഐയെയും സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെയും താരം വിവരം അറിയിച്ചുവെന്നാണ് അറിയുന്നത്.

2 കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് താരത്തെ സണ്‍റൈസേഴ്സ് 2020ലെ ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സിന്റെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ താരം പിന്നീട് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തില്ല. പകരം ജേസണ്‍ ഹോള്‍ഡറെ സണ്‍റൈസേഴ്സ് ടീമിലെത്തിക്കുകയായിരുന്നു.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. നാല് വര്‍ഷത്തേക്കാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മിച്ചല്‍ മാര്‍ഷ് 2025 വരെ ക്ലബില്‍ തുടരും. ക്ലബിനോടൊപ്പമുള്ള പത്ത് വര്‍ഷത്തില്‍ താരം മൂന്ന് ബിഗ് ബാഷ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

2018ല്‍ പെര്‍ത്തിന്റെ ക്യാപ്റ്റന്‍സിയും താരത്തെ തേടിയെത്തിയെങ്കിലും ഐപിഎലിനിടെ പരിക്കേറ്റ താരം ഈ സീസണിന് മുമ്പ് അത് താത്കാലികമായി ആഷ്ടണ്‍ ടര്‍ണറെ ഏല്പിച്ചു. പിന്നീട് പരിക്ക് മാറി എത്തിയ താരം ടര്‍ണറോട് ക്യാപ്റ്റന്‍സിയില്‍ തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാര്‍ഷിന്റെയും ഭുവിയുടെയും അഭാവം തീരാ നഷ്ടം, എന്നാല്‍ ടീമിലെ യുവ താരങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു – റഷീദ് ഖാന്‍

മിച്ചല്‍ മാര്‍ഷിനെയും ഭുവനേശ്വര്‍ കുമാറിനെയും നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയാണെന്നും എന്നാല്‍ ടീമിലെ യുവ താരങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ടീമിന് ഇപ്പോളും മികച്ച കോമ്പിനേഷന്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നുണ്ടെന്നും പറഞ്ഞ് റഷീദ് ഖാന്‍. വലിയ സ്കോര്‍ നേടിയാലുള്ള ഗുണം ബാറ്റ്സ്മാന്മാര്‍ വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്നതാണെന്നും മികച്ച പന്തുകള്‍ എറിഞ്ഞാല്‍ വിക്കറ്റുകള്‍ നേടുവാന്‍ സാധിക്കുമെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

Mitchell Marsh

കഴിഞ്ഞ നാല് അഞ്ച് വര്‍ഷമായി സണ്‍റൈസേഴ്സിന്റെ ബൗളിംഗ് അതിശക്തമാണെന്നും ഇപ്പോള്‍ ഈ താരങ്ങളുടെ അഭാവത്തിലും ടീമിന് സ്കോര്‍ ബോര്‍ഡില്‍ റണ്‍സുണ്ടേല്‍ അത് വിജയകരമായി ചെറുത്ത് നിര്‍ത്തുവാന്‍ സാധിക്കുന്നുണ്ടെന്നും റഷീദ് വ്യക്തമാക്കി. ഈ ഗ്രൗണ്ടില്‍ 160 റണ്‍സ് പ്രതിരോധിക്കുവാന്‍ ടീമിന് കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ 201 റണ്‍സ് പ്രതിരോധിക്കുവാന്‍ ആകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നു റഷീദ് വ്യക്തമാക്കി.

ഹോട്ടല്‍ ക്വാറന്റീനിന് ശേഷം മിച്ചല്‍ മാര്‍ഷിന് ശസ്ത്രക്രിയ നടത്തിയേക്കും

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ശസ്ത്രക്രിയ വേണ്ടി വരുമോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള തീരുമാനം താരത്തിന്റെ പെര്‍ത്തിലെ ഹോട്ടല്‍ ക്വാറന്റീന് ശേഷം തീരുമാനിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഷെഫീല്‍ ഷീല്‍ഡില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ആദ്യത്തെ നാല് റൗണ്ട് മത്സരങ്ങള്‍ക്ക് മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ഒക്ടോബര്‍ പത്തിനാവും മാര്‍ഷിന്റെ കണങ്കാലിന്റെ പരിശോധന നടത്തി ശസ്ത്രക്രിയ ആവശ്യമോ അതോ ശസ്ത്രക്രിയ ഇല്ലാതെയുള്ള സമീപനത്തിലൂടെ താരത്തിനെ തിരികെ കളത്തിലെത്തിക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് ആണ് വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചത്.

യുഎഇയില്‍ നിന്നുള്ള താരത്തിന്റെ എക്സറേ റിപ്പോര്‍ട്ടുകള്‍ നഷ്ടമായതോടെ താരത്തിന് ഓസ്ട്രേലിയയിലെത്തിയ ശേഷം പുതിയ സ്കാനുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്.

 

മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

സൺറൈസേഴ്‌സിന്റെ ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റതോടെയാണ് താരം ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയത്. പകരക്കാരനായി വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറെ സൺറൈസേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെയാണ് മിച്ചൽ മാർഷിന് കാലിന്റെ ആംഗിളിന് പരിക്കേറ്റത്. മാർഷ് എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. പകരക്കാരനായി പ്രഖ്യാപിച്ച വെസ്റ്റിൻഡീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഉടൻ തന്നെ ടീമിനൊപ്പം ചേരാൻ യു.എ.ഇയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

അബുദാബിയിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അടുത്ത മത്സരം. മിച്ചൽ മാർഷിന് പകരമായി അഫ്ഗാൻ താരം മുഹമ്മദ് നബി ടീമിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

തോൽവിക്ക് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആർ.സി.ബിയോട് തോറ്റതിന് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന് മറ്റൊരു തിരിച്ചടി. ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷിന് പരിക്ക് മൂലം ഐ.പി.എൽ ടൂർണമെന്റ് മുഴുവൻ നഷ്ട്ടപെട്ടേക്കും. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സൺറൈസേഴ്സിന്റെ ആദ്യ മത്സരത്തിലാണ് മിച്ചൽ മാർഷിന് പരിക്കേറ്റത്.

മത്സരത്തിന്റെ അഞ്ചാം ഓവർ എറിയാൻ വന്ന മിച്ചൽ മാർഷിന് പരിക്കേൽക്കുകയായിരുന്നു. തന്റെ ആദ്യ ഓവറിലെ നാലാമത്തെ പന്തെറിയുമ്പോഴാണ് താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. തുടർന്ന് വിജയ് ശങ്കറാണ് താരത്തിന്റെ ബാക്കി രണ്ട് പന്തുകൾ പൂർത്തിയാക്കിയത്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം താരത്തിന് ഈ സീസണിൽ ഐ.പി.എൽ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഐ.പി.എൽ ടൂർണമെന്റുകളിലും മിച്ചൽ മാർഷിന് പരിക്ക് വില്ലനായിട്ടുണ്ട്.

ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് 123/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി ആറാം വിക്കറ്റ് കൂട്ടുകെട്ട്. മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്ന ഗ്ലെന്‍ മാക്സ്വെല്‍-മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 50 ഓവറില്‍ നിന്ന് 294 റണ്‍സ് നേടിയിട്ടുണ്ട്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

ആദ്യ ഓവറുകളില്‍ തന്നെ ഡേവിഡ് വാര്‍ണറെയും(6) പത്തോവര്‍ തികയ്ക്കുന്നതിന് മുമ്പ് ആരോണ്‍ ഫിഞ്ചിനെയും(16) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് മൂന്നാം വിക്കറ്റില്‍ മാര്‍ക്കസ് സ്റ്റോയിനിസും മാര്‍നസ് ലാബൂഷാനെയും കൂടി നേടിയ 37 റണ്‍സിന്റെ ബലത്തില്‍ മത്സരത്തിലേക്ക് തിരികെ വരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മാര്‍ക്ക് വുഡ് 43 റണ്‍സ് നേടിയ സ്റ്റോയിനിസിനെ വീഴ്ത്തി തന്റെ രണ്ടാം വിക്കറ്റ് നേടി.

അധികം വൈകാതെ ലാബൂഷാനെയെയും(21) അലെക്സ് കാറെയെയും(10) ആദില്‍ റഷീദ് പുറത്താക്കിയതോടെ മത്സരം ഓസ്ട്രേലിയയുടെ കൈപ്പിടിയില്‍ നിന്ന് വഴുതുമെന്ന് തോന്നിപ്പിക്കുകയായിരുന്നു. പിന്നീട് ആറാം വിക്കറ്റ് കൂട്ടുകെട്ടിനെത്തിയ മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ എത്തിയ്ക്കുകയായിരുന്നു.

126 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 59 പന്തില്‍ നിന്ന് 77 റണ്‍സാണ് മാക്സ്വെല്‍ നേടിയത്. 4 വീതം ഫോറും സിക്സുമാണ് താരം നേടിയത്. വാര്‍ണറെ പുറത്താക്കിയ ജോഫ്രയ്ക്കാണ് മാക്സ്വെല്ലിന്റെയും വിക്കറ്റ്. മാക്സ്വെല്ലിനെ പുറത്താക്കിയ ശേഷം ജോഫ്ര പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയിരുന്നു. 73 റണ്‍സ് നേടിയ മിച്ച് മാര്‍ഷിനെ പുറത്താക്കി മാര്‍ക്ക് വുഡ് തന്റെ മൂന്നാമത്തെ വിക്കറ്റും നേടി.

മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ആദില്‍ റഷീദിന് രണ്ട് വിക്കറ്റ് ലഭിച്ചു. അവസാന ഓവര്‍ എറിഞ്ഞ ക്രിസ് വോക്സിനും വിക്കറ്റ് പട്ടികയില്‍ ഇടം ലഭിച്ചു. ഓസ്ട്രേലിയയെ അവസാന പന്തില്‍ സിക്സര്‍ നേടിയാണ് സ്റ്റാര്‍ക്ക് 294 റണ്‍സിലേക്ക് എത്തിച്ചത്. സ്റ്റാര്‍ക്ക് പുറത്താകാതെ 19 റണ്‍സ് നേടി.

മിച്ചല്‍ മാര്‍ഷിനും പാറ്റ് കമ്മിന്‍സിനും മുന്നില്‍ തകര്‍ന്ന് ന്യൂസിലാണ്ട്, ഓസ്ട്രേലിയയ്ക്ക് 71 റണ്‍സ് വിജയം

സിഡ്നിയിലെ ആദ്യ ഏകദിനത്തില്‍ 71 റണ്‍സ് വിജയം കരസ്ഥമാക്കി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 258 റണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 41 ഓവറില്‍ 187 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിച്ചല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്. മിച്ചല്‍ മാര്‍ഷ് ആണ് കളിയിലെ താരം. ബാറ്റിംഗില്‍ മാര്‍ഷ് 27 റണ്‍സ് നേടിയിരുന്നു.

40 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്ടില്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടോം ലാഥം 38 റണ്‍സും കോളിന്‍ ഡി ഗ്രാന്‍ഡോം 25 റണ്‍സും നേടി പൊരുതി നോക്കി. ഓസീസ് നിരയില്‍ ജോഷ് ഹാസല്‍വുഡ്, ആഡം സംപ എന്നിവര്‍ക്കും രണ്ട് വീതം വിക്കറ്റ് ലഭിച്ചു.

മിച്ചല്‍ മാര്‍ഷ് ടി20 ബ്ലാസ്റ്റിലേക്ക്, മിഡില്‍സെക്സിനായി കളിക്കും

2020 ടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് മിഡില്‍സെക്സുമായി കരാറിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലേക്കാണ് കരാറിലെത്തിയിരിക്കുന്നതെങ്കിലും ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടന്നാല്‍ കരാര്‍ പുതുക്കുവാനുള്ള ഉപാധി മിച്ചല്‍ മാര്‍ഷിന്റെ കരാറിലുണ്ട്. മിഡില്‍സെക്സിന് കളിക്കുവാനുള്ള അവസരം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മിച്ചല്‍ മാര്‍ഷ് അറിയിച്ചു.

മുജീബ് ഉര്‍ റഹ്മാന് ശേഷം മിഡില്‍സെക്സ് കരാറിലത്തുന്ന രണ്ടാമത്തെ വിദേശ താരമാണ് മിച്ചല്‍ മാര്‍ഷ്.

Exit mobile version