ഹാരിസ് റൗഫിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഹോബാര്‍ട്ട് ഹറികെയിന്‍സ്

മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ 163/4 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തകര്‍ത്തെറിഞ്ഞ് ഹാരിസ് റൗഫ്. താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഹോബാര്‍ട്ട് ആടിയുലഞ്ഞ് 111 റണ്‍സിന് 16 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 52 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നേടിയത്.

54 പന്തില്‍ 81 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെയും 40 റണ്‍സ് നേടിയ നിക്ക് മാഡിന്‍സണിന്റെയും മികവില്‍ സ്റ്റാര്‍സ് 163 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു. ഹോബാര്‍ട്ടിന് വേണ്ടി റിലീ മെറെഡിത്ത് മൂന്ന് വിക്കറ്റ് നേടി.

ഹാരിസ് റൗഫിനൊപ്പം 2 വിക്കറ്റുമായി ആഡം സംപയും ഗ്ലെന്‍ മാക്സ്വെല്ലും സ്റ്റാര്‍സ് ബൗളര്‍മാരില്‍ തിളങ്ങി. 18 പന്തില്‍ പുറത്താകാതെ 32 റണ്‍സ് നേടിയ ക്ലൈവ് റോസ് ആണ് ഹോബാര്‍ട്ടിന്റെ ടോപ് സ്കോറര്‍. കാലെബ് ജൂവല്‍ 25 റണ്‍സും നേടി.

സ്റ്റാര്‍സിന് 22 റണ്‍സ് വിജയം, ആഡം സംപയ്ക്ക് 3 വിക്കറ്റ്, വിഫലമായി ടോം ബാന്റണിന്റെ ഇന്നിംഗ്സ്

ആഡം സംപയും ഹാരിസ് റൗഫും ഡാനിയേല്‍ വോല്ലും വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് മികച്ച വിജയം. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിനെയാണ് ടീം 22 റണ്‍സിന് പരാജയപ്പെടുത്തിയത്. ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 167/7 എന്ന സ്കോര്‍ നേടിയ സ്റ്റാര്‍സിനെതിരെ ചേസിംഗിനിറങ്ങിയ ഹീറ്റിന് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമേ നേടാനായുള്ളു.

64 റണ്‍സ് നേടിയ ടോം ബാന്റണ്‍ ടോപ് ഓര്‍ഡറില്‍ ഭീഷണി സൃഷ്ടിച്ചുവെങ്കിലും ആഡം സംപ താരത്തെ പുറത്താക്കുകയായിരുന്നു. 39 റണ്‍സ് നേടിയ മാറ്റ് റെന്‍ഷാ ആണ് പൊരുതി നോക്കിയ മറ്റൊരു താരം. 36 പന്തില്‍ നിന്ന് 6 ഫോറും 4 സിക്സും അടക്കമായിരുന്നു ബാന്റണിന്റെ ഇന്നിംഗ്സ്.

സ്റ്റാര്‍സിന് വേണ്ടി ആഡം സംപ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡാനിയേല്‍ വോറെല്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മടങ്ങി വരവ് ഉഷാറാക്കി മാക്സ്വെല്‍, ബിഗ് ബാഷില്‍ വെടിക്കെട്ട് പ്രകടനം

10.75 കോടി രൂപയുടെ മൂല്യവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബിലേക്കെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ ബിഗ് ബാഷിലൂടെ ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവ് ഉജ്ജ്വലമാക്കിയിരിക്കുകയാണ്. ഇന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെയുള്ള മത്സരത്തില്‍ മാക്സ്വെല്ലിന്റെ പ്രകടനം മാത്രമാണ് സ്റ്റാര്‍സ് നിരയില്‍ ശ്രദ്ധേയമായി നിന്നത്.

വെറും 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ മാക്സ്വെല്ലിന്റെ ബാറ്റിംഗ് പ്രകടനമാണ് സ്റ്റാര്‍സിനെ167/7 എന്ന സ്കോറിലേക്ക് നയിച്ചത്. 39 പന്തില്‍ നിന്ന് 83 റണ്‍സ് നേടി ഇന്നിംഗ്സിന്റെ അവസാന ഓവറിലാണ് മാക്സ്വെല്‍ പുറത്തായത്. 7 ഫോറും 5 സിക്സുമാണ് താരം നേടിയത്.

സ്റ്റെയിനിന് പകരം ഹാരിസ് റൗഫിനെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്

സാന്‍സി സൂപ്പര്‍ ലീഗില്‍ ഡെയില്‍ സ്റ്റെയിനിന് ഏറ്റ പരിക്കിനെ തുടര്‍ന്ന് പകരക്കാരനായി ഹാരിസ് റൗഫിനെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. 2019ല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് റൗഫ്. ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ നടക്കുന്ന മത്സരത്തിലെ 13 അംഗ സ്ക്വാഡില്‍ താരം ഇടം പിടിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സ്റ്റാര്‍സിന്റെ ആദ്യ മത്സരം.

18 ടി20 മത്സരങ്ങളില്‍ നിന്ന് താരം 19 വിക്കറ്റാണ് നേടിയിട്ടുള്ളത്. ഡെയില്‍ സ്റ്റെയിനിന്റെ ഫിറ്റെനെസ്സും ചികിത്സയുമാണ് ടീമിന്റെ ഏറ്റവും പ്രധാന കാര്യമെന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ് ഫിസിയോ വ്യക്തമാക്കി.

താരം ഓസ്ട്രേലിയയില്‍ എത്തിയ ശേഷം വേണ്ടത്ര വിശ്രമം നല്‍കുകയാണ് ലക്ഷ്യമെന്നും ഫിസിയോ ടോമി സിംസെക് അഭിപ്രായപ്പെട്ടു. സ്റ്റെയിന്‍ ഞായറാഴ്ചത്തെ മത്സരത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പെര്‍ത്തിനോട് വിട പറഞ്ഞ്, മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് എത്തി നഥാന്‍ കോള്‍ട്ടര്‍-നൈല്‍

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള തന്റെ കരാര്‍ മതിയാക്കി മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ചേര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. സ്കോര്‍ച്ചേഴ്സിന് വേണ്ടി 38 ബിഗ് ബാഷ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 46 വിക്കറ്റുകളും 285 റണ്‍സുമാണ് നേടിയിട്ടുള്ളത്. തന്റെ സുഹൃത്തുക്കളായ ആഡം സംപ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ സാന്നിദ്ധ്യവും മെല്‍ബേണ്‍ സ്റ്റാര്‍സിലേക്കുള്ള തന്റെ വരവില്‍ പ്രധാന കാരണമായെന്നും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സൂചിപ്പിച്ചു.

എട്ട് വര്‍ഷം പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. വളരെ ശ്രമകരമായ തീരുമാനമായിരുന്നു ടീമിനെ വിടുകയെന്നതെന്നും നഥാന്‍ പറഞ്ഞു. മുന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും കോച്ചിംഗ് സ്റ്റാഫിനുമെല്ലാം താരം നന്ദി അറിയിക്കുകയും ചെയ്തു.

മെല്‍ബേണ്‍ സ്റ്റാര്‍സിനു പുതിയ കോച്ച്, ഫ്ലെമിംഗിനു പകരമെത്തുന്നത് ഡേവിഡ് ഹസ്സി

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ പുതിയ കോച്ചായി ഡേവിഡ് ഹസ്സി. രണ്ട് വര്‍ഷത്തേക്കാണ് ക്ലബ്ബുമായി താരം കരാറിലെത്തുന്നത്. ഇതോടെ താരം ക്രിക്കറ്റ് വിക്ടോറിയ ബോര്‍ഡില്‍ നിന്ന് രാജി വയ്ക്കേണ്ടതായി വരും. ഡേവിഡ് ഹസ്സി സ്റ്റീഫന്‍ ഫ്ലെമിംഗിനു പകരമാണ് കോച്ചിന്റെ സ്ഥാനത്തേക്ക് എത്തുന്നത്.

സ്റ്റീഫന്‍ ഫ്ലെമിംഗ് തന്റെ കരാര്‍ നീട്ടേണ്ടതില്ലാന്ന് തീരുമാനിച്ചതോടെയാണ് പകരക്കാരനെ തേടി ഫ്രാഞ്ചൈസി രംഗത്തെത്തിയത്. ഏഴ് സീസണുകളിലായി സ്റ്റാര്‍സിനു വേണ്ടി 48 മത്സരങ്ങളില്‍ നിന്ന് 855 റണ്‍സ് നേടിയ താരമാണ് ഡേവിഡ് ഹസ്സി. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മെല്‍ബേണ്‍ റെനഗേഡ്സിനോടാണ് സ്റ്റാര്‍സ് പരാജയമേറ്റു വാങ്ങിയത്.

സ്റ്റീഫന്‍ ഫ്ലെമിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് പടിയിറങ്ങുന്നു

നാല് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം ടീമിനെ രണ്ട് തവണ ബിഗ് ബാഷ് ഫൈനലില്‍ എത്തിച്ച ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ മുഖ്യ കോച്ചെന്ന ചുമതല ഒഴിഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. ഇത്തവണത്തെ ഫൈനലില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ജയിക്കാവുന്ന സ്ഥിതിയില്‍ നിന്ന് കാലിടറി 13 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ഫ്ലെമിംഗിന്റെ ഈ തീരുമാനം.

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി അവസാനിച്ച ശേഷം ഫൈനല്‍ വരെ എത്തിയത് മികച്ച പ്രകടനമെന്നാണ് ഫ്ലെമിംഗ് വിലയിരുത്തിയത്. ക്ലബ് ഇപ്പോള്‍ മികച്ച നിലയിലാണ് പോകുന്നതെങ്കിലും പുതിയ ആരെങ്കിലും ചുമതലയേറ്റെടുത്ത് മുന്നോട്ട് നയിക്കുവാനുള്ള അനുയോജ്യമായ സമയമാണ് ഇതെന്നാണ് ഫ്ലെമിംഗിന്റെ ഭാഷ്യം.

ടീമിന്റെ അന്താരാഷ്ട്ര ടാലന്റ് അഡ്വൈസറായി ഫ്ലെമിംഗ് തുടരുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ടീമിനു ഇതുവരെ നല്‍കിയ സേവനങ്ങള്‍ക്ക് എന്നും ഫ്ലെമിംഗിനോട് കടപ്പെട്ടിരിക്കുമെന്നും സ്റ്റാര്‍സിന്റെ പ്രസിഡന്റ് എഡ്ഡി മക്ഗുയിര്‍ പറഞ്ഞു.

കളി കൈവിട്ട് സ്റ്റാര്‍സ്, എട്ടാം സീസണില്‍ കിരീടവുമായി റെനഗേഡ്സ്

വിക്കറ്റ് നഷ്ടമില്ലാതെ 93 റണ്‍സിനു അതിനു ശേഷം ഏഴ് വിക്കറ്റുകളും കളിയും നഷ്ടപ്പെടുത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്. 13 റണ്‍സിന്റെ വിജയത്തോടെ ബിഗ് ബാഷ് എട്ടാം സീസണ്‍ കിരീടം മെല്‍ബേണ്‍ റെനഗേഡ്സ് സ്വന്തമാക്കിയപ്പോള്‍ സ്വന്തമാക്കിയ കളിയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നഷ്ടമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് 145/5 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു 20 ഓവറില്‍ നിന്ന് 132/7 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു.

ആറാം വിക്കറ്റില്‍ ടോം കൂപ്പര്‍(43*)-ഡാനിയേല്‍ ക്രിസ്റ്റ്യന്‍(38*) കൂട്ടുകെട്ടാണ് 145 റണ്‍സിലേക്ക് റെനഗേഡ്സിനെ നയിച്ചത്. 65/5 എന്ന നിലയില്‍ വീണ ടീമിനു വേണ്ടി 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സ്റ്റാര്‍സിനു വേണ്ടി 2 വീതം വിക്കറ്റുമായി ആഡം സംപയും ജാക്സണ്‍ ബേര്‍ഡുമാണ് തിളങ്ങിയത്.

മറുപടി ലക്ഷ്യം തേടിയിറങ്ങിയ സ്റ്റാര്‍സിനു മികച്ച തുടക്കമാണ് ബെന്‍ ഡങ്കും മാര്‍ക്കസ് സ്റ്റോയിനിസും നല്‍കിയത്. 13 ഓവറില്‍ 93 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ 38 റണ്‍സ് നേടിയ സ്റ്റോയിനിസ് ആണ് ആദ്യം പുറത്തായത്. അപ്പോള്‍ ലക്ഷ്യം 42 പന്തില്‍ നിന്ന് 53 റണ്‍സായിരുന്നു. കൈവശം 9 വിക്കറ്റും .എന്നാല്‍ പിന്നീട് ക്രിസ് ട്രെമൈനും ഡാനിയേല്‍ ക്രിസ്റ്റ്യനും കാമറൂണ്‍ ബോയസും വിക്കറ്റുകളുമായി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ സ്റ്റാര്‍സ് തകരുകയായിരുന്നു.

അടുത്തടുത്ത പന്തുകളില്‍ ബെന്‍ ഡങ്കിനെയും ഗ്ലെന്‍ മാക്സ്വലിനെയും നഷ്ടമായ സ്റ്റാര്‍സ് 93/0 എന്ന നിലയില്‍ നിന്ന് 99/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഒരു തിരിച്ചുവരവ് ടീമിനു സാധ്യമായില്ല. 57 റണ്‍സ് നേടിയ ബെന്‍ ഡങ്ക് ആണ് സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍. അവസാനം 10 പന്തില്‍ 17 റണ്‍സുമായി ആഡം സംപ പുറത്താകാതെ പൊരുതിയെങ്കിലും ലക്ഷ്യത്തിനു 13 റണ്‍സ് അകലെ മാത്രമേ ടീമിനു എത്തുവാന്‍ സാധിച്ചുള്ളു.

ക്രിസ് ട്രെമൈന്‍, കാമറൂണ്‍ ബോയസ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് റെനഗേഡ്സിനു കിരീടം നേടിക്കൊടുത്തത്.

ഹോബാര്‍ട്ട് ഹറികെയന്‍സിനെ പരാജയപ്പെടുത്തി മെല്‍ബേണ്‍ സ്റ്റാര്‍സ് ഫൈനലില്‍

ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച ഹോബാര്‍ട്ട് ഹറികെയന്‍സിനു സെമി ഫൈനലില്‍ കാലിടറി. ഇന്ന് നടന്ന ഒന്നാം സെമി ഫൈനലില്‍ ഹോബാര്‍ട്ടിനെ മെല്‍ബേണ്‍ സ്റ്റാര്‍സ് ആണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനെ 153/7 എന്ന നിലയില്‍ ഒതുക്കിയ ശേഷം 18.5 ഓവറില്‍ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് മറികടക്കുകയായിരുന്നു.

ഗ്ലെന്‍ മാക്സ്വെല്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സെബ് ഗോച്ച് 33 റണ്‍സുമായി വിജയ സമയത്ത് മാക്സ്വെല്ലിനൊപ്പം നിന്നു. 35 റണ്‍സ് നേടി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ഹോബാര്‍ട്ടിനു വേണ്ടി അഫ്ഗാന്‍ താരം ഖൈസ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനു വേണ്ടി ബെന്‍ മക്ഡര്‍മട്ട്(53) ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യു വെയിഡ്(35), ജോര്‍ജ്ജ് ബെയിലി(37) എന്നിവര്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തു. സ്റ്റാര്‍സിനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ ഡാനിയേല്‍ വോറെല്‍ ആണ് ഹോബാര്‍ട്ടിനെ പ്രതിരോധത്തിലാക്കിയത്. താരം 4 ഓവറില്‍ 23 റണ്‍സ് വിട്ടു നല്‍കിയാണ് ഈ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. വോറല്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

മാക്സ്വെല്‍ മികവില്‍ സെമി ഉറപ്പാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്, ബിഗ് ബാഷ് സെമി ലൈനപ്പുകള്‍ ആയി

ബിഗ് ബാഷ് എട്ടാം സീസണിന്റെ സെമി ഫൈനല്‍ ലൈനപ്പുകള്‍ ആയി. ഫെബ്രുവരി 14നു നടക്കുന്ന ആദ്യ സെമിയില്‍ ഹോബാര്‍ട്ട് ഹറികെയ്ന‍സ് മെല്‍ബേണ്‍ സ്റ്റാര്‍സിനു നേരിടും. വെള്ളിയാഴ്ച, ഫെബ്രുവരി 15നു മെല്‍ബേണ്‍ റെനഗേഡ്സും സിഡ്നി സിക്സേര്‍സും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍. പോയിന്റ് ടേബിളില്‍ 20 പോയിന്റുമായി ഹോബാര്‍ട്ട് ഹറികെയന്‍സ് ഒന്നാം സ്ഥാനത്ത് എത്തിയാണ് സെമി യോഗ്യത നേടിയത്.

രണ്ടാം സ്ഥാനക്കാരായ മെല്‍ബേണ്‍ റെനഗേഡ്സിനും സിഡ്നി സിക്സേര്‍സിനു പോയിന്റുകള്‍ ഒപ്പമായിരുന്നുവെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ റെനഗേഡ്സ് മുന്നിലെത്തി. 16 പോയിന്റുകളാണ് ഇരു ടീമുകളും നേടിയത്. നാലാം സ്ഥാനക്കാരായ മെല്‍ബേണ്‍ സ്റ്റാര്‍സ് 14 പോയിന്റോടെയാണ് സെമി ഉറപ്പാക്കിയത്.

അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരിക്കെ സിഡ്നി സിക്സേര്‍സിനെ 94 റണ്‍സിനു പരാജയപ്പെടുത്തിയാണ് മെല്‍ബേണ്‍ സെമിയില്‍ കടന്നത്. ഇതോടെ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ സാധ്യതകളാണ് ഇല്ലാതായത്. ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് 168/6 എന്ന സ്കോറിലേക്ക് നയിച്ചത്.

43 പന്തില്‍ 4 ബൗണ്ടറിയും 6 സിക്സും അടക്കം 82 റണ്‍സ് നേടിയ മാക്സ്വെല്ലിനു പിന്തുണയായി സ്റ്റോയിനിസ്(34), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(35) എന്നിവരും തിളങ്ങി. സന്ദീപ് ലാമിച്ചാനെയും ആഡം സംപയും സ്പിന്‍ കുരുക്കൊരുക്കിയപ്പോള്‍ 74 റണ്‍സിനു സിക്സേര്‍സ് പുറത്തായി. നേരത്തെ തന്നെ സെമി സിക്സേര്‍സ് ഉറപ്പാക്കിയിരുന്നു. ലാമിച്ചാനെ 3.4 ഓവറില്‍ 3 വിക്കറ്റാണ് 11 റണ്‍സിനു വീഴ്ത്തിയത്. ആഡം സംപ 15 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. ഡാനിയേല്‍ വോറാലിനു 2 വിക്കറ്റ് ലഭിച്ചു.

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു 155/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ക്ലിംഗര്‍ തന്റെ അവസാന മത്സരത്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ 69 റണ്‍സ് നേടി ആഷ്ടണ്‍ ടര്‍ണറും 27 പന്തില്‍ 44 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ടീമിനായി തിളങ്ങിയത്. പെര്‍ത്തിനു വേണ്ടി ജോഷ് ഇംഗ്ലിസ് 26 റണ്‍സ് നേടി.

ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും സ്റ്റാര്‍സിനു വേണ്ടി തിളങ്ങിയെങ്കിലും ജയം നേടുവാന്‍ ടീമിനു സാധിച്ചില്ല. മാക്സ്വെല്‍ 40 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ സ്റ്റോയിനിസ് 49 റണ്‍സ് നേടി. ഇരുവരും പുറത്തായ ശേഷം വിക്കറ്റുകളുമായി പെര്‍ത്ത് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. 20 ഓവര്‍ അവസാനിച്ചപ്പോള്‍ 155 റണ്‍സാണ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്റ്റാര്‍സ് നേടിയത്.

മൂന്ന് വീതം വിക്കറ്റുമായി മാത്യൂ കെല്ലിയും നഥാന്‍ കോള്‍ട്ടര്‍-നൈലുമാണ് പെര്‍ത്തിന്റെ ബൗളര്‍മാരില്‍ തിളങ്ങിയവര്‍. ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് നേടി.

തോല്‍വി ഒഴിയാതെ അഡിലെയ്ഡ്, മെല്‍ബേണ്‍ സ്റ്റാര്‍സിനോടേറ്റ് വാങ്ങിയത് 44 റണ്‍സിന്റെ പരാജയം

വീണ്ടുമൊരു മത്സരം കൂടി പരാജയപ്പെട്ട് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനോട് കൂറ്റന്‍ തോല്‍വിയാണ് സ്ട്രൈക്കേഴ്സ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ അഡിലെയ്ഡ് 123 റണ്‍സിനു 19.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 44 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ സ്റ്റാര്‍സിനു സ്വന്തമാക്കാനായത്.

72 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ ഡങ്കിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ്(53), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(36) എന്നിവരും കൂടി ചേര്‍ന്നാണ് 167 റണ്‍സിലേക്ക് സ്റ്റാര്‍സിനെ നയിച്ചത്. സ്റ്റോയിനിസിനെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ ഹാന്‍ഡ്സ്കോമ്പ് റണ്ണൗട്ടായാണ് പുറത്തായത്.

അലക്സെ കാറെ(30), ജേക്ക് ലേമാന്‍(40) എന്നിവരുടെ സ്കോറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അഡിലെയ്ഡ് ബാറ്റിംഗ് തീര്‍ത്തും പരാജയമായി മാറുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോ, ലിയാം പ്ലങ്കറ്റ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി സ്റ്റാര്‍സിനു മികച്ച വിജയം ഒരുക്കുകയായിരുന്നു.

Exit mobile version