ഓള്‍റൗണ്ട് മികവുമായി സ്റ്റോയിനിസ്, ഡെര്‍ബിയില്‍ സ്റ്റാര്‍സിനു ജയം

മെല്‍ബേണ്‍ ഡെര്‍ബിയില്‍ 6 വിക്കറ്റ് ജയവുമായി സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് സ്റ്റാര്‍സിന്റെ വിജയം ഒരുക്കിയത്. 19.3 ഓവറില്‍ റെനഗേഡ്സിനെ 121 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ സ്റ്റാര്‍സ് ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് അവശേഷിക്കെ നേടുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 70 റണ്‍സ് നേടിയ സ്റ്റോയിനിസ് ആണ് ടീമിന്റെ ജയമൊരുക്കിയത്. നേരത്തെ ബൗളിംഗില്‍ സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സിനായി 28 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് ടോപ് സ്കോറര്‍. ടോം കൂപ്പര്‍ 24 റണ്‍സും ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 18 റണ്‍സും നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റാര്‍സ് ബൗളര്‍മാര്‍ റെനഗേഡ്സ് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ ജാക്സണ്‍ ബേര്‍ഡ്, ലിയാം പ്ലങ്കറ്റ്, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം പന്തില്‍ ബെന്‍ ഡങ്കിനെ നഷ്ടമായെങ്കിലും 70 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്റ്റോയിനിസ് ടീമിന്റെ വിജയം ഉറപ്പാക്കിയാണ് ക്രീസ് വിട്ടത്. കെയിന്‍ റിച്ചാര്‍ഡ്സണ് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ നബിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഡ്വെയിന്‍ ബ്രാവോ(17*), നിക് മാഡിന്‍സണ്‍(19) എന്നിവരും സ്റ്റോയിനിസിനു മികച്ച പിന്തുണ നല്‍കി.

ഡാര്‍സി ഷോര്‍ട്ടിന്റെ ശതകം തട്ടിയെടുത്ത് അമ്പയര്‍, ഹോബാര്‍ട്ടിനു വലിയ ജയം

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 59 റണ്‍സിന്റെ ജയം കരസ്ഥമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ 20 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്. മാത്യൂ വെയിഡ്(41), ബെന്‍ മക്ഡര്‍മട്ട്(27*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം പുറത്താകാതെ 96 റണ്‍സ് നേടിയ ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്നപ്പോള്‍ ഹോബാര്‍ട്ട് ബാറ്റിംഗ് മിന്നി തിളങ്ങുകയായിരുന്നു.

57 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ഷോര്‍ട്ടിന്റെ തിളക്കമാര്‍ന്ന ബാറ്റിംഗ്. 18ാം ഓവറില്‍ ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അഞ്ചാം പന്ത് താരം ബൗണ്ടറി പായിച്ചുവെങ്കിലും അമ്പയര്‍ അത് നാല് ലെഗ്ബൈ എന്നാണ് സിഗ്നല്‍ ചെയ്തത്. ആ നാല് റണ്‍സിനാണ് താരത്തിനു ശതകം നഷ്ടമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സ് 17.1 ഓവറില്‍ 126 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടിയ സെബ് ഗോച്ച് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഹോബാര്‍ട്ടിനായി റിലീ മെറേഡിത്ത് നാലും ജോഫ്ര ആര്‍ച്ചര്‍ , ജോഹന്‍ ബോത്ത എന്നിവര്‍ രണ്ടും വിക്കറ്റ് നേടുകയായിരുന്നു.

ടൈയുടെ മികവില്‍ പെര്‍ത്തിനു ജയം, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷയില്ല

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം വിജയം മാത്രം കുറിച്ച പെര്‍ത്തിനു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് മോചനമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെയാണ് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് 6 വിക്കറ്റിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മെല്‍േബണ്‍ സ്റ്റാര്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയപ്പോള്‍ പെര്‍ത്ത് 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 17.4 ഓവറില്‍ വിജയം കുറിച്ചു.

നാല് വിക്കറ്റ് വീഴ്ത്തി പെര്‍ത്തിനായി തിളങ്ങിയ ആന്‍ഡ്രൂ ടൈ ആണ് കളിയിലെ താരം. 4 ഓവറില്‍ 18 റണ്‍സ് മാത്രമാണ് ടൈ നല്‍കിയത്. 62 റണ്‍സ് നേടിയ ബെന്‍ ഡങ്കിനൊപ്പം ഓപ്പണര്‍ ഇവാന്‍ ഗുല്‍ബിസ് 37 റണ്‍സ് നേടിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ സ്റ്റാര്‍സ് 65 റണ്‍സ് നേടി. തുടര്‍ന്ന് ബെന്‍ ഡങ്ക് കൂടി പുറത്തായതോടെ ടീമിന്റെ ഇന്നിംഗ്സ് ആടി ഉലയുകയായിരുന്നു.

നായകന്‍ ആഷ്ടണ്‍ ടര്‍ണര്‍ 22 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് 59 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി. മൈക്കല്‍ ക്ലിംഗര്‍ 29 റണ്‍സും നേടി. ഡ്വെയിന്‍ ബ്രാവോ സ്റ്റാര്‍സിനായി രണ്ട് വിക്കറ്റ് നേടി.

സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു ജയം, മാക്സ്വെല്ലും കസറി

സിഡ്നി തണ്ടറിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇന്നലെ നടന്ന ആദ്യ ബിഗ് ബാഷ് മത്സരത്തില്‍ സിഡ്നി തണ്ടര്‍ 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 2 വിക്കറ്റും 34 റണ്‍സും നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡാനിയേല്‍ സാംസ് ആണ് തണ്ടറിന്റെ ടോപ് സ്കോറര്‍. ജോ റൂട്ട് 26 റണ്‍സ് നേടിയെങ്കിലും 28 പന്തുകളാണ് ഇംഗ്ലണ്ട് നായകന്‍ നേരിടേണ്ടി വന്നത്. സ്റ്റോയിനിസിനു പുറമെ സ്റ്റാര്‍സിനായി സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റ് നേടി.

നിക് ലാര്‍ക്കിനും ഗ്ലെന്‍ മാക്സ്വെല്ലും പുറത്താകാതെ 41 റണ്‍സ് വീതം നേടി ക്രീസില്‍ നിന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 80 റണ്‍സ് നേടിയാണ് സ്റ്റാര്‍സിന്റെ വിജയം ഉറപ്പാക്കിയത്.

സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് പ്രകടനം, മെല്‍ബേണ്‍ ഡെര്‍ബിയില്‍ ജയം സ്വന്തമാക്കി സ്റ്റാര്‍സ്

ഇന്ന് നടന്ന രണ്ടാം ബിഗ് ബാഷ് മത്സരമായ മെല്‍ബേണ്‍ ഡെര്‍ബിയില്‍ വിജയം സ്വന്തമാക്കി സ്റ്റാര്‍സ്. റെനഗേഡ്സിനെതിരെ 7 വിക്കറ്റ് വിജയമാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് സ്വന്തമാക്കിയത്. 78 റണ്‍സും രണ്ട് വിക്കറ്റും നേടിയ സ്റ്റാര്‍സിന്റെ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് 148/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.5 ഓവറില്‍ സ്റ്റാര്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

30 റണ്‍സ് നേടി സാം ഹാര്‍പ്പറും 32 റണ്‍സ് നേടിയ ഡാനിയേല്‍ ക്രിസ്റ്റ്യനും മാത്രമാണ് റെനഗേഡ്സിനായി തിളങ്ങാനായത്. ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും സ്റ്റോയിനിസ്, സ്കോട്ട് ബോളണ്ട് എന്നിവര്‍ രണ്ടും ആഡം സംപ, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റും നേടി സ്റ്റാര്‍സിനു വേണ്ടി തിളങ്ങി.

ഓപ്പണറായി ഇറങ്ങിയ സ്റ്റോയിനിസ് 49 പന്തില്‍ പുറത്താകാതെ 78 റണ്‍സ് നേടിയപ്പോള്‍ ബെന്‍ ഡങ്ക്(32), ഗ്ലെന്‍ മാക്സ്വെല്‍(33) എന്നിവരും സ്റ്റാര്‍സിനു വേണ്ടി തിളങ്ങി. 2 വിക്കറ്റുമായി കാമറൂണ്‍ ബോയസ് റെനഗേഡ്സിനു വേണ്ടി തിളങ്ങി.

ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലെങ്കിലും ബിഗ് ബാഷില്‍ മിന്നും പ്രകടനവുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മെല്‍ബേണ്‍ സ്റ്റാര്‍സിനു ആദ്യ ജയം

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ബിഗ് ബാഷിലെ ആദ്യ വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. സിഡ്നി സിക്സേര്‍സിനെതിരെയാണ് 5 വിക്കറ്റിന്റെ വിജയം സ്റ്റാര്‍സ് നേടിയത്. ടെസ്റ്റില്‍ ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും വീണ് കിട്ടിയ അവസരം തന്റെ ബാറ്റിംഗ് ഫോം മെച്ചപ്പെടുത്തുവാനായി ഉപയോഗിച്ച ഹാന്‍ഡ്സ്കോമ്പ് 35 പന്തില്‍ നിന്ന് 70 റണ്‍സ് നേടുകയായിരുന്നു. 9 ബൗണ്ടറിയും 3 സിക്സും നേടിയ താരത്തിന്റെ ബാറ്റിംഗ് മികവില്‍ 14.5 ഓവറില്‍ സ്റ്റാര്‍സ് ലക്ഷ്യമായ 131 റണ്‍സ് മറികടന്നു. സിക്സേര്‍സിനു വേണ്ടി ബെന്‍ ഡ്വാര്‍ഷിയസ് മൂന്നും സ്റ്റീവ് ഒക്കേഫെയും രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സിനു വേണ്ടി ജോര്‍ദ്ദന്‍ സില്‍ക്ക്, ഷോണ്‍ അബോട്ട് എന്നിവരാണ് തിളങ്ങിയത്. 20 ഓവറില്‍ 130 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. ജോര്‍ദ്ദന്‍ സില്‍ക്ക് 41 റണ്‍സ് നേടിയപ്പോള്‍ അബോട്ട് 22 റണ്‍സ് നേടി. ജാക്സണ്‍ കോളമാന്‍ മൂന്നും സന്ദീപ് ലാമിച്ചാനെ ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മാക്സ്വെല്‍ മാജികിനെ മറികടന്ന് ഹോബാര്‍ട്ട് ഹറികെയന്‍സ്

ഹോബാര്‍ട്ട് ഹറികെയന്‍സിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് ഗ്ലെന്‍ മാക്സ്വെല്‍, നിക്ക് ലാര്‍ക്കിന്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 18.4 ഓവറില്‍ ഹോബാര്‍ട്ട് മറികടക്കുകയായിരുന്നു. മാക്സ്വെല്‍ 31 പന്തില്‍ 47 റണ്‍സ് നേടിയപ്പോള്‍ നിക് ലാര്‍ക്കിന്‍ 33 പന്തില്‍ നിന്ന് 45 റണ്‍സ് നേടി. ഹറികെയന്‍സിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ഡാര്‍സി ഷോര്‍ട്ട് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോബാര്‍ട്ടിനു വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. മാത്യൂ വെയിഡ് 52 റണ്‍സും ഡാര്‍സി ഷോര്‍ട്ട് 34 റണ്‍സും നേടിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ നിന്ന് 55 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്. സന്ദീപ് ലാമിച്ചാനെ മൂന്ന് വിക്കറ്റുകള്‍ നേടിയെങ്കിലും ബെന്‍ മക്ഡര്‍മട്ട്(28), ജോര്‍ജ്ജ് ബെയിലി(27*) എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ 6 വിക്കറ്റ് വിജയം ഉറപ്പാക്കി.

ബിഗ് ബാഷില്‍ കസറി ഇന്ത്യന്‍ വംശജന്‍, മഴ നിയമത്തില്‍ 15 റണ്‍സ് ജയം നേടി സിഡ്നി തണ്ടര്‍

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 15 റണ്‍സിന്റെ വിജയം നേടി സിഡ്നി തണ്ടര്‍. ഇന്ന് നടന്ന മത്സരത്തില്‍ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം പുനഃക്രമീകരിക്കുകയായിരുന്നു. എന്നാല്‍ സിഡ്നി തണ്ടറിന്റെ 181/5 എന്ന ലക്ഷ്യം 8 ഓവറില്‍ 90 ആക്കിയെങ്കിലും മെല്‍ബേണ്‍ സ്റ്റാര്‍സിനു 74 റണ്‍സ് മാത്രമേ നേടാനായുള്ളു.

സിഡ്നി തണ്ടറിനു വേണ്ടി വേണ്ടി ജേസണ്‍ സംഘയുടെ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. സംഘ 36 പന്തില്‍ 4 ബൗണ്ടറിയും 4 സിക്സും സഹിതം 63 റണ്‍സാണ് നേടിയത്. ഡാനിയേല്‍ സാംസ് 34 റണ്‍സ് നേടി. ജോസ് ബട്ലര്‍(20), ഷെയിന്‍ വാട്സണ്‍(22) എന്നിവരാണ് മറ്റു സുപ്രധാന സ്കോറര്‍മാര്‍. ആഡം സംപ, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഡ്വെയിന്‍ ബ്രാവോ ഒരു വിക്കറ്റ് നേടി.

പുനഃക്രമീകരിച്ച ലക്ഷ്യം തേടിയുള്ള സ്റ്റാര്‍സിന്റെ തുടക്കം പാളുകയായിരുന്നു. 33/5 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് കരകയറിയില്ല. 28 റണ്‍സ് നേടിയ നിക്ക് ലാര്‍ക്കിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഡാനിയേല്‍ സാംസ് മൂന്ന് വിക്കറ്റ് നേടി തണ്ടറിനു വേണ്ടി തിളങ്ങി.

വെടിക്കെട്ട് ശതകവുമായി ഗ്രേസ് ഹാരിസ്

42 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഗ്രേസ് ഹാരിസിന്റെ മികവില്‍ 10 വിക്കറ്റ് ജയം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഇന്ന് നടന്ന വനിത ബിഗ് ബാഷിലാണ്. 10.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ബ്രിസ്ബെയിന്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ മറികടന്നത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് മെല്‍ബേണ്‍ നേടിയത്.

ഗ്രേസ് ഹാരിസും ബെത്ത് മൂണിയും(28*) ചേര്‍ന്ന് ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. 101 റണ്‍സ് നേടിയ ഗ്രേസ് ഹാരിസ് 13 ബൗണ്ടറിയും 6 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഡ്വെയിന്‍ ബ്രാവോയെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്

മെല്‍ബേണ്‍ റെനഗേഡ്സില്‍ നിന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് ചേക്കേറി ഡ്വെയിന്‍ ബ്രാവോ. ഇന്നാണ് താരം മുഴുവന്‍ സീസണിലും പുതിയ ക്ലബ്ബിനു വേണ്ടി കളിക്കുവാന്‍ തയ്യാറായിട്ടുണ്ടെന്നുള്ള കാര്യം ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മുന്‍ വിന്‍ഡീസ് താരം മെല്‍ബേണിലെ തന്നെ റെനഗേഡ്സ് ടീമിന്റെ ഭാഗമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ കോച്ചായിട്ടുള്ള സ്റ്റീഫന്‍ ഫ്ലെമിംഗിനൊപ്പം വീണ്ടും ഒത്തുചേരാമെന്നതാണ് സ്റ്റാര്‍സില്‍ എത്തുമ്പോള്‍ ബ്രാവോയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ആഹ്ലാദ നിമിഷം. ഫ്ലെമിംഗിന്റെ ഇടപെടലാണ് താരത്തിനെ സ്റ്റാര്‍സില്‍ എത്തിക്കുന്നതിനു പിന്നിലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ബ്രാവോയ്ക്ക് പുറമെ രണ്ടാം വിദേശ താരത്തിന്റെ ക്വാട്ടയില്‍ നേപ്പാളിന്റെ സന്ദീപ് ലാമിച്ചാനെയും ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ മാറ്റ് പാര്‍ക്കിന്‍സണും ആണ് സ്റ്റാര്‍സിലെത്തുന്ന മറ്റു വിദേശ താരങ്ങള്‍. സന്ദീപും പാര്‍ക്കിന്‍സണും ചേര്‍ന്ന് രണ്ടാം താരത്തിന്റെ വിടവ് നികത്തുമ്പോള്‍ ബ്രാവോ സീസണ്‍ മുഴുവന്‍ ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.

ലാമിച്ചാനെ ബിഗ് ബാഷിലേക്ക്

നേപ്പാള്‍ സ്പിന്‍ ബൗളര്‍ സന്ദീപ് ലാമിച്ചാനെ ബിഗ് ബാഷ് ലീഗിലേക്ക്. ഐപിഎലില്‍ ഡല്‍ഹിയ്ക്ക് വേണ്ടിയും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു വേണ്ടിയും കളിച്ച താരം ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടിയാവും കളിക്കുക. ഡിസംബര്‍ പത്തിനു സ്റ്റാര്‍സിനു വേണ്ടി കളിക്കാന്‍ ഓസ്ട്രേലിയയില്‍ എത്തുന്ന താരം സീസണ്‍ മുഴുവനുണ്ടാകില്ല. ജനുവരി 5നു അരംഭിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സില്‍ഹെറ്റ് സിക്സേഴ്സിനു വേണ്ടി കളിക്കുവാനായി താരം ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങും.

എന്നാല്‍ ഫെബ്രുവരിയില്‍ താരം തിരികെ ബിഗ് ബാഷിലേക്ക് എത്തും. സന്ദീപ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ പകരം താരമായി ലാങ്കാഷയറിന്റെ മാറ്റ് പാര്‍ക്കിന്‍സണ്‍ മെല്‍ബേണ്‍ സ്റ്റാര്‍സിലെത്തും. ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് ഈ നേപ്പാള്‍ യുവ താരം.

സിക്സേര്‍സിനെ 5 വിക്കറ്റ് ജയത്തിലേക്ക് നയിച്ച് ജോ ഡെന്‍ലിയും നിക് മാഡിന്‍സണും

മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ 189 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന സിഡ്നി സിക്സേര്‍സിനു 5 വിക്കറ്റ് ജയം. 17.3 ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് ജോ ഡെന്‍ലി, നിക് മാഡിന്‍സണ്‍ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ്. 26 പന്തില്‍ 61 റണ്‍സ് നേടി നിക് മാഡിന്‍സണിനോടൊപ്പം ഇന്നിംഗ്സ് മുഴുവന്‍ ബാറ്റേന്തിയ ഡെല്‍നി ചേര്‍ന്നപ്പോള്‍ സ്ഫോടനാത്മകമായ തുടക്കമാണ് സിക്സേര്‍സിനു ലഭിച്ചത്. പിന്നീട് വിക്കറ്റുകള്‍ വീണുവെങ്കിലും ജോ ഡെന്‍ലി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

45 പന്തില്‍ നിന്ന് 72 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡെന്‍ലി ആണ് കളിയിലെ താരം. ജോണ്‍ ഹേസ്റ്റിംഗ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍സ് നിരയില്‍ പ്രതീക്ഷ നല്‍കി. നേരത്തെ ഗ്ലെന്‍ മാക്സ്‍വെല്ലിന്റെ(84) ബാറ്റിംഗ് മികവില്‍ സ്റ്റാര്‍സ് 189 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version